Sunday, May 10, 2015



ഒരു ദീപാവലിയിൽ
By Rema Prasanna Pisharody

മഴ കണ്ടു നിൽക്കാം, മൊഴിയഴകിൽ വീണ്ടുമാ
മഴമരത്തണലിലായ് നിഴൽ തണുക്കുന്നതും
ചിറകൊടിഞ്ഞൊരു സ്വപ്നശിഖരത്തിലായ്
പൂക്കളിതൾ പൊഴിക്കുന്നതും
ഒരു മൺവിളക്കിലെ ദീപാവലിയ്ക്കുള്ളിലിരുളു
മായുന്നതും, വാനത്തിലായ് ദൂരെ
കരിമണികൾ ചിതറുന്ന പോലെയമാവാസി
അരികിൽ  വരുന്നതും അഴികൾ തുറന്നേറി
യാത്മാവിലെ മുറിവിലൊരു ചന്ദനപ്പൂ
തൊടുന്ന പോൽ കുളിരുന്ന മൃദുവാക്കു
 പോൽ ശിശിരമഞ്ഞുവീഴുന്നതും,
ജപമുത്തുകൾ പോലെ മിഴി പൂട്ടി  മുകുളങ്ങൾ
ഒരു പ്രഭാതത്തിനായ് കാത്തുനിൽക്കുന്നതും
ഇതളറ്റു വീഴും ദിനത്തിന്റെ ചിമിഴിലായ്
ഇലപൊഴിയ്ക്കും കാലമോർമ്മയാകുന്നതും
മഴ തിമിർക്കുന്നതും കാറ്റിന്റെയുള്ളിലെ
ദലമർമ്മരങ്ങൾ സുഗന്ധമാകുന്നതും
കുളിരുതൂവും മൺചിരാതുകൾക്കുള്ളിലായ്
നറുവെളിച്ചം  സായം സന്ധ്യയാകുന്നതും
ഇമയനക്കങ്ങളായ്, നിമിഷങ്ങളായ്
വളർന്നൊരു ദിനം പിന്നെയും മാഞ്ഞുപോകുന്നതും
ഇവിടെയീ പവിഴമല്ലിപ്പൂമരത്തിന്റെ
അരികിലിരുന്നു കാണും മഴയ്ക്കുള്ളിലായ്
ഗഗനകാവ്യങ്ങൾ തുലാവർഷമായ് പെയ്തു
മരുഭൂമിയാം മനസ്സാകെ തളിർക്കുമ്പോൾ
ഋതുഭേദമുദ്രകൾ വിരിയുന്ന പ്രകൃതിയുടെ
ഇടനാഴികൾ ദീപമേറ്റും ദിനത്തിലായ്-
കഴുകി വെടിപ്പാക്കിയിന്നലെയാ ക്ലാവു
മുഴുവനും പോയ വിളക്കിന്റെയുള്ളിലെ
തിരിവെളിച്ചം  കൈക്കുടന്നയിൽ ഭദ്രമായെഴുതു-
വാനായിയെടുത്തു വയ്ക്കുന്നു ഞാൻ

By Rema Prasanna Pisharody
Monday 11.22 AM May 11, 2015


കനൽ മിഴിയിലെരിയുന്ന നോവിന്റെ
തീയാളിയിടയിലൊരു ഭൂപടം കരിയുന്നു
ഭൂഖണ്ഡമുലയുന്ന ദിക്കിന്റെ മൺ തരികളിൽ
വീണു കദനവും കടലായിരമ്പുന്നു പിന്നെയോ
മഴപെയ്തു തളിർനുള്ളിയൊരുദിക്കിലായ്
കാലരഥമോ കടന്നുനീങ്ങീടുന്നു, കാർമേഘഗതിയിലെ
കാനനങ്ങൾ തേറ്റമേറ്റുന്നു
തിരിയുന്നൊരുരകല്ലിലൊരുനാളിലേറ്റിയ
നെടിയ സത്യത്തിന്റെ ചന്ദനം തൊട്ടുതൊട്ടെഴുതുവാൻ
വന്ന സ്വപ്നങ്ങളുമുറഞ്ഞതിൻ ശിശിരവും
യാത്രയായ് നിർനിമേഷം ഹൃദയധമിനികൾ
തീവ്രസ്വരങ്ങളിൽ വീണുടഞ്ഞതിനരികിലെ
മണ്ഡപങ്ങൾ വാല്മീകമായ്
ഒരു നിയോഗത്തിന്റെയുൽസവം
കണ്ടുതീർന്നൊഴുകും ദിനത്തിന്റെ
ജപസന്ധ്യകൾ, മതിലിനരികിലായ്
ചക്രവാളത്തിന്റെ മന്ത്രണം
വഴികളേറി പലേ ദേശങ്ങളും കടന്നെവിടെയോ
യാത്രാപോയെങ്കിലും ഹൃദയത്തിനറകളിൽ
വീണ്ടും നിറഞ്ഞേറിയെത്തുന്ന
ഒരു ബാല്യനോവിന്റെ ദുഗ്ദ്ധകണങ്ങളിൽ
അറിയാതെയറിയാതെയറിവായി മാറുന്ന
അമൃതമാതൃത്വത്തിനക്ഷയപാത്രങ്ങൾ