Thursday, September 29, 2011

മൊഴി
എഴുതിനിറച്ച കുടങ്ങളിൽ
ജലം വറ്റികരിഞ്ഞ വേനൽ
പിന്നെയോ തടമിട്ട
തണുത്ത നേർമഴപെയ്ത
വൈശാഖം..
കരിയിലപുകയ്ക്കും
എഴുത്തമഷിപ്പാടിനരികിൽ
മടുപ്പുതീർക്കും ഭൂമിതൻ
എതിർമൊഴി..
സായന്തനത്തിനരികിൽ
മൂല്യബോധവത്ക്കരണമെഴുതും
വർത്തമാനകാലം..
പുഴയ്ക്കെന്നുമൊരേകഥ
അനുബന്ധമെഴുതാനൊരു
ഋതു...
മഴക്കാലം... 

Wednesday, September 28, 2011

യാത്ര
അറിയുന്നതിന്നുചിത്രാംബരിയിലൂറുന്നൊരമൃതും
നുകർന്നുവരുന്നൊരാവർഷത്തെ
എവിടെയോ നോവിന്റെമുറിവുണക്കാൻ
മരുന്നെരിയുന്ന കനലിലെ തീയണയ്ക്കാൻ
അരികിലൊഴുകുന്നു കടൽ,
വാനഭിത്തിയിൽ നിരതെറ്റി
നീങ്ങുന്നു നീരദങ്ങൾ....
പലരും പറഞ്ഞൊരാകഥയിലോ
നീർച്ചോലയെഴുതിച്ചുരുക്കുന്നൊരോളത്തിലോ
ഒഴുകിനീങ്ങുന്നതീലോകമെന്നോർത്തോത്തു
പലനാളുകൾ യാത്രപോയെങ്കിലും
കണ്ടതൊരുചില്ലുകൂട്ടിലെ
നിമിഷങ്ങൾ കെട്ടിയോരുരകല്ലുകൾ
കളം തെറ്റിയ തെയ്യങ്ങൾ..
അരികിലായ്സ്വർണരേഖാങ്കിതമാം
കാവ്യമൊഴുകുന്നു; പിന്നെയാമൊഴി
തേടിയെത്രസോപാനങ്ങളിൽ
ജപ തപമാർന്നിരിക്കാം 
മനസ്സിലെ ശോകങ്ങൾ...
അവിടെയോ ജാലകക്കണ്ണുമായ്
നിൽക്കുന്ന കൊടിയജാലങ്ങൾ,
മുകൾപ്പരപ്പിൽ തൂവുമൊരുതരി
മധുരമാമധുരത്തിലിറ്റുന്ന കദനവും
കയ്പുമിന്നൊരുപോലെ;
മാറിയോരുദയങ്ങളിന്നും
കിഴക്കേതുടുപ്പിനെ വിരലിലണിഞ്ഞു
നിൽക്കുന്നു, തൊടിയിലെ
ഇലവള്ളികൾചുറ്റിമാറും ഋതുക്കളോ
വിരഹങ്ങളെല്ലാം ഘനീഭവിപ്പിക്കുന്നു..
അരികിലായ് പാരിജാതങ്ങളെതേടുന്ന
മിഴിയിൽമഴക്കാറുമെന്നേമറഞ്ഞുപോയ്
കുയിലുകൾ പാടുവാൻ വന്നെങ്കിലും
മഴത്തുകിലുകൾ കണ്ടുനിറഞ്ഞെങ്കിലും
സന്ധ്യയെഴുതുവാനെത്തിയ
കൽ മണ്ഡപത്തിലെ
നിലവിളക്കാരോകെടുത്തിയാ
സോപാനവഴിയിലോ
നക്ഷത്രപ്പൂവിരിഞ്ഞു..
അറിയാതെയേതോയുഗാന്ത്യത്തിനരികിലായ്
കവിത തേടിതപം ചെയ്തെങ്കിലും
കാലമിടറിയോരാദ്യൂതചിഹ്നങ്ങളിൽ
നിന്നുമുണരുന്നതോ
സ്വസ്തികങ്ങൾ... 
അരികിലെദർപ്പണമേകുന്നതേകാന്ത
വസനങ്ങളതിലായി നെയ്തെടുക്കാം
ഗ്രഹപ്പുഴകളിൽ വീണോരിലച്ചീന്തിലൂറുന്ന
വ്യസനവും, രോഷവും,
നിസ്സംഗദൈന്യവും...

Tuesday, September 27, 2011

സ്മൃതിവിസ്മൃതികൾ
ഒരിയ്ക്കൽ പ്രഭാതത്തിൻ
നൈർമ്മല്യചാന്താൽകുറിയൊരുക്കി
നടന്നൊരുഗ്രാമത്തിനരികിലായ്
നാലുകെട്ടുകൾ കഥയെഴുതി
പിന്നെ ചില്ലുകൂടുകൾ പണിയുന്ന
യുഗമോ കാവൽനിന്നു..
അഴികൾപണിതാദിവിദ്യതൻ
ചിറകുകളറുത്തുനീങ്ങി
പുകൾപെറ്റതാം കുലം;
പണ്ടേയെഴുതിപ്പെരുപ്പിച്ചദിക്കുകൾ
പോർക്കച്ചകളണിഞ്ഞുവന്നുമുന്നിൽ
കാലമോ സാക്ഷ്യം നിന്നു..
പുകയേറ്റൊരുശൈത്യവാതിലിനരികിലായ്
മുകിൽച്ചീന്തിലോമങ്ങി മഞ്ഞുതുള്ളികൾ,
ഗിരിനിരകൾ കണ്ടൂ
മലമേട്ടിലെദൈന്യം; ജീവഗതിയിൽ
തുളുമ്പിയ കണ്ണുനീർക്കണങ്ങളും..
ഒരുനാളോർമ്മതുമ്പിൽ മിന്നിയാടിയ
കുറെ ദിനങ്ങൾ വിരചിച്ച
കാവ്യങ്ങളെല്ലാം ചിതലൊതുക്കി
മഴക്കാലമെടുക്കും നേരം കണ്ടതൊരു
മൺതരിയുടെയകലം
നേർരേഖകളിടറിയടർന്നൊരു
മേഘഗദ്ഗദം
മിന്നലൊളിയാൽകരിയുന്ന
തണൽത്തോപ്പുകൾ..
കടൽതീരത്തിലല്പനേരമിരിക്കുമ്പോഴോ 
കൈയിലുടക്കിക്കിടന്നത്
വെൺശംഖും, സമുദ്രവും..
കാണവാനായി 
മാറും ഋതുക്കൾ
സോപാനത്തിലേറിനിന്നപ്പോൾ
കേട്ടതൊരു ശ്രീരാഗം
മേലേ ജാലകം തുറന്നപ്പോൾ
കണ്ടതു നക്ഷത്രങ്ങൾ...

