Thursday, March 28, 2013

മൊഴി

മന്ത്രങ്ങൾ തെറ്റും
ജപമാലകൾക്കുള്ളിൽ നിന്നും
ജന്മയോഗങ്ങൾ നക്ഷത്രങ്ങളായ്
വിടരുമ്പോൾ
മുന്നിലെ സമുദ്രങ്ങൾ
ശ്രുതിചേർക്കുമ്പോൾ
ഭൂമിയെന്നിലെ സങ്കല്പങ്ങളെഴുതി
സൂക്ഷിക്കുമ്പോൾ
അരികിൽ വെൺപൂവുകളതിലെ
സുഗന്ധത്തിലൊഴുകും

മനസ്സുമെൻ മനസ്സിൻ സ്വരങ്ങളും
പഴയ പുൽപ്പായയിൽ
പുരാണങ്ങളെതേടിയൊരിക്കൽ
നാരായങ്ങളൊഴുകീ
പണ്ടേ തീർത്ത ചതുരക്കളങ്ങളിൽ
തെയ്യങ്ങൾ തുള്ളീ
മിഴാവതിന്റെ മുഴക്കത്തിൽ
തകർന്നു ചുമരുകൾ
എഴുതിതീർക്കാനാവാതൊഴുകി
ത്രിദോഷങ്ങളതിന്റെയൊരുകോണിൽ
വിടർന്നു നക്ഷത്രങ്ങൾ
ഹൃദയം വീണ്ടും തുടികൊട്ടിയ
സോപാനത്തിലുണർന്നു മൊഴി
ചന്ദനപ്പൂക്കൾചൂടി, മെല്ലെ
പദം വച്ചൊരു സന്ധ്യ തീർഥപാത്രത്തിൽ
പകർന്നെടുത്തു പീയുഷവും
പാരിജാതപ്പൂക്കളും..

Wednesday, March 27, 2013

 മൊഴി
 
ഉഷസ്സിനൊരു പൂവിനിതളിൽ
വിടരുമെൻ മനസ്സേ മഹാവിശ്വമൊരു
കാവ്യത്തിൻ സ്വരമതിൽ
നിന്നുണരുന്ന സ്പന്ദങ്ങൾ
ഹൃദയത്തിനറകൾ നിറയ്ക്കുന്ന
ജീവമന്ത്രങ്ങൾ; കാണാതൊഴുകും ഗ്രഹങ്ങളിലാദി
ദൈന്യങ്ങൾ പിന്നെയാകാശമതിലൊരു
സ്വർഗവാതിലിൽ നിന്നുമായിരം
സ്വപ്നങ്ങളെയുണർത്തും
നക്ഷത്രങ്ങൾ..
അരികിലസ്ത്രം പെയ്തുനീങ്ങുമഞ്ജാനം
വ്യോമഗതിയിൽ സുരക്ഷതൻ
വിശ്വചക്രങ്ങൾ
നേർത്തകവചം ചുറ്റിഭൂമിയരികിൽ
പ്രകൃതിതൻ നിധിപേടകങ്ങളിലെത്രയോ
കാവ്യസ്വരമതിൽ നിന്നുണരുന്ന
സമുദ്രസംഗീതവും
ഋതുക്കൾ മാറ്റും തിരശീലകൾ
വേഷം മാറ്റിയൊഴുകും കുലത്തിന്റെ
ഭാവവൈരുദ്ധ്യങ്ങളും
പ്രപഞ്ചമുണർത്തുന്നവിരൽതുമ്പിലായാർദ്ര
മൊഴികൾ പകർത്തുന്ന
നക്ഷത്രദീപങ്ങളും
അരികിൽ ദിക്കാലങ്ങൾ തെറ്റിവീണുടഞ്ഞൊരു
ദിനവുമതിൽനിന്നുമൊഴുകുമനർഥവും
മിഴിയിൽ സന്ധ്യാദീപമെഴുതും
പ്രകാശത്തിനരികിൽ
ഞാനും പകൽചെപ്പിലെ
പുരാണവും...

