Wednesday, April 20, 2011

ഹൃദ്സ്പന്ദനങ്ങൾ

കടലിനെയൊരു
ശംഖിലൊതുക്കിനടക്കാമിനി
കാണണമെന്നു തോന്നുമ്പോൾ
കൈയിലേക്കിറ്റിച്ചുകാണാം
ചക്രവാളത്തോളമുയരാനൊരുങ്ങുമ്പോൾ
ഒരു കൽപ്പെട്ടിയിൽ താഴിട്ടു പൂട്ടിയിടാം
പിന്നെയാർക്കുമൊരു
പരാതിയുമുണ്ടാവില്ല
അതിനിടയിലൊരുവരിക്കവിത
വിരലിൽ വന്നിരുന്നാൽ
അതിനെയൊരോലതുമ്പിലെഴുതി
ഹൃദയത്തിലേയ്ക്കിടാം
പിന്നെപുഴയ്ക്കങ്ങനെയൊഴുകാം
അതിനുവേണ്ടിയായിരുന്നുവല്ലോ
ഇക്കണ്ട കടലാസുതുണ്ടുകളെല്ലാം
മഷിയൊഴുക്കികടന്നുപോയത്
ലോകത്തെയുമൊരു വട്ടപ്പൂജ്യത്തിലൊതുക്കി
പട്ടിൽപൊതിഞ്ഞ് നിങ്ങൾ സൂക്ഷിച്ചോളുക
കടലിന്റെ ഹൃദ്സ്പന്ദനങ്ങൾ
വിരൽതുമ്പിലേയ്ക്കൊരു
കവിതയായൊഴുകട്ടെ....

Tuesday, April 19, 2011

മിഴിയോളമുയർന്നൊരു കടൽ


മിനുക്കിതുടച്ചെടുത്തോരോട്ടുവിളക്കിൽ
ബ്രാഹ്മമുഹൂർത്തം തിരിയിട്ടുണരുമ്പോൾ
അപൂർവവിരാമത്തിനക്ഷരകാലം
തേടിനടന്നു നിമിഷങ്ങൾ
മെടഞ്ഞ പൂക്കൂടകളിലുഷസന്ധ്യ
പൂവൊരുക്കുമ്പോൾ
പലരും മെനഞ്ഞെടുത്തോരുപകഥകൾ
ലോകകവാടത്തിനരികിലൂടെ
എഴുത്തുമഷിയിലുണങ്ങി
പലേ ദിക്കിലും പാറിനടന്നു...
അന്നും വിരൽതുമ്പിൽ തുമ്പപൂവുകൾ
പോലെയൊഴുകീയൊരുണർവ്
മഴതുള്ളികളിലൊഴുകി....
കുളിർന്നുനനുത്ത മണ്ണിലൂടെ
മനസ്സിന്റെപൂർവവിരാമങ്ങളൊരു
പാരിജാതപ്പൂവിതൾക്കവിതയായി
വിരിഞ്ഞുവന്നു...
മിഴിയോളമുയർന്നൊരു കടൽ
പൂർണതയിലെപൂർണതപോലെ
മുന്നിലൊരത്ഭുതമായൊഴുകി....
മഹാസമുദ്രതീരത്തിനരികിലേയ്ക്ക്
സായാഹ്നവും കടന്നെത്തിയ
തണുത്ത കാറ്റിനോടൊപ്പം
മഴയും പെയ്തു
മഴക്കാറീറൻപുടവചുറ്റി
മൂടിക്കെട്ടിയൊരാകാശത്തിലെ
വെളിച്ചമറവാതിൽപ്പടിയേറി
സന്ധ്യാവിളക്കിൽ നിറഞ്ഞു..
തണുത്തകുളിരുമായ്
പൂമുഖപ്പടിയിലൊരു
താളിയോലക്കെട്ടുമായിരുന്നു ഗ്രാമം....
പുരാണസ്മാരകപ്പുരയിൽ
ഉറങ്ങാതെയിരുന്ന
ഇതിഹാസങ്ങൾക്കിടയിലൂടെ
ഗ്രാമത്തിന്റെ കസവുനേരിയതിൽ
പുണ്യാഹതീർഥം തൂവിയൊഴുകിയ
മഴയോടൊപ്പം
താമരയിലയിലൊരു
ചന്ദനക്കൂട്ടുമായ്
രുദ്രതീർഥക്കുളവും കടന്നു
മനസ്സുമൊഴുകി
മഹാസമുദ്രതീരത്തിനരികിലേയ്ക്ക്...

Monday, April 18, 2011

ഒരു മഴക്കാലത്തിനോർമ്മപോലെ
ഒരു മഴക്കാലത്തിനോർമ്മപോലെ
കടലൊഴുകട്ടെ
മേഘങ്ങൾ പെയ്തുനീങ്ങിയോരാകാശത്തിനരികിൽ
മഴവിൽപ്പൂവുകൾ വിരിയുംവരെയും
അനാകർഷകങ്ങളായൊരായിരം
കടംകഥകളെയോർമ്മിക്കാതിരിക്കാം
നിമിഷങ്ങളിൽചുറ്റികുരുങ്ങിവീണ
ഹൃദ്സ്പന്ദനങ്ങളെ
ഒരു ശംഖിലേയ്ക്ക് തിരികെയൊഴുക്കാം
സായം സന്ധ്യയുടെ ചെപ്പിലെ
ശരത്ക്കാലനിറവുമായൊരാലിലയെഴുതാം
ക്ഷീരസാഗരകഥകൾ....
മനോഹരമായ ചക്രവാളത്തിനരികിൽ
നക്ഷത്രവിളക്കുകൾ തൂങ്ങിയാടുമ്പോൾ
മറന്നേക്കാമൊരായിരം നിഴൽപ്പക്ഷികളെ
പല്ലക്കുകളിൽ നിങ്ങട്ടെ പഴയൊരു ഭാരം
കാല്പദങ്ങലിലെ നനുത്ത ഭൂമിയുടെ കുളിരേറ്റു
നടക്കുമ്പോഴെത്ര സുഖം
മായേണ്ടതു മാഞ്ഞുപോകും..
മരീചിക പോലെ
അതിനിടയിലൊരു
ഘോഷയാത്രയുമുണ്ടായെന്നു വന്നേക്കാം
ഒരു നിമിത്തം പോലെ.....
ഒരു മഴക്കാലത്തിനോർമ്മ പോലെ
കടലൊഴുകട്ടെ....