Monday, September 26, 2011

സ്വപ്നങ്ങളുടെ ചുമരിലെഴുതിയിടാൻ
ജാലകപ്പഴുതിലൂടെയൊളിപാർത്ത്
അന്യശോകങ്ങളെഴുതിവിൽക്കാൻ
ഭൂമിയൊരിക്കലും 
നിന്നോടാവശ്യപ്പെട്ടിരുന്നില്ലല്ലോ
എങ്കിലും നീയതു ചെയ്തു..
ഈറനണിഞ്ഞ പ്രഭാതങ്ങളെ
എഴുത്തുമഷിയിൽ മുക്കിതോർത്തി
ചായക്കൂട്ടിലൊഴുക്കി,
സ്വപ്നങ്ങളുടെ ചുമരുകളിൽ
കരിക്കോലങ്ങൾ വരച്ചു,
പിന്നെയോ പറഞ്ഞുതീരാത്ത
കഥപോലെയെഴുത്തുമഷിയിൽ
പാരിജാതങ്ങളെ പണയപ്പെടുത്തി..
ഋതുക്കൾ മാറിമാറിവരും നേരം
ജാലകപ്പഴുതിനരികിൽ
നീയൊളിച്ചു സൂക്ഷിച്ചു ഒരു മുഖം
സംവൽസരങ്ങളുടെ കറുത്തനിഴൽ..
ദർപ്പണത്തിലെ പ്രതിബിംബം...
അതോ നീയെന്നുചോദിക്കും 
മുൻപേ നീയോടിപ്പോയി
താഴ്വാരങ്ങൾക്ക് ചായം പൂശാൻ
പാരിജാതങ്ങൾക്ക് 
ചായം ആവശ്യമില്ലായിരുന്നു
താഴ്വാരങ്ങൾക്കാവശ്യത്തിലധികം
ചായം കൈയിലുമുണ്ടായിരുന്നു
അതിനാലാവാം
പിന്നീട് നീയെഴുതിയതൊക്കെ
അർദ്ധവിരാമങ്ങളായത്..
ജാലകപ്പഴുതിലെ ശോകമുറഞ്ഞുതീരാം
ഉണർന്നൊഴുകിയെന്നും വരാം
ചിലപ്പോളില്ലാതെയെന്നും വരാം
ഒരു പ്രഭാതം പോലെ
ഒരു ദിനാന്ത്യം പോലെ
ഒരു സന്ധ്യ പോലെ
വരും പോകും വീണ്ടും വരും..
മനസ്സിൽ  മിന്നും സ്വപ്നങ്ങൾക്ക്
ചുറ്റുവിളക്കുമായ് നക്ഷത്രങ്ങൾ 
കൂടെയുണ്ടെന്നറിഞ്ഞാലും..
അതിനാലിനിയും
ജാലകപ്പഴുതിലൂടെയൊളിപാർത്ത്
അന്യദൈന്യത്തിനടിക്കുറിപ്പെഴുതി
നീ വിഷമിക്കേണ്ടതില്ലെന്നറിയിക്കുന്നു...
സ്വപ്നങ്ങളുടെ ചുമരിലെഴുതിയിടാൻ
ഭൂമിയിന്നു തേടുന്നതൊന്നുമാത്രം
മഴതുള്ളിപോലെ മനോഹരമാമൊരു
കവിത...









Sunday, September 25, 2011

മുദ്ര
എവിടെയോമുദ്രകൾ 
മാഞ്ഞുപോയാകാശമൊരു
സാക്ഷിയെന്നപോൽ
നിന്നിരിക്കാം
ചിറകുകൾക്കുള്ളിലായഗ്നിവീണാ
യാത്രയെവിടെയോ വീണുമുറിഞ്ഞു; 
സ്വപ്നങ്ങളെയനവധിനെയ്തവർ
മാഞ്ഞുപോയി..
അരികിലായ് കണ്ടുനിന്നാ 
കാസ്തമണ്ഡപം
ശിലയിലെ ശില്പങ്ങൾ
മിഴികൾ പൂട്ടി..
അവിടെയോ സൂര്യനൊരസ്തമയം
തേടിയൊഴുകിയതും
ഭൂവിലൊരുകുടം കരിമഷി
തൂവിയതും..
എഴുതുന്നതേതുവിവർത്തനം
മനസ്സിനെയൊരുശരത്ക്കാലം
മറയ്ക്കുന്നുവോ?
അരികിലൊരു വൈശാഖമഴയിലെ
നീർക്കണമുറയുന്നതും
നീണ്ടവഴിയിലെ മൗനം ചുരുങ്ങി
കരിഞ്ഞിതൾപൊഴിയുന്നതും
കാസ്തമണ്ഡപത്തിൽ....
ഇവിടെയോ ഭൂവർണമോലും
പ്രഭാതങ്ങളിനിയും വരും
വന്നുപോയിടും മറയിട്ട 
ഹൃദയങ്ങൾ മഞ്ഞിലായ് മാഞ്ഞുപോവും..
എഴുതുവാനിന്നീതടിക്കൂടുകൾക്കേതു
വിധിയേകിയഗ്നിതന്നാർത്തഭാവം..
നിരതെറ്റിയാവിധിക്കൂടുകൾക്കുള്ളിലായ്
നിറയുന്നുവോ സാക്ഷ്യചിഹ്നങ്ങൾ
പലകുറിയറിയാതെവീണുതകർന്നോരു
മുദ്രകൾ...



മൊഴി
ഏതുഗ്രഹാന്തരയാത്രയിൽ
കണ്ടതാണീഭൂമിയെ 
ദേവസൃഷ്ടമാം സങ്കല്പ
താലത്തിലെന്നും ഋതുക്കൾ
നിവേദിച്ച പൂവുകൾ
ചൂടിവരും കാവ്യഭംഗിയെ..
കാണാമരികിലായ് നക്ഷത്രദീപങ്ങൾ
തേടിയലഞ്ഞ പരീക്ഷണവേഗങ്ങൾ,
താഴും തമോഗർത്തഭിത്തികൾ
താഴേക്ക് താഴ്ന്നുവന്നീടുന്നൊരെന്ത്രപ്പകർച്ചകൾ,
വന്മതിൽപ്പാടിൽ പതിഞ്ഞവിലാപങ്ങൾ,
വെൺപൂവുകൾവാടിവീണതാം ശില്പങ്ങൾ..
കാലം പകുത്ത ദേശങ്ങളിൽ നിന്നുമോ
ലോകം പ്രകാശവേഗം മായ്ച്ചുറഞ്ഞതും
ആരണ്യകാണ്ഡങ്ങളിന്നും 
മഹായാഗനോവുമായഗ്നിസ്നാനം ചെയ്തു
നീങ്ങുന്നു..
കാണാം പലേടത്തുമെത്തിനിൽക്കും
യുഗഭാഗധേയങ്ങൾ 
പ്രപഞ്ചമേ നീ തന്ന ലോകമിതോ? 
മഷിതുള്ളിയിറ്റിക്കുന്ന
മായികവർണമണിഞ്ഞുനീങ്ങും ഗ്രഹം..
ആകുലമെങ്കിലുമെന്നും പ്രഭാതത്തിനീറൻ
തുടുപ്പാർന്നു നിൽക്കുന്ന ഗ്രാമമേ
കാണുക വിശ്വത്തിനെത്ര മുഖം
കാണുക ലോകത്തിനെത്ര രൂപം...






