Wednesday, March 31, 2010

ഭൂമദ്ധ്യരേഖയുടെയരികിൽ
ഒരു ലക്ഷ്മണരേഖ
അതിലൊരു അന്യസ്വരം
മാരീചന്റെ മായ പോലെ
വന്ന മേഘങ്ങൾ മഴയായി
ഇന്നു പെയ്തൊഴിഞ്ഞു
മഴ അമൃതവർഷിണിയായ്
ഭൂമി ചലനം തുടർന്നു

Tuesday, March 30, 2010

അവർ തുടരുന്നു
യുദ്ധകാണ്ട്ഠം...
എഴുതിയിട്ടും എഴുതിയിട്ടും
മതിവരാത്ത മാൽസര്യത്തിന്റെ
രാമായണം...
സൂര്യവംശം കരയുന്നു.
ത്രേതായുഗത്തിനപ്പുറം
ഒരു സരയൂ മാത്രം
പുത്രികാമേഷടിയിലുണർന്നവരെല്ലാം
യാത്രയായി
ഇനി ആർക്കു വേണ്ടിയാണീ
ഹോമ മണ്ഡപങ്ങൾ...

Sunday, March 28, 2010

അളന്നു മാറ്റി
ആറടിയിലൊതുക്കേണ്ട
മണ്ണിന്റെ ഒരു ഭാഗം
ശിരസ്സിലേറ്റി
വിവിധ മതക്കാർ
മതപ്രഭാക്ഷണങ്ങൾ
നടത്തി പിരിയുമ്പോൾ
ചന്ദനത്തിനും ധൂപഗന്ധത്തിനും
മെഴുകുതിരിയ്ക്കും
നിസ്ക്കാരമുദ്രയ്ക്കുമപ്പുറം
ദൈവം ചിരിയ്ക്കുന്നുണ്ടായിരുന്നു
മനുഷ്യമനസ്സിന്റെ
വിഭ്രമങ്ങൾ കണ്ട്
പെയ്ക്കൂത്തുകൾ കണ്ട്

Saturday, March 27, 2010

രാവും പകലും കടന്നു
നക്ഷത്രമാർഗത്തിലൂടെ
യാത്ര പോകുന്ന
മുഖവിവരക്കുറിപ്പിൽ
ഒരു അവധൂതന്റെ
ആത്മകഥയുടെ
അവസാനമുണ്ടായിരുന്നു
നിലാവിന്റെ നേർത്ത
സ്പർശമുൺടായിരുന്നു
ഉറങ്ങിയെണീറ്റ സമുദ്രത്തിന്റെ
ശാന്തിയുൺടായിരുന്നു
മൃതസഞീവനി മന്ത്രവും
താരകസൂക്തവുമുണ്ടായിരുന്നു
ഒടുവിൽ.... ഒടുവിൽ
ഉണരാനാവാതെയുറങ്ങിയ
ഒരു ജീവനും