Sunday, April 17, 2011

പഴയ താളിയോലകൾകളിൽ

ഒരിയ്ക്കലാരോ മതിലുകളിലെഴുതിയിട്ടു
അനിവാര്യതയുടെയാദ്യക്ഷരമാകാം പ്രഭാതം...
മഞ്ഞുതുള്ളികളിറ്റുവീഴുമൊരുണർവിൽ
പുറം ലോകത്തിന്റെയൊഴുക്കിനരികിലും
ഒന്നുമറിയാത്തപോലുണരുന്നു
പുലരിയുടെ ചുറ്റുവിളക്കുകൾ...
കാലമുലച്ച സമുദ്രതീരങ്ങളിലെ
പ്രഭാതത്തിനുമതേ കുളിർമ
എഴുതിയുലയ്ക്കാനാവാത്തതെന്തോ
ഭൂമി കൈനീട്ടമായ് തന്നിരിക്കുന്നു
ഓട്ടുരുളിയിൽ കണികണ്ടുണർന്ന
ഒരു ഋതുമാത്രമത്രേ ജീവിതം..
മാറ്റങ്ങളുടെ പട്ടുപുടവയിൽ
നിമിഷങ്ങൾ മയങ്ങിവീഴുമ്പോഴും
പുലർകാലപ്രകാശമതേ പോലെതന്നെ
കൈയിലെ മൺവിളക്കിൽ
തെളിയും പ്രകാശവുമതേപോലെ തന്നെ
ഇനിയും വരും ഋതുക്കളുമതേ പോലെ
തന്നെയാവാം...
അറപ്പുരകളിൽ ചായം പൂശാതെ
കൽപ്പെട്ടികളിൽ ഭദ്രമായ് സൂക്ഷിക്കും
പഴയ താളിയോലകൾകളിൽ
പാരിജാതപ്പൂവുകളുടെ സുഗന്ധമൊഴുകുമ്പോൾ
ഒരു ശംഖിനുള്ളിൽ കേൾക്കാനാവുന്നു
ക്ഷീരസാഗരശ്രുതി.....
ചന്ദനമരങ്ങൾക്കരികിലൂടെ

എല്ലാറ്റിനുമവസാനമെന്നുറപ്പിക്കുമ്പോഴും
അവസാനിക്കാത്തതായി ഒന്നുണ്ടാവാം
എഴുതിമായ്ക്കാനാവാത്ത വാക്കുകളുടെ
ഹൃദ്സ്പന്ദനങ്ങളാവാമത്
നക്ഷത്രമിഴിയിലെ വെളിച്ചവുമായേക്കാമത്
ദൈവമൊരിക്കലുമൊരു കൽശിലയിലെ
കാഠിന്യമാവാനിടയില്ല
എല്ലാം കാണുകയും കേൾക്കുകയും
ചെയ്യുന്നുണ്ടാവാമാശിലക്കുള്ളിൽ
ഉറക്കം നടിച്ചിരിക്കുന്നൊരാൾ
കൈവിരലുകളിലൂടെയൊഴുകും
വാക്കുകളിലും
കടലിരമ്പത്തിലുമെല്ലാമൊഴുകും
മധുരതരമായ മന്ത്രണങ്ങളിൽ
കേൾക്കുന്നുണ്ടല്ലോ ഞാനാശിലയുടെ
ഹൃദയമിടിപ്പുകൾ
ചന്ദനമരങ്ങൾക്കരികിലൂടെ
നടക്കുമ്പോഴുള്ള സുഗന്ധം
കടലാസുപൂവുകളിൽ
നിന്നൊഴുകാത്തതെന്തേയെന്നോർത്തതിശയവുമില്ലയിന്ന്
ഓട്ടുവിളക്കുകളിലെ എള്ളെണ്ണത്തിരികളിൽ
നിന്നൊഴുകും പ്രകാശത്തിൽ
കാണാനാവുന്നുണ്ടല്ലോ
മിഴി തുറന്നുനോക്കും കൽശിലകളെ
അവിടെയാൾക്കൂട്ടത്തെ തേടിയല്ലല്ലോ
ഞാൻ ചെന്നത്
അതിനാലിനിയുമൊരു പ്രദർശനത്തിനു
ബാക്കിപത്രമെന്നോണം
കൽശിലകളെ കൈയേറാതിരുന്നാലും...
ദൈവങ്ങൾക്കിഷ്ടം
കുചേലങ്ങളിൽ കിഴികെട്ടിയെത്തും
ധർമ്മസങ്കടങ്ങളായിരിക്കും..
ഏകാന്തതയിൽ നിന്നാവുമതീവഹൃദ്യമാം
പ്രഭാതങ്ങളുണർന്നുവരിക......

Saturday, April 16, 2011

പകൽമായും നേരം

മഞ്ഞുകാലനെരിപ്പോടുകളിലെ
തീയണച്ചൊരു കടൽത്തീരത്തിരിക്കുമ്പോൾ
കാലമെവിടെയോ കുടഞ്ഞിട്ട
സൂര്യഛായയിൽ കത്തിയെരിഞ്ഞ
കടലാസുതുണ്ടുകളൊരു
വിഭൂതിപ്പാത്രത്തിലേയ്ക്കൊഴുകുന്നതുകണ്ടു..
ഒരു കടൽചിപ്പിയ്ക്കുള്ളിലെത്ര
നാൾ സൂക്ഷിക്കാനാവുമോർമ്മകളെ
തിരയേറി തീരമേറിയൊരുനാളുടയും നേരം
ഓർമ്മകളുമൊഴുകിപ്പോയേക്കാം
കരിഞ്ഞേക്കാം ഹരിതവനങ്ങളൊരു
വേനൽത്തീയിൽ...
മഴയിലുമൊഴുകിമാഞ്ഞേക്കാം
മുദ്രാങ്കിതങ്ങൾ..
സ്മാരകശിലകളിൽ
സുവർണധൂളിതൂവിയെഴുതാനിനിയും
വന്നേയ്ക്കാമൊരു ശരത്ക്കാലം
കടം വാങ്ങിയതെല്ലാം തിരികെയേകിപ്പോയ
ഒരു ഋതുവിനെപ്പോലെ പകൽമായും നേരം
പാതിയുറങ്ങിയ പൂവുകൾക്കരികിൽ
പലേ മാറ്റങ്ങൾക്കിടയിലും
അശോകപ്പൂവിൻ നിറമുള്ള 
സന്ധ്യയുണർന്നരികിലേയ്ക്ക് വന്നു
കൈയിലൊരു ചെറിയനക്ഷത്രവിളക്കുമായ്....

