Monday, January 16, 2012


മൊഴി
ഏതു ദ്വീപങ്ങൾ മഹാവേദമണ്ഡലങ്ങളിൽ
താരകങ്ങളെ സാക്ഷിനിർത്തുന്നു,
ഗോളാന്തരയാത്രയിൽ മഹായാനമേറുന്നു
സമുദ്രത്തിനേകതാരകൾക്കുള്ളിൽ
ശ്രുതിചേർക്കുന്നു;  പിന്നെ 
വഴിയിൽ കാൽപ്പാടുകളതിലെ
മൺതുണ്ടുകളതിനെ മൂടും 
ദേശപാതകൾ 
പുകയേറ്റിയതിലായോടും
ജന്മദൈന്യങ്ങളതിൽ
മഞ്ഞുതരിപോൽ കവിതകളെഴുതും
പ്രഭാതവും...


വഴിയിൽ പകലിന്റെ മൊഴിയിൽ
നിറയുന്നതുറയും സർഗം
പക്ഷെയെഴുതും വിരൽ തുമ്പിലഗ്നിതൻ
ദീപാവലിയതിന്റെയരികിലോ
കൃഷ്ണപക്ഷങ്ങൾ; പിന്നെയെഴുതാൻ
മറന്നോരു ഗ്രാമചിത്രങ്ങൾ,
തൊടിയതിലും തണൽ മായ്ച്ചു
നിഴലായ് പടർന്നൊരു വടവൃക്ഷത്തിൻ
താഴ്ന്ന ശിഖരങ്ങളും
ഭൂമിയെഴുതിചിന്തിചിന്തിയുടക്കിമുറിഞ്ഞൊരു
മുനമ്പും, സമാധിസ്ഥമായൊരു
വാത്മീകവും....


യുഗങ്ങൾ പ്രളയത്തിലൊഴുകും പോലെ
സംവൽസരങ്ങൾ മറയുന്നു
തിരശ്ശീലകൾ താഴ്ത്തിയരങ്ങിൽ
വിളക്കേറ്റിനിൽക്കുന്നു നിമിഷങ്ങൾ..
അരികിൽ പ്രഭാതത്തിൻ പൂവുകൾ
പ്രപഞ്ചത്തിനുടുക്കിലലങ്കാരം തെറ്റിയ
കവിതകൾ...
പഴയ പായ് വഞ്ചിയിലുൾക്കടൽ 
തേടിപ്പോകും
മനസ്സേയിതുമൊരു മാറ്റൊലി
ശംഖിൽതട്ടിയുടയാതൊഴുകുന്ന
കടലിന്നാന്ദോളനം...

Monday, January 9, 2012


മുദ്ര
ഇടവേളയിൽ നിന്നുനടന്ന
ദിനത്തിന്റെയരികിൽ 
കൽത്തേരിലായ് ചരിത്രം 
പിന്നെ നിലവറയിൽ മയങ്ങുന്ന
ഗ്രന്ഥങ്ങൾ, പുരാണങ്ങൾ..
ഉഷസ്സിൻ പൂക്കാലങ്ങൾ
തൊട്ടുതൊട്ടെഴുതിയോരുണർവിൻ
മഹാവേദമണ്ഡപങ്ങളുമതിന്നരികിൽ
ഇടയ്ക്കതൻ സൗമ്യമാം സ്പന്ദങ്ങളും,
മിഴിയിൽ കനലേറ്റിയെത്രനാളൊതുക്കിയ
മൊഴിയും, സർഗങ്ങളുമൊഴുകും സമുദ്രവും,
അരികിൽ ലയം തെറ്റിയെത്രനാൾ മയങ്ങിയ
വിരൽതുമ്പിലെ കാവ്യഭാവവും, സംഗീതവും..
ഇടയിലെവിടെയോ
ലോകഗോളങ്ങൾ ഗതി മറക്കും
പഥത്തിലായ് മായുന്ന ഋതുക്കളും..
വിലങ്ങിൽ നിന്നും ധ്വജസ്തൂപങ്ങളതിൽ
നിന്നുമടർന്നു വീഴും ത്രിവർണത്തിന്റെ തരികളും
വലയം ചെയ്യും മനസ്സതിലായൊതുങ്ങുന്ന
സ്മൃതിയും, പ്രദോഷങ്ങളെണ്ണുന്ന രുദ്രാക്ഷവും..
അരികിൽ കാറ്റിൻ ദലമർമ്മരം
വിരലിന്റെയൊരുമുദ്രയിൽ കടലിരമ്പം
കാണാകുന്ന വഴിയിൽ
തണുത്തോരു വിപ്ലവമുദ്രാഖ്യങ്ങൾ
അടയും ഗ്രന്ഥക്കെട്ടിലുറങ്ങുമാകാശത്തിനിതളിൽ
ത്രികാലങ്ങൾ നേദിച്ച പിനാകവും
മറന്നില്ലൊന്നും പക്ഷ സ്മൃതിതന്നിതൾച്ചീന്തിൽ
നിറയുന്നതു മിഴാവതിന്റെ മുഴക്കങ്ങൾ
അരങ്ങിൽ മുദ്രാങ്കിത മുഖങ്ങൾ
വർത്തമാനമതിൽ നിന്നൊഴുകുന്ന
നിശ്ചലദൃശ്യങ്ങളും..




മൊഴി
എവിടെയോ നിന്നാദ്യസങ്കല്പമാരുഢ
ശിലകളെയെല്ലാം തടുത്താദിദൈന്യത്തിനിരുളിൽ
പൊതിഞ്ഞു മറയ്ക്കുന്ന സർഗത്തിലമൃതിറ്റുവീഴും 
പ്രഭാതങ്ങളിൽ സ്വരമെഴുതുന്നൊരാകാശ 
വാതിലിന്നരികിലായ്
ഋണദശാസന്ധികൾ ഗ്രഹമിഴിക്കുള്ളിലായെഴുതി
പകുത്തുതിരിക്കുന്നൊരീ പകലെരിയുന്നുവോ 
കനൽമിഴിയിലെയഗ്നിയിൽ...
ഋതുവെത്ര മാറി, മരച്ചില്ലകൾക്കുള്ളിലുലയുന്നുവോ
നിറം മങ്ങിയോരോർമ്മകൾ...
ഒളിപാർത്തുനിൽക്കുന്നോരായിരം ദുസ്വപ്ന
മിഴികളിൽ കണ്ടതഥർവം
മഹാഹോമവഴിയിലോ തെയ്യങ്ങളാകെ 
ഭയാനകമവിടെ വാദ്യങ്ങൾ,
ലയം തെറ്റിയീക്കടൽമൊഴിയിലും 
മങ്ങുന്നു ശൈത്യം, നെരിപ്പോടിലെരിയും 
മരച്ചില്ലകൾക്കില്ല സങ്കടം..
പുകയൊതുങ്ങി പഴേ കോട്ടകൾക്കുള്ളിലെ
ലിപികളിൽ പൗരസ്ത്യദേശമാഹാത്മവും,
കവികളും തീർക്കുന്ന കൗതുകം
പിന്നെയാ വഴികളെല്ലാം തടഞ്ഞാരോ
പണിഞ്ഞൊരാ മതിലും തകർന്നു
മഹായാഗവേദിയിൽ
മൊഴി തേടി ഭൂമി തപസ്സിലും
ജപമാലയതുമിന്നു തകരുന്നു
ചില്ലുകൂട്ടിൽ..