Wednesday, December 29, 2010

സമുദ്രത്തിലൊഴുകിയത്

നിമിഷങ്ങളിലടർന്നുവീണതൊരു
പൂവിന്റെ ദലം
കിരീടത്തിൽ നിന്നടർന്നുവീണതൊരു
മുഖം
നിറഞ്ഞൊഴുകിയതൊരു കടൽ
നിശ്ചലമാവാതെ നിന്നത് ഭൂമി
ഇടറിയ വഴിയിൽ
കവടി ശംഖിലൊഴുകിയതൊരു പുഴ
കാലം തുറന്നിട്ടത് സത്യം
ഋതുക്കൾ നീട്ടിയത് നിറങ്ങൾ
വിരലിലുണർന്നത് വാക്ക്
ഹൃദയം കണ്ടതറകൾ
എഴുതിയൊടുക്കിയത് പ്രണയം
എഴുതാതിരുന്നത് കവിത
മുഖം മിനുക്കിവന്നത് ചായം
മുഖങ്ങളെയോർമ്മിച്ചത് ജനം
മേഘമിഴിയിലൊഴുകിയത് മഴ
മാഞ്ഞുപോയത് മഴവില്ല്
ശിശിരം തന്നത് മഞ്ഞ്
മഞ്ഞുരുക്കിയത് മനസ്സ്
മനസ്സിലൊഴുകിയത് സമുദ്രം
സമുദ്രത്തിലൊഴുകിയതാലില
ആലിലയിൽ കണ്ടതനന്തശയനം
അതിനപ്പുറമൊന്നുമുണ്ടായിരുന്നില്ല....

Tuesday, December 28, 2010

മഞ്ഞുമൂടിയ ശിശിരത്തിലൂടെ കാണുന്ന ലോകം

കാണാതായതോർമ്മപ്പാടിൽ മായും
കുറെയേറെ ദിനരാത്രങ്ങൾ മിഴിനീർതൂവും
കാലമൊരു നേർത്തമറയിടും
കൗതുകകരമായ
ബാല്യത്തിനോർമ്മകളായ്
ഊഞ്ഞാൽപ്പടിയിലല്പനേരമിരിക്കും
പടിപ്പുരയിലൂടെ വെയിലിനോടൊപ്പം
പടികടന്നുപോകും
നിഴലുകൾ പോലെ
പുക പോലെ
മൂടൽമഞ്ഞുപോലെ....
പ്രദക്ഷിണവഴിയ്ക്കരികിൽ
നിറമാലകൾക്കിടയിൽ
ചുറ്റുമണ്ഡപത്തിൽ
ഓട്ടുരുളിയിലരിയിട്ടെഴുതിയ
അക്ഷരങ്ങൾ മാത്രം
മാഞ്ഞുപോവാനാവാതെ കൂട്ടിരിയ്ക്കും
ശിശിരമഞ്ഞിനരികിൽ
തീപുകഞ്ഞ നെരിപ്പോടുകളിൽ
കുന്തിരിയ്ക്കം നിറഞ്ഞ
ധൂപപാത്രങ്ങളിൽ
പുകയായി, പുകമറയായി
ചുറ്റിത്തിരിയും
കൗതുകകരമായ ലോകം
മഞ്ഞുമൂടിയ ശിശിരത്തിലൂടെ
കാണുന്ന ലോകം......
മൂടൽമഞ്ഞിനരികിൽ നിന്ന്

നിന്നെക്കുറിച്ചോർത്ത്
മിഴിനീരൊഴുക്കണമെന്നൊന്നും
ഇന്നു നീയാവശ്യപ്പെടുകയില്ലെന്നറിയാം
അതിനാലിനിമുതൽ
മഞ്ഞുതൂവുന്ന ശിശിരത്തിനെക്കുറിച്ചെഴുതാം
മുന്നിൽ കാണുന്ന ലോകത്തെക്കുറിച്ചെഴുതിയാൽ
നാലുമടക്കിൽ മുന്നിൽ തുറക്കും
ഒരു കലഹകവാടം
അതിനിരുവശവും പശതേശൊട്ടിച്ച
കൃത്രിമത്വം നിറയും
താഴേയ്ക്കൊഴുകുന്ന നീർച്ചോലകൾ
കണ്ടുകണ്ടിരിക്കുന്ന ഭൂമി
അതിനാലിനി ശരത്ക്കാലവർണങ്ങളിൽ
മുക്കിയെഴുതാം..
ഭൂമിയ്ക്കായ്..
ഋതുക്കൾക്കായ്...
കടലിൽ നിന്നൊഴുകുന്ന ശംഖുകൾക്കായ്
ശിശിരത്തിൽ നിന്നു തുടങ്ങാം
മൂടൽമഞ്ഞിനരികിൽ നിന്നും....
നടന്നുമതിവരാത്ത ഭൂമിസായന്തനത്തിനെ
ചേലതുമ്പിൽ ചുറ്റിയെത്തിയ
ശിശിരം തൂവിയിട്ട കുളിരിനരികിൽ
മുഖം താഴ്ത്തിനിന്ന
പാതികരിഞ്ഞ
ഇരുൾ നെയ്ത വലകൾക്കരികിൽ
മിഴിയിൽ പട്ടുനൂലുലക്കിട്ടുണർന്ന
പകലായി മാറി നിനവ്
തുടച്ചുമിനുക്കിയ പൂമുഖപ്പടിയിൽ
തുള്ളിയാടിയ വെയിലിനരികിൽ
ലോകമൊരോർയായ് മാറി..
മുറ്റത്തെ തൈമാവിനരികിൽ
തൂമഞ്ഞിൽ മുങ്ങി
ഗ്രാമമുണരുമ്പോൾ
നടന്നു ഞാൻ
നടന്നുമതിവരാത്ത ഭൂമിയോടൊപ്പം
വെളിപാടുകൾ

വെളിപാടുകളേകി
മുഴങ്ങിയതമ്പലമണികൾ
തണൽ തന്നാതാൽമരം
ഇരുന്നെഴുതാൻ
തീരമേകിയത് കടൽ
പിറകിൽ വലയിട്ടത്
നിഴൽ
വെളിച്ചമേകിയത്
നക്ഷത്രങ്ങൾ
മിഴിയിലുണർന്നത് കിനാവുകൾ
നിറങ്ങൾ തൂവിയത് സന്ധ്യ
മറക്കാതിരുന്നത് ഋതുക്കൾ
വിരലിലുരുമ്മിയതക്ഷരങ്ങൾ
അകന്നുപോയത് കടംകഥകൾ
ചുറ്റിയൊഴുകിയത് മിഥ്യ
അറിയാതെയറിഞ്ഞത് ലോകം
 മഞ്ഞിലുറയാതെ നിന്നത്

മഞ്ഞിലുറയാതെ നിന്നത് മനസ്സ്
മഞ്ഞിലുറവവറ്റിമാഞ്ഞതിരുൾ
മറന്നിട്ടതൊരമാവാസി
വിരലുകളിൽ കനലിട്ടത് ഗ്രീഷ്മം
മഴയിലൊഴുകിയ മണ്ണ്
മറക്കുട ചൂടിയ ഭൂമി
അറിയാതെവന്നത് വിധി
എഴുതാതെതീർന്നത് മൗനം
ശംഖിലൊഴുകിയതു കടൽ
ഹൃദയത്തിലൊഴുകിയതും
കടൽ
രണ്ടിനുമിടയ്ക്കൊഴുകിയ കാലം
മൂടൽമഞ്ഞിനരികിൽ
മിഴിയടച്ചിരിയ്ക്കുമ്പോഴും
മഞ്ഞിലുറയാതെ നിന്നത്
മനസ്സ്......

Monday, December 27, 2010

 മഞ്ഞുകാലത്തിന്റെ ഗ്രന്ഥപ്പുരയിൽ

മഞ്ഞുകാലത്തിന്റെ ഗ്രന്ഥപ്പുരയിലിരുന്ന്
നടന്നു നീങ്ങിയ ഋതുക്കൾക്കടിക്കുറിപ്പെഴുതി
ഡിസംബർ..
വസന്തകാലപൂക്കളും,
ഗ്രീഷ്മത്തിന്റെ കനലും,
മഴക്കാലനിനവും,
ശരത്ക്കാലവർണങ്ങളും
ഇലപൊഴിയും വൃക്ഷശിഖരങ്ങളിൽ
മഞ്ഞുതൂവിയ ശിശിരവും
ഡിസംബറിന്റെ ഓർമച്ചെപ്പിലേയ്ക്കൊഴുകി
ലോകം സ്വരങ്ങളിൽ നിന്നപസ്വരങ്ങളിലേയ്ക്ക്
ചെരിയുമ്പോഴും
കടലുലഞ്ഞ ഓർമകൾ
തീരങ്ങളിലേയ്ക്കുയരുമ്പോഴും
ഛിന്നഭിന്നമായ കണ്ണാടിതുണ്ടുകളിൽ
പ്രതിരൂപങ്ങൾ പലതാകുമ്പോഴും
സമാന്തരരേഖകളുടെ ദൂരമളന്ന
മഞ്ഞുകാലത്തിന്റെ ഗ്രന്ഥപ്പുരയിൽ
അവലോകനങ്ങളുടെ
അടിക്കുറിപ്പുകളിൽ
മഞ്ഞുതൂവി ഡിസംബറെഴുതി
ഒരു വർഷത്തിന്റെ ഓർമ്മക്കുറിപ്പുകൾ....
മൂടൽമഞ്ഞിന്റെ നേരിയ പാളികൾക്കിടയിൽ

