Thursday, February 28, 2013

നക്ഷത്രങ്ങളുടെ കവിത

 ആകാശമേലാപ്പിനരികിൽ
ആലിലയനക്കം...
പ്രഭാതമൊരു
നിഘണ്ടു...
പ്രതിമകളിൽ
ജീവനിർമ്മാല്യം;
അഭിഷേകം..
ജപം തുടങ്ങും
ഉഷസന്ധ്യ...
ചുറ്റുമതിലുകൾക്കുള്ളിൽ
നൂറ്റാണ്ടുകൾ,
കാവ്യതല്പം...
ഈർപ്പമാർന്നിലക്കീറ്റിൽ
ചന്ദനം...
ആറ്റിറമ്പിലൂടെ
പാലം കടന്നു നീങ്ങും
നഗരമദ്ധ്യാഹ്നം...
സന്ധ്യാവിളക്കിനരികിൽ
നീർമരുതുകൾ,
ദ്വാപരപുരാണം...
മുദ്രകളിൽ
മുനമ്പിൻ ചിത്രം...
വിരലിൽ തട്ടിതൂവിയുണരും
പ്രകാശവിസ്മയം
നക്ഷത്രങ്ങളുടെ കവിത...

Wednesday, February 27, 2013

മൊഴി

പ്രഭാമയമാം പ്രപഞ്ചമേ,
അവർണ്ണനീയമാം
ആലാപനമൊരു
നാദതന്തുവിൽ
ജീവരൂപമുൾക്കൊള്ളുമ്പോൾ
ശംഖിൽ കടൽ
സ്പന്ദിക്കുമ്പോൾ
മുനമ്പിൽ മന്ത്രം ചൊല്ലും
മണൽപ്പൊട്ടുകളിൽ
പകൽനാളം മിന്നുമ്പോൾ
മിഴിയിതളിൽ
കവിതയുമായ്
മൊഴിയുണരുമ്പോൾ
പവിഴമല്ലിപ്പൂമരച്ചോട്ടിൽ
ഭൂമിയുണരും
ഗ്രാമസ്വരങ്ങളിൽ,
പുലർതുടിയിൽ,
ചന്ദനസുഗന്ധമൊഴുകും
സോപാനത്തിൽ
മനസ്സേയുണർന്നാലും
അപൂർവസ്വരങ്ങളിൽ
ആകാശകാവ്യങ്ങളിൽ.......


നക്ഷത്രങ്ങളുട്രെ കവിത

ശ്രുതിയിടും
കടുംതുടിയിൽ
പ്രഭാതമുണരും
മന്ത്രനൂലിൽ
പവിത്രം വിരൽ
തൊട്ടെഴുതും
ആർദ്രസങ്കല്പങ്ങളിൽ
സ്വരം ചേർത്തുവയ്ക്കും
സമുദ്രമേ
ഉടഞ്ഞുലയും
വിശ്വരേഖയിൽ
അവിസ്മരണീയമാം
കീർത്തനലയം
മന്ദാരങ്ങൾ പൂവിടും
ഗ്രാമം

ആലാപനത്തിൻ
പൂർണ്ണസ്വരം
നിദാന്തനിർവചനം
ആകാശത്തിനക്ഷരങ്ങൾ
വഴിയെത്തിനിൽക്കും
ചക്രവാളം
മൊഴിയെഴുതി
സന്ധ്യാമന്ത്രമുറങ്ങും
നക്ഷത്രങ്ങളുട്രെ കവിത...

Tuesday, February 26, 2013

 നക്ഷത്രങ്ങളുടെ കവിത

ഉൾക്കടലൊഴുകും
മനസ്സിൽ,

എരിഞ്ഞുതീരും
ഉപഗ്രഹചിമിഴിൽ
ഒരീറൻഭാവം..
പാതിയെരിഞ്ഞ
കൽവിളക്കിൽ
കാല്പിനകമാം
കടംകഥകൾ..
തുളസിമുത്തുകളിൽ
പ്രപഞ്ചസുഗന്ധം..
ആലിയയിൽ
നിറഞ്ഞൊഴുകും
കാവ്യം..
വിസ്മയം തീർന്ന
മൊഴിയെഴുതും
സർഗം..
അപരാഹ്നത്തിനന്ത്യപാദം
നക്ഷത്രങ്ങളൊഴുകുമാകാശം
ഹൃദയകാവ്യം
 മൊഴി