സ്മൃതിവിസ്മൃതികൾ


തുടക്കമൊരുനേർത്ത
വെള്ളിലപ്പൂവിൻ തുടുപ്പെടുത്തു
കൈയിൽ നിറച്ചന്നുനിന്നൊരു സന്ധ്യ..
ഇടയ്ക്കോമിന്നൽതൂവിയിന്ദ്രവജ്രങ്ങൾ
കരിഞ്ഞിലകൾ, തളിർനുള്ളി
നിന്നൊരു പ്രഭാതവും...


അരികിൽ കാണാകുന്നു
തനിയാവർത്തം പിന്നെയിടയ്ക്ക,
മൃദംഗവുമെല്ലാമേ പണ്ടേപ്പോലെ..
അരക്കില്ലങ്ങൾ പണിതതിലും
ഹോമിക്കാനായൊരുക്കമതും
പഴേരാജമോഹങ്ങൾ;
പിന്നെ പലതും മിനുക്കുന്ന
മൃദുശബ്ദങ്ങൾ, തൂവൽപ്പകിട്ടിൽ
പൊതിയുന്നൊരന്യായക്കുടുക്കുകൾ..


ഒരിയ്ക്കലറിഞ്ഞതാണതുമീലോകത്തിന്റെ
ശിരസ്സിൽ പണിതിടാം മകുടമാർക്കും
പിന്നെയൊരുക്കാമൊരുരംഗഗോപുരം
പൊൻനാണ്യങ്ങളൊഴുക്കിപ്പുതപ്പിയ്ക്കാം
മിഥ്യയെ; രഥമേറ്റിയരങ്ങിൽ
പ്രദർശനവസ്തുവായ് വയ്ക്കാം
കാഴ്ച്ചവസ്തുക്കളല്ലോ പ്രിയം
പലർക്കും പണ്ടേതന്നെ...



എത്രനാളിനിയുമാ വസന്തം പാടും 
പാട്ടിലൊക്കെയും
നിറയുന്നതൊരു ശൂന്യത മാത്രം..
അത്രമേൽ വിരസമായരങ്ങിൽ
നിരത്തുമാ ചിത്രങ്ങളതും
പൊയ്മുഖങ്ങളായ്  മാറീടുന്നു...


ആരെയോ കാണിക്കുവാനെന്നപോൽ
തീർക്കും ഛായാവീഥികൾ
മടുപ്പിക്കുമൊരു നീൾവഴിയതിൽ 
വീഴുന്ന നീയോ, നിന്റെ നിഴലോ,
പലേകാലമാടിയൊരങ്ങിലെ വേഷങ്ങളതോ
സത്യം?


ആരുമേപറഞ്ഞില്ലതെങ്കിലും
മൊഴിതേടിയോടിയനാളിൽ
കണ്ടതൊക്കെയും യാഥാർഥ്യങ്ങൾ..
കാലമോ കടംകഥയെഴുതിതീർത്തു 
പക്ഷെ കാത്തുനിന്നതുമില്ല ഭൂമിയും
ഋതുക്കളും...

Saturday, September 24, 2011


മൊഴി
പണ്ടേയങ്ങനെയാവാം
പലതായ് പകുത്തതാം
ചിന്തകൾക്കോരോ നിറം
ഋതുക്കൾ മാറും പോലെ
എത്രയോ തുലാസുകളക്കാൻ
മുറിക്കുവാനെത്രയോ
പുണ്യാഹങ്ങളതിനെ
ശുദ്ധം ചെയ്യാൻ...
മറികടക്കും ലോകഭൂപടമൊരു
ചെറു കടലാസതിൽ
നീളെയൊഴുകും സമുദ്രങ്ങൾ..
ഏതിലാണൊരുവാക്ക്
തെറ്റിവീണതിൽ നിന്നുമായിരം
ചില്ലക്ഷരം ചിതറിതെറിച്ചതും..
ആകെയും മൃദുവായൊരക്ഷരക്കൂട്ടങ്ങളെ
കാരിരുമ്പാക്കിക്കടഞ്ഞടുപ്പിൽ
തീകൂട്ടുമ്പോൾ
ഏതിലോവീഴും 
മഹാസമുദ്രതിരയുടെ 
ലോകമേ!
നീയോ വിധിന്യായങ്ങളെഴുതുന്നു?
മനസ്സിലൊതുക്കാതെ
വീണുപോയൊരാഭാരച്ചുമടിൽപോലും
ചിത്രം രചിക്കും ചരിത്രത്തിനിടനാഴിയിൽ
തട്ടിയുടയുന്നുവോ വിധി..
അറിയാനിനിയുമില്ലൊന്നുമേ
കാണാകുന്ന പ്രപഞ്ചമെഴുതട്ടെ
ഭൂപാളസ്വരങ്ങളിൽ....

Friday, September 23, 2011


സ്മൃതിവിസ്മൃതികൾ
പറഞ്ഞുതീർന്നീലിന്നും
കഥകൾ
കൈയേറിയൊരറവാതിലിൽ
മുഖം പൂഴ്ത്തിനിൽക്കുന്നു
കാലം..
വിളക്കിചേർത്തോരീയക്കൂട്ടിലെ
സുഷിരത്തിലൊഴുകീടുന്നു
വീണ്ടും ക്ഷീരസാഗരം;
നിലവറകൾ തുറന്നേതു
വിസ്മയം കാണാൻ 
ജനമൊഴുകുന്നിന്നും
പദ്മതീർഥത്തിനരികിലായ്..
ചുരുങ്ങും ഭൂപടത്തിനരികിൽ
ഭഗീരഥർ തപസ്സിൽ
ത്രിശൂലങ്ങൾ കൈയേറ്റും
ത്രികാലങ്ങൾ..
പുലരും പ്രഭാതത്തിൻ നടയിൽ 
നേദിക്കുവാനുടയ്ക്കാനായി
കൈയിലേറ്റുകഹൃദയങ്ങൾ
ശിലകൾക്കുള്ളിൽ
പൊതിഞ്ഞെടുക്കാം
സങ്കല്പത്തിനുടഞ്ഞ
വിളക്കുകൾ, വെളിപാടുകൾ
കുറെദിനങ്ങൾ മായും നേരം
സ്മൃതിയിൽ
ഭൂരേഖകളുലഞ്ഞ ദിക്കിൽ
തീർഥം തളിയ്ക്കാമുണർന്നേയ്ക്കും
തുളസിപ്പൂക്കൾ;
പണ്ടേയക്ഷതം കരുതിയാ
മദ്ധ്യവർഷത്തിൽ
കാത്തുനിൽക്കുകയാവാം
മനോഗതങ്ങൾ
കാണാകുന്ന ദിക്കുകൾ
ചുരുക്കുന്ന വൈഭവമതത്ഭുതം..
എങ്കിലും പൂർവാഹ്നമേ
വെൺശംഖിലുണരുന്ന
നിന്നെയല്ലയോ
കണ്ടുനിൽക്കുന്നു
ഭൂരാഗങ്ങൾ...


