Wednesday, October 31, 2012

 മഴ

മഴയിൽ നിന്നെഴുതി ഞാനൊരു നേർത്ത
കസവുപോലുണരുമാകാശത്തിനിതളിൽ
മഴയ്ക്കുള്ളിലൊരു സ്വപ്നതാരകം
പൂവിട്ടു, ഹൃദയത്തിലൊഴുകീ
മഴചിന്തുകൾ, പിന്നെ 

മൊഴിയിലേയ്ക്കൊഴുകീ
കടൽ; കാവ്യഭാവവും സർഗവും...
പടവുകൾ മെല്ലെ കടന്നു
നീങ്ങും ദിനപ്പെരുമകൾ
കണ്ടുകണ്ടേതോ പഴേകാല
നിലവറയ്ക്കുള്ളിൽ
സ്വരങ്ങളെ തേടിയോരിടവേളകൾ
കടന്നാദിവേദത്തിന്റെ
സ്മരണയും മായുന്നൊരീ
മഴക്കാലത്തിലിനിയെന്തിനതിരാത്രമീ
മണ്ഡപങ്ങളിൽ നിറയുന്ന
പകലിന്റെ ശരറാന്തലിൻ
തുമ്പിലൊഴുകും പ്രകാശസ്വരങ്ങൾ
പഴേകാലമെഴുതിയിട്ടോരു പുരാണങ്ങൾ
പിന്നെയീ മിഴിയിൽ മഴതുള്ളികൾ
പെയ്തു തോരുന്നൊരുണർവിന്റെ
ഗ്രാമസംഗീതം....

Monday, October 29, 2012

 നക്ഷത്രങ്ങളുടെ കവിത
 
മൊഴിയിലൊഴുകീ കടൽ
ശംഖിൽ നിന്നും വിരൽതുടിതേടി
വന്നു പ്രപഞ്ചം
മഹാവേദമിതൾവിടർത്തും
വ്യോമസീമയിൽ നിന്നു ഞാൻ
മിഴിയിലെ നക്ഷത്രമെഴുതുന്ന
കവിതയിൽ നിറയെ സ്വപ്നങ്ങളെ
നെയ്തുനെയ്തിരുൾ മാഞ്ഞ
പകലിന്റെ ദീപപ്രകാശത്തിലേറിയീ
വഴികൾ നടന്നൂ പലേദിക്കുകൾ കണ്ടു
ഹൃദ്സ്പന്ദനത്തിന്റെ
ശ്രുതിയിലൊരു സർഗമായ് മാറി 

ഋതുക്കളിൽ പ്രകൃതിയെ
 ചേർത്തുവച്ചെഴുതീ
പ്രകാശത്തിനിതളിൽനിന്നും
വിളക്കേറ്റിയതിന്നരികിലൊഴുകുന്ന
കാറ്റിന്റെ ദലമർമ്മരം,
ജീവനൊഴുകുന്ന ഭൂവിൽ
തുടിക്കുന്ന ഗാനം
മഹാതത്വഭാവങ്ങളെഴുതും
മുനമ്പിന്റെ മന്ത്രം..
അരികിൽ മഴതുള്ളികൾ
വീണുകുളിരുന്നൊരരളികൾ
പുൽനാമ്പിലൂറുന്ന മുത്തുകൾ
വെയിൽ തണുക്കും
സന്ധ്യയരികിൽ,
പ്രദോക്ഷത്തിനഭിഷേകപാത്രം
നിറയ്ക്കും ത്രികാലങ്ങൾ
എവിടെയൊ മാഞ്ഞുതീരുന്ന
കാർമേഘങ്ങളരികിൽ
സമുദ്രത്തിനാന്ദോളനം
ഇടവഴിതിരിഞ്ഞുനീങ്ങും ഗ്രാമമേ;
വാനിലുണരുന്ന നക്ഷത്രകവിതകൾ
കണ്ടുകണ്ടെഴുതിയാലും
ചന്ദനം പോലെ സൗമ്യമാം
നിനവുകൾ, പിന്നെയെൻ
ഹൃദ്സ്പന്ദനത്തിലെ
ശ്രുതിചേർത്തുവയ്ക്കാം
കിഴക്കേ പ്രഭാതങ്ങളുണരുന്ന
തുളസീവനങ്ങളെ കണ്ടുകണ്ടെഴുതുന്ന
നക്ഷത്രഗാനമാകാം...