മൊഴിയിൽ
രുദ്രാക്ഷങ്ങൾ
മിഴിയിൽ നക്ഷത്രങ്ങൾ
ആകാശമൊരു
നേരിയതുചുറ്റിവരും
പ്രഭാതത്തിൽ
തടുത്തുകൂട്ടിയ
സ്വരങ്ങളിൽ
എഴുതും മനസ്സേ
ഉഷസന്ധ്യയുടെ
ജപം,വേദം
മിഴാവിൽ തുള്ളിതുളുമ്പും
ഏകാദശമന്ത്രം
അക്ഷരത്തിനാത്മരൂപം
മൃദുവാം കാവ്യം
ഹൃദ്സപ്ന്ദനങ്ങൾ
സമുദ്രത്തിൻ ലയം
മണൽത്തരികൾ
ഉടഞ്ഞതൊരു ശംഖിൻ
മുത്ത്
ഉടഞ്ഞ മുത്തിലൊഴുകിയ
കടൽ...
അവധൂതഗാനം...
.

Monday, February 25, 2013

നക്ഷത്രങ്ങളുടെ കവിത

ദിനങ്ങൾനീങ്ങിയ
വഴിയിൽ
രഥചക്രമുദ്ര..
തുലാസിൽ
പകർപ്പവകാശം
തെറ്റിയ ഉടഞ്ഞ
നീതി..
വക്കുപൊട്ടിയ
ചില്ലുഗ്ലാസിൽ
പ്രതിഫലിക്കും
സായംസന്ധ്യാദീപങ്ങൾ..
അക്ഷരങ്ങൾ
ചേർത്തടുക്കിയ
മനസ്സിൽ
ശരത്ക്കാലതിളക്കം..
ശരകൂടങ്ങൾ ഭേദിച്ചു
നീങ്ങും വിധി...
സംവൽസരത്തിനാരക്കോലുകളിൽ
ചുറ്റിത്തിരിയും
വിരൽതുമ്പിലെ ചക്രം
അദൃശ്യതയിലെ
പ്രകാശം...
സ്പന്ദിക്കും ദീപങ്ങൾ
നക്ഷത്രങ്ങളുടെ കവിത...
നക്ഷത്രങ്ങളുടെ കവിത

മിഴിയിലുടക്കും
ദർഭനാമ്പിൽ
ജപമാലയിൽ
നിന്നടർന്നുവീഴും
ഒരു മന്ത്രം,
മായും ഒരക്ഷരം...
പാതിയടഞ്ഞ
പുസ്തകത്താളിൽ
നിന്നൂർന്നുവീഴും
കരിയില
ഒരടയാളപ്പാട്..
എരിഞ്ഞുതീർന്ന
തീവെട്ടികൾ
കണ്ടുറങ്ങിയ സന്ധ്യ..

വിരലരികിൽ
സമുദ്രം..
കാഴ്ച്ചതെറ്റിയൊരിലയിൽ
കാറ്റിൻ മർമ്മരം
നിരതെറ്റിയ
വരിക്കല്ലിൽ
ഗ്രാമത്തിനുത്ഭവം
മൊഴിയുറവയായൊഴുകും
നക്ഷത്രങ്ങളുടെ കവിത
പ്രകാശമുത്തുകൾ...

Sunday, February 24, 2013

 മൊഴി

അമൃതസമുദ്രമേ!
സംവൽസരങ്ങളിൽ
യുഗങ്ങളിൽ
അനാദിമദ്ധ്യാന്തങ്ങളിൽ
ആത്മാവിനിലച്ചീന്തിൽ
ചന്ദനസുഗന്ധം
വിരലിൽ തുളസിപൂക്കും
വിസ്മയം
കവിത..
തിരിഞ്ഞുലഞ്ഞു
ത്രിപുടതാളത്തിൻ
ലയം
പുരാണം തൊട്ടെഴുതും
നിലവറയിൽ
മിന്നും ഓട്ടുവിളക്കിൻ
പ്രകാശം
പ്രഭാതമേ
ആദ്യമെഴുതിയ
കവിതയിൽ
നിന്നടർന്നുവീണ
ആലിലയിൽ
ഭൂപാളം...
നക്ഷത്രങ്ങളുടെ കവിത
 