Friday, April 15, 2011

കടലിരമ്പമുള്ള ശംഖ്

മെല്ലെമെല്ലെയൊരുണർവുപോൽ,
വിസ്മയപ്പൂവു പോൽ
ചൈത്രമുണർന്നുവന്നപ്പോഴേയ്ക്കും
കൽതൂണുകളിലെ കൊത്തുപണികൾക്കരികിൽ
കടംകഥപറയാനാറിയാത്തൊരുമനസ്സുമായ്
പ്രദിക്ഷണവഴിയേറി ചന്ദനസുഗന്ധത്തിലേയ്ക്ക്
നടന്നുനീങ്ങിയിരുന്നു ഭൂമി....
ഈറൻമേഘങ്ങളപ്രതീക്ഷിതമായ്
പെയ്തൊഴിഞ്ഞ സായന്തനത്തിനരികിൽ
ഓട്ടുരുളിയിലണിയാഭരണങ്ങളണിഞ്ഞിരുന്നു
കണിപ്പൂവുകൾ...
വഴിയിലൊരു ഋതു ഉപേക്ഷിച്ചുപോയ
സ്വർണനൂലുകളാൽ മനസ്സിനൊരു
കവചം പണിതു ഭൂമി....
ശരത്ക്കാലനിറമുള്ള മൺവിളക്കുകൾക്കരികിൽ
ഇടറിവീണ നിമിഷങ്ങൾക്കായൊരു
വെൺകൊറ്റക്കുട തേടിനടന്നു കാലം...
ഋതുഭേദങ്ങളെ മഷിതുള്ളികളാൽ കടഞ്ഞു
പുതിയ വഴിയിലൂടെ പുതുമതേടിയോടിയ
ഗോപുരമുകളിലെ ശിരോലിഹിതങ്ങൾ
ഉടയാത്തതിനിയെന്തെന്നന്വേഷിച്ചരികിലൂടെ നീങ്ങി
കുറെയേറെ രാപ്പകലുകളെഴുതി സമമാക്കിയ
പ്രദോഷസന്ധ്യയുടെ ചെപ്പിൽ നിന്നുണർന്നുവന്നു
ഒരു ശംഖ്..
കടലിലൊഴുകിയൊഴുകിയൊരീറൻസന്ധയുടെ
ഹൃദ്സ്പന്ദനങ്ങളുള്ളിലൊതുക്കിയ
കടലിരമ്പമുള്ള ശംഖ്....
ആകാശവീഥിയുടെ സർഗസ്വരമേ

ശ്വാസനിശ്വാസങ്ങൾക്കനുബന്ധമെഴുതി
കടഞ്ഞൊടുവിലിറ്റിച്ച കയ്പുനീരിലുമെഴുതിയിടും
ന്യായക്കോടതിയുടെ തുലാസിൻ തീർപ്പുകൾ
കാണുംനേരമിന്നെന്തുതോന്നുന്നുവെന്നാലോചിച്ചാൽ
അതിലൊരു തെറ്റുതൂക്കം
തൂങ്ങിയാടുന്നതു കാണാനായേക്കാം
പാതക്കിരുവശവുമായൊഴുകും
നിഴലുകൾക്കൊരേരൂപമുണ്ടാവേണ്ടതില്ലല്ലോ
കാലത്തിന്റെ എഴുതാക്കടങ്ങളെയൊക്കെ
എഴുതിസമമാക്കിയ
ഘടികാരസൂചികളിനിയെങ്കിലും
വിരലുകളിലൂടെയൊഴുകും
ഭൂഹൃദയസ്പന്ദനങ്ങളെ
തൂക്കിയളക്കാതിരുന്നുവെങ്കിൽ
അളക്കാനും വീതിക്കാനും
തൂക്കിവിൽക്കാനുമൊക്കെ
ആരാണാവോ ഇവർക്ക്
ചെങ്കോലുകളേകിയിട്ടുണ്ടാവുക
പലേ നാദോപകരണങ്ങളിലും
വിരൽ തൊടുമ്പോഴുണ്ടാവുന്ന
ആകാശവീഥിയുടെ സർഗസ്വരമേ
ഹൃദ്സ്പന്ദനങ്ങളിലുണരുക
ബാക്കിയുള്ള സ്പന്ദനങ്ങളെയെല്ലാമവർ
തൂക്കിയളന്നു വിൽക്കട്ടെ....
ഭൂമിയ്ക്ക് മുൾവിലങ്ങിട്ടവർ
കിരീടം വയ്ക്കാത്ത രാജാക്കന്മാരവർ
താഴ്വരകളിലവർ നിഴൽ മേയ്ക്കട്ടെ
സ്വരങ്ങളൊരു സർഗം തേടി
വിരൽതുമ്പിൽ കൂടുപണിയട്ടെ..

Thursday, April 14, 2011

ആകാശത്തിന്റെയതിരുകളിലൂടെ

മഞ്ഞുപാളികളിലും,
മഞ്ഞുതുള്ളികളിലും
ഒന്നും സൂക്ഷിച്ചുവയ്ക്കാനാവില്ല...
ഓർമ്മകളെയതിലൊളിപ്പിച്ചാൽ
ശിശിരത്തിലതുറയും,
വേനൽക്കാലമതിനെയുലയിട്ടുരുക്കിമായ്ക്കും
വസന്തവും, മഴക്കാലവുമിലപൊഴിയുംകാലവും
അതേ പോലെ തന്നെ
നിത്യനിദ്രയുടെയവശിഷ്ടങ്ങൾ തേടിയൊരു
യുദ്ധഭൂമിയിലേയ്ക്കെന്തിനിനൊരുയാത്ര
പാതിതകരുന്നതിനെയൊക്ക
സൂക്ഷിക്കുവാനെത്രയോ
സ്മാരകമന്ദിരങ്ങൾ...
പണിതീരാത്ത പടിപ്പുരകളിലും
പാതിയെഴുതിയ കഥയിലും
മഷിതൂവി കാലമങ്ങനെയൊഴുകിനീങ്ങട്ടെ
എഴുതിതീർക്കാനിനിയുമെന്തങ്കിലുമുണ്ടെങ്കിൽ
അതും കൂടിയെഴുതിയൊരിടുങ്ങിയ
ലോകത്തിന്റെ ചുമരിൽ തൂക്കിയിട്ടാലും
ആകാശത്തിന്റെയതിരുകളിലൂടെ
ചക്രവാളത്തെ തൊട്ടുതൊട്ടു
കടലുമൊഴുകട്ടെ.....
ഹൃദ്സ്പന്ദനങ്ങൾ

എഴുതിതൂത്തുപിന്നെയുമെഴുതി
നിറയ്ക്കുമൊരു ദിനപ്പെരുമയുടെ
നാലുമടക്കിനുള്ളിൽ
മായാത്തതെന്തന്നന്വേഷിക്കുന്നതിനിടയിൽ
കൈവിരലുകളിൽ
തൂവൽസ്പർശമായുണരുന്നുവല്ലോ
ഹൃദ്സ്പന്ദനലയം..
ഋതുക്കൾ ചാണക്കല്ലിൽ
ചന്ദനലേപമൊരുക്കുമ്പോൾ
തുടർക്കഥയിൽ മഷിതൂത്തുവിടുന്നുകാലം
ഒരൂഷരകാലപാതയിലോടിയ
തേർചക്രങ്ങളിലുടക്കിയ കുറെ
മണൽത്തരികൾ കടലിലേയ്ക്കൊഴുകിനീങ്ങുന്നു
വിൺചെപ്പിലെയൊരു നക്ഷത്രം
സന്ധ്യാവിളക്കുകളെ തെളിയിച്ചരികിലിരിക്കുന്നു
ഒറ്റയ്ക്കിരിക്കാനിഷ്ടമുള്ളവരോടുള്ളോരനിഷ്ടം
ഒരുകവി തർജ്ജിമതാളുകളിലിറ്റിക്കുന്നു
ശരറാന്തലുകളുടഞ്ഞ നേരം
പ്രകാശം സൂക്ഷിക്കാനറിയാഞ്ഞവർ
ഇരുട്ടിനോടൊപ്പം നീങ്ങിയപ്പോഴേയ്ക്കും
പ്രകാശം വിൺചെപ്പിലെ നക്ഷത്രങ്ങളായ്
മാറിയിരുന്നു....

