Tuesday, July 31, 2012

നക്ഷത്രങ്ങളുടെ കവിത

നക്ഷത്രങ്ങളെഴുതിയ
കവിതയിലൊഴുകി
ആത്മാവിന്നനുസ്വരങ്ങൾ
പകലിൻ പട്ടടത്തീയിൽ
പട്ടുനൂലുകൾ
കത്തിയെരിയുമ്പോൾ
സമുദ്രം പറഞ്ഞുകൊണ്ടേയിരുന്നു
ഉൾക്കടലെന്നും ശാന്തം

മറയിട്ട ഗുഹാവാതിലിലെ
ശിലാലിഖിതങ്ങളപരിചിതമായ്
തീർന്നൊരു ഋതുവിൽ
എഴുത്തുമഷിയിൽ മുങ്ങി
സങ്കീർണ്ണമായ് തീർന്ന

ഹൃദയകാവ്യങ്ങൾക്കായ്
ഭൂമി പണിതു
ത്രിനേത്രാഗ്നിയിലെരിയാത്ത
ഒരു കൽശിലാസ്തൂപം


മഴയിലൊഴുകിയ
മന്ത്രങ്ങൾ ചേർത്തടുക്കി
ആഷാഢമേഘങ്ങൾ നീങ്ങിയ
ആകാശത്തിനരികിൽ
സമുദ്രചക്രവാളം
പറയുന്നുണ്ടായിരുന്നു
ഇവിടെയാണു നക്ഷത്രങ്ങളുടെ
പ്രപഞ്ചം...
 മൊഴി

മുദ്രകൾക്കുള്ളിൽ
മുഖപടങ്ങൾക്കുള്ളിൽ
മുഖം താഴ്ത്തിനിൽക്കും
പതാകയിലെ വർണ്ണങ്ങളേ
പൊടിതുടച്ചുമിനുക്കിയാലും
ആരവങ്ങൾക്കിടയിലും
അനീതിപത്രികൾക്കിടയിലും
മാഞ്ഞുതീരാത്ത
വെങ്കലപ്പതക്കങ്ങൾ

ഓടിട്ടുമേഞ്ഞ മേൽക്കൂരയിലെ
മേച്ചിലോടുകളുടച്ചേറിയ
ആൽ മരച്ചില്ലകളേ
ഇരുമ്പുചങ്ങലയുലയ്ക്കും
സമുദ്രത്തിനിരമ്പം
ഹൃദ്സ്പന്ദനത്തിലലിയുന്നതു
കണ്ടാലും

കസവുനൂലിലിഴചേർക്കും
സന്ധ്യാദീപപ്രകാശമേ
മുറിഞ്ഞടർന്ന പകലിനൊരിതളിൽ
ചന്ദനം തൂവിയ ദീപാരാധനയിൽ
മിഴിയിൽ നിറയും
ശ്രാവണത്തിൻ ചില്ലയിൽ വിരിയും
മഴക്കാലപ്പൂവുകളിൽ
ഗ്രഹങ്ങൾ നീർത്തിയ
ത്രിനേത്രാഗ്നിയാവഹിച്ചാലും

എഴുതിതീർക്കാത്ത
ഹൃദ്സ്പന്ദനകാവ്യങ്ങളേ
നക്ഷത്രങ്ങളുണരുമ്പോൾ
മൊഴിയിൽ ചേർത്താലും
മധുരതരമാമൊരു
ഭൂരാഗമാലിക..


Monday, July 30, 2012

നക്ഷത്രങ്ങളുടെ കവിത

ഈറനാർന്ന
മഴക്കാലപ്രഭാതങ്ങളേ
നക്ഷത്രങ്ങളുറങ്ങുന്നതിൻ
മുൻപേയെഴുതിയ
കാവ്യസ്വരങ്ങളെ
പവിഴമല്ലിപ്പൂവിതളിൽ
സൂക്ഷിച്ചാലും

അനാദിസത്യങ്ങളിലൂടെ
ആത്മാവിൻ യാത്രക്കുറിപ്പെഴുതും
സംവൽസരങ്ങളേ
ലോകാലോകപർവതവും
കടന്ന്
മാലേയസുഗന്ധമാർന്ന
വഴികളിൽ
നക്ഷത്രമിഴികളിലെ
കവിത ചക്രവാളത്തിനൊരിതളിൽ
പകർത്തിയാലും

ദീപസ്തംഭങ്ങളിൽ
എണ്ണതീർന്നെരിഞ്ഞ
ഒരിടവേളയിലൂടെ
ഋതുക്കൾ നീങ്ങിയ
ചന്ദനക്കാടിൻ പർണ്ണാശ്രമത്തിൽ
കമണ്ഡലുവിലെ തീർഥമായ്
കടലൊഴുകുമ്പോൾ
നക്ഷത്രവിളക്കുകളിലെ
കവിതയെ ഒരു
മഴക്കാലപ്പൂവിതളിൽ

വിരിയിച്ചാലും...
നക്ഷത്രങ്ങളുടെ കവിത


സ്വർണവർണ്ണമാർന്ന
സായന്തന ദീപങ്ങളേ
എന്റെ മനസ്സിലേയ്ക്കൊഴുക്കിയാലും
പ്രകാശത്തിൻ പ്രദീപ്തമാം
ജ്വാലകൾ

മധുരതരമാമൊരുത്സവഗാനം
കേട്ടുണരും പ്രപഞ്ചമേ
പ്രദോഷജപമുത്തുകളിൽ,
വില്വപത്രങ്ങളിൽ
എഴുതിയിട്ടാലും
ഹൃദ്സ്പന്ദനസ്വരങ്ങൾ

ഋതുക്കൾ നീങ്ങിയ
വഴിയിൽ കൊഴിഞ്ഞ
ദിനങ്ങളേ
നിങ്ങളെഴുതിയ കഥകൾ
ഗ്രഹച്ചിമിഴിൽ തട്ടിയുടയുമ്പോൾ
സംഗീതാത്മകമാം
സമുദ്രത്തിനരികിലൂടെ
നടന്നുനീങ്ങുന്നു ഭൂമി

മഴപെയ്തൊഴിയുമാകാശത്തിനരികിൽ
എഴുത്തുമഷിപ്പാത്രമുടയും മുകിലനരികിൽ
നക്ഷത്രങ്ങളേ എഴുതിയാലും
എന്റെ ജീവസ്വരങ്ങളുടെ
കവിത...

Sunday, July 29, 2012

 നക്ഷത്രങ്ങളുടെ കവിത

 സായന്തനമേ
നടുമുറ്റത്തിലൂടെ
പടിപ്പുരവാതിലൂടെ
കാണുമാകാശനക്ഷത്രങ്ങൾ
കവിതയെഴുതുന്നത് കണ്ടാലും

 
ആർദ്രമാമൊരു
മഴക്കാലസന്ധ്യയിൽ
സ്നിഗ്ദമാമൊരു
സ്വരബിന്ദുപോലുണരും
ശംഖിലെ സമുദ്രമേ
അനന്തമാം ചക്രവാളത്തിനരികിലെ
നക്ഷത്രകവിതകൾ
കണ്ടൊഴുകിയാലും

ദീർഘചതുരപ്പെട്ടിയിലുറങ്ങും
ചെമ്പകപ്പൂക്കളുടെ സുഗന്ധമാർന്ന
കാവ്യ സ്വപ്നങ്ങളെ
ശരത്ക്കാലസ്വർണ്ണതരികൾ
മിഴിയിലേറ്റും നക്ഷത്രങ്ങളുടെ
രാഗമാലികയിലെ
മുത്തുകളായാലും..


ആരണ്യകത്തിൽ
വാനപ്രസ്ഥകാവ്യമെഴുതും
ഭൂമിയുടെ മൺ തരികളേ
പാരിജാതങ്ങൾക്കരികിലിരുന്ന്
നക്ഷത്രങ്ങളുടെ
ജപമന്ത്രത്തിലെ പ്രണവമായാലും..
 നക്ഷത്രങ്ങളുടെ കവിത

അക്ഷരങ്ങൾക്കായൊരു
ചില്ലുകൂടുപണിതു
മഹനീയമെന്നുപറയാനാവാത്ത
സ്വാർഥം...
അതിനരികിൽ 
 പവിഴമല്ലിപ്പൂവിതളിൽ
കവിതയെഴുതി
നക്ഷത്രങ്ങൾ മിന്നും
ആകാശവാതിലിലെ ദൈവം..