Thursday, October 18, 2012

 മൊഴി
 
എത്ര ഋതുക്കൾ തടം തീർത്തു
പാകിയതെത്ര നിഴൽ
പിന്നെയത്രയും കാലമെൻ
ജാലകവാതിലിലെത്തി
നിന്നോരു പുരാണങ്ങൾ
കണ്ടുകണ്ടെത്രദിനങ്ങൾ
നടന്നൂ, മറന്നുതീർന്നെത്ര
മുഖങ്ങൾ, ശിരോപടങ്ങൾ
പിന്നെയത്രയും താഴ്ന്ന
പതാകകൾ, തീരങ്ങളെത്തി
നിൽക്കും മുനമ്പേറിയ സാഗരം
എന്നേ ഗ്രഹങ്ങൾ ചുരുക്കും
മിഴിക്കുള്ളിലൊന്നൊഴിയാതെ
നിരന്നൊരാകാശവും
മിന്നിത്തിളങ്ങിയെൻ
സന്ധ്യാവിളക്കിലായ്
വന്നുനിറഞ്ഞൊരാ
നക്ഷത്രഭംഗിയും
ഇന്നും മൊഴിക്കുള്ളിലേറും
മനസ്സിന്റെ വിങ്ങലും
ചില്ലുപാത്രത്തിലെയശ്രുവും
കണ്ടുകണ്ടേന്നേ നിറഞ്ഞ
ഹൃദ്സ്പന്ദത്തിലിന്നും
മരിക്കാതെനിൽക്കും സ്വരങ്ങളേ
എത്രനാളെത്രനാളഗ്രഹാരങ്ങളിൽ
നിത്യജപത്തിലായ് നിൽക്കുമാ
സന്ധ്യയിൽ
കത്തുന്നൊരഗ്നിയിൽ
വീണ്ടും സ്ഫുടം ചെയ്തു
ഹൃത്തിൽ നിറച്ചാലുമെന്റ
സർഗങ്ങളെ....

Wednesday, October 17, 2012

 നക്ഷത്രങ്ങളുടെ കവിത

വേരുകൾ തകർന്നാദിമൂലത്തിലൊരു
മഹാവേദത്തിനിതളിൽ
ഞാൻ തിരഞ്ഞക്ഷരങ്ങളെ...
കനവിൽ നക്ഷത്രങ്ങളുണർത്തീ

വിരൽതുമ്പിനരികിൽ മന്ത്രിക്കുന്ന
കടലിൻ സ്വരങ്ങളെ..
യുഗങ്ങൾ ഭാഗിച്ചൊരു
ചതുർകാലത്തിൻ
ശിരോപടങ്ങൾ നീങ്ങും
ഭൂവിന്നാർദ്രമാം സംഗീതത്തിൽ
മഴതുള്ളികൾ ശ്രുതിയിട്ടുനിൽക്കവെ
ഞാനുമുണർന്നു വീണ്ടും
വിൺതാമരകൾക്കരികിലായ്
അരികിൽ പഴയൊരു ദിനത്തിൻ ദൈന്യം,
ക്ഷേത്രമതിൽക്കെട്ടുകൾ
കണ്ടുതീർന്നോരു നൂറ്റാണ്ടുകൾ
എഴുത്തക്ഷരങ്ങളിലെണ്ണെവീണതിൽ
ഹോമപ്പുരകൾ പണിതെത്ര
യാഗകുണ്ഡങ്ങൾ
മാഞ്ഞുതകർന്നസ്വപ്നങ്ങൾതൻ
പുനരാവൃത്തം, മിഴിയതിലായ്
വിരിഞ്ഞോരു മഴപ്പൂവുകൾ
മൊഴിയതിലായ് തളിർത്തോരു
പാരിജാതങ്ങൾ
പഴേ ദിനങ്ങൾ മാഞ്ഞൂ
സന്ധ്യാവിളക്കിന്നരികിലായെഴുതിതുടങ്ങി
ഞാൻ നക്ഷത്രസർഗങ്ങളെ...

Saturday, October 13, 2012

 മഴ

ഴയ്ക്കെന്നുമൊരേഭാവം
നിഴൽപ്പാടതിലാരോ
എഴുത്തുമഷിമുക്കിയെഴുതീ;
പലേ കഥയതിലും തീരാതെയെൻ
ഹൃദയസ്പന്ദങ്ങളെയടർത്തി
മുറിച്ചാത്മനിർവൃതികൊണ്ടൂ കുലം..
പഴയകഥകളിലൊഴുകീമഴയതിൻ
ഋണപ്പാടുകൾ തീരത്തൊഴുക്കീ,

കടലിന്റെ തിരുനെറ്റിയിൽ
ശംഖാലെഴുതീ കാവ്യം
പിന്നെയെനിക്കു തന്നൂ
തീർഥക്കുടമൊന്നതിൽ
നിന്നുമൊഴുകീ
സ്വരങ്ങളെന്നാത്മാവിൻ സർഗം
പിന്നെയെഴുതീ ഞാനും മുദ്രാങ്കിതമാം
മുനമ്പിലായ്..
കണക്കുതെറ്റി കാലഘട്ടങ്ങൾ
നീങ്ങും തണൽ മരഛായകൾ
കാറ്റിലുലഞ്ഞു
നിലാവിന്റെയിതളിൽ
നിന്നും കറുപ്പൊഴുകീ
ശരത്ക്കാലമൊഴിയിൽ
വിലങ്ങഴിഞ്ഞുണർന്നൂ

സ്വരങ്ങളും
കണക്കുതീർക്കാൻ ചട്ടക്കൂടുകൾ
പണിതിട്ട യുഗത്തിൻ
കൈയാമങ്ങളറുത്തൂ വസുന്ധര
മിഴിയിൽ നക്ഷത്രങ്ങളെഴുതും നേരം
ഞാനുമുറങ്ങീ സ്വപ്നത്തിലുമുണർന്നു
നറും മഴ...