Friday, March 26, 2010

വാക്കുകൾ
മൗനവ്രതമുപേഷിച്ചു
മൺകുടങ്ങളുടച്ച്
പുറത്തേയ്ക്കു വരുന്നു
സത്യവ്രതന്റെ
കൈലൊതുങ്ങാതെ
സമുദ്രം വരെയെത്തിയ
വാക്കിന്റെയുള്ളിലെ ജീവൻ
വാക്കുകളിന്ന് സരളവരസ്സി,
താരസ്ഥായി, മന്ത്രസ്ഥായി
സ്വരങ്ങളിൽ നിന്ന്
ധാട്ടിലെത്തി നിൽക്കുന്നു
സത്യവ്രതന്റെ
കൈയിലൊതുങ്ങാതെ
വളർന്ന വേദപ്പൊരുളിന്റെ
അർഥം തേടുന്ന വാക്കുകൾ
ബുദ്ധപ്രതിമകൾ
ലോകം സൂക്ഷിയ്ക്കുന്നു
അവകാശവാദങ്ങൾ
എഴുതുന്ന രാജഗോപുരങ്ങളിൽ
നിന്നകന്ന്
സത്യത്തെ വികലമാക്കുന്ന
ഉപജാപകരുടെ
കൊടുമുടികളിൽ
നിന്നകന്ന്
ഒരു ഇല പോലെ
കൊഴിയുന്ന ജന്മങ്ങളുടെ
ആഹ്വാനങ്ങളിൽ
നിന്നകന്ന്
ചരിത്രം യാഥാർഥ്യങ്ങൾ
സൂക്ഷിയ്ക്കുന്നു
ബോധ്ഗയയിലെ
ബുദ്ധൻ മുഖപടങ്ങളെ
ഉപേഷിച്ച
സത്യമായിരുന്നു
ഹൈമവതിയിലെ
ഓളങ്ങളിലൂടെ
യാത്ര ചെയ്യുമ്പോൾ
ആരോ പറഞ്ഞു
ഇതിലൊഴുകി മറഞ്ഞവരെ
ആ വൃക്ഷങ്ങൾക്കറിയാം
ആകാശം സാക്ഷി
ഹൈമവതിയിലെ
ഓളങ്ങളിലെ
മടക്കയാത്രയിൽ
തേയ്മാനം വന്ന
ഒരു ചുവന്ന കല്ലു കിട്ടി
ഹൈമവതിയിലൂടെ
ഒഴുകി മറഞ്ഞവരുടെ
സ്മാരകം
അസ്വസ്ഥമായ
ഒരു അസ്ഥിരതയിൽ നിന്ന്
സ്തുതിപാഠകരുടെ
വരികളിലൊഴുകി മായാത്ത
ഒരു ഭൂമി
എന്നെ വലയം ചെയ്യുന്നു
ഒരു കാന്തവലയം
ഗ്രീഷ്മവസന്തങ്ങൾ
വന്നു പോകുമ്പോൽ
അസ്വസ്ഥതയുടെ
കാർമേഘങ്ങൾ
പെയ്തൊഴിയും പോൽ
അസ്വസ്ഥതയുടെ
പുകപടലങ്ങൾ
മാഞ്ഞു മറയുന്ന
ഒരു ഭൂമി
എന്നെ വലയം ചെയ്യുന്നു
നൈയ്ശ്രേയസത്തിലെ
പൂവുകളുടെ സുഗന്ധമുള്ള
ഭൂമി...
കാഴ്ചകൾ കണ്ടു
നടന്നു നീങ്ങുമ്പോൾ
കാഴ്ചകൾക്കപ്പുറം
ഒരു ലോകമുണർന്നു വന്നു
ഇതു വരെ കാണാത്ത
കാഴ്ചകളുമായ്....
മഷി പുരൺട
എഴുത്തു താളുകൾക്കുള്ളിൽ നിന്ന്
ആകാശത്തിന്റെ
അപരിമേയമായ
വ്യാപ്തിയ്ക്കുമപ്പുറം
ശൂന്യാകാശയാത്ര
ചെയ്തു വന്ന ലോകം.
കടലാസ്സുതുണ്ടുകളിൽ
എഴുത്തു മഷി വീണു
കാഴച് മങ്ങിയ,
നക്ഷത്രമിഴിയിലൊതുങ്ങാതെ
ആകസ്മികതയുടെ
അലകളിലുണർന്ന ലോകം....

Thursday, March 25, 2010

കഥ
കഥയെഴുതുന്നത്
എങ്ങനെയെന്ന്
ഇന്നെനിയ്ക്കറിയാം
ഒരു പേനത്തുമ്പിനെ
സൂക്ഷമദർശിനിയാക്കി
കാണുന്ന ലോകത്തെ
കൈയിലെടുത്ത്
മൃദുവായി പൂ പോലെ
തുറന്ന്
ഒരോ വരിയായി എഴുതി
ഒരോ പൂവിതളും
തീയിട്ട് കരിയിച്ചു