Monday, March 25, 2013

 മൊഴി
 
ഒരോ പദത്തിലും
വീഴും നിഷാദങ്ങളായിരം
ആരണ്യവാസം കഴിഞ്ഞുണർന്നോരോ
ദിഗന്തവും കാണും
സമുദ്രത്തിനേതുകോണിൽ
ഞാനൊളിക്കുമെൻ ശംഖുകൾ
കാവ്യം തുടിക്കും വിരൽതുമ്പിലക്ഷരം
നോറ്റുതീർന്നെത്ര വ്രതങ്ങൾ,
പ്രദോഷങ്ങളാറ്റിക്കുറുക്കി
ഹാലാഹലം
പിന്നെയീപാട്ടുകൾക്കുള്ളിൽ
സ്വരം ചില്ലുപോലുടഞ്ഞതിൻ
നേർത്തനാദം പോലുമെത്രകാവ്യാത്മകം
കാറ്റിന്റെ മർമ്മരമാൽമരതുമ്പിലായ്
കോട്ടകൾക്കുള്ളിൽ കെടും
ദീപസ്തംഭങ്ങളേറ്റിയും നീട്ടിയും
സംവൽസരങ്ങളെ കോർത്തുനീങ്ങും
ഋതുഭാവഭേദങ്ങളും
മിന്നും ത്രിസന്ധ്യാവിളക്കുകൾക്കിലായ്
വന്നുനിൽക്കും ത്രികാലത്തിന്റെ
മന്ത്രവും
എന്നേ ഋണം തീർത്തു
പിന്നെയീ ഭൂഗാനമെന്നിൽ തളിർത്തു
വളർന്നു പൂക്കാലമായ്..

Sunday, March 24, 2013

നക്ഷത്രങ്ങളുടെ കവിത

ഉപദ്വീപുലഞ്ഞുടഞ്ഞായിരം
നക്ഷത്രങ്ങൾ വിരിയുമാകാശമേ
ചക്രവാളത്തെ തേടിയൊഴുകും
ഗ്രഹങ്ങളിന്നെത്രയീ സമുദ്രത്തിനറയിൽ
നിധിതേടിവന്നതും കുലം;
പിന്നെയൊഴുകും തിരയ്ക്കുള്ളിലൊഴുകി
മറഞ്ഞൊരു കടലാസുപോൽ
മാഞ്ഞുതീർന്നതും, മൺചിറ്റുകളുട
ഞ്ഞ
ശംഖിൽ നിന്നു കാവ്യങ്ങളുണർന്നതും.
നിറദീപങ്ങൾ പകൽചെപ്പുകൾ
നിറയ്ക്കുന്ന പ്രഭാതങ്ങളീ
പൂർവദിക്കുകളുൾക്കൊള്ളുമ്പോൾ
വിരൽതുമ്പിലെ പുണ്യപവിത്രം പോലെ
വീണ്ടുമുണരും
സർഗങ്ങളുമക്ഷരമന്ത്രങ്ങളും..


കൃതയോഗികൾ ജപച്ചരടാൽ
ചുറ്റിതീർത്ത പ്രപഞ്ചം ധ്യാനത്തിൽ
നിന്നെത്തിയകലിസംഖ്യാക്രമത്തിൽ
കുരുങ്ങിയ കരിപ്പാടുകൾ
പിന്നെയിഴതെറ്റിയ ഗ്രാമഭംഗിയിൽ
വേരറ്റുവീണരയാൽ
നഗരമാ വീഥികൾ ചായം തേച്ചു
മിനുക്കി;
സായംസന്ധ്യാവിളക്കിനരികിലായ്
തുളസിപൂത്തു
വിരൽതുടിയിൽ മുന്നോട്ടോടി
ദിനങ്ങൾ
നക്ഷത്രങ്ങളുറങ്ങാതിരുന്നെന്റെ
ഹൃദയസ്പന്ദങ്ങളിൽ

Friday, March 22, 2013

മൊഴി

മിഴിയിലൊഴുകുന്നു സമുദ്രം
ശംഖിന്നുള്ളിലുണരും
പ്രണവത്തിൻ പ്രഭാതം
മൊഴിതേടിയരികിൽ
വെൺപൂവുകളൊഴുകും
സോപാനത്തിനരികിൽ
കൽസ്തൂപത്തിലെത്ര രൂപങ്ങൾ
കാവ്യതല്പമേ കടഞ്ഞാലുമമൃതം;
മഹാവേദതത്വങ്ങൾ
യുഗം പകുത്തെടുക്കും
സങ്കല്പത്തിലെത്ര മന്ത്രങ്ങൾ
സാമസ്വരങ്ങൾ
ജപം തീർത്തതെത്രയോ
ദിനാന്ത്യങ്ങൾ,
ഫാൽഗുനപ്പകർപ്പുകൾ..

