Saturday, November 30, 2024
PUBLISHED ON NOVEMBER 30, 2024
മിണ്ടൽ
Rema Pisharody
മിണ്ടാതിരിക്കുന്നതെന്തെന്ന് ചോദിച്ച-
സന്ധ്യയോടൊന്നും പറഞ്ഞില്ലനന്തത!
മിണ്ടാതിരിക്കുന്നതെന്തെന്ന് ചോദിച്ച-
മണ്ണിനോടൊന്നും പറഞ്ഞില്ല വേരുകൾ
മങ്ങിത്തുടങ്ങും വിളക്കണച്ചാകാശ-
മൊന്നുമേ മിണ്ടാതിരിക്കുന്നതെന്തിന്;
ചോദിച്ചു രാപ്പാടിയെങ്കിലും നിശ്ശബ്ദ-
താരകങ്ങൾ ധ്യാനലീനരായ് നിന്നുവോ?
യാമങ്ങളെല്ലാം കടന്നുഷസ്സെത്തവേ-
സാധകം ചെയ്യാൻ മറന്നു സാരംഗികൾ!
ചന്ദനക്കൂട്ടും കടന്ന് സോപാനങ്ങൾ
ഒന്നുമേ പാടാതെ മൗനത്തിലാഴ്ന്ന് പോയ്
മിണ്ടാതെ നിൽക്കുന്ന സൂര്യഗോളത്തിൻ്റെ-
പിന്നിലായ് ചക്രവാളം നിന്നു മൂകമായ്
മിണ്ടാതിരിക്കുന്നതെന്തെന്ന് ചോദിച്ച-
ഇന്നിനോടൊന്നും പറഞ്ഞതില്ലാകാശം
മിണ്ടിത്തുടങ്ങിയാൽ തോരാതെ പെയ്യലിൽ
എന്നുമുണ്ടാകുന്ന പ്രാക്കും, പരാതിയും
കണ്ടുകണ്ടാമഴത്തുള്ളികൾ പെയ്യാതെ-
മിണ്ടാതിരിക്കുന്ന ഹേമന്തതീരത്ത്
മിണ്ടിമിണ്ടിത്തിരയ്ക്കെന്നും വരച്ചിടാൻ-
ഒന്നുമാത്രം ജലം തൊട്ട നീർപ്പോളകൾ
പണ്ടേ കൊഴിച്ചിട്ട ചിപ്പികൾ, പൂർവാഹ്ന-
മന്ത്രങ്ങൾ സാധകം ചെയ്യുന്ന ശംഖുകൾ!
മിണ്ടിമിണ്ടിപ്പറഞ്ഞാകെ നീറിപ്പക-
ത്തുമ്പിലായ് പൊട്ടിത്തെറിച്ച കാലത്തിൻ്റെ
പെൻഡുലം നിശ്ചലം, ലോകസ്തൂപത്തിൻ്റെ
നെഞ്ചിൽ പിടഞ്ഞുവീഴുന്ന യുദ്ധക്കനൽ
അന്ധകാരം വാക്കതൊന്നുമേ ചൊല്ലാതെ-
മിണ്ടാതിരിക്കുന്ന പർവ്വതഗുഹയ്ക്കുള്ളിൽ
മിണ്ടിയാലെന്ത്, മിണ്ടാതങ്ങിരിക്കിലും
രണ്ടതിർവേലിയിൽ ഗന്ധകം കത്തവേ
മിണ്ടാതെ പ്രാണൻ പലായനം ചെയ്യുന്നു
മിണ്ടാതെ സന്ധികൾ മാഞ്ഞുപോയീടുന്നു
മിണ്ടാതെ മിണ്ടാതെ വാക്കുയർത്തും മതിൽ,
മിണ്ടാതെ മിണ്ടാതെ തച്ചൻ്റെ വീതുളി!