കനലാക്കി, വളമാക്കി
അവസാനയിതളും
കൊഴിയുമ്പോൾ
കൈയിൽ ഒരു കഥയുണ്ടാകും
കഥയിലിറ്റ് കണ്ണീരുമുണ്ടാകും
കൈയിൽ പണവുമുണ്ടാകും
 
വഴിവക്കിലൊരു
പൂമരത്തണലിൽ
വന്നിരുന്ന്
വിഭൂതിയിൽ മുങ്ങിയ
ഒരു സന്യാസി പാടി
ഇന്നു ഞാൻ നാളെ നീ
പാതവക്കിൽ കത്തിയ
വൈദ്യുത ദീപങ്ങളിൽ
മിന്നിയകന്ന ഇരുട്ടിൽ
രാപ്പാടികൾ പാടി
മാറ്റുവിൻ ചട്ടങ്ങളെ
ഉറങ്ങാൻ മറന്ന
നക്ഷത്രങ്ങൾ പാടി
ഭക്തിയും വിഭക്തിയും

Wednesday, March 24, 2010

വിഭിന്നമായ
ഒരു ഭൂമദ്ധ്യരേഖയിൽ നിന്ന്
രാവും പകലും
നടന്ന് നീങ്ങി.
പഴയ  ഋണഭാരം
ചുമലിലേന്തി
ഭൂതകാലം ഉറങ്ങി
ഋണബാദ്ധ്യതകളുടെ
ഭാരങ്ങളില്ലാതെ
വർത്തമാനകാലം
ഭൂമദ്ധ്യരേഖയിൽ
രാവും പകലും
തേടി നടന്നു.

മനസാന്നിദ്ധ്യം
നഷ്ടമായ മനസ്സുകൾ
തിരകൾ....
നിമിഷങ്ങളുടെ
ഇടവേളയിൽ
അവരെഴുതുന്നു
പല ചിത്രങ്ങൾ...
തീരമണൽതരികളിൽ
ഉദയം വരയ്ക്കുന്ന
അരിമാവിൻ കോലങ്ങൾ
അവർക്കോരോ ദിവസവും
പല മുഖങ്ങൾ.
തിരകളുടെ ആലാപനത്തിൽ
അപസ്വരങ്ങളേറിയപ്പോൾ
സമുദ്രം ഒരു ശംഖിൽ,
ഒരു മുത്തുച്ചിപ്പിയിൽ
സംഗീതമൊളിപ്പിച്ചു.

വിശ്വസാഹിത്യം
എഴുതിയെഴുതി
മഷിത്തുള്ളികൾ
നൃത്തമാടും
പേനത്തുമ്പിൽ
ഒരിയ്ക്കൽ
ഒരു യുഗം ഉണർന്നു
യുഗാന്ത്യങ്ങളിൽ പ്രളയം
ബ്രഹ്മവൽസരങ്ങളിൽ
നിശബ്ദതയിലാണ്ട
ഭൂമി വീണ്ടുമുണരുമ്പോൾ
താമരയിതളിൽ വേദമുണരും
വിശ്വസാഹിത്യത്തിന്റെ
താളുകളിൽ
അച്ചടിമഷിയുടെ സുഗന്ധം
യുഗാരംഭങ്ങൾക്ക്
താളിയോലയുടെ സുഗന്ധം
രണ്ടിലുമുണരുന്നത്
വാക്കുകൾ
എനിയ്ക്കെഴുതണമെന്നു തോന്നി
പലതും..
അക്ഷരങ്ങളും അക്ഷരത്തെറ്റുകളും
രൺടിലും നിറഞ്ഞൊഴുകുന്നത്
അലങ്കാരങ്ങളില്ലാത്ത
പുറം മോടികളില്ലാത്ത
ആനുകാലികങ്ങളുടെ
അകമ്പടി തേടാത്ത
ആകാശത്തിലെ
നക്ഷത്രങ്ങളുടെ ഭാഷ
എനിയ്ക്കെഴുതണമെന്നു തോന്നി
പലതും
മനസ്സ് ഒരു സമുദ്രം
വേലികെട്ടിയൊതുക്കാനാവാത്ത
പാരാവാരം