ശിവരുദ്രാക്ഷങ്ങളിലിത്തിരി
കണ്ണീർ, തിരുജടയിൽ
തുളുമ്പുന്നൊരളകനന്ദ
മൂന്നാം മിഴിയെയുറക്കുന്ന
വില്വവും, വിഭൂതിയും
നടന്നുനീങ്ങും വഴിക്കരികിൽ
കൽത്തേരുകളതിലായുറങ്ങുന്ന
ചിത്രപർവങ്ങൾ
പിന്നെയൊഴുകും പകലിന്റെ
പൊൻ നാളങ്ങളിൽ വീണുതിളങ്ങും
ധരിത്രീ നിൻ ഹോമപാത്രത്തിൽ
ഹവിസ്സൊഴുക്കാം ഞാനെൻ
പാരിജാതങ്ങളാൽ ഹാരം തീർക്കാം
മൊഴിതൊട്ടെഴുതിയ
തീർഥപാത്രത്തിൽ നിന്നുമൊഴുകും
പുണ്യാഹത്തിൻ ശുദ്ധിപോൽ
മഴവീണുകുളിരും മനസ്സിന്റെ
സമുദ്രസങ്കല്പത്തിലെഴുതാം
ഞാനുമൊരു സാമഗാനത്തിൻ
സ്വരം...

Thursday, March 21, 2013

നക്ഷത്രങ്ങളുടെ കവിത

മുത്തുചിപ്പികളിൽ
കടലൊഴുകും സന്ധ്യയിൽ
നക്ഷത്രങ്ങളെഴുതും
ഭൂഗാനങ്ങൾ
നിറങ്ങളൊഴിയും
വെൺശംഖുകളിൽ
തീർഥവുമായ്
നടന്നുനീങ്ങും
പകലിനൊരിലക്കീറ്റിൽ
ചന്ദനസുഗന്ധം..
സോപാനത്തിലൂടെ
പവിഴമല്ലിച്ചോട്ടിൽ
കാറ്റുലയും
ആർദ്രസ്വരങ്ങളിൽ
മൊഴിയലിയും
അഗ്രഹാരജപമണ്ഡപത്തിൽ,
മുനമ്പിൽ
ഋതുക്കൾ മാറ്റും
നിറങ്ങളിൽ നിന്നകന്ന്
ആകാശനക്ഷത്രങ്ങളെഴുതുന്നു
പ്രകാശഭരിതമാം
മനസ്സിൻ കവിത...

Wednesday, March 20, 2013

മൊഴി

മിഴിയിലുടയും
ഗ്രഹങ്ങൾ
ആകാശകമാനത്തിൽ
നക്ഷത്രങ്ങൾ
യന്ത്രചുറ്റിൽ മാഞ്ഞ
ആദ്യകൗതുകം
ബാല്യം...
തുമ്പപ്പൂവിതളിൽ
ഗ്രാമമെഴുതിയ
പുരാണം
മണൽത്തരിയിലീർപ്പം
തൂവി മഴയൊഴുകിയ
തീരം
കവിത..
ഒരിടവപ്പാതിഞാറ്റുവേല..
മഴക്കീറിലുണർന്ന സന്ധ്യ
നക്ഷത്രങ്ങളുറങ്ങിയ
ചക്രവാളം
മൊഴിയുണർന്ന
ശരറാന്തലുകൾ
വിരൽതൊട്ടുണരും
ഭൂസ്വരങ്ങൾ
അക്ഷരങ്ങൾ..