മിണ്ടിപ്പിടഞ്ഞ് കരിഞ്ഞ വേരിൽ നിന്ന്-
മിണ്ടി വീണ്ടും തുടങ്ങീടുന്നൊരക്ഷരം
രണ്ടായ് പിളർന്നൊരാരൂഢത്തിൽ നിന്നതാ
രണ്ട് പത്രങ്ങൾ, ശിലാശില്പശാലകൾ
ഒന്നൊളിപ്പോരിൻ്റെ മിണ്ടാത്ത ഭൂപടം
മറ്റേത് നിശ്ശബ്ദമാകുന്ന സാഗരം
രണ്ടിലും തെറ്റിപ്പിരിഞ്ഞ ശബ്ദത്തിൻ്റെ-
രണ്ട് ചിഹ്നങ്ങൾ പതാക, ഭൂഖണ്ഡങ്ങൾ.
==============================
Friday, November 29, 2024
നൈനം ഛിന്ദന്തി ശസ്ത്രാണി
എത്ര ബഹുമാനത്തോടെയാണ് നമ്മൾ ചില മനുഷ്യരെ ശ്രദ്ധിച്ചിരുന്നത്. എത്രമാത്രം
ആദരവോടെയാണ് അവരുടെ നേട്ടങ്ങൾ കണ്ടത്ഭുതപ്പെട്ടിരുന്നത്. പക്ഷെ അവർ തന്നെ നമ്മുടെ മുന്നിൽ
പല വട്ടം ഈ ബഹുമാനം, ഈ ആദരവ് ഒക്കെയും ഇല്ലായ്മ ചെയ്യുന്നതെന്തിനെന്ന് വളരെ ആലോചിച്ചിട്ടും
പിടികിട്ടുന്നില്ല. സ്വന്തം ബഹുമാന്യതയെ വാശി
കൊണ്ട് മായ്ച്ച് കളയുന്നവർ. വളരെ ഉയരങ്ങളിൽ
നിന്ന് ഇവരെന്തിന് താഴേയ്ക്ക് താഴേയ്ക്ക് നിർബന്ധബുദ്ധിയോടെ പോകുന്നത് എന്നാലോചിച്ചിരുന്നു. മനുഷ്യാവസ്ഥയുടെ പരിണാമങ്ങളിൽ ഇതേ പോലെയുള്ള അവസ്ഥകൾ
ദർശിക്കാനാകും. എല്ലാ യുദ്ധങ്ങളുടെയും ആരംഭം ചില വാശികളിൽ നിന്നാണ്. സൂചി കുത്തുവതിന്
പോലും, അവകാശപ്പെട്ട സ്ഥലം കൊടുക്കില്ല എന്ന വാശിയോടെ അക്ഷൗഹണിയെന്ന സൈന്യസന്നാഹം മാത്രമല്ല
വിജയത്തിനാവശ്യം എന്നറിയാതെ പാണ്ഡവരെ പുറത്താക്കുക എന്നെ ഒരേ ഒരു വാശി മാത്രമുണ്ടായിരുന്ന
ഹസ്തിനപുരപതി അവസാനം എന്ത് നേടി. ഇതേ പോലെയുള്ള വാശി ഇന്ന് എഴുത്തിടങ്ങളിലുണ്ട്. അത്രയൊന്നും ചിന്തിക്കാതെ എഴുതുന്ന ഒരു വാക്കിൽ
നിന്ന് മഹായുദ്ധമുണ്ടാക്കി ഒടുവിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ വളരെ ബഹുമാനത്തോടെ
നമ്മൾ മനസ്സിൽ കണ്ടവരാണെന്നറിയുമ്പോഴുണ്ടാകുന്ന അമ്പരപ്പ്. എങ്ങനെയെങ്കിലും ഇവരിൽ നിന്നൊക്കെ ഒഴിഞ്ഞ് മാറി
നടക്കാമെന്ന് വച്ചാലോ അല്പബുദ്ധികളായ കുറെയേറെ കൂലിയെഴുത്തുകാരെ കൊണ്ട് നമ്മളെ കല്ലെറിയാൻ തുടങ്ങും.
