Friday, February 26, 2016

സൂര്യനസ്തമിക്കാത്ത കവിതകൾ..
(മഹാകവി ഓ എൻ വി - അനുസ്മരണം)
(By Rema Prasanna Pisharody)
============================================================================
2013 ലെ ജൂൺ മഴക്കാലത്താണ് മഹാകവി ഓ എൻ വിയെ ആദ്യമായി കാണാൻ എനിയ്ക്ക് ഭാഗ്യമുണ്ടായത്..
പ്രാചീന കവിത്രയങ്ങളായ ചെറുശ്ശേരി, തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ പിന്നീട് ആധുനിക കവിത്രയങ്ങളായ ഉള്ളൂർ, ആശാൻ, വള്ളത്തോൾ എന്നിവരുടെ കവിതകളും മലയാള ഭാഷയിലെ പ്രാമുഖ്യമേറിയ കവിയിടങ്ങളിൽ നിറഞ്ഞൊഴുകിയിരുന്ന നാളുകളിലൊന്നാണ് ശ്രീ ഓ എൻ വിയുടെ ‘ഇത്തിരിപ്പൂവ്’ എന്ന കവിത ഞാൻ വായിയ്ക്കാനിടയായത്. കുഗ്രാമഭൂമിയുടെ സീമന്തരേഖയിലെ മംഗല്യകുങ്കമമായ്, കവിൾ ചോപ്പിൽ വിരിയും നുണക്കുഴിയിയായ്, ഉഷ സന്ധ്യയുടെ ചുംബനമുദ്രയായ് വിടരുന്ന ഇത്തിരിപ്പൂവ് എന്നെ അതിശയപ്പെടുത്തി..
എന്റെ കാവ്യപ്രിയങ്ങളിലേയ്ക്ക് ഇത്തിരിപ്പൂവിനെ മെല്ലെ ഞാനെടുത്തുവച്ചു. ദശാബ്ദങ്ങൾക്ക് മുൻപേ മനപ്പാഠമാക്കിയ ആ കവിത ഇന്നും എന്റെ മനസ്സിന്റെ സ്മൃതിനിധിശേഖരങ്ങളിൽ നിലനിൽക്കുന്നു ശ്രീ ഓ എൻ വിയുടെ കാവ്യപ്രഞ്ചത്തിന്റെ ഉൽകൃഷ്ടമായ പ്രത്യേകതയാവാം ആ സ്മൃതി ചിമിഴുകൾ. ‘അക്ഷരങ്ങളിലെ ഫീനിക്സ്’ യവനകഥയിൽ നിന്നെന്റെ മനസ്സിനെ ചിതയിൽ നിന്നുയർത്തുമ്പോൾ ‘ഇത്തിരിപ്പൂവ്’ നിഗൂഢസ്പന്ദനങ്ങളുമായ് ഹൃദയത്തെ തന്നെ കൈയിലേറ്റിയിരിക്കുന്നു.

പിന്നീട് ഞാൻ ശ്രീ ഓ എൻ വിയുടെ അനേകം കവിതകൾ വായിച്ചു. അതിലെ മനോഹരമായ സങ്കല്പങ്ങൾ എന്നെ കവിതയിലേയ്ക്ക് കൈയേറ്റി നടത്തി. സാധാരണത്വത്തിലെ അസാധാരണത്വമാർന്ന സഞ്ചാരമാണ് ഓ എൻ വി കവിതകളുടെ പ്ര്യത്യേകത. അതിന്റെ വ്യാപ്തി വാക്കുകളിലൊതുക്കാനാവില്ല. കടലുകളും, ചക്രവാളങ്ങളും കാവൽ നിൽക്കുന്ന അതിബൃഹുത്തായ ഒരു ഭൂഖണ്ഡത്തിലേയ്ക്ക് നടന്നുകയറും അവസ്ഥയാണ് ഓ എൻ വിയുടെ കവിതകളിലൂടെ സഞ്ചരിയ്കുമ്പോൾ ഉണ്ടാവുക. ആ ബൃഹദ് ലോകത്തെ കുറിച്ചെഴുതുവാൻ എന്റെ അറിവ് അപര്യാപത്യമെന്ന് പറയേണ്ടിയിരിക്കുന്നു.