വിരലുകളോട് പലകുറിപറഞ്ഞു
എഴുതാതിരിക്കുക
പറഞ്ഞിട്ടും കേൾക്കാത്ത എന്തോ ഒന്ന്
മഹാധമിനികൾ വിരൽതുമ്പിലേയ്ക്കിറ്റിക്കുന്നു
കണ്ണുകളോട് പലകുറി പറഞ്ഞു
രണ്ടുവാതിലുകളുമടച്ചു തഴുതിടാൻ
അടച്ചിട്ടുമടച്ചിട്ടുമടയാതെ
ശിരസ്സിൽ നിന്നപൂർവമായ
സന്ദേശങ്ങൾ മിഴിരണ്ടിലേയ്ക്കൊഴുകുന്നു
വിരലുകളും മിഴികളുമിപ്പോൾ
നിയന്ത്രണപരിധിയിൽ നിന്നകലെ
അകലെയകലെയൊരു
മഞ്ഞുമൂടിയ ഉപദ്വീപിൽ
ഋതുക്കൾ പോൽ
ഒഴുകുന്ന കാലചക്രം പോൽ
വിരലുകളും ചലിച്ചുകൊണ്ടേയിരിക്കുന്നു
മഞ്ഞിൽ മുക്കിയെഴുതുന്നു പലതും
ഉറഞ്ഞ മണ്ണിൽ
മൂടൽമഞ്ഞിന്റെ നേരിയ
പാളികൾക്കിടയിൽ....
മുനമ്പിനരികിൽ

ആ തുരുത്തിലൂടെ ഞാൻ നടന്നു
തുരുത്തിനപ്പുറമൊഴുകിയ
മഹാസമുദ്രത്തിൽ
രണ്ടു കടലിന്റെ സമന്വയം
മുനമ്പിനരികിൽ കാവിതൂവിയ
സന്ധ്യാകാശം..
കൽമണ്ഡപത്തിൽ തപസ്സിരുന്ന
നിർഭയത്വം...
ഒരു യുഗം..
മഹാസമുദ്രങ്ങൾക്കപ്പുറം
മുഴങ്ങിയ ശബ്ദം...
പലരും നിശ്ബദം കേട്ടിരുന്ന
വാക്കുകൾ
അനേകായിരങ്ങൾ
വഞ്ചിതുഴഞ്ഞെത്തുന്ന
കൽക്കെട്ടിന്റെ മുഴക്കം
തിരയലയടിക്കുന്ന
സാഗരത്തിനുള്ളിലെ തുരുത്ത്...

Sunday, December 26, 2010

മരീചിക

പാതിവിരിഞ്ഞ താമരപൂക്കളുമായ്
ഉഷപ്പൂജയ്ക്കൊരുങ്ങി പ്രഭാതം
നിമിഷങ്ങളിലൂടെ യാത്രപോയ
മരീചികയിൽ മഞ്ഞുവീണു
പീഠഭൂമിയിലെ വിളംബരങ്ങൾ
ഭൂപ്രദക്ഷിണവഴിയിൽ
മുഴങ്ങിക്കൊണ്ടേയിരുന്നു
ശബ്ദ്ഘോഷങ്ങളൊടുങ്ങിയ
രഥയാത്രയിൽ
പട്ടുകുടകൾ നിവർത്തിയ
സായന്തനമരികിലിരുന്നെഴുതി
കടലുപ്പിലലിഞ്ഞ തീരങ്ങളുടെ കഥ
നോക്കെത്താദൂരത്ത് വേറൊരു ലോകം
മരീചിക..
മൂടൽമഞ്ഞുമൂടിയ ലോകം
ഇടയിലൊഴുകുന്നു
മുഖപടമിടാത്ത ഋതുക്കൾ....
ഡിസംബറിന്റെ സ്മാരകം

കുടിയേറിപ്പാർത്തവർ
മുദ്രവച്ചെടുത്ത ഭൂമിയുടെ മൺതരികളിൽ
പാഴിലായ കുറെ നിമിഷങ്ങളുറഞ്ഞുമാഞ്ഞു
മഞ്ഞുകാലസായാഹ്നത്തിൽ
വാരാന്ത്യം പൂമുഖപ്പടിയിലിരുന്ന്
അസ്തമയസൂര്യന്റെ
ആത്മഗതമെഴുതി
മഞ്ഞിന്റെ തണുപ്പുവീണ സന്ധ്യയിൽ
വാതിലുകളടച്ച ഗ്രാമം
കുടിയേറിയവരെ മറന്നു
ഗ്രാമവാതിലനരികിൽ
ഇലപൊഴിഞ്ഞ വൃക്ഷച്ചുവട്ടിൽ
തളർന്നുറങ്ങീയവർ
ആൽത്തറയിലെ കൽവിളക്കിൽ
എണ്ണത്തിരിയിട്ടെണീറ്റ പ്രഭാതം
മാർഗഴിരാഗങ്ങൾ പാടി
മനസ്സിന്റെ ജാലകവിരിയിൽ
മഞ്ഞുതുള്ളികൾ മിന്നി
ആമ്പൽക്കുളവും കടന്ന്
വയൽവരമ്പിലൂടെ നടന്ന്
ഗ്രാമവാതിലിനരികിലെത്തിയപ്പോഴേയ്ക്കും
ഇലപൊഴിഞ്ഞ വൃക്ഷച്ചുവട്ടിൽ കുടിയേറിയവർ
കുടിലുകൾ പണിതിരുന്നു
മൂടൽമഞ്ഞുമൂടിയ കുടിലുകൾ
ഡിസംബറിന്റെ സ്മാരകം....

Saturday, December 25, 2010

ഡിസംബറിലെ മഞ്ഞുതുള്ളികൾ

വാതിൽപ്പാളികളിലൂടെ
മെല്ലെ അകത്തളത്തിലേയ്ക്കെത്തി
ഡിസംബറിലെ മഞ്ഞുതുള്ളികൾ
ക്ളാവുനിറഞ്ഞ് കരിന്തിരിപടർന്ന
ദിനാന്ത്യങ്ങളെ മറന്ന്
നിറഞ്ഞുകത്തിയ വിളക്കുകൾക്കരികിൽ
ചുറ്റിത്തിരിഞ്ഞു ജപമാലകൾ...
കടലിൽ വീണുടഞ്ഞ തീയിൽ
പിഴവുകളുടെ നിമിഷങ്ങൾ
അണുരൂപങ്ങളിലെ മാത്രയും
ത്രുടിയും തേടിയലഞ്ഞ
യന്ത്രക്കുരുക്കുകൾ
മനസ്സുകാണാനാവാതെ
പരീക്ഷണശാലയിൽ തപസ്സിരുന്നു
എഴുതിതീരാത്ത ഗ്രന്ഥങ്ങളായി മാറി
പകപോക്കിയ ജന്മവൈരുദ്ധ്യങ്ങൾ
നിറഞ്ഞ കലശക്കുടങ്ങളിലൂടെ
തുളസിപ്പൂവിന്റെ സുഗന്ധമൊഴുകി
മഞ്ഞുതൂവിയ മൺതരികളിലൂടെ
നടക്കുമ്പോൾ
ഡിസംബറെഴുതി
വർഷാന്ത്യക്കുറിപ്പുകൾ......
നിർണയരേഖകൾ

വഴിയോരത്തെ നിർണയരേഖകൾ
ദൂരമളന്നെഴുതി നീട്ടിയപ്പോൾ
മനോരഥവേഗമളക്കാനാവാതെ
ശിരോലിഹിതങ്ങൾ വലഞ്ഞു
കൽപ്രതിമകളായ് വഴിയരികിൽ
കാവൽനിന്ന ആരാധ്യരെ
മിഴിതുറന്നുനോക്കാൻ സമയമില്ലാതെ
ആൾക്കൂട്ടം തിരക്കിട്ടോടി
വഴിയരികിൽ മഞ്ഞുപുതപ്പുമായ്
കാത്തുനിന്നു ഒരു ഋതു
കൈവിരലുകളിൽ
തണുത്തസായാഹ്നം തട്ടിതൂവിയ
സന്ധ്യയുടെ വർണം
എഴുതുമ്പോൾ കലഹിക്കുന്നു
ത്രിസന്ധ്യ
മൂടിപ്പുതച്ചുറങ്ങിയ ഗ്രാമത്തിനരികിൽ
ഉറങ്ങാതിരുന്നു ആമ്പൽക്കുളം
ഓളങ്ങളിൽ നിന്നോളങ്ങളിലേയ്ക്കൊഴുകി
ധനുമാസരാവിന്റെ സംഗീതം
മുദ്രകളിൽ ദൂരമളന്ന ആയുർരേഖയും
സമാന്തരങ്ങളിലുറങ്ങിയ ശിരോരേഖയും
ഉൾക്കൈയിൽ സ്വകാര്യമെഴുതുമ്പോൾ
ആകാശമാർഗത്തിലൂടെ
അനന്തകോടി നക്ഷത്രങ്ങൾ
നിർണയരേഖയിലൂടെ
പുൽക്കൂടിനരികിലേയ്ക്ക് നടന്നു.....

