Monday, January 31, 2011

ജപമാലകൾ

കുരുക്ഷേത്രമൊഴിഞ്ഞിട്ടും
അശാന്തിയുടെ ബാക്കിപത്രമെന്നോണം
ഒരു യുഗം മുന്നിലുണരുന്നതെന്തേ?
വിഷാദയോഗത്തിലൊഴുകിയ
ഗാണ്ഡീവത്തിനരികിലുണർന്ന
ദൈവീകഗാനങ്ങൾ
സോപാനത്തിലിടക്കയിലുറങ്ങിയന്തേ
ഇനിയിപ്പോൾ
അപ്രിയമായ സത്യാന്വേഷണങ്ങളുടെ
ഗ്രന്ഥപ്പുരയടച്ചു തഴുതിടാം
ഭദ്രമായ് ഗ്രന്ഥങ്ങളിലുറങ്ങട്ടെ സത്യം
മൂടൽമഞ്ഞിനിടയിലൂടെ
നടക്കുന്നതൊരു സുഖം
ഇരുട്ടിന്റെ തീരങ്ങളിൽ
വിളക്ക് വയ്ക്കുന്ന
നക്ഷത്രങ്ങൾക്കായാരോയെഴുതിയ
വരികളിൽ ഹേമന്തമൊരുങ്ങട്ടെ
നടപ്പാതകളിൽ മഞ്ഞുതൂവുന്ന
ശിശിരത്തിനരികിൽ
വിരൽതുമ്പിൽ കൂടുകൂട്ടിയൊരക്ഷരങ്ങളുടെ 
കുരുക്കഴിച്ചൊരു തളിർമാല്യം
കെട്ടിയൊരുക്കാം
വെയിലിനരികിലെന്നും
നിഴലുമുണ്ടാവും
നിഴൽപ്പാടുകൾ മായുന്നതെന്നും
സായന്തനത്തിനരികിലാവും
മൺവിളക്കുകളിൽ
ശരത്ക്കാലവർണ്ണങ്ങളിൽ മുങ്ങി
കൃഷപക്ഷസന്ധ്യയെത്തുമ്പോൾ
മഞ്ഞുതൂവുന്ന ശിശിരം ജപമാലകളിൽ
ഭൂമിയുടെ സങ്കീർത്തനമന്ത്രത്തിനൊരു
ശ്രുതിയായി മാറും...
ഹേമന്തകാലപൂവുകൾ

പുരാതനനഗരങ്ങൾക്കരികിൽ
പണ്ടെങ്ങോ കൈമോശം വന്ന
ശാന്തിമന്ത്രമിതളറ്റുവീണ
ബലികുടീരം
കെയ്റോവിലെ തെരുവുകളിലുയരുന്നു
അശാന്തിയുടെ ആന്തലുകൾ
മുല്ലപ്പൂവിതളുകളിൽ
ശിശിരകാലത്തിനെഴുതിസൂക്ഷിക്കാൻ
വിപ്ലവഗാനത്തിന്നീരടികൾ
നനുത്ത കുളിരാർന്ന ഹേമന്തത്തിനരികിൽ
നെരിപ്പോടിൽ നിന്നിത്തിരിയഗ്നി
വിരൽതുമ്പിലേയ്ക്കൊഴുകുമ്പോൾ
മഷിപ്പാടുകൾ മഞ്ഞിനിടയിൽ
തിരയുന്നതെന്തേ
വയലേലകളിൽ മഞ്ഞിൻകണങ്ങൾ
ഓട്ടുമണിയുടെ മുഴക്കത്തിനപ്പുറം
ജപമണ്ഡപത്തിൽ ഹൃദ്രക്തം തൂവി
നിശ്ചലമായ ഒരു യുഗത്തിനോർമ്മകൾ.....
കാണാനാവാതെ
സരസ്വതി കാല്പദങ്ങളെയുരുമ്മിയൊഴുകുന്നു
ചെണ്ടുമല്ലികപ്പൂവിൻ സുഗന്ധമൊഴുകുന്ന
കാറ്റിന്നരികിൽ
നേരിയ പട്ടുജാലകവിരിയിലൂടെ
മൂടൽമഞ്ഞുപോൽ മായുന്ന
ഋതുക്കളെ മൺചെപ്പിലാക്കി
ഗ്രാമമേ നീയെഴുതുക...
നെരിപ്പോടുകളിൽ
ശിശിരമേയിത്തിരി മഞ്ഞു തൂവുക
പുരാതനനഗരങ്ങളിലെ
പാതയോരങ്ങളിൽ വിരിയട്ടെ
ഹേമന്തകാലപൂവുകൾ......

Sunday, January 30, 2011

മഞ്ഞുതൂവുന്നൊരു കടവിൽ

ഉറങ്ങിയെണീറ്റ ഗ്രാമത്തിനരികിൽ
വേലികെട്ടിയ മൂടൽമഞ്ഞുപാളികൾക്കിടയിലൂടെ
ലോകം ഒരു കടലാസു തുണ്ടായി
മുന്നിലേയ്ക്ക് വീഴുന്നു
നിറയെ പൂത്തോരശോകപ്പൂമരത്തിനരികിൽ
നിഴലുകൾ ചേക്കേറാനൊരു ചില്ല തേടി
മുകിൽപ്പാടുകൾ മാഞ്ഞ
ആകാശത്തിനരികിൽ
തേഞ്ഞുമാഞ്ഞോരോർമ്മകൾക്കരികിൽ
ആൾപ്പാർപ്പില്ലാത്തൊരാശ്രമം തേടി
നടന്നു സത്യം
കൊടൂരാറിനരികിലൂടെ ഗ്രാമം
വേമ്പനാട്ടിലേയ്ക്ക് യാത്രയാവുമ്പോൾ
വഞ്ചി തുഴഞ്ഞെത്തിയോരപരിചിതത്വം
ഓളങ്ങളിലൊഴുകിപ്പടർന്നു
കൈതപ്പൂവുകൾക്കരികിൽ
കവിതയെഴുതാനിരുന്നൊരു
കാറ്റിനായ്
ഹേമന്തകാലമൊരുക്കി
മഞ്ഞുതൂവുന്നൊരു കടവിൽ
മൺചിരാതുകളിൽ വെളിച്ചം
ആലിലകളിൽ നിറയുന്നു
ആനന്ദഭൈരവി
ശിശിരമൊരുണർവായ്
വിരൽതുമ്പിലുലയുന്നു...
സബർമതിയ്ക്കരികിൽഅരികിലിരുന്ന്
സത്യാന്വേഷണപർവമെഴുതുന്നതാരോ
ചിതയിൽ കത്തിയെരിഞ്ഞ്
കലശത്തിലൊതുങ്ങിയ ഓർമ്മപ്പാടുകൾ
പ്രയാഗയിലൊഴുക്കി ജനമെന്നേ
പിരിഞ്ഞു പോയി
ഹേമന്തം മൂടൽമഞ്ഞിനിടയിൽ
മുഖം താഴ്ത്തിനിൽക്കുമ്പോൾ
സബർമതിയ്ക്കരികിൽ
ത്രിവർണ്ണപതാകയ്ക്കരികിൽ
അശ്രുനീരൊഴുക്കുന്നു
അസ്വതന്ത്ര സ്വാതന്ത്ര്യം.....

