Sunday, June 26, 2011

ദിനാന്ത്യങ്ങളിങ്ങനെയോ

ഞാനുണർന്നതോ മഞ്ഞുപാളിയിൽ
ധനുമാസരാവുകളുറങ്ങാതെ
നോയ്മ്പു നോറ്റപ്പോൾ; ലോക
ശോകമായൊരു താരമെരിഞ്ഞുതീരും
വ്യോമ സീമയിൽ
സൂര്യൻ വീണതന്ധകാരത്തിൻകൂട്ടിൽ...
താഴെയായ് കാണുന്നതു
ഗൗതമവിഷാദത്തിൻ
മൂകഗദ്ഗതം പേറും
ബോധിവൃക്ഷങ്ങൾ;
ഞാനോ തേടിയതൊരു
പാരിജാതത്തിൻ തളിർമലർ..
ഇടറും ഹൃദ്സ്പന്ദനശാഖയിലുണർന്നതോ
തണുത്ത സന്ധ്യയ്ക്കുള്ളിൽ
വിടരും മൺദീപങ്ങൾ
മുന്നിലോ ചുറ്റിത്തിരിഞ്ഞൊഴുകും
ഗ്രഹദോഷദൈന്യങ്ങളതിൽ
തിരിനീട്ടുന്ന നക്ഷത്രങ്ങൾ..
എരിയും ത്രിസന്ധ്യയോ
വിളക്കിൽ നിറയ്ക്കുന്നു
നിറെയ പ്രകാശവും
രുദ്രാക്ഷജപങ്ങളും..
ഇവിടെയൊഴുകുമീ ഗംഗതൻ
പുണ്യാഹത്തെ വലംവച്ചൊരുമാത്ര
നിന്നുവോ ദിനാന്ത്യങ്ങൾ...
നടന്നുനീങ്ങും നേരം മണ്ഡപക്കോണിൽ
നിന്നുമുയർന്നതേതു സാമമന്ത്രങ്ങളതിൽ
സന്ധ്യാഹൃദയം നേദിച്ചുവോ ദശപുഷ്പങ്ങൾ..
നിലാമിഴിയിൽ മറഞ്ഞുവോ
മേഘകാവ്യങ്ങൾ..
എന്റെ മൊഴിയിൽ വിടർന്നുവോ
ഭൂമിതൻ നിയോഗങ്ങൾ........

Sunday, June 19, 2011

സങ്കീർത്തനം...

ആരോ മൊഴിഞ്ഞു
പിന്നോട്ടുപായും തേരിലേറിയ
ലോകവിശേഷങ്ങളെ കാൺക..
ഈറൻതുടുത്ത മുഖത്തോടെ നിൽക്കുമീ
തീരത്തിലോ രഥപ്പാടുകൾ മായുന്നു..
കാണുവാനെന്തീവിശിഷ്ട
സായാഹ്നത്തിനോർമ്മയിൽനിന്നോ
നടന്നു തഥാഗതൻ...
വേരോടുമീയരയാലിൻചുവട്ടിലോ
ധ്യാനനിമഗ്നമായ് നിൽക്കുന്നുസന്ധ്യകൾ..
ശൈലാദ്രിയിൽചിലമ്പിൽനിന്നുതിർന്നൊരാ
സങ്കോചമോ? മൂലശുദ്ധമന്ത്രധ്വനി..
ആദിതൊട്ടോരോയുഗങ്ങളിലെ
കൊടിത്തേരുകൾകണ്ടതാണീഭൂമി
സങ്കർഷയോഗഗൃഹങ്ങളിൽ,
കൽത്തുറുങ്കിൽ കണ്ട മായയോ
വിസ്മയം, വിദ്യാധരന്മാരുമാരുമേ
കാണ്മതില്ലിന്നീമുനമ്പുകൾ
സ്വപ്നാടനത്തിൽശരത്ക്കാലചിന്തുകൾ
ദു:സ്വപ്നമെല്ലാമകറ്റിയെന്നാലുമീ
വ്യർഥമാം മിഥ്യയെ താങ്ങുവാനെന്നപോൽ
ചുറ്റിലും നീങ്ങുന്നനേകം ഗ്രഹങ്ങളും..
മായുകിലും മഴക്കാലങ്ങളിൽ
ഗ്രാമവാതിലിൽകൈചേർത്തു
നിൽക്കുന്നുവോ ബാല്യം?
എത്രനടന്നെങ്കിലും തളരാത്തൊരീ
ഹൃത്തിലോ ശൈശവം വീണ്ടും തളിർക്കുന്നു
തേരുകൾപായുമീതീരത്തിലും
ശംഖുതേടുന്നുവോ വ്യോമകൗതുകം
ഗ്രാമമേ! നീയാണുഷസ്സിന്റെയാദ്യ
സങ്കീർത്തനം...

