Wednesday, February 2, 2022
അക്ഷരങ്ങൾ
അക്ഷരങ്ങൾ
കൺകളിൽ ഇരുൾ തീണ്ടിയ മേഘങ്ങൾ
പെയ്യുവാനായൊരുങ്ങി നിന്നീടവേ
ചെങ്കനൽ നീറ്റി സാന്ധ്യവർണ്ണങ്ങളിൽ
പിന്നെയും തിരി വച്ച താരങ്ങളേ
നിദ്രതൻ മങ്ങിനിൽക്കും വിളക്കി നെ
കൈയിലേറ്റി നിലാവാൽ തെളിക്കവേ
യാത്ര തൻ പരിക്ഷീണമാം പാതയിൽ
കൂട്ടിനുണ്ടെന്ന് ചൊല്ലിയ കാലമേ
താഴെ വീഴുമെന്നോർത്തങ്ങിരിക്കവെ
താങ്ങി നിർത്തിയ സർവ്വം സഹേ ഭൂമി
കൂട്ടിനാരുമില്ലെന്ന് കരുതവേ
കൂട്ടുകൂടുവാൻ വന്ന ഋതുക്കളേ
ഇല്ലെനിക്കിനി വയ്യെന്നു ചൊല്ലവേ
കൈപിടിച്ചോരു സർഗ്ഗാത്മലോകമേ
നേരെഴുത്തിൻ്റെ മൗനവാല്മീകത്തിൽ
ധ്യാനലീനമിരുന്ന ലിപികളേ
അക്ഷരങ്ങളേയെന്നും പരസ്പര-
ചക്രവാളം തൊടുന്നോരനന്തതേ!
അഗ്നിസൂര്യൻ ജ്വലിക്കവേ പാടുവാൻ
നിത്യമെത്തുന്ന പാട്ടുകാർ പക്ഷികൾ
ചിത്രകംബളം നീർത്തി പരസ്പരം
ഹൃദ്യമീലോക സൗഹൃദക്കാഴ്ചകൾ
കൈവിരൽ തൊടും ഭൂമി, മഴ
മണ്ണിലെന്നുമുണ്ടീപരസ്പരാകർഷണം
Rema Pisharody
February 2, 2022
Subscribe to:
Post Comments (Atom)
No comments:
Post a Comment