Wednesday, January 30, 2013

 ഇലയെഴുത്തുകൾ

തീർഥക്കുളത്തിനരികിലെ ആൽമരത്തിൽ നിന്നും മാഘമാസത്തോടൊപ്പം കൊഴിഞ്ഞ ഒരില സാഗരികയുടെ എഴുത്തുപുസ്തകത്തിലേയ്ക്ക് വീണു. ഹരിതനിറം മാഞ്ഞുതുടങ്ങിയ ആ ഇലയെഴുത്തുകൾ വായിക്കാൻ സാഗരിക പരിശ്രമിച്ചു..

മടക്കിയൊതുക്കിചുരുക്കിക്കൂട്ടിയ കടലാസുപോലൊരു കല്പന.. ആലിലകൾക്കൊരു ഭംഗിയുണ്ട്. പ്രത്യേക ഭംഗി.. ഒരു മായിക പരിവേഷം..
ഉണങ്ങിക്കരിയുമ്പോൾ പിന്നെയത് ഭൂമൺ തരികളിലലിയും.. ആലിലകൾ സാഗരികയുടെ കൗതുകമായിരുന്നു. ഗ്രാമത്തിലെ അമ്പലത്തിനരികിൽ
ഭംഗിയുള്ള വൃത്താകൃതിയുള്ള കൽത്തൂണുകളാൽ പണിത ഉത്സവത്തിനെഴുന്നള്ളത്ത് നടക്കും മണ്ഡപത്തിനരികിൽ ഒരരലയാൽ ഉണ്ടായിരുന്നു..
പ്രാചീനമാം നൂറ്റാണ്ടുകൾ കഥപറയും പോൽ പടർന്നു പന്തലിച്ച ഒരരയാൽ. നഗരം ചിന്തേരിട്ടു പണിയും പുതുമയിൽ അരയാൽ വേരറ്റു വീണു..
മേച്ചിലോടുകളുടെ ഭംഗിയുള്ള മേൽക്കൂര തകർന്നു.. പിന്നെയവിടെയുയർന്നു നഗരത്തിന്റെ നിറങ്ങളാലൊരു സാധാരണത്വം..

ഇലകൾക്ക് സംസാരിക്കാനാവുമോ? സാഗരിക വെറുതെ ആലോചിച്ചു..
മുന്നിലൊരാൾക്കൂട്ടം..
മുന്നിൽവീണ ആലില സാഗരിക എഴുത്തുപുസ്തകത്തിലിടയിൽ വയ്ക്കുമ്പോൾ ആരോ പറഞ്ഞു..


നോക്കൂ ഒറ്റയ്ക്കിരുന്നെഴുതുന്നു..
എഴുതിതീരാത്ത പുസ്തകമത്..
മറ്റൊരാൾ കൂട്ടിച്ചേർത്തു..
മുഖം മൂടികളോടും നിഴലുകളോടും പൊരുതിയ സാഗരിക..
പിന്നീടൊരാൾ പറഞ്ഞു..


ആലിലയുടെ മനോഹരമാം കാവ്യഭാവം കണ്ടിരിക്കുമ്പോഴുയർന്ന ആരവം..
സാഗരിക അവരോടു ചോദിച്ചു...
നിങ്ങളിലാരാണു ഏറ്റവും മഹത്വമുള്ളവർ..
മഹത്വമുള്ളവരോ? ഞങ്ങൾ പല ജോലിചെയ്യുന്നവർ..
നിങ്ങളാർക്ക് വേണ്ടി ജോലിചെയ്യുന്നു..
വർത്തമാനപ്പത്രത്തിലെയെഴുത്തുകാരനു കാര്യം മനസ്സിലായി..
അയാൾ നിശ്ശബ്ദത പാലിച്ചു..
രാഷ്ടീയക്കാരൻ ചോദ്യം കേട്ടില്ലെന്നു നടിച്ചു..
ചായങ്ങൾ കോരിയൊഴുക്കി ചിലരെ സന്തോഷിപ്പിക്കാനാവതും ശ്രമിക്കും കലാകാരൻ മുഖം കുനിച്ചുനിന്നു..


മഹത്വമേറിയ നിങ്ങളുടെ ജോലികൾ നിങ്ങൾ മഹനീയമായി ചെയ്യുന്നുണ്ടോ..
സാഗരിക ചോദിച്ചു..
സാഗരികയുടെ ചോദ്യത്തിനുത്തരം പറയാനാവാതെ അവർ നിന്നു.
അതിലൊരാൾക്ക് ദേഷ്യം വന്നു..
നീ ചെയ്യുന്നതാണോ മഹനീയമായ സംഭവം..
അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ..
മഹനീയമായ മാതൃകകളിലെ മഹത്വം കുറയ്ക്കാനെന്ന പോൽ കുറെ നിഴലുകളും മുഖപടങ്ങളും എന്നെയും താഴേയ്ക്ക് വലിയ്ക്കുന്നു.
അവയുടെ ഭാരം കൂടിക്കൂടിവരുമ്പോൾ ഞാനിരിക്കും ഭൂമിയുമീയാൽത്തറയും കുറെ താഴ്ന്നുപോവാറുണ്ട്.
പക്ഷെ അപ്പോഴെല്ലാം ആകാശവാതിലിനരികിലെ ദൈവം എന്നെ ഉയർത്തുന്നു..  അതിനാലാണീയരയാൽ ത്തണലിലിരുന്ന്  ഇന്നും എനിക്ക് ആലിലയനക്കത്തിനിടയിൽ കാണും നക്ഷത്രങ്ങളുടെ തിളക്കം കാണാനാവുന്നത്..


സാഗരികപറഞ്ഞത് ആൾക്കൂട്ടത്തിനിഷ്ടമായില്ല..
ഞങ്ങൾ മഹത്വം കുറഞ്ഞ ജോലിക
ചെയ്യുന്നു എന്നു നീ പറയും പോലെ ഒരു ധ്വനി നിന്റെ വാക്കുകളിലുണ്ട്..
അങ്ങനെ ഞാൻ പറയുന്നേയില്ല..
മഹനീയമായ ജോലികളിലെ മഹത്വം കുറയ്ക്കും ചില പ്രവർത്തികൾ  നിങ്ങൾ ചെയ്യുന്നു,   ഞാനെഴുതുന്നത് നിങ്ങൾക്ക് സഹിക്കുന്നുമില്ല..


സാഗരിക അതിലൊരാളോടു ചോദിച്ചു
നിങ്ങൾ ജോലിചെയ്യുന്നതാർക്ക് വേണ്ടി..
സ്ഥലത്തെ ഏറ്റവും പണക്കാരനായ, പ്രശസ്തനായ ഒരു ധനികനു വേണ്ടി..
ഞാനവിടെ ഒരു പ്രധാന ജോലിയിൽ..
ഞാൻ രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പത്രത്തിൽ
ഏറ്റവും പ്രശസ്തമായ പരസ്യക്കമ്പനിയിൽ
അവരെല്ലാം പറയുന്നത് സാഗരിക കേട്ടു..
നിങ്ങളിലാരും മനസ്സാക്ഷിക്ക് വേണ്ടി, അതിൽ യോഗനിദ്ര ചെയ്യും അതീവ മഹത്വമേറും തേജസ്സിനു വേണ്ടി ഒന്നും ചെയ്യുന്നില്ലേ..
അവരന്യോന്യം നോക്കി..


സാഗരിക അവരെ ചെറുതാക്കാൻ പറഞ്ഞതെന്നേ അവർക്ക് തോന്നിയുള്ളൂ..
സാഗരികയുടെ സ്വപ്നങ്ങൾ തകർന്നുതീർന്നതിൽ അവർക്ക് സന്തോഷം തോന്നി. സാഗരികയെ ദ്രോഹിച്ച നിഴലുകളോടും, മുഖപടങ്ങളോടും അവർക്ക് സ്നേഹം തോന്നി.. 


സാഗരികയ്ക്ക് അവർ മനസ്സിൽ ചിന്തിച്ച കാര്യങ്ങൾ മനസ്സിലായി..
 

മഹനീയമായ മാതൃകളിലെ മഹത്വം കുറഞ്ഞ ചിന്തകളോടു മൽസരിച്ച്  ഭൂമിയുമാൽത്തറയും  താഴ്ന്നുപോവാതിരിക്കുവാൻ
വീണ്ടും ആലിലയനക്കത്തിനിടയിൽ കാണും നക്ഷത്രങ്ങളെഴുതും കവിതയുടെ ലോകത്തേയ്ക്ക് സാഗരിക മെല്ലെ നടന്നു....
 സ്വപ്നങ്ങൾക്കപ്പുറമുള്ള കഥകൾ

 ആകാശത്തിനരികിൽ സന്ധ്യയുടെ തിരിതെളിയും നേരം
വയലേലചുറ്റും ഗ്രാമം ഒരു മനോഹരമാം ചിത്രം പോലെ തോന്നി..

എഴുതിതിരിഞ്ഞ നഗരം തുടങ്ങിയ സിമന്റുപാലത്തിനരികിൽ സമപാദത്തിലുണർന്നു ഒരു സന്ധ്യാമന്ത്രം..

ഒഴുകിനീങ്ങും ഇലകൾക്കരികിലൂടെ ആറ്റിറമ്പിൽ വെയിൽ മാഞ്ഞുതുടങ്ങിയിരുന്നു..  കുത്തുവിളക്കുമായ് പണ്ടൊരു മാന്ത്രികൻ     അവിടെ മായാജാലം കാട്ടിയിരുന്നു.   ഈർപ്പമാർന്ന തണലിൽ നിഴൽ മാഞ്ഞുതീർന്നിരിക്കുന്നു. വാത്മീകങ്ങളാൽ മൂടിയ യുഗഭാവനയിൽ
അർഥനാർഥങ്ങൾ നിരവധി..

ദിനങ്ങൾ തൂക്കിവിറ്റ വിധിപത്രങ്ങൾ ചുറ്റുമൊഴുകുമ്പോൾ സാഗരിക എഴുതുകയായിരുന്നു...