Friday, June 17, 2011

ആർദ്രസ്മൃതി

ഇനിയുമീസർവവിശ്വകലാലയ
പടിയിലേതു പ്രബന്ധം പുതുക്കണം
എഴുതിയാകെ മഷിപടർന്നീ
ശുഭ്രമൊഴിയുമാകെയുലഞ്ഞിരിക്കുന്നു..
വിരലുകൾക്കുള്ളിൽ ഭദ്രമായ്
കോർക്കാൻ വരികളുമില്ല തീരാക്കടങ്ങൾ
പെരുകുമാഷാഢമേഘങ്ങളൊന്നായ്
ഒഴുകിയാകാശദൈന്യമാകുന്നു
അകലേയേതോ മുനമ്പിലായ്
ദീർഘഗതിയളക്കും തിരയൊതുക്കങ്ങൾ..
എഴുതിനീങ്ങും തടാകങ്ങളെ കാൺക
ചുമരിലോ നാലുഭിത്തികൾ മാത്രം
ഒടുവിലോളങ്ങളേറി തകർന്ന
ചരിവിലായ് സാന്ദ്രസന്ധ്യയും വന്നു
മിഴികളിൽ വീണുതൂങ്ങുമീഭാരച്ചുമടുകൾ
കണ്ടു നിൽക്കുന്നുവോ നീയവിടെയാ
വിശ്വസൃഷ്ടിയിൽനിന്നുമെവിടെമാഞ്ഞുപോയ്
ഹൃദ്യമാം പൂക്കൾ..
ഇവിടെഞാനും പുതുക്കിയഗ്രന്ഥപ്പുരയിലോ
പകൽപ്പൂവുകൾ മാത്രം
മിഴിയിലോ പ്രകാശത്തിന്റെയാർദ്ര
സ്മൃതിയുണർത്തുന്ന താരകൾ മാത്രം
ഒഴുകികിനീങ്ങുമീസാഗരത്തിന്റെ
ഹൃദയസ്പന്ദമോ കാവ്യസർഗങ്ങൾ
ഇനിയുമീവിശ്വസർവകലാലയപ്പടിയിലേത്
പ്രബന്ധം തിരയണം
ഇവിടെയാകെപ്പൊഴിയുന്നതെന്നിലെ
മൊഴിയു, മോർമ്മകൾ നഷ്ടമാം ബാല്യവും...



Thursday, June 16, 2011

യാഗം

ഗംഗയൊഴുകുന്നുവോ
നീർത്തുള്ളിയായ് പെയ്ത
സങ്കടങ്ങൾ പോലെയിന്നീധരിത്രിയിൽ
ആരോമറന്നിട്ടൊരഗ്നിയിലാകവേ
വേരറ്റുകത്തിയോരാരണ്യകത്തിനെ
നേരിന്റെ തുമ്പാൽ മറയ്ക്കുവാനാവാതെ
കോലങ്ങളേറ്റുമാ രാജപുരങ്ങൾതൻ
ചാരേനദീതടദൈന്യമാറ്റാൻ പോയ
യോഗിയോമാഞ്ഞു; കുലം
തെറ്റിനിന്നൊരാ ജീവനിൽ
നിന്നും മൃതിപ്പൂക്കളും വീണു..
കേൾക്കുന്ന ശബ്ദഘോഷങ്ങളെ
ദൃശ്യത്തിലേറ്റിപ്പെരുക്കുന്ന മദ്ധ്യസ്ഥർ
പിന്നെയാ യാത്രയെതന്നെയും
ചേർത്തടുക്കി പട്ടുചേലയിൽകെട്ടി
ശിരസ്സിലേറ്റും നേരമൊന്നുകരഞ്ഞുവോ
ജാഹ്നവി.....
വീണ്ടുമാ തുമ്പകൾ പൂക്കും തടങ്ങളെ
കാണാതെ തുമ്പികൾ പാറും
ചിതാകുടീരങ്ങളിൽ
ജന്മമോ കാണിക്കയേകി കടന്നോരോ
ദൈന്യമിന്നേതുയുഗത്തിന്റെ  സാധകം?
ഗംഗയോ നിർമമം നിൽക്കുന്നു
ചുറ്റിലും തുള്ളിപ്പെരുക്കുന്നു
നീർമഴതുള്ളികൾ
കാണുന്നതെല്ലാം കടം കൊണ്ടു
കോറുന്ന ദീനങ്ങളിൽ വീണുമങ്ങുന്ന ലോകമേ
കാണുക കണ്ണിരു വറ്റിയ ഗംഗയെ
കാണുക നിശ്ചലം നിൽക്കുമീ ഗംഗയെ...