പണ്ടേ പണിത വിലങ്ങുകൾ

പണ്ടേ പണിത 
വിലങ്ങുകളാണവയിന്നോ
തുരുമ്പുവീണാകെദ്രവിച്ചുപോയ്
എങ്കിലും ജീർണമാം
തുമ്പിലേറും മേഘചിന്തകൾക്കെന്നുമൊരേ
നിറം; കേൾക്കുന്നതെന്നും
വിലങ്ങിൻ മുഴക്കങ്ങൾ ചുറ്റിലും.. 


അങ്ങകലെ ശ്യാമവർണമാർന്നാകാശമെന്നും
പുതുക്കും പ്രഭാതങ്ങളിൽ 
പോലുമൊന്നുമെഴുതാതെദൈവവാതിൽ
തുറന്നിന്നും കുരിശേറിനിൽക്കുന്നസത്യമേ!
നീ വിലങ്ങിട്ടോരു ഭൂമിയെ കാണുക
നീ പുകയ്ക്കുന്നോരുഷസ്സിനെ കാണുക..


എത്രയോ ചിത്രങ്ങളാണാക്കുടീരത്തിൻ
ഭിത്തിയിൽ തൂങ്ങുന്നു തങ്കവർണങ്ങളിൽ
വേഗത്തിലോടുന്ന പാതയിൽ കാൽതട്ടി
വീഴുന്നുവോ രാജ്യഭൂപടം
കൈയിലെ നേർ രേഖയിൽ
നിന്നിരമ്പുന്നുവോ കടൽ....
ഏതുവിലങ്ങിലാണിന്നാകടൽ
കുരിശേറ്റുന്ന ദൈവമറിയുമതും
പിന്നെവീഥികൾ തോറും
പ്രതിഷ്ഠിക്കുമാബുദ്ധഭാവവും
സത്യവുമെത്രയകന്നുപോയ്....

Thursday, September 22, 2011


അദൃശ്യമുദ്രകൾ
ചക്രവാളം നക്ഷത്രങ്ങളാൽ
ചുറ്റുവിളക്കണിയിക്കും
കടലിനരികിലെ
പ്രദീപ്തമാം സന്ധ്യയ്ക്കന്തിനൊരു
മന്ദഹസിക്കും മുഖാവരണം....
ഹൃദയം സൂക്ഷിക്കും
ശുദ്ധമാം കാവ്യഭാവത്തിനാവശ്യമോ
ആഭരണങ്ങളുടെ തിളങ്ങും ചെപ്പുകൾ?
സുവ്യക്തമാം ദുർഗ്രാഹ്യതയുടെ
ദർപ്പണങ്ങളിലൊളിപാർത്തിരുന്ന
ഒരു മുഖപടം പടിയിറങ്ങിയപ്പോൾ
പടിവാതിലിൽ കാണാനായി
കൃഷ്ണപക്ഷപൂവിതളുകൾ.....
പ്രദോക്ഷങ്ങളാരതിയുഴിയുമ്പോൾ
വിഷാദമുറഞ്ഞ വില്വപത്രങ്ങൾ
സന്ധ്യയിൽ
ശിവരുദ്രാക്ഷങ്ങളിലെഴുതി
ആദിമൂലത്തിനദൃശ്യമുദ്രകൾ....


ഹൃദ്സ്പന്ദനങ്ങൾ
പാതകളുടെ 
ദൈർഘ്യമളന്നോടിയ 
നിമിഷങ്ങൾ ചിമിഴിലേറ്റിയ ഭാരം
ചുമരെഴുത്തിൽ ചുരുക്കിനീങ്ങുന്നു
വർത്തമാനകാലം....
ഭൂവർണത്തിൽ തട്ടിതൂവും
കനൽതുണ്ടിലെരിയുമൊരു
ചെറുമൺചിറ..
അതിനുമപ്പുറമോ 
യുഗങ്ങൾ ചിതയേറ്റിയ
തിരശ്ശീലകൾ, പുതപ്പുകൾ
തണൽ വൃക്ഷങ്ങൾ,
ഗ്രന്ഥപ്പുരകൾ....
നളന്ദ കത്തിയെരിയും പോൽ
പുകയും സംവൽസരങ്ങളുടെ
ചിറകുകൾ..
ഏതുവഴിയിലാവും
മണലിറക്കങ്ങളുടെ
കടും കെട്ടുമായ്
ചിതറിയ ശിരോരേഖകൾ
ഗ്രാഫൈറ്റ് തുണ്ടുകളാൽ
ചിത്രം രചിക്കുന്നത്..
അരിപ്പൊടിതൂവിയ
രംഗോലിചിത്രങ്ങൾ
കിഴക്കേഗോപുരവാതിലിലുണരുമ്പോൾ
ആരായിരിക്കും
എണ്ണവറ്റിയ തൂക്കുവിളക്കുമായ്
പിന്നോട്ടു നടക്കുന്നത്...
ആകാശമേ!
കടലോരത്തെ മണലിലെഴുതിയിട്ട
ആദ്യക്ഷരങ്ങളിൽ നിറയുന്നുവോ
ഉൾക്കടലിൻ ഹൃദ്സ്പന്ദനങ്ങൾ..