 
 
 
 
 
 

(I want world sympathy in this battle of right against might" - Dandi 5th Apr 1930
MK Gandhi)

Saturday, January 29, 2011

ഹേമന്തജാലകവിരിയ്ക്കരികിൽ

സുതാര്യമായോരതിരുകളിൽ
ജാലകവിരിയ്ക്കിടയിലൂടെ
അകത്തളത്തിലെ ഭൂമിയുടെ
ആകുലതകൾക്കൊരു
തീർപ്പുകൽപ്പനയുമായ്
പടനീക്കിയപ്പോൾ
ഉൽകൃഷ്ടതയുടെ പര്യായപദങ്ങൾ
മറന്നതാരോ
വ്യാസശിലകൾ തേടിനടന്നൊടുവിലിലഞ്ഞി
പൂക്കുന്ന മതിലകങ്ങളിലൊഴുകിയ
 കടലിനരികിൽ
മൺതിട്ടാലൊരു ചിറകെട്ടിയതാരോ
സൂചിസ്തംഭാകൃതിയിലുള്ള ദേവാലയങ്ങളിലെ
ഗൗതമബുദ്ധപ്രതിമകൾക്കരികിലിരുന്നായിരം
സ്വയം പാലിയ്ക്കാനാവാഞ്ഞ നിർവചനങ്ങൾ
ശരത്ക്കാലത്തിനേകിയതാരോ
സ്വയംനിയന്ത്രിതമല്ലാത്തൊരൂഷരകാലത്തിൽ
കരിയിലകൾക്കിടയിലേയ്ക്കിത്തിരി
കനലിട്ടതാരോ
മട്ടുപ്പാവിലിരുന്നെഴുതുന്ന കല്പനകൾക്കായി
ഋതുക്കളൊന്നും കാത്തിരിയ്ക്കാത്തതെന്തേ
മഞ്ഞു വീണുതുടങ്ങിയ മനസ്സിനരികിൽ
അരമനകൾ പണിതു കാട്ടുന്നതാരോ
അരയാൽത്തറയിൽ മഞ്ഞുതൂവുന്ന
ശിശിരകാലഗ്രാമമേ
ഹൃദയത്തിലേയ്ക്കിത്തിരി പുണ്യാഹതീർഥം
പകരുക....
ഹേമന്തജാലകവിരിയ്ക്കരികിൽ
നിന്നു കാണുന്ന ആകാശമേ
അനന്തതയിൽ വിരിയുന്ന
പൂവുകൾ സൂക്ഷിക്കുക
നക്ഷത്രമിഴികളിൽ.....
ചന്ദനമരങ്ങൾക്കരികിൽ

ശിശിരശിഖരങ്ങളിലുറഞ്ഞ
മിഴിനീർചെപ്പുമായ്
പറന്നകന്നു മേഘങ്ങൾ
ശൂന്യതയുടെ ഒരു തൂവൽ
അയനിമരക്കൊമ്പിലെ
ശിശിരക്കൂടിൽ നിന്നടർന്നുവീണു
തടുത്തുകൂട്ടിയ ഓർമ്മകളിൽ
തടം കെട്ടിയതിത്തിരി മഞ്ഞ്
തുള്ളിയാടിയ സായാഹ്നവെയിലും
കടന്നെത്തിയ
ഹേമന്തസന്ധ്യയിൽ
നെരിപ്പോടിൽ പുകയ്ക്കാനിത്തിരി
ചന്ദനം തേടി ഭൂമി
ചന്ദനമരങ്ങൾക്കരികിൽ
മൂടൽമഞ്ഞിനരികിൽ
ഗ്രാമം തിരക്കെല്ലാം മറന്നുറങ്ങി....
മഞ്ഞുതുള്ളികൾ

ഒരിയ്ക്കലൊരുനാളൊരു  യുഗം
ഋതുക്കളുടെ സമത്വമറിയാതെ
ശരത്ക്കാലത്തിനൊരു
സന്ദേശകാവ്യമേകി
മറ്റുള്ള ഋതുക്കൾക്കേ മാറ്റുള്ളു
പിന്നെയെപ്പോഴോ
ഒരോർമ്മപ്പെടുത്തൽ
ഹോമദ്രവ്യം പോലെ
സുഗന്ധധൂപങ്ങൾ
കഥകൾ, കാവ്യങ്ങൾ
അതിനരികിൽ
രംഗമൊഴിയേണ്ടതാരോ
ദയാവായ്പോ,
ദൈവത്തിന്റെ കൈമുദ്രയോ,
ഭൂമിയുടെ ഋതുക്കളോ?
മൗനത്തിന്റെ നിർവചനങ്ങളിൽ
ആത്മനിന്ദയോ,
സ്വയരക്ഷയുടെ സ്വസ്തികമുദ്രയോ?
തപോവനങ്ങളിൽ ശാന്തിയുണ്ട്
മനസ്സിലും.....
ശിശിരമവിടെയുണ്ട്
വിരൽതുമ്പിൽ മഞ്ഞു തൂവി....
ഇത്തിരി മഞ്ഞുവേണമെന്ന്
ശിശിരത്തോടാർക്കും
യാചിക്കേണ്ടതില്ലല്ലോ....

Friday, January 28, 2011

മൂടൽമഞ്ഞിനിടയിലൂടെ

കൽവരിക്കെട്ടുകളിലറ്റുപോയ
മണ്ണിഷ്ടകൾ പൊടിഞ്ഞൊഴുകിയ
മഴക്കാലവും കഴിഞ്ഞൊരു ശരത്ക്കാലത്തിൽ
തീക്കനൽവർണ്ണത്തിൽ മുങ്ങിയ മനസ്സിൽ
വിടർന്നതൊരു പാരിജാതം..
പിന്നെ ശിശിരമായിരുന്നു
ആൾപ്പാർപ്പില്ലാത്ത കുടീരങ്ങളിൽ
തപസ്സിരുന്നൊരാലിലതുമ്പിൽ
തൂങ്ങിയാടിയ മഞ്ഞുതുള്ളികളിലൂടെ
നടക്കുമ്പോൾ പുൽനാമ്പുകൾ
കാല്പദങ്ങളിലൂടെ ഭൂമിയുടെ സുഗന്ധം
ഹൃദയത്തിലേയ്ക്കൊഴുക്കി
ഹൃദയസമുദ്രത്തിനരികിൽ
മുറിവുകളിൽ ചന്ദനതൈലംപൂശി
വിഷാദയോഗത്തിനപ്പുറമുണർന്നതൊരു
സത്യാന്വേഷണയോഗം....
ഹേമന്തകാലപൂവുകൾ
വിരൽതുമ്പിലിത്തിരി സുഗന്ധം
തൂവിയുണരുമ്പോൾ
മൂടൽമഞ്ഞിനിടയിലൂടെ
മാഞ്ഞുപോകുന്നു
മുറിവുകളുടെ രുധിരചെപ്പുമായ്
വന്ന ഗ്രീഷ്മം....
വറ്റിവരണ്ടതെന്തോ
സൂര്യതാപമോ, കോപമോ
കടലോ???
ശിശിരമഞ്ഞ്

ഹേമന്തവൃക്ഷശിഖരങ്ങളിലിലപൊഴിയുമ്പോൾ
കൃഷ്ണപക്ഷസന്ധ്യയൊരിത്തിരി വെളിച്ചം
മൺവിളക്കിൽ നിറയ്ക്കുമ്പോൾ
പാതയോരത്ത് പകച്ചുനിന്നതസ്തമയമോ
പകൽക്കിനാക്കളോ
മിഴിരണ്ടിലുമായൊതുങ്ങിയ
കൗതുകങ്ങളിൽ, കാൽച്ചിലമ്പിൻനാദത്തിൽ
ഉറക്കം നഷ്ടപ്പെട്ട കാലമരികിലൊരു
രംഗമണ്ഡപത്തിലിരുന്നെഴുതിനിറയ്ക്കുന്നു
പാതയോരത്തൊഴുകിനീങ്ങുന്നൊരാൾക്കൂട്ടത്തിന്റെ
ദൈന്യം...
മഞ്ഞുവീഴുന്ന താഴ്വരകളിലെ
മന്ദാരപ്പൂക്കൾ കൂടയിലാക്കി
മെല്ലെ നടന്നു നീങ്ങുന്നു മകരം...
വർഷങ്ങൾ മെടഞ്ഞ പുൽപ്പായയിലിരുന്ന്
വായിച്ചൊടുക്കിയ തിരുശേഷിപ്പുകളിൽ
നിറയുന്നു ശിശിരം തൂവിയ മഞ്ഞ്....

Thursday, January 27, 2011

വിരൽതുമ്പിലെ ഗ്രാമം

ഒരിയ്ക്കലെങ്ങോ
വിരൽതുമ്പിൽ വിതുമ്പിയിരുന്നു
ഒരു ഗ്രാമം
നറും നിലാവിന്റെ ശിഖരങ്ങളിറുത്ത
അമാവാസിയിൽ
അറപ്പുരവാതിലിനരികിൽ
ചിന്തകളിലെയാരണ്യകത്തിനകലെ
മുദ്രവച്ച കടലാസുതുണ്ടുകളിൽ
നിന്നെത്രയോയകലെ
നന്ത്യാർവട്ടങ്ങൾ പൂക്കുന്ന
തൊടിയിലിരുന്നൊരു
പുസ്തകത്താളിലെ
എവിടേയ്ക്ക് പോകുന്നു പാതേയെന്നൊരു
കവിത ചൊല്ലിനടന്ന
കരാറുകളെഴുതിമുദ്രവയ്ക്കാനറിയാത്ത
ബാല്യകാലത്തിനരികിൽ
മഷിപ്പാടിലെ യുക്തിചിന്തപോൽ
അസത്യത്തിനിത്തിരി നിറം പൂശുന്ന
മധ്യാഹ്നസൂര്യന്റെ കനൽത്തീയിൽ
കരിയുന്നതിലകളോ, ശിശിരമോ
പുണ്യമോ???