Tuesday, June 14, 2011

 അമൃത്

ആത്മാവിൽ വിടരുന്നതൊരു
പൂവിതൾ; ബ്രഹ്മലോകമോ
യാചിക്കുന്നതൊരു രുദ്രാക്ഷം
സ്നേഹഗീതമോ മഷിപ്പാടാൽ
പകുത്ത മഹാകാവ്യം
യാഗമോ യുഗാരംഭവിചികൾ
ഭൂകർണ്ണങ്ങളാളുന്നതിന്നീ
ഹോമ മണ്ഡപങ്ങളിൽ
ശബ്ദധാരയോ മനസ്സിന്റെയുലഞ്ഞ
വീണാനാദം
നനുത്ത സന്ധ്യക്കുള്ളിൽ
മാഞ്ഞതോ ദിനാർഥങ്ങൾ
വിരലിനുള്ളിൽ കെട്ടായ്
വീണതു ദർഭാഞ്ചലം
പുരങ്ങൾക്കുള്ളിൽ കുരുങ്ങുന്നതോ
ഹൃദ്താളങ്ങൾ
നിയോഗങ്ങളിലൂടെയുണരുന്നതോ
മൊഴി
ആകാശം സൂക്ഷിക്കുന്നതൊരു
നീർക്കണം
മഴയേറ്റുന്നതരികിലോ
പീയൂഷകലശങ്ങൾ
ആത്മാവിൽ
വിടരുന്നതതിന്റെയംശാർഥങ്ങൾ
ആയുസ്സിൽ വിരൽതൊടും
അമൃതിൻ സുഖസ്പർശം...

Sunday, June 12, 2011

കൽമുത്തുകൾ

ഇനിയുമുരയ്ക്കാമീ
കല്ലുകൾ,
കൽച്ചീളുകളിതിൽനിന്നിറ്റും
ധൂളീപത്രവും സൂക്ഷിച്ചേയ്ക്കാം
പുലർകാലത്തിൽ
കണിയൊരുക്കും നേരം
കസവണിഞ്ഞുവരും
കാലവൈഭവം കാണാം
കണ്ണീർതടാകങ്ങളോ വറ്റി
സമമാം ചതുരങ്ങളിനിയും
പകുത്തൊരു പാത്രത്തിൽ
നിറച്ചേയ്ക്കാം
 പശതേച്ചൊട്ടിക്കുന്ന
പട്ടങ്ങൾ യാത്രചെപ്പിലുറക്കും
നിമിഷങ്ങളത്രയെന്നറിയാതെ
കാഴ്ചകൾ കാണാം
ധൂപഗന്ധങ്ങളൊരുക്കാമീ
ക്ഷേത്രങ്ങളെന്നേ കണ്ടു
ഹോമപാത്രങ്ങൾ
നേദ്യമടുപ്പിലെരിയുന്നു
വിളക്കുതുടച്ചൊരു
തിരിയും വയ്ക്കാം
ലോകഗതിയിൽ ചലിക്കുന്ന
തോൽപ്പാവക്കൂത്തും കാണാം
മിഴികൾ രണ്ടായതു ഭാഗ്യമീ
പെരുംകാടുമുലച്ചുപായും
നിഴലെത്രയോ ഭയാനകം
അരികിലാരോ ദിഗന്തത്തിനെ
വളച്ചൊരു കൊടിത്തേരറ്റത്തേറ്റി
 മുറിക്കുന്നീ യാത്രയെ
ഇടറും വിടവിന്റെയന്തിമ
സായാഹ്നങ്ങളൊഴുക്കുന്നുവോ
മണൽതരികൾ
ചുമരിന്റെയരികിൽ പൊടിയുന്നു
പഴയ ഛായാചിത്രം..
അകലെ കമാനങ്ങളില്ലാതെ
യാത്രാമൊഴി
പറയാനാളില്ലാതെയുറങ്ങും ചിത്രം!
നമ്മളതിനെപ്പോലും തള്ളിപ്പറഞ്ഞു
കുലങ്ങളോ നടുമുറ്റങ്ങൾ തോറും
പൊൻനാണ്യം പെരുക്കുന്നു
എഴുതും പേനതുമ്പുമുടയ്ക്കാനൊരുങ്ങുമാ
ശകുനപ്പിഴകളാ കല്ലുകൾ സൂക്ഷിക്കട്ടെ
ഉരയ്ക്കാം വീണ്ടും വീണ്ടും
ഉളിപ്പാടുകൾ തീർത്ത
മുറിവാകല്ലിൽതന്നെയുറങ്ങിക്കിടങ്ങട്ടെ
യുഗങ്ങൾ മായും
പിന്നെയൊരുനാളുയർപ്പിന്റെ
ചിറകിൽ മുളച്ചേയ്ക്കാമായിരം
കൽമുത്തുകൾ...

