Thursday, March 31, 2011

കടലിരമ്പമുള്ളിലുള്ള ശംഖ്

ഓർമ്മയുടെ ഭൂതകാലത്തിലൂടെ
കുത്തൊഴുക്കിലെങ്ങോട്ടേയ്ക്കോ
പോയ പുൽനാമ്പുകളെ
കൈതപ്പൂവിരിയും
പാടവരമ്പിനരികിലിരുന്ന്
കണ്ടിരിക്കുന്നു..
ആകെയലങ്കോലപ്പെട്ട
പൂമുഖപ്പടിയിലിരിക്കുമ്പോഴും
മുന്നിൽ വീണുകിട്ടിയനിമിഷങ്ങളെ
പൂട്ടിയതിലൊരു രഥം കെട്ടി
ഭൂമി കുലുക്കിയിളക്കിയൊരു
ഘോഷയാത്രനടത്തിയോടിയ
പുഴയെയും കണ്ടിരിക്കുന്നു
താളിയോലയിലെഴുതിയ
സത്യങ്ങളെ മായ്ക്കാതെയിരുന്ന
ഭൂമിയുടെ
മിഴിയെത്തിച്ചേരുമിടത്തെല്ലാം
അഗ്നിതൂവിയാകാശനക്ഷത്രങ്ങളെ
മായിച്ചോടിയവരെയും കണ്ടിരിക്കുന്നു
ഓർമ്മയുടെ പുസ്തകങ്ങൾ
പോലുമഗ്നിയിൽ വീണുകത്തുന്നു
പിന്നെയെന്തിനാണാവോ
മറവിയ്ക്കായൊരു പുസ്തകം
സായന്തനത്തിനെന്തിനൊരു
പുസ്തകശേഖരം
സായന്തനത്തിനൊരു ശംഖുമതിയാവും
കടലിരമ്പമുള്ളിലുള്ള ശംഖ്...

Wednesday, March 30, 2011

 ഈറനണിഞ്ഞൊരുപ്രഭാതത്തിൽ

 ഈറനണിഞ്ഞൊരു
പ്രഭാതത്തിലായിരുന്നു
ആദ്യമെഴുതാനിരുന്നത്
അന്നൊക്കെ മൃദുവായ
പൂവുകളെന്നെപോൽ
വെൺപഞ്ഞിതുണ്ടുപോൽ
തൂവലുകൾപോൽ
മഞ്ഞുതുള്ളികൾപോൽ
എഴുത്തക്ഷരങ്ങൾ ചുറ്റിലും
പാറിനടന്നിരുന്നു
അണ്ണാർക്കണ്ണന്മാരോടിയ
കരിയിലക്കിളിക്കൂട്ടത്തിനിടയിൽ
മാമ്പൂക്കളുടെ സുഗന്ധമേറ്റ്
നടന്നോരോർമ്മചിന്തുകളിലവരുണ്ടായിരുന്നു
ഇന്നുമീപ്രഭാതത്തിലുമതേയക്ഷരങ്ങൾ
അരികിലേയ്ക്കണയുന്നു
പക്ഷെ കെട്ടുപൊട്ടിച്ചിടയ്ക്കിടെ
നീണ്ടുനീണ്ട പാതയിലെ
ചരൽക്കല്ലിലും, മുള്ളിലുമുടക്കിയ
വേദനയുമായ് വിരൽതുമ്പിനെയവർ
നോവിക്കുന്നുവെങ്കിലും
തപംചെയ്യും തീരങ്ങളിൽ
തുമ്പപ്പൂ പോലെ വീണ്ടുമുണർന്ന്
വിട്ടുപിരിയാനാവാതെ വിരലിലെ
ശംഖചക്രമുദ്രകളിലലിയുയും ചെയ്യുന്നു
പലരുമിറങ്ങിപ്പോയവഴിയിലും
നക്ഷത്രമിഴിയിലെ
വെളിച്ചത്തിനെയൊരു
ചെപ്പിലാക്കിക്കാട്ടിയവർ
പൊന്നുരുളിയിലരിയിട്ടാദ്യമുണർന്നവർ..
ഈറനണിഞ്ഞൊരു പ്രഭാതത്തിൽ
വിരലിലേറിയവർ
അക്ഷരങ്ങൾ...

Tuesday, March 29, 2011

നിറഞ്ഞൊഴുകിയകടലിനരികിൽ

ചൈത്രമൊരുണർവായി
പുമുഖവാതിലിലെത്തിനിൽക്കുന്നു
മഷിപ്പാടുണങ്ങിയ മണ്ണിൽ
നിലംതൊട്ടുവീണനിമിഷങ്ങൾ
പലകുറിയെഴുതിയിട്ടും മതിവരാത്ത
ചരിത്രക്കെട്ടുകളുമായ്
പടിഞ്ഞാറൻ മാനത്തിനരികിലൂടെ
മേഘമാർഗവും കടന്നെവിടേയ്ക്കോ
യാത്ര പോയി
ഗ്രീഷ്മത്തിന്റെ കരിഞ്ഞ മദ്ധ്യാഹ്നങ്ങളെ
ഹോമപാത്രത്തിലാക്കി കാലം ചെയ്തു
അകാലത്തിലൊരഗ്നിഹോത്രം
നിറഞ്ഞൊഴുകിയകടലിനരികിൽ
ഭൂമി ചെയ്തു അതിരാത്രം
ആകാശവാതിലിനരികിൽ
പ്രകാശപ്പൂക്കളുമായ്
സന്ധ്യയെത്തിയപ്പോഴേയ്ക്കും
മഴപെയ്തുതുടങ്ങിയിരുന്നു..
വിരലുകളിലൊഴുകും ശരത്ക്കാലമേ

വിരലുകളിലൊഴുകും ശരത്ക്കാലമേ
നെയ്തെടുക്കുക
നക്ഷത്രങ്ങളെപ്പോൽ
മിന്നും സ്വപ്നങ്ങളെ
ആർഭാടക്കൂട്ടിലൊഴുകിയുടഞ്ഞുവീണ
അപരിചിതസായാഹ്നമേ
അരികിലെനിഴൽപ്പാടുകളെയുമെടുത്തുമായുക
ആർക്കോവേണ്ടിയൊരുക്കിയില്ലാണ്ടായ
പടിപ്പുരകളിലൊന്നിൽ
മുഖം നഷ്ടമായൊഴുകിയോരസ്തമയമേ
ഇനിയുമരങ്ങിലഭിനയിക്കുന്നുവോ
സന്ധ്യാവിളക്കുമായ്
രാവിനിടനാഴിയിലൂടെ
പകൽമുറ്റത്തേയ്ക്കൊഴുകും
സമുദ്രമേ
ശരത്ക്കാലവർണങ്ങൾ
ഭദ്രമായ് സൂക്ഷിക്കാനായ്
നിധിശേഖത്തിൽ നിന്നും
മുദ്രാങ്കിതങ്ങളില്ലാതെ
ഒരു ശംഖും കുറെയേറെ
കടൽചിപ്പികളും തരിക...

Monday, March 28, 2011

നക്ഷത്രങ്ങളോ രംഗമൊഴിയേണ്ടവർ???

മുഖമൊരുവശം മറച്ചൊരീറൻപുലരിയുടെ
മഞ്ഞുകളങ്ങളെയും വറ്റിയ്ക്കുമൂഷരകാലമേ
നിമിഷങ്ങളുടെ ചെപ്പുടഞ്ഞൊഴുകിയ
പുലരിയിൽ കണ്ടുവല്ലോ
ചിതറിയ സത്യത്തെ
അലങ്കോലപ്പെട്ടാകെയുലഞ്ഞൊരു
തുലാസിലിടറിയാരണ്യകമേറിയ
വചനങ്ങളെ
പർണ്ണശാലയിൽ
പുണ്യാഹം തൂവിയെടുത്ത
ഹൃദ്സ്പന്ദനങ്ങളെ
കാല്പ്പദങ്ങളിലെ നനവായിയേറിയ
കടലിന്റെയുപ്പേ
കണ്ണീരിന്റെയുപ്പേ
അലിവിന്റെയാദ്യവചനമേ
സ്പന്ദനതാളങ്ങൾക്ക്
വിലങ്ങിട്ടതാരോ
യാതനാകാലങ്ങളുടെയാദ്യലിപിയിൽ
മഷിപുരട്ടിയതാരോ
ആർദ്രഭാവങ്ങളുടെയകാലമൃത്യുവിനായ്
വൃതമനുഷ്ടിച്ചതാരോ?
പറഞ്ഞാലും
ആകാശത്തിൽ മനോഹരമായ
ചിത്രവിളക്കുകൾതൂക്കും
നക്ഷത്രങ്ങളോ രംഗമൊഴിയേണ്ടവർ???
ശരത്ക്കാലവർണ്ണത്തിൽ  വിരൽ തൊട്ടെഴുതിയാൽ

അതൊരു നീണ്ടുനീണ്ടുപോയസർഗം
മഹാകാവ്യമൊന്നുമായിരുന്നില്ല
കുറെ തർജ്ജിമകൾ
അവിടെയുമിവിടെയും തെന്നി
നീറ്റലു വീണ കുറെ വരികൾ
അതിനുമറുപടിയേകേണ്ടതില്ല
ശരത്ക്കാലവർണ്ണത്തിൽ
വിരൽ തൊട്ടെഴുതിയാൽ
അതിനുമറുപടിയാവും
പക്ഷെ
മറുപടിയെഴുതേണ്ടതില്ല
തിരിഞ്ഞും മറിഞ്ഞും
പലമുഖവുമായൊഴുകും
പുഴയെയോർത്തൊരു കടൽ
വ്യസനിക്കാറില്ലല്ലോ....