ശബ്ദമുയർത്തിയും, നിശ്ശബ്ദമായും ഇവരെ നേരിടാൻ ശ്രമിച്ചു എങ്കിലും ഒരു പ്രയോജനമുണ്ടാവില്ല എന്നത് സത്യമാണ്.
കൂലിയെഴുത്തുകാരെ കാണുമ്പോൾ
സഹതാപമുണ്ടാകും. കൂലിത്തല്ലുകാരോട് പണ്ടേ തന്നെ തീരെ ബഹുമാനമില്ല. ബഹുമാനം തോന്നിയ
ചിലരോടൊക്കെയുള്ള ബഹുമാനം ഇല്ലായ്മ ചെയ്യാൻ ഈ കൂലിയെഴുത്തുകാർക്കായിട്ടുണ്ട്. ഇത്ര ബാലിശമോ ഇവരുടെ ലോകജ്ഞാനം എന്ന് തോന്നിയിട്ടുമുണ്ട്. സത്യത്തിൽ എഴുതിതോൽപ്പിക്കാനെത്തിയവർ വലിയ സഹായമാണ്
ചെയ്ത് തന്നത്. മനുഷ്യർ എങ്ങനെയാവരുതെന്നുള്ള ഒരു പാഠം അവർ സ്ഥിരമായി കാണിച്ച് തരുന്നുണ്ട്.
അങ്ങനെയുള്ളവരെ അവഗണിക്കേണ്ടതെങ്ങനെയെന്നുമുള്ള പാഠം ഇപ്പോൾ നന്നായി അറിയാം. യാതൊരു ഗുണവുമില്ലാത്ത പതിരുകളാണ്
കൂലിയെഴുത്തുകാർ. ഇവരെ ഒക്കെ കൂലിക്കെടുത്ത് സ്വയം ബഹുമാന്യത കളയുന്ന ആളുകളോട് പ്രത്യേകിച്ച്
എന്ത് പറയാനാണ്. അവരുടെ വാശി അതായിരിക്കും. കുറെയേറെ ആൾക്കാരെ നമ്മൾക്കെതിരെ തിരിക്കാനായി
എന്നത് വളരെ ബഹുമാന്യമായ നേട്ടമാണെന്ന് വലിയ ലോകപരിചയമുള്ള ഒരാൾ പറയാൻ ശ്രമിക്കുമ്പോൾ
നമ്മുടെ മനസ്സിലുണ്ടായ മന്ദഹാസം അത് ദൈവത്തിൻ്റെ ചിരിയായിരുന്നു. ആയിരം പേരെ നമുക്കെതിരായി തിരിക്കുക എന്നതാണോ ഈ
ലോകത്തിൽ ചെയ്യാനാവുന്ന ഏറ്റവും മഹത്തായ കാര്യം. അങ്ങനെ ഒരാളുടെ വാക്ക് കേട്ട് നമ്മൾക്കെതിരെ
തിരിയുന്നവരുണ്ടെങ്കിൽ അവരെ അവഗണിക്കുക എന്ന
മഹത്തായ കാര്യം നമുക്ക് ചെയ്യാനാവും. മനസ്സിൽ നന്മ സൂക്ഷിക്കുന്നവർക്ക് ഇതേ പോലെയുള്ള ആൾക്കാരുടെയൊന്നും സഹായം ആവശ്യമേയില്ല
എന്നതാണ് സത്യം. നമ്മുടെ വാശി എന്നത് ഏറ്റവും
മനോഹരമായ ഒരു കവിത എഴുതുക എന്നതാണ്. ആ ലക്ഷ്യത്തിലൂടെ നടക്കുമ്പോൾ മനസ്സ് ശാന്തവും
സന്തോഷഭരിതവുമാണ്. അതിനിടയിൽ ചപ്പ് ചവറുകൾ വലിച്ചിടുന്ന കൂലിയെഴുത്തുകാരെ തീർത്തുമങ്ങ്
അവഗണിക്കുക. നമ്മുടെ ആത്യന്തികമായ സന്തോഷത്തിന് ഒരു സ്റ്റേജ് ഷോയുടെ ആവശ്യമില്ല. അക്ഷൗഹിണിയുടേയോ,
നൂറ് പേരുടെ കയ്യൊപ്പോ അതിനാവശ്യമില്ല. സന്തോഷഭരിതമായ മനസ്സുള്ളപ്പോൾ സർഗ്ഗാത്മകതയുടെ ശില്പശാലയായി ഹൃദയം മാറും .. സ്വസ്ഥവും,
ശാന്തവുമായൊരിടം. ജയിക്കണമെന്ന് വാശിയൊന്നും ഇല്ലാതെ തന്നെയാണ് ഇപ്പോൾ എഴുതുന്നത്.