Friday, December 24, 2010

നെരിപ്പോടിലെ കനലുകൾ

ചുറ്റും തീയാളിയപ്പോൾ
ഗ്രീഷ്മം പുകഞ്ഞു
ശിശിരത്തിനതൊരു
പുതുമയായി തോന്നിയതേയില്ല
നെരിപ്പോടിലെ
തീക്കനൽ തണുത്തുറയുമ്പോൾ
കത്തിയൊടുങ്ങിയതെല്ലാം
ചാമ്പൽകൂടയിലായി...
വിഭൂതിയിൽ മുങ്ങിതോർത്തി
ശിശിരകാലമേഘങ്ങൾ പറന്നു
ജമന്തിപൂവുകൾ വിടർന്ന
പൂപ്പാടങ്ങളിൽ പൂക്കളിറുത്തുനടന്നു
മഞ്ഞുകാലം
ഉറഞ്ഞ മഞ്ഞുപാളികൾക്കിടയിൽ
യാത്രാവഴി മുടങ്ങിയവർ
ദൂരമേറിയ പുതിയ വഴികൾ പണിതു
വഴികൾക്കാരോടും
അപരിചിതത്വമില്ലായിരുന്നു
നനുത്ത പുൽനാമ്പുകളിലൂടെ
നടന്നുവന്ന പ്രഭാതത്തിനും..
നെരിപ്പോടുകളിലെ
കനലുകളുകതറിയാതെ പോയി...
മഞ്ഞുകാലപൂവുകൾ


പൂമരചില്ലയിൽ
കടന്നൽകൂടുകളേറ്റി
കടന്നുപോയി ഒരാൾ
അകത്തളത്തിലെ ഭിത്തികളിലും
കടന്നൽകൂടുകളുണ്ടായിരുന്നു
പൂക്കളെല്ലാം
കടന്നലുകൾ കുത്തിമുറിച്ചു..
ശാന്തമായുറങ്ങിയ
കടലിനരികിൽ
മൂളിപ്പാടിപ്പറന്നകലുമ്പോൾ
നാലുചുമരുകൾക്കുള്ളിൽ
പകവെട്ടി മനോധൈര്യം
ഹൃദയത്തിൽ വീണ സുഷിരങ്ങളെണ്ണി
നിമിഷങ്ങളാശ്ചര്യഭരിതരായി
മിഴികളിലൂടെയൊഴുകിയ മഴതുള്ളികൾ
ഒരു ഋതുവിന്റെ പളുങ്കുമണികളായി
അകത്തളത്തിലും പുറത്തും
കോലാഹലമായിരുന്നു
ജയപരാജയരേഖയിൽ
കാലമെഴുതിയിട്ടു
ജ്ഞാനവിജ്ഞാനയോഗം
ശിശിരം നിശബ്ദമായ
സായന്തനത്തിൽ
ഘനീഭവിച്ച ആകുലതകൾക്കരികിൽ
ഉയർത്തെഴുനേറ്റു കർമയോഗം..
വിരലുകളിൽ വിടരുന്നു വീണ്ടും
മെല്ലെ മിഴിതുറക്കുന്ന
മഞ്ഞുകാലപൂവുകൾ...
സൂചികകളിലെ അളവുകോൽ


വിലസൂചികൾ
ഉയരത്തിലേയ്ക്ക് ചലിയ്ക്കുമ്പോൾ
പടിയിറങ്ങിവന്നു നന്മ

കൂടുകളിലെ നേരിയനാരുകളും
നൂലുകളും തീയിട്ട ഗ്രീഷ്മവും
ഒരു ഋതു
പരാതികളുടെ വള്ളികൂടയിൽ
നിറയ്ക്കാൻ പരിഭവങ്ങൾ...
നിറഞ്ഞുകവിഞ്ഞൊഴുകട്ടെ
ആന്തലുകൾ..
കൽക്കരിപുകയിൽ കറുത്ത
ചുമർചിത്രങ്ങളിൽ കൃത്യമായ
അവ്യക്തത...
തിളങ്ങുന്ന ഓട്ടുവിളക്കിനരികിൽ
ശിശിരം സന്ധ്യാമന്ത്രം ചൊല്ലുന്നു
പവിഴമല്ലിപ്പൂവുകൾ നിറഞ്ഞ
പൂമുഖമുറ്റത്തിനരികിൽ
നക്ഷത്രവിളക്കുകളുടെ പ്രകാശം..
ചരൽപ്പാതയിൽ മുഖം താഴ്ത്തിനിൽക്കുന്ന
വിവർത്തനലിപികൾ...
സൂചികകളിലെ അളവുകോൽ
ഉയരട്ടെ താഴട്ടെ...
പടിയിറങ്ങി കടൽത്തീരത്തേയ്ക്ക്
നടന്നപ്പോൾ കൂട്ടുണ്ടായിരുന്നു
ഭൂമി ചിമിഴിലൊളിപ്പിച്ച നന്മ
അതിൽ വിലസൂചികകളുണ്ടായിരുന്നില്ല..
കൂടുകൂട്ടിയ ശിശിരകാലമഞ്ഞിനരികിൽ
അളവുകോലുമായ് തപസ്സിരിക്കുന്നതാരോ
നിഴലുകളോ, നിയന്ത്രിതമൗനമോ
ശിരോലിഹിതങ്ങളോ??
അളവുകോലുകൾക്കപ്പുറമൊഴുകുന്ന
കടലിലെ വിലസൂചികകളില്ലാത്ത
ചെറിയ ശംഖുകൾക്കെന്തുഭംഗി..

Thursday, December 23, 2010

പുകമഞ്ഞിനിടയിലെ വർണങ്ങൾ

നടന്നു നീങ്ങിയ ഡിസംബറിന്റെ
ധാന്യാഗാരങ്ങളിൽ നിറഞ്ഞു
മഞ്ഞുപോലുള്ള മുത്തുകൾ....
വിരലിൽ മൃദുവായിയുരസി
ധനുമാസപ്പുലരിയോടൊപ്പം
കൂട്ടിരുന്നു കുളിരുന്ന തണുപ്പ്
വാതിൽ തഴുതിട്ടിരുന്ന ഒരു സ്വരം
വീണയുടെ തന്ത്രികളിലുറങ്ങി
അനുവൃത്തങ്ങളെ വലയം ചെയ്ത്
നിമിഷങ്ങൾ നടന്നു..
പുക പോലെ മഞ്ഞുവീണ
ഡിസംബറിന്റെ
തീവ്രപരിചരണശയ്യയിൽ
തളർന്നിരുന്നു ജീവസങ്കടങ്ങൾ
യന്ത്രങ്ങളിലും, വലയങ്ങളിലുമൊതുങ്ങാതെ
ഋതുക്കൾ മാറിക്കൊണ്ടേയിരുന്നു
ഡിസംബറിന്റെ കൗതുകാലയത്തിൽ
നിറയെ ചുമരെഴുത്തുകൾ
ബാത്തിക് രൂപങ്ങൾ..
നിറപ്പകിട്ടാർന്നവ....
പുകമഞ്ഞിനിടയിലെ വർണങ്ങൾ...
മൂടൽമഞ്ഞിന്റെ ജാലകവിരിയ്ക്കപ്പുറം

ശിശിരം മഞ്ഞുതൂവിയ
സോപാനത്തിനരികിൽ
ഇടയ്ക്കയുടെ ശ്രുതിയുണരുമ്പോൾ
ഉഷപൂജയുടെ നൈവേദ്യമധുരം
നുകർന്നരികിലിരുന്നു ഭൂമി..
പ്രദക്ഷിണവഴിയിൽ
വാക്കുകളെ വഴിമുടക്കിയ
പ്രത്യയശസ്ത്രകൂടങ്ങൾക്കകലെ
ലോകകവാടം തുറന്നിടുന്ന
പ്രകാശം...
കടൽത്തീരത്തിനരികിൽ
പൃഥ്വി വീണ്ടും യാത്രാപഥത്തിൽ
ലോകം മഞ്ഞുപുതപ്പിൽ...
തണുത്ത ശിരോവസ്ത്രത്തിൽ
മഞ്ഞുതുള്ളികൾ...
ഘനശ്യാമമിഴിയിലൊതുങ്ങിയ
പൂർണയുഗം..
സ്വർഗകവാടങ്ങൾക്കരികിൽ
ചന്ദനമരങ്ങൾക്കരികിൽ
വിരൽതുമ്പിലുണരുന്നു
മഹാധമിനിയിലൂടെയൊഴുകിയ
മിടിപ്പുകൾ
അക്ഷരലിപിയുടെ സർഗം..
അതിനപ്പുറമുള്ള ലോകം
മൂടൽമഞ്ഞിന്റെ ജാലകവിരിയ്ക്കപ്പുറം
നടന്നു നീങ്ങട്ടെ.....

