Friday, August 31, 2012

 മഴ

 സന്ധ്യാവിളക്കുകൾ
തേടി
രുദ്രാക്ഷങ്ങളിലൊഴുകും
മഴ...

മിഴാവുകൊട്ടിപ്പാടും
ലയം  തേടി
കണ്ണുനീർമഴ...

സോപാനത്തിലിരുന്നെഴുതും
മനസ്സുതേടി
ചന്ദനപ്പൂമഴ
തുളസീതീർഥം...

അഗ്രഹാരങ്ങളിലൂടെ
നടന്നുനീങ്ങും കാറ്റുതേടി
പൂർണ്ണസ്വരങ്ങളുടെ
മഴ

തീരത്തൊരു
മണൽതരിതേടി
ഉൾക്കടലിൻ മഴ

ഹൃദ്സ്പന്ദനങ്ങൾ തേടി
അ മൃതവർഷിണിയിലൊഴുകും
മഴ



Thursday, August 30, 2012

 മൊഴി
 
ചുമരിൽ
പൊയ്മുഖങ്ങൾ...
ചരിത്രമുടഞ്ഞുതീരും

കുടങ്ങൾ...
ദുര്യോഗങ്ങൾ..

ദു:സ്വപ്നങ്ങൾ
മാഞ്ഞുതീർന്നുണർന്നൊരാകാശം
വൃക്ഷങ്ങൾക്കിടയിൽ
തേഞ്ഞ കൈയൊപ്പ്
നിഴൽ മുഖം...

പാതിയുടഞ്ഞ
സ്വരങ്ങൾ,
പാതിയെഴുതിയ
പുസ്തകം,

നക്ഷത്രങ്ങളുടെ
വായനശാല...

ഉടഞ്ഞ
മൺ തരിയിൽ
തെളിയും പ്രകാശം
സന്ധ്യാമുഖം..

മഴക്കാലം,
മൊഴി,
സമുദ്രം
സ്വപ്നങ്ങളുടെ
മനോഹരകാവ്യം

Wednesday, August 29, 2012

 മൊഴി

എഴുതിയെഴുതിതീരാതെ
ഭൂഗാനങ്ങളിലൊഴുകും
വാക്കുകളേ
ചില്ലുകൂടുടഞ്ഞൊരു
മഴയിലൊഴുകിമായും വരെയും
മൊഴിയിലലിയുക


സങ്കല്പത്തിൻ തീർഥക്കുളങ്ങളിൽ
മുങ്ങിയെടുക്കാം
പ്രഭാതത്തിനക്ഷയപാത്രം
അതിലുമുണ്ടാവും
ഒരു ശാകപത്രം
അക്ഷരങ്ങളൊഴുകും
കടൽ...


മുകിൽനീറ്റും മഷിതണ്ടുകളരികിൽ
നിഴൽതൂവുമ്പോൾ
ശരത്ക്കാലസ്വർണ്ണത്തരികൾ
സൂക്ഷിക്കും നക്ഷത്രങ്ങൾ കടയാം

അതിലെഴുതാം
ഒരു കൃതി


മുനമ്പിൻ സന്ധ്യയിൽ
സങ്കീർത്തനമുത്തുകളിൽ തുളുമ്പും

 മന്ത്രച്ചരടിൽ
ഹൃദ്സ്പന്ദങ്ങൾ ചേർക്കാം

സർഗങ്ങളിൽ,സാഗരങ്ങളിൽ
വാക്കുണരും സമതലങ്ങളിൽ
ഉപദ്വീപൊരു നിഗൂഢസ്വപ്നം
ഉൾക്കടൽ പോലൊരു കാവ്യം.....




മൊഴി
 
കടലുകൾ
കവിതയെഴുതും
തീരങ്ങളിൽ
ഹൃദ്സ്പന്ദം
പോലൊരു ശംഖ്

ശ്രാവണം
മഴയിഴയാൽ നെയ്യും
സ്വരങ്ങൾ
പ്രപഞ്ചസംഗീതം

ചിതറിവീഴും
മഴതുള്ളികൾ
ചില്ലക്ഷരങ്ങൾ

കോടിതീർഥം,
തർപ്പണം..
ദേശാടനത്തിൻ
പുസ്തകം

മരത്തണലിൽ
കുത്തിക്കുറിക്കും
ബാല്യം
ഗ്രാമം...

ചിന്തേരിട്ടുമിനുക്കും
മുഖം
നഗരം..

വിരലിൽ മിന്നും
മഴതുള്ളി
കവിത

അദൃശ്യദൃശ്യത
ആകാശം
നക്ഷത്രങ്ങൾ
കനൽക്കവിതകൾ...

Tuesday, August 28, 2012

മൊഴി

 പവിഴമല്ലിയിതളിൽ
കവിതയെഴുതും
കാറ്റേ
ഒരീറൻപ്രഭാതത്തിൻ
നടയിൽ ഞാനുണരുമ്പോൾ
നക്ഷത്രങ്ങളെഴുതിയ
കീർത്ത
ങ്ങൾ കേട്ടിരുന്നു

പെയ്തു തോർന്ന
മഴയിലൊഴുകിയ
ചരൽതുണ്ടുകളിൽ
കരിയിലകളിൽ
കടലാസുതുണ്ടുകളിൽ
മാഞ്ഞുതീർന്ന ദിനാന്ത്യമേ
മനസ്സിലുണരും
നക്ഷത്രങ്ങൾ മന്ത്രം
ചൊല്ലുന്നുവല്ലോ

ഇടതെറ്റിയിഴതെറ്റിയ
നിഴലൊഴക്കിൽ
നിമിഷങ്ങളോടും
രഥത്തിൽ
സാമ്രാജ്യങ്ങളുടെ
ഉടഞ്ഞ ചിഹ്നം കാണാനാവുന്നു

മേച്ചിലോടുടഞ്ഞു മഴവീണു
നനഞ്ഞ പുരാണപ്പുരയിൽ 
ഓലയിലെഴുതിയ
അക്ഷരങ്ങൾ നീട്ടും
ചതുർ യുഗ സർഗം..
ഇതിഹാസത്തിൻ
വാത്മീകമേ
ദ്വാപരയുഗത്തിനരികിൽ
എന്തേ മഷിക്കൂടിലൊഴുകുന്നു
നാലാം യുഗം...

ആകാശമേ
ചക്രവാളമെത്തിനിൽക്കും
മുനമ്പിനരികിൽ
വീണ്ടും നക്ഷത്രത്തിളക്കം
മൊഴി
സ്വപ്നങ്ങൾ
അക്ഷരങ്ങൾ..

Monday, August 27, 2012

 മൊഴി

പ്രപഞ്ചം
കൗതുകമായ് വിരിയും
പുരാണങ്ങളിൽ
ഒരു കടൽ..

മർമര 
ഹേഗിയ സോഫിയ
വെൺകല്ലുകളിൽ
ഓർമ്മയായ് മാറിയ
വിശുദ്ധവിവേകം

അഴിമുഖം
ഒരെഴുത്തുപുര
സൊമേലിയ
അനിശ്ചതത്വത്തിൻ
മുദ്ര

അഗ്നിപർവതങ്ങൾ
നിക്ക്വാരോഗ്വോയുടെ
ഹൃദയം

നിഗൂഢതയിൽ
നിത്യമാമൊരു
സത്യം

ചിത്രത്താഴുകൾ
കഥയെഴുതുന്നു
ചതുർവേദങ്ങളിൽ
ചതുർയുഗങ്ങളിൽ

വിരലിൽ
ഒരിത്തിരി
സ്വർണ്ണകസവ്
ശരത്ക്കാലം
വിലങ്ങുകളുടയും
അഗ്നിസ്പർശം...

പുനർവിചിന്തനം
കടലിനാന്ദോളനം
ഹൃദ്സ്പന്ദനലയം.....

Sunday, August 26, 2012

 നക്ഷത്രങ്ങളുട കവിത.

ആദ്യക്ഷരം തെറ്റിയ
പദം -
മഴതുള്ളിക്കവിത

ഈറനാർന്ന
പുൽനാമ്പുകൾ-
ഗ്രാമമെഴുതും കവിത

തളിരിലകൾ-
വൃക്ഷങ്ങളുടെ
കവിത

മനസ്സു തേടും

സമുദ്രം-
ഭൂകാവ്യം

മിനുക്കിയ
പൂമുഖം-
നഗരം

പ്രകാശമൊഴുകും
എണ്ണത്തിരികൾ-
പുരാണം

ജീവനൊഴുകും
സ്വരം-
ഹൃദ്സ്പന്ദനങ്ങൾ

ഇമയനങ്ങുമ്പോളുണർന്ന
ചിത്രം-
മൊഴി

മൊഴിതേടിയുണർന്ന
ആകാശം-
നക്ഷത്രങ്ങളുട കവിത...


 മൊഴി

 അർദ്ധവൃത്തങ്ങളിൽ
ആത്മരോഷങ്ങളിൽ
ഇഴതെറ്റിയ ഋതുക്കൾ
ഒരു ചിത്രം...