ദൈവം ഒരിക്കലും പരാജയപ്പെടുത്തില്ല എന്ന വിശ്വാസത്തോ ടെയും.
Monday, November 25, 2024
മനസ്സാക്ഷിയുടെ വിശുദ്ധകവചങ്ങൾ
ദൈവമേ ഇതെന്തൊരു നിയോഗമാണ്. യുദ്ധങ്ങൾ ഇതേ പോലെയുണ്ടാകുമോ. വീണ്ടും വീണ്ടും ആക്രമിക്കപ്പെടുമ്പോഴും പിടിച്ച് നിൽക്കാൻ വിശുദ്ധകവചങ്ങളേകിയ മനസ്സേ, എത്രമാത്രം കഠിനമാണ് യുദ്ധകാലങ്ങളിലൂടെയുള്ള സഞ്ചാരം.
വിടാതെ നിഴല് പോലെ പിന്തുടർന്ന് തോൽപ്പിക്കാൻ സകല പരിശ്രമവും ചെയ്യുന്ന ഒരാളുണ്ട് എന്ന അറിവ് ഇപ്പോഴുണ്ട്. അതിരിൽ ശത്രുസൈന്യമുണ്ടെന്നും എന്നും ജാഗ്രതയോടെയിരിക്കണമെന്നും ഓർമ്മപ്പെടുത്തുന്ന സൈനികമേധാവിയായി മാറിയിരിക്കുന്നു മനസ്സ്. അത്ര സുഖകരമായ കാര്യമല്ലത്. അത് കൊണ്ടാണ് പലപ്പോഴും നിശ്ശബ്ദത പാലിച്ച് ഇറങ്ങിപ്പോയേക്കാം എന്ന് കരുതിയത്. പക്ഷെ എഴുത്തിൽ നിന്ന് എന്തിനിറങ്ങി പോകണം എന്ന ചോദ്യം മനസ്സാക്ഷി ചോദിച്ച് കൊണ്ടേയിരുന്നു. സംഘർഷത്തിൽ നിന്നെഴുതുക എന്നത് എത്ര ശ്രമകരമാണ്. എങ്കിലും മനസ്സാക്ഷിയുടെ വിശുദ്ധകവചങ്ങൾ ആശ്വാസമേകിയിരുന്നു .
തളർത്താൻ ശ്രമിക്കുന്നവരുടെ കോട്ട കണ്ടില്ലെന്ന് നടിച്ചെഴുതണം. ആക്രമണം കൂടിയാൽ തിരികെയൊരു പ്രത്യാക്രമണം നിലനിൽപ്പിന് ആവശ്യമാണ്. അത് എഴുത്തിനെ ബാധിക്കാതെ സൂക്ഷിക്കണം. എത്രമാത്രം സങ്കീർണ്ണമാണത് . സന്തോഷം അധികമില്ലെങ്കിലും മനസ്സമാധാനവും, ശാന്തിയുമുണ്ടായിരുന്നു. അതൊക്കെ പഴയ കാലം,. ഇപ്പോഴുള്ളത് എന്തവസഥയെന്ന് മനസ്സിന് പോലും തീർത്തും നിർവചിക്കാനാവുന്നില്ല .