Wednesday, April 13, 2011

കരിയാനൊരിലപോലും ബാക്കിയില്ലല്ലോ
മുന്നിൽ കണ്ട പ്രതിബിംബങ്ങളിലുടഞ്ഞതേത്
മുറിവു പറ്റിയതേത്, മൺതരിയായതേത്
അറിയാനാവുന്നില്ലല്ലോ..
മഞ്ചം ചുമക്കുവാൻ, പല്ലക്ക് ചുമക്കുവാൻ
പിന്നെയാർക്കും വേണ്ടാത്ത
ദൈന്യതയുടെ
ഭാരം ചുമക്കുവാനാളേ തേടി
മിഴിയിലുണരും നക്ഷത്രവിളക്കുകൾക്കരിലൂടെ
വളരെ ചെറുതായൊരു ലോകം
തിരക്കിട്ടോടിപ്പോവുന്നു
പൂന്തോപ്പുകളിൽ
ശിശിരം മറന്നുവച്ചൊരുഷസന്ധ്യപോലെ
മഞ്ഞുകണങ്ങൾ പോലെ
മനോഹരമായതൊന്നും
കാണാനുൾക്കാഴച്ചയില്ലാതെ
പലേടങ്ങളിലുമിടിഞ്ഞുതകരും
മൺതരികളെ തോളിലേറ്റിയിരിക്കും
ലോകമേ
പറഞ്ഞാലും
പരിചാരകരേന്തും പല്ലക്കിലിരുന്ന്
യാത്രയായപ്പോഴായിരുന്നുവോ
സമുദ്രങ്ങൾ തീരമേറിയതും
ഭൂമിയുലഞ്ഞുടഞ്ഞതും..
ശംഖിനരികിലൊരു മഹാദ്വീപം
തടുത്തുകൂട്ടി വയ്ക്കും
പല്ലക്കിലേറ്റാനാവാത്ത
മഹാസങ്കടങ്ങൾക്കരികിൽ
അഗ്നിതൂവിയെരിയുമൂഷരകാലമേ
കരിയാനൊരിലപോലും
വാകപ്പൂമരത്തിലിനി ബാക്കിയില്ലല്ലോ

Monday, April 11, 2011

ചുമരുകളെത്രവേഗമാണിടിഞ്ഞുതകരുന്നത്

ചുമരുകളെത്രവേഗമാണിടിഞ്ഞുതകരുന്നത്
അതോടൊന്നിച്ചു മായുന്നു ചുമരെഴുത്തുകളും
പലേയിടത്തും ചോദ്യചിഹ്നങ്ങളുമായൊരു
ഭൂമിയരികിലേയ്ക്കണയുന്നുവല്ലോ...
കുലങ്ങളെയുയർത്തും
ഘടികാരസൂചിയിലുടക്കിവീണ
മൺതരികളോ ഈ പ്രപഞ്ചമെന്ന്
സംശയവും തോന്നിതുടങ്ങിയിരിക്കുന്നു
അറിയാതെയും പിന്നെയറിഞ്ഞും
വാതിൽപ്പടിയിൽ കാലം
കാവലിരിക്കുന്നതെന്തിനായോ??
വസന്തകാലപ്പൂക്കുടയിൽ
ഉടഞ്ഞ ചില്ലുഗോപുരച്ചീളുകൾ നിറയുന്നുവല്ലോ
മന്ത്രങ്ങളുടെ സുഗന്ധമുള്ള സന്ധ്യയിൽ
വിരൽതുമ്പിലെന്തേ വാക്കുകളുറങ്ങാതെയിരിക്കുന്നു
ചുമരുകളെത്രവേഗമാണിടിഞ്ഞുതകരുന്നത്
എന്നിട്ടുമെന്തേ ഹൃദ്സ്പന്ദനങ്ങൾ
വിരൽതുമ്പിലുറങ്ങാതെയിരിക്കുന്നു ...

Sunday, April 10, 2011

കടലേറും ശംഖ് 

ഒരിയ്ക്കൽ ചിന്തകളെയെല്ലാം
കടിഞ്ഞാണിട്ടു പൂട്ടിവച്ചിരുന്നു
ഓർമ്മതെറ്റുകളെ കടന്നൊരു
യാത്രപോയതുമന്നുതന്നെ
ഇനിയിപ്പോൾ
ഭൂതഭവിഷ്യവർത്തമാനങ്ങളെയൊരു
പകലിലാക്കി വ്യസനിക്കേണ്ടതില്ലല്ലോ...
ചില ഋതുക്കളോർമ്മിക്കാൻ
സുഖകരമായൊരോർമ്മചിന്തുകൾ തന്നുപോകും
ചിലവയരികിലെത്തി വിലങ്ങിട്ടുചുറ്റി
സർവനാശത്തിന്റെ
എഴുത്തുപത്രങ്ങളേകി പോകും..
രണ്ടിനുമിടയിലൂടെ നടക്കാനിന്നിഷ്ടം...
പഴിചാരിയൊഴുകി മായും
പുഴപോലെയല്ലല്ലോ കടൽ
ആകാശം പൂവിടുന്നതിപ്പോൾ
വിരലുകളിൽ...
ചിലനേരം നക്ഷത്രങ്ങളുമവിടെയുണരുന്നു..
ചെപ്പിലുറക്കാനാവാത്ത
സ്വപ്നങ്ങളൊരുവരിക്കവിതയായ്
മാറിയിരിക്കുന്നു..
മനസ്സിനിപ്പോളൊരു വിലങ്ങില്ല
അതൊരു കടലേറും ശംഖുപോലെ.....