മന്ത്രം തേടിയ മനസ്സിൽ
ശീവേലിവിളക്കുമായ്
നീങ്ങി ചന്ദനസുഗന്ധം
എഴുതിതീരാതെയറയിലടച്ച
എഴുത്തോലകളിൽ
നിന്നുയർത്തെഴുനേറ്റു
പുരാണങ്ങളുടെ, നൂറ്റാണ്ടുകളുടെ
വിസ്മയലോകം


ആൽമരങ്ങൾക്കരികിൽ
ഗ്രാമം പണിഞ്ഞ
കലാശാലയിൽ
സ്വരങ്ങൾ ശ്രുതിചേർക്കുമ്പോൾ
സന്ധ്യകൾ പ്രദോഷം കണ്ടുണരും
രുദ്രാക്ഷമുത്തുകൾക്കുള്ളിൽ
നക്ഷത്രങ്ങൾ കവിതയെഴുതി
..
 മഴ

എഴുത്തോലകളിൽ
നിന്നൂർന്നുവീഴും
അക്ഷരങ്ങളിലൊഴുകും
ഉപദ്വീപിനതീവഹൃദ്യമാം
ആകാശനൗകകൾ

ഹൃദയങ്ങൾക്കായ്
ചില്ലുകൂടുപണിയും
സ്വാർഥം
ഏകതാരകളിൽ
ശ്രുതി ചേർക്കും
അനന്തസാഗരകാവ്യം

പഴം കഥ മറന്നേറും
വർത്തമാനം
നിഴലൊഴിയും
മഴക്കാലപ്രഭാതം

നിർണ്ണയക്കൂടിലൊടുങ്ങും
നീതി
എഴുത്തുമഷിയിൽ മുങ്ങും
ഓർമ്മതെറ്റുകൾ
വിരൽതുമ്പിലൊഴുകും
വിപ്ലവശീലുകൾ

പ്രദോഷം തേടും
സന്ധ്യാവിളക്കുകൾ
ചിതറും മുത്തുകൾ പോൽ
മുനമ്പിലൊഴുകും
മഴ...

Saturday, July 28, 2012

 മഴ









പാതിവഴിയിൽ
തിരിയെ നടന്നൊരു
നിഴലിനപ്പുറം
അരയാൽതുമ്പിലുലഞ്ഞ്
മഴ

ആർദ്രമാമൊരു ഗാനം
തേടിയരികിലിരുന്നു
വർഷ ഋതു

ആരണ്യകമെഴുതിയ
അനശ്വരഗാനങ്ങളിൽ
വാനപ്രസ്ഥം..
ജപമാലയിലെ
മുത്തുകളിൽ തിരിഞ്ഞു
ഗ്രഹമൊഴി..

ഓർമ്മകൾ മായ്ക്കാതെ
നിമിഷങ്ങളേറ്റും
കടലാസുതാളിൽ
കണ്ടുമതിയായ
ചായക്കൂട്ടുകൾ

പുരാണങ്ങളുടെ
ചിത്രകമാനത്തിൽ
നക്ഷത്രങ്ങളിൽ മിന്നും
മഴ..



Friday, July 27, 2012

 മൊഴി

രാജ്യമുടക്കിവീഴും
ശൂലമുനകളിലൊഴുകി
അനീതിയുടെ
നഗരസാമർഥ്യം

അറിവുതേടിയക്ഷരങ്ങളായ്,
വാക്കുകളായ് മാറിയ
സ്വപ്നങ്ങൾ
ഒരു നക്ഷത്രമായി

ഇരുട്ടിൻ ചിത്രങ്ങൾ
പൊടിതൂവിമിനുക്കിയ
ചുമരുകളിൽ
തൂങ്ങിയാടി അതിയാശയുടെ
മരുഭൂമികൾ

മഴതുള്ളികളെഴുതിയ
കവിതയിൽ
മനസ്സുകുളിരുമ്പോൾ
പൂമുഖപ്പടിയിലെ ലോകം
എടുത്തുനീട്ടി
വെട്ടിത്തിരുത്തിയ
ഒരു എഴുത്തോല...

നക്ഷത്രങ്ങളുടെ കവിത

മഴതുള്ളികൾ
തീർഥമായൊഴുകിയ
പ്രഭാതമേ
വെളിച്ചത്തിനൊരിതളിൽ
ഞാനെഴുതി
ഒലിവിലകളുടെ
അർഥരാഹിത്യം
ഓർമ്മതെറ്റുകളുടെ
നിർമ്മമത്വം

മനസ്സിൽ ചില്ലുവീണുടഞ്ഞ
ഒരു മഹായാനം
കടലേറിയ തീരങ്ങളിൽ
മുനമ്പിൻ ജപം
മന്ത്രം മറന്നതാർക്കോ
ചക്രവാളത്തിനോ
മുകിലുകൾക്കോ

വരിതെറ്റിയ
ദിനാന്ത്യക്കുറിപ്പിലുടഞ്ഞ
വാക്കുകളിലെ
അപൂർണ്ണസ്വരങ്ങൾ ചേർത്തുവച്ച്
നക്ഷത്രങ്ങൾ കവിതയെഴുതി
സന്ധ്യയുടെ കാവ്യം...
..

Thursday, July 26, 2012

നക്ഷത്രക്കവിതകൾ

മിഴിയിലെ നക്ഷത്രമേ
നീയെന്നരികിൽ
നീർത്തിയ ലോകം
ചുരുങ്ങിയൊതുങ്ങിയൊരു
കടലാസുപൂവായ്
കരിഞ്ഞിരിക്കുന്നു

മിഴിയിലെ നക്ഷത്രമേ
നീയെനിക്കേകിയ
തിളക്കമാർന്ന സ്വപ്നം
ഒരു കാവ്യത്തിൻ
സ്വർണ്ണതരികളുമായെൻ
ഹൃദയത്തിലൊഴുകുന്നു

മിഴിയിലെ നക്ഷത്രമേ
നീയെനിക്കേകിയ പ്രകാശം 

പകലിലൊഴുകി
സായാഹ്നത്തിലലിഞ്ഞ്
സന്ധ്യാവിളക്കിൻ നാളമായ്
മനസ്സിൽ ഉജ്ജ്വലിക്കുന്നു

മിഴിയിലെ നക്ഷത്രമേ
ഞാനുറങ്ങുമ്പോൾ
പവിഴമല്ലിപ്പൂവിതൾപോലെ
മൃദുവാം കാവ്യസ്വരങ്ങളെ
എനിയ്ക്കായൊരുക്കും

നീയെൻ മഴതുള്ളിക്കവിതയിലെ
തിളക്കം

Wednesday, July 25, 2012

നക്ഷത്രങ്ങളുടെ കവിത

ആസ്ഥാനമണ്ഡപത്തിൽ
സ്തുതിപാഠകരെഴുതി
അനേകമനേകം
പ്രകീർത്തനങ്ങൾ
വർഷ ഋതുവിൻ
മഴതുള്ളിപോലെയതിനരികിൽ
ഹൃദ്സ്പന്ദനവുമുണർന്നു
തേനൊഴുകുമൊരു
കാവ്യത്തിനക്ഷരക്കൂട്ടുകളായ്

അളന്നുതൂക്കിയ
മഷിക്കൂട്ടുകളിൽ
എഴുതിതെറ്റിയ തീരങ്ങളിൽ
മുഖാവരണമുദ്രപതിഞ്ഞ
മുകിലുകളിൽ
ചായം പുരട്ടിയ
പ്രദർശനവസ്തുക്കളിൽ
നിന്നകലെയകലെ
സമുദ്രം ചക്രവാളത്തിനരികിൽ
നക്ഷ്ത്രപ്രകാശം തേടിയൊഴുകി

കണക്കുതെറ്റിയ നിമിഷങ്ങൾ
നിർണ്ണയതുലാസിൽ
കൽച്ചീളേറ്റിയുലച്ച
നീതിയുടെയക്ഷരങ്ങൾ
സന്ധ്യാവിളക്കിലെരിയുമ്പോൾ
ഭൂമി മനസ്സിലെഴുതി
മഹാസമുദ്രകാവ്യം...


 മഴക്കാലപ്പൂവുകൾ









ചുമരുകളിൽ
ചിന്തേരിട്ടു നീങ്ങും
വർത്തമാനകാലത്തിൻ
ഓർമ്മപ്പിശകുളിൽ
വീണുടയും വാക്കുകൾ
ചേർത്തെഴുതും
ഭൂഗാനങ്ങളിൽ
നിന്നുണരും
ഘനരാഗമേ
ചില്ലുതരികളിലുടഞ്ഞ
സ്വരങ്ങളിൽ
വർഷ ഋതുവിനായ്
ഞാനെഴുതിയിടാം
ഒരുത്സവകാലകൃതി..

മെടഞ്ഞ പുൽപ്പായയിൽ
നിദ്രയിലായ പുരാണം
പോലെയൊരാഷാഢം..
അതിനരികിലൊഴുകും
മഴതുള്ളിക്കവിതയിൽ
മനസ്സിനാരൂഢശിലയിലെ
അക്ഷരചിന്തുകൾ..
വാക്യർഥങ്ങൾ തേടിയലഞ്ഞൊടുവിൽ
അർഥരഹിതശൂന്യതയ്ക്കൊരു
പൂർണ്ണവിരാമം പോലുണരും

കാവ്യസർഗങ്ങമേ
മഴക്കാലപ്പൂവുകളാവുക..
 ഗായത്രിയെഴുതുന്നു

പ്രിയപ്പെട്ട മീര,
സമുദ്രകാവ്യങ്ങളുണരും
ഭൂമിയുടെയരികിലിരുന്ന്
ഞാൻ നിനക്കൊരു
മറുപടിയെഴുതുന്നു

മനോഹരമാമൊരു
പ്രകൃതിയുടെയരികിലേക്ക്,
നമ്മുടെ ഭൂപാളങ്ങൾക്കരികിലേയ്ക്ക്
വൃത്തിഹീനമായ മനസ്സുകളെ

മേയാൻ വിട്ടവൻ 
കോലം കെട്ടി
ഘോഷയാത്രയ്ക്കൊരുങ്ങി..