Sunday, March 27, 2011

സ്മാരകചെപ്പുകൾ

ആരോ പറഞ്ഞു
അഗ്നിയുള്ളിലൊതുക്കിയ
ഫ്യുജിയെയറിയുക
ഭൂമിയുടെ വിടവുകളിലൂടെ
മിയാഗിയെയും കാണാനാവുന്നു
ഇനിയെവിടെയാണാവോ
വിടവുണ്ടാവുക
വന്മതിൽക്കെട്ടിലോ
ലോകത്തിന്റെ മേൽക്കൂരയിലോ
ചെറിയവീടുകളുടെയാരൂഢശിലകളെ
അമ്മാനമാടിയപ്പോൾ
ഫ്യൂജിയിളകുമെന്നാരുമോർത്തതേയില്ല
ഉദിക്കാനുമസ്തമിക്കാനുമൊരു
പകലല്ലേ വേണ്ടു
മുഖാവരണങ്ങളിൽ മൂടിയെത്രനാൾ
ഭൂമിയുടെ ദൈർഘ്യമളക്കാനാവും
അളന്നളന്നൊരുവിടവിലൂടെ
തകർന്നടിയും ഗോപുരങ്ങളിലൂടെ
ചിതറിയ രക്തതുള്ളികൾക്കിടയിലൂടെ
ഛിന്നഭിന്നമായ ജന്മങ്ങൾക്കിടയിലൂടെ
നടന്നുകാണാം
ഉദയസൂര്യന്റെ രാജമണ്ഡലങ്ങളെ
കൽമണ്ഡപം കാക്കും
സ്മാരകചെപ്പുകളെ.....
ആകാശനക്ഷത്രങ്ങൾ

മഞ്ഞുവീണൊരു ശിശിരത്തിൽ
മഹാഗണിയിൽ കടഞ്ഞ
പഴയനാലുകെട്ടുടച്ച്
മണ്ണും മണലും ചേർത്തതിൽ
ചിന്തേരിട്ട് വീണ്ടുമൊരുക്കുമ്പോൾ
പലേ പഴയകാലചിത്രങ്ങൾക്കും
കേടുപാടുകൾ വന്നു
ഉദാസീനമായി പണിചെയ്ത
കൽപ്പണിക്കാരെല്ലാമുടച്ചു
കുലശേഖരങ്ങളിൽ പരുക്കനേറ്റി
പിന്നെയതിനുമേലൊരു
സിമന്റുചാന്തുപൂശിയവർ
തിരികെ പോയപ്പോൾ
കാണാൻ ഭംഗിയുള്ളതൊന്നും
പഴയനാലുകെട്ടിലുണ്ടായിരുന്നില്ല
പവിഴമല്ലിപ്പൂവുകളിലൂടെ
നടന്ന ശിശിരം മറന്നിട്ടതൊരു
കൂട നിറയെ മഞ്ഞുകാലപ്പൂവുകൾ
ആ പൂവുകളിലുറങ്ങിയത്
നനുത്തകുളിർന്ന മഞ്ഞുതുള്ളികൾ...
വേനൽചൂടിൽ മാഞ്ഞൊരു
വേനൽമഴതുള്ളിയായ്
പുനർജനിച്ചേക്കാമാമഞ്ഞുതുള്ളികൾ
പഴയനാലുകെട്ടിനോർമ്മകളെ
ചരലിട്ടു മൂടിയ പണിക്കാരെല്ലാം
പിരിഞ്ഞ സായന്തനത്തിൽ
പവിഴമല്ലിച്ചോട്ടിലൊരു
കുടീരം പണിതു ഭൂമി
ആ കുടീരത്തിലിരുന്ന്
ആകാശത്തിൽ നക്ഷത്രങ്ങൾ
പൂക്കുന്നതു കണ്ടപ്പോൾ
ഒന്നറിയാനായി
ഉടയ്ക്കാനുമുടച്ചുവാർക്കാനുമേ
കൽപ്പണിക്കാർക്കാവൂ
ആകാശനക്ഷത്രങ്ങളെ
തെളിയിക്കാനവർക്കാവില്ല...

Saturday, March 26, 2011

എന്നിട്ടുമെന്തേയീലോകമസ്വസ്ഥം

ദൈവത്തിനെ രണ്ടാക്കി
അതിർമതിലുകളെഴുതി
നിറച്ചതാരോ?
എല്ലാമറിയുന്നവൻ
താഴ്വരയിലെ പുൽമേട്ടിൽ
കാലിമേയ്ക്കുന്നു
നക്ഷത്രങ്ങൾ വഴികാട്ടിയെത്തിയ
ബേത് ലേഹേമിലെ പുൽക്കൂട്ടിലുറങ്ങുന്നു
നിസ്ക്കാരമുദ്രകളിലെ
തിരുവചനത്തിലുണരുന്നു
അതിനിടയിൽ
ദ്വീപുകളസ്വസ്ഥം,
ഭൂഖണ്ഡങ്ങളുമുപഭൂഖണ്ഡങ്ങളുമസ്വസ്ഥം
തീരമേറിയ തീർപ്പുവിധികളുമസ്വസ്ഥം
നിസ്ക്കാരങ്ങളുടെ
തടവറയിലെന്തേയുഗ്രവാദമുണരുന്നു
ജോർദാനിലെയരുവികൾ
വറ്റിയതേതുഗ്രീഷ്മത്തിൽ
നക്ഷത്രങ്ങൾ വാനിൽ
വിളക്കുമായ് വഴികാട്ടിയിട്ടുമിരുട്ടിൽ
കാൽതട്ടിയെന്തേയീലോകമിടറിവീഴുന്നു
മഞ്ഞുതിരുന്ന പുൽക്കൂടിനരികിൽ
ഭൂമിയ്ക്കായൊരു
മുൾക്കിരീടവിലങ്ങുയരുന്നതെന്തേ
പർവതങ്ങൾ വിലങ്ങിട്ട ലോകമെന്തേ
നിസ്ക്കാരമുദ്രകളെയുടച്ചുവാർക്കുന്നു
നക്ഷത്രങ്ങൾ വിളക്കുകളെയിന്നും
തെളിയിക്കുന്നുവല്ലോ
കടമ്പിലെയമൃതുതുള്ളികൾ
പൂക്കാലമായ് വിരിയുന്നുവല്ലോ
എന്നിട്ടുമെന്തേയീലോകമസ്വസ്ഥം
എവിടെ മാഞ്ഞുപോയ്
സ്വസ്ഥമുദ്രാങ്കിതങ്ങൾ
ഇനിയല്പം സ്വസ്ഥമായിരിക്കാം

ഇനിയല്പം സ്വസ്ഥമായിരിക്കാം
ചിഹ്നങ്ങളും,ചിത്രപ്പണികളുമില്ലാത്ത
കടൽത്തീരമണലിനിയല്പമിരുന്ന്
സായന്തനത്തെയറിയാം....
കടൽചിപ്പികളിൽ
പെരുമയുടെ മുദ്രാങ്കിതങ്ങൾ
കണ്ടിരുന്നില്ല
അതിൽ കേട്ടിരുന്നു
കടലിന്റെയിരമ്പം..
നാലുകെട്ടിന്റെ നടുമുറ്റത്തിരിക്കുമ്പോഴും
നനുത്ത മഴപെയ്യും
സന്ധ്യയിലൂടെ നടക്കുമ്പോഴും
വെങ്കലപ്പാളികൾ പാകി
മനോഹരമാക്കിയ
അറവാതിലനരികിൽ
ചന്ദനഗന്ധമുയർന്നിരുന്നു
പിന്നെയേതോ ദുരൂഹമാം
നിലവറക്കുഴിയിലെയിരുട്ടിൽ
പാതിമയങ്ങിയ താളിയോലകളെ
ഉറക്കമുണർത്തിയറവാതിലിനരികിലേയ്ക്ക്
നടന്നപ്പോളതിൽ നിന്നൊഴുകി
ചെമ്പകപ്പൂക്കളുടെ സുഗന്ധം
ഇനിയല്പം സ്വസ്ഥമായിരിക്കാം
ചിഹ്നങ്ങളും,ചിത്രപ്പണികളുമില്ലാത്ത
ഭൂമിയുടെ കടലോരങ്ങളിൽ......

Friday, March 25, 2011

ചിക്കാഗോയിലെ മഞ്ഞുതുള്ളികൾ

ഒരുനാളൊരുനാളൊരൂഷരകാലത്തിലാരോ
പറഞ്ഞുകൊണ്ടേയിരുന്നു
കാവിപുതച്ചു കാശിയാത്രയ്ക്കൊരുങ്ങുക
കാവിപുതച്ചരികിലിരുന്ന മുനമ്പിലെ
കടലും പറഞ്ഞുകൊണ്ടേയിരുന്നു
ഭയപ്പെടാതിരിക്കുക
വഞ്ചിയേറിയിങ്ങോട്ടുപോരിക
പിന്നെയെവിടെയോ തട്ടിയുടഞ്ഞ
തിരകൾ പറഞ്ഞൊതൊക്കെയും
അനവസരത്തിലെയാദ്ധ്യാത്മികതയായിരുന്നു
അതിലൊന്നുമൊരർഥവും കണ്ടില്ല
അതിനാലാവും
കാവിത്തലപ്പുകളാൽ
വിരലുകൾ മൃദുവാക്കി
അശോകപ്പൂവുകളുടെ നിറമുള്ള
സന്ധ്യയെയുയുള്ളിലേയ്ക്കാവാഹിക്കാനായത്
ഒരു നാളൊരൂക്ഷരകാലത്തിലാരോ
പറഞ്ഞുകൊണ്ടേയിരുന്നു
കാവിപുതച്ചു കാശിയാത്രയ്ക്കൊരുങ്ങുക
എവിടെ ദണ്ഡാജിനം
എവിടെ കമണ്ഡലു
എവിടെ ജപമാല
തപസ്സിരിക്കാനിവിടെയും
തപോവനങ്ങളുണ്ടല്ലോ..
മനസ്സിലേയ്ക്കൊഴുകുന്നുവല്ലോ
കാവിയിൽ പൊതിഞ്ഞ
ഹൃദയത്തുടിപ്പുകൾ,
ചിക്കാഗോയിലെ മഞ്ഞുതുള്ളികൾ..
ആകാശത്തിന്റെ വാതിലുകൾ