2013ലെ ജൂൺ മഴക്കാലത്ത് മഹാകവി ഓ എൻ വിയെ കാണാൻ കൈനിറയെ എഴുതിക്കൂട്ടിയ കവിതയുമായ് തലസ്ഥാനനഗരിയിലെ കവിയുടെ വീടിലെത്തിയപ്പോൾ, വാതിൽപ്പടിയിൽ അല്പം ഗൗരവം കലർന്ന മുഖവുമായി നിന്ന മഹാകവിയെ കണ്ടപ്പോൾ പലരും പറഞ്ഞ നിരുത്സാഹപ്പെടുത്തും കഥകളോർമ്മിച്ചു. കവിതയാണു കൈയിലെന്നറിഞ്ഞപ്പോൾ അകത്തേയ്ക്ക് ക്ഷണിയ്ക്കുകയും അപ്പോൾ തന്നെ കവിതകൾ മറിച്ചു നോക്കുകയും ഒന്നു രണ്ട് വരികൾ ചൊല്ലുകയും ചെയ്തു. ആകാശ ഭംഗി എന്ന് ഞാനെഴുതിയ വരി ആകാശശോഭ എന്നെഴുതിയാൽ കൂടുതൽ യുക്തമായിരിയ്ക്കും എന്നഭിപ്രായപ്പെട്ടു.