മേയാൻ വിട്ട മനസ്സുകളുടെ
കറുപ്പൊഴുകിയ
ആകാശത്തെയൊന്നുണർത്താൻ
എത്ര മഴക്കാലങ്ങളിലെ

മഴതുള്ളിയൊഴുക്കേണ്ടിവന്നു
നമ്മുടെ ഭൂമിയ്ക്ക്

മൗനത്തിന്റെ

 പ്രകമ്പനങ്ങളിൽ നിന്ന് 
നന്മയുടെ ശേഷിച്ച
കണി
കളും അവശേഷിക്കുന്നത്
കണ്ടുകണ്ടെൻ വാക്കുകൾ
അരത്തിലിട്ടുരയ്ക്കേണ്ടിയും വന്നു..
തെറ്റുകളെ ശരിയെന്ന് സമർഥിക്കാനെത്തിയ
മുകിലുകളെ കാറ്റിലുലച്ച്
സമുദ്രതീരത്തൊരുശുദ്ധികലശം..

അതെനിയ്ക്ക് ചെയ്യേണ്ടിയും വന്നു..
മഴ പെയ്തുകൊണ്ടേയിരിക്കട്ടെ..



Tuesday, July 24, 2012

 മീരയെഴുതുന്നു

പ്രിയപ്പെട്ട ഗായത്രീ,
 എഴുതാനൊരായിരം
വാക്കുകകൾ
നക്ഷത്രങ്ങളായ്
പ്രകാശമേകുമ്പോൾ
വൃത്തിഹീനമാം
മനസ്സുള്ളവർ
ശിഖിപക്ഷികളുടെ
തൂവലുകളാൽ
നമ്മുടെ പർണ്ണശാലകളെ
ഉലയ്ക്കാൻ ശ്രമിച്ചേക്കാം

അർഹതയില്ലാത്ത
പണതുട്ടുകളുമായ്
മദ്ധാഹ്നവും കഴിഞ്ഞ്
സായാഹ്നത്തിലെത്തിയ
ചുവന്ന ചായക്കൂട്ടിൻ
പ്രകടനങ്ങൾ
തെരുവിലെ ശ്വാനകുലത്തെ
ഓർമ്മിപ്പിക്കുമ്പോൾ
നമ്മുടെ ഭൂമിക്ക്
ചില്ലുകൂടുപണിയാൻ
ഇവർക്കെന്തർഹതയെന്നും
തോന്നിപ്പോകുന്നു..

പ്രിയപ്പെട്ട ഗായത്രീ
നീയാണു ശരി
ശരി മാത്രമേ നീയെഴുതുന്നുള്ളൂ
ആകാശവാതിലിലെ
ദൈവവുമതറിയുന്നു
നമ്മുടെ 

ഹൃദ്സ്പന്ദനങ്ങളെയുലയ്ക്കാനുള്ള
യോഗ്യത വൃത്തിഹീനമാം

 മനസ്സുകൾക്കില്ല എന്നറിഞ്ഞാലും
എന്തുകൊണ്ടെന്നാൽ
ഭൂഹൃദയസ്പന്ദനമൊരു
സമുദ്രകാവ്യം..

ഗായത്രീ,
നിനക്കെഴുതാതിരിക്കാനാവില്ല
എന്നെനിക്കറിയാം..
ഗായത്രീ
നീയെഴുതുന്നതിനരികിൽ
ഭൂകാവ്യങ്ങളെ ഒരു ശംഖിൽ നിന്നും
ആകാശമുണർത്തിക്കൊണ്ടേയിരിക്കുന്നു
 മൊഴി

ചില്ലലമാരയിലടച്ചു
സൂക്ഷിക്കാനാവാതെ
അക്ഷരങ്ങൾ
വാക്കുകളായ്
സമുദ്രമായ്
പിന്നെയെൻ
ഹൃദ്സ്പന്ദനലയമായി..

ഓർമ്മകൾ
അഗ്നിശൈലം
പോലെയുരുകിയൊഴുകും
വർത്തമാനത്തിൻ
പാതയോരത്തിലൂടെ
മൊഴിയിലുണരും
പാരിജാതപ്പൂവിൻ
സുഗന്ധമായി
കവിത..

ഇടവേളയിൽ
തണുത്ത സങ്കല്പങ്ങളിൽ
തീ തൂവിയ ഒരോലക്കെട്ടിൽ
കരിഞ്ഞ ദിനങ്ങളുടെ
ഉലഞ്ഞ മുദ്ര

വർഷ ഋതുവിൻ
മിഴിയിൽ
മൃദുവാമൊരു കാവ്യമായ്
മഴതുള്ളികൾ


Monday, July 23, 2012

 മൊഴി

പ്രഭാതത്തിനിലച്ചീന്തിൽ
ചന്ദനപ്പൂക്കൾ
മനോഹരമാമൊരു
കാവ്യം പോലെ

വഴിനടന്നെത്തിയ
ആൽത്തറയിൽ
ആറ്റിറമ്പിലിരുന്ന്
കാണാനായ
ആകാശത്തിൽ
ഒരു മഴക്കാലപ്പൂവുപോൽ
ഉണർന്നു
ഒരു കവിത

ചില്ലക്ഷരങ്ങൾ
വഴിമുടക്കിയ
ഭൂമിയുടെയൊരു തുണ്ടിൽ
വലകെട്ടിപ്പാർത്തു
നിഷാദം

കവിതയുടെ നുറുങ്ങുകൾ
ഹൃദ്സ്പന്ദനത്തിലമൃതായൊഴുകിയ
മഴക്കാലത്തിൽ
മിഴിയിൽ നിറഞ്ഞു
സമുദ്രം
 മഴ

ഉണർവിനക്ഷരങ്ങളിൽ
നീർത്തുള്ളികൾ
എഴുതിമുഴുമിപ്പിക്കാനാവാതെ
പവിഴമല്ലിപ്പൂവിതളിലൊഴുകും
മഴ

കൂടുകൾക്കുള്ളിൽ
ഒതുക്കാനാവാതെ
വാതിലുടയും നേരവും
വിരൽതുമ്പിലൊഴുകും
മൃദുസ്വരങ്ങൾ

ചിറകുകൾ കരിയും
ദിനങ്ങളിൽ
പകലെരിയും സന്ധ്യയിൽ
പണിതീരാതെയൊരു
പുരാണം

ഓർമ്മകളുടെ
നേരിയ പട്ടുനൂലുകൾ
കത്തിയെരിഞ്ഞ
ചാമ്പൽക്കൂനയിൽ
മേഘനിഴലുകൾ

സായന്തനത്തിനരികിൽ
തണുക്കും വിളക്കുകൾക്കരികിൽ
പടിപ്പുരവാതിൽ
സംഗീതം
മഴത്തുള്ളികളുടെ
സ്വാന്തനം...

Saturday, July 21, 2012

 ഹൃദ്സ്പന്ദനങ്ങൾ

 ദേവദാരുക്കൾ
വിരിയും പ്രപഞ്ചമേ,
ഒരുവരിയിലൊതുങ്ങാതെയെൻ
ഹൃദ്സ്പന്ദലയം തേടിയെത്തും
സമുദ്രമേ,
നഗരത്തിനിഷ്ടികക്കൂനയിൽ
എഴുത്തുമഷിയിൽ
നഷ്ടമായ പ്രഭാതങ്ങളെഴുതിയ
രാഗമാലികയിലെ
സ്വരങ്ങളെയറിഞ്ഞാലും

മനസ്സിനൂഞ്ഞാൽപ്പടിയിൽ
മന്ത്രം ജപിക്കും പകൽതീരും
സന്ധ്യയിൽ
ജാലകവാതിലടയ്ക്കും നേരവും
മറയിട്ടു സൂക്ഷിക്കും
ശിരോപടങ്ങളിൽ
ദർപ്പണങ്ങളിൽ
നിന്നിറ്റുവീഴും
കിരീടങ്ങളുടെ നിഴലുകളേ
ഇരുട്ടിൻ താഴ്വരകളെകടന്ന്
ആകാശമിന്നെഴുതുന്നു
നക്ഷത്രങ്ങളിൽ

കൽച്ചീൾമുറിവിൽ
മിനുസം നഷ്ടമാം വാക്കുകൾ
നീറ്റിയ ഹൃദ്സ്പന്ദനകാവ്യമേ
മുദ്രകൾ തീർപ്പെഴുതും
അഴിമുഖങ്ങളിൽ
നിന്നകലെയുൾക്കടലിൻ

പ്രശാന്തിയിലുണർന്നാലും.....



Friday, July 20, 2012

 മഴ

ആരാധനാലയങ്ങളിൽ
തീർത്തെഴുതിയ
പുരാണത്തിനൊരു
താളിലുണരുന്നു
മഴ..