Thursday, October 11, 2012

 മൊഴി
 
കഥകൾക്കപ്പുറമെ
ലോകമുണരും സ്വപ്നത്തിൽ 
മഴതുള്ളികൾ..
ജാലകമുടച്ചതിലൂടെ
പ്രകോപനത്തിൻ
നിഴൽച്ചായം തൂവി
ശാന്തമാമെൻ കാവ്യസ്പന്ദത്തിൽ
അപസ്വരങ്ങളുടെ അനന്തചിത്രമേകിയ
ശിരോപടമേ നിന്നെ
ഞാൻ മറന്നുതീരട്ടെ..
ചായക്കോപ്പകളിൽ നിറമളന്നു
തൂവിയ വർത്തമാനലിപികളിൽ
മാഞ്ഞുതീരാതെയെൻ
ഹൃദ്സ്പന്ദനങ്ങൾ
ഭദ്രമായ് സൂക്ഷിക്കുമാകാശവാതിലിലെ
ദൈവമേ നീയെൻ വിരൽതുമ്പിലൊഴുകും
കാവ്യക്ഷരങ്ങളിലമൃതു തൂവിയാലും
മനസ്സേ! സായം സന്ധ്യയുടെ
മണ്ഡപങ്ങളിൽ നക്ഷത്രങ്ങൾ
കവിതയെഴുതുമ്പോൾ
ഒഴുകിമായാത്ത കടൽ പോൽ
ശംഖിലുറങ്ങും പ്രണവം പോൽ
മുനമ്പിനരികിൽ
ഞാനിരുന്നെഴുതാം
സന്ധ്യയുടെ സങ്കീർത്തനമുത്തുകളിൽ
ജപമായുണരും ഭൂമിയുടെ
യാത്മാവിന്റെ
മൃദുഗാനങ്ങൾ...

Wednesday, October 10, 2012

നക്ഷത്രങ്ങളുടെ കവിത

ജാലകചില്ലുടഞ്ഞാദിസ്വരം
തെറ്റിയേതോഗ്രഹങ്ങളീ
ഭൂമിയെ ചുറ്റുന്നു
എത്രദിനങ്ങളുപഗ്രഹച്ചിറ്റുകൾ
കുത്തുവിളക്കുകെടുത്തീ
മഴക്കാറിലെത്രയോ
സന്ധ്യകൾ വിങ്ങീ,
നെരിപ്പോടിലെത്രദിനങ്ങൾ
പുകഞ്ഞുതീർന്നു...
വീണ്ടുകീറും ചുമർഭിത്തിയിൽ
ചായത്തിനെണ്ണമില്ലാത്ത
പകർപ്പുകൾ, കണ്ടുകണ്ടെന്നേ
മിഴിയ്ക്കുള്ളിലേറി കടൽ
പിന്നെയൊന്നുമാത്രം
വിരൽതുമ്പിലായ് തൂവലിൻ
സൗമ്യസ്പർശങ്ങളായ്
വീണ്ടും വളർന്നതിൽ
നിന്നും തളിർത്തക്ഷരങ്ങൾ
പ്രദോഷങ്ങളെണ്ണി
രുദ്രാക്ഷങ്ങൾ നീങ്ങി
മനസ്സിലായ്..
ചുറ്റും പറന്നു പലേദിക്കുകൾ,
മുകിൽക്കെട്ടുകൾ തേടീ
ശരത്ക്കാലഗദ്ഗദം
കെട്ടുകൾ തീർക്കും
ഋണപ്പാടുകൾക്കുള്ളിലെത്ര
ഹൃദ്സ്പന്ദങ്ങളെത്രയോ സർഗങ്ങൾ
കത്തുന്നുവോ കടൽ
ചക്രവാളത്തിന്റെ ചിത്രങ്ങളെത്ര
മനോഹരം; പിന്നെയീ
കുത്തുവിളക്കുമായ്
നക്ഷത്രകാവ്യങ്ങളെത്തിനിൽക്കുന്നതിന്നേതു
മുനമ്പിലായ്..
നക്ഷത്രങ്ങളുടെ കവിത


വിശ്വസിനീയമാം
മുഖപടങ്ങൾ തുന്നിയ മുഖം

അവിശ്വസിനീതയുടെ
തീർത്തെഴുത്തുമായ്
നടന്നുനീങ്ങിയനാളിൽ
മഷിതുള്ളികൾ തീർത്തു
ചില്ലുതരികളാലൊരു
മുള്ളുവേലി

എഴുത്തക്ഷരങ്ങളിൽ
അമൃതൊഴുകുമ്പോൾ
പകയുടെ പുകയിൽ
നിഴലെഴുതിയ
അധികപർവം

ഉണർവിനുഷസ്സിൽ
വർത്തമാനകാലത്തിനൊതുകല്ലുകളിലൂടെ
മെല്ലെ മുന്നോട്ടുനീങ്ങുമ്പോൾ
മനുഷ്യത്വത്തിനു ചില്ലുകൂടുപണിത
ഒരു ശിരോപടത്തെയുപേക്ഷിച്ചു
മനസ്സ്..