Wednesday, December 22, 2010

ചെമ്പകപ്പൂക്കൾ
രാപ്പകലുളോടിമാഞ്ഞ വഴിയിൽ
ഓർമകളുടെ വർഷാന്ത്യം...
അമ്മയുടെ സ്നേഹം..
നിറയെ പൂക്കുന്ന
അരളിമരത്തണലിൽ
കൂടുകൂട്ടിയ തണുപ്പിന്നരികിൽ
നിർനിമേഷം നിന്ന
ആദ്യാക്ഷരങ്ങൾ...
ശംഖിലെ പുണ്യാഹം..
തീർഥസമന്വയം...
ബൃഹദ്പുരാണങ്ങളടയട്ടെ..
പുനർജനിയായുണരട്ടെ
നിശ്ചലമായ സ്മാരകശിലയിലാഖേനം
ചെയ്ത സുവർണഫലകങ്ങൾ
എഴുതി നിറയ്ക്കാനൊരു
കടൽത്തീരം..
ചെമ്പകപ്പൂക്കളിറുത്ത
സന്ധ്യാസുഗന്ധത്തിനരികിൽ
തൂങ്ങിയാടുന്ന നക്ഷത്രങ്ങൾ
രാപ്പകലുകൾ
സംവൽസരങ്ങളുടെ ചിറകിലേറി
മായുമ്പോൾ
മായാത്ത ഓർമ
ചെമ്പകപ്പൂവിന്റെ സുഗന്ധം
ശിശിരത്തിലുറഞ്ഞുമായാത്ത
അമ്മയുടെ സ്നേഹം.....

Tuesday, December 21, 2010

ഋതുക്കൾക്കെന്തു ഭംഗി

നിള ഒരു നദി മാത്രം
മഹാനദിയ്ക്കപ്പുറം
എത്രയോ നദികൾ
ത്രിവേണിസംഗമം..
ഒരു നദിയെഴുതിയ
കഥയ്ക്കപ്പുറം
മഷിതൂവുന്ന കല്പനകൾക്കപ്പുറം
മഞ്ഞുതൂവുന്ന ശിശിരം
ഋതുക്കൾക്കെന്തു ഭംഗി
പ്രകൃതി തൂവുന്ന മഞ്ഞിനെന്ത് ഭംഗി
വിരൽതുമ്പിലൂടെയോടിപ്പോയ
കനത്ത വാക്കുകൾക്കെന്തുഭാരം
ഇടയിലൊഴുകിയ
നീർച്ചാലിൽ പുകകറുപ്പ്
ചായം തേച്ചുമിനുക്കിയതാരോ
രാത്രിയോ, പകലോ
ത്രിസന്ധ്യയോ?
കോലായിലിരുന്ന്
കടംകഥപറയുന്ന
അനശ്ചിതത്വത്തിനരികിൽ
മഷിതൂവിയ മഞ്ഞിനരികിൽ
അനേകായിരം മുഖങ്ങളിൽ
മൂടിയിരിക്കുന്ന അയഥാർത്യം
അതോ ലോകം?
തലാതലങ്ങൾ


സമതലങ്ങളിലൂടെ
നടക്കുന്നത് സുഖകരം
ആയാസരഹിതം
കടലുകൾ താണ്ടി
ദ്വീപുകളിലൂടെ
ഉപദ്വീപുകളിലൂടെ
ആരണ്യകത്തിന്റെ
നിഗൂഢതയിലൂടെ
ലോകാലോകപർവതമേറുക
ആയാസകരം.
തലാതലവിതലങ്ങളിൽ
ധ്യാനം ചെയ്യുന്നവരെത്രയോ..
പർവതങ്ങളാൽ ചുറ്റപ്പെട്ട രാജ്യം
ഉൾയുദ്ധത്തിൽ
ഗുഹകളിലൊളിപാർക്കുന്ന
നിശബ്ദതീവ്രവാദം
അതിരുകളിൽ സംഘർഷം
പ്രശാന്തിയുടെ അക്ഷരമെവിടെ..
കൽമറകൾക്കുള്ളിൽ
അതീവഗൂഢമായ്
മറഞ്ഞിരിക്കുന്നതാരോ
ഋതുക്കൾക്ക് മൂടുപടമിട്ടതാരോ
പാലങ്ങളിൽ നിന്നുയരുന്ന
ഇരമ്പം....
താഴ്വരകളിലെ പ്രതിധ്വനി....
മൂടൽമഞ്ഞിനപ്പുറം
മിഴിപൂട്ടീയിരുന്നു ഭൂമി..
ലോകം നടന്നു നീങ്ങി
അവ്യക്തമായ
സമതലങ്ങളിൽ.....

Monday, December 20, 2010

തുടർക്കഥയ്ക്കൊരനുബന്ധം

തുടർക്കഥയ്ക്കനുബന്ധമെഴുതിയ
ചിത്രതൂലികയിലെ മഷിയുറഞ്ഞു
അക്ഷരങ്ങളിൽ മഞ്ഞു തൂവി
ശിശിരം ശബ്ദരഹിതമായ
ശൂന്യതയിൽ തപസ്സിലായി....
മൂടൽമഞ്ഞിന്റെ നേരിയ
പാളികൾക്കിടയിലൂടെ
ഉറഞ്ഞ പോയ അക്ഷരങ്ങളെ
കനൽതീയിട്ടുരുക്കി ഭൂമി
തീറെഴുതിയ ജന്മസങ്കടങ്ങളിലുലഞ്ഞ
ശിരസ്സിൽ നിന്നു മാഞ്ഞു
ശംഖിനുള്ളിലെ ഒരു രാശി
ഒരു പണതൂക്കം....
എന്നിട്ടും ശംഖിലൊരു
കടലുണ്ടായിരുന്നു
കരകാണാക്കടൽ...
സംവൽസരങ്ങളുടെ
ചക്രവേഗമായ
ദിനരാരാത്രങ്ങളിലൂടെയുണർന്ന
ഋതുക്കൾക്കനുബന്ധമെഴുതാൻ
എന്നും ഒരു കല്പിതകഥയുണ്ടായിരുന്നു..
കളിവിളക്കിനു മുന്നിലെ
മിനുക്കുവേഷങ്ങൾ...
യാഥാർഥ്യം എത്രയോ അകലെ....
പാരിജാതപ്പൂവുകൾപാരിജാതപ്പൂവുകൾ തേടി നടന്ന
കൈവിരൽതുമ്പുകൾ
കള്ളിമുൾച്ചെടികളിലുടക്കി മുറിഞ്ഞു..
തേർചക്രങ്ങളിൽ ചുറ്റിക്കറങ്ങി
ഇത്തിരി മണ്ണ്....
കാല്പദങ്ങളിലൂടെയൊഴുകി
നീർച്ചാലുകൾ...
വെള്ളാരംകല്ലുകളെയമ്മാനമാടി
ഓളങ്ങൾ
തീരത്തിനപ്പുറം മരീചികയിലെ
പച്ചത്തുരുത്തുകൾ..
വിളിപ്പുറത്തൊളിപാർക്കും
വിധിരേഖകൾ..
തുലാഭാരതൂക്കങ്ങളിൽ
തുളസിപ്പൂവുകൾ.
തൂവൽപോലെയുയരുന്ന
കനകാഭരണങ്ങൾ....
താഴ്വരകളിൽ തനിച്ചുറങ്ങുന്ന
കല്ലറകൾ...
ശിലാലിഹിതങ്ങളിൽ
ജനനമരണ സൂചിക..
മാറാപ്പുകൾക്കെന്തുഭാരം
നിമിഷങ്ങൾക്കെത്ര തിടുക്കം
ഭൂമിയുടെ ശിശിരഹൃദയത്തിൽ
പാരിജാതപ്പൂക്കളുടെ സുഗന്ധം
ഇടക്കുണരുന്ന
മാർഗഴിയൊരു
ദക്ഷിണായന സംഗീതം.....

Sunday, December 19, 2010

ഡിസംബറിലെ മഴ

തീർഥക്കുളത്തിൽ
മുങ്ങി നിർമാല്യദർശനത്തിനായ്
പുലരിയെത്തിയപ്പോൾ
നനുത്ത കുളിരു പോൽ
നേർത്ത പട്ടുനൂലുപോൽ
പെയ്തിറങ്ങി
മഞ്ഞുപോലെ നനുത്ത മഴ
ധനുമാസമഴ
കാണാനാവാത്ത
പൊടിമഴ.....
ശിശിരമഴ...
ഇടവഴിയും കടന്നൊരു
നിഴൽപ്പാടും കടന്ന്
പൂമുഖമുറ്റത്ത്
പുണ്യാഹം തൂവിയ മഴ.....
ഡിസംബറിലെ മഴ...
ചിന്തേരിട്ടു മിനുക്കിയ ചുമരുകൾ


ദിക്കുകളിലൊളിപാർക്കുന്നു
ദിക്ക്പാലകർ
ചിന്തേരിട്ട് മിനുസപ്പെടുത്തിയ
സുഷിരങ്ങളെല്ലാമടഞ്ഞ
ചുമരുകൾക്കുള്ളിൽ..
ഉപഗ്രഹമിഴിയ്ക്കപ്പുറം
വിഭൂതിയിൽ മൂടിയ ത്രിനേത്രം..
കൽസ്തൂപമടർന്നു വീണ
വിടവിലുമൊളി പാർത്തു
ഒരു യുഗം...
ഒരു നാട്യം...
ഉറിയിൽ നിന്നൂറി പാലാഴി...
ദിക്കുകളെല്ലാമടച്ചു തഴുതിടുമ്പോൾ
മനസ്സിലുള്ളിലകിൽക്കൂട്ടിൻ സുഗന്ധം..
ഉൾക്കടലിൽ വീണുടഞ്ഞ
തീക്കനലിലുമുണ്ടായിരുന്നു
ഒരുൾമിഴി...
കാണാത്ത ലോകത്തെ
ചുറ്റിയൊതുക്കി മുന്നിലേയ്ക്കിടുന്ന
യന്ത്രം...
കാണാത്ത ലോകത്തിലൊഴുകാൻ
വിധിയിട്ട യന്ത്രപ്പുരകൾ..
ഭൂമിയുടെ നിലവറകളിൽ
പഴയ താളിയോലകൾ
ലോകമേൽപ്പുരയ്ക്കതിരേത് ?
യന്ത്രമിഴികളോ, ഉപഗ്രഹങ്ങളോ
ചിന്തേരിട്ടു സുഷിരങ്ങളടച്ചുമിനുക്കിയ
ചുമരുകളോ?