ഹേമന്തത്തിന്റെ നടുത്തളത്തിൽ
ഉരകല്ലിലുരയുന്നത് ചന്ദനമോ
വാകയിലകളോ, നേരിയ സത്യത്തിന്റെ
പട്ടുനൂലിഴകളോ?.
ചുറ്റും മഞ്ഞുമൂടിയിരിക്കുന്നു
കാഴ്ച്ചക്കപ്പുറം ശിശിരമൊരു
ശീതകാലവസതിയിൽ
തീ കാഞ്ഞിരിക്കുന്നു...
തിരക്കേറിയ സായന്തനത്തിൽ

തിരക്കിലൊഴുകിമാഞ്ഞതൊരിടവേള
ഇടനാഴിയിലൂടെ തിരക്കിട്ടോടിപ്പോയതൊരു
സായാഹ്നം
ചിറകുകൾ തേടിയലഞ്ഞതൊരു
കുഞ്ഞാറ്റക്കിളി
നീർച്ചോലകളിലൊഴുകി മാഞ്ഞതൊരു
വസന്തകാലപൂവ്
പുഴയോരത്തെ കേതകിപ്പൂക്കളിറുത്തു
നീങ്ങിയത് കാലം
നിഴൽപെയ്തൊരനിശ്ചിതത്തിനരികിൽ
മുഖം താഴ്ത്തിയതൊരു കവിത
കൂടിയാട്ടക്കളരിയിൽ
മിഴാവ് കൊട്ടിയതൊരു ലോകം
മിഴിരണ്ടിലും സ്വപ്നങ്ങളുമായുണർന്നത്
നക്ഷത്രങ്ങൾ
മിന്നിയാടിയ തൂക്കുവിളക്കുകളിൽ
സന്ധ്യ നേദിച്ചത് വെളിച്ചം
ശിശിരം തൂവുന്നു ബലിക്കല്ലുകളിൽ
മഞ്ഞുനീർക്കുളിർ
മകരമഞ്ഞിൽ കുളിർന്ന
ഗ്രാമത്തിനരികിൽ
ഉത്സവസന്ധ്യയുടെ കൊടിയേറ്റം...

Wednesday, January 26, 2011

 മഞ്ഞുമൂടിയ ശിശിരച്ചെപ്പിൽ

ഭൂമിയുടെ ഭ്രമണപഥങ്ങൾ തേടി പ്രദക്ഷിണവഴിയിലിരുന്നൊരുനാൾ ഞാൻ
സോപാനത്തിൽ നിന്നുയർന്നതൊരു
ചിലമ്പിൻ നാദം
മുഴങ്ങുന്ന ഓട്ടുമണിക്കരികിൽ
തണുത്തുറഞ്ഞ വിരൽ ഹോമാഗ്നിയിൽ
മുക്കിയെഴുതുമ്പോൾ
കടലായിരുന്നു മുന്നിൽ
ശിശിരമഞ്ഞുതുള്ളികൾ വീണു തണുത്ത
മനസ്സിലുറങ്ങിയതുൾക്കടൽ
താഴേയ്ക്ക് പോയ തഥാഗതപ്രതിമകളെ
സൂക്ഷിക്കുന്ന തടാകത്തിനരികിൽ
ഗ്രീഷ്മചൂടിൽ വറ്റിയ
ഭൂമിയിലെയൊരു പ്രഹിയിൽ
നീരുറവയായൊഴുകിയ
ക്ഷീരസാഗരം തൂവുമമൃതിൽ
ചുറ്റുവലയങ്ങൾ മറന്നൊരു
മഴതുള്ളിയിൽ സ്വപ്നം നെയ്ത്
ശരത്ക്കാലവർണ്ണമതിൽ തൂവി
മഞ്ഞു മൂടിയ ശിശിരചെപ്പിലാക്കി
മനസ്സിലേയ്ക്കിട്ടു നടക്കുമ്പോൾ
ഋതുക്കളെ കൈയിലമ്മാനമാടി
ഭൂമിയെന്നോടൊരു സ്വകാര്യമോതി
ഇത്തിരി ഭ്രാന്തില്ലാതെയാരുണ്ടിവിടെ
ഹേമന്തകാലരാവിൽ
മൂടൽമഞ്ഞിനിടയിലൂടെ
മുഖപടം മാറ്റി നീങ്ങിയതാരോ....

ശരത്ക്കാലവർണ്ണമൊഴുകിയ സ്വപ്നങ്ങൾ
സ്വപ്നങ്ങളുടെ പൂക്കളെയെല്ലാം
തിരികല്ലിലാട്ടി നീരാക്കി
താമരയിലയിൽ പകർന്ന് നുകരുമ്പോൾ
കയ്പായിരുന്നതിനുള്ളിൽ
വസന്താഭയിൽ വരിയനുറുമ്പുകൾ
തേൻതുള്ളികളെ പൂക്കാലത്തിൽ നിന്നടർത്തി
മൺകൂനകൾക്കുള്ളിലും
ഭിത്തിയിലെ വിടവുകളിലുമൊളിപ്പിച്ചു
വേനൽക്കാലാറുതിയിലേയ്ക്കൊരു
മുൻകരുതൽ
മുൻവിധി തേടാതെ വിരിഞ്ഞ
പൂവുകൾക്കരികിൽ
ശിശിരം തൂവി
തുളസിപ്പൂവിന്റെ സുഗന്ധമൊഴുകുന്ന
മഞ്ഞുനീർതീർഥം
കൈവിരൽതുമ്പിലെ വാക്കുകളിൽ
മുൻപിൻവിധിയില്ലാതെ വിരിയുന്നു
ഹേമന്തസായാഹ്നം...
മൺവിളക്കുകളിൽ
തിരിയിട്ടു മന്ത്രം ചൊല്ലിയ
മനസ്സിനും മുൻപിൻവിധിയുടെ
ഗ്രീഷ്മക്കനൽക്കൂടുകളില്ലായിരുന്നു..
അതിലൊരു മഴക്കാലവും
മഞ്ഞുകാലവുമായിരുന്നു
പിന്നെ കുറെ ശരത്ക്കാലവർണ്ണമൊഴുകിയ
സ്വപ്നങ്ങളും.....
മൂവർണ്ണത്തിൽ മുങ്ങിയ ഒരു വരിക്കവിത

ശിശിരകാലത്തിനരികിൽ
ത്രിവർണപതാകയേന്തി
തുള്ളിതുള്ളിയായിറ്റുവീഴുന്ന
ഹിമകണങ്ങൾക്കരികിൽ
പരമോന്നാധികാരരേഖയുടെ
ഔപചാരികതയായ്
കൗതുകമായൊടുങ്ങിയ
ദിനാന്ത്യത്തിൽ
മനസ്സു ചോദിയ്ക്കുന്നു
ത്രിസന്ധ്യയിൽ തിരിവച്ചത്തിയ
ഗ്രാമത്തിലാറ്റിറമ്പിലിരുന്നെഴുതിയ
മൂവർണ്ണത്തിൽ മുങ്ങിയ
ഒരു വരിക്കവിതയോ
സ്വാതന്ത്ര്യം....