Tuesday, March 23, 2010

വിപ്ലവം 


വാതിൽപ്പടിയിൽ
സന്ധ്യ നാമമന്ത്രങ്ങൾ
ചൊല്ലുമ്പോൾ
അരയാൽത്തറയിൽ
ഒരാൾക്കൂട്ടം
ആഗോളവൽക്കരണത്തിതെരെ
സമരാഹ്വാനം...
ചുവന്ന കൊടിയുമായ്
വിലക്കയറ്റം തടയാനും
ദേവാലയങ്ങൾ അടയക്കാനും
സമരചരിത്രം തുടരാനും
അമ്പലനടയിലിരുന്നു
അവർ പ്രസംഗിച്ചു
ഒടുവിൽ ദാരിദ്രത്തിന്റെ
ഉപ്പു നീരിൽ
ശ്രീലകത്തെ നേദ്യച്ചോറുടച്ചു
വിശപ്പൊതുക്കി
ആൽത്തറയിൽ
നിലാക്കുടക്കീഴിൽ
വിപ്ലവസ്വപ്നങ്ങൾ
നെയ്തവരുറങ്ങി

Monday, March 22, 2010

ഇന്നലെ എന്നിൽ നിന്നും
ഞാനറിയാതെ
ഒരു സമുദ്രം ഉയർന്നു
ആകാശത്തിന്റെ
അതിരുകൾ കൺട സമുദ്രം
ആ സമുദ്രത്തിനു
പൊയ്മുഖങ്ങളില്ലായിരുന്നു
മനുഷ്യമനസ്സിന്റെ കാപട്യം
തിരകളായി, പൊയ്മുഖങ്ങളിൽ
വന്നുയരുമ്പോൾ
ആ സമുദ്രത്തിൽ ഒഴുകി
ഒരായുഷ്ക്കാലം
വിധിപർവം
 
ഒരു പുകമറയിൽ നിന്നു
പുറത്തേയ്ക്കു വന്നപ്പോൾ
ചുറ്റുവാതിലുകൾ 
അവർ കൈയേറിയിരുന്നു
ആമുഖങ്ങളിൽ
അവകാശവാദവും
തത്വസംഹിതയുടെ
എണ്ണിയാലൊടുങ്ങാത്ത
മഷിപുരൺട കടലാസ് തുണ്ടുകളും
ഒരോ കാല്പാദത്തിലും
ഭൂമി ചുരുങ്ങി
അവർ ന്യായവാദികൾ....
കല്പനകൾ എഴുതി വിൽക്കുന്ന
കടലാസ് താളുകളിലൂടെ
ഉണർന്ന് വരുന്ന
പ്രവാചകർ
കൈയേറിയ വാതിലുകളിൽ
അഭിമാനിയുടെ നീതിന്യായവിധി
വിധി പർവങ്ങൾ
കറുത്ത മുഖാവരണത്തിൽ
ഒരു തുലാസ്സിൽ
നീതിയെ തൂക്കിലേറ്റി
അക്ഷരങ്ങളുടെ
ആത്മാക്കൾ
രാത്രിയിലുറങ്ങാതെ
പിൻതുടർന്ന വഴിയിൽ
സത്യം ഒരു ചിതയിൽ
എരിയുന്നുണ്ടായിരുന്നു.
ചന്ദനമരങ്ങളുടെ
തണലിൽ നിലാവു
 പൂ പോലെ വിരിയുമ്പോൾ
സത്യം മരണമൊഴി
എഴുതി യാത്രയായി
സത്യത്തിനൊപ്പം
ഭൂതകാലവും ചിതയിലേറി
മഞ്ഞു തുള്ളികളിൽ
ചന്ദനഗന്ധവുമായ്
പ്രഭാതം വന്നപ്പോൾ
ആത്മാക്കൾ പിൻതുടർന്ന
വഴിയിൽ, സത്യം മരിച്ച
ചിതയിൽ, അക്ഷരങ്ങൾ
പുനർജനിച്ചു