ദൈവം സത്യം പറഞ്ഞ് കൊണ്ടിരുന്നു. ഒരു സ്നേഹവും അഭിനയമായിരുന്നില്ല. അതിന് വിശുദ്ധമായ കവചമുണ്ടായിരുന്നു. അത് തകർക്കപ്പെട്ടു. ഒരിക്കലല്ല പല പ്രാവശ്യം. അതില്ലാതാക്കിയതിനാലാണ് അതിൽ നിന്നിറങ്ങി പോരാൻ തീരുമാനിച്ചത്. ദയയ്ക്കും, ക്ഷമയ്ക്കും സഹനത്തിനും മനുഷ്യസഹജമായ പരിമിതികളുണ്ട്.
ക്ഷമിക്കാനാവുന്നതിലും കടന്ന് പോയത് കൊണ്ടാണ് തല കുനിച്ചിറങ്ങി പോരില്ലെന്ന് മനസ്സങ്ങ് തീരുമാനിച്ചത്. അതിന് തിരികെ കിട്ടിയ ആക്രമണത്തിൻ്റെ ശക്തി നോക്കിയാൽ ക്ഷമ ചോദിക്കാൻ പോലും അർഹതയില്ലാത്തത്രയും ദ്രോഹം ചെയ്തിട്ടാണ് ചിലർ തിരികെ പോയത് എന്ന് മനസ്സിലാക്കാനായത്. ആക്രമിച്ച ഓരോ മുഖങ്ങളെയും മനസ്സിൽ കണ്ടത്ഭുതപ്പെട്ടു. ഒറ്റപ്പെടുത്താൻ ശ്രമിച്ച ചാതുര്യം കണ്ടമ്പരന്നു. അവിടെ ശിരസ്സ് കുനിക്കരുത് എന്ന തീരുമാനവും മനസ്സാക്ഷിയുടേതായിരുന്നു.
യുദ്ധം അവസാനിക്കുമെന്നും സമാധാനമുണ്ടാകുമെന്നും കരുതിയിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയുള്ള വിശ്വാസമൊന്നുമില്ല. പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ പഴയ മനശ്ശാന്തി തിരികെ ലഭിച്ച് തുടങ്ങി. അതിലാദ്യം ചെയ്തത് പല രൂപങ്ങളിൽ, പല പേരുകളിൽ നിരന്തരം വേട്ടയാടിയ എഴുത്തുകൾ വായിക്കുന്നത് നിർത്തുക എന്നതായിരുന്നു. ഒരു വാക്ക് പോലും വായിക്കാതെ അതങ്ങ് ഒഴിവാക്കിയപ്പോൾ മനസ്സിൽ ശാന്തത കൈവന്ന് തുടങ്ങി. പ്രത്യേകിച്ച ഒരു വൈരാഗ്യമില്ലാതിരുന്നിട്ടും സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി എഴുതി തോൽപ്പിക്കാൻ ശ്രമിക്കുവരെ ബ്ലോക് ബട്ടണിലേക്ക് ചുരുക്കി.
ഇത്രയൊക്കെ എനിക്കാകുമായിരുന്നോ ദൈവമേ, പിടിച്ച് നിൽക്കാനാകുമെന്ന് ആദ്യമൊന്നും കരുതിയില്ല, എങ്കിലും മനുഷ്യത്വമില്ലായ്മയുടെ മുന്നിൽ ശിരസ്സ് കുനിക്കരുതെന്ന് മനസ്സ് ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. ഒന്നിന് വേണ്ടിയും യാചിക്കരുത് എന്നും മനസ്സ് ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു..