Saturday, April 9, 2011

മഴതുള്ളികളിലൂടെയൊരു

വാതിലുകളിലെ വെങ്കലപ്പാളികളിൽ
ആരൊക്കയോ പലതുമെഴുതിയിട്ടു
എഴുതേണ്ടിയിരുന്നില്ല
എന്നു തോന്നും വരെയതു
തുടർന്നുകൊണ്ടേയിരുന്നു
മായ്ച്ചിട്ടും മായ്ച്ചിട്ടുമവ
മാഞ്ഞുപോയതേയില്ല
ശർതക്കാലവർണത്തിൽ
മായുമെന്നാദ്യമോർത്തു
ശിശിരകാലമഞ്ഞിലുറഞ്ഞില്ലാതെയാവുമെന്നും കരുതി
പക്ഷെ പണ്ടെങ്ങോ തകർന്ന സാമ്രാജ്യങ്ങളെ
സംരക്ഷിക്കും പുരാവസ്തുഗവേഷകർ
വെങ്കലപ്പാളികളിലെ ചിത്രങ്ങളും
മായ്ക്കാൻ മടിക്കുന്നു
എഴുതേണ്ടിയിരുന്നില്ലയെന്നിന്നാർക്കും
തോന്നുന്നേയില്ല
അതിനാലാവാം വിരലുകളും
ചലിച്ചുകൊണ്ടേയിരിക്കുന്നത്
എല്ലാം കണ്ടുനിറഞ്ഞ
മിഴിയിലൂഷരകാലത്തീയൊഴുകുമ്പോൾ
ഒരു വേനൽമഴപെയ്തെങ്കിലെന്നാശിക്കുന്നു ഭൂമി...
മഴതുള്ളികളിലൂടെയൊരു കെട്ടുവള്ളത്തിലേറി
ഉൾക്കടലിലേയ്ക്കൊഴുകാൻ
മനസ്സുമാശിക്കുന്നു....
മുനമ്പ്

എഴുതിനിറയ്ക്കാനൊരീറൻ
സന്ധ്യയുടെ മണൽത്തീരമരികിൽ
ബാക്കിയുള്ളതെല്ലാം വിഭജിച്ച്
ഭാണ്ഡങ്ങളിലാക്കി കാലം...
ഹൃദ്സ്പന്ദനങ്ങളിലൊരു
കടലിനാന്ദോളനതാളമുയരുമ്പോൾ
കുടീരങ്ങളിൽ തിരശ്ശീലയാൽ
മറഞ്ഞ പലേ മുഖങ്ങളും
കാഴ്ച്ചപ്പാടിലേയ്ക്കത്തുന്നു
പിച്ചകപ്പൂക്കൂടയുമായ് വന്ന
മഞ്ഞുകാലത്തിനെ മായ്ച്ച്
നടന്നുനീങ്ങിയ ഗ്രീഷ്മം
തടുത്തുകൂട്ടിയിട്ടു കരിയിലകൾ
എഴുത്തക്ഷരങ്ങളെയുമതിലിട്ട്
തീയിടാനരുളപ്പാടുകളുയർന്നു
അരുളപ്പാടുകൾക്കിടയിലൂടെ
അക്ഷരങ്ങളുമായൊരു
മുനമ്പിലേയ്ക്ക് നടന്നു ഭൂമി
അവിടെ ഒരു കടലുമുൾക്കടലും
പിന്നെയൊരു മഹാസമുദ്രവും
ഭൂമിയെ കാത്തിരുന്നു....

Friday, April 8, 2011

മിന്നും നക്ഷത്രങ്ങൾക്കിടയിലൂടെ
മഞ്ഞുകാലത്തിലെ നനുത്ത
മഞ്ഞുതുള്ളികൾക്കിടയിൽ
അളവുതൂക്കം തെറ്റിവീണ തുലാസുകൾ,
മേഘങ്ങളിൽ പാറി നടന്ന
കടലാസുതുണ്ടുകൾ,
ചരിത്രമെഴുതിമഷിയുണങ്ങിയ
തൂലികകൾ
ഇവയെല്ലെമിനിയൊരു
സ്മാരകമന്ദിരത്തിലെ
തണുപ്പിലുറക്കാം
വേനൽത്തീയേറി കരിഞ്ഞ
കരിയിലകൾ പാറും
പാതയോരങ്ങളിൽ
പതാകയേന്തിയിന്നും
നടന്നു നീങ്ങുന്നുവല്ലോ
ആത്മരോഷത്തിന്റെയണയാത്ത
അഗ്നിചിന്തുകൾ..
ശിലാഫലകങ്ങളിലെഴുതിയിടാൻ
ഇനിയുമുണ്ടാകും
പുനരുദ്ധാരണമന്ത്രങ്ങൾ,
രുദ്രാക്ഷമൊഴുക്കും കണ്ണീർതുള്ളികൾ..
ഒരുമണൽതരിയിലെഴുതിയൊരു
ചിപ്പിക്കുള്ളിലാക്കി
കടലിലൊതുക്കാമൂഷരക്കെടുതിയെ
തണത്ത കാറ്റുവീശും സായന്തനത്തിനെ
സമുദ്രതീരത്തിരുന്നു കാണാമിനി
മിന്നും നക്ഷത്രങ്ങൾക്കിടയിലൂടെ....

കൊച്ചുകൊച്ചു സന്തോഷചെപ്പുകൾ

ഉറവകളിലെയുത്ഭവതീർഥം
വറ്റിയെവിടെയോ മാഞ്ഞ
സൗപർണികയുടെയരികിൽ
മായുന്ന മേഘച്ചിറകുകളിൽ
കുരുങ്ങിയ കിളിത്തൂവലൊന്നിൽ
കണ്ടു ലോകത്തിന്റെ
ഭാരരഹിതത്വം, ലഘുത്വം
വരകൾക്കിടയിൽ
വരച്ചൊതുക്കാനാവാതെ
വളരുന്നു ആകാശത്തിലെ
നക്ഷത്രങ്ങളുടെ പ്രകാശം
മിഴിയിലത്ഭുതമായ് വളരും
പ്രപഞ്ചവാതിലിനരികികിലെ
പവിഴമല്ലിച്ചോട്ടിലിരുന്നുകാണാനാവുന്നു
കൊച്ചുകൊച്ചു സന്തോഷചെപ്പുകൾ

Thursday, April 7, 2011

ഹൃദ്സ്പന്ദനങ്ങൾ

വിരലിലെ മുറിവിൻതുമ്പിലനങ്ങും
വേദനയാറ്റാനൊരുമൊഴിനേടി
ഭൂമി നടന്നവഴിയിൽ
മിനുക്കിമിനുക്കിതേഞ്ഞുപോയ
മണൽതരികളെ ചേർത്തു പണിഞ്ഞ
ഗോപുരമുകളിലൊരു
പട്ടുപരവതാനിയിലിരുന്നെഴുതുന്നതാരോ?
ഒഴുകുന്ന കടലിന്റെയാന്ദോളനത്തെ
മനസ്സിലേയ്ക്കിട്ടൊരുമഞ്ഞുകാലത്തിൻ
മഞ്ഞിൻകണങ്ങളിലുറഞ്ഞ
പോയകാലത്തിന്റെയോർമ്മപ്പാടിലൊരു
മുൾവാകതൈയേറ്റി നടന്നുനീങ്ങിയതാരോ
ചെങ്കുത്തായ മലനിരകളിൽ
തട്ടിയുടഞ്ഞ കളിപ്പാട്ടങ്ങളിലെ
ചലനം നിലക്കാത്ത ചക്രങ്ങൾപോലെ
വിരലുകൾക്കുള്ളിൽ തിരിയുന്നു ഭൂമി
ചുറ്റിലും പ്രദക്ഷിണവഴിയിൽ
പ്രകമ്പനങ്ങളനേകം
കിരീടങ്ങളിൽനിന്നടർന്നടർന്നുവീഴുന്നു
അമൂല്യരത്നങ്ങളനേകം....
തടുത്തുകൂട്ടിയ മൺതരികളെ
ചേർത്തുപണിയാമിനിയൊരു
മൺകുടിൽ
വേനൽതീയാറ്റിയതിനുള്ളിലിരുന്നരികിലെ
മാറ്റത്തിന്റെ ശംഖിലുയരും
മാറ്റൊലിയിലലിയാം..
നിറഞ്ഞൊഴുകും കടൽ