Tuesday, January 25, 2011

നെരിപ്പോടുകളിലെന്തേ തീ പുകയുന്നു

നീഹാരബിന്ദുക്കൾ മിന്നുന്ന
ഓർമ്മകളുടെ നെരിപ്പോടിലേയ്ക്ക്
അയഥാർത്യങ്ങളുടെ
ഉടഞ്ഞ ചില്ലും, കൽച്ചീളും
തൂവി കടം കൊള്ളുന്ന
പുകച്ചുരുളുകളോട്
നിനക്കെന്തിനൊരു പരിഭവം
അകിലും ചന്ദനവും
സുഗന്ധദ്രവ്യങ്ങളും ഹൃദയത്തിന്റെ
അറകളിൽ താഴിട്ടുപൂട്ടി
തീയിലേയ്ക്കെറിയുന്ന
അശാന്തിയുടെ മുള്ളുകളിൽ
നിന്നുയരുന്ന പുകച്ചുരുളുകളോടെവിടേയ്ക്ക്
പോകാനരുളുന്നു നീ
ശിശിരമഞ്ഞുതൂവുന്ന ഓർമ്മപ്പാടിൽ
വൻതിരയേറിയ
സമുദ്രതീരങ്ങളിലൊഴുകിമാഞ്ഞവരെത്രയോ
ഹേമന്തമീനടപ്പാതയിലിരുന്നവരെയോർമ്മിക്കുമ്പോഴും
ചന്ദനമരങ്ങളുടെ തണലിലവർക്കൊരു
സ്മാരകം പണിയുമ്പോഴും
നെരിപ്പോടുകളിലെന്തേ
തീ പുകയുന്നു....
കൽത്തൂണുകൾക്കരികിൽ

നാലുകെട്ടിടിഞ്ഞുവീണ മണ്ണിൽ
നിലംപൊത്തിയ ചിതൽപ്പുറ്റുകളിൽ
നനഞ്ഞു വീണതൊരു ചെറിയ ഓർമ്മ
ഉലയുന്ന വൃക്ഷശാഖകളിൽ
തുലാവർഷം പെയ്തു നീങ്ങിയെങ്കിലും
മഴക്കാലമേഘങ്ങളിൽ
നിന്നൊഴിയാതെ നിന്നതൊരു
കണ്ണുനീർതുള്ളി
ശരത്ക്കാലത്തിന്റെ
ഗഹനതയ്ക്കരികിൽ  
ചായംതേച്ചു മിനുക്കിയ
കടലാസുചിത്രങ്ങളെ
കൂടാരങ്ങളിൽ പശതേച്ചൊട്ടിക്കുന്ന
ശിരോകവചമിട്ട
ഒരു മുഖമൊളിപാർക്കുന്ന
ഗുഹയിൽ നിന്നകലെ
ശിശിരം മഞ്ഞുതൂവുന്ന ഭൂമിയിൽ,
മഞ്ഞുതുള്ളികൾ മിന്നുന്ന
ഉടുപുടവയുമായ് നിൽക്കുന്ന
പർണശാലകളിൽ
ദർഭപ്പുൽനാമ്പിലൊഴുകുന്ന
പുണ്യാഹവുമായ്
ചിതലറ്റുപോവാത്ത
കൽത്തൂണുകൾക്കരികിൽ
ശിശിരമെഴുതിതുടങ്ങുമ്പോൾ
കടലാസുനൗകകളിൽ
ആരണ്യകചിത്രങ്ങളുമായ്
പുഴയിലൊഴുകി നീങ്ങുന്നതാരോ???

Monday, January 24, 2011

ഋതുക്കൾക്കും തിരക്കാണിപ്പോൾ

തിരക്കാണിപ്പോൾ
അശാന്തിയുടെ ആരവങ്ങൾക്കിടയിൽ
ഹൃദ്സ്പന്ദനങ്ങൾ നിരതെറ്റിയോടുന്നു
ഹൈറ്റിയിലെ ഭൂചലനത്തിനിടയിൽ
നിശ്ചലമായ ഹൃദയങ്ങളെയൊന്നും
നമുക്കറിയില്ല...
തിരക്കാണിപ്പോൾ
റിയൊ ഡി ജനേറിയോയിലൊഴുകിയ
മഴയുടെ രുദ്രതാണ്ഡവം
നമ്മെ അലട്ടുന്നില്ല
ബാലികലോവയിലെ വിശപ്പിന്റെ
വിളിയും മിഴിയീറനാക്കുന്നില്ല
തിരക്കാണിപ്പോൾ
നദീതീരത്തിലെ നഗരങ്ങളിൽ
നിന്നെന്നേയകന്നു നദീതടസംസ്ക്കാരം
അവിടെയിപ്പോൾ
സപ്തസാഗരത്തിനപ്പുറമൊരു
ലോകമെയ്ത അശാന്തിയുടെ
നിഴലുകൾ മേയുന്നു
ധർമ്മശാലകൾ കൈയേറുന്ന
വന്മതിലുകൾക്കരികിൽ
ആകാശമെവിടെയോ മാഞ്ഞു....
തിരക്കാണിപ്പോൾ
അശാന്തിയുടെ വിഹ്വലതകൾ...
തിരക്കൊഴിയുമ്പോഴേയ്ക്കും
ഒഴുകിപ്പോയ ഋതുക്കളിൽ
നിന്നടർന്നു വീണ ദിനരാത്രങ്ങൾ
സംവൽസരങ്ങളുടെ ധൂപപാത്രങ്ങളിൽ
പുകഞ്ഞില്ലാതെയായിട്ടുണ്ടാവും...
തിരക്കിനിടയിൽ
ശിശിരമെവിടേയ്ക്കോടിപ്പോകുന്നു
അരികിലെത്തി വിരൽതുമ്പിലിത്തിരി
മഞ്ഞു തൂവിയൊഴുകി മായുന്നു...
ഋതുക്കൾക്കും തിരക്കാണിപ്പോൾ....
ഹേമന്തത്തിന്റെ ഓർമ്മചെപ്പിൽ

ഒരു നാദമധുരിമ
അരങ്ങിൽ മുഴങ്ങുന്നുവോ
നിശ്ചലമായ ഹൃദയത്തിനരികിൽ
ഹേമന്തത്തിന്റെ ഓർമ്മചെപ്പിൽ
ഉണരാനാവാതെ ഉറങ്ങിയതാരോ
അരികിൽ കടലിനരികിൽ
സാധകം ചെയ്ത പുലരിയിൽ
തിരിയെ വരാനാവാതെ
മടങ്ങിയതാരോ
ചാരുശിലകളാൽ മിന്നുന്ന
ഉടയാടകൾ പുതച്ചൊരു
യാത്രപോയതാരോ
സംഗീതമോ, ശ്രുതിയോ
സപ്തസ്വരങ്ങളോ
കാല്പ്ദങ്ങളിൽ
ഭൂമി നിശ്ചലമാകുമ്പോഴും
അരങ്ങു ശൂന്യമാകുമ്പോഴും
മുഴങ്ങുന്നുവോ
ശിശിരകാലമഞ്ഞിനരികിൽ
ഹേമന്തത്തിന്റെ ഓർമ്മച്ചെപ്പിൽ....
സൂക്ഷിച്ച ഒരു നാദമധുരിമ

Sunday, January 23, 2011

മഞ്ഞുതുള്ളികൾ

അശാന്തിയുടെ
കരിന്തേളുകളിഴഞ്ഞരികിൽ
നീങ്ങുമ്പോഴും
മനസ്സിൽ മഞ്ഞുതൂവുന്നു ശിശിരം
ഒരുവരിക്കവിതിയുടെ
മഞ്ഞുതുള്ളികൾ...
ഇലപൊഴിയും മരങ്ങളിൽ
നിന്നിറ്റു വീഴുന്നു ഹിമകണങ്ങൾ
ശാന്തിമന്ത്രമെവിടെയോ
പുകക്കുഴലിൽ കരിപടർന്നു
വിങ്ങുമ്പോഴും
മഞ്ഞുകാലമെന്തേയിങ്ങനെയെന്ന്
തോന്നിപ്പോകുന്നു
കരിയും പുകയും തിങ്ങിയ
പലേ മനസ്സുകളും കുരുക്ഷേത്രത്തിൽ
ശരശയ്യയൊരുക്കുമ്പോഴും
മനസ്സിലൊരു മഞ്ഞുകാലപൂവ് വിടരുന്നു
അശാന്തിയുടെ കുരുക്കുകൾകരികിൽ
ഹേമന്തകാലപുലരികളിൽ
നെരിപ്പോടുകളിൽ കനലെരിയുമ്പോഴും
മനസ്സിലൊഴുകുന്നു
ഒരു വരിക്കവിതയുടെ
നിറങ്ങളിലലിയാത്ത
മഞ്ഞുതുള്ളികൾ...
മഞ്ഞുകാലക്കുളിർ പോലെ

പ്രണയത്തിനിപ്പോൾ
മഞ്ഞുകാലപ്പുലരിയുടെ
തണുപ്പ്...