ആൽമരത്തണലും കടന്നുവന്ന കാവിചുറ്റിയ ഒരു അവധൂതൻ സാഗരികയോട് ചോദിച്ചു..
നീയെന്തെഴുതുന്നു..

നിഴലുകൾക്കൊടുവിൽ പ്രകാശമുണരും നക്ഷത്രങ്ങൾ പൂവുകൾ പോൽ വിടരുമ്പോൾ അതിലൊരു കവിതയുണരുന്നതെങ്ങനെയെന്ന്
എഴുതുകയായിരുന്നു ഞാൻ..

നിയെഴുതുന്നതെന്നും നക്ഷത്രങ്ങളെ കുറിച്ചാണോ??

ഓർമ്മകളിൽ മുറിയും മുള്ളുകൾ തുന്നിമുന്നിലൊരു കുലം നിന്ന നാളിൽ
മുഖപടങ്ങളണിയും  മനുഷ്യരെ കണ്ടുതീർന്നിരിക്കുന്നു..  അധികനിറങ്ങളൊഴുക്കാത്ത ഋതുക്കൾക്കപ്പുറം മനുഷ്യർ  ചായം കോരിയൊഴിക്കുന്നതു കണ്ടപ്പോൾ എനിക്കത്ഭുതം തോന്നി. പൂർവജന്മദുരിതമെന്നപോൽ മുന്നിൽ ഞാൻ കണ്ടുതീർന്നിരിക്കുന്നു ഒരു ലോകം..

അവധൂതനറിയുമോ കവടിശംഖുകളിൽ മന്ത്രിക്കും ഗ്രഹദൈന്യങ്ങളറിയാൻ?
സാഗരികയുടെ ചോദ്യം കേട്ട് അവധൂതനൊന്നു മന്ദഹസിച്ചു...

ദൈവത്തിനവതാരങ്ങൾ എങ്ങനെയുണ്ടായി എന്ന് നിനക്കറിയുമോ??
ഭൃഗുശാപത്തിൻ പരിണതഫലമാണു അവതാരങ്ങൾ...
നിടിലത്തിലഗ്നിയുമായ് ശിവൻ ശുക്രനോടു പറഞ്ഞു..    ശിരസ്സ്   കീഴ്പ്പോട്ടാക്കി ആയിരം സംവൽസരം ധൂമപാനം ചെയ്യുവാൻ.. തപസ്സിന്റെയും  തപോവിഘ്നത്തിന്റെയുമിടയിൽ  ഗ്രഹദൈന്യങ്ങൾ ദൈവങ്ങളെപ്പോലും  ഉലയ്ക്കുന്നു.   മനുഷ്യരുടെ ഇമയനക്കത്തിൽ കാണും ചെറിയ മൺ തുണ്ടുകളിൽ നിറയും സ്വാർഥം..

അവധൂതനറിയുമോ, എന്റെയീ ചെറിയ ഭൂമിയുടെയരികുകളിൽ വന്നുവീഴും അസ്ത്രങ്ങളെത്രയെന്ന്.  ആധിതൂവിയൊടുവിൽ തിരികെയെടുക്കാനാവാത്ത അശ്വത്വാമാവിനെപ്പോലുള്ളവരെയ്യും അസ്ത്രങ്ങൾ..

കുട്ടീ, ഈ ലോകത്തിൽ നെടുകയും കുറുകയും വീഴും അസ്ത്രശരങ്ങൾ വീണു നീയിരിക്കും ഭൂമിയല്പം ചെരിഞ്ഞു. എഴുതും നിന്റെ വിരലുകളിൽ
ഇന്നും ശരത്ക്കാലം മിന്നുന്നു..  നക്ഷത്രങ്ങൾ പൂവിടുന്നു..  അതൊരു മനോഹരമായ അവസ്ഥാവിശേഷം..

ഗ്രഹദൈന്യങ്ങൾ നിന്നെ ചുറ്റിവരിയുമ്പോഴും നിനക്കരികിൽ വിരിയുന്നു ആകാശവാതിലിലെ പാരിജാതപ്പൂവുകൾ..
അതെത്രയോ ഭാഗ്യകരമായ സത്യം..

അവധൂതൻ പറയുന്നതെനിക്ക് മനസ്സിലാവുന്നു...
പക്ഷെ ലോകമെന്തേയിങ്ങനെ..

പലവിധമുള്ള ലോകമാണുചുറ്റിലും..  അതിനരികിൽ ഗ്രാമം ചുറ്റും ഹരിതവൃക്ഷങ്ങളിൽ നീയെഴുതിസൂക്ഷിക്കും നക്ഷത്രങ്ങൾ തിളങ്ങട്ടെ.
ലോകമൊരുവഴിയിൽ ആരവമുണർത്തും.. അതിനരികിൽ എഴുതിതീർക്കാൻ നിനക്കൊരുപാടുണ്ടെന്ന് അവധൂതന്റെ മനസ്സുപറയുന്നു..

മിന്നിതിളങ്ങുമൊരു  നക്ഷത്രം അവധൂതന്റെ നിടിലത്തിലുണ്ടെന്ന് സാഗരികയ്ക്ക് തോന്നി. പ്രദോഷത്തിലെ മന്ത്രങ്ങൾ കേൾക്കുന്നുവോ..
ചുറ്റിലും വിഭൂതിയുടെ ഗന്ധം.. അമ്പലമണികളിലുണരും സംഗീതം...
സാഗരിക മിഴിതുറന്നു... അവധൂതനെവിടെ...
ആൽമരത്തണൽ ശൂന്യം.. അവിടെയൊരു സന്ധ്യാദീപം..
അതിനരികിലൊരു രുദ്രാക്ഷം..


Tuesday, January 29, 2013

 കവിതയെഴുതും നക്ഷത്രങ്ങൾ

പുരാണങ്ങളുറങ്ങും അറകളിൽ സാഗരിക തിരഞ്ഞു ഒരെഴുത്തോല.
വേദങ്ങൾ ഭാഗം ചെയ്തൊടുവിൽ അവശേഷിച്ച ഒരെഴുത്തോല.. അതിലായിരുന്നു അനാദിമന്ത്രം..
അദ്വൈതം. ...
നാനാർഥങ്ങളിലുടഞ്ഞുതീർന്ന മൺദീപങ്ങളിലെ പ്രകാശം  ഒരു നക്ഷത്രമിഴിയിലൊളിക്കുമ്പോൾ സാഗരിക സ്വർഗനരകങ്ങൾക്കിടയിലെ ഭൂമിയുടെ ഒരിതളിലെഴുതി..

സമുദ്രതീരങ്ങളിൽ തുളുമ്പിവീണ ഒരു മഴതുള്ളിയിൽ ശംഖിലെ കടൽ സ്പന്ദിക്കുമ്പോൾ കവിതയുണരുന്നതെവിടെയെന്നും സാഗരിക അറിഞ്ഞു

എഴുത്തുമഷിവീണുമൂടിയ ചന്ദനമരങ്ങൾക്കരികിൽ ഗോപുരങ്ങൾ പണിതു നീങ്ങിയ നൂറ്റാണ്ടിലൂടെ അക്ഷരങ്ങളുണർന്ന ഹൃദ്സ്പന്ദനങ്ങൾ
ചേർത്തടുക്കുമ്പോൾ ആരവം തീരാത്തതെന്തെയേന്ന് സാഗരിക ചിന്തിച്ചു..

മുഷിവു വീണ ഓർമ്മയുപേക്ഷിക്കും പോലെ, നിഴലനങ്ങും പോലെ, ഋതുക്കൾ മാറും പോല മുന്നിലൊഴുകുന്നു മനുഷ്യാവിഷ്ക്കാരങ്ങൾ.
വൃക്ഷശിഖരങ്ങളിൽ ശരത്ക്കാലം തുന്നിയ കസവ്. ഒരല്പം സ്വർണ്ണതരി..
മനസ്സിലാവും അർഥങ്ങളിൽ പോലും അനർഥത്തിനച്ചടിപ്പിശക്.. അക്ഷരങ്ങളടരും ചിലമ്പിൽ നിരതെറ്റിവീഴും ലയം.
മുറിഞ്ഞുതീർന്ന ഉപദ്വീപിനൊരതിരിൽ എഴുതിപ്പെരുക്കിയ ലോകം.

പൂവാം കുറുന്നിലയും, വിഷ്ണുക്രാന്തിയും, കറുകയും, ഉഴിഞ്ഞയും, ചെറൂളയും ചേരും രാഗമാലികയെഴുതും പ്രകൃതിയെ സാഗരിക
കണ്ടുതുടങ്ങിയ നാളിലായിരുന്നുവോ ആശങ്കാഭരിതമായ ദിനങ്ങൾ ഹോമപാത്രത്തിൽ അഗ്നിതൂവി സ്വപ്നങ്ങളെ ഹോമിച്ചുതീർത്തത്..
ചിറകുമുറിയും പർവതങ്ങൾ ഗുഹാഗഹ്വരങ്ങളിലൊളിപ്പിച്ച ദൈന്യവും സമുദ്രത്തിനിരമ്പലും കടമായെടുത്തു കണക്ക് തീർത്ത സ്വാർഥമേത്
എന്നോർത്ത് സാഗരിക ഒരിക്കൽ ദു:ഖിച്ചിരുന്നു. അമൃതു തൂവിയ മഴയിൽ ദു:ഖങ്ങളലിയിക്കുമ്പോൾ സാഗരികയുടെ ഹൃദയത്തിൻ പുസ്തകം
ഉണർന്നു..

നെരിപ്പോടുകൾ പുകച്ചുതീർന്നൊടുവിൽ ദിനങ്ങൾ യാത്രയായപ്പോൾ കാലം വെറുതെ അവിടെയുമിവിടെയുമൽപ്പം നിറം തൂവി.
അതിലാദ്യമലോസരമുണ്ടായെങ്കിലും പിന്നെയൊരു നിർവികാരഭാവവുമുണർത്താനേ  അതിനുമായുള്ളൂ.. 
വിഭൂതിക്കുടത്തിൽ നിന്നേതോ പ്രാചീനത മുന്നിലൊഴുകുന്നത് സാഗരിക കണ്ടു..