ശംഖിനുള്ളിലൊഴുകിയ
കടലുണർത്തിയതൊരു
ഘനരാഗം
ഒതുക്കിയിട്ടുമൊതുക്കിയിട്ടും
അതൊഴുകുന്നു
ചക്രവാളത്തോളമെത്തിയ
സന്ധ്യപോലെ
പിന്നെ തൊടുകുറിയിട്ടു
ശീവേലിപ്പുരയിലിരുന്ന്
കേട്ടു പാണി
തൂവിയ ബലിക്കല്ലുകളിൽ
ജീവനുണർന്നുവോ
പുല്ലുമെടഞ്ഞ പായയിലിരുന്നല്പം
പഴംപുരാണമെഴുതും
നാരായങ്ങളിൽ നിന്നുർന്നിറങ്ങിയ
വാക്യർഥങ്ങളിൽ
വീണുടഞ്ഞൊതൊരുപിടിയോർമ്മ
പിന്നെയുമതിനെയുറക്കാനൊരു
താരാട്ടുമായ് തിരക്കിട്ട് തിടമ്പേറിവരും
വിവർത്തനാക്ഷരമേളം....
നിറഞ്ഞൊഴുകും കടലേ
കാർമേഘങ്ങളുലഞ്ഞ്
മഴപെയ്യുമ്പോൾ
മനസ്സിലെ ശംഖിലേയ്ക്കായ്
കേൾക്കാനിമ്പമുള്ളൊരു
ഘനരാഗം കൂടി തരിക....

Wednesday, April 6, 2011

 ഒരിയ്ക്കലെങ്ങോ

ഒരിയ്ക്കലെങ്ങോ
ഗ്രാമം പണിതീർത്ത
മൺകുടിലുകളിൽ മങ്ങിക്കത്തിയ
ചിമ്മിനിവിളക്കുകൾക്കരികിൽ
മിഴിനീരൊഴുക്കിയിരുന്നു
ദരിദ്രസങ്കടങ്ങൾ
അന്നും വൈദ്യതിദീപങ്ങളുടെ
മഹനീയാലങ്കരങ്ങളിൽ
നഗരമാഹ്ളാദിച്ചുകൊണ്ടേയിരുന്നു
ഇടയിലെവിടെയൊ
പകച്ചുനിന്നോരക്ഷരങ്ങൾ
ഗ്രാമദൈന്യത്തിനെ കൈവിരലാൽ
തൊട്ടറിഞ്ഞു
മുനയൊടിഞ്ഞ പേനതുമ്പിലൊഴുകി
മുറിവുകളിലെ രുധിരം
പിന്നെയെവിടെയോ യാത്രപോയ
നിമിഷങ്ങൾ മഞ്ഞുമലയിലുറഞ്ഞപ്പോൾ
മറന്നുവച്ച നിലവറയിലെ
പഴയോലക്കെട്ടിലെ
പുരാണങ്ങളിലൂടെ നടന്നു ഗ്രാമം
അപ്പോഴേയ്ക്കും ഗ്രാമപാതയിലും
വൈദ്യുതിയെത്തിയിരുന്നു
കുളിച്ചിറൻചൂടിയെത്തും പുലരിയിൽ
അക്ഷരങ്ങൾക്കരികിൽ നിന്നും
ചിമ്മിനിവിളക്കിൻ പുകയുമകന്നിരുന്നു..
നെൽപ്പാടത്തിനരികിലൂടെ
പവിഴമല്ലിപ്പൂവുകളിൽ
മഞ്ഞുതൂവിയ ശിശിരം
നടന്നു നീങ്ങിയ വഴിയിൽ
ഗ്രാമം അകിലും ചന്ദനക്കൂട്ടും
സുഗന്ധപാത്രങ്ങളിലേറ്റി
വീണ്ടും വിരൽതുമ്പിലൊരു
വിസ്മയതുണ്ടായുണർന്നു....
കടവിനപ്പുറമുള്ള ഗ്രാമത്തിലേയ്ക്കുള്ളവഴി
കടവിനപ്പുറമുള്ള
ഗ്രാമത്തിലേയ്ക്കുള്ളവഴി
മണ്ണിടിഞ്ഞാകെയലങ്കോലപ്പെട്ടിരിക്കുന്നു
ആൽമരത്തണലിനരികിലൂടെ
പണ്ടെങ്ങോ കടവേറിപോയ
ഒരു കനവിന്റെ നേർത്തഹൃദ്സ്പന്ദനം
നക്ഷത്രമിഴിയിലേറി
ആകാശത്തേയ്ക്കു പോയി
അതിലാകെയുണ്ടായിരുന്നതൊരു
വരിക്കവിത..
കാലമതിനെയാകെ കീറിമുറിച്ചളന്നുതൂക്കി
മെതിയടിയിലേറ്റിയൊരബദ്ധസങ്കല്പങ്ങളുടെ
നിമിഷവേഗമാക്കി മായ്ക്കുമ്പോൾ
രുദ്രാക്ഷം തിരിച്ചിരുന്ന ത്രിസന്ധ്യയുടെ
മന്ത്രാക്ഷരങ്ങളെയുണർത്താൻ
കടവിന്റെയൊരരികിൽ
മൺചിരാതുകളിൽ
സസന്ധ്യാവിളക്കേറ്റിനിന്നു മനസ്സ്
കടവിനരികിൽ
കടലിന്റെസ്പന്ദനതാളത്തിലേയ്ക്കൊരു
കടത്തുവഞ്ചിയ്ക്കായ് കാത്തിരുന്നുമനസ്സ്.....