ഇപ്പോഴും വിടാതെ നിഴല് പോലെ പിന്നിൽ അവരെന്തിന് നിൽക്കുന്നു എന്നത് അതിശയിപ്പിക്കുന്നു. അതിൽ പരാജയപ്പെടുത്താനും, നിശ്ശബ്ദമാക്കാനുമുള്ള കൗശലമുണ്ടെന്ന് ഇന്ന് മനസ്സിനറിയാം. ദൈവമേ അവരുടെ കൗശലങ്ങളിൽ നിന്ന് രക്ഷിക്കണമേ.. അതികഠിനമായ ദുരനുഭവങ്ങളുണ്ടാകുമ്പോഴും മനസ്സിലെ സ്ഥായിയായ നന്മയ്ക്ക് കോട്ടം തട്ടാതെ കാത്തുകൊള്ളണമേ..
.
Saturday, November 23, 2024
മഴ എന്ന നോസ്റ്റാൾജിയ???
Rema Pisharody
(മഴേ നിനക്കെന്ത് പറ്റി?
ഇതേ പോലെ പെയ്യുവാൻ
പെയ്താർത്ത് ഭീതിതൻ-
ചിറകുമായെല്ലാം-
തകർത്തങ്ങ് പോകുവാൻ?)
മഴയിതേപോലെയായിരുന്നെല്ലന്ന്
പഴയൊരാൽ മരം കാറ്റാടിസന്ധ്യകൾ
പുഴയിതേപോലെയായിരുന്നില്ലെന്ന്
പഴയ കടലുകൾ ശ്രാവണക്കാഴ്ചകൾ..
നിഴല് നൃത്തമാടീടുന്ന പൂമുഖ-
പ്പടി തുറക്കവേ പവിഴമല്ലിപ്പുഴ-
ചുരുൾമുടിത്തുമ്പുലച്ച് മേഘങ്ങളെ-
പതിയെ നീക്കുന്ന കാറ്റിൻ്റെ മർമ്മരം
പഴയതെല്ലാം മറന്നിട്ട വീടിൻ്റെ-
ചുമരിലാരോ വരച്ച ചിത്രങ്ങളിൽ
നിഴല് നൃത്തമാടീടുന്ന സായാഹ്ന
വഴി കടന്ന് നാം തേടുമോ നമ്മളെ!
മണിമുഴങ്ങുന്ന പള്ളിമൈതാനത്ത്,
പുതിയ വീടിൻ്റെയിഷ്ടികത്തിണ്ണയിൽ,
ഇടവഴിയും കടന്ന് മാഞ്ചോട്ടിലായ്-
പഴയ കളിവീട്ടിൽ നമ്മളുണ്ടാകുമോ?
കദളികൾ, കടുംചെത്തികൾ കാട്ടു-
പൂച്ചെടികൾ, പച്ചിലക്കാടുകൾക്കിടയിലായ്-
പുതിയൊരോർക്കിഡിൻ ഗ്രാമമുറ്റത്ത് നാം-
തിരയുമോ വീണ്ടുമാ കുഞ്ഞുതുമ്പയെ?
മധുരനെല്ലിക്കനീരിലെ കയ്പുമായ്-
രുചിയുതിർക്കുന്ന സ്കൂളിൻ വരാന്തയിൽ-
മഷിപടർന്ന നോട്ട് ബുക്കുമായ് നമ്മളാ-
പഴയപെൺകിളിക്കൂട്ടമായീടുമോ?
മഴനനഞ്ഞുകൊണ്ടാറ്റുവഞ്ചിപ്പുര-
യ്ക്കരികിലൂടെ വീടെത്തിയോരോർമ്മയിൽ,
ചുടുചുടുക്കുന്ന ചുക്കുനീരിൻ കാപ്പി-
മണവുമായി പനിക്കുന്ന രാവിലായ്
ഉണരുവോളം
പനിക്കൂർക്കിലത്തളിർ
പഴയ കൈയാൽ തലോടുന്നൊരമ്മയെ-
ഇനിയുമെന്നാണ് കാണുക? കാണുവാൻ-
മഴ കടന്ന് നാം യാത്രയ്ക്കൊരുങ്ങുവോ?
ഒരു മഴത്തുള്ളി ചേമ്പിലത്താളിലായ്-
കുസൃതികാട്ടിത്തിളങ്ങിനിന്നീടവേ!