ശാർങകപ്പക്ഷികൾ എന്ന കവിതാ സമാഹാരം എനിയ്ക്ക് വായിയ്ക്കുവാനായി സാർ തരികയുണ്ടായി. അന്ന് പത്ത് മണിയ്ക്ക് ഹോസ്പിറ്റലിൽ പോകാനുണ്ടെന്നും കവിത വായിച്ചതിനു ശേഷം അഭിപ്രായം എഴുതിത്തരാം എന്ന് പറയുകയും ചെയ്തു. ആസ്പത്രിയിൽ നിന്നും വന്നതിനു ശേഷം അല്പം സുഖമില്ലാതിരുന്നിട്ടും എന്റെ കവിത മൂന്നു പ്രാവശ്യം വായിയ്ക്കുകയും അതിലെ തെറ്റുകുറ്റങ്ങളൊന്നും അവതാരികയിൽ രേഖപ്പെടുത്താതെ എന്നോട് നേരിട്ടു പറയുകയും എന്റെ കവിതയ്ക്ക് 'ഭാവശുദ്ധിയുള്ള കവിത' എന്ന ശീർഷകത്തിൽ അവതാരിക എഴുതിത്തരികയും ചെയ്തു. ബാല്യകാലം മുതലേ വായിച്ചറിഞ്ഞ് ബഹുമാനിച്ചിരുന്ന മഹാകവിയുടെ കൈയൊപ്പ്; എന്റെ കവിതയിലെ ദൈവമുദ്ര അതായിരുന്നു എനിയ്ക്ക് ഓ എൻ വിയുടെ അവതാരിക.. സാറിന്റെ കവിതകളുടെ ആയിരത്തിലേറെ പേജുകളുള്ള രണ്ട് കവിതാസമാഹാരങ്ങൾ എനിയ്ക്കായി തരികയുണ്ടായി. ടാഗോർ എനിയ്ക്കിഷ്ടപ്പെട്ട കവിയെന്ന് പറഞ്ഞപ്പോൾ ടാഗോറിന്റെ ‘വർഷാമംഗൾ’ എന്ന ആൽബം കേൾക്കണമെന്ന് പറയുകയുണ്ടായി. ഓ എൻ വി സാറിനെ കാണാൻ വീണ്ടും ഞാൻ 2015ലെ ഫെബ്രുവരിയിൽ പോയിരുന്നു. കവിതയെ സ്നേഹിക്കുന്നവരെ എത്രമാത്രം സാർ പ്രോൽസാഹിപ്പിക്കുന്നു എന്നെനിയ്ക്കറിയാനായി. സാറിനെക്കുറിച്ചെഴുതുമ്പോൾ സാറിന്റെ ഭാര്യയെയും ഓർമ്മിക്കേണ്ടതുണ്ട്. ആദ്യം കാണുന്നവരോടു പോലും സ്നേഹത്തോടെ പെരുമാറുന്ന ആ അമ്മയെ കാണാനായതും എന്റെ ഭാഗ്യമെന്നേ കരുതുന്നുള്ളൂ. സാറിന്റെ ലോകജ്ഞാനം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സാറിന്റെ കവിതാ സമാഹാരങ്ങൾ വായിയ്ക്കുമ്പോൾ അറിയാനാകുന്ന അക്ഷരലോകം സൂര്യന്റെ അക്ഷയപാത്രം പോലെയാണ്. ഒരോന്നും പകർന്നെടുക്കുമ്പോൾ വീണ്ടും നിറയുന്ന അമൂല്യശേഖരങ്ങൾ. “യാസ്നായ പൊല്യാന നീയെന്റെ ജീവനെ തീർഥയാത്രയാക്കുന്നു..’’
എന്ന് ടോൾസ്റ്റോയിയുടെ തപോവനമായിരുന്ന തറവാടിനെക്കുറിച്ചെഴുതിയ മഹാകവി തന്നെ കൃഷ്ണ നിൻ നിറം കൃഷ്ണക്രാന്തിതൻ സ്നിഗ്ദശ്യാമം കൃഷ്ണ ഞാനാ വർണ്ണത്തെയെത്ര മേൽ സ്നേഹിക്കുന്നു എന്നെഴുതിയത് വായിക്കുമ്പോൾ പ്രകൃതിയെ സ്നേഹിക്കുന്ന, പ്രകൃതിവർണ്ണങ്ങളിലെ ഈശ്വരഭാവത്തെ സ്നേഹിക്കുന്ന കവിയെ കാണാനാകുന്നു..
ഹുസൈൻ സാഗർ തടാകത്തിന്റെ നടുവിലെ പാറക്കെട്ടിൽ സ്ഥാപിക്കാനായ് കൊണ്ടുവന്ന ബുദ്ധപ്രതിമ തടാകത്തിലേയ്ക്ക് താണുപോയപ്പോൾ 
'' താഴുവതെന്തേ തഥാഗത! ഈ തടാകത്തിൻ... ആഴത്തിൽ ജലകന്ദരങ്ങളിലുണ്ടോ ശാന്തി''
എന്നു ചോദിച്ചു പോകുന്നു കവി.. തീരെച്ചെറിയ ശബ്ദങ്ങൾ എന്ന കവിതയിൽ എനിയ്ക്കിഷ്ടം മുകിൽപ്പെരുമ്പറ കൊട്ടിത്തിമിർത്തു പെയ്യുന്ന മഴയുടെ ശബ്ദം ............... ഇവയെല്ലാമെന്നും എനിയ്ക്കിഷ്ടം പക്ഷെ പ്രിയതരം തീരെ ചെറിയ ശബ്ദങ്ങൾ...
കൃഷ്ണനെ കാണാൻ കല്ലും മുള്ളും നിറഞ്ഞ അവിലുമായ് പോയ കുചേലനെ പോലെ അസംസ്കൃത വസ്തുക്കൾ നിറഞ്ഞ കവിതയുമായ് പോയ എനിയ്ക്കും കുചേലനെ പോലെയുള്ള അനുഭവമാണുണ്ടായത്. ആ അനുഭവം സ്മൃതിയിൽ നിന്നടർത്തിയെഴുതിയ കുചേലഹൃദയം എന്ന കവിതയ്ക്ക് കവി അയ്യപ്പൻ പുരസ്ക്കാരം ലഭിയ്ക്കാനുള്ള ഭാഗ്യമുണ്ടായി. ആ പുരസ്കാരം വാങ്ങാനായി തിരുവനത്തപുരത്ത് പോയപ്പോൾ കഴിഞ്ഞ ഒക്ടോബറിൽ സാറിനെ കാണാനായി. ഒരു ചെറിയ വീഴ്ച്ചയിൽ കൈയ്ക്ക് അല്പം വേദനയുണ്ടായിരുന്നു. ചെറിയ അസുഖങ്ങളുടെ അസ്വസ്ഥതയും സാറിനുണ്ടായിരുന്നു അന്നാണ് സാർ പുതിയ സമാഹാരമായ 'സൂര്യന്റെ മരണം' എന്ന കൃതി തന്നത്. മനസ്സിലും ഹൃദയത്തിലും നിറഞ്ഞു തുളുമ്പിയ കവിതയെ എഴുതിയൊഴുക്കാനാവാത്ത വ്യസനം ആ വരികളിലുണ്ടെന്ന് എനിയ്ക്ക് . മനസ്സിലാക്കാനായി 'നിന്റെ സൂര്യൻ മരിച്ചു പോയി' എന്ന് കവി പറഞ്ഞു പോകുന്നു.
സംഗീതഗാനലോകത്തിന്റെ പഴയകാല സ്മരണകളുണരുന്ന'' അരികിൽ നീയുണ്ടായിരുന്നെങ്കിൽ'' എന്ന പുസ്ത്കം പ്രസിദ്ധികരിച്ചതിനു ശേഷം കോപ്പി അയച്ചു തരാം എന്ന് സാർ പറയുകയുണ്ടായി. 'സൂര്യന്റെ മരണം' എന്ന കവിതാ സമാഹാരമാണ് സാർ എനിയ്ക്ക് വായിയ്ക്കാനാറ്റയി അവസാനമായ് തന്നത്..
'സൂര്യന്റെ മരണം' ഓ എൻ വി =================== സഹപഥികരെല്ലാ മൊഴിഞ്ഞുപോയേകാന്ത സഹനസത്രത്തിൽ ഞാ- നൊറ്റൊയ്ക്കിരിക്കുന്നു മണ്ണിൻ സുഗന്ധങ്ങ- ളാകെയുമേറ്റി വ ന്നെൻ ജാലകത്തിലൂ ടുള്ളിലേയ്ക്കിട്ടു പോം കാറ്റും വെറും കൈയു- മായ് വന്നു പ്പൊയ്; ഒരു രാക്കുയിലിൻ തേങ്ങൽ കേൾക്കൂ ഞാൻ, ഉള്ളിലോ കാലുറയ്ക്കുന്നീല- യീ ജാലകത്തിര- ശ്ശീലപോൽ നെടുകെ നിലം പതിയ്ക്കുന്നു ഞാൻ നെഞ്ചിലെ ചോര- ക്കിളി നൊന്തു മൂളുന്നു നിന്റെ സൂര്യൻ -- നിന്റെ സൂര്യൻ മരിച്ചു പോയ്..
ഒക്ടോബറിലെ അവസാന കൂടിക്കാഴ്ച്ചയിൽ സാർ റഷ്യൻ പര്യടനത്തെക്കുറിച്ച് പറഞ്ഞു. റഷ്യൻ കവിയായ അലക്സാണ്ടർ പുഷ്കിന്റെ സംഭാവനകളെക്കുറിച്ചുള്ള ഓ എൻ വിയുടെ പഠനം അടിസ്ഥാനമാക്കി റഷ്യൻ ഗവർണ്മെന്റ് അദ്ദേഹത്തെ ആദരിച്ചിരുന്നു, റഷ്യൻ പാർലമെന്റിൽ ഒരു പെൺകുട്ടി ഓ എൻ വിയുടെ റഷ്യയിലേയ്ക്ക് മൊഴിമാറ്റം ചെയ്ത കവിത ചൊല്ലുകയും അതിലെ തീവ്രഭാവങ്ങളുടെ ശക്തിയാൽ ആ പെൺകുട്ടി ആ കരയാനാരംഭിക്കുകയും ചെയ്തു. അക്ഷരങ്ങൾ അതിരുകൾക്കതീതമായി നിലകൊള്ളുന്നു എന്ന സത്യം ഇവിടെ പ്രസക്തം..
ഭൂമിയുടെ അറ്റം എവിടെയെന്ന് ചോദിക്കുന്ന കുട്ടിയോട് ഭൂമി ചുരുങ്ങി ചുരുങ്ങിയൊരാറടിയായ് വരും എന്ന് അച്ഛനെക്കൊണ്ട് നമ്മോട് പറയും മഹാകവി ജീവിതത്തിന്റെ ക്ഷണികതയെ ഓർമ്മിപ്പിക്കുമ്പോൾ ആറടി മണ്ണിനപ്പുറം വളരേണ്ടതെങ്ങെനെയെന്ന് അനശ്വരകാവ്യങ്ങളിലെ ഉപ്പുതരിയിലൂടെ നമ്മോട് പറയുന്നു