വിരലിൽ തുളുമ്പിയ
കടലിൽ തീർഥയാത്രയ്ക്കൊരുങ്ങിയ
മുനമ്പിനരികിൽ
ലോകം ചുരുങ്ങിയൊരു
മണൽത്തരിയായി

കടൽചിപ്പികളിൽ കടലെഴുതിയ
കവിതകൾ തീരമേറിയ സന്ധ്യയിൽ
മൺ വിളക്കുകളുടയ്ക്കാൻ
കൽക്കെട്ടിനുപിന്നിൽ
കാത്തുനിന്നതാരോ?

യുഗം തീർത്ത ഹോമകുണ്ഡത്തിൽ
പലതും കത്തിതീരുമ്പോൾ
അഗ്നിസ്ഫുലിംഗങ്ങളിലൂടെ,
വിരൽതുമ്പിലൂടെ
ഹൃദ്സ്പന്ദനങ്ങളിലേയ്ക്കൊഴുകി
നക്ഷത്രങ്ങളുടെ കവിത....

Monday, October 8, 2012

നക്ഷത്രങ്ങളുടെ കവിത...

ഉണരാൻ വൈകും മനസ്സതിന്റെയൊരു
പൂവിലുറങ്ങിപ്പോയി 

സ്വപ്നം നെയ്തോരു നക്ഷത്രങ്ങൾ..
കരിതേച്ചിരുട്ടിനുകാവലായമാവാസിയൊഴുകും
രാവിൽ കണ്ട ദു:സ്വപ്നം പോലെ
കാവ്യമൊരു കൽച്ചീളിൽ തട്ടിയുടഞ്ഞു
നിമിഷങ്ങളതുകണ്ടെഴുതിയതെത്രയോ
കല്പാന്തങ്ങൾ..

സ്വരങ്ങളപസ്വരമായോരു
പ്രഭാതത്തിലുടക്കീക്കീറി
നെർമ്മല്യത്തിന്റെയിതൾപ്പൂക്കൾ...
കവിതയ്ക്കിതേപോലെയെത്രനൊമ്പരങ്ങളീ

മഴതുള്ളിയിമൃതൂറുന്ന മധുരവും..
ഇരുളിൽ നിന്നും നടന്നേറിയ
പ്രശാന്തിതന്നിതൾപ്പൂക്കളായെന്നിൽ
വിരിയും ദീപങ്ങളിൽ
എത്ര വ്യഞ്ജനങ്ങ
ളാണാക്ഷരങ്ങളാണതി
എത്രയോസ്വരങ്ങളാണാദിവിദ്യപോലതിൽ
കത്തുമീസായാഹ്നത്തിൻ ചി
ത്രത്തിൽ
പുകഞ്ഞുതീർന്നത്രയും ചുരുങ്ങിയ
ലോകചിന്തകൾ, പിന്നെയെത്തിയ
പ്രശാന്തിതൻ നികുഞ്ജമതിൽ
വീണ്ടുമെത്രയോനക്ഷത്രങ്ങൾ
കാവ്യം പോൽ, ഹൃദ്സ്പന്ദം പോൽ..


Saturday, October 6, 2012

 നക്ഷത്രങ്ങളുടെ കവിത

കഥപറയുമാൽമരത്തണലും
കടന്നതിൻ നിഴലും കടന്നുനീങ്ങും

വഴിക്കരികിലായ്
മഴവീണുവീണ്ടുമീയുദ്ധ്യാനമതിൽ
നിന്നുമൊഴുകും മൊഴിയ്ക്കുള്ളിലെ
തീർഥമുത്തുകൾ...
പഴയകാലം കടന്നാദിവേദത്തിന്റെ
നിറുകയിൽ തൊട്ടുനടന്നുനീങ്ങും
ശിരോകവചങ്ങൾ കണ്ടുകണ്ടീന്നീ
മിഴിയ്ക്കുള്ളി
ലെരിയുന്നു സന്ധ്യകൾ
കവിതയെന്നോ, മനസ്സതിലൂടെയൂറുന്ന
പ്രണവമെന്നോ ഞാനുമറിയുന്നുമില്ലയീ
ചലനം നിലയ്ക്കാത്ത വിശ്വഗോളത്തിന്റെ
ശ്രുതിയിലെൻ ഹൃദ്സ്പന്ദനങ്ങൾ തുടുക്കുന്നു.