Saturday, June 11, 2011

മഴക്കാലങ്ങൾ

കൂടുകൾക്കുള്ളിൽ
വീണ്ടും തളിർക്കും
ജന്മാന്തരയോഗമോ
വിരൽതുമ്പിലുണരും
കടുംതുടി
ഇനിയും നിളയുടെ
മണൽതിട്ടയിൽ
പോയ യുഗങ്ങൾ
നീട്ടും താളിയോലകൾ
കാണാം
പണ്ടേ പൊളിഞ്ഞ
കുടീരത്തിൽ ചിതൽതിന്നിടും
സ്നേഹമൊഴിയിൽ പൂക്കും
കാവ്യസർഗങ്ങൾ കാണാം
യാത്രയ്ക്കൊരുങ്ങും
പലേ കാല ഋണങ്ങൾ
പെരുക്കുന്ന
കോട്ടകളുലയ്ക്കുമാ
മനസ്സിൻ നാദം കേൾക്കാം
നിറങ്ങൾവാരിക്കോരിയൊഴുക്കി
പുതുക്കുന്ന
നിളയ്ക്കെന്തിനീയുഗസന്ധ്യകൾ
താഴേയ്ക്കെന്നേ പൊഴിഞ്ഞു
പൂക്കാലങ്ങൾ
മറഞ്ഞു ദൈന്യങ്ങളും..
തണുക്കും മൺപൂക്കളെ
നിങ്ങൾക്കുമുറങ്ങാമെൻ
ഹൃദയം സ്പന്ദിക്കട്ടെ
മഴക്കാലങ്ങൾ പോലെ

Friday, June 10, 2011

എവിടെ വാത്മീകങ്ങൾ

പണ്ടേതോ തീരങ്ങളിൽ
പർണശാലകൾ തീർത്ത
പവിത്രം വിരലിൽ
നിന്നൂർന്നിറങ്ങുന്നു
കടലിടുക്കാൽ മറയിട്ട
മഹാദ്വീപങ്ങൾ യുദ്ധമുറക്കും
തിരകളോ മയങ്ങി പിന്നെ
കടൽശംഖുകൾതേടിപണ്ടു
മുനമ്പിൽ നടന്നോരു
സങ്കടങ്ങളോ മാഞ്ഞുസന്ധ്യതൻ
മുടിച്ചാർത്തിൽ
അരികിൽ നങ്കൂരത്തിലുടക്കും
മഹായാനനിയോഗങ്ങളോ
മാഞ്ഞു കടലിന്നടിത്തട്ടിൽ

അകലെ നിശബ്ദതയുടയ്ക്കും
രാജ്ഘട്ടങ്ങൾ മരുന്നുപുരട്ടുന്നു
മുറിവിൽ;
മുറിപ്പാടിലിടറിയൊഴുകുന്നു
യമുനാനദി
പിന്നെ തപസ്യർ ചേക്കേറുന്നു
രംഗമണ്ഡപങ്ങളിലവരോ
യാചിക്കുന്നു രാജ്യത്തിൻ മൂല്യം
നിഴൽക്കൂടുകൾ ഭുജിച്ചോരാ
പകലിൻ നിവേദ്യങ്ങൾ
അവർക്കും കിട്ടീഭാഗപത്രങ്ങൾ
തീർമാനങ്ങളെടുത്താൽ
തുടുക്കുന്നൊരുപവാസവും, നോയ്മ്പും
വിരൽ തിരയുന്നുവോ
വീണ്ടും പവിത്രം
ദർഭാഞ്ചലവിരപ്പിൽ മയങ്ങുന്നോ
മറ്റൊരു മഴക്കാലം
എവിടെ വാത്മീകങ്ങളുറങ്ങാൻ
മിഴിക്കോണിലൊതുക്കാനാവുന്നില്ലീ
മിഥ്യയെ, സ്വപ്നങ്ങളെ..