അക്ഷരങ്ങളാലൊരു മാസ്മരലോകം സൃഷ്ടിച്ച് പ്രിയ കവി യാത്രയായിരിക്കുന്നു. ഓർമ്മിയ്ക്കുവാൻ അക്ഷരവും, അഗ്നിശലഭങ്ങളും, ഉപ്പും, ശാർങകപ്പക്ഷികളും, സ്വയംവരവും, ഭൂമിയ്ക്കൊരു ചരമഗീതവും, നിലാവിന്റെ ഗീതവും, പിന്നെയനേകം ഗാനങ്ങളും ഇനി വരും തലമുറയ്ക്കായി, ഭൂമിയ്ക്കേകി കവി താരാപഥങ്ങളിലൂടെ ഇനിയുമാരും കണ്ടിട്ടില്ലാത്ത വേറൊരു കവിയരങ്ങിലേയ്ക്ക് യാത്രയായിരിയ്ക്കുന്നു.
പ്രണാമം പ്രിയ മഹാകവേ!!
സൂര്യസാക്ഷ്യം
By
Rema Prasanna Pisharody
February 25, 2016

മഹാകവി ഓ എൻ വിയുടെ കാവ്യസമാഹാരങ്ങൾ ചേർത്തെഴുതിയ ഒരു
അനുസ്മരണം

അഗ്നിനക്ഷത്രങ്ങളേ!  ചില്ലുകൂടിനുള്ളിലാ-
യിന്നലെ കണ്ടു ശാന്തമുറങ്ങും സൂര്യാഗ്നിയെ..