ഒരു നാളിലീക്കടൽത്തീരത്തിലൊഴുകിയ
ലയവാദ്യ,മാവർത്തനം മറക്കുന്നു ഞാൻ
ഒരുദിക്കിലൊരു മണ്ഡപത്തിലെ
കൽ വിളക്കതിലൂടെ ഗ്രാമമുണർന്നുവരും
ചിത്രമതിനരികിലുത്സവം മുദ്രകൾക്കരികിലായ്
തെളിയു
തന്നഗ്നിഗോളങ്ങൾ, വിളക്കുകൾ
കരിയുന്നതേതു സങ്കല്പം?പുകപ്പാടിലൊഴുകി
നീങ്ങുന്നതിന്നേതുമഹാകൃതി?
അണിയറയിൽ തീർന്നു നാടകം
പിന്നെയാ തിരശ്ശീലയിൽ
തിരനോട്ടവുമാട്ടവും;
അരികിൽ മുഴങ്ങും മിഴാവുകൾ
കടലിന്റെ ഹൃദയത്തിനുള്ളിൽ
നടുങ്ങുമുടുക്കുകൾ..
എഴുതിയും തീർത്തും
നിറഞ്ഞോരു വിഹ്വലച്ചരടുകൾ
ചുറ്റി ഗ്രഹങ്ങൾ നീങ്ങും വഴിയ്ക്കരികിലായ്
മിഴിപൂട്ടി മന്ത്രം ജപിയ്ക്കുന്ന
മൊഴിയിലെയാകാശനക്ഷത്രകാവ്യമേ
ഉണരുക വിണ്ടുമെൻ ഹൃദ്സ്പന്ദനങ്ങളിൽ...

Friday, October 5, 2012

പ്രിയപ്പെട്ട മീര

നീയെഴുതിയത് വായിച്ചു..അതിലുമുണ്ടൊരു സത്യം.. ശാന്തിനികേതനമൊരു സ്വാന്ത്വനം..
എങ്കിലും പ്രതികാരഭാവം അതീവശ്രദ്ധയാൽ മറയിട്ടു സൂക്ഷിച്ച് രാജ്യം തകർക്കും പുതിയ മഹാത്മക്കളെന്ന് അവകാശപ്പെടുന്നവരെ കാണുമ്പോൾ അറിയാതെയറിയാതെയെന്നിലുണരും ഒരഗ്നിപർവതം..

എവിടെയോ അക്ഷരപ്പിശക് വന്ന കാലത്തിന്റെയൊരു ദർപ്പണമുടഞ്ഞ ചില്ലുതരികൾക്കരികിൽ, തകർന്നുവീണ ലോകസൗധങ്ങളുടെ മൺ തരികൾക്കരികിൽ, ഭൂമിയ്ക്കായ് ചില്ലുകൂടുപണിത് നാണയതുട്ടുകളുടെ കിലുക്കം തേടിപ്പോയ സ്വാർഥഹൃദയങ്ങൾക്കിടയിൽ സൗമ്യഭാവമാർന്ന കവിതകളെഴുതുക കഷ്ടം തന്നെ. എങ്കിലും വഴിയിൽ വീണ നിഴലുലച്ച ദിനങ്ങൾ വീണ്ടും വീണ്ടുമോർമ്മപ്പെടുത്തും ഒരുടഞ്ഞ മൺകുടത്തിലെ
ചിതറിയ കുറെ മൺ തരികളിൽ  നിന്നുണരും പവിഴമല്ലിപ്പൂവിതളിൽ ശരത്ക്കാലത്തിൻ കവിതയെഴുതാൻ  മീര നിനക്ക് മാത്രമേ കഴിയൂ.

നക്ഷത്രങ്ങളുടെ പ്രകാശത്തിനപ്പുറം  റാന്തൽ വിളക്കുകളിലെ
ചില്ലുമൂടിയിൽ നിറയും പുകക്കരിപോലെ എന്നെ ചുറ്റിയ
ചില ശിരോപടങ്ങൾ...  അവയെ കുറിച്ചോർക്കുമ്പോൾ, അവയുടെ അരാജകഭാവം കാണുമ്പോൾ എന്റെ മിഴിയിൽ അഗ്നിസ്ഫുലിംഗങ്ങൾ പാറുന്നതിടയ്ക്കിടെ കാണാനാവുന്നു..

മീര നിന്റെ കവിതകളെനിയ്ക്കൊരാശ്വാസം
നീയെഴുതുന്നതുമൊരു ശാന്തിനികേതനകൃതി..
എനിക്കറിയാം നിന്നെ മനസ്സിലാക്കാത്ത ലോകത്തോട് നിനക്കൊരു കടപ്പാടുമാവശ്യമില്ല..
നിന്റെ കവിതയെ ഉന്മൂലനം ചെയ്യാനൊരുങ്ങിയവരോട് നിനക്ക് കൃതാർഥതയുമാവശ്യമില്ല..