സന്ധ്യയിലൊരു ശരത്ക്കാലത്തിൽ ചുറ്റുമവ്യക്തതയിലെ വ്യക്തഭാവങ്ങൾ കണ്ടുതീർന്നപ്പോൾ ചിലസത്യങ്ങൾക്കവ്യക്തതയുണ്ടെന്ന് സാഗരികയ്ക്ക് തോന്നി..

വ്യക്തവുമവ്യക്തവുമായ ദൃശ്യങ്ങൾ..
അക്ഷരങ്ങളെ കോർത്തുവലിച്ച ശരങ്ങൾ...

ശരറാന്തലുകളുമായ് നക്ഷത്രങ്ങൾ മുന്നിൽ വന്നുനിന്നപ്പോൾ സാഗരിക മെല്ലെ പറഞ്ഞു..
വ്യക്തമാം അവ്യക്തഭാവം...
ആകാശകവിതയെഴുതും നക്ഷത്രങ്ങൾ...


Monday, January 28, 2013

 യുഗങ്ങൾക്കപ്പുറം


കൃതയുഗമുനികൾ മന്ത്രം ചൊല്ലിനീങ്ങിയ യുഗങ്ങൾക്കപ്പുറം ത്രിദിവത്തിലെ ദ്വാരകപോലെ  മനോഹരമായ ഒരു കാവ്യമെഴുതാനൊരിടം തേടി നടന്ന ഒരു ശരത്ക്കാലപ്രഭാതത്തിൽ സാഗരികയോടു പലരും ചോദിച്ചു..

എത്ര മനോഹരമായ ഹൃദയത്തിനാകൃതികൾ പ്രഭാതത്തിൽ നിന്നെ തേടി വരുന്നു. അതിലെഴുതിയിടുന്ന സങ്കല്പങ്ങളോ എത്ര മനോഹരം..
പിന്നെയും നീയെന്തേ സാഗരിക അതെല്ലാം മായ്ച്ചുകളയുന്നു. ചന്ദനം കുളിരും പോലെ തോന്നും ആ സൃഷ്ടികൾ നിന്റെ മനസ്സിനെയലിയിക്കാത്തതെന്തേ... കടൽ മണൽത്തരികൾ പോലെ നീയതെല്ലാം ഉടച്ചുകളയുന്നുവല്ലോ..
നീയെന്തേ ഇങ്ങനെ..

പ്രഭാതം കസവുതുന്നും പവിഴമല്ലിപ്പൂമരത്തിനരികിലേയ്ക്ക് മെല്ലെ നടന്നുകൊണ്ട് സാഗരിക പറഞ്ഞു..

പലേ ഋതുക്കൾക്ക് മുന്നിൽ ഇതുപോലെയുള്ള ചന്ദനം കുളിരും മനോഹരമായ സൃഷ്ടികൾ കണ്ടിരുന്നു. അത് ഞാൻ മായ്ച്ചുകളഞ്ഞില്ല. പക്ഷെ ഇന്നീ മാറിയ വർണ്ണക്കൂടുകൾക്കരികിൽ അതിലൊരു നാൾ നിറഞ്ഞ ആത്മാർഥതയുടെയംശം തീരെയില്ലാതെയായിരിക്കുന്നു എന്നെന്റെ ശരത്ക്കാലം എന്നോടുപറയുന്നു..

സാഗരത്തിലൊഴുകിയെത്തും വെൺ ശംഖുകളുടെ ഹൃദ്സ്പന്ദനശബ്ദം ആരും കേൾക്കാതിരിക്കാനായി മുന്നിൽ വരും ഹൃദയാകൃതികളിൽ വിശ്വസിപ്പിക്കാ ൻ  പരിശ്രമിക്കും ഒരവിശ്വസനീയത നിറയുന്നത് എനിക്ക് കാണാനാവുന്നു.
സംവൽസരങ്ങൾ നടന്നുനീങ്ങിയ വഴിയിലുടഞ്ഞ തീർന്ന ഹൃദയാകൃതിയാൽ മറച്ച മുൾക്കൂട്ടങ്ങളെ എനിക്ക് കാണാനാവുന്നു.. കൽച്ചീളുകളെ എനിക്ക് കാണാനാവുന്നു. അസ്ത്രങ്ങളെ എനിക്ക് കാണാനാവുന്നു. മഷിപ്പാത്രങ്ങളുടഞ്ഞുതീർന്ന വഴിയിലൊഴുകിയ അമാവാസിയിൽ മുങ്ങിയ നിലാവിനെയും എനിക്ക് കാണാനാവുന്നു..ഹൃദയാകൃതിയാൽ മറച്ച ചുറ്റുവലയങ്ങളിൽ നിന്നെടുത്തുസൂക്ഷിക്കാനിന്നൊരുതുടം നിസ്സംഗത മാത്രം ശേഷിക്കുമ്പോൾ ഞാനത് മായ്ക്കുന്നു.

ഹൃദയത്തിനാകൃതിക്കരികിൽ  സൂത്രമത്സരക്കളിയുടെ ദർപ്പണങ്ങൾ ഞാൻ കാണുന്നു. അതിനാലായിരിക്കും ഞാനതൊക്കെ മായ്ച്ചുകളയുന്നത്..

എന്റെ പരിചയിൽ വീണുടഞ്ഞ വാൾമുനത്തലപ്പിനോർമ്മകൾക്കെത്ര മുറിവ്..
ഒരോ മുറിവിലും നിന്നുണർന്ന അനേകദിനങ്ങൾ ചേർത്തുവയ്ക്കുമ്പോൾ ഇന്നുണരും പ്രഭാതങ്ങളിലെ പൂവുകളും, ഹൃദയാകൃതികളും ഞാൻ മായ്ച്ചുതീർക്കുന്നു...

ഓർമ്മകളുടെ മൃദുവായ ഇതളുകൾ മുറിഞ്ഞുതുടങ്ങുമ്പോൾ ഹൃദയാകൃതികൾ അതിനരികിൽ വന്നെഴുതും അവിശ്വസനീയതയെ വിശ്വസിക്കാതിരിക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ..
ആത്മാർഥതയുടെ നന്മയുണ്ടായിരുന്ന പഴേയിതളുകൾ ഞാൻ മായ്ച്ചുതീർത്തില്ല.
ഋതുക്കളിലൂടെ എത്ര സംവൽസരങ്ങൾ നടന്നുനീങ്ങിയിരിക്കുന്നു.. അതിനിടയിൽ ശേഷിപ്പുകളുടെ എത്ര അവലോകനങ്ങൾ..
ഹൃദയാകൃതികൾ എന്റെ മനസ്സിനെയോ ഹൃദയത്തെയോ ഇന്നലിയിക്കുന്നില്ല.. അതിനുള്ളിലൊഴുകും തത്വശാസ്ത്രങ്ങൾ എന്നെ വിഭ്രമിപ്പിക്കുന്നുമില്ല..
അതിനുള്ളിലെയുപദേശങ്ങൾ എന്റെ ഹൃദയത്തെ സ്പർശിക്കുന്നുമില്ല.. അതിനാലായിരിക്കും ഞാനവയെല്ലാം മായ്ക്കുന്നത്...

സാഗരികേ നീ പറയുന്നതൊന്നും മനസ്സിലാവുന്നില്ലല്ലോ??.
പലരും പലതും ചെയ്തുനീങ്ങുന്നത് ഒന്നും മനസ്സിലാവാത്തതിനാൽ... മനസ്സിലാക്കാൻ ശ്രമിക്കുക പോലും ചെയ്യാത്തതിനാലെത്ര ദുരന്തങ്ങൾ....
ദുരന്തങ്ങൾക്കൊടുവിൽ ആകൃതിതെറ്റിയ ഹൃദയങ്ങൾ ഹൃദയാകൃതിയിൽ എഴുതി നിറയ്ക്കുന്നു..
അതാവും സ്മാരകശിലകൾ....
സാഗരികയുടെ കവിതകൾ

പ്രഭാതങ്ങളിൽ  അക്ഷരങ്ങൾ മുത്തുപോൽ ചേർത്തടുക്കി   അരയാൽത്തണലിരുന്നെഴുതി സാഗരിക...

സാഗരിക അരിയാൽത്തണലിലിരുന്നെഴുതിയ കവിത വായിച്ച് കുറെയാളുകൾ രോഷാകുലരായി എന്നെവിടെയോ വായിക്കുകയുണ്ടായി.
സാഗരികയുടെ കിഴക്കൻ സമുദ്രത്തിനരികിൽ കുറെയേറെ കുടങ്ങളിൽ അസൂയയുടെ ചോന്ന ചായമൊഴുക്കി കാലം. ..


സാഗരികയുടെ കവിത വായിച്ചു കുറെയാളുകൾ. ....
അതിലെ നക്ഷത്രതിളക്കം കാണാനാനായ് പുഴയല്പം ചെരിഞ്ഞൊഴുകി എന്നൊരു ബുദ്ധസന്യാസി പറയുകയുണ്ടായി..   അതാരുമറിയാതിരിക്കാൻ പുഴ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

സാഗരികയുടെ മനസ്സിനെയുലയ്ക്കുക എന്ന പ്രഥമലക്ഷ്യവുമായി മുന്നിട്ടിറങ്ങിയത് സാഗരികയോട് അസൂയയുള്ള ഒരു സൂര്യവംശ
രാജാവായിരുന്നു. രാജാവിനായ് പലരും സ്തുതിഗീതമെഴുതുമ്പോൾ സാഗരിക കിഴക്കൻ സമുദ്രതീരസന്ധ്യയുടെയരികിലിരുന്ന്
ചക്രവാളത്തിൽ വിരിയും നക്ഷത്രപൂവുകളുടെ  കവിതയെഴുതി.. 