Sunday, March 21, 2010

ദൂസ്വപനങ്ങളുടെ
കൂടാരത്തില്‍ നിന്ന്
കുറേ സ്വപനങ്ങള്‍
ഗ്രീഷ്മ്ചൂടില്‍
കരിഞ്ഞ പൂക്കളുമായ്
മണലാരണ്യത്തിലൂടെ
മഴ തേടി പോയി
സ്വപനങ്ങളുടെ ചിറകില്‍,
മഴത്തുള്ളിതുമ്പില്‍
ചക്രവാകമുണര്‍ന്നു
ബോള്‍ഗാട്ടി

ബോള്‍ഗാട്ടിയിലെ
മുളകാടുകള്‍
തണല്‍ വിരിച്ച
കായലോരത്ത്
നിശബ്ദത  ഒരു
നിഴലായി
മരണത്തിന്റെ
കയര്‍ തുമ്പിലേറിയ
ശൈല
യൂണിയന്‍ കാര്‍ബൈഡ്
ഉറക്കിയ പൂന്നൂ സ്
റെയില്‍ പാളങ്ങ്ള്‍
കൈയേറിയ
ആനീ
ദേശീയ പാതയിലൂടെ
നടന്നു പോയ
സുമോദ് 
ബോള്‍ഗാട്ടിയിലെ
കായലരികില്‍
ഓര്‍മയിലെത്തിയവര്‍
ഇടവേളയില്‍
യാത്ര പറഞ്ഞവര്‍

Saturday, March 20, 2010

അതിരുകൾ

ഭൂമിയുടെ
ഉൽഭവമും അതിരുകളും
തേടിയവർ
നടന്നു നടന്നു കാൽ തളർന്ന്
തണൽ മരങ്ങൾ തേടി
മണലാരണ്യത്തിലെ
തീയിലുരുകി ഒടുവിൽ
കടൽത്തീരത്തെത്തി
തീരമണലിലിരുന്ന്
നക്ഷത്രങ്ങളെണ്ണി....
ഇരുളിന്റെ
മുഖം മൂടിയിൽ
തിരകളുണ്ടായിരുന്നു
അന്നും
ഉപഗ്രഹം

ഭയാനകമായ ഒരു ലോകം
മുന്നിലൂടെ നടന്നു പോയി
പൊയ്മുഖങ്ങളിൽ.......
സത്യം തേടി വന്നവർ
അസത്യവചനങ്ങളായിരുന്നു
അവരുടെ നിയമ നീതിയിൽ,
എഴുതിയൊതുക്കിയ
മാധ്യമ വിചാരണയിൽ
മരണശിക്ഷയുടെ
വിധി പത്രം...
ഗാന്ധി ഇന്നലെ മരിച്ചു.
പുതിയ  ഗാന്ധി
ഒരു മുഖം മൂടിയിൽ
അസത്യാന്വേഷണകഥയുമായ്
ഭൂമിയെ വലം വയ്ക്കുന്നു.

Thursday, March 18, 2010

അറബിക്കടല്‍

അസ്തമയത്തിന്റെ 
കടലാണ് മുന്നില്‍
അറബിക്കടല്‍
ഒരു തീരം മുതല്‍
ചക്രവാളത്തിന്റെ
അവസാന ബിന്ദു വരെ
അസ്തമയം എഴുതി
സൂക്ഷിയ്ക്കുന്ന
പടിഞ്ഞാറന്‍ കടല്‍
ഉദയം നിനക്ക്‌
നഷ്ടമായതോ?
പ്രകാശ രേഖകള്‍
മദ്ധ്യാഹ്ന വെയിലില്‍
കത്തിയാളു മ്പോള്‍
സ്വപ്നപൂക്കള്‍ കരിയുന്ന മണലില്‍
അഗ്നി ചോന്ന വെയിലില്‍
പ്രഭാത സൌമ്യത നിനക്ക്‌ അന്യം
ഒടുവില്‍ വന്യതയില്‍
അസ്തമയം....
ഇരുള്‍ വീണ ലോകം
തേടി യാത്ര
ആകാശ ത്തിന്റെ
ഒരു താളിലെഴുതുന്ന
ഉണരാനാവാതെ
എന്നും മറയുന്ന
സൂര്യന്റെ കടല്‍
അസ്തമയക്കടല്‍
കനലില്‍ സന്ധ്യയുടെ
സോപാനങ്ങളില്‍
തളര്‍ന്നു വീഴുന്ന
സൂര്യന്റെ കടല്‍
അസ്തമയക്കടല്‍
അറബിക്കടല്‍...