നീയെഴുതിക്കൊണ്ടേയിരിക്കുക..
ആകാശവാതിലിലെ ദൈവം നീയെഴുതുന്നതു വായിക്കും,
അതിലെയാത്മാർഥത മനുഷ്യകുലം കണ്ടില്ലെന്ന് നടിച്ചേയ്ക്കും..
ദൈവത്തിനു നാട്യങ്ങളാവശ്യമില്ല..
മീര, നിന്റെ ഹൃദ്സ്പന്ദനത്തിലെ കാവ്യസ്പന്ദങ്ങളിൽ ആകാശവാതിലിലെ ദൈവം അമൃതു തൂവട്ടെ..
ഗായത്രി..
പ്രിയപ്പെട്ട ഗായത്രീ

ഇന്നു ഞാനെഴുതുമ്പോൾ കൃത്രിമനിറങ്ങൾ തൂവി വികലമാക്കിയ എന്റെ രാജ്യപതാകയിലെ ഓറഞ്ചുവർണ്ണം എന്നോടുപറഞ്ഞു
കത്തുമഗ്നിതൂവിയെഴുതിയ സ്വാതന്ത്ര്യം എന്ന മഹനീയമാം വാക്കിന്റെയൊരക്ഷരം പോലുമതിനരികിലിരിക്കും സാമ്രാജ്യപാലകർക്കറിയില്ലല്ലോ
മധുരമാം സ്വരത്തിൽ അതിനരികിൽ മരാളവർണ്ണം പറയുന്നു പ്രകൃതിയുടെക്ഷരങ്ങളിലൂടെ നടന്നു നീങ്ങുമ്പോൾ എത്ര മനോഹരമീയകൃത്രിമവർണ്ണമെന്നും തോന്നിപ്പോകുന്നു. അതിനരികിൽ വെൺപട്ടുചുറ്റിയ ആകാശം.

ഗായതീ, മനസ്സിലെ ശൂന്യതയിൽ നിന്നൊഴുകും വാക്കുകൾ മഴതുള്ളിപോലെയുണരുമീ സായാഹ്നത്തിൽ നീയെഴുതും സംഘർഷങ്ങളുടെ പുസ്തകം ഞാൻ വായിക്കുന്നു.  വീണ്ടും പുതിയ മഹാത്മക്കൾ യുദ്ധം ചെയ്യും രാജ്യത്തിൻ പതാകയെ ഞാനലമാരയിൽ ഭദ്രമായ് സൂക്ഷിക്കുന്നു.
വിളംബകാലകൃതിയിലേയ്ക്കായ് പണ്ടെങ്ങോ കുറെ സ്വരങ്ങൾ നടന്നുനീങ്ങിയ ഉദ്യാനത്തിനൊരരികിൽ അരയാൽത്തറയിൽ നിഴലുറങ്ങിയിരിക്കുന്നു.

മധുരമായൊരു മർമ്മരം കാറ്റിലൊഴുകുന്നു. മുളം തണ്ടുകളുലയുമ്പോൾ തുടർന്നെഴുതാനൊരു ശാന്തിനികേതനം മെല്ലെയരികിലുണർന്നുവരുന്നു.
അതിർകടന്നെത്തും അനധികൃതനൊമ്പരങ്ങൾ ഇന്നെന്നെ വിഷമിപ്പിക്കുന്നേയില്ല. എനിക്കെഴുതാനൊരു ഭംഗിയുള്ള പുസ്തകം ആധുനികശാസ്ത്രംകൈയിലേകിയിരിക്കുന്നു. വിരൽതുമ്പിൽ വിസ്മയം പോലെ നൂറ്റാണ്ടുകൾ നടന്നുനീങ്ങുമ്പോൾ ഗായത്രീ എനിയ്ക്കറിയാം ചരിത്രത്തിന്റെയേടുകളിൽ നിന്നിനിയും ഒരു ഗ്രഹദൈന്യം ഭൂപർവങ്ങളുടെ പൂക്കാലങ്ങളെ കരിയിക്കാനൊരുങ്ങിയേക്കും.. അതീവമധുരമായ വാക്കുകളൊഴുകും ശാന്തിനികേതനകൃതികൾ
എന്നെ വിസ്മയിപ്പിക്കുന്നു.. അതിനരികിലതിരേറിയാക്രമിച്ച ഒരു കുലത്തെയറിഞ്ഞുപോയതിൻ ഒരു രോഷവും ഇടയ്ക്കിടെയുണ്ടാവുന്നു..

പ്രവർത്തികളുടെ ഭാണ്ഡങ്ങൾ വലുതായി രാജ്യമുടച്ചുതീർത്തിരിക്കുന്നു.. വാക്കുകൾ തൂവലുകളാലെന്നെ മൃദുവായി തലോടിക്കൊണ്ടിരിക്കുന്നു..
ഗായത്രീ നീയെഴുതുന്നത് ശരിതന്നെ..ചില ശരികൾ തെറ്റെന്ന് വാദിക്കുമാൾക്കാരാണു ചുറ്റിലും. അതിനാൽ എനിയ്ക്കിപ്പോൾ
കവിതയുടെ ലോകത്തിലൂടെ നടക്കാനാണിഷ്ടം.  അധികാരത്തിനതിയാശയുടെ കോലാഹലങ്ങൾ മുഴങ്ങും  അരങ്ങുകളിലെ നാടകങ്ങൾ  എത്ര വിരസമായിരിക്കുന്നു..