Tuesday, June 7, 2011

ശരത്ക്കാലതീരം

കൂടുകൾക്കുള്ളിൽ
തുന്നിക്കൂട്ടിയ ശരത്ക്കാല
തീരമേ നിന്നിൽ ഞാനെൻ
വർണ്ണങ്ങളൊളിപ്പിച്ചു
കത്തുമഗ്നിയിൽതൂവിയക്ഷരങ്ങളെ
സ്വർണചിറ്റുകളാക്കി
ചെമ്പുകുടത്തിൽഭദ്രം വച്ചു
നിദ്രയിൽ നിതാന്തമാം
വ്യോമസ്വപ്നങ്ങൾ
സ്വർണ ഭിത്തിയിൽ പൂക്കും
കാവ്യസന്ധ്യയെ കാട്ടിത്തന്നു
മൂകമാം ദൈന്യങ്ങളിൽ
നിന്നുയിർക്കൊണ്ടു വേഗമേറിയ
ഗ്രഹാന്തരയാത്രകൾ
ദുരന്തങ്ങൾ
നീളുമാ സമാന്തരരേഖയിൽ
ദൈർഘ്യം തേടിയോടിയ
കാലത്തിന്റെ ഘടികാരങ്ങൾ
പണ്ടേ ചില്ലുതുണ്ടുകൾ
തീയിലുരുക്കികരിയിച്ച
ചില്ലകൾ, മൂവന്തിയെ
കുരുക്കും വിളക്കുകൾ
എഴുതിപ്പെരുപ്പിച്ച
പോയകാലത്തിൻ
ചുറ്റുമതിൽക്കെട്ടുകൾ തീർത്ത
 നിർണ്ണയതുലാസുകൾ
വാതിലിൻ സുരക്ഷയാം
വെങ്കലതാഴും തകർത്തേറുന്ന
കാലാൾപ്പടയുലക്കും
നേർക്കാഴ്ച്ചകൾ
നിറങ്ങൾ മങ്ങിക്കത്തിയുരുകും
തീരങ്ങളെ
നിറയ്ക്കാമിവിടെയീ
ശരത്ക്കാലത്തിൻ വർണ്ണം

Monday, June 6, 2011

മഴക്കാട്

മൗനത്തിൻ ചിറകറ്റുവീഴുമീ
മഴമേഘമംഗളധ്വനി
മൃദംഗങ്ങളിൽ തുടുക്കുന്നു
ഈവഴിവിജനമാണങ്കിലും
പുൽനാമ്പുകളായിരം
തളിർക്കുന്നെൻ നനുത്ത
ഭൂപർവത്തിൽ
നടന്നെത്രയോഞാനീ
മഴക്കാടിനുള്ളിലെ
കുളിർന്ന പ്രവാസത്തിൽ
മയങ്ങാൻ, പുരാതന
നാദങ്ങൾ ഗുഹാശോകമെന്നപോൽ
പൂർവാങ്കണവീഥിയിലുപചാര
മൊഴികൾ പകർത്തവെ
മഴയിൽ ചാഞ്ചാടുന്നതേതു ഗദ്ഗദം,
നീണ്ട വഴിയിലിഴയുന്നതേതു
പർവതനിഴൽ?
കരകൾ, മഹാദ്വീപസഞ്ചയം
മൗനത്തിന്റെ ശിരസ്സിലീയം
പൂശിയൊഴുകുമഴിമുഖം
മഷിതുള്ളികൾക്കുള്ളിലൊതുങ്ങാനാവതെയാ
മനസ്സോ മഴക്കാടിനുള്ളിലായ്
കുരുങ്ങുന്നു..