(The Arabian Sea (Sanskrit: सिन्धु सागर, transliterated: Sindhu Sagar; Arabic: بحر العرب‎, transliterated; Marathi: अरबी समुद्र, transliterated: Arabi samudra; Malayalam: അറബിക്കടൽ, transliterated: Arabikadal) is a region of the Indian Ocean bounded on the east by India, on the north by Pakistan and Iran, on the west by the Arabian Peninsula, on the south, approximately, by a line between Cape Guardafui, the north-east point of Somalia, Socotra, and Kanyakumari (Cape Comorin) in India)

Wednesday, March 17, 2010

 സ്വരം

ഇന്നലെയുടെ
വാതില്‍പടിയില്‍
പുനര്‍ജനിയുടെ
ശുദ്ധികലശം
സൌപര്‍ണികയുടെ
തീര്‍ഥജലമൊഴുകിയ
സരസ്വതി മന്ത്രം...
എഴുതാന്‍
പദ്മദലങ്ങള്‍
ദ്വാരപാലകര്‍
കാവലായ്‌ നില്‍ക്കും
സരസ്വതിമണ്ടപത്തില്‍
ശുദ്ദികലശ  തീര്‍ഥത്തില്‍
മനസ്സിലെ പത്മദലങ്ങളില്‍
മന്ത്ര വീണയില്‍
ഒരു സ്വരമായുണരട്ടെ,
ഒരു ജന്യരാഗമായുണരെട്ട
എന്റെ ജീവന്‍
മഹാകാവ്യം

ഭൂമിയുടെ
ഒരരികില്‍ നിന്ന്
ഒരു നദി
ഒഴുകിയൊഴുകി
സമുദ്രത്തെ
ഒരു മണ്കുടത്തില്‍
നിറയ്ക്കാന്‍
തീരമണലില്‍
തപസ്സ് ചെയ്തു
തപസ്സിനൊടുവില്‍
തിരകളുടെ
ആന്ദോളനങളില്‍
മതിമറന്ന്
നദി ഒരു
മഹാകാവ്യമെഴുതി...
സമുദ്രം ഒരു ചെറിയ
ജലരേഖ.....
മഹാകാവ്യവൈഭവത്തില്‍
അത്ഭുതപെട്ട്
ഉദയം സൂക്ഷിയ്ക്കുന്ന
കിഴക്കേ ചക്രവാളം
ഒരു പ്രഭാതരാഗം
തേടി പോയി

Tuesday, March 16, 2010

അരങ്ങ്

വൈരുദ്ധ്യങളുടെ
അരങ്ങില്‍
യവനിക നീക്കി
പുതിയ മുഖാവരണത്തില്‍
അഭിനയിക്കുന്നവര്‍
ഇരുണ്ട വനങ്ങളിലെ
വാനപ്രസ്ഥ നിശബ്ദത
കൈയേറുന്നവര്‍
അരങ്ങുകള്‍
അവരുടെ സ്വന്തം
അഭിനയവും
മുഖം മുഖപടത്തില്‍,
മേഘങ്ങളില്‍,
തിരകളില്‍,
സമയ സൂചിയില്‍ മൂടി
വൈരുദ്ധ്യങളുടെ
അരങ്ങില്‍ അവര്‍......
മുഖം എവിടെയൊ
നഷ്ടമായവര്‍....