പ്രാർഥനാനിർഭരമായ
സായന്തനന്തിനരികിൽ
കാണുന്നുവല്ലോ
രണ്ടുഭൂഖണ്ഡങ്ങളിലായ്
നീളുമതിരുകളെചുറ്റിയൊടുവിൽ
ഉപഭൂഖണ്ഡത്തിന്റെ
മതിലിലുടയും
വിലാപകാവ്യങ്ങളുടെ
ശബ്ദരഹിതവിപ്ലളവതുണ്ടുകൾ
പ്രാർഥിക്കുന്നുണ്ടല്ലോയെന്നും
വിരലുകളിൽ
സ്വരങ്ങളുണരാനായ്
മിഴിയിൽ നക്ഷത്രങ്ങൾ
തെളിയാനായ്
പ്രാർഥിച്ചുകൊണ്ടേയിരിക്കുന്നു
മറക്കാത്തതും മുടക്കാത്തതുമതുതന്നെ
ശ്വാസനിശ്വാസങ്ങളുടെ
നനുത്ത മിടിപ്പിലുണരുന്നതുമതുതന്നെ
ആരും കേൾക്കുന്നില്ലെങ്കിൽ പോലും
ആരുമറിയുന്നില്ലെങ്കിൽ പോലും
ആ പ്രാർഥന പ്രദക്ഷിണവഴിചുറ്റി
സോപാനത്തിലൂടെ
ശ്രീലകപ്പടിയേറിയൊരു
തുളസിപ്പൂവായി മാറുന്നുണ്ടല്ലോ
കല്ലും മുള്ളും നിറഞ്ഞതായി
കൈയിലുമുണ്ടല്ലോ
ഒരവിൽപ്പൊതിയിവിടെയും
അതുകാണുന്നുമുണ്ടല്ലോ
ആകാശത്തിന്റെ വാതിലുകൾ...

Thursday, March 24, 2011

ചന്ദനമരത്തണൽ

തീരാക്കഥയെഴുതിയിടാൻ
ചുമരുകൾ വേണ്ട
മനസ്സിന്റെയനേകമനേകം
താളുകളിലങ്ങനെയനേകമനേകം
സങ്കല്പങ്ങളെയെഴുതാം
സ്വപ്നചിന്തുകളെ ചാർത്താം
ദു:സ്പനങ്ങളെ മായ്ക്കാം
ചരൽക്കൂനയിലെ ദൈന്യം
കാലുകളെ നോവിച്ചേയ്ക്കാം
ആഴിപ്പൂവാരിയെറിഞ്ഞതിൽ
മുക്കിയെറിയും
കൽച്ചീളുകളെയുപേക്ഷിച്ചൊരുപക്ഷെ
മനസ്സെടുത്തു സൂക്ഷിച്ചേയ്ക്കാം
കരിഞ്ഞുണങ്ങിയ ശരത്ക്കാലനിറമുള്ള
അശോകപ്പൂവുകളെ...
കൽപ്പെട്ടിയിലെ ചെമ്പകപ്പൂവുകളെ..
പിന്നെയാളുകൾ
വഴിയിലുപേക്ഷിച്ചു പോകുന്ന
ഉടഞ്ഞസ്ഫടികപാത്രങ്ങളും,
ചരൽക്കല്ലുകളും
കാണാതിരിക്കാൻ ശ്രമിക്കാം
അവയൊക്കെ കൈയാലെടുത്താൽ
വിരലുകൾ മാത്രമല്ല
ഹൃദയവും മുറിഞ്ഞേക്കാം..
മനസ്സിലുണരും വാക്കുകളെയെഴുതാൻ
വൻമതിലുകൾ വേണ്ട
അതിനുവേണ്ടതതൊരു
ചന്ദനമരത്തണൽ....
ഋതുക്കളുടെ പൂക്കാലത്തിനൊരു സത്യമുണ്ടാവും
ഋതുക്കളുടെ പൂക്കാലത്തെ
കൂടയിലാക്കി നടന്നത്
പ്രകൃതി തന്നതിനാൽ
അതാർക്കും കൊടുത്തയച്ചിരുന്നില്ലല്ലോ
അയയ്ക്കാത്തതെങ്ങനെ
തിരിച്ചയക്കുമെന്ന് ചോദിക്കുന്നു..
പിന്നെയാഹസ്തിനപുരിയിൽ
ചെങ്കോലിനും, രാജഭണ്ഡാകാരങ്ങൾക്കുമായ്
സത്യത്തെ കാട്ടിലേയ്ക്കാട്ടിപ്പായിച്ചതാരോ
കുനിഞ്ഞുവീണസത്യത്തെ
കൈയിലേറ്റി നിന്നതീഭൂമി
ഭൂമിയാസത്യത്തെയുരച്ചുലച്ചു
നിറം മാറ്റിയില്ല
ഉലയിലിട്ടുരുക്കി രൂപം മാറ്റിയുമില്ല....
ശിരോവസ്ത്രമിട്ടുവരും
മുഖപടങ്ങളേകുമടിക്കുറിപ്പുകൾക്ക്
മറുപടിയേകാൻ മടിക്കുന്നതുമതിനാൽ
പിന്നെ വേദപുസ്തകം
തുറന്നുനോക്കിയാലൊന്നുകൂടികാണാം
രാസവിദ്യയുടെ പനമരങ്ങൾ
പോലെ വളരുന്ന നിർവചനം...
അരികിൽ പനമരമായ്
വളർന്നുവലുതാകുന്നതാരോ?
അറിയുക
ഇങ്ങോട്ടേകിയതിന്റെ കാൽഭാഗം
പോലുമങ്ങോട്ടേകാനായില്ല
തുലാസുകളൊരുവശത്തേയ്ക്ക്
തൂക്കം തെറ്റിവീഴുന്നുവല്ലോ....
പറയാനേറെയില്ല
ഋതുക്കളുടെ പൂക്കാലത്തിനരികിലൂടെ
നടക്കുന്നതൊരിക്കലും
വെൺകൊറ്റക്കുടയുമാലവട്ടവും
ചൂടാനായല്ല
ഋതുക്കളുടെ പൂക്കാലത്തിനൊരു
സത്യമുണ്ടാവും
മുഖപടമുണ്ടാവില്ല......
ഘനശ്യാമസന്ധ്യയിൽ

സ്ഫടികചെപ്പുകളുടയുമ്പോൾ
അതിന്റെ ചില്ലുകളിൽ
തെളിയുമനേകമുഖങ്ങളിൽ
യാഥാർഥ്യവും പലതായേക്കാം
അയഥാർഥ്യങ്ങളുടെ
ആവരണങ്ങളോരോന്നായി
മാറ്റിയെടുക്കുമ്പോൾ
കാണാനവശേഷിക്കുക
കറുത്തിരുണ്ട സങ്കല്പകഥകളാവും
കുമ്പസാരക്കൂടുകളിലേറി
കാലമെഴുതുംകഥകളെന്തിനറിയണം
ഇരുട്ടിനെയുരച്ചുവെളുപ്പാക്കി
നടക്കട്ടെ കാലം
ആരെതിരുപറയാൻ
താഴ്വാരങ്ങളിൽ പാതിരിമരങ്ങൾ
പൂവു തേടുമ്പോൾ
വേനൽച്ചൂടിൽ
കത്തിയുരുകിയില്ലാതെയാവട്ടെ
ഉടഞ്ഞ സ്ഫടികപാത്രങ്ങൾ,
ചില്ലുകൾ, ഓടാമ്പലിട്ട്
തഴുതിട്ടുപൂട്ടിയോരോർമ്മകൾ...
ഘനശ്യാമസന്ധ്യയിൽ
വലയങ്ങളൊയൊക്കെ ഭേദിച്ചൊഴുകും
കടലിനുള്ളിലേയ്ക്കൊരു
പായ് നൗകതുഴഞ്ഞുപോകാമിനി....

Wednesday, March 23, 2011

ചെറിയ വലിയ സ്ഥലങ്ങൾ

ചെറിയ വലിയസ്ഥലങ്ങളെ
കാണാനായി നടക്കാമിനി
കൽവരായൻമലയരികിൽ
ഗോത്രവർഗങ്ങളെകാണാം
പരിഷ്കൃതനഗരങ്ങളുടെ
പുരോഗമനമറിയാത്ത
അപരിഷ്കൃതപ്രാചീനതയെ
അറിയാനായ് ശ്രമിയ്ക്കാം
ഉൽകൃഷ്ടമായ ഉപമോഖ്യാനങ്ങളിൽ
ദിഗന്തം നടുങ്ങും ശബ്ദങ്ങളിൽ
നിന്നിത്തിരിയകലെനിന്നാൽ
കാണമനേകമനേകം
പുൽമേഞ്ഞ കുടിലുകളെ
മൺവീടടുപ്പുകളെ
ചാണകം മെഴുകിയ പൂമുഖങ്ങളെ
വിശപ്പിന്റെ നൊമ്പരങ്ങളെ
കുന്നിറങ്ങി
നെടിയകുറിയ വഴിയിലൂടെ
അനേകകാതം നടന്നാൽ കാണാം
ചെറിയ വലിയ സ്ഥലങ്ങളെ...
നനുത്തകുളിർപുതച്ച കുറെയേറെ വാക്കുകൾ


ഒരിയ്ക്കൽ വിരൽതുമ്പിൽ
നിന്നിറ്റുവീണു
നനുത്തകുളിർപുതച്ച
കുറെയേറെ വാക്കുകൾ..
വയനാടൻ ചുരങ്ങളിലൂടെനടന്ന്
ഹരിതവനമേറി
വൃക്ഷശിഖരങ്ങളിൽകെട്ടിയ
വീടുകളിലെ കിളിവാതിലിലൂടെ
കാണുമാകാശത്തിനും ഭൂമിയ്ക്കുമെത്ര
ഭംഗിയായിരുന്നു..
പിന്നെയലയിടും സിംഹഗുഹകളിൽ
പതിയിരുന്ന സീൽക്കാരങ്ങളിൽ
തകർന്നുടഞ്ഞതുമതേ
നനുത്തവാക്കുകൾ
ചീറ്റിതെറിച്ച രക്തതുള്ളികൾ
തുടച്ച് പച്ചിലമരുന്നരച്ച്
ചൂണ്ടുപലകളിൽ ദൂരമളന്ന്
തിരിയെ കയറിയപ്പോഴേയ്ക്കും
തളർന്നുകുറെനേരമുറങ്ങിയതുമതേ
നനുത്ത വാക്കുകൾ
ഉറക്കമുണർന്ന്
കുടകപ്പാലകൾനിരയൊത്ത
പാതയിലൂടെ നടക്കുമ്പോൾ
കൈവിരൽതുമ്പിൽ
വീണ്ടുംപൂത്തുലഞ്ഞതുമതേ
നനുത്തവാക്കുകൾ....