താഴികക്കുടങ്ങളിൽ
പ്രഭാതമുണരും
കവിതയിൽ
ഓർമ്മയുടെയനുസ്വരങ്ങൾ
മായ്ച്ചുതൂത്തൊഴുകുന്നു
മഴ...

ചിലങ്കകളിൽ
നിന്നടർന്നുവീഴും
മുത്തുകൾ പോൽ
ചില്ലുതരികളൊഴുക്കി
മഹാസാഗരങ്ങളിൽ
പെയ്തൊഴിയുന്നു
മഴ...

സ്വപ്നങ്ങളിൽ
നിന്നുണരുമൊരു
കാവ്യസർഗം പോൽ
നിലവറകളിൽ
നിന്നുണർന്നുവരും
അറിവിൻ 

താളിയോലകൾ പോൽ
അറയരികിൽ
മിന്നും സന്ധ്യാവിളക്കിൻ
പ്രകാശത്തിൻ
പ്രതിഫലനവുമായ്
മഴ..
.


മഴ


വാക്കിലുടഞ്ഞ
ചില്ലുകൂടിനുള്ളിൽ
നിഴലോടിയ നിറങ്ങൾ


പുൽപ്പായയിൽ
ചരിത്രം നടന്നുനീങ്ങിയ
വഴിയിലെ രണക്കൂട്ടുകൾ


ഒടിഞ്ഞപേനതുമ്പിൽ
നിന്നിറ്റുവീഴും
ന്യായം തെറ്റിയ
മഷിതുള്ളികൾ


അടർന്നഭൂമിയുടെയൊരു
തുണ്ടിലൊഴുകും
കടൽ


വിളക്കുകെടുത്തിയ
നിമിഷങ്ങളിൽ
മിഴിയിൽ മറഞ്ഞ
നക്ഷത്രങ്ങൾ


ഒരുവരിക്കവിതയെ
ചിതയിലേറ്റിയാഹ്ലാദിക്കും
അതിർവരമ്പുകൾ


രഥചക്രങ്ങളിലൊരു
മൺ തരിയിൽ
മാഞ്ഞുതീർന്ന
സംവൽസരങ്ങൾ


ഗ്രാമത്തിനരികിൽ
അരയാൽശിഖരങ്ങളിലിറ്റുവീഴും
നിറങ്ങളൊഴിയും
മഴ...

 മഴ

മഴക്കാലപ്പൂവിനോരോയിതളിലും
ഉറയും വർത്തമാനകാലം
ഇഴപിരിഞ്ഞ ദൈന്യങ്ങൾ
കൂടുമാറ്റും
ഋതുക്കളിൽ കൈമുദ്രയേകി
സംവൽസരങ്ങൾ
കഥയെഴുതുമ്പോൾ
മാഞ്ഞുതീർന്നതൊരു
പ്രളയം

തീർഥം പോലൊരു
കാവ്യം തേടിയാരണ്യകത്തിലൂടെ,
പർണ്ണശാലയിലൂടെ
നടന്നെത്തിയ
ലോകത്തിനൊരു ചുമരലമാരയിൽ
കാണാനായി
അടർന്നുവീണ ഓർമ്മകളുടെ
അസ്ഥികലശം

ലോകം നിർണ്ണയപാത്രത്തിൽ
ഉടച്ചുലച്ച ദിനങ്ങളിൽ
നിന്നുണർന്നുവന്നു
ഹൃദ്സ്പന്ദനം പോലൊരു
തുളസിമന്ത്രം
അഗ്രഹാരങ്ങളിലൂടെ,
ശാന്തിനികേതനത്തിലൂടെ
ലോകം നടന്നെത്തിയ
മുനമ്പിൽ
അമൃതവർഷിണിയായി
മഴ..

Thursday, July 19, 2012

 മൊഴി

 എവിടെയോ വീണുടയും
ഭൂമൺതരികളിൽ
തിരിയുന്നുവോ
ലോകം..

സഹസ്രദളങ്ങളിൽ
സമുദ്രത്തിൻ ഗാനമുണരുമ്പോൾ
വിടരും ആകാശമേ
ആർദ്രമാം സങ്കല്പങ്ങൾ
മഴയുടെ നീർമുത്തുകളിൽ
തട്ടിയുടയുന്നുവോ...

 
കൈമുദ്രകളിൽ
കാൽച്ചിലമ്പിൽ
ദിനങ്ങൾ നടന്നുനീങ്ങും
പതിഞ്ഞ ശബ്ദമുയരുമ്പോൾ
സായാഹ്നങ്ങളിൽ
കൊഴിയും പൂവിതളിൽ
കവിത രചിക്കുന്നുവോ
സായന്തനം

 
ഗോപുരങ്ങളുടെ നിഴലലുക്കുകൾ
മായും സന്ധ്യയിൽ
ചക്രവാളം നക്ഷത്രദീപങ്ങൾ
തെളിയിക്കുമ്പോൾ
മനസ്സേ
പ്രശാന്തിയുടെയക്ഷരലിപികൾ
സ്വപ്നം കണ്ടുറങ്ങിയാലും...



Wednesday, July 18, 2012

 ഹൃദ്സ്പന്ദനങ്ങൾ

വാക്കുകളുണരട്ടെ
മനസ്സിലെ കാവ്യമായ്
ആകാശത്തിനൊരു
മനോഹരസൃഷ്ടിയായ്

ഒഴുകും വഴിയിൽ
പുഴയൊളിച്ചുസൂക്ഷിക്കും
കയങ്ങളിൽ
നിന്നകലെയകലെ
വാക്കുകളുണരട്ടെ
മഴതുള്ളി പോൽ
 
ചന്ദനപ്പൂവുകൾ പോൽ..

മഷിചെപ്പുകളിലുണങ്ങും
നാനാർഥങ്ങളിലുടയാതെ
ചില്ലുതരികളിൽ

ചില്ലുകൂടിനുള്ളിൽ
ഉറഞ്ഞുതീരാതെ
സമുദ്രത്തിൻ ശംഖിനുള്ളിൽ
നിന്നുണരട്ടെ വാക്കുകൾ

അനേകമനേകം സങ്കല്പങ്ങളിൽ,
ഉലത്തീയിലുരുകാതെ
ശരത്ക്കാലത്തിൻ
സ്വർണ്ണതരികൾ പോൽ
വാക്കുകളുണരട്ടെ
ഹൃദ്സ്പന്ദനലയത്തിൽ


Tuesday, July 17, 2012

 ഹൃദ്സ്പന്ദനങ്ങൾ


ആയുർദൈന്യങ്ങളിൽ
അഗ്നിതൂവി ശിരോപടങ്ങൾ
ഭൂപാളങ്ങളിലപസ്വരമെഴുതി
അരികിലെത്തുമ്പോൾ
മഴവീണുണരും സമുദ്രമേ!
നിന്റെ ഹൃദ്സ്പന്ദനലയം
അതിദ്രുതമാകുന്നുവോ

വിളംബകാലമേ!
ഒരോർമ്മയുടെയുടഞ്ഞ
ചഷകത്തിൽ
ഇനിയെന്തുണ്ടാവും
വർത്തമാനത്തിനായ്

വിരലിലുരുമ്മും
വിപ്ലവഗാനത്തിനരികിൽ
സന്ധ്യാവിളക്കുകൾ
തെളിയുമ്പോൾ
സമുദ്രമേ പ്രശാന്തിയെത്രെയോ
അകലെയെന്ന് ചക്രവാളം
സാക്ഷ്യം പറയുന്നുവോ

ഇടവഴിയ്ക്കപ്പുറം
നിഴൽ കൊയ്തുതീർത്ത
അരയാൽശിഖരങ്ങളിൽ
നിന്നൊഴുകും മഴയ്ക്കുള്ളിലെ
ആർദ്രമാം കാവ്യമേ
ഹൃദ്സ്പന്ദനത്തിലലിഞ്ഞാലും



Monday, July 16, 2012


ഹൃദ്സ്പന്ദനങ്ങൾ

എഴുതി തീരാത്ത കാവ്യസ്വരമേ
മഴതുള്ളിയിറ്റുവീഴും
മണ്ണിൻ സുഗന്ധവുമായ്
ഒരു പവിഴമല്ലിപ്പൂവിതൾ പോലെ
എന്റെ ഹൃദ്സ്പന്ദനത്തിലുണർന്നാലും
അനേകദിനങ്ങളിൽ
ആയുഷ്ക്കാലദൈന്യത്തിൻ
ചില്ലുതരികളിൽ
ആർദ്രഭാവമാർന്ന
മനസ്സിലെ കാവ്യമേ
കടൽ ശംഖിലെഴുതിയാലും
മനോഹരമാം
പ്രപഞ്ചസ്പന്ദനങ്ങൾ
മിഴിയിലൊഴുകുമാകാശമേ
ചക്രവാളം സന്ധ്യാവിളക്കുമായെത്തും
നക്ഷത്രഭംഗിയിൽ
ഭൂകാവ്യങ്ങളെഴുതിയാലും
പ്രദക്ഷിണസങ്കീർത്തനവും
തുളസീഗന്ധവുമായ്
ചന്ദനക്കൂട്ടിൽ തുളുമ്പും
പ്രഭാതമേ
മുനമ്പിനരികിൽ
മഴതുള്ളിക്കവിതയെഴുതിയാലും..