വയലുകൾ കടന്നാ ചോന്ന ചെങ്കല്ലു-
പൊടിപടർന്നതാം പാത നാം തേടുമോ?
ജലതരംഗത്തിലാറ്റുചങ്ങാടത്തിലിനി-
യുമെന്നാണ് യാത്ര പോയീടുക?
മഴയിടക്കിടെ പെയ്യുന്നൊരാനദി-
ക്കരയിലേയ്ക്ക് നാമെന്നാണ് പോവുക?
കടലിരമ്പം നിറച്ച ശംഖിൽ നിന്ന്-
കടല് പാടുന്ന പാട്ട് തേടും പോലെ;
ഇനിയുമെന്നാണ് ഹൃദ്സ്പന്ദനത്തിൻ്റെ-
ശ്രുതിയുമായി നാം പാടാനിരിക്കുക?
പഴയ മഴയിലെ പ്രണയഗാനത്തിൻ്റെ-
പുഴകളിൽ കരിന്തേൾ വിഷം പടരവേ!
പുതിയ പ്രളയമാം മഴകളിൽ നിന്ന് നാം-
പഴയ ചെമ്പകപ്പൂക്കളെ തേടുമോ?
നിമിഷമെണ്ണുന്ന ഘടികാരസൂചിയിൽ-
പഴയ പെൻഡുലം നൃത്തമാടീടവേ!
സമയമില്ലാത്ത ലോകത്തിൽ നിന്ന് നാം-
തിരയുമോ? തിരക്കില്ലാത്ത ഭൂമിയെ!
മുടിയിലാമ്പലിൻ പൂചൂടി കാട്ടുതേൻ-
നിറമതേ പോലെ നിൽക്കുന്ന സന്ധ്യയിൽ
പഴയ ഋതുവിൻ്റെ മഴനിലാത്തോണിയിൽ
പറയൂ നമ്മളെന്നാണ് പോയീടുക?
(June 3, 2022)
കാളിദാസനും, ദുർഗ്ഗയും, ഞാനും
Rema
Pisharody
അറിയൂ
ദുർഗ്ഗേ!
അമാവാസിയിൽ
മുങ്ങിത്താണ്-
മഴയും
ഹേമന്തവും
നുകർന്ന്
ഞാൻ വന്നിതാ!
കരളിൽ
തീവെട്ടികൾ നിനക്ക് കാണാം
കൈയിലിരുളിൻ
ചിമിഴിലായ്-
നിലാവ്
മയങ്ങുന്നു
നിനക്ക്
സ്പന്ദിക്കുവാൻ
തരുന്നു ഹൃദയത്തെ!
നിനക്ക്
ത്രിശൂലത്താൽ
കോർക്കാമെൻ
പാഴ്നാവിനെ!
തുളഞ്ഞ
കത്തിപ്പാടിൻ-
സ്വനഗ്രാഹിയെ
എൻ്റെ
മിഴിയിൽ
തുള്ളിപ്പൊളിഞ്ഞടരും
തീവ്രാമ്ളത്തെ!
പകരം
തരൂ മണലെഴുത്തിൽ
നിവർന്നിരുന്നുയിരിൽ
തൊടുന്നൊരാ
അക്ഷരപ്പൂങ്കാറ്റിനെ
ചുറ്റിലും
ഘോരാന്ധത ബാധിച്ച്
ബലിച്ചോരയിത്രമേൽ
തകർന്നൊരു
മണ്ണിലാണിന്നും നീയും..
പ്രണയം
തൊട്ടേ പോയ-
ഗന്ധകക്കാറ്റിൽ
നിന്ന്-
കുതറിപ്പിടഞ്ഞോടി
പോയൊരു
പ്രാണൻ
കാണൂ-
നിനക്ക്
രക്തചോപ്പിൻ
നിറമായ്
ചൂടാം
എൻ്റെ
മനസ്സ്-
പൊട്ടിക്കുതിച്ചൊഴുകും
ത്രിസന്ധ്യയെ!