Tuesday, March 22, 2011

 ചന്ദനമരങ്ങൾക്കരികിൽ

നക്ഷത്രങ്ങളുടെ ചിറകിലേറി
ചന്ദനമരങ്ങൾക്കരികിലൂടെ 
നടക്കുമ്പോഴാവും
അഗ്നിപർവതവിസ്ഫോടനങ്ങളെയറിയുക
അതിനിടയിൽ
ആകാശത്തിനരികിലൊരിക്കലൊഴുകിയ
മേഘസന്ദേശകഥകളെയൊന്നും
ഓർമ്മിക്കാനായിയെന്നുവരില്ല
കാലംതെറ്റിയോടുമോർമ്മകളിൽ
അഗ്നിപർവതങ്ങൾ തീകൊളുത്തിയ
കഥാപർവങ്ങളിൽ കത്തിയെരിഞ്ഞ് 
നേർമ്മയേറിയ പട്ടുപോലുള്ളൊരോർമ്മകളും കത്തിയില്ലാതെയായല്ലോ
ചാരക്കൂടയിൽതിരഞ്ഞാലൊരുപക്ഷെ
കരിഞ്ഞ തൂവലുകൾകിട്ടിയേക്കാം
അതിലും മഷിതൂവിയെഴുതാം
അല്ലെങ്കിലിനിയെന്തിനായൊരു
മേഘദൂതിൻചുരുളകളടർത്തിയതിലൊരു
ന്യായവിധിക്കഥയെഴുതണം
പർവതങ്ങളിലഗ്നിതൂവിപടയൊരുക്കി
ഭൂനൗകയുടെ പായ്മരമുലച്ച്
കഥകളെഴുതിയതാരോ?
അതും കാലം തന്നെയോ?
മൃദുവായെഴുതിയാലതൊരു
മേഘസന്ദേശകഥയാവുമോ
മനസ്സിലാവുന്നതിലല്പമിരുട്ടുതൂവി
പൂഴ്ത്തിവച്ചാലൊരുപകലിനു
മാറ്റുകൂടുമോ?
നക്ഷത്രങ്ങളുടെ ചിറകിലേറി
നടക്കുമ്പോഴാവും
അഗ്നിപർവതവിസ്ഫോടനങ്ങളെയറിയുക
ചന്ദനമരങ്ങൾക്കരികിൽ
കാലമെന്നേ സത്യത്തെ മായ്ച്ചു
അതിനാലിനിയറിയേണ്ടതായിട്ടൊന്നുമില്ലല്ലോ
കഥയിൽ...
നിരതെറ്റിവീഴുന്ന പുസ്തകങ്ങൾക്കിടയിൽ

അടുക്കിയിട്ടുമടുക്കിയിട്ടും
പലതും ചിന്നിചിതറുന്നുവല്ലോ
സമന്വയതാളം വിരലിൽനിന്നൂർന്നു
താഴേയ്ക്ക് വീണുചിതറുന്നു
ഒരുവാക്കിലുടക്കി മറ്റൊരു
വാക്കിലേറിയടുക്കിചേർത്തു
വയ്ക്കാനാവാതെ
അതങ്ങനെയസ്ഥാനത്ത്
തട്ടിയുടയുന്നു...
ഗ്രസ്ഥപ്പുരകളിൽ
പുസ്ത്കങ്ങളെല്ലാം
സ്ഥാനം തെറ്റിയിരിക്കുന്നു
കടലാസ്തുണ്ടുകളങ്ങിങ്ങ്
മാർഗം തെറ്റിപറക്കുന്നു
തറയോടുകളിലെന്തൊക്കൊയോ
തട്ടിയുടയുന്നു
ചിമ്മിനിവിളക്കിനരികിൽ
ഗ്രന്ഥപ്പുരയിലുടക്കിയ
മനസ്സിനെയുമടുക്കി
വയ്ക്കാനാവുന്നില്ലല്ലോ
അടുക്കിയിട്ടുമടുക്കിയിട്ടും
നിരതെറ്റിവീഴുന്ന
പുസ്തകങ്ങൾക്കിടയിൽ
കുരുങ്ങിക്കിടന്നതെന്താണാവോ

Monday, March 21, 2011

ഹൃദ്സ്പന്ദനങ്ങൾ

ഭൂവർണങ്ങൾ തൊട്ടെഴുതിയാൽ
ഒരു ശർത്ക്കാലമാകും
മഞ്ഞിന്റെ തുടുപ്പുള്ള ശിശിരത്തെ
പഞ്ഞിതുണ്ടുകളാക്കിയൊരു
ശിരോവസ്ത്രമുണ്ടാക്കാം
എഴുതിയില്ലാണ്ടാവയയെ
ഗ്രീഷ്മത്തിൽ കരിയിക്കാം
വേനൽമഴയിൽ വിരൽചേർത്ത്
വീണ്ടുമെഴുതാം
എഴുതാനായനേകമനേകം വാക്കുകൾ
മഴതുള്ളികൾ തേടിയരികിലിരിക്കുന്നു
വർഷകാലക്കുളിർ തേടി
ഇരുണ്ടുലഞ്ഞ കടൽത്തീരങ്ങളിലൂടെ
വിണ്ടുടഞ്ഞ ഭൂമിയിലൂടെ
നടക്കുമ്പോൾ
വിരലുകളിൽ വിങ്ങുന്നതന്തേ
ഉടഞ്ഞ ചില്ലുകളുടെ അസ്ഫുടതയോ,
ചിറകെട്ടി നിർത്താനാവാത്ത
ഹൃസ്പന്ദനങ്ങളോ,
ഉൾക്കടലിന്റെ ഉദാസീനതയോ
ദൃശ്യമായ അദൃശ്യതയുടെ
ആവരണങ്ങളോ??
എന്റെയിഷ്ടങ്ങൾ

അശോകപ്പൂമരത്തിൽ
ഉഷസന്ധ്യയുണരുന്നതു
കാണാനെനിക്കിഷ്ടമായിരുന്നു
പുലർകാലങ്ങളിൽ പുൽനാമ്പിലൂറും
കണ്ണുനീർത്തുള്ളികൾ
വിരൽതൊട്ടെടുക്കാനും
തൊടിയിലെ ചകോരങ്ങളുടെ
മനോഹരമായ
വർണതൂവലുകൾ കണ്ടിരിക്കാനും
കുയിൽ പാടുന്നതുകേൾക്കാനും
ഇഷ്ടമായിരുന്നു..
സോപാനസംഗീതം
കേൾക്കുന്നതും
ചെമ്പപ്പൂക്കൾക്കിടയിലൂടെ
സായം സന്ധ്യയിൽ
നക്ഷത്രങ്ങൾ കാണുന്നതും
മഴയിലൂടെ നടക്കുന്നതും
ആളൊഴിഞ്ഞ തിരക്കില്ലാത്ത
ആൽത്തറമുറ്റത്തിരിക്കുന്നതും
ആരോടും സംസാരിക്കാതിരിക്കുന്നതും
ഒക്കെയെന്റെയിഷ്ടമായിരുന്നു
ചക്രവാളത്തോളമെത്തിനിൽക്കും
കടലിനരികിലിരിക്കുന്നതും
രാവിലുറക്കമിളച്ച്
കവിതകൾ വായിക്കുന്നതും
കനവുകാണുന്നതും
ഇഷ്ടമായിരുന്നു
ആരും കാണാതെ
ദൈവങ്ങളോടു സംസാരിക്കാനും
കൽപ്പെട്ടിയിലെ
ഉണങ്ങിയ ചെമ്പകപ്പൂക്കളുടെ
സുഗന്ധമൊഴുകും പുടവചുറ്റാനും
മാമ്പൂക്കൾ വീണ
തൊടിയിലൂടെ നടക്കാനും
ഒരുപാടിഷ്ടമായിരുന്നു.
ഈയിഷ്ടങ്ങളെയൊക്കെ
വിലങ്ങിട്ടുവയ്ക്കാനാവുമോ??
പവിഴമല്ലിപ്പൂവുകൾക്കരികിലൂടെ
ഒരു നാൾ
സായംസന്ധ്യയ്ക്കരികിൽ
പ്രദക്ഷിണവഴിയിലൂടെ നടക്കുമ്പോൾ
ഇടയ്ക്കയിൽ ശ്രുതിചേർത്തിരുന്ന
സോപാനവും കടന്നെത്തിയ
ശബ്ദഘോഷങ്ങൾ കടുന്തുടിയേന്തി
ശിവതാണ്ഡവമാടി വിഭൂതിയിൽ
മൂടിയ ശൈലശൃംഗങ്ങളിൽ
രുദ്രാക്ഷങ്ങൾ പോലെ ചിതറി
അന്നും ആകാശത്തിൽ
നക്ഷത്രങ്ങളുണർന്നിരുന്നു
പിന്നൊയൊരിക്കൽ
ശരത്ക്കാലത്തിനോർമ്മപ്പാടുകൾ
തേടിനടന്ന ഭൂമിയോടൊപ്പം
സോപാനസംഗീതം കേട്ടിരിക്കുമ്പോഴും
ആകാശത്തിൽ നക്ഷത്രങ്ങളുണ്ടായിരുന്നുവല്ലോ
എന്നിട്ടുമിന്നീപ്രദോഷസന്ധ്യയിൽ
എവിടേക്കാണാവോ
ഗ്രാമാതിർത്തിയിൽ കൂടാരം
പണിതു താമസമാക്കിയവർ
കനത്തുകരിയുന്ന
മണ്ണെണ്ണവിളക്കുകളും കൈയിലേന്തി
വെളിച്ചം തേടി യാത്രയ്ക്കൊരുങ്ങുന്നത്
ആ കൂടാരക്കെട്ടുകൾ നക്ഷത്രങ്ങളെ
മൂടുന്നുവല്ലേ
അതിനാലിനിചുറ്റുമതിലിനുള്ളിലെ
പ്രദക്ഷിണവഴിയിലേക്ക്
നടന്നേക്കാം
പവിഴമല്ലിപ്പൂവുകൾക്കരികിലൂടെ
അവിടെ നക്ഷത്രങ്ങൾ
പൂത്തുലയുമാകാശം കാണാം
മറയില്ലാതെ...