Sunday, July 15, 2012

ഹൃദ്സ്പന്ദനങ്ങൾ  

കാർമേഘാവൃതമാം
മനസ്സുകൾ
കൃത്രിമാം ചായക്കൂട്ടിൽ
ആകാശത്തിൻ മനോഹരമാം
കമാനത്തിനടിക്കുറിപ്പെഴുതുന്നു

ദിനങ്ങളുടെ ചില്ലയിൽ
കാലം തൂവുന്നു
അധികം വന്ന
ഋണക്കൂട്ട്

ജാലകവാതിലുടച്ചുനീങ്ങിയ
പോയ കാലത്തിൻ
ശിഖരങ്ങളിൽ കാണാനായി
എഴുതിതീർത്തുപോയ
യുഗത്തിൻ യഥാർഥമുഖം

ദർപ്പണങ്ങളിലുറങ്ങിയ
പ്രതിഛായ ഒരു
പൊയ്മുഖം



എഴുതി വിറ്റ ജീവസ്പന്ദനം
ഉലഞ്ഞുടഞ്ഞ് മഴതുള്ളിയിലലിഞ്ഞ്
പുനർജനിമന്ത്രം ചൊല്ലിയുണർന്നു
ഹൃദ്സ്പന്ദനങ്ങളിൽ..
 മൊഴി

മഴതുള്ളിയിലൂടെ
നടന്നുനീങ്ങും
മനസ്സിലെ കാവ്യമേ
നിന്നെ വലയം ചെയ്യും
ചില്ലുകൂടുകളുടയുമ്പോൾ
അക്ഷരങ്ങളും
മഴപോലൊഴുകിയേക്കാം

ഒരുനാളിലൊരുനാൾ
കടവിലെ കൽപ്പടവിൽ
സ്വപ്നം കണ്ടിരുന്ന
ഒരു കാവ്യസ്വരം
തോണിയേറിയുൾക്കടലിലേക്ക്
യാത്രയാവുമ്പോൾ
നിഴൽ തൂവിയ
ഇരുളുമായ് സൂര്യനെ
കാണാനായി

 മന്ത്രം ജപിച്ചു നീങ്ങിയ
നിമിഷങ്ങളുടെ ജപമാലയിൽ
നിന്നടർന്നുവീണ ദിനങ്ങൾ
കരിഞ്ഞുതീർന്ന വേനലിനപ്പുറം
മഴതുള്ളിയിൽ തളിർക്കും
സ്വരങ്ങളിൽ ഭൂമിയെഴുതി
ഒരു മഴക്കാലപ്പൂവിൻ സങ്കല്പം..



 മഴതുള്ളിപോലൊരു കാവ്യം

മഴതുള്ളിപോലൊരു
കാവ്യസ്വപ്നം തന്നു
ഭൂമി
അതിനെയൊളിപാർക്കാൻ
ജാലകവാതിൽക്കൽ
നിഴൽക്കൂട്ടമണിനിരന്നപ്പോൾ
ഭൂമിയാസ്വപ്നത്തെയൊരു
കടൽ ശംഖിലൊളിപ്പിച്ചു

ചില്ലുകൂടിനരികിൽ
പുഴയെഴുതിയ
അസ്ഥിരചിത്രങ്ങളിൽ
നിന്നകലെ 

കടലെഴുതി
ആകാശത്തിൻ
പൂർണ്ണകാവ്യങ്ങൾ

അർഥശൂന്യമാം
അനർഥഗതിയിൽ
ഇരുണ്ട നിറങ്ങൾക്കരികിൽ
വിളക്കുമായെത്തി
സന്ധ്യ

ഒളിപാർക്കും ഓർമ്മതെറ്റിൻ
മുഖപടങ്ങൾ തൂവും
മുൾച്ചീളുകൾക്കരികിലിരുന്നും
കവിതയെഴുതി ഭൂമി

വിരലിലുടക്കും
വർത്തമാനകാലത്തിൻ
വ്യഞ്ജനങ്ങളിലുണർന്നു വന്നു

മഴതുള്ളി പോലെ
ഹൃദ്സ്പന്ദനസ്വരങ്ങൾ പോലെ 

ഒരു ഘനരാഗകീർത്തനം....

Saturday, July 14, 2012

 ഹൃദ്സ്പന്ദനങ്ങൾ


സായന്തനത്തിൻ
എഴുതിതീരാത്ത
അദ്ധ്യായങ്ങളിലവശേഷിച്ചു
ഒരുവരിക്കവിത
ഒരു മൺവിളക്ക്
പ്രകാശബിന്ദുക്കൾ

മിഴിപൂട്ടിയുറങ്ങിയ
സ്വരങ്ങളിൽ നക്ഷത്രങ്ങൾ
സ്വപ്നങ്ങൾ വിരിയിച്ചു
മനോഹരമാമൊരു
കാവ്യം പോലെ

മെടഞ്ഞ ഇലക്കൂടകളിൽ
പ്രഭാതം പൂക്കളിറുക്കുമ്പോൾ
നറും വെണ്ണ നേദിക്കും
ശ്രീകോവിലിനരികിലൂടെ
ബലിക്കൽപ്പുരയിലൂടെ
മഴതുള്ളികൾ
മനസ്സിൻ ലയമായ് മാറി

ഗോപുരത്തിനരികിൽ
മഴവീണുകുളിർന്ന
മൺ തരികളിൽ
തുളസിപ്പൂവിൻ സുഗന്ധം
പൂവിടുമ്പോൾ
ഗ്രാമമെഴുതി
ഹൃദ്സ്പന്ദനലയസർഗം...

ഹൃദ്സ്പന്ദനങ്ങൾ

മനോഹരമാമൊരിടം
തേടി ഭൂമിയിലെത്തിയ
കാവ്യസ്വരമേ!
അധികനിറങ്ങളില്ലാതെ
മഴതുള്ളികളിൽ
ഞാനൊരു ചിത്രമെഴുതാം
ഹരിതവനങ്ങളിൽ

ഒരോ സ്വപ്നമുടയുമ്പോഴും
അതിലൊഴുകിയ സമുദ്രമേ!
കസവുനെയ്യും പ്രഭാതത്തിനലുക്കിൽ
മനോഹര
മാമാകാശകാവ്യങ്ങൾ
ഇനിയും ഞാനെഴുതാം

അരയാൽത്തറയിൽ
പുരാണമെഴുതും ഗ്രാമമേ!
നഗരം ചില്ലുകൂടിലടയ്ക്കും
നിന്റെ ഹൃദയത്തിൻ
ചന്ദനസുഗന്ധമോ
ഇന്നെന്റെ വിരൽതുമ്പിൽ

മൺചിരാതുകളിൽ
പ്രകാശം സൂക്ഷിക്കും
നക്ഷത്രമേ!
സ്വർണ്ണതരികൾ
ശരത്ക്കാലത്തിലലിയിച്ച്
ഞാനൊരു സർഗം രചിക്കാം
..


Friday, July 13, 2012

മൊഴി

ഉടഞ്ഞുതീർന്ന
അക്ഷരതെറ്റുകളുരുകി
മനോഹരമായ
ഒരു കാവ്യമായ്
കടൽക്കാറ്റിലൂടെ
മുനമ്പിലെ
ജപമണ്ഡപത്തിലൊഴുകി

തൂവും മഷിക്കുടങ്ങൾക്കപ്പുറം
സത്യമൊരു കാവ്യസ്വരമായ്
മഴതുള്ളിയിലലിഞ്ഞു

ഭൂമിയുടെയതിരിൽ
ആരോ ഉപേക്ഷിച്ചുപോയ
ഒരു യന്ത്രക്കൂട്
ഒരു ചില്ലുപാത്രം
ത്രിനേത്രം..

കൂട്ടം തെറ്റിയോടും
ചിന്തകൾക്കരികിൽ
രുദ്രാക്ഷമാലയിൽ
തിരിയും ഭൂമിയുടെ
സങ്കീർത്തനം

Thursday, July 12, 2012

 ഹൃദ്സ്പന്ദനങ്ങൾ

ആകാശമൊരുണർവാകും
പ്രഭാതത്തിലെ
രാജ്യമേ! പതാകയിലെ
കീറിത്തുന്നിയ
ഏതുനിറമാകും
സ്വാതന്ത്ര്യത്തിനായ്
നീക്കിവയ്ക്കേണ്ടത്

മനസ്സിലെ നന്മയും
വിശ്വാസവും കമ്പോളത്തിൽ
വിലപേശിവിൽക്കേണ്ടതില്ല
പൂച്ചെണ്ടുകളും,
പുരസ്ക്കാരങ്ങളും തേടി
ഭൂമിയലയുന്നുമില്ല

ഒരോ ഇടവേളയിലും
അടരും ചുമർപ്പാളിയിലൂടെ,
ചില്ലുതരികൾ വീണുമുറിഞ്ഞ
ഹൃദയത്തിനറകളിലൂടെ
അക്ഷരങ്ങളുണർന്നു വരുമ്പോൾ
സമുദ്രമേ
കിഴക്കൻ തീരങ്ങളിൽ,
മുനമ്പിലെ ജപമണ്ഡപത്തിൽ
ഒരു കാവ്യസ്വരമായൊഴുകിയാലും.