പ്രഭാതമെഴുതും
മൃത്യഞ്ജയം
പുനർഭാഗധേയം

അളവുതൂക്കങ്ങൾ
തെറ്റി
അഗ്നി
ഉൾക്കടലിലുറങ്ങും
ഗ്രഹചിറ്റുകൾ

നക്ഷത്രങ്ങൾ തൂവിയ
പ്രകാശം
സന്ധ്യ

നിദ്രയിലെ
ഹൃദ്സ്പന്ദനങ്ങൾ,
സ്വപ്നകാവ്യങ്ങൾ,
എഴുത്തക്ഷരങ്ങൾ
നക്ഷത്രങ്ങളുടെ കവിത.

ഓർമ്മകളില്ലാതെ 

ഋണക്കൂട്ടുകളില്ലാതെ 
വർത്തമാനം
ഒരുണർത്തുപാട്ട്...



Saturday, August 25, 2012

മൊഴി


മഴയൊഴുകും തീരങ്ങളിൽ
മാഞ്ഞുതുടങ്ങും പകൽ വെട്ടം
എഴുതിതീർന്ന കഥയിൽ
കരിഞ്ഞുതീർന്ന
ലോകത്തിനൊരിതൾ..

നിഴലെയ്തു നീങ്ങിയ
നീർമരുതുകളിലുടക്കുമുലൂഖലം
വിരൽതുമ്പിൽ
ഒഴുകിമാഞ്ഞ ദിനാന്ത്യക്കുറിപ്പിൻ
നീർത്തുള്ളികൾ..

പെയ്തുതീരാത്തൊരു മഴയിൽ
ചിതറും സ്വരങ്ങൾ
സുഗന്ധധൂപങ്ങളിൽ
മന്ത്രസത്യങ്ങളിൽ
ഒരീറൻ സന്ധ്യ..

കൽവരിക്കെട്ടുകളിൽ
വീണുടഞ്ഞ വളപ്പൊട്ടുകൾ
ദിനങ്ങൾ ചേർത്തടുക്കിയ
സംവൽസരങ്ങളിൽ
ലയം തെറ്റിയൊരിടക്കാലം..

എഴുത്തുപാടങ്ങളിൽ
ചട്ടക്കൂടുകളിൽ
മഴക്കാലപ്പൂവുകളിൽ
മാഞ്ഞുതീരട്ടെയാധികൾ,
ഓർമ്മകൾ...

Thursday, August 23, 2012

 നക്ഷത്രങ്ങളുടെ കവിത













ഗ്രഹമിഴിയിലുടക്കിക്കീറിയ
ഹൃദ്സ്പന്ദനങ്ങൾ
ആത്മകഥയിൽ
നിന്നടർത്തിമാറ്റി
കുറെയിതളുകൾ....
അതിനിടയിലെ ശൂന്യതയിൽ
നക്ഷത്രങ്ങൾ കവിതയെഴുതി....


എണ്ണതീർന്ന വിളക്കണച്ച്
പ്രഭാതം നീങ്ങിയ വഴിയിൽ
മഴക്കാലപ്പൂവുകളുമെഴുതി
വർഷ ഋതുവിൻ ചിത്രം...


ഋണതുണ്ടുകളിൽ
അച്ചടിമഷിയൊഴുകുമ്പോൾ
മുനമ്പിലുണർന്നു
അശോകപ്പൂവുമായൊരു
സന്ധ്യ.....


സമുദ്രമുയർന്ന ജപമണ്ഡപത്തിൽ
രുദ്രാക്ഷങ്ങൾ പോൽ
മഴതുള്ളികളൊഴുകിയപ്പോൾ
അതിൽ മിന്നി
നക്ഷത്രക്കവിതകൾ..

Wednesday, August 22, 2012

നക്ഷത്രങ്ങളുടെ കവിത
 
 











സ്വപ്നങ്ങളൊരു
കാവ്യമാവട്ടെ
പ്രതിഛായ മായും
ദർപ്പണങ്ങളിൽ
യാഥാർഥ്യവുമയഥാർഥ്യവും
ഉടഞ്ഞ ചില്ലുതരികളിലൊഴുകി
മാഞ്ഞുതീരുമ്പോൾ
ഓർമ്മകൾക്കപ്പുറം
ഹൃദ്സ്പന്ദനങ്ങളിലലിയും
ഒരു സർഗം
നക്ഷത്രങ്ങളെഴുതട്ടെ

ചുമരിലാടിയ
ഭംഗിയേറിയ ചിത്രങ്ങൾ
വിശ്വസിനീയമെന്ന് ഒരിക്കൽ
കരുതിയ മനസ്സേ
അതിനുള്ള ഋണവും
സഹിക്കുക..
ചുമരുകളിൽ ഇനി നമുക്ക്
നക്ഷത്രങ്ങളുടെ
കവിതയെഴുതിയിടാം..


വാക്കുകളെ പഴിക്കുന്നു
ഒരുകൂട്ടർ...

സമാന്തരങ്ങളിൽ
ദിശതെറ്റിയ പ്രവർത്തികളേ
വാക്കുകൾ
നക്ഷത്രങ്ങളായിരുന്നു
നിങ്ങളടർത്തിച്ചീന്തും വരെയും

സായന്തനത്തിനരികിലെ
രത്നസാഗരമേ
ശംഖിലെഴുതിയാലും,
ചേർത്തുവച്ചാലും
ഇതളടർന്ന നക്ഷത്രങ്ങളുടെ
പ്രകാശം നഷ്ടമാവാത്ത
കവിതകൾ....

Tuesday, August 21, 2012

             മൊഴി



Who chained my  Freedom, My Flag and Who tried to blow away my Earthen Lamps???????






ഭൂരേഖകളിൽ
നിർണ്ണയമൊരു
ചോദ്യചിഹ്നം..
സ്വരങ്ങൾ തെറ്റിനിൽക്കും
ഡമാസ്കസിനരികിലൊരു
കടൽ..
 

മൺ തരികളിൽ
അശാന്തലിപികൾ
മദ്ധ്യധരണ്യാഴി,
കെയ്റോ,
ബലികുടീരങ്ങളുടെ
ചരമക്കുറിപ്പ്

ത്രിവർണ്ണമേ കണ്ടാലും
യൂഫ്രട്ടസിനും
നൈലിനുമിടയിൽ

 തെളിഞ്ഞുകാണും
അരാജകഭാവം....

 
പിഞ്ഞിക്കീറിയ
പതാകയിലെ
അഗ്നിവർണ്ണമേ
രാജ്യത്തിൻ ബലികുടീരത്തിൽ
തെളിയിച്ചാലും ഒരു ദീപം..
നിസ്വാർഥസ്വാതന്ത്ര്യത്തിനോർമ്മയ്ക്കായ്..

ആകാശമേ!

 നക്ഷത്രങ്ങളുറങ്ങട്ടെ
മിഴിപൂട്ടി
ഒരു കവിതയുടെ
സ്വരത്തിൽ സ്വപ്നം
കണ്ടുറങ്ങട്ടെ..

 











 


ആത്മകഥയിൽ
ഒരു തിരശ്ശീലമറവ്
ഒരു തുടം അധികമച്ചടിമഷി

വിരൽതുമ്പിലൊരു സ്വരം
ഒരീറൻ പ്രഭാതം
മഴപ്പൂവ്

കൂടുകളിൽ
കുരുങ്ങുമക്ഷരങ്ങൾ
ഋണം...

മൊഴിയിലെ
പ്രകാശം
മിഴിയിലെ
നക്ഷത്രങ്ങൾ

ചുറ്റിത്തിരിയും
ചില്ലുതരികൾ,
ചില്ലക്ഷരങ്ങൾ,

ഹൃദ്സ്പന്ദനങ്ങൾ
മൊഴിയിലെ
സമുദ്രം...


  പ്രിയപ്പെട്ട ഗായത്രി,














എനിക്കെഴുതാനുള്ളതേ നീയെഴുതുന്നുള്ളൂ..

 മഴപെയ്യുമൊരു  സമുദ്രതീരത്തിൽ നിൽക്കുമ്പോൾ
ആരാണാവോ ഉടഞ്ഞ സൗഹൃദത്തിൻ ചില്ലുതരികളിൽ കൃതിമചായങ്ങളാൽ ഒരു പനിനീർപ്പൂനീട്ടുന്നത്. അല്ലെങ്കിലും ഭൂമിയുടെ പനിനീർപ്പൂവുകൾ പോലെയാവില്ല ചായക്കൂട്ടൊഴുക്കി കടലാസുകമ്പനികൾ നിർമ്മിച്ച് വിതരണം ചെയ്യാൻ കഠിനപ്രയത്നം ചെയ്യും പണവും, പ്രദർശനപ്പുരയും കണ്ടാൽ ചിരിക്കുംപൂവെന്നവർ മാത്രം പറയും ആ വസ്തു..