Wednesday, September 21, 2011


യവനിക
ആകാശത്തിൻ
തണുപ്പാർന്ന മഴചിന്തുകളിലെഴുതി
നീങ്ങിയ സെപ്റ്റംബറിലെ
പ്രഭാതമൊരു താളക്രമമായ്
വിരൽതൊട്ടുണരുന്നു..
തകർന്നിടിഞ്ഞ ഗാംഗ്ടോക്കിലെ 
മണ്ണിൽ കണ്ണീർവീണ പാടുകൾ
ഗ്രഹാന്തരയാത്രയ്ക്കൊരുങ്ങും
ലോഹാവരണങ്ങളിൽ
തീപുകയുന്നു..
കടലോരത്തെവിടെയോ
കാണാതെപോയ 
ശംഖു തേടിതടന്നൊരിന്നലെയുടെ
ഘനീഭവിച്ച നീർച്ചാലുകളിൽ
ദക്ഷിണധ്രുവത്തിൻ മുദ്ര....
മുളംകാടുകളുലയും
സംഗീതം നാദതന്ത്രികളിൽ
മുഴങ്ങുമ്പോൾ
യവനികനീക്കിയരങ്ങിലെത്തും
ഏതുകഥയിലാവും
ഗ്രഹമിഴികളുടക്കിവീഴുക....
സുഗന്ധമോലും ധൂപപാത്രങ്ങളിൽ
പ്രഭാതമാരതിയുഴിയുമ്പോൾ
തീരമണലിൽ മുഖം പൂഴ്ത്തിയിരുന്ന
കടൽചിപ്പിയിലോ
ചക്രവാളമൊരു കവിതയെഴുതിയത്....


മൊഴി
മേലോടുകൾക്കിടയിലെ 
ലോകം
ചുരുങ്ങാനൊരിടം തേടി
വാതിൽപ്പാളികളിലെ
താക്കോൽസുഷിരം 
തേടിയലയുമ്പോൾ
ആകാശവാതിലിലൂടെയൊരു
തൂവൽതുമ്പേറിവന്നു
അക്ഷരങ്ങൾ..
ആലാപനത്തിനിടവേളയിൽ
അക്ഷരങ്ങൾ സ്ഫുടം
ചെയ്തൊഴുകും പ്രഭാതമേ!
പ്രകാശത്തിനിതൾപ്പൂവിൽ
അഗ്നി വിളക്കായ് തെളിയുമ്പോൾ
ഭൂവർണങ്ങൾ ചിത്രകമാനത്തിലേറ്റിയാലും...
മുന്നോട്ടോടും നഗരപാതയ്ക്കരികിലും
പൂക്കൂടകളിൽ തുളസിപ്പൂവേറ്റും ഗ്രാമമേ
ചന്ദനസുഗന്ധമോലും
പ്രദക്ഷിണവഴിയിലൂടെ
നടന്നാലും....

Tuesday, September 20, 2011


മഴക്കാലസ്മൃതി...
വെളിപാടുകളുടെ
വിളംബകാലകൃതിയുമായ്
മണ്ണിടിഞ്ഞചതുരങ്ങളിൽ
ഭാഗധേയം തേടിയൊഴുകും
നിസ്സഹായത..
ആകൃതിനഷ്ടമാം
മൺകൂടുകളുടയുമനവധി
വീഥികളിൽ
മുഖം പൂഴ്ത്തിനിൽക്കും
മുദ്രകളിലുറങ്ങും 
മഞ്ഞുപോൽ തണുത്ത
വിപ്ലവപതാകയിലൊഴിഞ്ഞ
വർണം തൊട്ടുണരും
ആധുനികസഞ്ചാരങ്ങളിൽ
നിന്നകന്നകന്നുനീനീങ്ങും
ചക്രവാളം..
പണിയായുധങ്ങളുരച്ചുടച്ചു
വാസ്തുഭംഗിനഷ്ടമായ
കൽക്കൂടുകൾക്കരികിലൂടെ
നടന്നുനീങ്ങിയദിനങ്ങളിലൊരുനാൾ
ആകാശമെഴുതിചേർത്തു
ഹൃദയത്തിനറകളിൽ
ഒരുമഴക്കാലസ്മൃതി....
ഒരു ഗ്രാമസന്ധ്യാവന്ദനഗീതം..

Monday, September 19, 2011

പെയ്തുതീരാനായ്  നിയുമെത്ര ദിനങ്ങൾ

മഴക്കാലമേ!
പെയ്തുതീരാനായ്  
ഇനിയുമെത്ര ദിനങ്ങൾ???

വിപരീതങ്ങളുടെ ഗുണനമുദ്രയിലുടഞ്ഞ
ഏതുകാവ്യമാവും
പ്രളയാന്ത്യത്തിലൊഴുകുക?

ആലിലയിലെയനന്തമാം
അനാദിചിന്തകളിലൊരിക്കലുണർന്ന ലോകം
സൂക്ഷ്മനിർവചനങ്ങളുടെ
അക്ഷരകമാനത്തിൽ
നിദ്രപൂകുന്നുവോ..

വഴിയോരത്തെയിടിഞ്ഞുതകർന്ന
മൺകൂടുകൾക്കരികിലൂടെ
കൂട്ടംതെറ്റിയോടും
ഇടവഴിയിലെയുറഞ്ഞുതീരാത്തനീർച്ചാലിൽ
നഗരം മുങ്ങിതോർത്തിവന്നനാളിലായിരുന്നുവോ
ചട്ടക്കൂടുകളിൽ തണുത്തപ്രഭാതങ്ങൾ
പ്രകാശമൊരുവിളക്കിലേറ്റിവന്നത്


സമുദ്രയാനത്തിൻ തിരുനെറ്റിയിൽ
പായ്മരം പണിതുനീങ്ങിയ
ഋതുക്കളാലേഖനം ചെയ്ത
മഷിപ്പൊട്ടുകളിലൂടെ
ദിനങ്ങൾ നീങ്ങുമ്പോൾ
എഴുതിയുടച്ചോരക്ഷരങ്ങളുടെ
ആത്മകഥയുമായ് മുന്നിലുയരുന്നുവോ
പാതയോരത്തെ പണിതീരാത്ത
ചരിത്രവിസ്മയങ്ങൾ...


നഗരങ്ങളുടെ കടുംകെട്ടുവീണ
ഹൃദ്സ്പന്ദനങ്ങൾക്കരികിലാവാം
ഗ്രാമം സായന്തനത്തിൻ
വിളക്കിലെണ്ണ പകർന്നത്
അല്പം പ്രകാശം മിഴിയിലേറ്റാൻ...