Wednesday, July 11, 2012

 മൊഴി

പ്രഭാതത്തിൻ
പ്രകാശത്തിനുണർവിൽ
ശ്വാസനിശ്വാസങ്ങൾ
വിങ്ങിയ
വാത്മീകത്തിനുള്ളിൽ നിന്നും
പുറത്തേയ്ക്കൊഴുകി
സമുദ്രകാവ്യങ്ങൾ

ശംഖിലെയൊരു മുദ്രയിൽ
കാണാനായി
കടലിന്റെ കൈയൊപ്പ്

തീരത്തിലൂടെയോടി
സമുദ്രമേറിയ രഥത്തിൽ
കാണാനായി
ഒരു പുഴയുടെ
നിറം മങ്ങിയ പതാക..

നിമിഷങ്ങളുടെ
തെറ്റിയ ചിന്തകളിലുടഞ്ഞ
ശരത്ക്കാലസ്വപ്നങ്ങളുടെ
സ്വർണ്ണതരികൾ
ഒരു മഴക്കാലപ്പൂവായി
വിരിഞ്ഞുവന്നു..

ചിന്തകളിൽ
നിന്നകന്നുപോയൊരോർമ്മയിൽ
ശിരോപടങ്ങൾ നൃത്തം ചെയ്തു

ചിലങ്കയിലെ മധുരസംഗീതം
ഹൃദ്സ്പന്ദനത്തിലലിഞ്ഞ്
മനോഹരമായൊരു
കാവ്യരൂപമായി...

Tuesday, July 10, 2012

 ഹൃദ്സ്പന്ദനങ്ങൾ

ഓർമ്മപ്പെടുത്തലുകൾ
വിരസമാകുമ്പോഴും
അതു തുടർന്നുകൊണ്ടേയിരിക്കുന്നു
മനുഷ്യകുലം

വിശ്വാസ്യതയുടെ
രൂപരേഖയിൽ
കടും കെട്ടുവീഴ്ത്തിയ
ശിരോപടങ്ങൾക്കരികിൽ
ലയം തെറ്റിയ സ്വരങ്ങളിലും
കവിതതേടിയൊഴുകി
ഭൂമി..

മഹാസാഗരത്തിനുറവിടം
തേടിയലഞ്ഞൊടുവിൽ
സങ്കല്പങ്ങൾ നഷ്ടമായ
മൗനത്തിൻ ചരിവിൽ
അസ്വഭാവികനിറങ്ങൾ


പോയ കാലം
തൂവലുകൾ പോൽ
പറന്നകലുമ്പോൾ
സ്വപ്നാക്ഷരങ്ങളുമായ്
മിഴിയിലേയ്ക്കുവരുന്നു

ആകാശത്തിലെയൊരു
സ്വർണ്ണ നക്ഷത്രം..


 ഒഴുകും മഴതുള്ളിയിൽ
പ്രപഞ്ചത്തിനാർദ്രഭാവത്തിൽ
കവിതയിൽ
ഹൃദ്സ്പന്ദനസ്വരം..



 മൊഴി

മനസ്സിലെ 
സർവകലാശാലയിലൊരു
സിമന്റുബഞ്ചിലിരുന്നെഴുതിയ
കവിതയൊലൊഴുകി
മഴതുള്ളികൾ

ദർപ്പണങ്ങളിൽ
ചിരിതൂകാനാകാതെ
ചില്ലുകൂടിലിരുന്നു വിങ്ങും
ഹൃദയത്തിൻഭാഷയിലൊഴുകി
ഭൂഗാനങ്ങൾ

ഓർമ്മതെറ്റിന്റെ
ചില്ലക്ഷരങ്ങളിലുടക്കി
വിരൽതുമ്പിൽ വന്നിരുന്ന
നുറുങ്ങുകവിതകൾ
പ്രഭാതങ്ങളെ
മനോഹരമാക്കി

ഇടനാഴിയിൽ
പകച്ചുനിന്നൊരു പകൽതുണ്ടിനരികിൽ
അരയാൽത്തറയിലടർന്നുവീണു..
മുഖാവരണങ്ങൾ..

ആദ്യക്ഷരം തെറ്റി
മദ്ധ്യാഹ്നനിഴൽ വീണ
ഭൂമിയുടെയൊരു ദിക്കിലൂടെ
നടന്നു സായന്തനത്തിനരികിൽ
എഴുതിതീർന്നൊരു കഥയിൽ 

നിന്നകലെയകലെയായ്
ആകാശസന്ധ്യയിലൊരു
നക്ഷത്രകവിതയുണർന്നു..
.


Monday, July 9, 2012



മൊഴി

അതിരുകൾ തിരിഞ്ഞ
പലേയിടങ്ങളിലും
ഭൂമിയെഴുതി
മൺ തരികളിൽ
ഒരപൂർവഗാനം

പൂർണ്ണവുമപൂർണ്ണവുമായ
മനസ്സിനൊരു കോണിൽ
തപസ്സിരുന്നു
മുനമ്പിലെ പ്രശാന്തി

ഉൾക്കടലിലൊരു ശംഖിൽ,
അടർന്ന ആകാശത്തിനൊരു
തുണ്ടിൽ
ഋതുക്കൾ തുന്നിചേർത്തു
പ്രകൃതിസ്വരങ്ങൾ

വീണുറങ്ങിയ സ്വപ്നമുണർന്ന
പ്രഭാതത്തിൽ
വിരൽതുമ്പിൽ വന്നിരുന്നു
മഴതുള്ളിയിലൊഴുകിയ
കാവ്യത്തിനൊരക്ഷരം..

Sunday, July 8, 2012

 മൊഴി

ദൈവമേ!
മനസ്സിലെ കടലിൽ
നീയെന്നെയൊരു
കാവ്യസ്വരമായുർത്തി
എനിയ്ക്കായ്
ആകാശവാതിലിൽ
നീയൊരുക്കി
ഭയരാഹിത്യത്തിൻ
ഭൂമിയിലേയ്ക്കൊഴുകും
സമുദ്രം

ദൈവമേ!
ഋതുക്കൾ കുടമാറ്റം
ചെയ്തു നീങ്ങും വഴിയിലും
നീയെനിയ്ക്കായ്
നക്ഷത്രവിളക്കുകളിൽ സൂക്ഷിച്ചു
ശരത്ക്കാലത്തിൻ
സ്വർണ്ണതരികൾ..

ദൈവമേ!
ഭൂമിയുടെയടർന്നയോരോ
തുണ്ടിലും നീ വിളക്കിചേർത്തു
കാവ്യസ്പന്ദനം..
ചില്ലുകൂടിനുള്ളിൽ
ഒരു സർഗമെഴുതും
ഹൃദ്സ്പന്ദനങ്ങളാൽ
നൈശ്രേയത്തിലിരുന്ന്
ഞാനൊരു
പവിഴമല്ലിപ്പൂവിതളിൽ
ദൈവമേ!
നിനക്കായൊരു
രാഗമാലിക തീർക്കുന്നു...



Saturday, July 7, 2012

 ഹൃദ്സ്പന്ദനങ്ങൾ


ഗായത്രിമന്ത്രത്തിലുണരും
ഭൂമിയുടെയൊരിതളിൽ
പ്രഭാതത്തിൻ സ്വരം..

പ്രഭാതത്തിൻ
പ്രകാശകണികളിലുണരും
മനസ്സിലേക്കൊഴുകും
കടൽ..

കടലിനരികിൽ

ശംഖുകളി
സായാഹ്നമെഴുതിയ
ദിനാന്ത്യക്കുറിപ്പിൽ
ആദിദൈന്യത്തിൻ
ന്യായം തെറ്റി ചുരുങ്ങിയ
നീതി..

നീതിയുടെ
ആത്മകഥയ്ക്കരികിൽ
ചായം പുരട്ടിയ
ആഘോഷം..
അനീതിയുടെ പ്രതീകം..

അനീതിയുടെ
പ്രതീകങ്ങളിൽ 

നിന്നകന്നു നീങ്ങിയ
അനന്തസാഗരത്തിൽ
ഭൂമിയുടെ ഹൃദ്സ്പന്ദങ്ങൾ..

മൊഴി

സംവൽസരങ്ങൾ
നടന്നുനീങ്ങിയ 
വഴിയിലടർന്നുവീണ
ദിനങ്ങളുടെയിതളിൽ
കരിഞ്ഞുണങ്ങിയ
കാർമുകിൽതുണ്ടുകൾ

മനസ്സിലെ
സന്ധ്യാവിളക്കുകൾക്കരികിൽ
നിന്നുകാണും
ആകാശത്തിനുടഞ്ഞ
ചെപ്പിലൊരാർദ്രനക്ഷത്രം

വിരൽതുമ്പിലിറ്റുവീഴും
അക്ഷരക്കൂട്ടിലൊരു
കാവ്യമെഴുതും
മഴതുള്ളികൾ

മൊഴിയുടഞ്ഞ
ചില്ലുകൂടിനരികിൽ
താണ്ഡവമാടി മാഞ്ഞ
മഷിതുള്ളികൾ..