ഗായത്രി,
അയാൾ തന്നെയല്ലെ നമ്മോട് രംഗമൊഴിഞ്ഞുപോവാനാവശ്യപ്പെട്ടത്.. ഒരിക്കലും മുഖം തരാതെ മുഖം ശിരോപടങ്ങളിലൊളിച്ചു സൂക്ഷിക്കാൻ
പ്രയത്നിച്ച അയാളെയെങ്ങെനെ നമുക്ക് വിശ്വസിക്കാം.....
ഒരോ സൗഹൃദത്തെയും വിലങ്ങിലിട്ട് പുതിയ സൗഹൃദം തേടിപ്പോകും അയാളെപ്പോലെയുള്ളവർ ചതിക്കുകയേയുള്ളൂവെന്ന് ഇന്നെനിക്കറിയാം.. സൗഹൃദമെന്നാൽ അയാളെപ്പോലുള്ളവർക്ക് ഒരു നേരം പോക്ക്..
പിന്നെ ലോകത്തിന്റെ മുന്നിൽ അഭിനയിക്കാനായാൽ എങ്ങനെയും അയാളെപ്പോലുള്ളവർ രക്ഷപ്പെടും..
പിന്നെ നമ്മളുടെ ദു:ഖം കാണാൻ തപസ്സു ചെയ്യുന്നുണ്ടല്ലോ ആ അഭിനവ അന്തികൃസ്തു.. അയാളാവും മറ്റയാളെ സംരക്ഷിക്കുന്നത്.. കടലാസ് പനിനീർപ്പൂക്കളിൽ ചായം തേച്ചുപിടിപ്പിക്കുന്നത്.. കുരിശിലെ ദൈന്യത്തിനിടയിലും ഇയാളെപ്പോലുള്ളവരെ കാണുമ്പോൾ യഥാർഥ ക്രിസ്തു പോലും ചിരിച്ചുപോയേക്കും....

ഗായത്രി,,
ശിരോപടങ്ങളുടെ സൗഹൃദങ്ങൾ നമുക്കെന്തിന്.. മനസ്സിൽ ബാക്കിയുള്ള സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും, ദയാവായ്പിന്റെയും അവസാനകണിക വരെ ഇവരെപ്പോലുള്ളവർ ഇല്ലായ്മ ചെയ്യും..

ചായക്കൂടുകളുടെ ഘോഷയാത്ര നടക്കട്ടെ.. അതിനരികിൽ പ്രകടനനാടകങ്ങളും..

ഗായത്രി,
ആരെ ബോധിപ്പിക്കാനിവർ ഇത്രയേറെ പ്രയാസപ്പെടുന്നത്...
ലോകത്തെയോ, ദൈവത്തെയോ അതോ നമ്മുളുടെയീ ഭൂമിയേയോ???

ദൈവമേ!! പ്രകടനനാടകങ്ങളുടെ പ്രകടനപത്രികയിവർ ഞങ്ങളുടെ മുന്നിലേയ്ക്കിടുമ്പോൾ ദയവായി മഴക്കാലപ്പൂവുകളിൽ നക്ഷത്രങ്ങളുടെ കവിതയെഴുതാൻ കുറെയേറെ സ്വരങ്ങൾ തന്നാലും എന്നു ഞാൻ പ്രാർഥിച്ചുപോകുന്നു...

മീര




I KNOW NOW EXACTLY....










Monday, August 20, 2012

നക്ഷത്രങ്ങളുടെ കവിത















മഹാസമുദ്രമേ
ചക്രവാളം
നക്ഷത്രങ്ങളിൽ
കവിതയെഴുതുമ്പോൾ
സന്ധ്യാദീപം തെളിയും
മുനമ്പി ജപമണ്ഡപത്തി
ഹൃദ്സ്പന്ദനങ്ങളാൽ

ശ്രുതിചേർത്താലും...

അഗ്രഹാരത്തിനരികിലൂടെ

ഗോകർണ്ണം കണ്ടുമടങ്ങും
ഓംങ്കാരങ്ങളേ
ഈറനാർന്ന മഴക്കാലസന്ധ്യയിൽ
നക്ഷത്രങ്ങളുറങ്ങും
കവിതയിലെ
സംഗീതമായാലും...

മിഴിയിലൊളിക്കും
ചിദംബരസത്യമേ
ആകാശത്തിൻ
കാവ്യസർഗങ്ങളിൽ
നിന്നടർന്നുവീഴും
പ്രകാശമുത്തുകളാൽ
ഒരു ചിലങ്കതീർത്താലും
സ്വപ്നങ്ങൾ നൃത്തസ്വരത്തിലലിയുമ്പോൾ
അതിലും തിളങ്ങട്ടെ
നക്ഷത്രങ്ങളുടെ കവിത..
 ഗായത്രിയുടെ കത്ത്
















പ്രിയപ്പെട്ട മീര,
നമ്മൾ എന്നുപറയുമ്പോൾ അതു ഞാനും, ഗൗരിയുംപിന്നെ മീരയും....
ഗായത്രിയെഴുതുമ്പോൾ അറിയാതെയങ്ങനെയങ്ങനെ വന്നുപോകും..

ഞാനെഴുതുന്നത് ചിലർക്ക് സഹിക്കുന്നേയില്ല എന്നെനിക്കറിയാം..
എന്റെ വാക്കുകളിപ്പോൾ തേൻ പോലെയുമല്ല...
എന്തിനെഴുതുന്നു എന്നാണിപ്പോൾ ചിലരുടെ സംശയം
ഒന്നുമെഴുതാതിരുന്നുകൂടെ എന്ന് ഒരു ധ്വനിയും,ഉപദേശവും, തത്വവും..
മീര, ഞാനെഴുതിതുടങ്ങിയതെന്തിനെന്ന് ആരും ചോദിക്കുന്നുമില്ല..

പ്രിയപ്പെട്ട മീര

 ഞാനൊരു വലിയ ശരിയെന്ന്  ഒരിക്കലും എഴുതിയിട്ടില്ല
ഞാനൊരു വലിയ തെറ്റുമായിരുന്നില്ല.. ഞാനാരെന്ന് ആകാശവാതിലിലെ
ദൈവമറിയുന്നു. ചുറ്റുവലകെട്ടി, മനുഷ്യനു ചില്ലുകൂടു പണിയും മനുഷ്യകുലത്തെ ഞാനാരെന്ന് ബോധ്യപ്പെടുത്തേണ്ടതുമെനിക്കില്ല.

ശരിയല്ലാത്തയൊരാൾ വലിയ ശരിയെന്നെഴുതി എന്റെ മുന്നിലേയ്ക്കിടുകയും എന്നെക്കൊണ്ടത് വിശ്വസിപ്പിക്കാൻ കഠിനശ്രമം നടത്തുകയും ചെയ്യുന്നു ഒരു കൂട്ടർ. ആകാശവാതിലിലെ എന്റെ ദൈവം എന്നോട് അതങ്ങനെയല്ല എന്നു പറയുമ്പോൾ ഒരോ ദിവസവും ഒരോ നിറം ചുറ്റിവരും മനുഷ്യകുലത്തിൻ കാൽക്കീഴിൽ ഞാനെന്തിനു .ശിരസ്സ് താഴ്ത്തി നിൽക്കണം..

പ്രിയപ്പെട്ട മീര,
ഞാനാരെയും ജാലകവിരിമാറ്റി ഒളിപാർക്കുന്നില്ല.. എന്റെ മുന്നിലൂടെ പ്രകടനം നടത്തി നീങ്ങും ചില നാട്യക്കാരെ ഞാൻ കാണാറുണ്ട്, ഞാൻ കാണട്ടെ എന്ന വിചാരത്തോടെ എന്റെ മുന്നിലേയ്ക്ക് നാട്യചിത്രങ്ങൾ ഇട്ടുതരുന്ന ചില മനുഷ്യമനസ്സുകളെ കാണുമ്പോൾ ചിരിവന്നുപോകാറുമുണ്ട്.. ഒരോ കഥയും പറഞ്ഞ് എന്നെ കബളിപ്പിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്.എനിക്കിന്ന് വിശ്വാസം ആകാശവാതിലിലെ ദൈവം.. എന്നെ കബളിപ്പിക്കാൻ ശ്രമിക്കുന്നവരെ ചോദിക്കുമ്പോഴേകാട്ടിത്തരുന്ന, മനുഷ്യകുലത്തിൻ ഒരോ കുതന്ത്രവും എന്നെയറിക്കും ആകാശവാതിലിലെ ദൈവം..

ഞാനെഴുതുന്നതിൽ രോഷം കൊള്ളുന്നവരെഴുതുന്നതും, പ്രവർത്തിക്കുന്നതും  കണ്ടാൽ നടന്നുനീങ്ങിയ നൂറ്റാണ്ടുകൾ വരെ പകരം ചോദിക്കാനുയർത്തെഴുനേൽക്കും.. അത്രയ്ക്കുണ്ട് അതിൻ കാഠിന്യം..

ഞാനെഴുതുന്നതിനരികിൽ പരാതിപ്പുസ്തകവുമായിരിക്കാനിലിവരിലാരെങ്കിലും യോഗ്യരോ??

Sunday, August 19, 2012

 നക്ഷത്രങ്ങളുടെ കവിത











ഒരിലയ്ക്കുള്ളിലൊതുങ്ങിയ
സ്വരമേ!
മഹാസഭകളുടെ വിലങ്ങഴിച്ച്
ചില്ലുകൂടുടച്ച്
ഇനി നക്ഷത്രങ്ങളുടെ
കവിതയിലലിയാം

ഊഞ്ഞാൽപ്പടിയിൽ
ഉൽസവകാലകൃതിയെഴുതും
ഹൃദ്സ്പന്ദനങ്ങളേ
ഉദ്യാനങ്ങളിൽ
മഴക്കാലപ്പൂവുകൾ
വിരിയുമ്പോൾ
അയഥാർഥങ്ങളുടെ
ആത്മകഥ മറന്നേക്കാം

മഴ നീർത്തിയ
വൃക്ഷശിഖരങ്ങൾക്കരികിൽ
പ്രഭാതമുണരുമ്പോൾ
മനസ്സേ
ലോകമടർത്തിയ മൺ തുണ്ടുകളിൽ
കാവ്യസ്വരങ്ങളുടെ
ഒരു  മണ്ഡപം പണിയാം
നക്ഷത്രങ്ങളെഴുതിയ
കവിതയാലേഖനം ചെയ്യാൻ...