വേറിട്ടൊരു വാത്മീകത്തിൽ

ഭ്രമണലയമൊരു
താളചിന്തിലുറങ്ങിയ
പകലിറക്കത്തിൽ
ഉള്ളറകളിലെവിടെയോ
വേരറ്റൊരുമഹാഗണിയിലോ
നിർജീവമാം നിഴലുകളുറങ്ങിയത്
എഴുതപ്പെടേണ്ട
ദീർഘകാലവ്യഥയിലെയാദ്യക്ഷരം
നിലവറയിലെയോലയിൽ
മയങ്ങുമ്പോൾ
നീർത്തിയിട്ട കടലാസിലൂടെ
ഋതുക്കൾ ഒഴുകിനീങ്ങിയ
ദിനം കണ്ട വേറിട്ടൊരു വാത്മീകത്തിൽ
തപമാർന്ന പ്രഭാതം
ഭൂപാളസ്വരം മറന്നൊരിടവേളയിൽ
മൺകൂടുടഞ്ഞതിലെ
ജന്മസങ്കടമൊരു പുൽനാമ്പിലെ
മഞ്ഞുകണത്തിലലിഞ്ഞു തീരും
വരെയും മൗനമാർന്നിരുന്നുവോ.. 
നെയ്തുതീരാനാവാതെ
കടുംകെട്ടുവീണ
നൂൽതുണ്ടുകളിൽ
ലോകത്തെ ചുറ്റിക്കെട്ടിയൊരു
തട്ടിലേറ്റിനിൽക്കുമ്പോൾ
ഏതുദൈന്യമാവും
വരും വരായ്കയുടെ
ഏണിപ്പടികളേറി
ആകാശത്തേയ്ക്കൊരു
ദൂതുമായ് വരുന്നത്
സന്ദേശങ്ങളിൽ നിറയും
അർഥശൂന്യതയുടെ
ആവരണമോ
വർത്തമാനകാലത്തിൻ
ബാക്കിപത്രം....





Sunday, September 18, 2011

കിഴക്കേവാതിൽ തുറന്നെത്തും  പ്രഭാതം പോൽ 
ചിത്രതൂണിലെ
ചിത്രങ്ങളെത്രയോ വാചാലം
എഴുതിതൂത്തവാക്കിനതിരിൽ
മായാത്തൊരക്ഷരമായ്
സ്പന്ദിക്കും ഹൃദയം....
ശരത്ക്കാലത്തിലായിരുന്നുവോ
ഭൂവർണം തൂവിയ
ഒരാൽ വൃക്ഷതണലിൽ
കടം കൊണ്ട കടലാസിൽ
ലോകം മഷിപുരണ്ടുറങ്ങിയത്..
കവാടങ്ങളിൽ കൊത്തുപണിചെയ്യും
ദിനാന്ത്യങ്ങൾ ഒളിച്ചുസൂക്ഷിക്കും
ഓർമ്മപ്പിശകിനും
പറയാനൊരു കഥയുണ്ടാവും..
എവിടെയോ നേർത്ത
പട്ടുനൂലിൽനിന്നൂർന്നു
വീണൊരുമുത്തുപോൽ,
കിഴക്കേവാതിൽ തുറന്നെത്തും
പ്രഭാതം പോൽ
ഒരെഴുത്തുകൂട്ടിൽനിന്നുണർന്നു
വന്നൊരക്ഷരം
കമാനങ്ങൾ മാറ്റുമൊരു
ഋതുവിൻ കടംകൊണ്ട
സായാഹ്നക്കനലിൽ
മഴകാത്തിരിക്കുമ്പോഴായിരുന്നുവോ
മണൽതരികളിലൂടെ
തിരയേറിവന്നശംഖിലെകടലിൽ
ഹൃദ്സ്പന്ദനമെന്നപോൽ
ഒരുവരിക്കവിതയുണർന്നത്??

Saturday, September 17, 2011


മഴപെയ്ത വഴിയിൽ
മഴപെയ്ത വഴിയിൽ
തണുത്തുറഞ്ഞു
തങ്കനൂലിൻ സായാഹ്നം...
വെയിൽ മാഞ്ഞവഴിയിൽ
നിരതെറ്റിനിന്ന
വൃക്ഷങ്ങൾക്കിടയിലൂടെ
ഭാദ്രപദം നടന്നുനീങ്ങുമ്പോൾ
ഉലഞ്ഞ ഭൂപടത്തിനരികിൽ
സന്ധ്യാവിളക്കിനരികിൽ
നനവാർന്ന മൺതരിയിലുടക്കിവീണു
അസ്തമയം..
പ്രഭാതം വെളിച്ചത്തിൻ
പട്ടുറുമാൽനെയ്യുംമുൻപേ
മഴമേഘങ്ങൾ മൂടിയ
ആകാശത്തിനരികിൽ
മഴക്കാലമെഴുതി
കുടക്കീഴിലൊതുങ്ങാതെ
ആമ്പൽക്കുളത്തിലൊഴിയാതെ
കടലിലേല്യ്ക്കൊഴുകിയ
മഴതുള്ളിക്കവിത..

Thursday, September 8, 2011

എഴുതാതെമറഞ്ഞൊരക്ഷരത്തിൽ
എഴുതാതെമറഞ്ഞൊരക്ഷരത്തിൽ
നിന്നുവളർന്നു ലോകം....
അതിനരികിലോ ചരിയും ഗോപുരങ്ങൾ
നീരൊഴുക്കിനരികിലൂടെ
നടന്ന് ശിലായുഗമുരസിമൂർച്ചയേറ്റിയ
കൽച്ചീളിൽതട്ടിമുറിഞ്ഞ 
നിമിഷങ്ങൾ കുടഞ്ഞിട്ട
ഒരു കുടം ദൈന്യം 
മഴയിലൊഴുകിയെന്നേ മാഞ്ഞു....
നീർച്ചാലുകൾക്കരികിൽ
വക്കുപൊട്ടിയ സ്ഫടികകൂടുകൾക്കരികിൽ
ഒരോ ദിനവും പകർപ്പുകടലാസുകളിൽ
പമ്പരമെന്നപോൽ 
ലോകത്തെ തിരിക്കുമ്പോൾ
ഋതുക്കളുടെ ചില്ലയിൽ 
നിന്നടർന്നുവീണൊരു 
തളിരിലയിൽ കാണാനായി
ആദികാവ്യത്തിന്റെയൊരുവരി..

Wednesday, September 7, 2011

ആവർത്തനത്തിനനുസ്വരം...
ആകാശമേ!
ഞാനുണർന്നപ്പോൾ
പ്രദക്ഷിണവഴിയിൽ
ഇടയ്ക്കയുടെ
ശ്രുതിയായിരുന്നു..
പിന്നെയെവിടെയോ
പ്രകമ്പനമെന്നപോൽ
തീപ്പുകയ്ക്കരികിൽ
ദു:ഖമൊഴുകി...
ആവർത്തനത്തിനുസ്വരം...
ഭദ്രസങ്കല്പങ്ങളുടെ
താഴുകളുടച്ചുനീങ്ങും
കാരിരുമ്പിൻ തീവ്രഭാഗധേയം
മനുഷ്യർ ചുരുങ്ങുന്നു
കൈയേറ്റുമൊരുപിടി
മൺതരിയെണ്ണിതീർക്കാനാവാതെ
ചുരുങ്ങിയൊതുങ്ങിയൊരു
പുകക്കുഴലിൽതിരിയും
ലോകം..
ആകാശമേയേതുപുലരിയിലാവും
ഭദ്രസങ്കല്പങ്ങളുടെ ചിത്രതാഴിലൊരു
കവിതയെഴുതിസൂക്ഷിക്കാനാവുക...