കവിതയൊഴുകും ആകാശനക്ഷത്രങ്ങളുടെ മിഴിയിൽ നിന്നുണരും പ്രകാശത്തിൽ എഴുതാനാവുമെന്നൊരു വിശ്വാസം എന്നിലുണർന്നിരിക്കുന്നു..
അതിനുമപ്പുറമൊരു ലോകം സ്വപ്നങ്ങളിൽ  നിന്നുപോലുമകന്നു പോയിരുക്കുന്നു..

വിളക്കുകൾ തെളിയും സന്ധ്യയിൽ വിരലുകളിൽ സാമവേദാഗ്നി തൂവുമക്ഷരങ്ങളിൽ ഞാനെഴുതുമ്പോൾ ഗായത്രീ, ഓരോ ദിനവും ഒരു
കാവ്യഭാവമാവുന്നു.. അതിനുമപ്പുറം തിരിയും ലോകഗോളങ്ങളോ, അതിരാക്രമിക്കും ശൂന്യഗ്രഹങ്ങളോ ഇന്നെന്റെ മനസ്സിലൊരു ചലനവും
സൃഷ്ടിക്കുന്നുമില്ല..

ഗായത്രീ, ഹൃദ്സ്പന്ദനങ്ങൾ കാവ്യമാകുമ്പോൾ നമുക്കെന്തിനൊരു പുതിയ ലോകം. ഈ ഭൂവിന്റെ മനോഹരമായ കാവ്യസ്പന്ദങ്ങളിൽ നമുക്കെഴുതിയിടാം മനോഹരമായ പ്രപഞ്ചത്തിൻ രാഗമാലിക..
മീര

Thursday, October 4, 2012

 നക്ഷത്രങ്ങളുടെ കവിത...
 
മിഴിയിൽ കസവിട്ടു
വിടർന്നു നക്ഷത്രങ്ങൾ
അരികിൽ കടൽ നിന്നു
ചക്രവാളത്തിന്നിതളടർന്നു
വീഴും നേരം മഴയും വന്നു
പിന്നെയൊരിക്കൽ
കടലോരഗ്രാമങ്ങൾ 
ചിദംബരമുണരും വഴി തേടി

നടന്ന പ്രഭാതത്തിൽ
പ്രതിഷ്ഠാമന്ത്രം തെറ്റിയോർമ്മകൾ
സോപാനത്തിനൊതുക്കിൽ
മിഴിപൂട്ടിയിരുന്നു
നിശ്ശബ്ദമായ്...


അരികിൽ ലോകം നീങ്ങി
തകർന്ന രാജ്യത്തിന്റെയതിരിൽ
സംഘർഷത്തിൻ 

വലകൾ നെയ്തു യുഗം..
കനൽതുണ്ടുകൾ കൈയിലേറ്റിയ ഭൂമി
ശാന്തിവനങ്ങൾ തേടിതേടി
തളരും സായാഹ്നത്തിൽ
അശോകപ്പൂക്കൾ ചൂടി
സന്ധ്യതന്നിതൾചെപ്പിൽ
ശരത്ക്കാലത്തിൻസ്വർണ്ണതരികൾ
തിളങ്ങീയെൻമിഴിക്കുള്ളിലെ
കടലോർമ്മകൾ നീറ്റി
ചില്ലുകുടത്തിൽ നിറച്ചുപ്പുകണങ്ങൾ

പിന്നെ യാത്രമറന്ന സങ്കല്പങ്ങൾ
നക്ഷത്രമിഴിക്കുള്ളിലെഴുതീ
മനോഹരമാമൊരുസർഗം
സ്വപ്നമുറങ്ങീയതിലൊരു
സ്വരമായ്, സംഗീതമായ്....

Wednesday, October 3, 2012

 മൊഴി
 
മൊഴിയിലെ സ്വപ്നങ്ങളേ
കാവ്യസ്പന്ദത്തിനാർദ്ര
സ്മൃതിയിൽ പൂക്കാലങ്ങൾ
വിരിയിച്ചാലും
പലേ വഴിയിൽ
തുരുമ്പേറ്റി നിഴലും മാഞ്ഞു
സ്വർണ്ണതരികൾ നക്ഷത്രങ്ങൾ
ഭദ്രമായ് സൂക്ഷിക്കുന്നു....


വിരലിൽ വിതുമ്പുന്ന
ഹൃദ്സ്പന്ദനത്തിൻ
തുടിയിടയ്ക്കയ്ക്കുള്ളിൽ
ശാന്തിമന്ത്രമായുറങ്ങുന്നു
ഉടഞ്ഞ രുദ്രാക്ഷങ്ങൾ
ചിതറും സദാചലമിഴിയിൽ
വിഭൂതിതൂവുന്നുവോ
പകലുകൾ..


വിടരും സന്ധ്യാവിളക്കതിനും മന്ത്രം
പിന്നെയെഴുതിപ്പെരുക്കിയ
ശൂന്യഗോളങ്ങൾചുറ്റിത്തിരിയും
ലോകത്തിന്റെയാസ്ഥിപത്രങ്ങൾക്കുള്ളിൽ
ഉറഞ്ഞുതീർന്നു
മൊഴിയ്ക്കുള്ളിലെ ദൈന്യം
ചില്ലുതരികൾക്കുള്ളിൽ
പുനർജനിച്ചൂ ഭൂപാളങ്ങൾ..