Tuesday, April 5, 2011

പ്രശാന്തമായ ഒരിടമെന്നാൽ

പ്രശാന്തമായ ഒരിടമെന്നാൽ
വീണയുടെ നാദമെന്നു
തോന്നിതുടങ്ങിയിരിക്കുന്നു
പിന്നീടുള്ളതിനെല്ലാം
ഒരുപ്പുറപ്പില്ലായ്മയനുഭവപ്പെടുന്നു
വഴിയോരത്തെവിടെയോപകച്ചോടും
വിധിയൊരാൾരൂപനിഴലായ്
അടുത്തൊരു വൃക്ഷശിഖരത്തിനിടയിൽ
പതിയിരുന്നീറൻ സന്ധ്യയുടെ
മന്ത്രങ്ങളെയപഹരിക്കുന്നു
ജപമാലയിലൊഴുകിനിറയുന്നു
നിസംഗമായൊരുണർവ്
സോപാനപ്പടിയിലിരുന്നാരോ
ചൊല്ലും പുരാണങ്ങളിൽ
യുഗങ്ങളുടെ തിരനോട്ടം
പ്രശാന്തിയുടെ പുസ്തകങ്ങളിലാർക്കും
വേണ്ടാത്ത നാലുവരിപ്പിശകുകൾ വായനശാലയിലിരുന്നൂറ്റിയെടുത്ത
കയ്പുനീരിലിത്തിരി മധുരക്കരിമ്പിൻ
നീരുപോലുണരും സ്വരങ്ങളെയിട്ട്
മനനം ചെയ്യും മനസ്സിന്റെയുള്ളിൽ
നേർത്തില്ലാതെയാവുന്നു ലോകം
ഇടവഴിയിലിടറിവീഴും
നിഴലുകളെ മായിക്കും സന്ധ്യയുടെ
ചെപ്പിലെ നക്ഷത്രങ്ങളായ്
മാറിയ കുറെയേറെ സ്വരങ്ങളുണരും
കടൽത്തീരത്തിരിക്കുമ്പോൾ
അശാന്തിയുടെ പുസ്തകത്താളുകളൊഴുകി
മായുന്നതു കണ്ടു.....

Monday, April 4, 2011

ഋതുക്കളുടെ ഊഞ്ഞാൽപ്പടിയിൽ

ഋതുക്കളുടെ പൂമരക്കൊമ്പിലെയൂഞ്ഞാൽ
പടിയിൽ നിന്നിറങ്ങി നടന്ന വഴിയിലെന്തേ
കൽച്ചീളുകളെന്നാലോചിച്ചിരുന്നു
പിന്നെയറിയാനായി
പൂക്കാലങ്ങളെ പടകൂട്ടിയോടിക്കുന്നവരും
പകലിനു ചരമഗീതമെഴുതി
ചിതയിലേറ്റുന്നവരും
പ്രദക്ഷിണവഴിയിലെത്തി
ഭൂമിയോടു രംഗമൊഴിഞ്ഞുപോവൂ
എന്നുപറയുന്നവരുമെല്ലാം
ചേർന്നതാണീലോകമെന്ന്
മരണത്തിന്റെ ഗന്ധമുറങ്ങിയ
ഒരു മഞ്ഞുകാലത്തിൽ കേട്ടു
അറിയാതിരുന്ന കഥകൾ
കഥകൾക്കനുബന്ധമെഴുതി
നിമിഷസൂചികളിലൂടെ
കാലം നടന്നു....
പിന്നീടൊരു വേനൽതീരത്തിൽ
മരുന്നുരച്ച കല്ലിൻ തരിയിലെരിഞ്ഞ്
മുഖം നഷ്ടമായ മൗനം
വീണ്ടും പടയേറ്റിയോടിയ
കടൽത്തീരത്തിലുടയാത്തൊരു
ശംഖിൽ നിന്നണർന്നുവന്നു ഭൂമി
ആരവങ്ങളിൽ നിന്നകന്ന്
ഋതുക്കളുടെ പൂമരക്കൊമ്പിൽ
വീണ്ടുമൊരൂഞ്ഞാൽകെട്ടി
ഭൂമിയുടെയരികിൽ ഞാനുമിരുന്നു...
ഴതുള്ളിക്കവിതകൾ

ഇരുണ്ടുലഞ്ഞൊരു മഴക്കാടുകളിൽ
മഴയെതേടി നടന്നിരുന്നു ബാല്യം
തുള്ളിതുള്ളിയായൊഴുകിയ മഴയെ
കൈയിലാക്കി ചന്നം പിന്നം പെയ്യും
മഴയുടെ പടിവാതിലിലേറി
പിന്നെയും തോരാത്ത
മഴയ്ക്കരികിലൊരു മഴവിൽപ്പൂകവിത
വിരിയാനെത്രനാൾ  കാത്തിരുന്നു
ആകാശത്തിന്റെ നേരിയ
ജാലകവിരിയ്ക്കുള്ളിൽ
മൂടിയ മേഘക്കെട്ടിനുള്ളിൽ
മങ്ങിയ വിളക്കുമായ്
നക്ഷത്രങ്ങളുറങ്ങിയ
വർഷകാലവും കടന്ന്
ശരത്ക്കാലമൊരുണർവുമായെത്തിയ നാൾ
പാതയോരത്തെവിടെയോ
പകൽക്കിനാവുകൾ
നിഴൽപ്പാടിലുലഞ്ഞുവീഴുന്നതുകണ്ടു
പിന്നെയെന്നോ വഴിയോരത്തെ
വാകമരങ്ങളിൽ തണുത്തുറഞ്ഞ
ശിശിരം കൂടുകെട്ടിപ്പാർത്തു
ഇലപൊഴിയും കാലവും കടന്ന്
അതിനരികിലെഴുതിതീർക്കാനാവാഞ്ഞ
ഉപാഖ്യാനങ്ങളെയൊരൂഷരകാലം
തീയിട്ടു കരിയിച്ചു
അന്നുവീണ്ടുമുറക്കമുണർന്നെഴുനേറ്റു
മനസ്സിലെ മഴക്കാടുകളിൽ
പെയ്ത മഴതുള്ളിക്കവിതകൾ.....

Sunday, April 3, 2011

കാണാക്കാഴ്ച്ചയുടെയവസാനയദ്ധ്യായം
കാണാത്തതെന്തിനെയോ
തേടി നടന്നുനീങ്ങിയ
ഋതുക്കളുടെ ചിത്രതേരിലിരുന്നു കണ്ടു
ലോകത്തിന്റെ തുലനവിന്യാസം
അതിനരികിൽ മുഖചിത്രങ്ങളും
മുഖപടങ്ങളും
മിഴിയെയത്ഭുതപ്പെടുത്തും
സൂചിസ്തംഭങ്ങളുമുണ്ടായിരുന്നു
ശരത്ക്കാലസന്ധ്യയിൽ
ഭൂവർണങ്ങൾ തേടിനടന്ന
കടലോരങ്ങളിൽ
അസ്തമയത്തോടൊപ്പം
കത്തിവീണ
അനേകം സൂര്യകിരണങ്ങളിൽ
കാലം മഷിമുക്കിയെഴുതിയ
കടലാസുതാളുകളുമുണ്ടായിരുന്നു
മഞ്ഞുറയും ഭൂഖണ്ഡങ്ങൾക്കരികിൽ  
നിശബ്ദതയുടെ നെടുവീർപ്പുകളെ കടന്ന്
വീണ്ടും മൗനം മുഖപടമണിഞ്ഞെത്തിയ
അരങ്ങിനൊരരികിൽ നിമിഷങ്ങൾ
കാവലിരിക്കുന്നുണ്ടായിരുന്നു
സ്തൂപങ്ങൾക്കിടയിലൂടെ കാണാനായ
ആകാശനക്ഷത്രങ്ങളെ പൂർണമായ് മായ്ക്കാൻ
മേഘങ്ങൾക്കാവാഞ്ഞതിനാൽ
സന്ധ്യാവിളക്കിലേയ്ക്കിത്തിരി
പ്രകാശം വന്നുവീണു
ഉലച്ചുടച്ചുലയിലെയുമിത്തീയിലിട്ട സത്യം
ഭൂമിയുടെ പ്രദിക്ഷണവഴിയിൽ
നക്ഷത്രവിളക്കുകളെ തെളിയിച്ച്
ചൈത്രരഥമേറി വീണ്ടുമുണർന്നുവന്നപ്പോൾ
കാണാക്കാഴ്ച്ചയുടെയവസാനയദ്ധ്യായമെഴുതി
ഋതുക്കൾ പുസ്തകമടച്ചുവച്ചു.....
നക്ഷത്രമിഴിയിലുണരും കവിതകൾ