സാഗരിക തനിക്കായ് മനോഹരമായ ഒരു കവിതയെഴുതിയെങ്കിൽ
എന്ന് സൂര്യവംശരാജാവ്  അതിയായി മോഹിച്ചു. സൂര്യവംശരാജാവ് അതിനായി പലേ വഴികളും തേടി.. സാഗരിക അതൊന്നുമറിയാതെ
സമുദ്രതീരത്തിലൂടെ ആകാശവും കണ്ടു നടക്കുകയായിരുന്നു.

തനിക്കായി കവിതയെഴുതാത്ത സാഗരികയെ രാജാവൊടുവിൽ ദ്രോഹിക്കാൻതുടങ്ങി.. 
സാഗരികയുടെ കവിതകളെ ആരും പ്രശംസിക്കരുതെന്ന് ഉത്തരവിട്ടു. സാഗരികയുടെ കവിതകൾ രാജ്യത്താരും വായിക്കാൻ
പാടില്ല, സാഗരിക ഒരു വിശ്വസിക്കാനാവാത്ത എഴുത്തുകാരി. 


സാഗരികയോട് രാജാവിനൊരു സ്തുതിയെഴുതാൻ പലരും ആവശ്യപ്പെട്ടു..
സ്തുതിയെഴുതിയാൽ രാജാവ് ഒരുപാട് സമ്മാനങ്ങൾ തരും എന്ന് പലരും സാഗരികയോട് പറഞ്ഞു. സാഗരികയ്ക്ക് സൂര്യവംശരാജാവിന്റെ
ആവശ്യം അതിയാശ പോലെ തോന്നി.
എന്റെ രാജാവീപ്രപഞ്ചം പണിതീർത്ത മഹാനായ ഒരാൾ, 
മനുഷ്യരാജാവിനെപ്പോലും നിയന്ത്രിക്കുന്ന ആൾ. ആ രാജാവിന്റെ രാജാവ് എന്നോടൊന്നും  ആവശ്യപ്പെടുന്നില്ല.. ഈ മനുഷ്യരാജാക്കന്മാരുടെ ദുരാഗ്രഹം തീർക്കാൻ എന്നെക്കൊണ്ടാവില്ല..

ഈ രാജാവിനെ രോഷപ്പെടുത്തിയാൽ സാഗരികയ്ക്ക് അതിദു:ഖമുണ്ടാവും പലരും പറഞ്ഞു...
ദു:ഖവും സുഖവും അനുഭവിക്കാൻ എനിയ്ക്കാവും....
സാഗരിക വെൺശംഖിൽ കടലൊഴുകും കവിതയെഴുതി..
സൂര്യവംശരാജാവിനാകെ ദേഷ്യം വന്നു..


തന്നെ ധിക്കരിച്ച സാഗരികയെ കാരാഗ്രഹത്തിലടയ്ക്കുവാൻ കല്പനയായി..
ഭടന്മാരരികിലെത്തിയപ്പോൾ സാഗരിക അവരെ ആകാശത്തിൽ നിന്നൊഴുകും മഴതുള്ളികളുടെ കവിതപാടികേൾപ്പിച്ചു..
സാഗരികയുടെ കവിത കേട്ട് മനസ്സലിഞ്ഞ അവർ സാഗരികയെ കാരാഗ്രഹത്തിലടയ്ക്കാതെ രാജ്യം വിട്ടുപൊയ്ക്കുള്ളുവാൻ പറഞ്ഞു..
കവിതയെഴുതും ഞാനെന്തിനു രാജ്യം വിട്ടുപോകണം.. 

ഞാനീ കിഴക്കൻ സമുദ്രത്തിനരികിലെ ഉപദ്വീപിലിരുന്നെഴുതും...

രാജാവിനു വലിയ ദേഷ്യം വരുകയും സാഗരികയെഴുതുന്ന നക്ഷത്രങ്ങളുടെ കവിതകളെയും സാഗരികയെയും നേരായ രീതിയിലല്ലാതെ വിമർശിക്കുകയും
ദ്രോഹിക്കുകയും   ചെയ്തു...രാജാവങ്ങനെ ചെയ്യുന്നു എന്ന് ആരുമറിയാതെയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു..

സാഗരികയ്ക്ക് സൂര്യവംശരാജാവിന്റെ സങ്കുചിതമനസ്സ് കണ്ട് അത്ഭുതമാണുണ്ടായത്..
ഈ രാജാവിനായെങ്ങനെയൊരു സ്തുതിഗീതമെഴുതാനാവും..


രാജാവ് വളരെ സൂത്രക്കാരനായതിനാൽ ആരുമാറിയാതെ സാഗരികയെ പല രീതിയിലും ദ്രോഹിച്ചുകൊണ്ടിരുന്നു..
സൂര്യവംശരാജാവ് ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടും കിഴക്കൻ സമുദ്രത്തിനരികിലെ ഒരു മുനമ്പിലിരുന്ന് സാഗരിക എഴുതിക്കൊണ്ടേയിരുന്നു...


രാജാവിന്റെ ഒളിഭടന്മാർ അതെല്ലാം രാജാവിനെയറിയിക്കുകയും രാജാവ് രോഷാകുലനാകുയും ചെയ്തു..


സാഗരികയുടെ കവിതയുടെ നക്ഷത്രതിളക്കം ആരും കാണാതിരിക്കുവാൻ രാജാവ് കിഴക്കൻസമുദ്രത്തിനരികിലൊരു മതിൽ പണിതു.  അതൊഴുകിപ്പോയ മഴക്കാലത്തിനരികിലിരുന്ന് സാഗരികയെഴുതി
പുണ്യാഹതീർഥം പോലൊരു മഴതുള്ളിക്കവിത......


"മനസ്സേ സാഗരങ്ങൾക്കരികിൽ
മഴ തീർഥജലം പോലൊഴുകുന്നു
കുളിരും ചന്ദനപ്പൂവതിലും
തീർഥം, സോപാനങ്ങളിൽ സംഗീതവും


അഴിമുഖങ്ങൾ തീർത്തു
മതിലാമതിലിന്റെയഴിയും
വിലങ്ങിലും മഴതുള്ളികളെന്റെ
ഹൃദയസ്പന്ദത്തിന്റെ
ലയമാലയത്തിന്റെ തുടിയിൽ
തുളുമ്പുന്നു മഴ...
"Friday, January 25, 2013

 കഥപറയും നൂറ്റാണ്ടുകൾ

പതിനൊന്നാം നൂറ്റാണ്ടിലെയൊരു കഥയാണിത്..
തെക്കേ ഇന്ത്യയിൽ തഞ്ചാവൂരിൽ ബൃഹദേശ്വർ ദേവാലയം പണിതീർന്ന നൂറ്റാണ്ട്.
മതിലുകളിൽ സാമ്രാജ്യങ്ങൾ കഥയെഴുതി നീങ്ങിയതിനിടയിലുണർന്ന കഥയാണിത്

സാഗരിക എന്ന പെൺകുട്ടി ഒരു തുന്നൽക്കാരന്റെയരികിലെത്തി.
തുന്നൽക്കാരൻ ചോദിച്ചു..
" കുട്ടീ  നിനക്കെന്താണു വേണ്ടത്"

സാഗരികയുടെ കൈയിൽ ശരത്ക്കാലത്തിൻ പൂവുകളും മഴതുള്ളികൾ പോലെ തിളങ്ങും വെൺ ശംഖുകളും ഉണ്ടായിരുന്നു..

തുന്നൽക്കാരനാകെ കൗതുകമായി..

തുന്നൽക്കാരാ എനിക്കൊരു മുഖപടം വേണം..
എന്തിനു കുട്ടീ, നിന്റെ തിളങ്ങുന്ന കണ്ണുകൾ മൂടിയിടുവാനോ??

എനിക്ക് വേണം തുന്നൽക്കാരാ, ഒരു  Hawk- പരുന്തിന്റെ മുഖപടം..
കുട്ടീ നിന്റെ മുഖം മഴതുള്ളിപോലെ, നിന്റെ കണ്ണുകളിൽ നക്ഷത്രതിളക്കം

നിനക്കെന്തിനൊരു പരുന്തിന്റെ മുഖം മൂടി..
എനിക്ക് വേണം തുന്നൽക്കാരാ......

ഞാനെന്റെ മേശക്കരികിലിരുന്നെഴുതുമ്പോൾ,
ഞാനുറങ്ങുമ്പോൾ, ആട്ടിൻ തോലിട്ട കുറെ കുറുക്കന്മാർ ശല്യം ചെയ്യുന്നു..
അവരെന്നെ കുറെ മുറിവേൽപ്പിച്ചു, അവരിൽ നിന്നൊരു രക്ഷയ്ക്കായ്
എനിക്കൊരു പരുന്തിന്റെ മുഖപടം തുന്നിതരൂ തുന്നൽക്കാരാ..

സാഗരിക പറയുന്നതിൽ വാസ്തവമുണ്ടെന്ന് തുന്നൽക്കാരനു തോന്നി
അയാൾ സാഗരികക്കൊരു പരുന്തിന്റെ മുഖപടം തുന്നി നീട്ടി..

തുന്നൽക്കാരാ എനിക്കിതിടാനൊട്ടും ഇഷടമല്ല, പക്ഷേ ആ കുറുക്കന്മാർ
അതിഭയങ്കരന്മാർ, അതിനാലാണു എനിക്കിതൊക്കെ ചെയ്യേണ്ടി വന്നത്..
തുന്നൽക്കാരാ വളരെ നന്ദി..
എന്റെ കൈയിലെ എല്ലാ ശംഖുകളും ഞാൻ നിനക്ക് തരാം
വേണ്ട കുട്ടീ.. എനിക്കൊന്നും വേണ്ട.
നീയെന്താണു മേശക്കരികിലിരുന്നെഴുതുന്നത്??..
നക്ഷത്രങ്ങളുടെ കവിതകൾ...
മഴതുള്ളിക്കവിതകൾ...
എങ്കിലതിലൊരു കവിതയെനിക്ക് തന്നാൽ മതി..