പുകഞ്ഞുതീർന്ന
നെരിപ്പോടിലേയ്ക്ക്
തീ പകരും നിമിഷകൗതുകം

പുഴയുലച്ചുടച്ച
തീർഥപാത്രത്തിൽ നിന്നു
ഭൂമിയിലേയ്ക്കൊഴുകിയത്
ദർഭയിലെഴുതിയ പവിത്രം
ഒരു തുളസിപ്പൂവ്
ചന്ദനസുഗന്ധം
ഒരു കാവ്യം..




Friday, July 6, 2012

 ഹൃദ്സ്പന്ദനങ്ങൾ

എഴുതിയുടഞ്ഞ
ചില്ലുകളിൽ
ഒരോർമ്മതെറ്റിൻ
ചിഹ്നങ്ങൾ

സ്വരങ്ങളിലൊഴുകിയെത്തും
കടൽ
കടലിനപ്പുറം
അനന്തസാഗരകഥയെഴു
തും
ചക്രവാളം..

മുന്നോട്ടോടിയ
പാതയ്ക്കരികിൽ
പകച്ചു നിൽക്കും

നിമിഷങ്ങൾ

ഈറനാർന്ന
പ്രഭാതമൊരുക്കിവയ്ക്കും
പ്രകൃതി സ്വരങ്ങൾ

പകൽ നാളങ്ങളിലേയ്ക്ക്
നിഴൽ തൂവും
ശിരോരേഖകളെ
ഭദ്രമായൊളിച്ചുസൂക്ഷിക്കും
മനസ്സുകൾ

ഹൃദ്സ്പന്ദനമുണരും
വീണാതന്ത്രികളിൽ
മുനമ്പിൻ സന്ധ്യാജപമന്ത്രം...
 മൊഴി


കഴിഞ്ഞ കാലത്തിൻ
കണക്കു തീർക്കും
കല്പനകളിൽ
നിന്നകലേയ്ക്കു നീങ്ങും
ആകാശത്തിനരികിലേയ്ക്ക്
അങ്കം തേടി വരുന്നുവോ
മുകിലുകൾ..

ഭൂമിയുടെ വാതിലിൽ ആരവം
അതിനരികിൽ
പണത്തിനായെന്തും ചെയ്യും
ഒരു ഭൂമൺ തരിയുടെ
വിലപോലുമേകാനാവാത്ത
ആർഭാടസംഖ്യയുടെ
ഗണിതപർവം...

എത്രയേറെ ചായം
തേച്ചു മിനുക്കി
മുന്നിലേയ്ക്കിട്ടാലും
ചില വസ്തുക്കളെ
ഭൂഗാനസ്വരത്തിനൊരിക്കലും
സ്നേഹിക്കാനാവില്ല..

അരികലിരുന്നെഴുതും
സായന്തനമേ!
നക്ഷത്രങ്ങൾ സാക്ഷിനിൽക്കും
ഉൾക്കടലിലെ
ഒരു ശംഖുമായി വരുക
ഭൂഗാനങ്ങളതിൽ
നിറയട്ടെ....




Thursday, July 5, 2012

 മൊഴി

ആത്മാവിന്റെയനുസ്വരമൊരു
മഴക്കാലപ്പൂവ്
കരിഞ്ഞ ഋതുക്കളുടെ
ചിതയിൽ പോയകാലത്തിൻ
ആരൂഢശില

മേഘമാർഗവും
കടന്നാകാശത്തിലൊരു
നക്ഷത്രമിഴിയിലുറങ്ങും
ഭൂമിയുടെ ഗാനം

ഓർമ്മകൾ മായും
പ്രഭാതങ്ങളിൽ
പ്രദക്ഷിണവഴിയിലൊഴുകും
സോപാനഗാനം

ചുമർചിത്രങ്ങളിൽ
ചിന്തേരിട്ടു നീങ്ങും
പുരോഗമനം

മഹാസാഗരത്തിനൊരറയിൽ
നിധി തേടിയലയും
കുലകൗതുകം

മഷിതൂത്തുതുടയ്ക്കും
കടലാസിൽ
തുള്ളിത്തൂവും
വർത്തമാനകാലം

സായം സന്ധ്യയിൽ
മുനമ്പിൻ കഥയെഴുതി
നീങ്ങും ചക്രവാളം..
 ഭൂമി

അത്മാർഥതയുടെ
കണികയില്ലാതെ 

ചുറ്റിലുമൊഴുകും
മാപ്പപേക്ഷകൾ
ഭൂമിയുപേക്ഷിക്കുന്നു

ആയുർദൈന്യത്തിൻ
മിഴിനീർത്തുള്ളികൾ
തുടച്ചു മായ്ച്ചു
മഴതുള്ളിയാലൊരു
കവിതയെഴുതുന്നു ഭൂമി..

എഴുതിതീരാത്തൊരു
കാവ്യത്തിനായ്
സ്വരങ്ങളാലൊരു
മാല്യം തീർക്കുന്നു ഭൂമി

പർണ്ണശാലകളിൽ
ജപം തുടരും മനസ്സിനൊരു
ദർഭനാളമേകുന്നു ഭൂമി..

വാതിലുലയ്ക്കും
ജന്മദുരിതങ്ങൾക്കൊരു
ശൂന്യമൂല്യമേകുന്നു ഭൂമി..

ചക്രവാളത്തിനരികിലെ
സമുദ്രകാവ്യത്തിനൊരു
ശ്രുതിയേകുന്നു ഭൂമി...

Wednesday, July 4, 2012

ഹൃദ്സ്പന്ദനങ്ങൾ

ഭൂമിയുടെ സങ്കീർത്തനം
ആകാശവാതിലിനരികിൽ
ദൈവമറിയും കാവ്യം
ജാലകവാതിലിലൂടെ
കൽച്ചീളെറിഞ്ഞാഹ്ലാദിക്കുമൊരു
മുഖം
അതിനായൊരു
സ്തുതിയെഴുതാനാവാതെ
നടന്നുനീങ്ങും
ചന്ദനസുഗന്ധമുണരും
ഗ്രാമപ്രഭാതം

പ്രകോപനമാർഗത്തിൽ
കുലസ്വാർഥമുയർത്തിയ
ചായം വാരിത്തേച്ച
നാണയതുട്ടുകളിൽ ചിരിതൂകും
മുഖമൊരാർഭാടവസ്തു..
കണ്ടുതീർന്നതിനിനിയും
അനുബന്ധമൊരുക്കും
വർത്തമാനം
പടിപ്പുരവാതിലുടക്കും
പകയുടെയരികിൽ
ത്രിസന്ധ്യാവിളക്കുകൾ..

കാലം വാരിച്ചുറ്റും
നിറങ്ങളിൽ
അസ്വഭാവികതയുടെ
അസന്തുലിതാവസ്ഥ..
മഴതുള്ളിയിലൊഴുകിയ
മനസ്സൊരു സർഗം

എഴുതും വാക്കുകളെ
കൊഴിക്കാനൊരുങ്ങും
മുദ്രാങ്കിതമാം ഉടവാളുകൾ
നിളയൊഴുകിയ വഴിയിൽ
കൊഴിഞ്ഞുവീണുകരിഞ്ഞ
നന്മയുടെ പൂവുകൾ..
ഋതുക്കളുടെ ചില്ലയിൽ
മഴക്കാലപ്പൂവുകൾ..

പ്രകടനപത്രികളിൽ
വിശ്വാസം നഷ്ടമായ ലോകത്തിൻ
നിശബ്ദ പ്രാതിനിത്യം..
ആശ്വാസത്തിൻ
അനന്തസാഗരമൊരു
മുനമ്പിൻ സായന്തനചിത്രം
എഴുതിതീർക്കാനാവാതെ
വിതുമ്പും വാക്കുകൾ
പ്രപഞ്ചകൗതുകം...
 മൊഴി
അനേകം നൂറ്റാണ്ടുകൾ
ഇതൾവിരിയും
കൽസ്തൂപങ്ങളിലുണരും
ഭൂമിയുടെ അപൂർവസ്വരം

ആൾക്കൂട്ടത്തിനിടയിലും
സമുദ്രമെഴുതുന്നു
ഹൃദ്സ്പന്ദനലയത്തിലൊരു
സമ്പൂർണ്ണരാഗം

ഊഞ്ഞാൽപ്പടിയിലിരുന്ന്
ഉൽസവകാലകൃതിയെഴുതും
പ്രഭാതത്തിനൊരു ഭാവം

എഴുതിതീരാതെപോയ
ഒരാമുഖക്കുറിപ്പിൽ
പടരും ഇത്തിരി മഷി

താഴിട്ടുപൂട്ടിയ
ചില്ലുകൂടിലിരുന്നു കണ്ട
ലോകത്തിനെത്ര മുഖങ്ങൾ

ജാലകവാതിലിലൊളിപാർക്കും
ഗ്രഹമിഴിയുമായ്  നിൽക്കുമൊരു
സങ്കീർണ്ണഹൃദയത്തിന്
ഔഷധികളാലുണങ്ങാത്ത
മനോവൈകല്യം

ആകാശത്തിലൂടെയൊഴുകിയെത്തിയ
മഴതുള്ളികൾക്കമൃതിൻ
മധുരം..
..