രക്തവർണമൊഴുകി
ഭംഗിഹീനമായ കടലാസുകളിൽ
മഞ്ഞുതൂവിയൊഴുകുന്നു ശിശിരം..
ചുവപ്പിനരികിലെപ്പോഴും
പതിയിരിക്കുന്ന
ഒരപകടമുന്നറിയിപ്പുണ്ടാകും
ചുമപ്പും പുതച്ചിറങ്ങിപ്പോയ
ഒരു പ്രണയം നാൽക്കവലയിൽ
വിലകുറഞ്ഞ പ്രദർശനശാലകളിൽ
പാവക്കൂത്ത് നടത്തുകയാണിപ്പോൾ....

നനുത്ത ഹേമന്തത്തിന്റെ ശിഖരങ്ങളിൽ
മഞ്ഞു തൂവിയ കവിതയുടെ
പ്രണയം എന്നെ ചുറ്റുന്നു
മഞ്ഞുകാലക്കുളിർ പോലെ...

Saturday, January 22, 2011

ഒരു മഞ്ഞുകാലച്ചെരിവിൽ

എവിടെതുടങ്ങിയവസാനിപ്പിക്കും
മൂന്നു വർഷങ്ങളുടെ ഭാരം
ചുരുട്ടിക്കൂട്ടി കടലാസിലാക്കി
തീയിലിട്ടു നോക്കി
കത്തിയിട്ടും കത്തിയിട്ടും തീരാതെ
ഇരുമ്പുകുടങ്ങളിൽ
വീണ്ടും നിറയുന്നവ
അതെവിടെയൊഴുക്കും
കടലിലുപ്പിലലിയാത്തവ
ആത്മാവിന്റെ ഗീതമെഴുതിയ
സ്ത്രീപർവങ്ങളുടെ
വിരൽതുമ്പിലൊതുങ്ങാത്തവ
പുഴയെന്നേ വറ്റി...
വറ്റിയ പുഴയുടെ
മണൽപ്പരപ്പിലിരുന്നാഘോഷിക്കുക
ചിരിയ്ക്കാൻ മറന്നവരുടെ
ചരമഗീതമെഴുതി സന്തോഷിക്കുക
പർവതശിഖരങ്ങളസ്തമയത്തിൽ
ശിശിരമുറയുന്നത് ഭൂമിയിൽ,
ഹേമന്തത്തിന്റെ നനുത്ത
ശിഖരങ്ങളിൽ....
എന്നിട്ടുമൊരു
മഞ്ഞുകാലച്ചെരിവിലിരുന്നെഴുതാനാവുന്നു...
ഘനീഭവിച്ച സായന്തനം സാന്ത്വനമാവുമ്പോൾ
തുടങ്ങിയവസാനിപ്പിക്കാനാവാത്ത
എഴുത്തക്ഷരങ്ങൾ
ഋതുക്കളാവുമ്പോൾ.....

Friday, January 21, 2011

മൂടൽമഞ്ഞുപോലെ

എഴുതുന്നതെന്തിനെന്ന്
ചോദിച്ചേയ്ക്കാം
ചുറ്റുവലയങ്ങളിലെ ലോകം
കൂടാരങ്ങളിൽ കുടിപാർക്കുന്ന
ആരവങ്ങളിൽ നിന്നൊഴിഞ്ഞ്
താഴ്വാരങ്ങളുടെ ചേലാഞ്ചലത്തിൽ
വീണ മഞ്ഞുതുള്ളികൾ
വിരൽതുമ്പിലൊരു
മുത്തായി മിന്നുമ്പോൾ
എഴുതുന്നതെന്തിനെന്ന് ചോദിച്ചേയ്ക്കാം
പ്രാചീനകൽത്തൂണുകളിൽ
ശിലാരൂപമായ് മാറിയ മൗനം..
ഹേമന്തകാലപൂമരങ്ങൾ
ഭൂമിയുടെ ശിരസ്സിൽ പൂമഴതൂവുമ്പോൾ
നാലതിരുകളിൽ
പകൽക്കിനാവുകളെഴുതിയിട്ട ലോകം
ചോദിച്ചേയ്ക്കാം
എഴുതുന്നതെന്തിനെന്ന്
പ്രഞ്ജയറ്റ നിമിഷങ്ങളുടെ
ആകുലതകൾ ഘനീഭവിച്ച
ശിശിരകാലപുലരികളിൽ
എഴുതാതിരിക്കുന്നതെന്തിനോ
എഴുതുന്നതെന്തിനോ
ചുറ്റുവലയങ്ങളിലെ
ലോകമെന്തിനറിയണം...
ഋതുക്കളൊരു കവചത്തിൽ 
ഭദ്രമായി സൂക്ഷിക്കട്ടെ
നിഗൂഢതകൾ...
മൂടൽമഞ്ഞുപോലെ...
നിഴലനക്കങ്ങളില്ലാതെ

നെല്ലിമരച്ചുവട്ടിൽ
നിഴലനങ്ങിയ ദിനങ്ങളിൽ
ശിശിരമെഴുതിയതെന്തെന്നറിഞ്ഞതേയില്ല
കയ്പും മധുരവുമിറ്റുവീണ
കാവ്യമണ്ഡപങ്ങളിൽ
രുദ്രാക്ഷങ്ങൾക്കിടയിലൂടെ
വില്വപത്രങ്ങൾക്കിടയിലൂടെ
ഒരിയ്ക്കലെങ്ങോ
വസന്തകാലപ്പൂവുകൾ
വിരിയുന്നതു കണ്ടു...
പിന്നീടെന്നോ
ഇടനാഴിയിലൂടെ നടന്നപ്പോഴും
ഇടവഴിയിൽ ഉറവയായൊഴുകിയ
മഴക്കാലത്തിനോർമ്മച്ചെപ്പിൽ
എഴുത്തുമഷി പടരുമ്പോഴും
നിഴലനങ്ങിയ നെല്ലിമരത്തിനരികിൽ
ഗ്രീഷ്മം കരിയിച്ച
ഇലകൾ കണ്ടതേയില്ല
താഴ്വാരങ്ങളിൽ നിന്നാളി
ആരണ്യകത്തിലെത്തിയ
അഗ്നിനാളങ്ങളിൽ
വേനൽമഴപെയ്തനാളിൽ
ദ്വാപരയുഗത്തിന്നോർമ്മച്ചെപ്പിൽ
ഓടക്കുഴലിനരികിൽ
ചന്ദനമരങ്ങൾ പൂക്കുന്നതു കണ്ടു
നീർമാതളങ്ങൾ നിരനിരയായി
നിന്ന പാടങ്ങൾക്കരികിൽ
ആമ്പൽപ്പൂവിറുത്തു നീങ്ങിയ
വേനലവധിയിലൂടെ
മാമ്പൂക്കൾ വിരിഞ്ഞ
മെയ്മാസപ്പുലരിയിലൂടെ
ഋതുക്കൾ മാറിയപ്പോൾ
നെല്ലിമരങ്ങൾക്കരികിലെ
നിഴലുകൾ നിശ്ചലമായ ത്രിസന്ധ്യയിൽ
മഞ്ഞുതുള്ളിയിറ്റു വീഴുന്ന
ചെമ്പകമരങ്ങളിൽ
ശിശിരമെഴുതിയതെല്ലാം
മൂടൽമഞ്ഞിനിടയിലൂടെ
കാണാനായി.....
നിഴലനക്കങ്ങളില്ലാതെ....