സാഗരിക കൈയിലെഴുതി സൂക്ഷിച്ച ഒരു കവിത തുന്നൽക്കാരനു കൊടുത്തു..

സ്വപ്നങ്ങൾ ദു:സ്വപ്നങ്ങളായ
ദിനങ്ങളിൽ നിന്നുണർന്ന
നിഴൽരൂപങ്ങൾക്കകലെ
ഉപദ്വീപിൽ ദേവാലയം
പണിതീരുന്ന ഈ നൂറ്റാണ്ടിൽ
ശരത്ക്കാലസന്ധ്യയിലെ
നക്ഷത്രങ്ങൾ
എന്റെ മിഴിയിലെ
പ്രകാശമായിരുന്നെങ്കിൽ..

തുന്നൽക്കാരൻ അത് വായിച്ച് സാഗരികയുടെ കവിളിൽ തട്ടിയനുമോദിച്ചു..
സാഗരിക തുന്നൽക്കാരൻ തുന്നിക്കൊടുത്ത മുഖപടവുമായ് വീട്ടിലേയ്ക്ക് നടന്നു
പിന്നീടൊരിക്കലും മുഖം മൂടികുറുക്കന്മാർക്ക് സാഗരികയെ ഭയപ്പെടുത്താനായില്ല..
നൂറ്റാണ്ടുകൾക്കരികിലിരുന്ന് സാഗരികയെഴുതി..
മഴതുള്ളിക്കവിതകൾ
നക്ഷത്രങ്ങളുടെ കവിതകൾ...
 സ്വപ്നങ്ങൾക്കപ്പുറമുള്ള കഥകൾ...

ഭംഗിയേറിയ വാക്കുകളിലെഴുതാനൊരുങ്ങുമ്പോളാവും ഓർമ്മതെറ്റുപോലെ മുടക്കും മുള്ളുകൾ മുന്നിലേയ്ക്ക് വന്നുവീഴുക.. ഇന്നലെയൊന്നു വന്നിരുന്നു.. കുറെയേറെ നാൾ അതു കാണാതെ പോലെ നടന്നു. മുള്ളുകളുടക്കിവലിഞ്ഞ ശരത്ക്കാലത്തിൻ പൂവിതളിനു നോവുമ്പോൾ അവയെല്ലാം പറയും..   

 "നോക്കൂ കുത്തിനോവിക്കുന്നു മുള്ളുകൾ.. വാക്കുകളാലവയെ തടുക്കുക.." 

ജനലോകപാലനസൃഷ്ടിയിലുണരും കുറെ മുള്ളുകളെ ശരത്ക്കാലമെന്നെ കാണിച്ചുതന്നിരിക്കുന്നു.. 
സമുദ്രത്തിലേയ്ക്ക് നദിയിലൂടെയൊഴുകിവരുമെത്ര വേണ്ടാത്ത വസ്തുക്കൾ.

"നോക്കൂ ശരത്ക്കാലമേ, ഗൗരിയ്ക്കും,   മീരയ്ക്കും ഗായത്രിയ്ക്കുമറിയാം എങ്ങനെ മറുപടിയെഴുതണമെന്ന്.."

"ഇന്നൊരാർത്തിക്കാരിയായ വിധവയുടെ കഥയാകാം.....

 കേട്ടുകൊള്ളൂ ശരത്ക്കാലമേ, നിന്നെ മുറിവേൽപ്പിക്കുന്നവരുടെ ശൈലിയിലെഴുതാമിന്ന്....

പണത്തോട് വല്ലാത്ത ആർത്തിയായിരുന്നു ആ വിധവയ്ക്ക്.. 

രണ്ടാമത്തെ ഭർത്താവിന്റെ മുഴുവൻ പണവുമൂറ്റിയെടുത്ത് ബിസിനസ് ചെയ്ത് നഷ്ടമായി. പണം കിട്ടാനെന്ത് മാർഗം എന്നന്വേഷിച്ച് ജീവിക്കുമ്പോൾ അവനെ കണ്ടുമുട്ടി. അവനന്ന് ഒരു സ്ത്രീയെ ആവശ്യമായിരുന്നു. 
അതിനിടയിൽ വേറൊരുകുട്ടിയുണ്ടായിരുന്നു. കാവ്യസ്വ്പനങ്ങളുമായ് നടന്ന ആൾ.. കവിതയെഴുതി അതിനു നടുവിലിരിക്കും ഒരാളെ സ്വപ്നം കണ്ടിരുന്നവൾ. തനിക്കു ചുറ്റും മനോഹരമായ  കവിതകൾ തൂവലുകൾ പോലെ പറന്നുനീങ്ങിയിരുന്നെങ്കിൽ എന്നാശിച്ചിരുന്നവൾ. ലോകത്തിനൊരുപാട് കപടമുഖങ്ങളുണ്ടാവില്ല എന്ന് വിശ്വസിച്ചിരുന്നവൾ. കവിതകൾക്കിടയിലൂടെ ജാലകവാതിൽക്കൽ ഒളിപാർക്കും മുഖങ്ങളുണ്ടെന്നറിയാതിരുന്ന ശുദ്ധപാവം. സ്വകാര്യദൂ:ഖങ്ങളും, കാവ്യസ്പനങ്ങളും ആരും അറിയരുത് എന്നാഗ്രഹിച്ചവൾ. 

നോക്കൂ ശരത്ക്കാലമേ, അതിനു ശേഷം ഒരുപാടു മനോഹരമായ സ്വപ്നങ്ങളും,  യുദ്ധങ്ങളുമുണ്ടായി.. ഒളിയുദ്ധം ചെയ്യുന്നതാരെന്നൊരുപാട് തിരഞ്ഞു സ്വപ്നക്കാരി.. കാണാനായില്ല.. പിന്നീട് ദൈവത്തോടു ചോദിച്ചു. അങ്ങനെ സ്വപ്നങ്ങൾ തീർത്തവനെയും, സ്വപ്നങ്ങൾ തകർത്തവനെയും കണ്ടു.. ശരത്ക്കാലമേ, സ്വപ്നക്കാരിക്ക് ദേഷ്യം വന്നവനെ ആൾക്കൂട്ടത്തിൻ മുന്നിലിട്ട് കുറെയേറെ ശകാരിച്ചു. അതിൽ ദേഷ്യം പൂണ്ടൊരു സ്ത്രീയെ തേടി നടന്നു അവൻ . എങ്ങനെയെങ്കിലും രക്ഷപ്പെടാൻ...... ആർത്തിക്കാരിയായ വിധവയെ പെട്ടെന്നവൻ ഓർമ്മിച്ചു..  പണത്തോട് ആർത്തിയുണ്ടെങ്കിലും അവൻ വലിയ ആളായതുകൊണ്ട് അവരവന്റെ മുന്നിൽ വളരെ നന്നായി പെരുമാറിയിരുന്നു. സ്വപ്നക്കാരി അവനെ ശകാരിച്ചുകൊണ്ടേയിരുന്നു. ആർത്തിക്കാരിയ്ക്ക് അവനോടൊരു പരാതിയുമുണ്ടായിരുന്നില്ല എന്തുകൊണ്ടെന്നാൽ അവനവളെ മുഖം മൂടിയിട്ടു കളിപ്പിക്കുകയോ, യുദ്ധം ചെയ്യുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്തിരുന്നില്ല. 

കാവ്യസ്വപ്നത്തിന്റെ നനുത്ത തുണ്ടുകൾ അവൻ തല്ലിയുടച്ചു, അവനാർത്തിക്കാരിയെയും കൊണ്ട് പ്രദർശനം നടത്തിയപ്പോൾ അതിനിടയിൽ സ്വപ്നക്കാരിയോട് ചെറിയ പകയുണ്ടായിരുന്ന ഒന്നുരണ്ടുപേർ അവളെ നല്ലപോലെ കുത്തിനോവിച്ചു. അതോടെ സ്വപ്നങ്ങളെല്ലാം മറന്ന് സ്വപ്നക്കാരി അവനെ കുറെ കൂടി ശകാരിച്ചു. ആർത്തിക്കാരിയുടെ ആർത്തിയെ കണക്കിനുപ്രഹരിച്ചു..
അവനു ദേഷ്യം വന്നു കുറെ പണമെല്ലാം മോഷ്ടിച്ച് ആർത്തിക്കാരിക്ക് കൊടുത്ത് അതും കൊണ്ട് ലോകം ചുറ്റി..... 

അതുകണ്ട് ശരത്കാലമേ, സ്വപ്നക്കാരി കവിതയെഴുതാൻ തുടങ്ങി. അതു സഹിക്കാതെ സ്വപ്നക്കാരിയോട് ദേഷ്യമുള്ളവർ ആർത്തിക്കാരിയുടെ അതിസാമർഥ്യത്തെ വെറുതെ പ്രശംസിച്ചുകൊണ്ടേയിരുന്നു..
അതു കാണുമ്പോഴൊക്കെയും കവിതയെഴുതുന്നതിനിടയിലും സ്വപ്നക്കാരി അവനെ ശകാരിച്ചുകൊണ്ടേയിരുന്നു.... ആർത്തിക്കാരി അതിൽ നിന്നെല്ലാം നന്നായി അഭിനയിച്ച് നല്ല മുതലെടുപ്പ് നടത്തി.. 

 
സ്വപ്നക്കാരിയുടെ സ്വപ്നങ്ങളിലുണ്ടായിരുന്ന അതീവവിശുദ്ധവും ദിവ്യവുമായ കാവ്യസ്പന്ദം അവളെ കൈവിട്ടില്ല.. അതിന്റെ പരിലാളനയിൽ അവൾ കവിതയെഴുതിക്കൊണ്ടേയിരുന്നു..സ്വപ്നക്കാരിയുടെ സ്വപ്നങ്ങളെല്ലാം തകർന്നതിൽ അവളോട് ദേഷ്യമുള്ളവർ ആഹ്ലാദിക്കുകയും ചെയ്തു..