Tuesday, July 3, 2012

 മൊഴി

ദിനങ്ങളിലൂടെ,
ഋതുക്കളിലൂടെ
സംവൽസരങ്ങളിലൂടെ
നടന്നുനീങ്ങും
ജീവസ്പന്ദനമൊരു കാവ്യം

മിഴിയിലൊഴുകിയ
ലോകം തുണ്ടുതുണ്ടായടർന്നതിൽ
മഴവീണുകുളിർന്നു തളിർക്കും
ഒരു പവിഴമല്ലി..

പോയകാലം നീങ്ങിയ
ഇടവേളയിലൊതുങ്ങി
ആയുഷ്ക്കാലദൈന്യം

അരികിൽ പ്രഭാതം
സ്വരങ്ങളിൽ സമുദ്രം
ഒരു നിഴൽപ്പാടിനപ്പുറം
മുനമ്പ്

ഈറനണിഞ്ഞ ഗ്രാമവീഥിയിൽ
ചന്ദനസുഗന്ധം
ഒലിവിലകളിൽ മങ്ങിനിൽക്കും
സമാധാനരേഖാചിത്രം...

ശംഖുകളൊഴുകും
സമുദ്രതീരസന്ധ്യ
നക്ഷത്രകാവ്യം...
 മൊഴി

സായന്തനത്തിൻ
ആത്മകഥയിൽ
പ്രകൃതിയുടെ മുദ്രകൾ,
മഴക്കാലപ്പൂവുകൾ,
ഒരു കാവ്യം, സമുദ്രം..
അതിനിടയിലൊരു
ചില്ലുകൂടു പണിയും
കൃത്രിമത്വം..

ആകാശത്തിൽ നിറയും
നക്ഷത്രങ്ങൾ..
സംഗീതം നിറയും
പ്രപഞ്ചം..
അതിനിടയിലൊരിത്തിരി
അക്ഷതം തൂവി
ചിതയൊരുക്കും
അരാജകഭാവം

ദിനാന്ത്യത്തിൽ
പകലിൻ ഒരിതൾ,
ഒരു കീർത്തനം,
സന്ധ്യാവിളക്കുകൾ

അതിനിടയിലൊരു
നിഴൽതുണ്ട്,
ഒരാവരണം...

ശിരോപടങ്ങളിൽ മൂടിയ
മുഖത്തിൻ സൃഷ്ടി
കൽച്ചീളിൻ നോവ്...

കോടിതീർഥങ്ങളിൽ
മുങ്ങിയുണരും പ്രഭാതം..
എഴുതുമാത്മകഥയിൽ
വിടരും പൂക്കാലം..






മൊഴി

അനാദിസത്യം ഒരിലച്ചീന്തിൽ
ചന്ദനസുഗനന്ധമൊഴുകും
പ്രദക്ഷിണവഴിയിൽ
നറും വെണ്ണയുമായ്
മനസ്സിൽ

ഓർമ്മയുടെയിലത്താളങ്ങൾ
നിശബ്ദം
കടൽശംഖിലെത്രയോ
കാവ്യസ്വരങ്ങൾ

ഭൂമിയുടെയതിരളക്കാനാവാതെ
മടങ്ങിയ ശൂന്യമാം
ചില്ലുപാത്രങ്ങൾ

കരിയിലകളിൽ
മായും ഋതുവിൻ
കദനം

വഴിപോക്കർ ഉപേക്ഷിച്ചുപോകും 
ശിരോപടങ്ങളിൽ
ചരിത്രത്തിൻ ലിഖിതം

പകലിൻ നടുത്തളത്തിൽ
പ്രഭാതമെഴുതിയ
അനേകം രാഗമാലികകൾ

Monday, July 2, 2012

 മൊഴി


കൽവരിക്കെട്ടിലൂടെ
ഭൂതകാലത്തിൻ
ഋണമളന്നു നീങ്ങും
വർത്തമാനകാലം

എഴുത്തക്ഷരങ്ങളിൽ
മുങ്ങിത്താഴും മനസ്സ്
കടലിനൊരു കല്പന
കാവ്യങ്ങൾക്കിനിയൊന്ന്
ഇടയിലൊരു നിഴൽപ്പൊട്ട്

ചില്ലുതരികളിലെഴുതിയ
സ്വരങ്ങൾക്ക് ചിലമ്പിന്റെ
നാദം
വിരലിലുറങ്ങിയ
ഭൂമിയ്ക്കൊരു ലയം

മിഴിയിലെ നക്ഷത്രം
ആകാശത്തിനനശ്വരകാവ്യം
മൊഴിയിലെ മഴക്കാലം
ഋതുക്കളേകും കവിത...

Sunday, July 1, 2012

 മൊഴി

ആകാശത്തിൻ
മേൽക്കൂരയിൽ നക്ഷത്രവിളക്കുകൾ
മിഴിയിലൊരു പ്രകാശദീപം
ഇരുളിന്റെയുടഞ്ഞചില്ലുകൾക്കിടയിലൂടെ
നടന്നുനീങ്ങും ഭൂഗാനങ്ങൾ
അടർന്നുമാറിയ ഓർമ്മകൾക്കിടയിൽ
മനസ്സു കുളിർക്കും മഴക്കാലം
അതിരുകളിലൊരു മുനമ്പ്
ജപസന്ധ്യയുടെ പ്രദീപ്തമാം
പ്രദോഷം..
നീർക്കുടങ്ങളിലൊരുദ്യാനസ്വരം
അനുഭവങ്ങളുടെ കൂടയിൽ
ഋതുക്കളെഴുതിയ ആത്മകഥ
ഇരുവശവും ത്രികാലങ്ങളുടെ
ത്രിശൂലത്താഴ്..
സ്പന്ദനം നിലക്കാത്ത
സർഗങ്ങളേ
ഭൂമിയ്ക്കായൊരുക്കിയാലും
ഒരപൂർവകാവ്യം

മൊഴി


അരയാൽമരത്തിലെയിലകൾ
ഹൃദയത്തിനാകൃതിയുമായ്
സ്പന്ദിച്ചുകൊണ്ടേയിരുന്നു
അതിലൊഴുകി മധുരതരമായ
സംഗീതം..


ഗ്രാമത്തിനരികിൽ
നഗരം ചേർത്തുവച്ചു
കടും നിറങ്ങൾ
അന്ന് പ്രകൃതിയുടെ
ചെപ്പിൽ പവിഴമല്ലിപ്പൂവുകൾ
നിറയുന്നതും കണ്ടിരുന്നു
ഭൂമി..


അരങ്ങിലൊഴുകിയ
നാടകശീലുകൾ 
അതിഭാവുകത്വവുമായ്
നീങ്ങുമ്പോൾ 
മുനമ്പിലൊരു തപശിലയിലിരുന്നു
മനസ്സ്..


വിരലുകളിൽ 
കടലിനാരവമൊഴുകിയ നാളിലും
ഹൃദയത്തിലൊഴുകി
അമൃതവർഷിണി..


തുലാസിന്റെ തൂക്കം 
തെറ്റിയ ഒരു തട്ടിൽ
നിമിഷങ്ങൾ നിവേദിച്ചു
അധികം വന്ന ഒരിത്തിരി
പുകമൂടിയ ഹോമദ്രവ്യം..


വാക്കുകളിൽ 
രോഷം മായാതെ നിന്ന
പ്രഭാതത്തിലും മഴതുള്ളികൾ
പറഞ്ഞുകൊണ്ടേയിരുന്നു
കാവ്യസ്വരങ്ങളെത്ര
മനോഹരം... 





 മൊഴി

ഒരു നാളിൽ മനോഹരമായ
സങ്കല്പമായിരുന്നു ലോകം...
മറ്റുള്ളവർക്കായ് 

ചില്ലുകൂടുകൾ പണിയും
 ഇന്നു കാണും ലോകമേ
ദൈവം പണിയും ചില്ലുകൂട്ടിൽ
എത്രയോ ശിരോപടങ്ങളെയാണിന്നീ
ഭൂമി കണ്ടുകൊണ്ടേയിരിക്കുന്നത്

തുള്ളിതൂവിയോടും മഴക്കാലമേ
എന്റെ സ്വപ്നങ്ങളിൽ
പെയ്താലും...
തളിരിടട്ടെ പാരിജാതപ്പൂവുകൾ

ഒഴുകിയ പുഴയെഴുതിയ
ചില്ലക്ഷരങ്ങളിൽ  വിവേകം
നഷ്ടമായ മണൽത്തരികളായിരുന്നു
അധികവും

പ്രകാശത്തിനൊരിതളിൽ
ഒരു നക്ഷത്രമായിരുന്നു
ഇരുകൈയിലും നിറഞ്ഞൊഴുകിയ
സായന്തനദീപത്തിലുണരും
കാവ്യസ്വരങ്ങളെ
ഹൃദ്സ്പന്ദനത്തിലിഞ്ഞാലും
...