നിരതെറ്റിയൊതുക്കികല്ലിൽ
വീണുടഞ്ഞ സായാഹ്നം

ധൂപപാത്രങ്ങളിലെരിയും
സുഗന്ധദ്രവ്യങ്ങൾ
പൂജകഴിഞ്ഞാളൊഴിയും
ആൽമരത്തറയിൽ
വിഭൂതിയിൽ സന്ധ്യ
എഴുതിതീർന്ന ദിനാന്ത്യത്തിൻ
മുറിഞ്ഞുടഞ്ഞ തൂവൽതൂലിക
പാതിതീർന്ന കയ്പിൽ
കാഞ്ഞിരവൃക്ഷത്തിൻ
കഠിനമാമൊരു നിഴൽ
ദിക്കാലങ്ങളെഴുതിതോർത്തിയ
മഴ
കാംബോജി
ആലാപനത്തിനന്യസ്വരം
കദംബവൃക്ഷത്തിലെയമൃത്
മുറിവുണങ്ങിയ തുന്നൽപ്പാടിൽ
ആകാശനക്ഷത്രങ്ങളുടെ
കവിത....

Saturday, February 23, 2013

 നക്ഷത്രങ്ങളുടെ കവിത

ഏകലയം 
ചിദംബരം
അനന്യമാം പരമപ്രകാശം
അക്ഷരലയം
ഈറനാർന്നൊരു
മഴക്കാലം
പുലർമഴതുള്ളിയിൽ
വിതുമ്പിയ കവിത
വിഹ്വലമാമൊരിടം
നിഴൽ മായും ചെരിവിൽ
ആദ്യമൊഴുകിയ മഴ
കവിത..

മറക്കുടയിൽ
പാതിമാഞ്ഞുതേഞ്ഞ
പുരാണം
പ്രാചീനമാമൊരറയിൽ
വിലങ്ങുടച്ചൊഴുകിയ
വിസ്മയം
ഒരീറൻസന്ധ്യയിൽ
നക്ഷത്രങ്ങളെഴുതി
ചിദംബരരഹസ്യം പോലെ
ഒരു കവിത...

Sunday, February 17, 2013

 നക്ഷത്രങ്ങളുടെ കവിത

നക്ഷത്രങ്ങളുറങ്ങും
ഉടഞ്ഞ മൺ ചിരാതിൽ
ഉത്ഭവത്തിൻ തിളക്കം..
എഴുതിനീങ്ങിയ വഴിയിൽ
ഉറയും ഋണം..
പാതിവിടരും
പവിഴമല്ലിപ്പൂവിതളിൽ
ശരത്ക്കാലവർണ്ണം..
ആകാശത്തിനരികിൽ
ദൃശ്യമാമുൾക്കടൽചുറ്റും
ചക്രവാളം..
കാൽപ്പദങ്ങളിൽ
ഭൂമൺതരികളുടെ മന്ത്രം..
പ്രഭാതമൊരനന്യദീപം..
ആൽമരവും കടന്ന്  ഗ്രാമം
ചന്ദനം തൂവും വഴിയിൽ
പുൽനാമ്പുകളിൽ
വിടരും പ്രകാശം..
നക്ഷത്രതിളക്കം പോൽ
ഒരു കവിത...

Saturday, February 16, 2013

 മഴ
 
നൂറ്റാണ്ടുകളുറങ്ങും
കൽ മണ്ഡപത്തിലേക്കിറ്റുവീണ
മഴ..

പാതിയുടഞ്ഞ കൽവിളക്കിനരികിൽ
കാവ്യം പോലൊഴുകിയ
മഴ..

കറുത്തവാവുകൾ കണ്ടുതീർന്ന് 

കവിതയെഴുതിയ
മഴ..

ഏറ്റിപ്പെരുക്കിയ വർണ്ണങ്ങൾ
കടലിലേയ്ക്കൊഴുക്കിയ
മഴ..

ഇഴയടർന്നുവീണ കാവ്യസ്പന്ദങ്ങളിൽ
തീർഥം തൂവിയ മഴ

നക്ഷത്രസ്വപ്നങ്ങളിലെ
കാവ്യസ്വരമായ്
ഭൂമിയിലൊഴുകിയ മഴ...