Sunday, March 20, 2011

തുടക്കം മുതലെഴുതിയാൽ

തുടക്കം മുതലെഴുതിയാൽ
ഘനീഭവിച്ച മഞ്ഞുഭൂഖണ്ഡങ്ങളും
ഒരു സമുദ്രമായി മാറിയേക്കും
ഉപദേശങ്ങളുടെ ഉപഹാരങ്ങളിൽ
പരുത്തിനൂൽചേർത്തു തുന്നിക്കൂട്ടി
പിന്നിൽ നിന്നൊളിപാർത്ത
മിഴികളാരുടേതോ?
ആശ്രമശാന്തിയുമായൊഴുകിയ
ആദ്യാക്ഷരങ്ങളെ
വിഷമവൃത്തത്തിൽ 
ചുറ്റിയുലച്ചാഘോഷിച്ചതാരോ?
പിന്നെ പറയാനൊക്കെയെത്രയെളുപ്പം
അതിനരികിലിരുന്നിനിയാദ്യക്ഷരി പഠിക്കാം..
ഭൂമിയുടെ തുണ്ടുകളടർന്നുവീഴുമ്പോഴും
സമുദ്രത്തിലൂടെ പലതുമൊഴുകിപ്പോകുമ്പോഴും
ആദർശത്തിന്റെ മുഖം നഷ്ടപ്പെട്ടവർ
ജേതാക്കളെപോലെ നടന്നുനീങ്ങുമ്പോഴും
നമുക്ക് സബർമതിയെപ്പറ്റി
സംസാരിക്കാം
ദണ്ഡി, അഹിംസയെന്നിവയെപ്പറ്റി
നാൽക്കവലയിൽ ആളെക്കൂട്ടി
ശബ്ദഘോഷങ്ങൾ നടത്താം...
വെയിൽ കത്തിയാളുന്നുവല്ലോ
ഒളിപാർക്കാതെ തന്നെ ചിലരുടെയനേകം
മുഖങ്ങളെ നമുക്ക് കാണാനാവും
ഒളിപാർക്കാതെ തന്നെ ചിലരെ
നമുക്കറിയാനാവും
അതിനാകാശത്തിലൊഴുകും
അനേകഗ്രഹങ്ങളെ
വെളുത്ത ചെറിയ കവടിശംഖിലൊതുക്കും
പ്രവചനങ്ങളുടെ പിന്നാലെ
പോകേണ്ടതില്ല
ചിലതെല്ലാമങ്ങനെ...
ഇനിയകത്തെയറയിലിരുന്നൊരു
പുസ്ത്കമെഴുതാം
ഒരു വശത്തെഴുതാം
മറുവശം മൂടുപടമിട്ടു സൂക്ഷിക്കാം
ഒരു കൂടയിൽ നിറയ്ക്കാമിനി
തത്വസംഹിതകൾ..
എന്നിട്ടതെല്ലാമൊരു ചില്ലലമാരയിൽ
പ്രദർശനത്തിനു വയ്ക്കാം
അല്ലെങ്കിലുമെല്ലാമിന്നൊരു പ്രദർശനം..
തുടക്കമിനിയെന്തിനെഴുതണം
അതിനാലിനിയവസാനത്തെയോർത്തും
ആകുലപ്പെടേണ്ടതില്ല...
മഴതുള്ളിക്കവിത

മൺപാത്രങ്ങളിലൊതുങ്ങാതെ
മാനത്തുനിന്നൂർന്നിറങ്ങിയ
മഴപോലെയൊരു സ്വപ്നം
ഞാനിന്നും കണ്ടു
ഋതുക്കളുടെ പുടവചുറ്റി
മാഞ്ചുവട്ടിലിരുന്ന് ഗ്രാമത്തെ
മിഴിയിലാക്കിയെന്റെ
വിരൽ തുമ്പിൽ വന്നിരുന്ന്
തുള്ളിതുള്ളിതുടങ്ങിയാഘോഷമായ്
പെയ്ത ഞാറ്റുവേലമഴപോലെയൊരു
സ്വപ്നം...
തുളസിക്കതിരിറ്റുവീണ
നനഞ്ഞ മണ്ണിലിത്തിരിപ്പോന്ന
പുൽനാമ്പുകളെയുരുമ്മി
പെയ്ത മഴയെ മൂടാനൊരു
കുട തേടാത്ത ഗ്രാമത്തിനരികിലൂടെ
പെയതൊഴുകിയ മഴയിലൂടെ
ഭൂമിയോടൊപ്പം ഞാനും നടന്നു..
മഴപെയ്യാനിതുമഴക്കാലമല്ലെന്ന്
സ്വപ്നത്തിനെങ്ങനെയറിയാൻ....
സ്വപ്നത്തിലുണർന്നുവന്നതുമൊരു
മഴതുള്ളിക്കവിത...

Saturday, March 19, 2011

വാക്കുകളെയുറക്കാനാവുന്നില്ലല്ലോ

ഉറങ്ങിയ യാമങ്ങളിലെന്നോ
സ്വപ്നം കണ്ടുണർന്ന
വാക്കുകളെയുറക്കാനാവുന്നില്ലല്ലോ
തടാകമെഴുതും
കഥകളുടെയൊഴുക്ക് നിലയ്ക്കുകയും
ഭൂമിയുടെ പടിവാതിലിനരികിലേയ്ക്ക്
മലനിരയിറങ്ങി വന്ന
പതാകകൾ ഗ്രീഷ്മച്ചൂടിലൊരുപിടി
ചാമ്പലായി മാറിയപ്പോഴും
ഉറങ്ങിയ യാമങ്ങളിലെന്നോ
സ്വപ്നം കണ്ടുണർന്ന
വാക്കുകളെയുറക്കാനായില്ലല്ലോ
അനേകരുറങ്ങിപ്പോയ
ഭൂമിയുടെ ഒരു തുണ്ടു ചിതറിയടരുന്നുവല്ലോ
ഉറങ്ങിയ യാമത്തിലെന്നോ
കണ്ട ദു:സ്വപ്നത്തിൽ
ആരുടെ ഹൃദയമാണോ
തെരുവിലേക്കാൾക്കൂട്ടം
തൂക്കിയെറിഞ്ഞത്?
മഞ്ഞുകാലത്തിനോർമ്മയിൽ
നിസംഗത കൂടുകൂട്ടുമ്പോഴും
ഉറങ്ങിയ യാമങ്ങളിലെന്നോ
സ്വപ്നം കണ്ടുണർന്ന
വാക്കുകളെയുറക്കാനാവുന്നില്ലല്ലോ....
മൺഗോപുരങ്ങൾക്കരികിൽ

മൺഗോപുരങ്ങൾ
ഉടഞ്ഞുചിതറുമ്പോഴും
സമുദ്രമുയർന്നൊരു
തീരമൊഴുക്കിനീക്കുമ്പോഴും
അവശിഷ്ടങ്ങളുടെ
ആർഭാടങ്ങളെയണിയിച്ചൊരുക്കി
പരവതാനിയിലാക്കുന്നതാരോ
ശംഖിലെ തീർഥമെന്നപോലൊഴുകും
ഹൃദ്സ്പന്ദനങ്ങളിൽ
ദിനാന്ത്യങ്ങളുടെയാകുലതകൾ
മങ്ങിമായുമ്പോഴും
മുഖാവരണമില്ലാത്ത സങ്കല്പങ്ങളുടെ
തൂവൽമൃദുസ്പർശവുമായ്
മഞ്ഞുകാലം മുന്നിൽ നടന്നു നീങ്ങുമ്പോഴും
പുരുഷാർഥത്തിന്റെ പൊരുളറിയാതെ
നൂറ്റാണ്ടുകളുടെ ശിലാഫലകങ്ങളെയറിയാതെ
തീരമണലെണ്ണിയിരിക്കുന്നതാരോ
അടർന്നുവീണ അസ്തമയതുണ്ടുകൾക്കരികിൽ
അനേകം നക്ഷത്രങ്ങൾ മിഴിതുറന്നുണരുമ്പോൾ
മൺഗോപുരങ്ങൾക്കരികിലും
സന്ധ്യ തെളിയിക്കുന്നുവല്ലോ
അനേകമനേകം ദീപങ്ങൾ
പ്രകാശപൂരിതമായ സന്ധ്യക്കരികിലും
മുഖപടമണിയുന്നതാരോ??