Tuesday, March 19, 2013

നക്ഷത്രങ്ങളുടെ കവിത

പടവുകൾക്കപ്പുറം
കടലിനെചുറ്റിയോരതിരുകൾ
തിരിയുമാ ചക്രവാളത്തിന്റെ
ചുമരുകൾക്കുള്ളിൽ

 മറഞ്ഞൂ ഋതുക്കളും.
തുളസീവനങ്ങളിൽ
മഴതീർത്ത വൈശാഖമൊഴിയിൽ
നിന്നേറിനടന്നു സായന്തനം.
ഒഴുകും മനസ്സിന്റെ
മുദ്രയിൽ സർഗങ്ങളെഴുതിനിന്നു
മഴതുള്ളികൾ;
പിന്നെയാ കടവിലായ്
തോണിതുഴഞ്ഞുനീങ്ങും
ദിനമതിലായിയുറഞ്ഞു
ഋണപ്പൊട്ടുകൾ,
തീരമണലിലുടഞ്ഞു
പ്രദോഷരുദ്രാക്ഷങ്ങൾ...
വിരലിൽ തുടുക്കും
വിഭൂതിയിലാകാശമെഴുതും
പുരാണങ്ങൾ, മന്ത്രം തുടുക്കുന്ന
നിടിലത്തിലെത്ര നക്ഷത്രങ്ങൾ,
കാവ്യങ്ങൾ..
മിഴിയിൽ പടർന്നുതീരാതെ
സമുദ്രത്തിനരികിൽ
മുനമ്പിന്റെ സാന്ദ്രഗാനം
വിരൽതുടിയിൽ വിളക്കായി
വിരിയുന്ന ദീപങ്ങൾ...
എഴുതിയും മിന്നിയും
വ്യോമസങ്കല്പത്തിന്റെയരികിലായ്
നക്ഷത്രകാവ്യങ്ങൾ
വിശ്വത്തിനിടയിൽ
തിരിഞ്ഞുതീരുന്ന ഗ്രഹങ്ങളും
മനസ്സിന്റെയാർദ്രഭാവങ്ങളിൽ
നിന്നുണർന്നൊഴുകുന്ന
സങ്കീർത്തനങ്ങളും
ഹൃദയത്തിനറകളിൽ
മന്ത്രം ജപിക്കുന്ന ഗ്രാമവും
വഴിനടന്നീപടവിലന്തിപൂക്കും
കടൽത്തുടിയിലോ
ഞാനും നിറച്ചതീ  സർഗങ്ങൾ..
..

Monday, March 11, 2013

നക്ഷത്രങ്ങളുടെ കവിത


സമുദ്രമേ
ശംഖൊലിയിൽ
പ്രഭാതമുണരും
മുനമ്പിൽ മന്ത്രമെഴുതി
നീങ്ങും കാറ്റിനൊരിതളിൽ
പാരിജാതസുഗന്ധം....
മഴയിഴയാൽ  നെയ്ത
കസവുനൂലുകൾ പോലെ,
വീണയിലുറങ്ങിയ
സ്വരങ്ങൾ വിസ്മയമായ്
വിരൽതുമ്പിലൊഴുകും
ഭദ്രദീപപ്രകാശം
ഉഷസന്ധ്യ...
ആകാശമുദ്രകളിൽ
അനന്തചക്രവാളം..
പ്രഭാതം വെൺപട്ടുതൂവിയ
കമാനങ്ങളിൽ
ബ്രാഹ്മമുഹൂർത്തത്തിൽ
നക്ഷത്രങ്ങളെഴുതിയ
കവിത...

Wednesday, March 6, 2013

 നക്ഷത്രങ്ങളുടെ കവിത


സങ്കല്പങ്ങളിൽ,
ഋതുഭേദങ്ങളിൽ
മഴതുള്ളികൾ
കടലുപ്പുനീറ്റിയരികിൽ
അഴിമുഖം..
ദിനാന്ത്യപർവം
മിഴാവിലെ മുഴക്കം..
കനലെരിയും
കരിന്തിരിപ്പാടിൽ
തണുക്കും യുഗം..
പാതിയെഴുതിയ
സങ്കീർത്തനമന്ത്രം
സായാഹ്നകാവ്യം..
കാഴ്ച്ചതീർത്ത
ഗോപുരങ്ങൾക്കപ്പുറം
അനന്താകാശം..
വർണ്ണാരവങ്ങളുടെ
പുരദ്വാരങ്ങളിൽ
പവിഴമല്ലിയിതൾപോൽ
അചഞ്ചലകാവ്യം
നക്ഷത്രങ്ങളുടെ കവിത

Monday, March 4, 2013

മൊഴി
 
ഋതുഭേദങ്ങളിൽ
കയ്പും മധുരവും
തൂവും ഗ്രാമകാവ്യം
ആമലകി..
ആർദ്രമാം സർഗങ്ങളിൽ,
ഹൃദ്സ്പന്ദങ്ങളിൽ
നേരിയകസവുതുന്നും
പ്രഭാതകാവ്യം..
മൃദുവാം മൊഴി
തപോലോകനിടിലം
ആരക്കോലുകളിൽ
തിരിയും നോവുകൾ
അനുഷ്ഠാനകലകൾ
ആൽമരച്ചോടും കടന്ന്
അറിവിനക്ഷരം വളരും
കൽമണ്ഡപം
മിഴിയിലേയ്ക്കൊഴുകും
മഹാപ്രവാഹം
കടൽത്തീരമണലിൽ
ശംഖുകളെഴുതും
കവിത...
മൊഴി