Saturday, December 18, 2010

സാഗരസ്പന്ദനങ്ങൾ

ചക്രവാളമേ നിനക്കേതു നിറം
ഞാനുണർന്നപ്പോൾ
ചുറ്റുവിളക്കുകളുമായ് വന്നു നീ
ശിശിരത്തിന്റെ മഞ്ഞുപാളികളിലൂടെ
ആകാശമേലാപ്പിനരികിൽ
ഞാൻ കണ്ടു നിന്റെ വിളക്കുകൾ
മദ്ധ്യാഹ്നത്തിൽ അഗ്നികുണ്ഡങ്ങളിൽ
അഗ്നി തൂവിയ ചക്രവാളമേ
നിന്റെയഗ്നി
ഞാനക്ഷരങ്ങളിലേയ്ക്കിട്ടു
സായന്തനത്തിൽ
വൈദ്യുത ദീപങ്ങൾ തെളിയിച്ച്
രാത്രി പകലിനരികിലെത്തിയപ്പോൾ
ഉദയാസ്തമയങ്ങളുടെ
രേഖാമൊഴിയളന്ന
വെളുത്ത ചെറിയ ശംഖുകൾ തേടി
കടൽത്തീരങ്ങളിലൂടെ
നടന്നു ഞാൻ
കാണാപ്പൊന്നു തേടിയൊഴുകിയ
വഞ്ചിയിലിരുന്ന് കാണുമ്പോൾ
വെളുത്ത ചെറിയ ശംഖുകൾ
നക്ഷത്രങ്ങൾ പോൽ മിന്നി
ചക്രവാളമേ നീ മറ്റൊരു
കടലായി മാറി.....
യന്ത്രങ്ങളിൽ തിരിയുന്ന ലോകം

എഴുതാനും എഴുതി നിറയ്ക്കാനും
എഴുതിയ കഥയുടെ
കഥയില്ലായ്മയിലൊഴുകാനും
ഒഴുകുന്ന ഓളങ്ങളുടെ
ഒഴുക്കിനതിരിടാനും
മതിലുകൾക്കെത്രെയുയരം
കടലുകൾക്കെത്ര വ്യാപ്തി
ഇടയിലെ ലോകമേ
ചുരുങ്ങിയൊതുങ്ങി
യന്ത്രങ്ങളുടെ ചക്രങ്ങളിൽ
തിരിയുക
കല്ലും മുള്ളും മണ്ണും
സുഖവും ദു:ഖവും
രാപ്പകലുകളും, ഋതുക്കളും
ചക്രങ്ങളിൽ തിരിയട്ടെ
പാത്രങ്ങളിലൂറ്റുക
പാനീയം
കയ്പുനീർ
ചില്ലുചഷകങ്ങൾ
നിറയട്ടെ
പിന്നെയതൊരു
തുടർക്കഥയെഴുതുന്ന
തൂലികയിൽ മഷിയായിറ്റുവീഴട്ടെ..

Friday, December 17, 2010

സായന്തനത്തിനരികിൽ


നടപ്പാതകൾക്കരികിൽ
വേഗതയേറിയ വാഹനങ്ങൾക്കുള്ളിൽ
യാത്രചെയ്യുന്ന പ്രകടമായ
അസന്തുഷ്ടിയുടെ
ആത്മനൊമ്പരങ്ങൾ..
കൂട്ടത്തിലോടുന്ന ചായക്കൂട്ടുകൾ
ചില്ലുകൂടിൽ ചിതറിവീഴുന്ന
കതിർക്കുലകൾ...
ചതുരക്കളങ്ങളിൽ മങ്ങുന്ന
ശിശിരമദ്ധ്യാഹ്നം....
വെയിലിൽ പൂക്കുന്ന വ്യർഥചിന്തകൾ
അത്മസംയമനത്തിതിർരേഖകൾ
നഷ്ടമാക്കിയ അസ്തമയം....
കടന്നൽകൂടുകൾ പോലെ
ചുറ്റുന്ന ഓർമതെറ്റുകൾ
അതിലോർക്കാനന്തിരിക്കുന്നു
സായന്തനത്തിനരികിൽ
മഷിപ്പാത്രത്തിലെ കറുപ്പോ
നിന്റെ മനസ്സിന്റെ കറുപ്പോ?
ശരറാന്തലുകൾ

ശരറാന്തലിനുള്ളിൽ
കത്തിയെരിഞ്ഞു അനശ്ചിതത്വം
എരിഞ്ഞുതീരാറായ ഒരിത്തിരി
വെട്ടം ചില്ലുകൂടിലൊതുങ്ങി
കനലാളിയ നെരിപ്പോടുകളിൽ
പുകയൂതിയിരുന്നു കാലം
കാലത്തിനരികിലൂടെ
പുകവഴികളിൽ, ആൾക്കൂട്ടത്തിന്റെ
അലോസരങ്ങളിൽ നഷ്ടമായ
മനസ്സ് തേടി നടന്നു ഭൂമി
സ്ഫ്ടികചെപ്പുകളിൽ
കാഴ്ചവസ്തുവായ് മാറി
അടർന്നു വീണ ഒരക്ഷരലിപി
അതിനരികിൽ
അപരിചിതമായ ഒരു ദിക്കായി
മാറി ലോകം
അകലെ കടൽത്തീരത്തിരുന്ന്
ശ്രുതിയിട്ട സംഗീതഉപകരണങ്ങളിൽ
മറ്റൊരു ലോകമുണർന്നു
അക്ഷരലിപികൾക്കപ്പുറം
മഷിചെപ്പുകൾക്കപ്പുറം
വേറിട്ടൊരു ലോകം....
അവിടെയും ശരറാന്തലുകൾ
തിരിയിട്ടു.....
നക്ഷത്രമിഴിയിൽ...

Thursday, December 16, 2010

ഡിസംബറിലെ മൂടൽമഞ്ഞ്

കരിന്തിരി കത്തിയ
വിളക്കിനരികിൽ
കാത്തിരുന്നു കാലം
പൊഴിയുന്ന ഇലകളെ തേടി..
ഉലയുന്ന കടലിനെ തേടി...
മഷിപ്പാടുകളിൽ വിങ്ങിയ
മുറിവുണങ്ങി.
മായ്ച്ചിട്ടും മായ്ച്ചിട്ടും
മായാതെ നിന്നു കറുത്തപാടുകൾ,
പെയ്യാനാവാതെ ഘനീഭവിച്ച
കറുത്ത മേഘങ്ങൾ..
ഋതുക്കളുടെ ചരടിൽ
കോർത്ത നക്ഷത്രങ്ങളിൽ
മാർഗഴിയുണർന്നു..
ശിശിരം കടംകഥയിലെ
മഞ്ഞായി
മുൻപിലും പിന്നിലും
ഇലപൊഴിയിച്ചു നിമിഷങ്ങൾ

പൊഴിഞ്ഞു വീണ ഇലകളിരുന്നുറങ്ങി
രാത്രി..
ഡിസംബറിലെ മൂടൽമഞ്ഞിൽ
പ്രഭാതത്തിന്റെയോർമ്മപ്പാടുകൾ മാഞ്ഞു....
ഹൃദയത്തിനു മറയിടാത്ത തൂലികകൾ

തേടി നടന്ന കവിതകൾ
മുൾച്ചീളുകൾ വീണു മുറിഞ്ഞു..
സർഗങ്ങളിൽ വീണുടഞ്ഞ
ഒരു പിടി മണ്ണായൊഴുകി
ഭൂവചനം...
മഹാകാവ്യങ്ങളിലൊഴുകി
മനസ്സു തേടിയ സാഗരം..
മഞ്ഞുമൂടിയ ദേവപ്രയാഗയിൽ
ലോകമേൽപ്പുരയിലെത്തിയ
ഹിമശൃംഗത്തിൽ
ധ്യാനനിരതമായ നിമിഷങ്ങളിൽ
അനന്തകോടിജന്മസങ്കടങ്ങളലയുമ്പോൾ
മിഴിയടച്ചിരുട്ടാക്കി ലോകം...
ശംഖുടയുന്നു മുന്നിൽ
ശംഖിൽ നിന്നൊഴുകി
കാലമറിയാത്ത
വൈരുദ്ധ്യങ്ങളുടെ കടൽ
ഹൃദയത്തിനു മറയിടാത്ത
മനസ്സിലൊഴുകി മറ്റൊരു കടൽ...
അറിവിന്റെ കടൽ...
ദലങ്ങളെല്ലാം കൊഴിഞ്ഞ ഒരു ഋതുവിൽ