Saturday, March 13, 2010

എന്റെ കൈയില്‍
എഴുതാന്‍ വിരല്‍തുമ്പില്‍
വാക്കുകള്‍
നിനക്കായി കൃഷ്ണാ
കൈയില്‍
അവല്‍പ്പൊതി
തുളസ്സിമാല,
പനിനീര്‍ ചന്ദനം,
എല്ലാ ഋതുക്കളും
ഒന്നു ചേരുന്ന വനമാല
എന്റെ ഭൂമിയുടെ ഭാരം
ഒരു ഗോവര്‍ദ്ധനം
കൃഷ്ണാ.......
നിന്‍ വിരല്‍തുമ്പില്‍
ഒരു തൂവല്‍ പോല്‍
ഉയരുന്നു
അശ്വമേധയഗശാലയില്‍
അരുണിയില്‍
അഗ്നിയുണരുമ്പോള്‍
യാഗാശ്വമെവിടെയൊ
പോയ് മറഞ്ഞു
ദിഗ്വിജയമാഘോഷിക്കാനാവാതെ
നിരാശയില്‍
അഗ്രപൂജയുടെ
സമാപ്തി
തീര്‍ഥയാത്രയില്‍
പുണ്യം നേടി
നിലാവില്‍
നക്ഷത്രമായ്‌
ഒരു ജീവപരിണാമം
അശ്വമേധങ്ങളിള്‍
ആത്മാവിനെ
തുലാസ്സിലേറ്റി
അശ്വരഥങ്ങളില്‍
ഇരുള്‍ തേടി
പോകും രാത്രി
ഒന്നും കാണാനാവാതെ
വെളിച്ചം തേടി
കിഴക്കേ ചക്രവാളത്തിലേക്ക്
മെല്ലെ നടന്നു

Thursday, March 11, 2010

യദുകുല കാംബോജി

അസ്തമയ
ചക്രവാളത്തിനരികില്‍
തിരകള്‍ പാടി
അവരാണത്രെ
സവര്‍ണര്‍....
 
കാളിന്ദിതീരത്ത്
കടമ്പിന്നരികില്‍ 
ഓടക്കുഴലില്‍
ഒരു ഗോപാലകന്‍
പാടി
ഞാന്‍ അധ:കൃതന്‍
കാളിന്ദിയൊഴുകി
യദുകുല കാംബോജിയീല്‍

Wednesday, March 10, 2010

സ്വപനഭൂമിയില്‍
വാരണാവതതിലെ
അരക്കില്ലം
വനവാസം
അനൂഷ്ടിക്കുന്ന
ഏകലവ്യന്‍
രാജതന്ത്രങ്ങള്‍
എഴുതി വായിക്കും
മലനിരകളെ
മഴമേഘങ്ങളേ
മഹാസമുദ്രങ്ങള്‍  
ഭൂമിയിലൊഴുകുമ്പോള്‍
സുധര്‍മയില്‍
ഒരു ഇന്ദ്രധനുസ്സിന്‍
മഴമേഘവര്‍ഷത്തില്‍
ഒരു ക്ഷീരസാഗരം
ഒഴുകി മായുമോ

Tuesday, March 9, 2010

അന്വേഷണം

മാനസസരസ്സില്‍
വിരിയും പൂക്കളില്‍
ഒരു താമരപൂവായി
മനസ്സുണരുന്നു
സരയൂ  നദി
ശിവപൂജ ചെയ്യും
പ്രഭാതം,
ഭൂമിയെ
ഒരു മൌനാവരണത്തില്‍,
കാരാഗൃഹത്തില്‍,
വിലങ്ങുകളില്‍,
മായ്കാനാവാതെ
ഒരു സൂര്യന്‍
മാനസസരസ്സില്‍
മഞ്ഞുമലകളില്‍
പ്രകാശരശ്മികള്‍  
തേടി നടന്നു
പ്രതിശ്രുതി