Friday, March 18, 2011

ജാലകവാതിലിനരികിൽ


ഉഷസന്ധ്യയുടെ
നനുത്ത മഞ്ഞുകണങ്ങൾ
എത്രവേഗത്തിൽ മാഞ്ഞില്ലാതെയാവുന്നു
ഈറനുടുത്തൊരുങ്ങിയ
സുഗന്ധമല്ലികകളെത്രവേഗം
കനൽവെയിലേറ്റുപൊഴിയുന്നു
മിഴിയിൽ കരിഞ്ഞപുകയുടെ നീറ്റൽ
ചുറ്റിലും ഉലഞ്ഞ ഭൂമിയുടെ തുണ്ടുകൾ
കാറ്റിൽ പറന്നുപോയതെന്തേ
കാഴ്ച്ചക്കപ്പുറം മാഞ്ഞ
ശിശിരചിമിഴിലുറങ്ങിയ
മഞ്ഞുപൂക്കൾക്കരികിൽ
കത്തിയുരുകും വീടുകൾ
തകരുമുത്തുംഗസൗധങ്ങൾ...
കാണാപ്പാടിനരികിലൊരവ്യക്തബിന്ദുവായ്
മായുന്നുവോ പ്രപഞ്ചം...
വിരലുകളിലുമൊരാകസ്മികചലനം
എഴുതിയിട്ടുമെഴുതിയിട്ടും തീരാത്ത
വാക്കുകളുടെയാന്ദോളനം...
ആകാശഗോപുരങ്ങളിറങ്ങി
ചക്രവാളത്തെതൊട്ടു താഴേയ്ക്കിറങ്ങി
വരുന്നുവോ ഒരു സർഗം
മിഴിയിലൊതുങ്ങുന്നരികിലൊരു ലോകം
മിഴിയിലൊതുങ്ങാതെ
കടലേറിയ ദ്വീപുകളിൽ
കണ്ണുനീർ തൂവുന്നു വേറൊരു ലോകം
ഇടനാഴിയിലെ നിശബ്ദതയ്ക്കപ്പുറം
ജാലകവാതിലിനരികിൽ
മുനമ്പിലെ സമുദ്രത്തിന്റെയാരവം....
മതിലുകൾക്കരികിൽ
കാതോർത്തുനിൽക്കുന്നതാരോ

ഇനിയുമെഴുതാനാവാത്തവിധം
എതിർചുമരുകൾ നിറഞ്ഞിരിക്കുന്നു
എഴുതിയിട്ടുമെഴുതിയിട്ടും
തീരാത്തൊരവസ്ഥാന്തരത്തിലെത്തി
നിൽക്കുന്നു മനസ്സും..
ചിറകു നീർത്തിപറക്കും
ആകാശപ്പറവകൾക്കരികിൽ
മുകിലുകൾക്കെന്നുമോരോരോ രൂപം
അളന്നുതിട്ടപ്പെടുത്തിയ
ലോകത്തിനതിരുകളിൽ നിന്നുയരുന്നു
ആരുഢശിലകളിലെയാന്തൽ
ഇരുപുറവും വിപരീതങ്ങളിലേയ്ക്ക്
നീളുമരുളപ്പാടുകളിലൂടെ
ഒരുവശത്തേയ്ക്ക് ചെരിയുന്ന
ഗോപുരങ്ങളിലിന്നും
കല്പനകളെഴുതിനീട്ടുന്നതാരോ?
എഴുതാനിരുന്നപ്പോഴൊക്കെയും
മൺതട്ടെറിഞ്ഞുലച്ച്
പിന്നിൽ നിഴലുകളെ മേയിച്ചെത്രയോ
നാളീജാലകവാതിലുലഞ്ഞിരിക്കുന്നു
ഉലയാത്ത മനസ്സിൽ സമാധിയിലായ
അക്ഷരങ്ങളെയുണർത്തിചേർത്തടുക്കി
വയ്ക്കുമ്പോളിന്നറിയാം
പലരുമനേകകാര്യങ്ങൾ പറയും
അതൊക്കെയവരുടെ
കാര്യസാധ്യത്തിനായെന്നുമാത്രം
അതിനാലിന്നീജാലകവാതിലിനകിലിരിക്കുമ്പോൾ
ചുമരെഴുത്തുകളെയോർക്കാറില്ല...
മതിലുകൾക്കരികിൽ
കൽവരികളിൽ തട്ടിയുടഞ്ഞ
ഭൂമിയുടെ ഒരിത്തിരി മണ്ണിനരികിലിന്നും
കാതോർത്തുനിൽക്കുന്നതാരോ...

Thursday, March 17, 2011

നക്ഷത്രമിഴികളിലെ വെളിച്ചം മായുന്നില്ലല്ലോ
എഴുതാൻ വൈകിയ
കഥപോലെയകന്നുനീങ്ങും
ദിനാന്ത്യങ്ങളിൽ
ചുമർചിത്രങ്ങളിൽ നിന്നിറങ്ങിവരുന്നു
പുരാണകാഥികർ
തിരക്കേറിയ ചിന്തകളിൽ
തീ കൊളുത്തിയതിൽ
നിറയും വിഭൂതിയിൽ
മുങ്ങിയ മായികക്കാഴ്ച്ചപോലെ
നിറം മങ്ങിപ്പോകുന്നു കഥകൾക്കും.
ഋതുക്കൾ നീർത്തിയിട്ട
വെയിൽനാളങ്ങൾക്കരികിലൊരു
മഴ പെയ്തിരുന്നുവെങ്കിൽ
പേടകങ്ങളിൽ ഭദ്രമായൊരുക്കി
സൂക്ഷിച്ചതൊക്കെ ചിന്നിചിതറുന്നു
കൈയാൽ തടുത്തുകൂട്ടി
വയ്ക്കാനാവാതെ ചുമരുകളിളകുന്നു
ചുറ്റിലുമൊഴുകുന്നതെന്തേ
കുടഞ്ഞിട്ട മൺപാത്രങ്ങൾ
പോലെ പലതും തകരുന്നുവല്ലേ
ശേഷിപ്പുകളിനിയെന്തു ബാക്കി..
അരികിലെ ദ്വീപിന്റെയാത്മകഥയിൽ
നിന്നൊഴുകുന്നു കണ്ണുനീർത്തുള്ളികൾ
അയൽരാജ്യത്തെ
കാഴ്ചകൾക്കെല്ലാമിന്നൊരു
ദു:സ്വപ്നത്തിന്റെ നിറം...
എങ്കിലും നക്ഷത്രമിഴികളിലെ
വെളിച്ചം മായുന്നില്ലല്ലോ....

Tuesday, March 15, 2011

പുരാവൃത്തം

പുരാവൃത്തങ്ങളിൽ
പഴയ ആവർത്തനങ്ങൾ
പനയോലകളിൽ കോറിയിട്ട
ലിപികൾ പോലെ
എത്രയേറെയറിവൊഴുകിലും
എത്രയേറെ ഭൂഖണ്ഡങ്ങളിലൂടെ
നടന്നു നീങ്ങിലും
വെളിച്ചത്തിന്റെയൊരു
നറുംതരിയില്ലാതെയിരുട്ടിലൊഴുകും
ചില യുഗഭാവങ്ങൾ
അതിനിടയിലൊഴുകിപ്പോകും
പ്രതിബിംബങ്ങൾ
പ്രകീർത്തനങ്ങളുടെ
നാലടുപ്പിൽ പുകതേടുന്നതാരോ.
പുകഞ്ഞതെല്ലെം വീണ്ടും
പുകച്ചു ചായം പൂശുന്നു മിഥ്യ..
നടന്നുനിങ്ങുമ്പോൾ
ആവണിപ്പലകയിലിരുന്നെഴുതിയ
ആദ്യാക്ഷരങ്ങൾ മാത്രം
വിട്ടുപിരിയാതെ കൂട്ടിരുന്നു
അതിനരികിലൊഴുകിയുയർന്നതൊരു
കടൽ..
മുന്നിൽ പുരാവൃത്തിന്റെയാവർത്തനങ്ങൾ
കൽപ്പെട്ടി തുറന്നുവരുന്നു...
എത്രവേഗത്തിൽ മാഞ്ഞു മഞ്ഞുകാലം

എത്രവേഗത്തിൽ
മാഞ്ഞു മഞ്ഞുകാലം
കിഴക്കേ മുറ്റത്തെ പൂവരശിൽ
കെട്ടിയ ഊഞ്ഞാൽപ്പടിയിൽ
നിന്നിറങ്ങി മെല്ലെ നടന്നു
നീങ്ങുന്നു മഞ്ഞുറവകൾ
പ്രഭാതത്തിന്റ മഞ്ഞുപുടവകളിൽ
കത്തിയാളുന്നു വെയിൽ
നടപ്പാതയിലൂടെ
നടക്കുമ്പോൾ കരിഞ്ഞുണങ്ങിയ
ഇലകൾക്കപ്പുറം കനലാട്ടം...
കടലിളകിയതും തിരയേറിയതും
കണ്ടാകുലപ്പെട്ട
ലോകത്തിനരികിലൂടെനടന്നുവന്ന
സന്ധ്യയ്ക്കൊരു
മൺവിളക്കിന്റെ തണുപ്പ്
വിരലുകളിലെ നക്ഷത്രങ്ങളിൽ
കുടമുല്ലപ്പൂക്കൾ വിരിയവെ
തീർഥക്കുളത്തിൽ മുങ്ങിയുണർന്ന
പ്രദോഷത്തിനരികിലൂടെ
എഴുതിതീർക്കാനാവാഞ്ഞ
പുസ്തകമടച്ചു വച്ച്
നടന്നുനീങ്ങുന്നുവോ
ശിശിരകാലമേഘങ്ങൾ...

Monday, March 14, 2011

ശംഖിനുള്ളിലെന്നും സമുദ്രമായിരുന്നു...