ദലങ്ങളെല്ലാം കൊഴിഞ്ഞ
ഒരു ഋതുവിൽ
എഴുത്തുതാളുകളിലൊഴുകി
അയനിയ്ക്കിടയിലുണർന്ന
അഗ്നിഹോത്രിയുടെ
ഹൃദയം കണ്ട അഗ്നി..
നീണ്ടു നീണ്ടു പോയ വഴിയിൽ
ചരിത്രപുസ്തകങ്ങളണിനിരന്ന
ഗ്രന്ഥപ്പുരകൾക്കകലെ
നിഘണ്ടുവിലുറങ്ങിയ
അനേകയിരം വാക്യാർഥങ്ങൾക്കപ്പുറം
ഇടവേളയിലെ
ശൂന്യതയ്ക്കവിരാമചിഹ്നമായ്
ഉടുക്കിനകമ്പടിയിൽ
പാണന്റെ പാട്ടുയർന്നു....
അമാവാസിയുടെ ചിമിഴിൽ
ലോകമുടച്ചു ചില്ലുപാത്രങ്ങൾ
ഉടഞ്ഞ ചീളുകളെ
ചരിത്രപുസ്തകത്തിലാക്കി
കാലം രചിച്ചു ഒരു ചരമഗീതം....

Wednesday, December 15, 2010

അതിരുകളില്ലാത്ത ലോകം

ഉദയാസ്തമയങ്ങളുടെ ചിമിഴിൽ
വ്യത്യസ്തമായ സമയരേഖയിൽ
വേറിട്ട അക്ഷരലിപികളിൽ
പലതായി ഭൂഖണ്ഡങ്ങൾ...
ഭൂമധ്യരേഖയിയ്ക്കിരുവശവും
വ്യത്യസ്ത ധ്രുവങ്ങളിൽ
മതിലുകൾ പണിതു
പർവതശിഖരങ്ങൾ..
ഭൂമിയുടെ മൺപാത്രങ്ങളിലൊഴുകീ
മഹാസമുദ്രങ്ങൾ...
ചക്രവാളം അതിരിട്ടു ചുറ്റിയ
നേർത്ത കാന്തികവലയത്തിലുലയുന്ന
നിറക്കൂട്ടുകളിൽ കമനീയമായ
ചിത്രപടങ്ങൾ നെയ്തു ഋതുക്കൾ..
കവാടങ്ങളിലൂടെ കാണുന്ന
നിമിഷക്കാഴ്ചകളിലൊഴുകി
മനസ്സിന്റെ ദുർഗ്രാഹ്യതകൾ...
ദുർഗമമായ ആരണ്യകത്തിൽ
ചെങ്കുത്തായ പർവതശിഖരങ്ങളിൽ
ശിരോലിഹിതങ്ങൾ യാത്രചെയ്തു..
കടലിലൊഴുകിയ
മുത്തുചിപ്പികൾ തേടി
ഒരു ചെറിയ പായ് വഞ്ചിയിൽ 
മനസ്സ് യാത്രചെയ്തു.
ചിപ്പികൾക്കുള്ളിലും
ഒരു ലോകമുണ്ടായിരുന്നു
അതിരുകളില്ലാത്ത കടലിന്റെ
വലിയ ചെറിയ ലോകം.......
കുറുകയും നെടുകയും കെട്ടുപിണഞ്ഞ വഴി

കുറുകയും നെടുകയും
കെട്ടുപിണഞ്ഞ വഴികളിൽ
പല്ലക്കിൽ ഭാരച്ചുമടുമായ്
ചുറ്റിത്തിരിഞ്ഞു മഞ്ഞുകാലം..
രസതന്ത്രമിശ്രണങ്ങളിൽ
മിന്നിയ പരീക്ഷണശാലയിലുറങ്ങി
ലോഹക്കൂട്ടുകൾ..
വിരലുകൾക്കുള്ളിലൂടെ
വാക്കിലൊഴുകി ശിശിരത്തിലെ
ഘനീഭവിച്ച അഗ്നി..
മുറുകിയ വീണക്കമ്പികളിൽ
തട്ടിയുടഞ്ഞു ഒരു ഘനരാഗം...
വിളക്കുമാടത്തിൽ
എണ്ണവറ്റി കരിന്തിരികത്തിയ
വിളക്കിൽ എള്ളെണ്ണ പകർന്നു
ബ്രാഹ്മമുഹൂർത്തം....
നിടിലത്തിൽ ചന്ദനം തൂവിയ
ചന്ദനത്തട്ടുകളിൽ
അക്ഷതവുമായുണർന്നു
പ്രഭാതം....
എഴുതിതീരാത്ത കല്പനകൾ തേടിയ
കാലത്തിനരികിൽ,
സംഗീതമൊളിപ്പിച്ച
മുളംകാടുകൾക്കരികിൽ
ശിശിരം കെടുത്തി
ഉലയിലെ അഗ്നി.....
കുറുകെയും നെടുകയും
കെട്ടുപിണഞ്ഞ വഴിയിൽ
ചുറ്റിത്തിരിഞ്ഞു വിധി
വഴിയറിയാതെ.....

Tuesday, December 14, 2010

മഞ്ഞുമലകൾക്കപ്പുറം

മഞ്ഞുമലകൾക്കപ്പുറം
ദേവർഷികളെ തേടിപ്പോയി
തിരോധാനം ചെയ്ത അവധൂതന്മാർ
ഞാറ്റുവേലക്കിളികൾ
പറന്നുപോയ വഴിയിൽ
സമുദ്രതീരങ്ങളിൽ നങ്കൂരമിട്ട
മഹായാനങ്ങളിൽ
യാത്രക്കൊരുങ്ങിയിരുന്നു
ദേശാടനപ്പക്ഷികൾ
ഉയർത്തെഴുനേൽപ്പിന്റെ
ഉണർത്തുപാട്ടുമായെത്തിയ
മൺവീണക്കരികിൽ
മഞ്ഞുതൂവിയിട്ടു ശിശിരം..
നേർത്തുവന്ന രാവിന്റെ
തിരുവരങ്ങിലിരുന്നുപാടി
നൈശ്രയസവാതിലുകൾ തുറന്ന
മാർഗശീർഷം....
മൂടൽമഞ്ഞിന്റെ
തിരശ്ശീലയ്ക്കരികിൽ
രാപ്പകലുകളെ കോർത്ത്
നിമിഷങ്ങളെഴുതി
ദിനാന്ത്യക്കുറിപ്പുകൾ...
അക്ഷരലിപികളിലൂടെയൊഴുകി
ആകാശം...
ആകാശത്തിനപ്പുറമുള്ള
ലോകത്തിലൊഴുകീ
താരകൾ, ഗ്രഹങ്ങൾ..
അനേകായിരം വൈരുദ്ധ്യങ്ങൾ...
രാജ്ഘട്ടിലെ സ്വാതന്ത്ര്യംരാജ്ഘട്ടിലെ
നിസ്സഹായതയായി മങ്ങി
സ്വാതന്ത്ര്യം..
അസ്വതന്ത്ര ഇന്ത്യയുടെ
വിങ്ങലുകൾക്കരികിൽ
തലതാഴ്ത്തി നിന്നു
ബോധിവൃക്ഷങ്ങൾ..
സമാധിമണ്ഡപത്തിലെ
പുറംമോടികളിൽ
വീർപ്പുമുട്ടിയിരുന്നു
കർമ്മയോഗം..
വിലങ്ങുവീണ സ്വതന്ത്രഭൂമിയുടെ
നെടുവീർപ്പുകൾക്കരികിൽ
നൂൽ നൂറ്റിരുന്നു ശിശിരം
സത്യാന്വേഷണകഥയിലിറ്റുവീണു
ഒരു തുള്ളി രക്തം..
ഘനീഭവിച്ച സ്വാതന്ത്ര്യം...
മഞ്ഞുപുകയുന്ന ശിശിരം

മഞ്ഞുപുക മൂടിയ ശിശിരത്തിലെ
ആൾക്കൂട്ടമൊഴിഞ്ഞ യാത്രാവഴിയിൽ
കാലം എന്തിനെന്നറിയാതെ
കാവലിരുന്നു.....
ഇരുട്ടിന്റെ ശാഖകൾ പോലെ
പണ്ടെങ്ങോ പൂത്തുലഞ്ഞ
തണൽമരങ്ങളിലെ
ഇലകൾ പൊഴിഞ്ഞിരുന്നു
കൊഴിഞ്ഞുവീണ മഞ്ഞഇലകളിലൂടെ
യവനികനീക്കിയെത്തി
പുതിയ ഋതു......
തണുത്ത കവചത്തിനുള്ളിൽ
മുറിപ്പാടുകളിലെ രക്തം ഘനീഭവിച്ചു
അരങ്ങിൽ ആട്ടവിളക്കിനുമുന്നിൽ
ചുട്ടികുത്തിയ വേഷങ്ങൾ
തിരനോട്ടം.....
ത്രിസന്ധ്യയുടെ ചുടുനീരൂറ്റിയാരോ പാടി
നാടകമേയീയുലകം..
അഭ്രപാളികളിലെ
വിശ്വസിനീയമായ അവിശ്വാസ്യത....