Saturday, August 18, 2012


മൊഴി



കടൽത്തീരമണലിൽ
മുദ്ര തീർക്കും
ശംഖുകൾ...
കാവ്യത്തിൻ
നുറങ്ങുതരികൾ
തൂവിയിടും
മഴതുള്ളികൾ
ഭൂപടത്തിനുള്ളിൽ
രേഖാചിത്രമാകും
ലോകം..
ചിലമ്പിൽ നിന്നടരും
ഒരു മുത്തുമണി
സ്വരമായ്
വർണ്ണമായ്
പദമായ്
കീർത്തനമായ്
മുന്നിൽ..
കിരീടങ്ങൾ
അഗ്നിഹോത്രത്തിൽ..
മിഴിയിൽ
ഒരിടവേളയുടെ
മാഞ്ഞുതീർന്ന
നടുക്കം
നീർത്തിയിട്ട
പ്രപഞ്ചത്തിൻ
നടുമുറ്റത്തൊരു
പവിഴമല്ലി
പൂവുകളിൽ
നക്ഷത്രത്തിളക്കം

Friday, August 17, 2012

  മൊഴി








 



ഓർമ്മകളുടെയിതളുകൾ
ദിനങ്ങളിൽ
നിന്നടർന്നുവീഴട്ടെ
അതിനിടയിൽ
നിന്നുയരും ഒരോ അക്ഷരവും
മഴതുള്ളിപോലെ
മനോഹരമാം
കവിതയുടെ സ്വരമാവട്ടെ
നാടകശാലയുടെ
തിരശ്ശീലയ്ക്കുള്ളിൽ
നാട്യമൊടുങ്ങുമ്പോൾ
നഗരമൊരുപക്ഷെ
അപരിചിതമായേക്കാം....
കടവിൽ തോണിതുഴഞ്ഞുനീങ്ങും
ഭൂഗാനത്തിനരികിൽ
മഴക്കാലപ്പൂവുകൾ
നിറഞ്ഞേക്കാം...
ഒരിടവേളയുടെ
നനഞ്ഞ കുതിർന്ന
പുസ്തകത്താളിലൂടെയൊഴുകി
മാഞ്ഞ കഥകൾ
അയഥാർഥമുദ്രകളായ് മാറിയേക്കാം...
ഗ്രാമമേ എനിയ്ക്കെഴുതാൻ
സന്ധ്യാവിളക്കുകളുടെ
പ്രകാശം തന്നെയധികം
ചിത്രകമാനത്തിൽ

സന്ധ്യ അശോകപ്പൂവുകൾ
വിരിയിക്കുമ്പോൾ
ചന്ദനസുഗന്ധമൊഴുകും
ഒരോലക്കീറ്റിൽ
നൂറ്റാണ്ടുകൾ മുന്നൊലൊഴുകുമ്പോൾ,
രുദ്രതീർഥത്തിനരികിലിരുന്ന്
പതാകയുടെ വർണ്ണങ്ങളിൽ
മൺ തരികളിൽ
ഒരു ചിത്രം രചിക്കാം...
മഴപെയ്തുകൊണ്ടേയിരിക്കട്ടെ












ഹൃദ്സ്പന്ദനങ്ങളേ
ജാലകവാതിലിൽ
ഇനിയൊരു നിഴൽപ്പാട്
വീഴാതിരിക്കുവാൻ
നിറയെനിറയെ
പവിഴമല്ലികൾ
നട്ടുവളർത്താം
പവിഴമല്ലിച്ചോട്ടിലിരുന്ന്
മനോഹരമാം
ആകാശകാവ്യങ്ങളെഴുതാം
പിന്നീടരികിൽ
മഴപെയ്യുമ്പോൾ
സന്ധ്യയുടെ നക്ഷത്രവിളക്കുകൾ
കെടാതെ മിഴിയിലൊളിപ്പിക്കാം
ഹൃദ്സ്പന്ദനങ്ങളേ
തുരുമ്പുവീണ ചങ്ങലകൾ
അടർന്നുവീഴും
മൺ തരികളിൽ
സ്വാതന്ത്ര്യത്തിൻ
ശരത്ക്കാലവർണ്ണമാർന്ന
സ്വർണ്ണമുദ്ര തീർക്കാം
നിഴലുകൾ മായട്ടെ
ജാലകവാതിലിനരികിൽ
മഴപെയ്തുകൊണ്ടേയിരിക്കട്ടെ
ഒരു കവിത പോലെ...
 ആകാശവാതിലിലെ ദൈവത്തിനൊരു കത്ത്










 

ആകാശവാതിലിലെ ദൈവമേ
കേട്ടാലും
കുറെ നാളെങ്കിലും
അയാളെഴുതിയ സ്നേഹക്കുരുക്കുകൾ
ശരിയെന്നു വിശ്വസിച്ചതിനും,
ചുമരുകളിൽ അയാളെഴുതിതൂക്കിയ
മനോഹരമാം ചിത്രങ്ങൾ
കുരുക്കാനുള്ള കൗശലമെന്നറിയാതിരുന്നതിനും
അയാളൊരുക്കിയ നിഴൽപ്പാടിനുള്ളിൽ
കുറെനാൾ അറിയാതെ വീണുപോയതിനും
അയാളുടെ അഭിനയം യാഥാർഥ്യമെന്ന്
കുറേദിനങ്ങളിൽ വിശ്വസിച്ചുപോയതിനും
ആകാശവാതിലിലെ ദൈവമേ
മാപ്പേകുക..
അഭിനയിച്ചുനീങ്ങിയ ശിരോപടങ്ങളോടുള്ള
രോഷമൊഴുകും കടലുയരുമ്പോഴും
നിഴലെയ്യുമെഴുത്തുമഷിയിൽ
ഹൃദ്സ്പന്ദനങ്ങളുലയുമ്പോഴും
പിടിച്ചുനിൽക്കാൻ കരുത്തേകിയതിനും
മുനമ്പിലെ സന്ധ്യയിൽ
നക്ഷത്രകാവ്യദീപങ്ങൾ
തെളിയിയിച്ചിതിനും ആകാശവാതിലിലെ
എല്ലാമറിയും ദൈവമേ നന്ദി..
...


 സ്വാതന്ത്ര്യസ്വപ്നങ്ങൾ
















 വഴി നടന്നെത്തിയാരണ്യകം
കാണുന്നതൊരു രാജ്യമിന്നതിന്നറയിൽ
വിലങ്ങിൽ കുരുങ്ങുന്നുവോ
മന്ത്രജപവുമായ് നിൽക്കുമെൻ
സ്വാതന്ത്യകവിതകൾ


മുകളിലാകാശമനന്തമേകാന്തമിന്നതിനുള്ളിലും
ഗ്രഹപ്പിഴവുകൾ; കണ്ടുകണ്ടിവിടെയീ
ഭൂമിയും പുകതിന്നു പിന്നെയാപകയിലെ
തീയിൽ ചുരുങ്ങുന്നു ലോകവും

മഴയിൽ തളിർക്കേണ്ടൊരുദ്യാനമേ
മുകിൽത്തിരകളിൽ വീണ്ടും ഋണം ചേർത്തു
തുന്നുന്നതിവിടെയിന്നാരോ
ശിരോപടങ്ങൾക്കുള്ളിലിനിയും
മറഞ്ഞിരിക്കുന്നുവോ ദൈന്യങ്ങൾ

കവടിശംഖിൽ കണ്ടു പണ്ടേദുരാഗ്രഹപ്പെരുമകൾ
പിന്നെയോ ദേവവാദ്യങ്ങളിൽ
വിരൽതൊടുമ്പോൾ വീണുകിട്ടും സ്വരങ്ങളും
പൊരുതുന്നു വീണ്ടും മഴക്കാലസന്ധയിൽ

പവിഴമല്ലിപ്പൂക്കളെന്നോ രചിച്ചോരു
കവിതയിൽ കയ്പുതൂവുന്നുവോ നിഴലുകൾ
മിഴിയിലെന്നും കടൽചേർക്കുന്നുവോ
ശംഖിലെഴുതുവാനാവാത്ത ഗാനസങ്കീർത്തനം

വിരലിലെ വിസ്മയക്കൂട്ടിൽ നിന്നും
പുനർജനിയുമായ് വീണ്ടും വരും
മഴക്കാലമേ
ഇവിടെയീ ഭൂഗാനസോപാനമൊന്നതിൽ
തിരിവച്ചുനിൽക്കുമെനിക്കേതുസങ്കടം..