ജാലകം തുറന്നിട്ടാൽ
മാറി മാറിവരുന്ന ഋതുക്കളെ കാണാം
കടൽ കാണാം, ആകാശവും കാണാം
അതിനിടയിലിടക്കിടെ
തണൽമരങ്ങൾക്കരികിൽ
അലോസരപ്പെടുത്തുന്ന കുറെ
ഓർമ്മകളുടെ നിഴലനക്കങ്ങളും...
കൈയെത്തും ദൂരത്തിൽ
കനലെരിയും മദ്ധ്യാഹ്നത്തിൽ
കണ്ടിരുന്നു മഹായാനങ്ങൾ
നങ്കൂരമിട്ടിരുന്ന ഒരഴിമുഖം...
അഴിമുഖങ്ങളിലൊഴുകി നീലമത്സ്യങ്ങൾ
പിന്നൊയൊരു തിരയേറ്റത്തിൽ
കാല്പ്പദങ്ങളിലൂടെയൊഴുകിപ്പോയതൊരുപിടി
മണൽ
കൈയിൽ വന്നിരുന്നൊതൊരു ശംഖ്...
ജാലകത്തിനരികിലിപ്പോൾ
അശോകപ്പൂവിന്റെ നിറമുള്ള സായന്തനം
ശംഖിനുള്ളിലെന്നും
സമുദ്രമായിരുന്നു...
ജാലകത്തിനരികിൽ കണ്ട
അതേ സമുദ്രം....
ശംഖിനുള്ളിലെന്നും സമുദ്രമായിരുന്നു

ജാലകം തുറന്നിട്ടാൽ
മാറി മാറിവരുന്ന ഋതുക്കളെ കാണാം
കടൽ കാണാം, ആകാശവും കാണാം
അതിനിടയിലിടക്കിടെ
തണൽമരങ്ങൾക്കരികിൽ
അലോസരപ്പെടുത്തുന്ന കുറെ
ഓർമ്മകളുടെ നിഴലനക്കങ്ങളും...
കൈയെത്തും ദൂരത്തിൽ
കനലെരിയും മദ്ധ്യാഹ്നത്തിൽ
കണ്ടിരുന്നു മഹായാനങ്ങൾ
നങ്കൂരമിട്ടിരുന്ന ഒരഴിമുഖം
അഴിമുഖങ്ങളിലൊഴുകി നീലമത്സ്യങ്ങൾ
പിന്നൊയൊരു തിരയേറ്റത്തിൽ
കാല്പ്പദങ്ങളിലൂടെയൊഴുകിപ്പോയതൊരുപിടി
മണൽ
കൈയിൽ വന്നിരുന്നൊതൊരു ശംഖ്...
ജാലകത്തിനരികിലിപ്പോൾ
അശോകപ്പൂവിന്റെ നിറമുള്ള സായന്തനം
ശംഖിനുള്ളിലെന്നും
സമുദ്രമായിരുന്നു...
ജാലകത്തിനരികിൽ കണ്ട
അതേ സമുദ്രം....
കേൾക്കാനിനിയും കഥകളുണ്ടെന്നറിയാം
മണലാരണ്യത്തിലൂടെയോ
മരുഭൂമിയിലൂടെയോ
കുനിഞ്ഞ ശിരസ്സുമായ്
നിനക്ക് നടന്നുപോവാം
ഇടത്താവളങ്ങളിൽ
നുകരാനൽപ്പമച്ചടിമഷിയും
കരുതുക....
എന്റെകൈയിലിപ്പോൾ
അമൃതേയുള്ളു
പാലാഴികടഞ്ഞുയർന്നോരമൃത്
അതുതൊട്ടെഴുതുന്നതെന്റെ
വിരലുകളല്ലേ
അതിനുനീയെന്തിങ്ങനെ
അസൂയപ്പെടണം
നിന്റെയെഴുത്തുകണ്ടാൽതോന്നും
ഈലോകമെന്ന മഹാഗോപുരം
ദൈവം നിനക്കായി തീറെഴുതി
തന്നതെന്ന്
നീ മരുഭൂമിയിലൂടെയോ
മണലാരണ്യത്തിലൂടെയോ
നടക്കുക
എനിയ്ക്ക് നടക്കാനിവിടെയൊരു
മുനമ്പിൽ മഹാസാഗരതീരമുണ്ടല്ലോ
തഥാഗതകഥകൾ
ബോധഗയയിലെ
വടവൃക്ഷച്ചുവട്ടിലിരുന്നൊരുനാൾ
ഞാനും കേട്ടതാണല്ലോ
വാനപ്രസ്ഥത്തിനു സമയമായിട്ടും
അശാന്തിമന്ത്രമുരുവിട്ട് മരുഭൂമിയിറങ്ങി
വരുന്നതാരോ
കേൾക്കാനിനിയും കഥകളുണ്ടെന്നറിയാം
കാതോർത്തിരിക്കുന്നില്ല....
എന്റെ ഭാവികാലത്തിനടിക്കുറിപ്പ്
തേടി നീയാകുലപ്പെടേണ്ടതില്ല
അതിലൊരു തുള്ളിയമൃതുണ്ടെന്ന്
മാത്രമറിഞ്ഞിരിക്കുക....

Sunday, March 13, 2011

ഹൃദ്സ്പന്ദനങ്ങൾ

ചുരംകടന്നോടിയ
പകൽവെളിച്ചത്തിനരികിലിരുന്നൊയിരം
പ്രണയകാവ്യമെഴുതി
രാത്രിയുടെയിരുട്ടുമായ് നിങ്ങിയ മുഖമേ
പറയുകയിനിയും
പകലിൻ പൊന്നാടകളിലെ
പകിട്ടെവിടെയൊളിച്ചു
ഘനശ്യാമമേഘങ്ങൾ
ശ്രുതിമാറ്റിയെഴുതിയ
ചക്രവാളത്തിനരികിലെ
തിരയേറും കടലുയരുന്നുവല്ലോ
തീവ്രപരിചരിണത്തിൽ
നിന്ന് കാൽതെറ്റിവീണ
ദ്വീപിനരികിലിരുന്ന്
വിധിയുടെ വർണപ്പൊട്ടുകളില്ലാത്ത
ചുമർചിത്രങ്ങൾ കാണാമിനി
ആരുമവിടെയൊന്നും പറഞ്ഞില്ലല്ലോ
പിന്നെയെന്തിങ്ങനെ
ഉലയുന്നൊരുത്ഭവചെപ്പിൽ
നീർക്കുമിളകളായ് മുങ്ങിപ്പൊങ്ങുമ്പോഴും
വർണ്ണപ്പൊട്ടുകളില്ലാത്ത വിധിരേഖകളുടെ
ഉലയുന്ന തീരങ്ങളിലൂടെ നടക്കുമ്പോഴും,
തകർന്നടിയും ഗോപുരപ്രാന്തങ്ങളിലോടുമ്പോഴും
ഒളിപാർത്തു തടുത്തുകൂട്ടി
പേടകത്തിലാക്കിയ
അയൽക്കാരുടെയാകുലതകളോടന്തേയീ
ലോകത്തിനിത്ര പ്രിയം...
അതിനുമപ്പുറം ലോകാലോകപർവതമിറങ്ങി
താഴേയ്ക്ക് വരുന്നതാരോ??

കടലെന്തേയിങ്ങനെ

കടലെന്തേയിങ്ങനെ
സൂരോദയം സൂക്ഷിക്കും
രാജ്യത്തിൻ തീരങ്ങളുലയുന്നുവല്ലോ
കിരീടങ്ങളിൽ നിന്നടരുന്നുവല്ലോ
രത്നങ്ങൾ
ആൾക്കൂട്ടത്തിനാകുലതയ്ക്കരികിലെ
ഭൂമിയുടെ ഭ്രമണതാളത്തിനക്ഷരകാലം
തെറ്റുന്നുവല്ലോ
ഒഴുകിമായുന്നുവല്ലോ
മനുഷ്യസൃഷ്ടികൾ,
ഗോപുരങ്ങൾ, മഹായാനങ്ങൾ
കൈവിരൽതുമ്പിലുമൊഴുകുന്നുവോ
മറ്റൊരു കടൽ
മിഴിയിലൊഴുകുന്നതിപ്പോൾ
നിസംഗതയുടെ മുത്തുകൾ
കാഴ്ച്ചകളനേകം കണ്ട്
കണ്ണീരിനുറവയെന്നേവറ്റിയിരിക്കുന്നു
കടലിനരികിലെ ദ്വീപുകളുലയുന്നുവല്ലോ
ഊർജ്ജത്തിനുറവകളിൽ
തീയാളുന്നുവല്ലോ
കടലെന്തേയിങ്ങനെ???
ഭൂമിയെന്തേയിങ്ങിനെ??