ഒരുവേനലവധിയുടെ
മാമ്പൂക്കളുമായ്
ബാല്യം നടന്നവഴിയാകെ
മാറിയിരിക്കുന്നു
ടാർ തൂവിയാകെയിരുണ്ടതിലൂടെ
പുകതുപ്പിയോടുന്നു പുതുമ
ഒരിയ്ക്കലെങ്ങോ
നിറഞ്ഞൊഴുകി
പിന്നെയൊരു വേനലിൽ
വറ്റിയോരാറ്റിറമ്പിൽ,
കൊഴിഞ്ഞ കൈതപ്പൂവുകൾക്കരികിൽ
നിമിഷങ്ങളാൽ മെടഞ്ഞ 
കനലാളും വേനൽക്കാലക്കൂടകളുമായ്
നടന്നു നീങ്ങുന്നു കാലം....
മദ്ധ്യാഹ്നത്തിന്റെപാതയോരത്തിലൂടെ
നടക്കാനാവാതെ മിഴിപൂട്ടിയുറങ്ങുന്നു
നാലുമണിപ്പൂവുകൾ..
വേനൽമഴത്തുള്ളികൾ പോലെ
സായന്തനത്തിന്റെ
നനുത്ത സ്പർശത്തിൽ
വിരലുകളിലുണരുന്നു
സന്ധ്യാവിളക്കുകൾ
പ്രകാശത്തിനുമൊരു ഭംഗി
നക്ഷത്രമിഴിയിലുണരും
കവിതകൾ പോലെ....
ഒരിയ്ക്കലൊരിടവഴിയിൽ

ഒരിയ്ക്കലൊരിടവഴിയിൽ
മഴക്കാലത്തുണർന്ന
നീരുറവയിലൂടെയുണങ്ങിയ
കരിയിലകളും, മൺതരികളും
നെൽപ്പാടത്തിനരികിലൂടെ
എവിടേയ്ക്കോ ഒഴുകിപ്പോയി
തൂത്തുവെടിപ്പാക്കിയ
പടിപ്പുരയ്ക്കരികിലൂടെ
പന്തിരുകുലമോടി
അതിൽ മലയിൽനിന്ന്
കല്ലെറിയുമൊരു ഭ്രാന്തനെയും കണ്ടു
വിപരീതങ്ങളുടെ വിലങ്ങിൽ
വീണ വൈദ്യുതസ്ഫുലിംഗങ്ങളിൽ
കത്തിക്കരിഞ്ഞു ചാരമായ
ഒരു യുഗത്തിനരികിൽ
അനന്തകാലത്തിന്റെ
ആത്മഗതവുമായ്
ടോക്കിയോനഗരം
ശോകമടക്കി നിന്നു..
ഒരതിരിലിരുന്നാരോ
പാലങ്ങളിൽ ഗന്ധകപ്പുകയേറ്റി
വിസ്ഫോടനങ്ങളിൽ
വീണുപോയ മണ്ണിന്റെ
മറുവശത്തൊരു കടൽ
ചക്രവാളത്തിലേയ്ക്കൊഴുകി...

Saturday, April 2, 2011

ആകാശവാതിലിനരികിലായിരുന്നതിനാൽ

ഇടവേളയിലെന്നോ
തൂത്തുമായ്ച്ച നിഴൽപ്പാടിലിത്തിരികൂടി
കരിമഷിയൊഴുക്കിയിന്നലെയും
വന്നിരുന്നു ഒരു കടലാസുതുണ്ട്
അതെന്തിനുവരുന്നുവെന്നറിയാനിന്നൊരു
നിമിഷം പോലുമാവശ്യമില്ലാതായിരിക്കുന്നു
ചിലരൊക്കെ സഹായിച്ചുവെന്നവകാശപ്പെടുന്നുമുണ്ട്
സഹായത്തേയ്ക്കാളേറെയുപദ്രവമായ
അവകാശവാദങ്ങളുടെ ഗണനപ്പട്ടിക
പോയൊരു വാരാന്ത്യത്തിലാണെന്നുതോന്നുന്നു
കാലം ഘടികാരസൂചികളാലൊരു
കുറ്റസമ്മതമെഴുതി
അതിനരികിലൊരു
ന്യായവാദചീട്ടുമുണ്ടായിരുന്നു
ഒഴുകിപ്പോയ മനശ്ശാന്തിയുടെ
രുധിരത്തിനരികിലതുവീണുരുകി
ആകാശവാതിലിനരികിലായിരുന്നതിനാൽ
ഉരുകാതെ സൂക്ഷിക്കാനായി മനസ്സിനെ

Friday, April 1, 2011

നക്ഷത്രപ്പൂക്കാലം

ഒരു ചുമരെഴുത്തിനപ്പുറമുള്ള
ചതുരക്കളമോ ലോകമെന്നാലോചിച്ച്
കുറെനാളുകളൊഴുകി മാഞ്ഞു
അതിലൂടെ നേർത്ത പട്ടുചുറ്റി
വസന്തവും,
അഗ്നിപർവതാഗ്നി സൂക്ഷിക്കും
മനസ്സുകൾക്കരികിലൂടെ
വർഷകാലവും പിന്നെയൊരു
ശരത്ക്കാലസായാഹ്നവും
മാഞ്ഞുപോയി
എഴുതിമഷിയുണങ്ങി ചുരുങ്ങിയ
കടലാസുതാളുകളിലൊഴുകിപ്പോയി
ഒരു ചരിത്രരേഖ..
മറയിട്ട മൂടൽമഞ്ഞിനരികിലിരുന്ന്
ചുമരെഴുത്തുകളെ തൂത്തുമായ്ച്ചവിടെ
ചെമ്പകപ്പൂനിറത്തിലൊരു
വിരിയിട്ട് ഞാനുമെഴുതി
ജാലകവാതിലിനരികിൽ
മൺവിളക്കുമായ് സന്ധ്യയെത്തിയപ്പോൾ
ആകാശത്തിൽ
നക്ഷത്രപ്പൂക്കാലമായിരുന്നു....