അരികിലോ നക്ഷത്രകാവ്യങ്ങൾ
പിന്നെയെൻ മിഴിയിലേയ്ക്കൊഴുകുന്നതൊരു
ക്ഷീരസാഗരം
വഴിയിലിന്നേതു വിലങ്ങാവിലങ്ങിന്റെയരികിൽ
ഞാനെഴുതുമെൻ സ്വാതന്ത്ര്യസ്വപ്നങ്ങൾ..

Thursday, August 16, 2012

നക്ഷത്രങ്ങളുടെ കവിത
















വർത്തമാനമൊരു
ചിതൽപ്പു
റ്റിൽ മായും
മാറിയ നിഷാദങ്ങളിൽ
നിന്നെത്രയകലെ
നക്ഷത്രങ്ങളുടെ
പ്രകാശബിന്ദുക്കൾ

ആരോഹണങ്ങളും
അവരോഹണങ്ങളും
നിശ്ചലമായ് നിൽക്കും
പ്രപഞ്ചത്തിൻ തുടിയിൽ
നക്ഷത്രങ്ങളെഴുതിയിടുന്നുവോ
വീണ്ടുമൊരു
പ്രകാശകാവ്യം

മനസ്സേ
തിരയേറും കടലിൽ
ശാന്തിനികേതനം
തേടിയൊടുവിലെത്തിയ
മുനമ്പിനരികിലിരുന്നാൽ
ആകാശനക്ഷത്രങ്ങൾ
തുന്നിചേർക്കും
പ്രകാശമുത്തുകൾ
കാണാനാവുന്നു

ഓർമ്മതെറ്റുകളുടെയക്ഷരപ്പിശകിനരികിൽ
ദൈവമെഴുതുന്നു
നക്ഷത്രങ്ങളുടെ
സ്വർണ്ണതരിപോൽ മിന്നും
കവിതയത്രേ
ആകാശത്തിനു പ്രിയം..

Wednesday, August 15, 2012

നക്ഷത്രങ്ങളുടെ കവിത

 









 
പതാകയേന്തി നിൽക്കും
സ്വാതന്ത്ര്യമേ
ഒരവധിദിനമായ്
മുന്നിൽ നടന്നുനീങ്ങുമ്പോൾ
അതിരുകളില്ലാതെ
ആകാശത്തുമിന്നും
നക്ഷത്രങ്ങളെഴുതും
കവിതയ്ക്കരികിലുയർത്തിയാലും
രാജ്യത്തിൻ
മൂവർണ്ണക്കൊടി

മഹായാനങ്ങളിൽ
ഉൾക്കടലിലേയ്ക്ക്
യാത്രയ്ക്കൊരുങ്ങും മനസ്സേ
അറിഞ്ഞാലും
ഇന്നത്തെ പ്രഭാതത്തിലും
ആകാശവാതിലിലെ ദൈവം
നക്ഷത്രങ്ങളെഴുതിയ കവിതകൾ
സൂക്ഷിച്ചുവച്ചിരിക്കുന്നു
ഭൂമിയ്ക്കായ്..

മിഴിയിൽ നിറയും
ത്രിവർണ്ണത്തിൻ മനോഹരഭാവമേ
നക്ഷത്രങ്ങളിന്നെഴുതും
കവിതയിൽ തൂവിയാലും
അശോകപ്പൂവിനഗ്നിവർണ്ണം
മനസ്സിൻ നന്മയിലെ തുമ്പപ്പൂവർണ്ണം
തളിരിലയ്ക്കുള്ളിലെ മരതകവർണ്ണം..

ആരവങ്ങളിൽ
വീണുടയാത്ത
സ്വതന്ത്രമൺതരികളേ
ഹൃദ്സ്പന്ദനങ്ങളിൽ
സമുദ്രമുണരുമ്പോൾ
നക്ഷത്രങ്ങളുടെ
കവിതയിൽ
മിന്നിത്തിളങ്ങിയാലും

Tuesday, August 14, 2012

 പതാകയുടെ കവിത


 





അദ്വൈതം
അനശ്വരതയുടെ
ആകാശഗാനം..
മഴക്കാലപ്പൂവുകളിൽ
ഒരീറൻ മഴതുള്ളി
എന്റെ മനസ്സിൽ
പതാകയിലെ
മനോഹരമാം
ശരത്ക്കാലവർണ്ണം
രാജ്യത്തിൻ മുനമ്പിൽ
സാഗരസ്പന്ദം
രാജഖജനാവുകളിൽ
ഋണതുട്ടുകൾ
ആലയങ്ങളിൽ
അഖണ്ഡനാമം ചൊല്ലും
ദിനാന്ത്യം

മൺ തുണ്ടുകളിൽ
സ്വാതന്ത്ര്യത്തിനായ്
കാൽപ്പദങ്ങൾ വയ്ക്കും
ഭയരഹിതമുദ്രകൾ
എവിടെയാണുലഞ്ഞതീ
പതാകകൾ
പാതിവഴിയിൽ
കണ്ട ശിരോപടങ്ങൾ
ചുമരിലൊഴുക്കിയ
ചായങ്ങളിലോ
അതോ നിമിഷത്തിൻ
നിയന്ത്രണം തെറ്റിയ
ഘടികാരത്തിൻ
സൂചിമുനകളിലോ
യാഥാർഥ്യം
ദർപ്പണങ്ങളിൽ
മാഞ്ഞിരിക്കുന്നു
പതാകകൾ പാതയോരത്ത്
എങ്കിലും എത്രഭംഗിയതിൻ
വർണ്ണങ്ങൾക്ക്

Monday, August 13, 2012

മഴ

 
ഹൃദ്സ്പന്ദനങ്ങളേ
ഇന്നലെ നക്ഷത്രങ്ങളിൽ
മഴ പെയ്യുകയായിരുന്നു
സ്വാതന്ത്രത്തിൻ മഴ
പുൽനാമ്പുകളിൽ
തളിരിലകളിൽ

ആലാപനത്തിൻ
അന്തരഗാന്ധാരം പോൽ
മൊഴിയിൽ അമൃതുതൂവി
ഇന്നലെ നക്ഷത്രങ്ങളിൽ
മഴപെയ്യുകയായിരുന്നു
മനസ്സിൻ ചക്രവാളത്തിൽ
ആകാശത്തിനൊരിതളിൽ
വിരലിലുണരും
അക്ഷരലയത്തിൽ
ശ്രുതിയിട്ട്, തുടിയിട്ട്
മഴപെയ്യുകയായിരുന്നു...
 പതാകയുടെ കവിത


 














മനസ്സേ
മുൾച്ചെടിയിലുടക്കിക്കീറിയ
രാജ്യപതാകയെ
ഹൃദയത്തിലേറ്റിയാലും
അതിലുമെഴുതാം
നമുക്കൊരു കാവ്യം..

സ്വതന്ത്രമൺതരികളിൽ
നിഴലേറ്റിയ സ്വാർഥം ചിരിക്കും
ധ്വജങ്ങളിൽ നിന്നടർത്തിമാറ്റി
ഉലഞ്ഞുതുടങ്ങിയ
രാജ്യപതാകയിൽ
സ്വതന്ത്രസേനാനികളുടെ
നിസ്വാർഥമുദ്രപതിപ്പിയ്ക്കാം

സ്വാർഥത്തിൻ മുൾച്ചെടികളിൽ
മന്ദഹാസമുണർത്താൻ
വിലപേശി വിറ്റു തീർന്ന
ത്രിവർണ്ണത്തിനോരോ
നിറവുമൊഴുകും
ഭൂമിയുടെ സമുദ്രതീരങ്ങളിൽ
മനസ്സേ
ചിത്രകമാനങ്ങളിൽ
എഴുതിസൂക്ഷിക്കാം
നമുക്കീ പതാകയിലെ
മനോഹരവർണ്ണങ്ങൾ...

Sunday, August 12, 2012

നക്ഷത്രങ്ങളുടെ കവിത









ദേവാലയങ്ങളിലെ
കൽശിലകൾ
ശംഖനാദത്തിലുണരുമ്പോൾ

മിഴിയിലൊഴുകുന്നു
അഗ്നിയുടെ നക്ഷത്രഭംഗി
 

അതിരാത്രം ചെയ്തുപോയ
ഹോമപ്പുരകൾക്കരികിൽ
മഴപെയ്തൊഴുകിയ
വർഷ ഋതുവിൽ
നക്ഷത്രങ്ങൾ അറയിൽ
നെയ്തുസൂക്ഷിച്ച
മനോഹരമാം
കസവുനൂലുക

കവിതയുടെ സ്വരങ്ങൾ...

സന്ധ്യാദീപങ്ങൾക്കരികിൽ

ഭൂമി  ശരത്ക്കാലവർണ്ണം
ചുറ്റിയെഴുത്തക്ഷരങ്ങളാലൊരു
അപൂർഗാനമെഴുതുമ്പോൾ
 ആകാശവീഥിയിലുണരും
ദൃശ്യകാവ്യം
നക്ഷത്രങ്ങൾ...