വഴികൾ തടഞ്ഞാദിമന്ത്രങ്ങളുടച്ചോരു
വ്യസനം പോലും 

ഹോമപാത്രങ്ങൾ മായ്ച്ചൂ 
പിന്നെയരികിൽ
ശേഷിച്ചതൊരിലച്ചീന്തിലായ്
ഭൂമിയെഴുതിതന്നോരക്ഷരത്തിന്റെ
മാഹാത്മ്യങ്ങളതിന്റെയരികിലോ
ക്ഷീരസാഗരകാവ്യം....

Tuesday, October 2, 2012

 മൊഴി

ശ്രുതിതെറ്റിവീണസ്വരങ്ങളെ
ചേർത്തുവച്ചൊഴുകീ കടൽ,
താരകങ്ങൾക്കുമപ്പുറം
പഴയ നൂറ്റാണ്ടുകൾ
നൂൽനൂറ്റചക്രത്തിലൊഴുകി
നിറക്കൂട്ടുകൾ തീർത്തവിഭ്രമം...

കവിതയെ ചേർത്തുവച്ചൊരു
ചില്ലുകൂടിന്റെ നിറുകയിൽ
ഭൂപാളമൊഴുകീ, ഋതുക്കളിൽ
മഴപെയ്തു വീണ്ടും തളിർത്തു
സ്വരങ്ങളും...

അരികുകൾ തേഞ്ഞുതേഞ്ഞൊരു
ധ്വജസ്തൂപത്തിലൊഴുകീ
പുറം മോടികൾ തീർത്ത 

ചിഹ്നങ്ങളെഴുതിയും
മുദ്രകൾക്കുള്ളിൽ ചുരുക്കിയും
കവിതയും മാഞ്ഞു
കനൽക്കൂട്ടുകൾക്കുള്ളിലെരിയുന്നു
രാജ്യവും രാജസങ്കല്പവും...

പഴയനാരായങ്ങളൊരു
വ്യോമഭിത്തിയിൽ
എഴുതീ മഹാവേദഭാവങ്ങൾ
നക്ഷത്രമിഴിയിലായ് മിന്നും
പ്രകാശം പലേ കാലമൊരു
സന്ധ്യ കൈയാലെടുത്ത
വിളക്കുകൾ..

മൊഴിതേടിനിന്നു സ്വരങ്ങൾ
വിരൽതുമ്പിലൊഴുകീയപൂർവഗാനങ്ങൾ
നിറം തെറ്റിയെഴുതിനീങ്ങും
കാലഭാവങ്ങളിൽ നിന്നുമകലേയ്ക്ക്
നീങ്ങുന്നൊരുൾക്കടൽ പിന്നെയീ
മിഴിയിൽ നിറഞ്ഞു മറഞ്ഞ
സംവൽസരങ്ങളിലെഴുതി
തുടങ്ങിയൊരക്ഷരപ്പൂവുകൾ
എഴുതിതുടങ്ങിയ
നക്ഷത്രകാവ്യങ്ങൾ..

Monday, October 1, 2012

 മൊഴി


പെയ്തുതോർന്നൂ
മഴതുള്ളികൾ ഗ്രാമസന്ധ്യയിൽ
നിഴൽപ്പാളികൾ മാഞ്ഞുപോയ്

എത്ര ഹൃദ്സ്പന്ദനങ്ങൾ
വിതുമ്പിയോരക്ഷരം
കാവ്യമാകുന്ന സന്ധ്യയിൽ
കത്തുമാ ചിതയ്ക്കുള്ളിലെ
പുസ്തകമെത്തിനിൽക്കും
പരീക്ഷണശാലയിൽ
കത്തിയഗ്നിയിൽ ഹോമദ്രവ്യങ്ങൾ
ചുറ്റിലും തിരിഞ്ഞെത്ര ഗ്രഹങ്ങൾ..
എത്രയേറെ തളർന്നു മനസ്സും
എത്ര നാളാധിയേറ്റി ദിനങ്ങൾ
എങ്കിലും സന്ധ്യയേറ്റും മുനമ്പിൽ
നിന്നു കാണും മഴയ്ക്കെന്തു ശാന്തി
മുത്തുകൾ പോലെ
കാവ്യസ്പന്ദങ്ങൾ
സത്യമേറ്റുന്ന ചന്ദനപ്പൂക്കൾ
ലോകമാ നിഴൽപ്പാടുകൾ മായ്ച്ചു
തീരഭൂവിൽ നടന്നുനീങ്ങുന്നു
ചുറ്റിലും മഴത്തുള്ളികൾ
കടലെത്തിനിൽക്കുമാ
ചക്രവാളം ഭൂമിയെത്തിനിൽക്കും
മുനമ്പിന്റെ ഗാനമേ
നിത്യതയ്ക്കുള്ളിലെത്ര
സങ്കീർത്തനം...