Monday, December 13, 2010

ഗ്രാമമേ മിഴിപൂട്ടുക

സൂക്ഷ്മതയിൽ നിന്നും
അതിസൂക്ഷ്മതയെ
തേടിയെത്തിയ തുരുത്തിൽ
നിസ്സഹായരുടെ
അശ്രുനീരാൽ തടാകം പണിതു
ഗിരിശൃംഗങ്ങൾ...
പ്രദക്ഷിണവഴിയിൽ
കനൽതൂവിയ സൂര്യമണ്ഡലത്തിൽ
നിന്നകലെ മഞ്ഞുപാളികളിൽ
മുഖം മറച്ചിരുന്നു പകൽ..
അനുഭവങ്ങളുടെ മുഖക്കുറിപ്പിൽ
അപക്വത കുടിപാർത്തു....
നിറം മങ്ങിയ യുഗങ്ങൾ
നിറപ്പകിട്ടാർന്ന തമ്പുകളിൽ
ലോകത്തെ ചുറ്റിയിട്ടു.....
ബോധിവൃക്ഷതണലിൽ നിന്നും
നിധികുംഭങ്ങൾ തേടി നടന്നു
അഭിനവ തഥാഗതർ
ഉത്ഭവസ്ഥാനത്തിലൊരുറവകാണാതെ
സരസ്വതിയുറങ്ങി...
മൺവീണയിൽ മനസ്സ് ശ്രുതിയിട്ടുണർന്നു..
മഞ്ഞുകാലത്തിന്റെയോർമപുതുക്കിയ
ഗന്ധകപ്പുകയിൽ അതിരുകളുടെ
സംഘർഷം..
അർദ്ധസത്യങ്ങളുടെ കുരുക്കഴിക്കാനാവാതെ
നടന്നകന്നു നിർഭയത്വം..
നിമിഷങ്ങളിൽ നിന്നു നിമിഷങ്ങളിലേയ്ക്കുള്ള
യാത്രയിൽ ഗ്രാമമേ മിഴിപൂട്ടുക
അലങ്കോലപ്പെട്ട ലോകം
അതിരുകളിലൂടെയൊഴുകട്ടെ.....
ശിശിരത്തിന്റെ നഷ്ടം

സുവർണമുഖിയുടെ തീരം
ശൂന്യമായിരുന്നു...
ഉൾക്കടലിനരികിൽ,
നൂറ്റാണ്ടുകളുടെ കഥയെഴുതി
സൂക്ഷിച്ച കൽസ്തൂപങ്ങളിൽ
മഞ്ഞുതൂവിയ ഋതുവിനരികിൽ
കാറ്റാടിയന്ത്രങ്ങളുടെ ദലങ്ങൾ
ചലിച്ചുകൊണ്ടേയിരുന്നു.....
നിറഭേദമില്ലാതെ
മനുസംഹിതകൾക്കരികിൽ
ദിക്കുകൾക്കതിരിടാനാവാതെ
കാലമിരുന്നു...
യാഥാർഥ്യത്തിന്റെ
വാക്യാർഥങ്ങളിൽ കടലുയർന്നു
ഛിന്നഭിന്നമായ സഭകളിൽ
മൂടിതുറന്ന കലശങ്ങളിൽ നിന്നൊഴുകി
സംവൽസരങ്ങളുടെ നഷ്ടങ്ങൾ...
മഞ്ഞുമൂടിയ ശാന്തിസ്ഥലയിൽ
സമാധികൊണ്ടു
ശിശിരത്തിന്റെ നഷ്ടം....
ഇടവേളയിൽ കണ്ട ദു:സ്വപ്നം

പണിപ്പുരയിലെഴുതിവിൽക്കുന്ന
വില്പനക്കൂട്ടുകൾക്കിടയിൽ
ലോകവുമുണ്ടായിരുന്നു...
വിലയെഴുതിയിട്ട
കടലാസുതുണ്ടുമായ്
മനസ്സാക്ഷി
ലോകത്തിനരികിൽ നിന്നു.
സംഘടിതരൂപങ്ങൾ
ലോകഭൂപടത്തിൽ
പശതേച്ചു പതിപ്പിച്ചു
അവിവേകത്തിന്റെ
ന്യായവാദങ്ങൾ...
ധ്വജവർണങ്ങളെ
സംഘം പ്രശംസിച്ചു
ജനം തേടി ധ്വജരഹിതമൂല്യം
ഇടവേളയിൽ കണ്ട ദു:സ്വപ്നം
അതായിരുന്നുവോ
അവിടെക്കണ്ട ലോകം?

Sunday, December 12, 2010

ശിശിരം

ശിശിരം കൂടുകെട്ടിയ
കൂടിയാട്ടക്കളരിയിലൊരു
പുരാണകഥതേടിയലഞ്ഞു
താളിയോലകൾ...
അഗ്നിയെ പൃഥ്വിയിൽ
നിന്നടർത്തി ചുരുക്കിയൊതുക്കി
ശൂന്യാകാശപേടകങ്ങളിലാക്കി
ശാസ്ത്രം....
ഊർജ്ജഗണിതഭംഗിയിയിൽ
അഭ്രപാളികളിലെന്നപോൽ
വർണാഭമായി പുരോഗമനം
കടലിൽ വീണുടഞ്ഞു പിഴവുകൾ...
കനൽ പോലെ വിരിഞ്ഞു നിറവുകൾ...
ഇടയിൽ കാലിടറി വീണു നിഴലുകൾ
നിഴൽപ്പാടുകളില്ലാതെ ലോകം
നിഴൽക്കുത്തിയിട്ടു
നിറതിരിയിട്ട ഓട്ടുവിളക്കുകൾ
മലയസങ്കടം...
നടന്നകന്ന പകലിന്റെ നിറുകയിൽ
ശൂലമുനയേറ്റി നിരർഥകത..
ആർദ്രമായ മുഖവുമായ്
നടന്നകന്നു ആഗ്രഹായനം..
അരികിൽ ധനുമാസനോയ്മ്പിന്റെ
ഉറക്കമില്ലാത്ത രാത്രി...
ഒരു കോരികപ്പൊന്നിനും
പൊന്നിട്ടപെട്ടകത്തിനുമിടയിൽ
നാലുകെട്ടിൽ മിഴിപൂട്ടിയിരുന്നു
ശിശിരം......
മഞ്ഞിലുറഞ്ഞ ഭൂഖണ്ഡം

മൂവന്തിയ്ക്കരികിൽ
ചിതകൂട്ടി അസ്തമയം
രാവിനെഴുതാൻ
മഷിപാത്രവുമായ്
വന്നു അമാവാസി...
നിലാപൂക്കൾ മാഞ്ഞ
മുറ്റത്തിരുന്നുറങ്ങി ശിശിരം
കറുകനാമ്പിലെ
മഞ്ഞുതുള്ളികളിൽ
ഹോമപ്പുകയാളിയ
പ്രഭാതത്തിനരികിൽ
മിഴിപൂട്ടിയിരുന്നു മനസ്സ്...
എഴുതിയ വാക്കിന്റെ
അർഥതലത്തിനപ്പുറം
എഴുതാപ്പുറങ്ങളെഴുതി കാലം
ശിരോവസ്ത്രങ്ങളിൽ മഞ്ഞുതൂവി
പർവതശൃംഗത്തിനടിവാരത്തിൽ
തപസ്സിരുന്നു മൗനം...
ഒടുവിലൊരു ഋതുവിന്റെ
കുടമാറ്റത്തിനിടയിൽ
മഞ്ഞിലുറഞ്ഞു ഒരു കടൽ
ഒരു ഭൂഖണ്ഡം........
ചുരുങ്ങിയൊതുങ്ങിയ ലോകം

ആകാശം സത്യമെഴുതി
താഴെയൊഴുകിയ മുകിലുകൾ
അസ്ഥിരസത്യമെഴുതി
ഇടയ്ക്കെവിടെയോ
അപ്രതീക്ഷിതമായി
വൈരുദ്ധ്യങ്ങളിൽ,
അരോചകതയിൽ,
ആത്മവിലാപങ്ങളിൽ,.
അശാന്തിയിൽ,
സൂക്ഷ്മതയിൽ
ലോകം ചുരുങ്ങി....
ഒരു ചിമിഴിനുള്ളിൽ ഭൂമിയൊളിച്ചു
ആളൊഴിഞ്ഞ ഇടവഴിയ്ക്കപ്പുറം
ഇലപൊഴിയും കാലത്തിനോർമ്മക്കായ്
ശിശിരം പണിതു ഒരു കുടിൽ..
മഞ്ഞിൽ മൂടിയ വിധിയുടെ വഴിയിൽ
മൺചിരാതുകൾ തെളിച്ചു മനസ്സ്
കുടീരങ്ങളിൽ കുലം തേടിനടന്ന
കാല്പ്പദങ്ങളിലൂടെയൊഴുകീ വർഷങ്ങൾ..
ആയുർരേഖയുടെ നീളമളന്ന
നെടുവീർപ്പുകൾ വിരൽതുമ്പിലൊഴുകി
സംഘർഷങ്ങളിൽ അസ്വസ്ഥമായ
അസ്ഥിരചിന്തകളിലൂടെ
ഋതുക്കൾ നടന്നു....
അശോകമരച്ചുവട്ടിൽ ശിശിരക്കുളിരകറ്റാൻ
കനലിട്ടിരുന്ന ഗ്രാമത്തിനു മുന്നിൽ
ചിമിഴിലൊളിച്ച ഭൂമിയുടെ മുന്നിൽ
ലോകം ചുരുങ്ങിയൊതുങ്ങി
ഒരു മൺതരിയായി ...