ശരത്ക്കാലമേ, ഇങ്ങനെയുള്ള കഥകളാണു ചുറ്റുമൊഴുകുന്നത്..

ശരത്ക്കാലമേ, നിന്റെ സ്വർണ്ണതരികളിൽ നക്ഷത്രങ്ങളുടെ കവിതയെഴുതാനായിരുന്നു ഞങ്ങൾക്കിഷ്ടം...
അതിനിടയിൽ എത്ര കഥകൾ...

നോക്കൂ ശരത്ക്കാലമേ, ഇതൊക്കെ തന്നെ സ്വപ്നങ്ങൾക്കപ്പുറമുള്ള കഥകൾ...

Tuesday, January 22, 2013

മൊഴി
 
മുറിവുകൾ ആരും കാണാതെ
മൂടിവയ്ക്കാനൊരിടമുണ്ടായിരുന്നു
അതുടച്ചാഹ്ലാദിച്ചു കുലം
മുറിഞ്ഞ തുണ്ടുകളിൽ മുളകുതരികൾ
പാകി നീങ്ങി
കുലം
മുറിഞ്ഞതൊന്നു കൂട്ടിക്കെട്ടാൻ
പരിശ്രമിക്കുന്നതിനിടയിൽ
അതുമുലച്ചു ആരവം
അതുടഞ്ഞു തീർന്നു...
മനോഹരമായ കാവ്യസ്പന്ദങ്ങളുടെ
ഓർമ്മസൂക്ഷിച്ച ഹൃദയവും
മുറിഞ്ഞു
മുറിവുകളുടെ ചില്ലുതരികൾ
ഓർമ്മയുടെയവസാനത്തെയിതളും
ഇല്ലാതെയാക്കി..
എഴുതാനിന്നെത്ര വിശാലമായ
അനുഭവങ്ങൾ
എഴുതാനിന്നെത്ര തുന്നിക്കൂട്ടാനാവാത്ത
മുറിവുകൾ..
ഉടഞ്ഞുതീർന്നതൊതുക്കിനീങ്ങുമ്പോൾ
ഒരു നിഴലുപേക്ഷിച്ച മുറിവുകൾ
ആ മുറിവിലും നീറ്റൽ
മുറിച്ചുടച്ചുലച്ചൊടുവിലെഴുതുമ്പോൾ
വിരൽതുമ്പിലൊരു നീറ്റൽ
ഉടഞ്ഞതീരാത്തതായി
ഉള്ളിൽ മനസ്സാക്ഷിയുണ്ട്
അതുടയ്ക്കാതെ സൂക്ഷിക്കാൻ
പരിശ്രമിക്കുമ്പോൾ
സഹിക്കാനാവാതെ കുലം വീണ്ടും
തൂവുന്നു ചോന്ന വിപ്ലവം
അറിവില്ലായ്മ...
എല്ലാമുടച്ചുതീർന്നിട്ടും
മനസ്സു ശൂന്യമായിട്ടും
പകതീരാതെ പുഴയൊഴുകുമ്പോൾ
സമുദ്രം മുറിഞ്ഞുതുടങ്ങിയ തീരങ്ങളിലേറുന്നു..
ആഴക്കടലിനും മുറിവേറ്റിരിക്കുന്നു..
 നക്ഷത്രങ്ങളുടെ കവിത

 മന്ത്രങ്ങൾ തെറ്റും പ്രഭാതങ്ങളിൽ
പഴേയാഗമന്ത്രങ്ങൾ
പുനർജനിക്കുന്നെന്റെ
ഹൃദ്സ്പന്ദത്തിൽ...


വഴിയിലുടയും മനസ്സേ
കണ്ടുതീർന്ന നിറങ്ങൾക്കരികിൽ
ഞാനെഴുതാമഗ്നിചുറ്റിയരികിൽ
തപസ്സിലായ് നിൽക്കുന്നു
പുരാണങ്ങൾ....
എത്ര കൃത്രിമത്വമീ
നിറങ്ങൾക്കെല്ലാം
ചുറ്റിലെത്ര സാഗരങ്ങളിൽ
ദിനങ്ങൾ മരിക്കുന്നു

ഒഴുകും പുഴതീർത്ത കയത്തിൽ
വർത്തമാനമെഴുതും
കടലാസിൻ കല്പിതഭാവങ്ങളും,കഴുകിക്ലാവുതീർന്ന വിളക്കിനരികിലെ
കരിപ്പാടുകൾ പകതീർക്കുന്ന 

രാവിൽതന്നെയറിഞ്ഞുതീർന്നു 
പുതുയുഗത്തിൻ
ആർഭാടങ്ങളതിലോ നിറയുന്നു
പണതുണ്ടുകൾ;

നേർത്തു വരുന്നു ഹൃദയത്തിൽ
വിശ്വസങ്കല്പങ്ങളും..


അരികിൽ നക്ഷത്രങ്ങളെഴുതും
കവിതയിലൊഴുകുന്നുവോ
മിഴിക്കുള്ളിലെ പുരാദൈന്യം
വഴിയരികിൽ വിളക്കിന്റെ
പ്രകാശമതിൽ തട്ടിയുടയും
നിഴലിനൊരദൃശ്യമുഖം
പിന്നിലുടയും ദർപ്പണത്തിലെത്രയോ
മുറിവുകൾ...


മഴക്കാലത്തിൽ പൂക്കൾ വിരിയും
ഗ്രാമത്തിന്റെയരികിൽ
പകലുമിന്നെരിഞ്ഞുതീരുന്നേരം
എഴുതിതീരും കാവ്യസ്പന്ദങ്ങൾക്കരികിൽ
നിന്നുണർന്നുവരുന്നുവോ
സന്ധ്യതൻ നക്ഷത്രങ്ങൾ...
 

Friday, January 18, 2013

 നക്ഷത്രങ്ങളുടെ കവിത

സ്വപ്നങ്ങൾക്കപ്പുറം
കടലായിരുന്നു
തിരകളിലൊഴുകിയ
കടലാസുതുണ്ടുകളിൽ
അവ്യക്തലോകം..
ചായം തേച്ച ചുമരുകളിൽ
അസ്വഭാവികതയുടെ
അധികചിത്രങ്ങൾ
മനസ്സിലുറഞ്ഞുതീർന്ന
കണ്ണുനീർത്തുള്ളി
സ്നേഹത്തിനുടുപ്പുകൾ
മാറ്റിമാറ്റിതുന്നി
അറിഞ്ഞുമറിയാതെയും
വിലപേശിയ വലിയ
ചെറിയ ചിന്താശകലങ്ങൾ
ആഗ്രഹാരങ്ങളിൽ
തണുക്കും ജപമാലകൾ..
മുനിജടയിൽ നിന്നൂർന്നുവീഴും
രുദ്രാക്ഷങ്ങൾ
ഒടുവിലിതിഹാസത്തിനോരോ
നിറവും മുന്നിൽ  തൂവി
ഉടഞ്ഞുതീരാത്ത സ്വാർഥം..
ചില്ലുമാളികൾക്കരികിൽ
നക്ഷത്രങ്ങൾ അഗ്നിതണുക്കും
കവിതയെഴുതുമ്പോൾ
മനസ്സിലൊഴുകട്ടെ
പെയ്തുതീർന്ന
മഴയുടെ സ്വരങ്ങൾ...Thursday, January 17, 2013

 മൊഴി

പഴയ പുരാണത്തിലോർമ്മകൾ
തുന്നിക്കൂട്ടിയരികിൽ
നീർത്തും വർത്തമാനകാലമേ
ഞാനെൻ സ്മൃതിയിൽ നിറയ്ക്കേണ്ട
ചില്ലുതുണ്ടുകൾക്കുള്ളിൽ
എഴുതുന്നതുമതേ പോലെയീ
യുഗത്തിന്റെയിരുളിൽതട്ടി 

പലേ ദിനങ്ങൾ മറയുമ്പോൾ,
എഴുതും വിരൽതുമ്പിലോർമ്മകൾ
തണുക്കുമ്പോൾ,
കലഹിച്ചെങ്ങോ യാത്രപോകുന്ന
നീർച്ചോലയിലൊഴുകിപ്പോകും
പഴേ സത്യങ്ങൾ പോലെ
നിറമൊഴിഞ്ഞ പകലിന്റെ
ഗോപുരമുകളിലായ്
പകുതി താഴ്ന്നുപോയ
പതാകപോലെ രാജ്യം...


 

ഗ്രഹദൈന്യങ്ങൾക്കുള്ളിൽ
കാവ്യങ്ങൾ സ്പ്ന്ദിക്കു
മ്പോൾ
മിഴിയിൽ തുളുമ്പിയ
കണ്ണുനീർപോലും മാഞ്ഞു..
ഓർമ്മകളൂഞ്ഞാൽതുമ്പിൽ
കെട്ടിയിട്ടുലയ്ക്കുമാ ലോകത്തിൻ
നിടിലത്തിൽ മങ്ങുന്നു ത്രിനേത്രങ്ങൾ
രുദ്രാക്ഷമുടഞ്ഞൊരു സന്ധ്യയിൽ
പ്രദോഷത്തിനക്ഷരം സ്പന്ദിക്കുന്ന
ദീപസഞ്ചയങ്ങളിൽ
മറക്കാനിനിയേതു ദിനത്തിനോർമ്മ??
പണ്ടേയുടച്ചുതീർത്തു കുലം
പലതുമാരൂഢത്തിൽ
...... നക്ഷത്രങ്ങളുടെ കവിത


അഗ്നിസ്പർശത്തിൻ
വിളക്കേന്തുന്ന സന്ധ്യേ
വഴിയിത്തിരിനീളും
മുൻപേയിരുളേറിടുമതിനിത്തിരി
മുൻപേ നീയെൻ
മിഴിയിലൊളിച്ചാലും
കറുകപ്പുൽനാമ്പുകൾ
ഹോമിച്ചുപുലർകാലമുണരും നേരം
നിന്നെയുഷസ്സാക്കിടാം ഞാനും
ഇടയിൽ നക്ഷത്രങ്ങൾ
കവിത രചിക്കട്ടെ
കനലിൽ കാലം കരിയിക്കട്ടെ
സർഗങ്ങളെ
മനസ്സിനറയ്ക്കുള്ളിലൊളിച്ചു