അന്വേഷണമിനിയെന്തിനായ്
കടൽചിപ്പികൾക്കരികിൽ
അന്വേഷണമിനിയെന്തിനായ്
ചിരിക്കാൻ മറക്കുമ്പോൾ
വ്യസനമില്ലാത്തൊരവസ്ഥയുമുണ്ടാവും..
കടലിനൊരു കഥയുണ്ടാവും
തിരയറിയാതെ പോയ കഥ
അലയാർത്തുയുരും നേരം
ഉൾക്കടലൊതുക്കിയാഴക്കടലിൽ
സൂക്ഷിച്ച കഥ..
എഴുതിതീർത്തൊതുക്കിയ
നേർച്ചപ്പാടിൽ,ചന്ദനക്കൂട്ടിൽ
പലേകാലത്തിലായ്
തണുത്തുറഞ്ഞ നിമിഷങ്ങളും
എഴുതിയനേകം കഥകൾ...
വായിച്ചുതീരാത്ത 
പുസ്തകങ്ങളിലൂടെ
വാരാന്ത്യക്കുറിപ്പുകളിലൂടെ
അന്തമില്ലാത്ത 
ചക്രവാളം പോലെ 
അവയങ്ങനെ 
നീണ്ടുനീണ്ടുപോകുന്നതെന്തേ...
അന്വേഷണമിനിയുമെന്തിനെന്നാരും
എഴുതുന്നുമില്ല...


Tuesday, September 6, 2011


കൈയൊപ്പുകളില്ലാതെ
കൈയൊപ്പുകളില്ലാതെ
തപാൽപ്പെട്ടിയിലൊളിച്ചുവച്ച
കുറിപ്പുകളിൽ
ആദ്യമവൻ മുഖം മറച്ചിരുന്നു
പിന്നെഗുണനപ്പട്ടിക 
തെറ്റിയ സ്ലേറ്റിൽ
ഒന്നാം പാഠത്തിനക്ഷരപ്പിശകിനിടയിൽ
ഒളിപാർത്തിരുന്നു..
ഋതുഭേദങ്ങളുടെയൊഴിഞ്ഞ
കൂടയിലേയ്ക്കൊരല്പം
ശരത്ക്കാലവർണം
തേടിയനാളിൽ കണ്ടു 
സായാഹ്നനിഴൽചുറ്റിയ
ഒരു മുദ്ര..
പിന്നെയൊരു ശീതകാലപ്പുരയിലിരുന്നവൻ
ഹരണഗുണനഗണനപ്പട്ടിക പുതുക്കി...
കിട്ടിയെതെല്ലാം കൂട്ടിപ്പെരുക്കി
തിരുത്തിവെട്ടിയുടച്ചുലച്ച്
പുസ്തകതാളിലാക്കുമ്പോഴേയ്ക്കും
കൈയൊപ്പുകളില്ലാതെ
തപാൽ പെട്ടിയിലൊളിച്ചുവച്ച
അവന്റെമുഖമവനോടുചോദിച്ചു
നീയെന്തേയിങ്ങനെ??
അപ്പോഴേയ്ക്കുമവന്റെ 
മുഖം തേടിനടന്ന
ഭൂമിയുലയുകയും
ഒന്നാം പാഠമെഴുതിയ
സ്ലേറ്റുടയുകയും ചെയ്തിരുന്നു...

Monday, September 5, 2011



പ്രഭാതത്തിലെനക്ഷത്രങ്ങളെപ്പോൽ
എവിടെയാണിന്ത്യയുടെഭൂപടം
ചുരുക്കിയൊതുക്കിമടക്കിയിടും
രേഖാങ്കിതമാമൊരു
മൺകൂടോ ദേശം..
മറയിട്ടൊരുതിരശീലയിൽ
തിരനോട്ടം ചെയ്യും
 ചമയങ്ങളിൽ
കളിവിളക്കിൻ പ്രതിഫലനം
കഥയ്ക്കൊടുവിൽ
നിലാവുറങ്ങിയനേരം
കലാശക്കൊട്ടിൽ
തകർന്നൊരരങ്ങിനരികിൽ
മുദ്രതെറ്റിയ മുഖവുമായ്
വരിതെറ്റിയകല്ലിടുക്കുകളിലിരുന്നെഴുതും
വർത്തമാനകാലം....
ഇമയനങ്ങും നേരം
മറയിട്ടതിരശ്ശീലയ്ക്കരികിൽ
ലോകം മറയ്ക്കാനൊരുങ്ങും
മൗനം..
എങ്കിലുമാകാശമേ
എന്തിനിങ്ങിനെയല്ലാമൊരു
ഭൂതകാലദർപ്പണത്തിലൂടെ
നീയെൻ മിഴിയിലേറ്റുന്നു..
പ്രഭാതത്തിലെ
നക്ഷത്രങ്ങളെപ്പോൽ
മിഴിപൂട്ടിയിരിക്കാനായെങ്കിൽ
വാതിലുകളിലെയോടാമ്പൽ
പൂട്ടിതഴുതിട്ടൊരു
നക്ഷത്രമിഴിയിലെ
പ്രകാശത്തിലെഴുതാനായേനെ
വിലങ്ങുകളില്ലാത്തൊരു
ഭൂപടത്തിൽ....




പൂക്കാലങ്ങൾക്കപ്പുറം
പൂക്കാലങ്ങൾക്കപ്പുറം
ഋതുക്കൾക്കപ്പുറം
ആകാശമേ കാണുക
ചുറ്റുമതിലുകൾ....
അതിൽ നിറയുമെഴുത്തക്ഷരങ്ങൾ..
തിരികെനടന്നവഴിയിലെല്ലാം
കാവലുണ്ടായിരുന്നു
മുന്നോട്ടുനീങ്ങാനാവാതെ
മുന്നിൽ മതിലുകളും..
ഒരോമതിലിലും ഘടികാരങ്ങൾ 
നിമിഷസൂചിയാലെഴുതിക്കൊണ്ടേയിരുന്നു
കഥകൾ..
കഥയെഴുതും നേരമറിയാതെ
കൈതട്ടിയാവും കടൽശംഖുടഞ്ഞതും
കടലിരമ്പിയതും..
പിന്നെയൊരുസന്ധ്യയിലെ
മഴയിൽ ചുറ്റുമതിലുകളിടിയും നേരം
കാണാനായി ലോകത്തെ
മതിലുകളിൽ തട്ടിയുടഞ്ഞാകൃതി
നഷ്ടമായൊരു
മൺപാത്രം പോലെ...
കടൽശംഖിൻ കവിത
ശിലായുഗത്തിനവസാനം
കല്ലിൽകൊത്തിയതേതുകവിത?
ഒരിതളിലാകാശം..
ഒരിതളിൽ ഭൂമി..
ഇടയിലുടഞ്ഞതൊരു
മൺചെപ്പ്
അതിലായിരുന്നു
കടൽശംഖിൻ കവിത...
രഥമേറിവരുന്നു
ജീർണാവസ്ഥയിലെ ലോകം 
കരിഞ്ഞുണങ്ങിയ
സ്വപ്നമൊരു
പൂവായുണങ്ങി
മഴയിലലിഞ്ഞ്
കടൽ ശംഖിലേയ്ക്ക്
മടങ്ങി.....
ഇടുങ്ങിയിടവഴിയും കടന്ന് 
ജീർണലോകവും മാഞ്ഞു....
അരയാൽതണലിലിരുന്നുകണ്ട
ലോകത്തിലായിരുന്നു
നെയ്യാമ്പൽക്കുളങ്ങളിൽ
മുങ്ങിതോർത്തിവരും
ഗ്രാമമെഴുതിയിരുന്നത്...