Thursday, January 20, 2011

മഞ്ഞുതൂവിയൊഴുകുന്ന ഒരു ഋതുവിനരികിൽ


ഘനീഭവിച്ച ശിശിരതണുപ്പിൽ
അയനിക്കിടയിലുയർന്ന
അഗ്നിയിൽ
വിരൽതൊട്ടൊഴുതുന്ന ഭൂമീ
നിന്റെയുള്ളിലെ ശരത്ക്കാലവർണങ്ങളെ
ഗ്രാമഹൃദയസ്വപ്നങ്ങളിൽ ചേർത്തു നെയ്യുക
ഓർമ്മപ്പാടുകളൊഴുകി മാഞ്ഞ
മുത്തുച്ചിപ്പി തേടി
ചക്രവാളത്തിനരികിൽ
ശിശിരകാലമേഘങ്ങളൊഴുകുമ്പോൾ
സ്വർണമുത്തുകൾ പോലെ മിന്നുന്ന
നക്ഷത്രങ്ങൾക്കരികിൽ
മഞ്ഞുതൂവിയൊഴുകുന്ന
ഒരു ഋതുവിനരികിൽ
മൂടൽമഞ്ഞിനരികിൽ
നനുത്ത കുളിരിലുലയുന്ന
സന്ധാവിളക്കിൻ പ്രകാശത്തിൽ
ഹേമന്തമെഴുതി സൂക്ഷിക്കുന്നു
താമരയിലകളിൽ
ഭൂമിയുടെ ചിത്രങ്ങൾ.....
 ഉടഞ്ഞ ചില്ലുകൾക്കിടയിൽ

ഉടഞ്ഞ ചില്ലുകൾക്കിടയിൽ
മനസ്സു തേടി
ഭൂമിയുടെ ഒരു തുണ്ട്
കണ്ണാടിയിലെ
പ്രതിഛായയിൽ
ഒരപരിചിതത്വം....
പലതും കണ്ടുമതിയായ
കണ്ണുകൾ...
കൽമതിൽക്കെട്ടിനരികിൽ
കാലത്തിന്റെ
ഘടികാരസൂചികൾ...
ഉറയുന്ന ഹേമന്തസന്ധ്യയിൽ
മഞ്ഞുതൂവിയൊഴുകിയ
ശിശിരം തേടി
ശംഖുമുഖങ്ങളിൽ
ദിനാന്ത്യങ്ങളുടെ
നിർണയരേഖകൾ..

ഉടഞ്ഞു തീർന്നത്
ലോകമോ, ഗോപുരങ്ങളോ
ചില്ലുകൂടുകളോ?
തൂമഞ്ഞിൻ പൂവുകൾ


ശിശിരശിഖരങ്ങളിൽ
കൂടുകെട്ടിയ നിമിഷങ്ങളിൽ
നിന്നടർന്നുവീണ ഒരു സ്വപ്നം
ചിറകിലൊളിപ്പിച്ച ഹിമകണങ്ങൾ
കറുകനാമ്പുകൾക്കരികിൽ
ആദ്യാക്ഷരമെഴുതിയുണരുമ്പോൾ
തകർന്നടിഞ്ഞ തീരങ്ങളിൽ
വഞ്ചി തുഴഞ്ഞുനീങ്ങി
അയൽദ്വീപിലെ അനശ്ചിതത്വം
അതിരുകളിൽ സമുദ്രസേതുവിന്റെ
സ്മാരകതുമ്പുകളിൽ
ശിലാഫലകങ്ങളിലെഴുതി
സൂക്ഷിക്കാനൊരു കാവ്യം തേടി നടന്നു
ചരിത്രം...
തീരങ്ങളിൽ നിന്നു തീരങ്ങൾ തേടി
ഹേമന്തകാലമേഘങ്ങൾ പറന്നു നീങ്ങിയ
ആകാശത്തിനരികിൽ
ഉപദ്വീപിലെ ഉദ്യാനങ്ങളിലൂടെ
നടന്ന ഭൂമിയുടെ വിരൽതുമ്പിൽ
ശിശിരം നിവേദിച്ചു
തൂമഞ്ഞിൻ പൂവുകൾ
ഹിമകണങ്ങൾ.....

Tuesday, January 18, 2011

ഹിമകണങ്ങൾ വീണ ഭൂമിയുടെ യാത്രാവഴികളിൽ

അശോകപ്പൂമരത്തണലിൽ
പാതിരാപ്പൂ ചൂടി
പാട്ടുപാടിയകന്ന
ധനുമാസത്തോടൊപ്പം
ഇലഞ്ഞിപ്പൂക്കൾ തേടിപ്പോയ
ബാല്യത്തിന്റെ ശീലുകളുമുറങ്ങി
തിരിയുന്ന കല്ലിലുലഞ്ഞ
ഓർമ്മക്കുറിപ്പുകളിലൂടെയൊഴുകി മാഞ്ഞു
ഒരു ഋതു വാർമുടിക്കെട്ടിലണിഞ്ഞ
കുടമുല്ലപ്പൂവുകൾ...
നിഴൽപ്പാടുകളിൽ ശിശിരം തൂവി
മഞ്ഞുതുള്ളികൾ..
ദർഭനാമ്പിലൂടെയൊഴുകീ
പുണ്യാഹതീർഥം...
അതിരുകളിൽ ഭൂമിയുലയുന്നു
ഇടനാഴികൾക്കരികിൽ
ഘടികാരസൂചിയുടെ മന്ത്രസ്വനം..
മൗനത്തിന്റെ മുറിവിൽ
നിന്നൊഴുകിയ നീർച്ചാലുകളുറഞ്ഞ
മഞ്ഞുകാലത്തിനരികിൽ
ഇലപൊഴിയും ഓർമ്മകൾക്കരികിൽ
പ്രഭാതത്തിന്റെ കൽവിളക്കുകൾക്കരികിൽ
സ്മാരകശിലകളിലടിക്കുറിപ്പെഴുതി
കാലം നടന്ന വഴിയിൽ
ശിശിരവുമെഴുതിയിട്ടു
ഒരനുസ്മരണം
ഹിമകണങ്ങൾ വീണ ഭൂമിയുടെ
യാത്രാവഴികളിൽ.....
ഒരു ഹേമന്തസന്ധ്യയിൽ


 തീരങ്ങളിൽ വന്നടിയും
മണൽത്തരികളെണ്ണിയിരുന്ന
ഹിമബിന്ദുക്കളെ തൊട്ടുണർന്ന
കളി വിളക്കിനരികിൽ
കഥകളി കാണാനിരുന്നു
ഹേമന്തസന്ധ്യ.....
യുഗാന്ത്യങ്ങളിലൊഴുകിയ
കടൽ പോലെയുയർന്ന
തിരശ്ശീലയ്ക്കരികിൽ
ജന്മസുകൃതങ്ങൾ
കൈമുദ്രയിലുയിർക്കൊണ്ടു....
മനയോലയരഞ്ഞ കൽതുണ്ടുകൾക്കരികിൽ
കാലം  ഇമയനക്കാതെ കാവലിരുന്നു
രാവ് നടന്നു നീങ്ങിയ ഗോപുരവാതിൽക്കൽ
കഥയറിയാതെയുറങ്ങി
ശിലയിലലിഞ്ഞ മൗനം
ഉറഞ്ഞ നിലാവിന്റെ ചില്ലയിൽ
മിഴി തുറക്കാനാവാതെ തളർന്നുറങ്ങി
നക്ഷത്രങ്ങൾ
ചില്ലുകൂടുകളിൽ വെളിച്ചവുമായ് വന്ന
ശരറാന്തലുകൾക്കരികിലൂടെ
പതിനാലുലോകവും കടന്നൊരു രഥമോടി
കഥയ്ക്കുളിലെ കഥ തേടി
കഥകളിമുദ്ര തേടി
ആൽത്തറയിൽ
സ്വർണം പോലെ മിന്നിയ
ഓട്ടുവിളക്കുകൾക്കരികിൽ
ഹേമന്തമിരുന്നു....

Monday, January 17, 2011

അമൃത് തൂവിയ ശിശിരത്തിനരികിൽ

ഋതുക്കൾ അമൃത് തൂവിയ
ശിശിരത്തിനരികിൽ
ദിനരാത്രങ്ങളൂറ്റിയ
കയ്പുനീരുറഞ്ഞു
കഥയിലൊഴുകിയ ശംഖിനുള്ളിൽ
കാലം തിരഞ്ഞുകൊണ്ടേയിരുന്നു
കല്പനകൾക്കായൊരു തീരം...
പലായനം ചെയ്ത പകലിന്റെ
ആസ്ഥിപത്രങ്ങളിൽ കുടിയിരുന്നു
അപക്വമായ മഷിപ്പാടുകൾ
നിഴൽപ്പുഴ നീന്തിക്കടന്ന
കാറ്റൊരു ചെമ്പകപ്പൂമരച്ചോട്ടിൽ
ശിശിരത്തോടൊപ്പം തണുപ്പാറ്റിയിരുന്നു
കുചേലങ്ങളിൽ കല്ലും മുള്ളും നിറഞ്ഞ
ധ്യാന്യവുമായ് നടന്നു ആകുലതകൾ
ശ്വേതാംബരത്തിൽ നിന്നുണർന്നു
ചക്രവാളത്തിന്റെ വിളക്കുകൾ..
ഋതുക്കൾ അമൃത് തൂവിയ
ശിശിരത്തിനരികിൽ
മൂടൽ മഞ്ഞിന്റെ ജാലകവിരിനീക്കി
വിരൽതുമ്പിലേയ്ക്കൊഴുകീ ഒരു കടൽ
ശംഖിനുള്ളിലുറഞ്ഞു മായാത്ത കടൽ...
ശിശിരകാലഗ്രാമം