Saturday, March 12, 2011

ഇനിയുണരുമുഷസ്സുകളിൽ

ഒരുദിനാന്ത്യക്കുറിപ്പായ്
എഴുതിയെഴുതിയൊരുമുഴം ചരടിൻതുമ്പിൽ
നിഴൽപാവക്കൂത്താടിക്കാനാവില്ലല്ലോ
മനസ്സിനെ
ഒരുനാളങ്ങനെയാരോ കരുതി
അത് ശരിയല്ലയെന്നെഴുതിയെഴുതിയിന്നും
വിരലുകളിൽ ചോരകിനിയുന്നുവല്ലോ
ഉഷസന്ധ്യയുടെ പൊൻതുണ്ടുകളിൽ
നിന്നകന്ന് പിന്നിൽ വിരിഞ്ഞ നിഴലുകൾ
കുറെ ദിനങ്ങളും, സ്വപ്നങ്ങളും
കവർന്നെവിടേയ്ക്കോ പോയി..
സംവൽസരങ്ങളുടെ ചെപ്പിലും
വീണിരിക്കാം കുറെ നഷ്ടങ്ങൾ..
എഴുതിമായ്ച്ചൊരിടനാഴിയിൽ
വീണുടഞ്ഞ ചില്ലുകളിൽ കോറിമുറിഞ്ഞ
അക്ഷരങ്ങൾ മൃതസജ്ഞീവിനിയിൽ
മുങ്ങിയുണർന്നരികിലേക്ക് വരുന്നുവല്ലോ
ഇനിയുണരുമുഷസ്സുകളിൽ
സോപാനത്തിനരികിലെ
തൂക്കുവിളക്കിൽ പ്രകാശപ്പൂവുകൾ
വിരിയുന്നതും കണ്ടിരിക്കാം...
നിഴൽപ്പാടിൽ മുങ്ങിയൊരു
ദിനാന്ത്യക്കുറിപ്പായ്
എഴുതിയുടക്കാനാവില്ലല്ലോ
മനസ്സിനെ..
കഥയിലിനിയെന്തെന്നറിയേണ്ടതില്ല

കഥയിലൊരുകാര്യമുണ്ടെന്നെഴുതിയതാരോ?
പിന്നെയെല്ലാറ്റിനുമൊരു മറയിട്ട്
വേലിചുറ്റി പടിപ്പുരകെട്ടിയോടുപാകി
ചുറ്റുമതിൽപണിത്
മുറ്റം നിറയെ ചരൽപാകിയൊരായിരം
പൂമരങ്ങൾ നട്ടു പിന്നെയാ
പൂമുഖപ്പടിയിലിരുന്നാകഥയെന്തിങ്ങനെയെന്ന്
ആലോചിക്കാമല്പനേരം..
കഥയിലെകാര്യം തേടിതേടിയൊഴുകിയ
ഋതുക്കളുറക്കിയ ദിനങ്ങളെഴുതിയ
നീണ്ടകഥയുടെ പര്യാപ്തിയിൽ
മഷിയുണങ്ങിയ പാടുകളനേകം..
അതിനപ്പുറമൊരു കോട്ടമതിലിൽ
തട്ടിയുടഞ്ഞുമുഴങ്ങും പ്രതിധ്വനിയാരുടേതോ?
ഒളിപാർക്കും മിഴിയ്ക്കെന്നും രാവിൻതിമിരം..
മൺചിരാതിലൊഴുകിയ
അശോകപ്പൂവിൻ നിറമുള്ള
സന്ധ്യയ്ക്കെന്തു തിളക്കം..
കഥയിലിനിയെന്തെന്നറിയേണ്ടതില്ല
അറിഞ്ഞതുതന്നെയധികം..
വിതാനങ്ങൾക്കരികിലെയൊരു
പൂപ്പാത്രത്തിലൊതുങ്ങില്ലല്ലോ
ഋതുക്കൾ വിരിയിക്കും പൂവുകൾ...

Friday, March 11, 2011

ആകാശത്തിലെ നക്ഷത്രങ്ങൾ

ആകാശച്ചെരിവിൽ
നക്ഷത്രമിഴിയിലുണരും
പ്രകാശത്തെയൊരു
മൺചിരാതിലേയ്ക്കൊഴുക്കാൻ
വെളിച്ചമുൾക്കൊള്ളാനാവും
മിഴികൾ മാത്രം മതി
അതുണ്ടായാൽ
സ്വർഗവാതിലുകൾക്കരികിൽ
ദൈവത്തെയും കാണാനാവും
വിരൽതുമ്പിൽ സുവർണലിപികളേകി
സ്വർഗമൊരു സർഗമാകുന്നതും
കാണാനാവും
കടലാസുതുണ്ടുകളിലെ
പ്രവാചകവചനങ്ങളിൽ
അച്ചടിമഷിയുടെ അധികഗന്ധമുണ്ടാവും
സ്വർഗോദ്യാനത്തിലെ പൂക്കളുടെ
സുഗന്ധമതിലുണ്ടാവില്ല
ആകാശച്ചെരിവിനരികിൽ
ചക്രവാളത്തെ തൊട്ടുണരും
നക്ഷത്രമിഴിയിലെ പ്രകാശമൊഴുകും
മണചിരാതുകളനേകം
ഭൂമിയുടെ സന്ധ്യാമണ്ഡപത്തിലെന്നും
തെളിയുമ്പോൾ
ദൈവത്തെ തേടി
പ്രവാചകവചനങ്ങളിൽ
മുങ്ങിതാഴുന്നവരോടെന്തുപറയാൻ
മുൾവേലികളിലുടക്കി
ശിശിരകാലമേഘങ്ങളങ്ങനെയൊഴുകട്ടെ
മഞ്ഞുകാലത്തിനോർമ്മയിലിപ്പോൾ
മൂടൽമഞ്ഞുപോലുമില്ലല്ലോ
ഋതുക്കളങ്ങനെ...
ആകാശത്തിലെ നക്ഷത്രങ്ങൾ
വിളക്ക് തെളിയിക്കുന്നു
അതൊരു മുൾവേലിയിലും
തട്ടിയുടയുന്നുമില്ല....

Thursday, March 10, 2011

അതെല്ലാവർക്കുമറിയുന്ന കാര്യം

അതെല്ലാവർക്കുമറിയുന്ന കാര്യം
എഴുതിതീർത്ത് ചുരുട്ടിക്കൂട്ടി വലിച്ചങ്ങെറിയാൻ
ജീവിതമൊരു കടലാസുതുണ്ടല്ലല്ലോ
എഴുത്തുമഷിതൂവിയതിൻ നീറ്റൽ പുരണ്ട
കുറെ വിരലുകളിലൂടെയൊഴുകും

കഥയില്ലാക്കഥയുടെ കാമ്പില്ലായ്മയിലൊഴുകാൻ
ജീവതമൊരു കോലുമഷിതണ്ടല്ലല്ലോ
ആരെയോ രാജസിംഹാസനത്തിലേറ്റാൻ
ഭൂമിയ്ക്കൊരു വിലാപകാവ്യമെഴുതി
അന്തിമകർമ്മം നടത്തിയങ്ങുപോവാനെത്രയെളുപ്പമല്ലേ
ചായക്കൂടകൾക്ക് രാജകീയരംഗപ്രവേശനത്തിനായ്
ഭൂമിയ്ക്കൊരു ചരമഗീതവുമെഴുതിയിടാം
സുവർണഫലകങ്ങളിൽ....
നിഴലനങ്ങുന്നൊരിടനാഴിയിലൂടെ
നടക്കുമ്പോഴും, തച്ചുടച്ച വാതിലനരികിൽ
നിൽക്കുമ്പോഴും, കൽച്ചീളുകൾ
കാല്പ്ദങ്ങളെ നോവിക്കുമ്പോഴും
ഉടഞ്ഞചില്ലുകളിലുരസി വിരൽതുമ്പിൽ
ചോരപൊടിയുമ്പോഴും  
മനസ്സെഴുതിയതെത്രയോ ശരി
ചുരുട്ടിക്കൂട്ടി ചവറ്റുകൂടയിലേക്കിടാൻ
ജീവിതമൊരു പിടി കരിയിലയല്ലല്ലോ.
മഞ്ഞുതൂവിനീങ്ങുംശിശിരത്തിലും
 പവിഴമല്ലിപ്പൂക്കളുടെ നേർമ്മയേറിയ
സുഗന്ധമൊഴുകും പ്രദിക്ഷണവഴിയിലിരിക്കുമ്പോഴും
മനസ്സുപറയുന്നതങ്ങനെതന്നെ
എഴുതിതീർത്ത്
ചുരുട്ടിക്കൂട്ടിയൊരു കൂടയിലേയ്ക്കെറിയാൻ
ജീവിതമൊരു കടലാസ് തുണ്ടല്ലല്ലോ
അതല്ലേ ശരി...
ശിശിരമൊരു മഞ്ഞുതുള്ളിയായുറയട്ടെ

കാലഹരണപ്പെട്ടനിമിഷങ്ങളിൽ
മൃദുവായി കനൽകോരിയിട്ടാഹ്ളാദിക്കുന്ന
മധ്യാഹ്നസൂര്യനറിയാത്തതൊന്നുമാത്രം
കനലിൽ കത്തിയതെല്ലാമൊരു
ചാമ്പൽക്കൂടയിലാവുമെന്ന സത്യം..
ഋതുക്കളും സൂക്ഷിച്ചേയ്ക്കാമാരണ്യകങ്ങളിൽ
കനൽ കൂട്ടിയിടാനല്പം കരിയിലകൾ
കത്തിതീർന്നതെല്ലാമൊരുമഴക്കാലം
മണ്ണിലലിയിച്ച് ജലാശങ്ങളിലേയ്ക്കൊഴുക്കിയേക്കാം..
പിന്നെയുമുണർന്നേയ്ക്കാമൊരുഷസന്ധ്യ
അതിനരികിൽ സംഗീതവുമൊഴുകിയേക്കാം
പിന്നെയും മദ്ധ്യാഹ്നവും, സായാഹ്നവും
കടന്നൊരു സന്ധ്യയിൽ
നക്ഷത്രങ്ങൾ സാക്ഷിനിൽക്കും
വാനത്തിനരികിൽ
കത്തിയെരിഞ്ഞ കനലിലൂടെ
നടന്നു നീങ്ങും മനസ്സിലൊരു
കടലുമൊഴുകിയേക്കാം
അവിടെ തിരയൊതുങ്ങിയ തീരങ്ങളിൽ
ഭൂമി നക്ഷത്രവിളക്കുകളുമേന്തി
നടന്നു നീങ്ങിയേക്കാം...
കാലഹരണപ്പെട്ട നിമിഷങ്ങളിൽ
വീണുടയട്ടെ കനലുകൾ
ശിശിരമൊരു മഞ്ഞുതുള്ളിയായുറയട്ടെ
കനൽച്ചിന്തുകളിൽ...