 മൊഴി

നിഴലടർത്തിയ ചുമരുകൾ
ചിന്തേരിട്ടു മിനുക്കും
സംവൽസരങ്ങൾ

ആരൂഢം തെറ്റിയ
ഭൂമണ്ഡപങ്ങളിൽ
നവീകരണകലശമന്ത്രം
ചൊല്ലും മഴതുള്ളികൾ

കടലാസുതാളുകളിൽ
ചായക്കൂടുകൾ
അക്ഷരങ്ങളിൽ
അനശ്വരകാവ്യസ്വരങ്ങൾ

ആകാശത്തിനീറൻ
പ്രഭാതങ്ങളിൽ
തൂലികയിൽ തുളുമ്പി
നിൽക്കുമൊരു മൊഴി

കൽത്തറയിൽ തുളസിദീപം
തെളിയിക്കും ഗ്രാമം
ഒരുണർവ്

എഴുതിയെഴുതിതീരാതെ
അരികിൽ
തുടിയിടും കടൽ

ശ്രുതിയിടറിയ
ഒരോർമ്മതെറ്റിൻ
സായാഹ്നം

ഹോമദ്രവ്യങ്ങളിൽ
വീണ്ടുമുണരും
മൃത്യുഞ്ജയമന്ത്രം

ഓരോ അക്ഷരവും
മുദ്രകളായ് വിരിയും
വിരൽതുമ്പിലൊഴുകും
ഭൂമി...


Saturday, August 11, 2012

ഹൃദ്സ്പന്ദനങ്ങൾ












 അഹമെന്നതൊരു ചായം
അതിനപ്പുറമനന്തതയുടെ
തീരം...
മുനമ്പേ
നീ തന്നെ ആദികാവ്യം
അനന്തസാഗരവചനം..

മൊഴിയിൽ ദിനങ്ങൾ
തുന്നിയ സംവൽസരങ്ങളിൽ
ചില്ലുകൾ
മുറിവുണങ്ങിയ
പാടുകളിൽ മഷി..

ഇരുളിന്റെ ചില്ലകൾക്കകലെ
മിന്നും നക്ഷത്രങ്ങളേ
അരികിൽ പുകയുന്നതത്രേ
യന്ത്രമിഴി
അതിനു ഹൃദയവും
ഹൃദ്സ്പന്ദനങ്ങളുമില്ല
ആത്മാവിന്റെ സ്പന്ദനലയവുമില്ല

കണ്ടാലും ചുറ്റിതിരിയും
ഇരുമ്പുവലയങ്ങളെ
അശോകപ്പൂവിൻ നിറമുള്ള
സന്ധ്യയിൽ
ദീപങ്ങൾ തെളിയുമ്പോൾ
യന്ത്രചുറ്റുകളിൽ
ഋണക്കൂട്ടുകൾ തൂവി
കടയാം വീണ്ടും
മഴയിൽ അമൃതവർഷിണിയുണരും
വരേയ്ക്കും...


സാഗരസ്പന്ദങ്ങൾ
 

 ചരിത്രത്തിനൊതുക്കുകല്ലുകളിൽ
തട്ടിവീണുടയാതെ
സ്വരങ്ങളെടുത്തു സൂക്ഷിച്ചു
മുനമ്പിൻ ജപമണ്ഡപമേ
കേട്ടാലും
സമുദ്രസംഗീതം

ചന്ദനം തൊട്ടുണരുമൊരു
പ്രഭാതമണ്ഡപത്തിൽ
ചെമ്പകപ്പൂവിരിയും
പാതയിലൂടെ
കൽക്കെട്ടുകളിൽ
സമുദ്രമെഴുതും സ്വരങ്ങൾ
കണ്ടാലും

ദീപാന്വിതമാമൊരു സന്ധ്യയിൽ
ജപമാലയിൽ തിരിയും
രുദ്രാക്ഷങ്ങളേ
പ്രദോഷദീപങ്ങളേ
തീരത്തുലയും സമുദ്രമെഴുതും
പദങ്ങൾ ചേർത്തുവച്ചാലും


ഒലിവിലകൾ
തേടിയൊടുവിൽ
യുദ്ധഭൂവിലെത്തിയ
ഋണപ്പാടുകളെ
മൺ തരികളിൽ വീണുടയും
മഴതുള്ളികളിൽ
സമുദ്രമെഴുതും
കവിതകൾ കണ്ടാലും

മുനമ്പിൽ
സ്വതന്ത്രചിഹ്നങ്ങളുടെ
പതാക തേടിയെത്തും
മനസ്സേ
മുദ്രാങ്കിതമാം
ആകാശത്തിനൊരിതളിൽ
അശോകപ്പൂവിൻ നിറമാർന്ന
സന്ധ്യാദീപങ്ങൾക്കരികിൽ
സമുദ്രം കവിതയെഴുതുന്നതു
കണ്ടാലും




ഗായത്രിയുടെ കത്ത്
(August 11, 2012)

പ്രിയപ്പെട്ട മീര
ഇന്നു ഞാനൊരു കഥ വായിച്ചു
കഥയുടെ ശീർഷകം ഇതായിരുന്നു

"ചിന്താവിഷയമെഴുത്തുകാരന്റെ മരണം"

ആ കഥയിങ്ങനെയായിരുന്നു...
അന്നൊരു തിങ്കളാഴ്ച്ചയായിരുന്നു. ഒരു പ്രധാനപത്രത്തിലെ ചിന്താവിഷയമെഴുതുകയായിരുന്നു. അയാളുടെ ജോലി
പള്ളിവികാരിയെ കണ്ടുമടങ്ങുമ്പോൾ കൽപ്പടവിൽ കാൽതെറ്റിവീണു. അബോധാവസ്ഥയിൽ സന്ധ്യവരെയും അയാൾ
തീവ്രപരിചരണത്തിനുള്ളിൽ കിടന്നു... പിന്നെ മരിച്ചു. എഴുത്തുകാരനല്പം പ്രശസ്തിയുണ്ടായിരുന്നതിനാൽ ജനങ്ങൾ അയാൾക്കല്പം മാന്യമായ വിടവാങ്ങലേകി...


മരണത്തിനുശേഷം ചിന്താവിഷയമെഴുത്തുകാരൻ പ്രൗഢിയോടെ സ്വർഗവാതിലേയ്ക്ക് നടന്നു. പാറാവുകാർ അയാളെ തടഞ്ഞു. അയാൾക്കല്പം നീരസമുണ്ടായി. അത് പ്രകടിപ്പിക്കും മുൻപേ ദൈവം അയാളുടെ മുന്നിലേയ്ക്ക് വന്നു..അയാൾ കരുതി, ദൈവം അയാളെ സ്വീകരിക്കാൻ വരുകയായിരുന്നു എന്ന്. പക്ഷെ ദൈവം അയാളോടു പറഞ്ഞു.
"നിങ്ങൾക്കീ സ്വർഗരാജ്യത്തിൽ സ്ഥാനമില്ല."

 നിങ്ങളുടെ സ്ഥാനം അവിടെ".. 
ദൈവം കാട്ടിയ സ്ഥലം കണ്ട് അയാൾ ഞെട്ടി. വന്യജീവികളുടെ ഒരു ചില്ലുകൂട്. "ദൈവമേ! അങ്ങേയ്ക്കാളു തെറ്റിയിരിക്കും. 
പ്രശസ്തനായ  ചിന്താവിഷയമെഴുത്തുകാരൻ... 
ദൈവം അയാളെ മുഴുമിപ്പിച്ചില്ല. 
പിന്നീടു പറഞ്ഞു.
നിങ്ങളീ കുട്ടിയെ അറിയുമോ?? 

ചിന്താവിഷയക്കാരൻ ദൈവം കാട്ടിയ ചിത്രത്തിലേയ്ക്ക് നോക്കി..

ഈ കുട്ടിയെ നിങ്ങളും നിങ്ങളുടെയാൾക്കാരും കൂടി ചില്ലുകൂടിലടച്ചില്ലേ? കാക്കയെന്നും പട്ടിയെന്നും, പൂച്ചയെന്നും, പാമ്പെന്നും വിളിച്ചാക്ഷേപിച്ചില്ലേ, ഈ കുട്ടിയെ വിഷമിപ്പിക്കണമെന്ന ദുരുദ്ധേശത്തോടു കൂടി നിങ്ങളെത്ര ചിന്താവിഷയങ്ങളെഴുതി..

ദൈവമേ ആ കുട്ടി... 

ചിന്താവിഷയക്കാരൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു..
ദൈവം പെട്ടെന്ന് പറഞ്ഞു.. നിങ്ങളുടെയാളുകളാണീക്കുട്ടിയെ ആദ്യം ആക്രമിച്ചത്,ചില്ലുകൂടിലടച്ചത്, പലേ പേരും വിളിച്ചാക്ഷേപിച്ചത്,
ആ കുട്ടി നിങ്ങളുടെയാളുകളെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിനു കാരണവും നിങ്ങൾ തന്നെ. ആ കുട്ടി അങ്ങനെ ചെയ്യുമ്പോൾ
ആ കുട്ടിയുടെയരികിലിരുന്ന് സഹായിച്ചതും ധൈര്യം കൊടുത്തതും ഞാൻ തന്നെ. അഴിമതി കാട്ടിയ ഒരു സ്ത്രീയെ ന്യായീകരിക്കാനായി
നിങ്ങളെന്തെല്ലാം ഈ കുട്ടിയോടു ചെയ്തിരിക്കുന്നു. അതും എനിക്കറിയാം..


പാറാവുകാരെ.. 