Saturday, June 4, 2011

സ്മൃതിവിസ്മൃതികൾ

അരികിൽശിരോവസ്ത്രമറ്റൊരാ
സായാഹ്നത്തിൻചിമിഴിൽ
മറന്നിട്ട താളവാദ്യങ്ങൾ
ശബ്ദമൊഴികൾ തേടി
പടികയറും നേരം
ഗ്രാമമിഴിയിൽ കനൽക്കൂടുപണിതു
ത്രിസന്ധ്യയും
കുതിരക്കുളമ്പടിനാദവും
സാമ്രാജ്യങ്ങളുറങ്ങും ചരിത്രവും,
ജ്വലിക്കും ത്രിനേത്രവും
മിഴിക്കോണിലെ നിത്യ
ദൈന്യവുമാരണ്യകഹൃദയം
തീർക്കും ജപശാന്തിയും
ശേഷിപ്പിന്റെയന്ത്യപർവത്തിൽ
വീണ ശാകപത്രവും
വിരൽതുമ്പുകൾ
സൂക്ഷിച്ചൊരാമുനമ്പിൻ
ശംഖും, പിനാകങ്ങളെ
കാവൽനിർത്തുമാസുരമൗഢ്യങ്ങളും
എഴുതിപ്പെരുക്കിയാലൊരുകാലത്തും
തീരമുറങ്ങില്ലിന്നീവാഴ്വിൽ
കടലേറുന്നു വീണ്ടും....

Thursday, June 2, 2011

 ഓർമ്മപ്പിശകുകൾ

ചുമരെഴുത്തുകൾ
മായ്ക്കാം
മറക്കേണ്ട വഴികളെ
കമ്പിയിഴയിലായ്
കെട്ടിയതിരുതേടുന്ന
കാലപ്രമാണത്തിനരുവിയിൽ
മെല്ലെമെല്ലെയൊഴുക്കാം
ചുമരിലെ ഘടികാരവും നിന്നു
നിഴലുകൾ ശബ്ദരേഖയും മായ്ച്ചു
മുകിലുകൾ വെറും കാഴച്ചവസ്തുക്കൾ
മിഴികളിൽ പുരാദൈന്യമായ് പെയ്തോർ
കൊടിവിളക്കുകൾക്കരികിലായ്
ഗ്രാമനടയിലെന്നും പുരാവൃത്തവാദ്യം
തിമിലകൾ പിന്നെ ശംഖുമെൻ
പ്രാണമൊഴിയിലായ്
തുടിയേറ്റുമിടക്ക
ലിപികളിൽ കടും കെട്ടുകൾ
പോയ വഴികളിൽ
കള്ളിമുള്ളൂനീർച്ചെടികൾ
ഗിരിനിരകളിൽ മാഞ്ഞൂ യുഗങ്ങൾ
മൊഴിയിലെ ദേവദാരുക്കൾ മങ്ങി
ചുമരെഴുത്തുകൾ
മായ്ക്കാം മറക്കേണ്ട
വഴികളെ പകുത്തതിരുകൾ
പണിയാം
ഒലിവുചില്ലകൾക്കിടയിലായ്
ഓർമ്മപ്പിശകുകൾ തൂവി
മുന്നോട്ടുനീങ്ങാം...





Wednesday, June 1, 2011

എതിർമൊഴികൾ

മിഴിനീരുവറ്റുമീ മിഴികളിൽ
പൂക്കുന്നു കടലിന്റെയാരവം
കുടതേടിയോടിയൊരു കുലമേ
നിനക്കേതുകുടിയിലാണിന്നു
പ്രശാന്തി
മുകിലുകൾതർജ്ജിമതാളുകൾ
തിരയുന്ന കലയതോ
നിന്റെ മാഹാത്മ്യം
പിറവികൾക്കുള്ളിലെ
പണയമോ നീയാകുമുയിരിന്റ
ഭാരം
നിറയെ കുടിച്ചാലുമാറ്റിക്കുറുക്കിയാ
നിളയെ, മണൽക്കൂടിനെ
തളിരുകൾ തണലേകുമീ
പ്രപഞ്ചത്തിന്റെ തുടിയിലും
നിന്റെ കുടിലം
നിഴലുകൾക്കുള്ളിൽ
നീയാറ്റിസൂക്ഷിച്ചാലുമൊരു
തുടം രക്തം
മഷിതൂവി തർജ്ജിമതാളിൽ
തകർക്കുന്ന ജീവന്റെ
മരണപത്രം
മിഴിതുറന്നാലും നിനക്കായി
ഞങ്ങളും മറുകുറികളേകാം
നനഞ്ഞൊട്ടി മരണം മണക്കുന്ന
നിന്റെ രാജ്യത്തിന്റെ
തൊടുകുറികൾ