സൂക്ഷിക്കുന്ന
കടലി
നിറയട്ടെ
പാരിജാതപ്പൂവുകൾ
മഴയിൽ നെയ്തേറ്റിയ
കാവ്യത്തിൻ തുമ്പിൽ
നിന്നുമൊഴുകി മറഞ്ഞെത്ര
സ്വരങ്ങൾ, സങ്കല്പങ്ങൾ
ഇടയ്ക്കക്കുള്ളിൽ ശ്രുതിതെറ്റി
വീണൊരു ലയമൊടുങ്ങീ
ഋതുക്കളിലൊന്നിലായ്
പിന്നെ ഞാനുമെഴുതീ
സന്ധ്യേയിരുളടുത്തു വരും
മുൻപേയുറങ്ങാമിവിടെയീ
മുനമ്പിൻ തീരങ്ങളിൽ
ജപവും മന്ത്രങ്ങളും
ധ്യാനമണ്ഡപത്തിലായ്
വ്രതം നോറ്റിരിക്കുന്നു
ഹൃദയം സ്പന്ദിക്കുന്നു
കടലേറിയ ശംഖിൽ
കാവ്യങ്ങളൊഴുകുമ്പോൾ
ഉഷസ്സന്ധ്യയായ്
നിന്നെയുണർത്താം

പ്രഭാതത്തിൽ.....

Tuesday, January 15, 2013

നക്ഷത്രങ്ങളുടെ കവിത

മിഴിയിൽ നിറഞ്ഞുതൂവും
മഴതുള്ളിയിൽ
കവിത

കടലുകൾ കണ്ടുതീർന്നരികിൽ
ജപിക്കുന്ന ശംഖിന്റെയുള്ളിലും
കവിത..

നിഴലുകൾ കണ്ടു രോഷം
കൊണ്ടാരാകാശമെഴുതി
നീട്ടൂന്നതും കവിത

വഴിയിലെ കൽച്ചീളിനുള്ളിലും
കരയാതെ വിരലിൽ
തുടുത്തതും കവിത

അരികിൽ കുലം ഘോഷയാത്ര
ചെയ്യും ഗർവമുകിലുകൾ
കാണുന്ന കവിത

വഴിതിരിഞ്ഞേറിയോരാധികൾ
തീർത്തോരു ഗ്രഹദോഷമതിലുമൊരു
കവിത..

ഒടുവിലൊരു ദു:സ്വപ്നമതിൽ
നിറഞ്ഞേറിയോരധികദു:ഖങ്ങളും
കവിത

മൊഴിയിൽ ജ്വലിച്ച
നക്ഷത്രങ്ങളിൽ
മിന്നിയൊഴുകിപ്പരന്നതും
കവിത..

Monday, January 14, 2013


 മൊഴി

കഥയെഴുതിനീങ്ങുന്ന
കാലഘട്ടത്തിന്റെ
ചുമരുകൾ താങ്ങുന്നുതേതു
മിഥ്യ??

മുറിവുകൾ തുന്നാതെ
മൂവന്തികൾക്കുള്ളിലിരുളിട്ടു
നീങ്ങിയതേതു ഗർവം??

അറിവിന്റെയക്ഷരം തെറ്റി
വീഴുന്നേരമെഴുതുവാൻ
കല്പിച്ചതേതു യോഗം??

ഇടവഴിക്കുള്ളിൽ
ശിരോപടങ്ങൾ തീർത്ത
നിഴലഴിക്കെത്ര രൂപം...

പകലുകൾക്കുള്ളിൽ
കടൽത്തീരമേറ്റിയതാരുടെ
ആത്മരോഷം??

മുകിലുകൾതുന്നുന്നതേതു
സങ്കല്പം??
അരികിലാകാശത്തിനരികിൽ
വിളക്കേന്തിയൊഴുകുന്നൊരാർദ്ര
താരം....

മൊഴിതെറ്റി, മൗനത്തിനടവുതെറ്റി
മഴയിൽ കുതിർന്നു
മഷിക്കുപ്പികൾ....

അരികിൽ ഗൃഹാതുരത്വം
നീങ്ങി ഗ്രാമത്തിനുണർവിലെ
പവിഴമല്ലി...

Sunday, January 13, 2013

 നക്ഷത്രങ്ങളുടെ കവിത
 
എത്രയോ സംവൽസരങ്ങൾ,
എത്രയോ കാവ്യസ്പന്ദങ്ങൾ
കണ്ടുതീരാത്ത പ്രപഞ്ചം
യുഗാന്ത്യങ്ങളെണ്ണിമടങ്ങും
ഋതുക്കൾ...
മുന്നിലെ ശുഭ്രപ്രതീക്ഷയാം സർഗം
കാവ്യസ്വരങ്ങൾ

ഒന്നുടഞ്ഞാലാപാനത്തിൽ
നിന്നേറിയോരാരോഹണത്തിൽ


ഇന്നലെയിൽ നിന്നുതിർന്നു
ചിലമ്പിന്റെ 

മന്ത്രങ്ങളാത്മദ്രുതങ്ങൾ..
ഒരോ പദത്തിലും
നാനാർഥമേകുമനർത്വം
പിന്നിൽ നിന്നാരോ
നിഴൽപ്പാടു മായ്ക്കാതെ
മുന്നോട്ടുനീങ്ങുന്നുവോ??ഓർമ്മകൾ മഞ്ഞുപോൽ
മാഞ്ഞുതീരും പകൽചേലയിൽ
തിങ്ങും പ്രകാശം..

ചക്രവാളം 
കണ്ടുതീരുന്നൊരാദിഗർവം
മേലോടുകൾ താഴെ വീഴുന്ന
ശബ്ദഘോഷം

ആകെ സ്വരം തെറ്റി
നിൽക്കുന്നൊരാഴക്കടൽ

എത്രയോ മുദ്രകളത്രയും
നീളുന്ന തീരം..

മുത്തുകൾ തൂവി

നക്ഷത്രങ്ങൾ  തീർക്കുന്ന 
കാവ്യം
ആകാശഗാനം
നക്ഷത്രകാവ്യം....


നക്ഷത്രങ്ങളുടെ കവിത


കാറ്റിന്റെ മർമ്മരം
ഗാനമായ് മാറും ശരത്ക്കാലമേ
കേട്ടുകേട്ടിന്നീയുഗാന്ത്യത്തിലെ
പദക്കൂട്ടുകൾക്കെന്തു മാറ്റം
കോട്ടകൾക്കുള്ളിൽ മരിക്കുന്ന
സത്യം
നേട്ടങ്ങളിൽ നിഴൽക്കൂട്ടിന്റെ
വന്യം..


തീർഥസ്നാനം കഴിഞ്ഞെത്തും
പ്രഭാതമേ!
നേർത്തുവരുന്നൊരീ
മാർഗഴിയിൽ ഹോമപാത്രങ്ങളെല്ലാം
നിറഞ്ഞൂ
നൂറ്റാണ്ടുകൾ കണ്ട ദൈന്യങ്ങൾ മാഞ്ഞൂ
മിഴിക്കുള്ളിലേറ്റിയോരാധികൾ
തീർന്നൂ..

പാട്ടുതീർത്തെന്നേ മുളം തണ്ടുകൾ
യാത്രയായി;
പാട്ടിന്റെയീണവും തെറ്റി....
ആരവത്തിൽ പദം തെറ്റിവീഴും
സ്വരമാതിരക്കുള്ളിലെ ദു:ഖം...
ഒരോവരിക്കുള്ളിലും
കടൽ പാടുന്നതാദിമദ്ധ്യാന്ത്യഗാനം...

ചുറ്റിത്തിരിഞ്ഞുനീങ്ങുന്നു ഗ്രഹങ്ങൾ
ചുറ്റികതുമ്പിൽ തുളുമ്പുന്നു ദൈന്യം
മേഘഗർവം പഴേ നൂറ്റാണ്ടുകൾ
ചുറ്റിയോടുന്നുവോ??
തീരങ്ങളിൽ നിന്നു ശംഖുകൾ
പാടുന്നുവോ??
ആകാശഗംഗാജലപ്രവാഹം
പോലെയാദികാവ്യം
നക്ഷത്രകാവ്യം.....

Saturday, January 12, 2013

 നക്ഷത്രങ്ങളുടെ കവിത
 
പകലിൻ പ്രകാശം
പ്രാർഥനാനിരതമാം
മനസ്സിന്റെ മന്ത്രം..


ഇടവേളകൾ മാഞ്ഞുതീർന്നു
ദു:സ്വപ്നങ്ങളൊഴുകി മാഞ്ഞൂ...
പലദിനങ്ങൾ ചേർന്ന
സംവൽസരങ്ങളിൽ
കവിതപോൽ
സ്വപ്നം വിരിഞ്ഞു....


മുകിലുകൾ യാത്രയായ്
വെൺപട്ടുതുന്നിയോരറിവുമായ്
മഴവന്നു, ഭൂവുണർന്നു..


എഴുതിയുടഞ്ഞുതീർന്നെത്രയോ
വർണ്ണങ്ങൾ
കലഹിച്ചുമാഞ്ഞുപോയെത്രയോ
നന്മകൾ..


നിനവിൽ വ്രതം നോറ്റു
സന്ധ്യകൾ നക്ഷത്രമിഴിയിലൊരു
ഗാനമായ് മാറി..


വഴികൾ പിരിഞ്ഞ ത്രിദോഷത്തിലെ
ഗ്രഹത്തിരിവുകൾ
കണ്ടുപ്രദോഷവും നീങ്ങി..


ഒടുവിലൊരു ജപമാലയിൽ
നിന്നുഭൂമിയുടെ മിഴിയിൽ
നിറഞ്ഞു സ്വരങ്ങൾ...