അവിടെയൊരേ കടലിരമ്പി, മഴ പെയ്തു;
മഴയ്ക്കെന്തൊരു ഭംഗിയെന്നാരോ പറഞ്ഞുപോയ്!

അരളിപ്പൂക്കൾ നിറഞ്ഞെങ്കിലുമാമ്പൽപ്പൂവിൻ
കവിതയ്ക്കുള്ളിൽ നിന്നും പെൺകുട്ടി കരഞ്ഞുപോയ്.

നിലാച്ചോലകൾ ബീഥോവന്റെ സിംഫണി പാടി
ചെറിയ ശബ്ദങ്ങളെ പ്രണയിയ്ക്കാനായ് വന്നു

രോഷത്തിന്നുടവാളിൽ തേനരുവികളേറ്റി
യാത്രയാവുന്നു വസന്തത്തിലെ കുയിലുകൾ

ഭൂമി തന്നറ്റം തേടിയൊരു പാഥേയത്തിന്റെ
പാതകൾ കടന്നാദിസത്യമായ് സമുദ്രങ്ങൾ

മയിൽപ്പീലിയിൽ, വെളിച്ചത്തിന്റെ തിളക്കത്തിൽ
മധുരം തൂവും അക്ഷരത്തിന്റെ  ആഗ്നേയങ്ങൾ

കറുത്ത പക്ഷീ നീയും പാടുന്നു, ഉപ്പിൽ തൊട്ടു
പുനർജനിയ്ക്കും നൂറ്റാണ്ടരികിൽ സ്പന്ദിക്കുന്നു

ലോലമാം ഗാനങ്ങളിൽ ആതുരമാകും സ്നേഹവീടുകൾ
യാത്രാമൊഴിയാരോട് ചൊല്ലീടേണ്ടു?

ശാർങകപ്പക്ഷി, അപരാഹ്നമായ് കാണാമൊരു
കാളിദാസനെ , ഉജ്ജയിനിയെ , കൽഹാരത്തെ

ഗാലവർ നീങ്ങും ലോകനീതിതൻ പീഠങ്ങളിൽ
കാനനം തേടിപ്പോയ കണ്ണുനീരുറവകൾ

മാധവി മുന്നിൽ നിന്നും നടന്നു മറയവെ
സാഗരമിരമ്പുന്നു ഹൃദയം ത്രസിക്കുന്നു

ഈ പുരാതനമായ കിന്നരം പാടീടുമ്പോൾ
ഞാനഗ്നി തന്നെയെന്നു പറയുന്നുവോ സൂര്യൻ!

ഭൈരവൻ തുടിയിട്ട് പാടുമ്പോൾ, വളപ്പൊട്ടിലിന്നു
ബാല്യത്തിൻ വെള്ളിക്കൊലുസിൻ ചിരിപ്പൂക്കൾ

ക്ഷണികം എല്ലാം പക്ഷെ സ്നേഹിച്ചുതീരാത്തവർ
ഇവടെ നീങ്ങീടുമ്പോൾ മധുരം ദിനാന്ത്യങ്ങൾ

അന്യ ദു:ഖങ്ങൾ മഹാസാഗരങ്ങളാകുമ്പോൾ
നിന്റെ ദു:ഖങ്ങൾ വെറും കടൽ ശംഖുകൾ മാത്രം

സ്വസ്തി ഹേ സൂര്യ! കാവ്യപ്രപഞ്ചം തുടുക്കുന്ന
നിത്യവിസ്മയങ്ങളിലെന്നുമേ ജീവിക്കുക...

മരിയ്ക്കേണ്ട സൂര്യ നീ,  അമരത്വത്തിൻ ശ്രേഷ്ട-
പഥത്തിലിരുന്നക്ഷരങ്ങളെസ്നേഹിക്കുക

No comments:

Post a Comment