പാതകൾക്കിരുവശവും
ചരൽക്കല്ലു പാകിയ
കമനീയമായ ഉദ്യാനത്തിനരികിൽ
കാറ്റേറ്റിരുന്നു ശിശിരം....
ഇലച്ചില്ലകളെഴുതിയ കഥയിലിറ്റു വീണു
മഞ്ഞുതുള്ളികൾ....
കൊഴിഞ്ഞ ഇലകളിലാളിയ
തീയിൽ നിന്നുയർന്ന
അഗ്നിസ്ഫുലിംഗങ്ങൾ
വിരൽതുമ്പിലെ ശിശിരതണുപ്പാറ്റി
ഗോപുരമുകളിൽ നഗരം
ചിത്രപ്പണികളേറ്റുമ്പോൾ
ഗ്രാമം സോപാനത്തിനരികിൽ
കൽമണ്ഡപത്തിലേറ്റിയ
നവീകരണകലശക്കുടങ്ങളിൽ
തീർഥവുമായിരുന്നു
മൂടിക്കെട്ടിയ ശിശിരവാതിലുകൾക്കരികിലൂടെ
ഓടിയകന്ന ഒരോർമതെറ്റിനെ
കാലം കല്ലിലുരച്ചു മായ്ച്ചു
തീരങ്ങളിൽ നിന്നുൾവലിഞ്ഞ
ഉൾക്കടലിനരികിൽ
ചക്രവാളത്തിനരികിൽ
കാണാതായതെന്തന്നറിയാതെ
ശിശിരകാലമേഘങ്ങളലഞ്ഞു
പാതിയണഞ്ഞ വിളക്കുകളെ
സന്ധ്യ ഉൾഗൃഹങ്ങളിലേയ്ക്ക് മാറ്റി
ശരറാന്തലുമായ് വന്ന നക്ഷത്രങ്ങൾക്കരികിൽ
ഗ്രാമം തണുപ്പാറ്റാൻ കനലിട്ടിരുന്നു
നെരിപ്പോടിൽ കത്തിയ കനലിനും
ശിശിരത്തിനുമിടയിൽ
ചിറകുകൾ വിരിച്ചുയർത്തെഴുനേറ്റു
ഫീനിക്സ്......

Sunday, January 16, 2011

മൂടൽമഞ്ഞ്

സായാഹ്നത്തിന്റെ ചുമരിലായിരം
ഇരുമ്പാണികളിലേറ്റിയ ഭാരം
നിസ്സംഗതയുടെ ചെപ്പിലുറങ്ങുന്ന
മഞ്ഞുകാലം.....
മനസ്സിലും മഞ്ഞുകാലം
മഞ്ഞുതൂവുന്ന നിസ്സംഗത....
നീരാളികൾചുറ്റിയ മഹായാനത്തിന്റെ
നങ്കൂരച്ചരടിലുലയുന്ന യാത്രാപഥങ്ങൾ
മുന്നിലൊഴുകുന്നതപൂർവരാഗങ്ങളുടെ കടൽ
അണിയണിയായൊരു ചുറ്റുവലയമായ്
നീങ്ങുന്ന കടലാസു നൗകകൾ
മുറിവുണങ്ങാത്ത മനസ്സുമായ്
കാലത്തിനരികിലിരുന്നെഴുതുന്നു
ഒരു യുഗം
കൈവരിക്കെട്ടുകളിറങ്ങി
തുമ്പപൂക്കൾ തേടി നടന്ന ഗ്രാമത്തിനരികിൽ
കോലുമഷിതണ്ടുകൾ കൈയിലേറ്റി
നടന്നതൊരു ബാല്യം
സായാഹ്നത്തിന്റെ ചുമരുകളിൽ
നിന്നൂർന്നു വീഴുന്നു ഇരുമ്പാണികൾ.....
ഭാരച്ചുമടുകൾ..
ശേഷിച്ചത് ചുമരിലെ തിരുമുറിവുകൾ
മഞ്ഞുമൂടുന്നു ചുറ്റിലും
സായാഹ്നത്തിന്റെ ചുമരിലും
ചക്രവാളത്തിലും മൂടൽമഞ്ഞ്.....

Saturday, January 15, 2011

അന്തരഗാന്ധാരശ്രുതി

ഇലപൊഴിഞ്ഞ
മരച്ചില്ലകൾക്കരികിൽ
പുൽമേടുകളിൽ,
സഹ്യനിലൂടെയിറങ്ങിയ മനസ്സുകളിൽ
കണ്ണുനീർതുള്ളിയായുറഞ്ഞുമാഞ്ഞ
ഒരു ഋതുവായി മാറി ശിശിരം...
എഴുതിയെഴുതിയവസാനിക്കാത്ത
കഥയായി വിരലുകളിൽ കൂടുകൂട്ടി
നിർഭയത്വം......
നിരാലംബരുടെ ഗദ്ഗദങ്ങളിൽ
പനിനീർ തൂവിയൊഴുകി ശിശിരമഴ
ഒരു നിമിഷത്തിൽ  മുക്കിയെഴുതിയ
മഷിയിൽ ലോകം ചെറിയ
ഒരു ഭൂപടമായ് മാറി...
വരകൾക്കിടയിൽ വർണങ്ങൾ
തൂവിയുണർന്ന ചക്രവാളത്തിനരികിൽ
സരോരുഹങ്ങൾ വിടർന്ന കല്യാണിയിൽ
നിന്നുയിർക്കൊണ്ട ഭൂമിയുടെ
എഴുത്തുതാളിൽ
മൂടൽ മഞ്ഞിനരികിൽ തപസ്സിരുന്ന
മൗനമുറഞ്ഞ ശിശിരതാഴ്വരകളിൽ
മൂടുപടമിടാതെ, മുഖമറയില്ലാതെ
അന്തരഗാന്ധാരശ്രുതി തേടിയൊഴുകീ
കടൽ......

Friday, January 14, 2011

ചെറിയ കവടിശംഖുകളിലൊതുങ്ങിയ ലോകം
വഴികൾക്കൊടുവിലെ
വഴിയിൽ ചിതയുമായിരുന്നു ഒരു ഋതു
വിധിരേഖകൾ തേടി നടക്കാത്ത
ഭൂമിയുടെ പ്രദക്ഷിണവഴിയിൽ
ആകാശ ഗംഗയൊഴുകിയ
വ്യോമവീഥികളിൽ
വിധിപർവങ്ങൾ ഗണിച്ചെഴുതിയ
ശംഖിനുള്ളിലൊതുങ്ങിയ
തീർഥമായ് ശിശിരമുറയുമ്പോൾ
വിധിചിത്രങ്ങളിൽ നിണം തൂവിയ
പുൽമേടുകളിൽ
ഉറങ്ങിപ്പോയതാരോ
ജീവന്റെ സ്പന്ദനമോ,
പകലിന്റെ നെടുവീർപ്പുകളോ,
ആത്മാവിനെ ചതുരക്കളങ്ങളിൽ
തൂക്കിയിടുന്ന കവടിശംഖുകളോ,
നക്ഷത്രങ്ങളുടെ ചലനങ്ങളിൽ
നിമിഷങ്ങളെണ്ണുന്ന
ചെറിയ  കവടിശംഖുകളിലൊതുങ്ങിയ
ലോകമോ?
ലോകത്തിന്റെ അറിവില്ലായ്മയോ?
മൺവിളക്കു തെളിയ്ക്കുന്ന ഗ്രാമം

നേർരേഖകളിൽ നിന്നകന്ന
യുഗമൊരു മൂടുപടത്തിലൊളിച്ചു
മുഖപടങ്ങൾ മഞ്ഞിലൊളിപ്പിച്ചുണർന്ന
സൂര്യനൊരു വടവൃക്ഷത്തണലിൽ
കനൽത്തീയിട്ടിരുന്നു
കായലോരത്തിരുന്നു കിനാവുകണ്ട
കടത്തുതോണിയ്ക്കരികിൽ
കുഞ്ഞാറ്റക്കിളികൾ പാറി നടന്നു
തുടർ നാടകങ്ങളുടെ രൂപരേഖ
തേടിയലഞ്ഞ നിമിഷങ്ങൾ
ശിശിരത്തിന്റെ സായാഹ്നചക്രവാളത്തിനരികിൽ
അസ്തമയമുണരുന്നതും കണ്ടിരുന്നു
കനലിനും തണുപ്പേറിയ
മകരരാത്രിയിൽ മലയിറങ്ങിയൊഴുകി
പത്മാവതി
ഇരുമുടിയുടെ ഇടയിലെവിടെയോ
രുദ്രാക്ഷം കെട്ടിയ മന്ത്രങ്ങളിലെവിടെയോ
മാഞ്ഞുമാഞ്ഞില്ലാതെയായി
സഹ്യശ്യംഗം
മഞ്ഞു മൂടിയ വർത്തമാനത്തിന്റെ
ജന്മശൃംഗത്തിനരികിൽ
മൺവിളക്കുകളുമായ്
ഭൂമിയെ കാത്തിരുന്നു ഗ്രാമം.....