Friday, January 11, 2013

നക്ഷത്രങ്ങളുടെ കവിത

എഴുതിപ്പെരുക്കിയ
എണ്ണം തെറ്റിയ ഋണങ്ങൾ..
ഭൂപടത്തിൻ നിറുകയിൽ
നേർത്തുവരുമൊരു
പ്രഭാതം
ഇടനാഴിയിൽ കലഹിക്കും
കണ്ടുതീർന്ന ഒരിടവേള
ചിഹ്നങ്ങളിൽ, മുദ്രകളിൽ
എഴുതിതീർത്ത ഓർമ്മകൾ
മറയാനിനിയൊരു ലേശം
നിഴൽപ്പാടുമാത്രം
നടന്നുനീങ്ങും സംവൽസരങ്ങളതും
മായ്ക്കും
വിരൽതുമ്പിനരികിൽ
സന്ധ്യയെഴുതിക്കൊണ്ടേയിരിക്കും
ആഴക്കടലിനഗാധതയിൽ
ശംഖിൽ നിറയും കവിതയുമായ് 
ഞാനുണരുമ്പോൾ
ആകാശമൊരു മനോഹരമാം
മേൽക്കൂരതീർക്കും
അതിലൊഴുകും നക്ഷത്രങ്ങളുടെ
സർഗം...

Sunday, January 6, 2013

പ്രിയപ്പെട്ട ഗായത്രി
 
എത്ര ശ്രമിച്ചിട്ടും ജാലകനിഴലുകൾ വിട്ടുപോവാത്തതിൽ ഞാനും വിഷമിക്കുന്നു.         ആ പുഴ നമ്മുടെയുദ്യാനത്തിൽ
നിന്നും  ഒഴുകിമാഞ്ഞിട്ടും ജാലകനിഴലുകളെന്തിനിനിയും കാവൽ നിൽക്കുന്നു.. ആ പുഴ നമ്മുടെയുദ്യാനത്തിൽ നിന്നകന്നു നീങ്ങിയാലല്പം മനശാന്തിയുണ്ടാകും എന്നു ഞാൻ വിശ്വസിച്ചുപോയി. ആ പുഴയൊഴുകി മാഞ്ഞിട്ടും
മനശാന്തിയുണ്ടാകാതിരിക്കാനുള്ളതൊക്കെയും മഷിതുള്ളികൾ ചെയ്തുകൊണ്ടേയിരിക്കുന്നു.. പുഴയുടെ പകയൊരു വശത്ത്,  മഷിതുള്ളികളുടെ മറ്റുള്ളവരുടെ ദുരിതാഘോഷം വേറൊരു വശത്ത്.. ഇതിനിടയിലും മീര എഴുതാനാവുന്ന്
എന്നത് എത്രയോ ഭംഗിയേറിയ കാര്യം.. 


എനിക്കറിയാം മീര അശാന്തിയുടെയനശ്ചിതത്വത്തിലും ആകാശവാതിലിലെ ദൈവം നമ്മുടെ വിരലുകളിൽ നക്ഷത്രങ്ങളെ തൂവുന്നു..

ആ പുഴയോടൊഴുകിമായാൻ പറയുമ്പോളല്പം ദു:ഖമുണ്ടായിരുന്നു, ആ പുഴയ്ക്കുമല്പം ദു:ഖമൊക്കെയുണ്ടായിരുന്നു.
മഷിതുള്ളികളിന്ന് ആ ദു:ഖമെല്ലാം നന്നായി തൂത്തുമായ്ച്ചിരിക്കുന്നു. തൂത്തുമായ്ക്കുമ്പോൾ ദു:ഖം മാറ്റിയവിടെ പക നിറയ്ക്കാനുമവർക്കായി.. സന്തോഷിക്കുന്നുമുണ്ടാവും മഷിതുള്ളികൾ..

ജാലകനിഴലുകളെയകറ്റുക എന്ന പ്രാർഥന ഞാനെന്നുമെൻ ആകാശവാതിലിലെ ദൈവത്തോടു പറയുന്നു. ദൈവമെല്ലാമറിയുന്നു. കാണുന്നു. മനുഷ്യന്റെ മഷിപ്പാത്രങ്ങൾക്കപ്പുറം കണ്ടുകൊണ്ടിരിക്കുന്നു മനുഷ്യന്റെ  ക്രൂരവിനോദങ്ങൾ..
ആ ജാലകനിഴൽ
മാഞ്ഞുമാഞ്ഞുതീരുമ്പോൾ പിന്നെ മീര നമുക്കെഴുതാം.. ആത്മാവിന്റെയക്ഷരലിപികൾ പോലെ മനോഹരമാം എഴുത്തക്ഷരങ്ങൾ.. 
നക്ഷത്രങ്ങളുടെ സംഗീതം.. പലേ ദിക്കിലും തട്ടിതൂവിയ പ്രാചീനപുരാണം പോലെ ദിവ്യമാം
വേദം പോലെ നമുക്കെഴുതാം..


അയഥാർഥത്തിൻ ഒരിടവേളയിലെ മുഖങ്ങൾ മാഞ്ഞുതീരട്ടെ...
അശാന്തിയുടെയിലകൾ നമുക്കീ നെരിപ്പോടിലിടാം, കത്തിതീരട്ടെ കലാപത്തിനോർമ്മകൾ,
കനലെരിഞ്ഞുതീരുമ്പോൾ പുകഞ്ഞുപുകഞ്ഞുതീരട്ടെ അശാന്തിയുടെയാവരണങ്ങൾ..
മുഖാവരണങ്ങളില്ലാത്ത നമ്മുടെ മഴക്കാലത്തിനരികിലിൽ
അവസാനത്തെയോർമ്മയുടെ ഓർമ്മപ്പെടുത്തലുകളുമായ് ജാലകവാതിലിനരികിൽ

നിഴലുകൾ വരാതിരിക്കാനായ് നമുക്കൊരു പ്രാർഥനയെഴുതാം
മീരFriday, January 4, 2013

നക്ഷത്രങ്ങളുടെ കവിത

ഓർമ്മകളിൽ
നിന്നകലേയ്ക്ക് നീങ്ങുമ്പോൾ
ജനൽ വാതിലിനരികിൽ
വീണ്ടും നിഴലാട്ടം

ഋതുക്കളുപേക്ഷിച്ച
കരിഞ്ഞ പൂവുകൾക്കരികിൽ
കടലാസുതുണ്ടുകളുടെ
കല്പനകൾ

സാഗരങ്ങൾ
ശ്രുതിയിടും കിഴക്കേപ്രഭാതമേ
കേൾക്കാനാവുന്നു
ഒരിടവേളയുടെ
നിലയ്ക്കാത്ത ആരവം

ഡിസംബറിലെ
മഞ്ഞുപാളികൾക്കരികിലൂടെ
ജനുവരിയിലക്ഷതം തൂവി
നീങ്ങിയ നിലാവിനപ്പുറം
മാഞ്ഞുതീരാത്ത
ഒരിടവേളയുടെ
നിഴലെഴുത്തുകൾ

മുന്നിൽ, പിന്നിൽ
നിലതെറ്റിയ ഹൃദയത്തിനൊരു
സ്പന്ദനം
അക്ഷരങ്ങൾ
ആകാശനക്ഷത്രങ്ങളുടെ കവിത

Thursday, January 3, 2013

 നക്ഷത്രങ്ങളുടെ കവിത


ഋതുക്കൾക്കിടയിൽ
അക്ഷരങ്ങൾക്കിടയിൽ
ഒളിപാർത്തിരിക്കും
നിഴൽ പോലെയിരുണ്ട
മനസ്സുകൾ

ഉടഞ്ഞുതീർന്ന രുദ്രാക്ഷങ്ങളിൽ
പൊട്ടിയടർന്നുവീഴും
പ്രശാന്തിമന്ത്രം

മുന്നിൽ കൽപ്പടവുകളിൽ
വഴിമാറിനടന്നയുഗത്തിൻ
അറിവില്ലായ്മ..

സന്ധ്യയിൽ
ശംഖിലൊഴുകും

കടലിനസ്വസ്ഥഗാനം

വെൺചാമരങ്ങളിലാകാശമേലാപ്പിൽ
നക്ഷത്രങ്ങളെഴുതും കവിത..

വിരൽതുമ്പിൽ 

സ്വപ്നം പോലെ തിളങ്ങും
ശരത്ക്കാലം

നിഴൽ വീഴാതിരിക്കുവാൻ
മനസ്സിൽ മതിൽ പണിയും
തുളസിപ്പൂവിതളിലെ ഗ്രാമം...
Tuesday, January 1, 2013

 മൊഴി
 
മനസ്സേ!
മൊഴിയിൽ
നിന്നടർന്നുവീഴട്ടെ
ആത്മസംഘർഷവുമതിൻ
അവസാനത്തെയക്ഷരവും
 
ഹൃദ്സ്പന്ദങ്ങളേ
മുഖങ്ങളനേകമില്ലാതെ
ചില്ലുപാത്രങ്ങളിലുറങ്ങുമ്പോൾ
നക്ഷത്രങ്ങളെഴുതും
കവിതയിൽ പ്രകാശം
നിറയുന്നതറിഞ്ഞാലും

മതിലേറി, പടിപ്പുരയേറി,
ജനൽ വാതിലിനരികിൽ
പഴം പുരാണം ചൊല്ലും
പഴയകാല ഋണങ്ങളേ
നിങ്ങളെന്നാണാവോ
കടം തീർത്തു മടങ്ങുക...

ഇടറിവീണ സ്വരങ്ങളേ
വിതുമ്പും മഴതുള്ളികളിലൂടെ
വിരൽതുമ്പിലൊഴുകും
വിസ്മയമൊരു
കാവ്യസ്പന്ദത്തിലലിയുമ്പോൾ
സ്വരസ്ഥാനങ്ങളിൽ
ശരത്ക്കാലം തൂവും
സ്വർണ്ണതരികൾ ചേർത്തെഴുതിയാലും
വീണ്ടുമൊരു രാഗമാലിക...