അന്തരാത്മാവില്‍
ഒരിത്തിരി വെളിച്ചം
ബാക്കിയുണ്ടായിരുന്നു
ലോകമഹായുദ്ധങ്ങളുടെ
ചരിത്ര സത്യം
മുറിവുകള്‍ പോലെ
ഭൂമി മറക്കാന്‍ ശ്രമിയ്ക്കുമ്പോള്‍
ഒരു വിസ്മയം പോലെ
മിഴിയിലേറ്റിയ
കാവ്യാത്മകത
മേഘങ്ങളില്‍ നീലച്ചായവുമായ്
വന്ന് സമുദ്ര തീരങ്ങളില്‍
ചരിത്രമാവര്‍ത്തിക്കാന്‍
കാവല്‍ നില്‍ക്കുമ്പോള്‍
ഭൂമിയുടെ
സൗമ്യാക്ഷരങ്ങളുടെ
സുഗന്ധം എവിടെയോ
പോയ്മറയുന്നു
അന്തരാത്മാവില്‍
ഉണരുന്ന അക്ഷരങ്ങളില്‍
അഗ്നി ജ്വലിയ്ക്കുന്നു
ആകാശവും, അനന്തകോടി
നക്ഷത്രങ്ങളും
ഭൂമിയിലെ ഒരോ
മണല്‍ത്തരിയും
വിലയിട്ടു വാങ്ങാന്‍
ശ്രമിയ്ക്കുന്നു
സമയം.....
അന്തരാത്മാവിന്റെ
ഭാഷ നഷ്ടപ്പെട്ട സമയം..

Thursday, March 4, 2010

സിദ്ധിവിനായക മന്ത്രം

കറുകനാമ്പുകള്‍‍
സിദ്ധിവിനായക മന്ത്രം
ജപിച്ചുണരുന്ന മനസ്സില്‍
വാക്കുകള്‍‍ അക്ഷരങ്ങളുടെ
ആത്മാവു തേടി
തീര്‍ഥയാത്രയില്‍
പുണ്യതീര്‍‍ഥങ്ങളില്‍ നീരാടി
ഭൂമിയുടെ വിശാലമായ
പുസ്തകത്താളുകളില്‍
വീണ്ടും എഴുതും
ജനനമരണങ്ങളുടെ
സമയരേഖകളില്‍
അവകാശമെഴുതി
ആത്മാവ് തീറെഴുതാനാവാത്ത
ഹോമമണ്ടപത്തില്‍
അഗ്നിയായ്, കര്‍‍പ്പൂരസുഗന്ത്തില്‍
വാക്കുകള്‍‍ പുനര്‍‍ജനിക്കും




Coffee Musem in Chikmaglur




Wednesday, March 3, 2010

Rohan Birthday
ബലികുടീരം

യമുനയുടെ തീരത്ത്
ഒരു ദുരന്തസ്മാരകം
അതില്‍ ഒരു 
മുഗള്‍‍ ചക്രവര്‍ത്തിയുടെ
സ്വാര്‍ഥ മോഹത്തിന്റെ
വെണ്‍കല്‍ ശില്പം
അതിലൂടെ ഇതളറ്റ് വീണ
ഒരു ശില്പിയുടെ
സ്വപ്നങ്ങള്‍
രക്തമറ്റ് വീണ
കൈകളില്‍ നിന്നുണര്‍ന്ന
സ്വപ്നങ്ങള്‍,
ഒരു കവി
ബലാത്സംഗം ചെയ്തൊടുക്കിയ
കുറെ സ്വപ്നങ്ങള്‍
ആ സ്വപ്നങ്ങള്‍ ഭൂമിയില്‍‌‍‍
അഗ്നിപുഷ്പങ്ങളായി ഒഴുകി
ആ തിയില്‍‌‍‍ യമുന മരിച്ചു
ഒരു ദുരന്ത സ്മാരകശിലയില്‍‌‍‍
വീണ ശില്പിയുടെ
ബലികുടീരത്തിന്നരികില്‍‌‍‍