മൊഴിയിലനസ്യൂതമൊഴുകും
സായന്തനസമുദ്രം...
പ്രകാശമായ്
ഭദ്രദീപങ്ങൾ
വഴിയിലെവിടെയോ
പൂക്കൾ കൊഴിഞ്ഞ
ഒരാവർത്തം
ഇടവേള..
നീർച്ചോലയിൽ
മുങ്ങി പ്രഭാതമെഴുതും
പ്രണവം
അനന്തദീപ്തമാം
ക്ഷീരസാഗരമന്ത്രം
ശംഖിലാനന്ദഭൈരവി,
അക്ഷരങ്ങൾ,
ആലിലതുമ്പിൽ
ഗ്രാമമെഴുതും
ആരൂഢലിഖിതം
മനസ്സിൻ സ്പന്ദനം
ഉൾക്കടൽ..

Sunday, March 3, 2013

മൊഴി

ഭൂമുദ്രകളിൽ
അന്തരഗാന്ധാരം..
ധ്യാനനിരതമാം
മനസ്സിനരികിൽ
ഹൃദ്സ്പന്ദധ്വനി...
മഴക്കാലത്തിനൊരിതളിൽ
നനഞ്ഞുകുതിർന്ന
പ്രാചീനപുരാണം..
താളിയോലകളിൽ
അർഥം തെറ്റിവീഴും
പദങ്ങൾ..
തളിരിലകൾ
താഴ്ത്തിയൊഴുകും
ജലാവർത്തം..
നാനാർഥങ്ങളുടെ
നാഴികചില്ലിൽ തട്ടിയുടയും
സർഗമുദ്രകൾ..
ശ്രീലകശില്പമുദ്രയിൽ
കാവ്യം,തുളസിപ്പൂവിതൾ..

തണുപ്പാർന്ന സന്ധ്യയിൽ
മൊഴി,
നക്ഷത്രങ്ങളുടെ കവിത,
ജപമാല്യ  സങ്കീർത്തനം,
ആധാരത്തിനനുഷ്ടാനമന്ത്രം........

Friday, March 1, 2013

നക്ഷത്രങ്ങളുടെ കവിത

സമുദ്രമേ
ബാല്യകൗതുകമുടഞ്ഞ
നഗരസായാഹ്നത്തിൽ
പ്രകാശഭരിതമാം
നക്ഷത്രങ്ങൾ
കവിതയെഴുതും
ആകാശചക്രവാളം
കണ്ടുണരും
മിഴിയിൽ തിരിയും
ചക്രരഥം
ഭ്രമണപഥമൊരു
നിശ്ചിതപദം
ഭൂമണതരികളിൽ
തണുത്തുവീഴും
ആഗ്നേയാസ്ത്രം..
വീണുടയും
ചിലമ്പിൻ നാദമൊഴുകും
ദിനാന്ത്യം.
താന്നിവൃക്ഷച്ചോട്ടിൽ
കലിയുഗലിപികൾ
കണ്ടുനടുങ്ങിയ
ഹൃദ്സ്പന്ദങ്ങൾ
നക്ഷത്രങ്ങളുടെ കവിതയിൽ
മന്ദാരപ്പൂവിതളിൽ
അർച്ചനാമന്ത്രം
ചന്ദനസുഗന്ധം..
 മൊഴി
 
സന്ധ്യാദീപപ്രകാശം
മൊഴി...
ആത്മാവിനനശ്വരകാവ്യം
അന്തരലയം...
പദമെഴുതും രുദ്രതീർഥം;
പവിത്രം ചുറ്റിയ
പൂജാമന്ത്രം
മനസ്സ്..
വലയങ്ങളിൽ
വിഹ്വലമാം
അനർഥം.
മുദ്രാങ്കിതമാം
ആർദ്രസങ്കല്പം,,
ഉപനിഷത്തിനുത്ഭവം
ഉപഭൂഖണ്ഡം,

എഴുതിതിരുത്തിയ
ഭൂപടം..
നിറഞ്ഞൊഴുകും ശംഖ്..
വലയിലുടഞ്ഞ കടൽ ചിപ്പി..
അക്ഷരങ്ങൾ
അന്തരഗാന്ധാരം
ഏകസർഗം..
മൊഴിതുളുമ്പും മിഴി
സമുദ്രഗാനം..