Thursday, January 13, 2011

ലയവിന്യാസം

നാദത്തിനപരിചിതം മൗനം..
ഭൂമിയുടെ പദചലനങ്ങളിൽ
ദിനരാത്രങ്ങളുടെ അക്ഷരകാലം
ഇടയിൽ ദേവവാദ്യങ്ങളുടെ ലയവിന്യാസം
വ്യതിചലനത്തിനും
ആകർഷീണയമായ ഒരു ലയം
പ്രഭാതത്തിന്റെ ലയവുമായുലയുന്നു ആൽമരം
വരുംവരായ്കയുടെ കരിക്കോലുകളിലുരഞ്ഞ
ചുമർപടങ്ങൾക്കരികിൽ
പുൽനാമ്പുകളിലെ മഞ്ഞുരുക്കുന്ന പ്രഭാതം
മാറ്റങ്ങളുടെ തിരയൊതുക്കത്തിനും
മാറാലകെട്ടിയ ഭൂതകാലത്തിനുമിടയിൽ
മധ്യാഹ്നത്തിന്റെ തായമ്പക..
സായന്തനത്തിനൊരു സാന്ത്വനതാളം
മഞ്ഞുതൂവിയ സംക്രമസന്ധ്യയിൽ
മകരജ്യോതി തേടി
മലകയറിയ ജന്മസങ്കടങ്ങളിൽ
നിന്നുണർന്നതിടയ്ക്കയുടെ
മൃദുവായ ലയം....
ഹൃദ്സ്പന്ദനങ്ങളുടെ ലയം..

Wednesday, January 12, 2011

പ്രയാണപഥങ്ങൾ

മിഴിരണ്ടിലുമായ് ലോകം
ചുരുങ്ങിയൊതുങ്ങിയപ്പോൾ
ഭൂപടത്തിലെയതിരുകൾ
നിയന്ത്രിതരേഖകളിലൊതുങ്ങി
പുനരുദ്ധാരണമന്ത്രം ചൊല്ലിയുണർന്ന
പകലിനിരികിൽ രാവിന്റെ കറുപ്പകന്നു
ഋജുരേഖകളുടെ ഋണബാധ്യതയകന്ന
പ്രയാണപഥങ്ങളിൽ
ശിശിരം മഞ്ഞായുറഞ്ഞു
പ്രക്ഷുബ്ദമായ കടലിനരികിൽ
കാവൽ നിന്നു മണൽത്തീരം
തിരയേറി വന്ന ചിപ്പികളിൽ
കടൽ ശാന്തിമന്ത്രങ്ങളൊളിപ്പിച്ചു
പലേയിടങ്ങളിലുമൊഴുകിയ
അപക്വമായ ആന്തലുകൾ
കിരീടവും ചെങ്കോലുമില്ലാതെ
തീർഥയാത്ര ചെയ്തു
നിമിഷങ്ങളിൽ നിന്നടർന്നു വീണ
മധ്യാഹ്നവെയിലിനെ
തടം കെട്ടി നിർത്തി ശിശിരം
സായാഹ്നത്തിന്റെ കവാടത്തിനരികിൽ
ആത്മസംഘർഷത്തിന്റെ ചില്ലുകൂടയുമായ്
ആത്മാക്കൾ തളർന്നിരുന്നു.
ശിശിരത്തിന്റെ ഇലപൊഴിഞ്ഞ
പകൽക്കിനാവുകളിൽ
ശിശിരം തൂവിയ മഞ്ഞിനരികിൽ
മൺചിരാതുകളിൽ നുറുങ്ങുവെട്ടവുമായ്
വന്നു സന്ധ്യ......

Tuesday, January 11, 2011

മൂടൽ മഞ്ഞിന്റെ പുകമറയ്ക്കുള്ളിൽ

ഒഴുകിയൊഴുകി മാഞ്ഞ
ദിനരാത്രങ്ങളുടെ ചെപ്പിലൊളിച്ച
ഒരു കവിതയുടെ
ആദ്യാവസാനം തേടിയ
ഭൂമിയുടെ ശിരസ്സിൽ
ശിശിരം മഞ്ഞിനാലൊരു
ശിരോവസ്ത്രമിട്ടു
അംഗഭംഗം വന്ന ഒരിടവേളയുടെ
ഇടനാഴിയിൽ നിന്നടർന്നുവീണു
നിലാവിന്റെ നിഴലുകൾ
മിഴിചിമ്മിയുണർന്ന പുലർകാലങ്ങളിൽ
ഭൂമി ആൽത്തറയിലിരുന്നെഴുതി
ചുറ്റമ്പലത്തിൽ നിവേദ്യത്തിന്റെ
മധുരം നുകർന്നിരുന്നു മാർഗഴി
വാതിലുകളടച്ചു തഴുതിട്ട
ധനുമാസഗ്രാമത്തിനരികിൽ
പവിഴമല്ലിപ്പൂക്കൾ തേടിയലഞ്ഞു കാറ്റ്
പ്രഭാതമൊരു ശംഖിൽ
ശിശിരക്കുളിർതീർഥമിറ്റിക്കുമ്പോൾ
ഈറൻ ചുറ്റിയെത്തിയ ആറ്റിറമ്പിൽ
കടത്തു കടന്നകലേയ്ക്ക് പോകാൻ
വഞ്ചി കാത്തിരുന്നു ഭൂതകാലം
വർത്തമാനത്തിന്റെ
നേരിയ പരവതാനിയിൽ
യാഥാർഥ്യങ്ങൾ
മൂടൽ മഞ്ഞിന്റെ പുകമറയ്ക്കുള്ളിൽ
മുഖപടമിട്ടിരുന്നു..... 

Monday, January 10, 2011

മഞ്ഞു തൂവിയ ഒരു ഋതുവിൽ

സന്ധ്യയുടെ ചെമ്പകപ്പൂവുകൾ
ആരോ പടിക്കെട്ടിലുപേക്ഷിച്ചു പോയി.
സുഗന്ധമൊഴുകിയ കൽപ്പെട്ടിയിലുണർന്ന
ഒരു വാക്കിൽ നിറഞ്ഞൊഴുകിയ
കടലൊരു മുനമ്പിലെത്തി നിന്നു
കൗതുകകരമായ നിറഭേദങ്ങളിൽ
അസ്തമയം കൽക്കെട്ടുകളിൽ
വീണുടഞ്ഞു
കൈയിലൊതുങ്ങി
ജന്മസങ്കടങ്ങളുടെ അന്തിമവിധിരേഖ
ശംഖുകൾ കൈവിരൽതുമ്പിൽ
പ്രണവമെഴുതി
വഴിയിലെ തണൽമരങ്ങളിൽ
നിഴലുകൾ ഊയലാടി
നടപ്പാതകളിൽ ശിശിരം
വെയിൽ കൊള്ളാനിരുന്നു
പൊയ്പ്പോയ വർഷത്തിനെ
ചുമർചിത്രങ്ങളാക്കി പുതുവർഷമുണർന്നു.
തുടർക്കഥയെഴുതാനാവാതെ
തൂലികളിൽ മഷിയുറഞ്ഞു
ശിശിരം മനസ്സിൽ
മഞ്ഞു തൂവിയ ഒരു ഋതുവായി മാറി