Saturday, December 11, 2010

ശംഖിന്റെയുള്ളിലെ കടൽ

ശബ്ദായമാനമായ ഇടവഴിയിലെ
ആരവത്തിനിടയിൽ മനസ്സ് മരവിച്ച
കടൽത്തീരത്തടിഞ്ഞ ഹൃദയാകൃതിയുള്ള
ഒരു ശംഖിന്റെയുള്ളിലിരുന്ന്
കടൽ പാടി...
നിയന്ത്രിതശ്രുതിയിൽ...
നിമിഷങ്ങൾ തച്ചുടച്ചു വാർത്ത
ഓട്ടുരുളികളിൽ അരിയിട്ടെഴുതിയ
ആകർഷകമായ അക്ഷരങ്ങൾ
ചുറ്റിൽ നൃത്തമാടുമ്പോഴും
ആൾക്കൂട്ടം അക്ഷരതെറ്റുകൾ തേടി
നാൽക്കവലയിൽ ചുറ്റിത്തിരിഞ്ഞു
രാവിന്റെ ചേലചുറ്റിയൊഴുകിയ
നദീതീരത്തിരുന്ന്
ആദിമസംസ്കാരാത്തിനനുബന്ധമെഴുതി
അഗ്രഹാരങ്ങൾ...
നാക്കിലയിൽ വെണ്ണ നേദിച്ച
പുലർകാലത്തിനരികിൽ
തീർഥക്കുളത്തിനരികിൽ
ഞാനിരുന്നു...
ശംഖിലെ കടലൊഴുകീ
മനസ്സിൽ.....
നീ കറുത്ത പക്ഷി

അക്ഷരങ്ങളലൂറിയ
അറിവിനെ തീറെഴുതിയ ഒരു യുഗം
മുന്നിൽ വന്നു പറഞ്ഞു
നീയൊരു കറുത്ത പക്ഷി...
നിരക്ഷരരതേറ്റു പാടി..
പട്ടുസഞ്ചികളിൽ നിറഞ്ഞ
പണത്തിനു പുറകെയോടി
നിളയുടെ തീരമണലിനരികിൽ
കൂടാരം കൂട്ടിയ നിരക്ഷരതയിൽ
നിന്നുയർന്ന
വിഷപ്പുകയേറ്റു കരിഞ്ഞുവീണ
തുളസീദളങ്ങൾ കൈയിലേറ്റി
ഇടുങ്ങിയ മനസ്സുകൾ പാടി
നീയൊരു കറുത്ത പക്ഷി...
നിരക്ഷരരതേറ്റുപാടി...
വൈദ്യുതകമ്പിയിൽ തട്ടി
ചിറകു കരിഞ്ഞ കറുത്ത പക്ഷി
ചിതയിൽ നിന്നുയർത്തെഴുനേറ്റപ്പോൾ
നിളയിൽ മുങ്ങിതോർത്തി
ചുരം കടന്നുവന്ന
അമാവാസി പോലെ
കറുപ്പിലാണ്ട യുഗം പറഞ്ഞു
നീ കറുത്ത പക്ഷി...
നിരക്ഷരരതേറ്റു പാടി..

Friday, December 10, 2010

മൂടൽമഞ്ഞ്

ചരൽപാകിയ മുറ്റത്തിനരികിൽ
ഒരു കലശത്തിനുള്ളിൽ
പനിനീരുമായി വന്നു പ്രഭാതം
നടപ്പാതയിൽ കുടിയിരുന്ന
അമാവാസിയുടെ നിഴലുകൾ
ഇലപൊഴിഞ്ഞ വൃക്ഷശിഖരങ്ങളിൽ
മറഞ്ഞിരുന്നു
നീൾമിഴിയിലെ മഞ്ഞുതുള്ളികളൊപ്പി
പവിഴമല്ലിപ്പൂവുകൾ വിടർന്നു
ആഗ്രഹായനമേഘങ്ങൾ
ഇരുമുടിയിൽ ജന്മസങ്കടങ്ങളുമായ്
ഗിരിശൃംഗമേറി
അക്ഷരങ്ങളുടെ തൂവൽച്ചിറകിൽ
കൃഷ്ണപക്ഷം കൂടുകൂട്ടി..
ജാലകവാതിലനപ്പുറം
പുകപോലെ മൂടൽമഞ്ഞായിരുന്നു
വ്യക്തമായ അവ്യക്തത....
നക്ഷത്രമിഴിയിലെ അഗ്നി

തുടർക്കഥയെഴുതിയെഴുതി
രംഗോലിക്കളങ്ങളിലെ
ചായക്കൂട്ടുകൾ പോലെ
അകമെയും പുറമെയും 
ദീർഘ,സമചതുര,
വൃത്ത,അർദ്ധവൃത്തരൂപങ്ങളിൽ
നിന്നുയിർകൊള്ളുന്ന
കല്പനകളാർക്കുവേണ്ടി?
അയനിയിൽ നിന്നും
ഹോമകുണ്ഡത്തിലേയ്ക്ക് പകർന്ന
അഗ്നിയേത്?
മനസ്സിൽ പുകഞ്ഞ അഗ്നിയേത്
അരക്കില്ലത്തിൽ കത്തിയ പകയേതഗ്നി
വിവേകിയുടെ അവിവേകമേതഗ്നി
യന്ത്രപ്പുരകളിൽ
വൈദ്യുതീകരിച്ച അഗ്നിസ്ഫുലിംഗങ്ങളിലൂടെ
നടന്നുവരുന്ന അയഥാർഥ്യങ്ങളുടെ
ഉലയിൽ ഉരുക്കിയൊഴിക്കുന്ന
ഒരു പിടി അക്ഷരലിപികളിൽ
മറയുമോ നക്ഷത്രമിഴിയിലെ അഗ്നി?
ഹൃദ്സ്പന്ദനങ്ങൾ

നൈമിത്തികപ്രളയം
ഒരു മായക്കാഴ്ച്ചയെന്നപോൽ
വന്നുപോയി..
ദുർഗമമായ മാനസഞ്ചാരപഥങ്ങളിൽ
ആരണ്യകം  തീർത്തു അഗ്നികാണ്ഡങ്ങൾ...
പ്രമേയങ്ങൾ തേടിതേടി
നേർവഴിയിൽ കല്ലും മുള്ളും തൂവി മാഞ്ഞു
വിധിന്യായങ്ങൾ....
സത്യമേതന്നറിയാതെ
തത്വമസി പാടിയിരുന്നു ഗരുഢധ്വനി...
അക്ഷരമാല്യങ്ങളിൽ
അനശ്വരത തേടി നടന്നു യാഥാർഥ്യം...
മുകിൽ മൂടിയ ആകാശത്തിനരികിൽ
മഞ്ഞു മൂടിയ മലകൾക്കരികിൽ
നിർണയരേഖകളുടെ,
വിധിപർവങ്ങളുടെ,
നിമിഷങ്ങളുടെ
കൈയൊപ്പു തേടാത്ത
ശരത്ക്കാലഭൂമിയായി മാറി മനസ്സ്.....
സ്വർഗവാതിലിനരികിൽ


പുലർകാലസ്നിഗ്ദതയിൽ
നിമിഷങ്ങൾക്കിടയിലൊളിച്ച
ശ്രുതിതേടിനടന്നു
സ്വരസ്ഥാനങ്ങൾ...
അനേകകോടി
അപസ്വരങ്ങൾക്കിടയിൽ
ലോകം തേടി
ഒരു പൂർണപ്രതിശ്രുതി
അരയാൽത്തറയിൽ മിന്നിയാടിയ
ശിശിരവെയിൽതുമ്പിൽ
മഞ്ഞുതുള്ളികൾ മായുമ്പോൾ
ഞാൻ തേടി നടന്നു
ജപമന്ത്രങ്ങളുരുവിടുന്ന
തപോവനങ്ങൾ,
പവിത്രം കെട്ടിയ പർണശാലകൾ
സങ്കീർണ്ണതയുടെ
സഞ്ചാരപഥങ്ങളിൽ
നിന്നകന്നുനീങ്ങി മനസ്സ്..
അരികിൽ ശരശയ്യയിലുറങ്ങുന്നു
ദക്ഷിണായനം...
ധനുമാസരാവുകൾ
പദം വച്ചു പാടുന്നു...
നിലാവിന്റെ ചാരുതയിൽ
നക്ഷത്രവിളക്കുകൾക്കരികിൽ
വാതിലുകൾ തുറന്നിടുന്നു സ്വർഗം....