Sunday, September 4, 2011


മഴതോർന്ന പ്രഭാതത്തിനരികിൽ
ഒഴുകും നേരമൊരിലതുമ്പിലോ
പ്രളയമൊതുങ്ങിയത്
മഴതോർന്ന പ്രഭാതത്തിനരികിൽ
മെഴുകിയ മുറ്റത്തൊരു തുളസിപ്പൂവ്..
അരിക്കോലങ്ങൾക്കരികിൽ
ആരോ ചരിത്രമെഴുതുന്നു
എഴുതിമുറിഞ്ഞനോവിൽ
മൺതരികളുലയുന്നു
നിഴൽ മാഞ്ഞ തൊടിയിൽ
അയനിയിലയുടെ സുഗന്ധം..
തൊട്ടാവാടിപൂവുകളിൽ
നിമിഷങ്ങളുടെ മുദ്ര..
ഉലയിലിരുമ്പുകൂടങ്ങളിൽ
പാറിവീഴും തീക്കനൽ
പുൽമേഞ്ഞ പർണശാലയിൽ
വാത്മീകത്തിൽ നിന്നുണരും
ആവർത്തനം..
ആലാപനത്തിൻ ഘനസ്വരം
ഇടയിലെവിടെയോ
അക്ഷരകാലം തെറ്റിയോടും
നിരക്ഷരമാർഗം..
ഇന്ദ്രധനുസ്സിനസ്ത്രവർഷം
ആകാശമേയെത്രശുഭ്രമീ
വെൺപൂവുകൾപോലെ മൃദുവാം
പ്രഭാതം......


നടന്നുനീങ്ങും നേരം
നടന്നുനീങ്ങും നേരമോ
കൽവരിയിൽ കാലുരസിയത്
ഒരു മൺതരിപോൽ
ചെറുതാകും ലോകം മുന്നിൽ...
മൺപാത്രങ്ങളിൽ
നിന്നൊഴുകും
മഴയുടെയമൃതവർഷിണി
തുടക്കം തൂത്തെഴുതും
കല്ലോടുകളിൽ പൊടിയും
മിഥ്യ...
ആകാശത്തിനും
ഭൂമിയ്ക്കുമിടയിലെ
മേഘഗർജനമടർന്നുവീഴും
മഴക്കാലസന്ധ്യ
ഇത്രയേറെയെഴുതാനോ
നിയോഗം
മൗനത്തിൻ പലമുഖങ്ങൾ
പാലമേറിനീങ്ങിയ
അസ്തമയത്തിലോ
അഗ്രഹാരതപോശാന്തി
ആവനാഴിയിൽ
അസ്ത്രം തേടിയ
അശുഭമുഹൂർത്തത്തിലോ
സന്ധ്യയൊരു വിളക്ക് തേടി 
നക്ഷത്രമിഴിയിലൊളിച്ചത്

Saturday, September 3, 2011

നക്ഷത്രങ്ങൾ വിളക്കുതാഴ്ത്തും വരെയും
നറുക്കിലയിലേയ്ക്ക് 
അക്ഷതമിട്ടു ചുരുക്കാം
ആകാശത്തെ..
അതിലൊതുങ്ങിയില്ലങ്കിൽ
നെടുതൂണുകൾപണിതതിൽ
വിലങ്ങിടാം...
നക്ഷത്രങ്ങൾ
വിളക്കുതാഴ്ത്തും വരെയും
സന്ധ്യയുടെയന്ത്യഗാനം
വരെയുമെഴുതിനിറയ്ക്കാം
വൈരുദ്ധ്യം....
പിന്നെയെമുണരും
പ്രഭാതങ്ങളിൽ
സ്വരങ്ങൾ ചേർത്തു പണിയാം 
ഒരു പദം, ഒരു വർണം...
വർത്തമാനകാലത്തിനരികിൽ
പോയകാലത്തിൻ ഭാരമൊഴിയാത്ത
പല്ലക്ക് നീങ്ങുമ്പോൾ
മഴതുള്ളികളിൽ ചേർത്തുവയ്ക്കാം
ആകാശത്തിന്നൊരുസ്വരം..... 


ഭൂമിയിൽ നിന്നാകാശത്തേയ്ക്കുള്ള ദൂരം
ഭൂമിയിൽ നിന്നാകാശത്തേയ്ക്കുള്ള
ദൂരമറിയാനെത്ര കടും കെട്ടുകൾ,
എത്രയെത്ര ഗ്രഹവലയങ്ങൾ,
എത്ര വർണ്ണചാർത്തുകൾ..
അളന്നളന്നളവുകോലൊരു
ഭാരമായ്തീർന്നിട്ടും
മതിവരാത്തൊരതിശയകുലമരികിൽ..
ഋതുക്കളുടെയുലഞ്ഞ ചില്ലയിൽ
അക്ഷരകാലം മറന്ന ഒരു പദം..
അസ്വസ്ഥമാം സ്വസ്ഥതയിൽ 
മുങ്ങിയുണരുമ്പോൾ
അലങ്കോലമാം സഭാങ്കണം
അതിലെരിയുമടുപ്പുകല്ലുകൾ..
പുകയുന്നതാരൂഢശിലയോ,
ആകാശമോ,
അരുളപ്പാടുകളോ??
എഴുതും വിരൽതട്ടിമുറിയും
വാക്കുകൾ...
മുറിഞ്ഞയോരോയക്ഷരത്തിനുമിടയിൽ
ഒരു ദീർഘം..
ഒരു ചതുരക്കളം
ഒരോവശവുമൊരു ദിശതേടിയൊടുവിൽ
മായുമ്പോൾ
മഴ തോരാത്ത വിൺചെപ്പിൽ
എഴുതിമുഴുമിപ്പിക്കാനാവാഞ്ഞ
കൃതിയ്ക്കൊരു 
സ്വരവുമായെത്തുന്നുവോ
മഴതുള്ളികൾ...