ഈ ചിന്താവിഷയക്കാരനെ ആ ചില്ലുകൂടിലെ വന്യ മൃഗങ്ങൾക്കിടയിലിട്ടു പൂട്ടുക. ഇയാളെ കൊല്ലരുത് എന്ന് ആ മൃഗങ്ങളോട് പ്രത്യേകം പറയുക. മറ്റുള്ളവരെ കുത്തിനോവിക്കാനായ് ഇയാളെഴുതിയതു പോലെ ആ മൃഗങ്ങളിയാളെയും ഒന്നു കുത്തിനോവിക്കട്ടെ. ഇത്രയും പറഞ്ഞ്  സ്വർഗവാതിലടച്ച് ദൈവം അകത്തേയ്ക്ക് പോയി..

മറ്റുള്ളവരെ കുത്തിനോവിക്കാനായ് ചിന്താവിഷയമെഴുതിയുണ്ടാക്കിയതിൽ അന്നാദ്യമായി അയാൾ ദു:ഖിച്ചു.. പക്ഷെ വൈകിയിരുന്നു.. 
ചില്ലുകൂട്ടിലേയ്ക്ക് വീഴുമ്പോൾ അതിനുള്ളിൽ അയാൾക്ക് കൂട്ടായി അയാളുടെ പ്രധാനപത്രാധിപരും ഉണ്ടായിരുന്നു എന്നതായിരുന്നു അയാളുടെ ഏക ആശ്വാസം.....

മീര, 
ഭൂമിയിലെ നന്മ കാണാതെ മറ്റുള്ളവരെ ചില്ലുകൂടിലടയ്ക്കുകയും, പിന്നീട് ചിന്താവിഷയങ്ങളെന്ന പേരിൽ പ്രഹസനങ്ങളെഴുതി  മഹാന്മാരെന്നഭിമാനിക്കുകയും,അത് പ്രസിദ്ധീകരിച്ചാനന്ദിക്കുകയും
 ചെയ്യുന്ന ചിലരെങ്കിലമീലോകത്തുണ്ട്
അവരീകഥയൊന്നു വായിച്ച് നന്നായെങ്കിലെന്നാശിക്കുന്നു,..


 ഗായത്രി


Friday, August 10, 2012

 മൊഴി

ഒലിവിലകൾ 
കൊഴിഞ്ഞുവീഴും
പാതയോരത്തൊഴുകും
മഴതുള്ളികളിൽ
പവിഴമല്ലിപ്പൂവിതളുകൾ

മഴതുള്ളികളിൽ
പവിഴമല്ലിപ്പൂവുകൾ

മഴയൊഴുകും
ചെമ്പകപ്പൂമരങ്ങളിൽ
മായും നിഴലുകൾ

ചുമരുകളിൽ വന്നുവീഴും
കടും വർണ്ണങ്ങൾക്കരികിൽ
ശരത്ക്കാലം തുന്നിയ
പ്രകൃതിഭാവങ്ങൾ

ജന്മരേഖയിലുലഞ്ഞുതീർന്ന
ദൈന്യങ്ങൾക്കപ്പുറം
തുളസ്സിപ്പൂവുകളെഴുതും
പ്രഭാതചിത്രങ്ങൾ

മേഘരചനകളൊഴുകും
കടലാസുപാത്രങ്ങളിൽ
തുളുമ്പിവീഴും
മഷിയുടെ ഗന്ധകക്കൂട്ട്

വിരൽതുമ്പിൽ
കടലിന്റെയിരമ്പം
ശംഖുകളിൽ
ശാന്തിമന്ത്രമുടഞ്ഞ
ഉൾക്കടൽ

ഉപഗാഥകളിൽ,
ഋണക്കൂട്ടുകളിൽ
ചിതറിവീഴും
ചില്ലുതരികൾ
നക്ഷത്രങ്ങളുടെ കവിത









ആകാശമേ
അന്തരഗാന്ധാരങ്ങളിൽ
അനുസ്വരങ്ങളിൽ
ഞാനെഴുതുമൊരു
രാഗമാലികയിൽ 

നക്ഷത്രങ്ങൾ തുന്നിചേർക്കും
പ്രകാശബിന്ദുക്കൾ
കണ്ടാലും

മഴവീണുതെളിഞ്ഞ
സന്ധ്യയിൽ
രത്നസാഗരത്തിനരികിൽ
ഞാനിരിക്കുമ്പോൾ
ഉപദ്വീപിനുൾക്കടലിൽ
നിന്നൊഴുകിവരുമൊരു
ശംഖിലേയ്ക്ക്
നക്ഷത്രപ്രകാശമൊഴുകുന്നതു
കാണാനാവുന്നു

ശ്രാവണത്തിലച്ചീന്തിൽ
ചന്ദനസുഗന്ധവുമായ്
നിൽക്കും ഗ്രാമമേ
ശീവേലിവിളക്കണച്ചു
നീങ്ങും പൂജാമണ്ഡപത്തിലിരുന്ന്
ആകാശനക്ഷത്രങ്ങളുടെ
കവിതയിലലിഞ്ഞാലും...

 സ്വതന്ത്രസങ്കീർത്തനം













എന്റെ കൈയിലുണരും
ത്രിവർണ്ണമേ
രാജകിരീടങ്ങൾക്കകലേയ്ക്കകലേയ്ക്ക്
നിന്നെ ഞാനെടുത്തു സൂക്ഷിക്കാം
ഒരു ശംഖിനുള്ളിൽ, സമുദ്രത്തിനടിയിൽ
ശുദ്ധികലശം കഴിയും വരേയ്ക്കും,
സ്വതന്ത്രമന്ത്രസങ്കീർത്തനമുണരും വരേയ്ക്കും
രാജപാതയിലെ നിഴൽപ്പാടുകൾ
മായും വരേയ്ക്കും
ജാലകവാതിലിലുറക്കം കെടുത്തും
ദു:സ്വപ്നങ്ങൾ മായും വരേയ്ക്കും
ഇൻഡ്യയുടെ ത്രിവർണ്ണമേ
പവിഴമല്ലിപ്പൂവിരിയും
പടിപ്പുരയിലൂടെ
അറയിലൊളിക്കുക..
അകലെ ഘോഷയാത്രയിൽ
തന്ത്രങ്ങളുടെ തുടിയിൽ
നിന്റെയോരോ വർണ്ണവും
മാഞ്ഞുതുടങ്ങിയിരിക്കുന്നു
അതിനാലിന്നു നിന്നെ ഞാൻ
ധ്വജത്തിൽ നിന്നഴിച്ചെടുക്കുന്നു
നെരിപ്പോടിൻ ഹോമപാത്രത്തിൽ,
തീർപ്പെഴുത്തിൽ

തുണ്ടുതുണ്ടാക്കപ്പെട്ട രാജ്യത്തിൻ
നിടിലത്തിലെന്തിനായൊരു
നോക്കുകുത്തി...
ത്രിവർണ്ണമേ
നിന്നെ സൂക്ഷിക്കാൻ
രാജ്യത്തിനായേക്കും
പക്ഷെ രാജ്യം കൈയേറും
നിഴലുകൾക്കതിനുമാകില്ല
നിഴലൊഴുകിയൊഴുകി
മനോഹരമാം നിന്റെ വർണ്ണങ്ങൾ
മാഞ്ഞുതീരാതിരിക്കാൻ
ത്രിവർണ്ണമേ
നീന്നെ ഞാനൊരു മുനമ്പിൽ
സൂക്ഷിക്കാം

ശുദ്ധികലശം കഴിയും വരേയ്ക്കും,
സ്വതന്ത്രമന്ത്രസങ്കീർത്തനമുണരും വരേയ്ക്കും..

Thursday, August 9, 2012

 ഹൃദ്സ്പന്ദനങ്ങൾ


വിരലിലിന്നുമുടക്കുന്നു
ചില്ലുകൂടേറ്റിയ
മുറിപ്പാട്
അതിനരികിലെ
സമുദ്രം ക്ഷോഭിക്കുന്നതിൽ
അത്ഭുതപ്പെടേണ്ടതുമില്ല

അശോകപ്പൂവിതളിലൊരു
കാവ്യസ്വരം തേടിതുറന്ന
ജാലകവാതിലിനരികിലേയ്ക്ക്
നിഴൽ തൂവിയ
കറുപ്പിൻ രൗദ്രമേ
ആകാശവാതിലിനരികിൽ
ഒരു മിഴി നിന്നെയും
കണ്ടുകൊണ്ടിരിക്കുന്നു

ആർദ്രസംഗീതം
ഓർമ്മയായിമാറിയ
വർത്തമാനക്കെട്ടിൽ
മഴയുണർത്തുന്നുവല്ലോ
വീണ്ടുമൊരു
സർഗഗീതം

എവിടെയോ
പദം തെറ്റി വീണ കാവ്യമേ
സ്വരങ്ങളുമനുസ്വരങ്ങളും
സമുദ്രം ശംഖിൽ സൂക്ഷിച്ചിരിക്കുന്നു
ഞാനവയെ മെല്ലെ പുറത്തേയ്ക്കെടുക്കാം
ഹൃദ്സ്പന്ദനങ്ങളിൽ ശ്രുതിചേർക്കാം
വീണ്ടുമുണരട്ടെ
ശരത്ക്കാലവർണ്ണമാർന്ന
പൂവുകൾ



Wednesday, August 8, 2012

 മഴതുള്ളികളുടെ കവിത
  







എഴുതിതീരാനാവാതെ
ലോകഭൂപടമൊഴുകുമ്പോൾ
ആകാശത്തിനുതാഴെ
മേഘരഹിതമാം
പ്രഭാതങ്ങളിൽ
ഞാനുണരുന്നു
ഹൃദ്സ്പന്ദനങ്ങളിൽ
ആർദ്രമാമൊരു സ്വരവുമായ്

ഓക് ക്രീക്കിൽ
ലോകം ചുരുങ്ങിയ
ദേവാലയത്തിനരികിൽ
വൃക്ഷശിഖരങ്ങൾക്കിടയിൽ
ഉടഞ്ഞ ചില്ലുതരികൾ
കണ്ണുനീർതുള്ളികളിൽ
കവിതയെഴുതുന്നുവോ

ഭൂമി നടന്നുനീങ്ങിയ വഴിയിൽ
നിഴൽപ്പായകൾ നീർത്തിയ
നിഷാദമേ
മനസ്സിലെ ശുദ്ധദൈവതമെഴുതും
മഴതുള്ളികളുടെ
കവിത കണ്ടാലും..
നക്ഷത്രങ്ങളുടെ കവിത

മഴ വിതുമ്പി നിൽക്കും
സായന്തനമേ
വെളിച്ചത്തിനുപദ്വീപുകളിൽ
നക്ഷത്രങ്ങളുടെ
നനുത്ത കവിതകൾ
സൂക്ഷിക്കാനൊരു വിളക്കേകിയാലും

ആൽമരച്ചില്ലയിലടർന്നുവീഴും
ആലാപനങ്ങളേ
അക്ഷരങ്ങളിലൂടെ
നക്ഷത്രങ്ങൾ നടന്നുനീങ്ങുമ്പോൾ
പ്രകാശഭരിതമാമൊരു
കാവ്യമുണരുന്നതു കണ്ടാലും

ശംഖിലൂടെയൊഴുകിവരും
സമുദ്രമേ
മൺ തരികളിൽ
സന്ധ്യാവിളക്കുകൾ മിന്നിതിളങ്ങുമ്പോൾ
ഹൃദ്സ്പന്ദനങ്ങളിൽ
നക്ഷത്രങ്ങൾ  കവിതയെഴുതുന്നതു കണ്ടാലും
 ഹൃദ്സ്പന്ദനങ്ങൾ

ഹൃദ്സ്പന്ദനങ്ങളിൽ
ദൈവമെഴുതുന്നു
ശിരോപടങ്ങളൊരിക്കലും
നന്മയുടെ സ്നേഹിതരാവില്ല
ഭൂമിയുടെ സ്വപ്നകാവ്യങ്ങളിലും
മുഖപടങ്ങളുടെ തീർപ്പെഴുത്തുണ്ടാവില്ല..
ആരോഹരാണവരോഹണങ്ങളിലുണരും
സ്വരങ്ങളേ
അറിഞ്ഞാലും
അതൊരു മുഖമായിരുന്നില്ല
വിശ്വസിക്കാനൊരിക്കലുമാവാത്ത
ഒരു മൂടുപടം
അതടർന്നുവീഴുകയും ചെയ്തിരിക്കുന്നു


മഷിപ്പാടുകളേ
നിങ്ങളുടെ ചിന്താവിഷയങ്ങൾ
മുഷിഞ്ഞിരിക്കുന്നു
ഭൂമിയുടെ തുണ്ടുകളിൽ
അഴുകിവീഴുന്ന അവയിൽ

നന്മയുടെ ഒരു കണം പോലും
കാണാനാവുന്നുമില്ല
ഘോഷയാത്രയിൽ
ആരവത്തിൽ
നിങ്ങൾ കോരിയൊഴുക്കും
ചായത്തിനപ്പുറം
നിങ്ങളുടെ വന്യ ലോകത്തിന്റെ
നിയമങ്ങൾ പാലിക്കാൻ
വർഷഋതുവിനോടാഞ്ജാപിക്കരുത്

മുഖപടങ്ങളേ നിങ്ങളുടെ
ഒരോ എഴുത്തുപുസ്തകവും
ഒരു തരം അരോചകത്വമേകുമ്പോൾ
എന്തിനിനിയും ഭൂമിയുടെ
ജാലകവാതിലിൽ
നിങ്ങൾ നിഴൽനൃത്തം ചെയ്യുന്നു
നിങ്ങൾക്കൊന്നു പൊയ്ക്കൂടേ
പുതിയ നഗരങ്ങളിൽ
ചായമൊഴുക്കും നാഗരികത
നിങ്ങൾക്കൊരുപാടൊരുപാട്
പൊൻ നാണയങ്ങളുമേകിയേക്കും
അതിനാൽ പിരിഞ്ഞുപോകുക
നിങ്ങളുടെ നിഴലുകളിൽ
കവിതയിലെ മൃദുസ്വരങ്ങൾ
മായാതിരിക്കാനെങ്കിലുമായ്
ഭൂമിയുടെ വാതിൽപ്പടിയിൽ
നിന്നുമൊഴിഞ്ഞുപോയാലും...

Tuesday, August 7, 2012

മഴതുള്ളികളുടെ കവിത


 








അരികിലിരുന്നു
കഥയെഴുതും
മഴതുള്ളികളേ
ഇലകളിൽ,തളിരുകളിൽ
എന്റെ മനസ്സിൽ
കവിതയുടെ
തീർഥം തൂവിയാലും

ഈറനാർന്ന സായാഹ്നമേ
ഇടവഴിയും കടന്ന്
ഗ്രാമം നടന്നുനീങ്ങും
പാതയോരത്ത്
ചിലമ്പിൻ മുത്തുപോലൊഴുകും
മഴതുള്ളിക്കവിത
കേട്ടാലും

അനന്തജന്മദൈന്യം
മൂടിയതിൽ മുനമ്പിൻ
ജപമണ്ഡപശാന്തിയുമായ്
നിൽക്കും ഹൃദ്സ്പന്ദനങ്ങളേ
മൊഴിയിൽ
മഴതുള്ളികളുടെ സംഗീതം
കേട്ടൊഴുകിയാലും

Sunday, August 5, 2012

നക്ഷത്രങ്ങളുടെ കവിത
 (PART 2)

ഋതുക്കളേ 
ഏകതാരയിൽ സമുദ്രം
ശ്രുതി ചേർക്കുമ്പോൾ
അരികിലിരുന്നു കേട്ടാലും
ആകാശനക്ഷത്രങ്ങളുടെ
തിളക്കമാർന്ന കാവ്യം

ഉപദ്വീപിനുദ്യാനങ്ങളിൽ
മഴപെയ്തൊഴിഞ്ഞ
സായന്തങ്ങളിൽ
മനസ്സേ
പാരിജാതപ്പൂവുപോൽ
വിരിയും നക്ഷത്രങ്ങളെ
കണ്ടാലും

ഓർമ്മകൾ മാഞ്ഞുതീർന്ന
പ്രതിഭാവനകൾക്കരികിൽ
പ്രകീർത്തനങ്ങളുടെ,
സ്തുതിപാഠകരുടെ
മണ്ഡപങ്ങളിൽ നിന്നകലെയകലെ
ഹൃദ്സ്പന്ദനങ്ങളേ
നക്ഷത്രങ്ങളുടെ
കാവ്യശേഖരത്തിലൂടെ
നടന്നാലും

പ്രശാന്തമാം ജാലകവാതിലൂടെ
കാണും പ്രപഞ്ചത്തിൻ
കവിതയുമായ് നിൽക്കും
ശാന്തിനികേതനമേ
കണ്ടാലും
നക്ഷത്രങ്ങളിൽ വിരിയും
രാഗമാലിക...

Saturday, August 4, 2012

നക്ഷത്രങ്ങളുടെ കവിത

മിഴിയിലെ സ്വപ്നങ്ങളേ
ശിരോപടങ്ങൾ
മഴയെത്തും മുൻപേ
മാഞ്ഞുതീർന്നിരിക്കുന്നു
നമുക്കിനി നക്ഷത്രങ്ങളുടെ
കവിതയിലലിയാം

ഹൃദ്സ്പന്ദനങ്ങളുടെ
ലയമുടയ്ക്കാനായ്
ചില്ലുകൂടുപണിതവർ
മുഖം താഴ്ത്തിനിൽക്കും
പുഴയോരവും കടന്ന്
ഹൃദയമേ സ്പന്ദിച്ചാലും
ഗ്രാമത്തിനരികിൽ
ചെമ്പകപ്പൂസുഗന്ധമാർന്ന
സായന്തനത്തിൽ
നക്ഷത്രങ്ങളുടെ കവിതയിൽ

മഴതൊട്ടുണരും
പ്രഭാതത്തിൽ
മനസ്സേ
മുനമ്പിനരികിൽ
നക്ഷത്രങ്ങൾ ചക്രവാളം
സാക്ഷ്യം നിൽക്കെയെഴുതിയ
കാവ്യാക്ഷരങ്ങളുടെ
ഓർമ്മക്കുറിപ്പുകളിലൂടെ
നടന്നാലും...