അരികിൽ
എന്നെ ചുറ്റി നിൽപ്പുണ്ട്
കാളീദാസൻ,
അവനോ -
ശാകുന്തളമെഴുതിപ്പോയീടുന്നു.
ശ്യാമമേഘത്തിൻ
തുണ്ടിൽ
ഊഞ്ഞാലു
കെട്ടി പിന്നെ-
നേരിനെ
വിന്ധ്യൻ കാട്ടി,
ഇവിടെ
തിരിച്ചെത്തി
കാറ്റിനെ
കടന്നോടി-
പ്പോകുന്ന
കാലത്തിൻ്റെ
തേർത്തടം,
വിരൽ-
തിരിഞ്ഞോടുന്ന
രഘുവംശം!
ഞാനിതാ
യുഗാന്തര-
സഭയിൽ
കേൾക്കും
ഒരു
വേണുഗാനത്തിൽ
നിന്ന്
ലോകത്തെ കണ്ടേ നിൽപ്പൂ.
ഉടക്കിക്കീറുന്നൊരൻ-
വസ്ത്രാഞ്ചലത്തിൽ-
പകലുറക്കാൻ
കുടഞ്ഞിട്ട-
സൂര്യനെ
കാണാകുന്നു!
നീപുറത്തെവിടെയോ-
യാത്രപോയിരിക്കുന്നു,
നീ
പുറത്തെവിടെയോ
മറഞ്ഞങ്ങിരിക്കുന്നു!
കരഞ്ഞ
മിഴിത്തുമ്പ്-
കൗശലത്തിനാൽ
മറച്ചിവിടെ
ചിരിക്കാനായ്
ശ്രമിക്കുന്നിതാ
പക്ഷെ!
ഇടയ്ക്ക്
നെഞ്ചിൽ-
വെടിപൊട്ടുന്നു
ഞാനോ -
തൊട്ട്
പതിയെ നോക്കീടുന്നു
നടുങ്ങിപ്പിളരുന്നു;
ആരൂടെ രക്തം ചീറ്റിത്തെറിക്കു-
ന്നാളിപ്പടർന്നാരുടെ
ജീവൻ
പാതിവെന്ത്
പോയ് ഹോമാഗ്നിയിൽ?
ആരിന്ന്
സർപ്പാവേശദംശനം-
നീലിക്കുന്ന
രാവിനെ മയക്കുന്നു
ഉറക്കിക്കിടത്തുന്നു.,,
നീ
കണ്ട് പോകൂ, ദുർഗ്ഗേ-
ജീവിതത്തുലാസിൻ്റെ
മോഹപാളിയിൽ
തട്ടി-
ത്തകരും
ഹൃദ്സ്പന്ദത്തെ!
മരിച്ച
കൺപീലിയിലുറയും
കണ്ണീരിൻ്റെ
സമുദ്രം,
അതിൻ
നേർത്തയിരമ്പം
കേട്ടേ
പോകൂ.
നീ
തുറക്കുന്നു വാതിൽ
രണ്ട്
കൈയിലും പ്രാണ-
ദാഹത്തെയടക്കുന്നൊരക്ഷരം-
തിളങ്ങുന്നു..
രണ്ടിലും
കൈ തൊട്ടൊരു-
കാളിദാസനെ
കണ്ട്
പണ്ടേ
ഞാൻ കവർന്നത്-
നീ
ക്ഷമിച്ചാലും ദുർഗ്ഗേ!
കയ്പുണ്ട്,
മധുരിക്കുമതെന്ന്
പണ്ടേ
നീയും സത്യമായ് ചൊല്ലി
രണ്ടും
സമാസമത്തിൽ നിൽക്കേ!
ആരിന്ന്
തൊടുന്നെൻ്റെ-
നാവിനെ
ശൂലത്തിനാൽ?
ആരിന്ന്
കോറീടുന്നു-
അക്ഷരപ്പച്ചപ്പിനെ!
ആരിന്ന്
നിരാശയിലാദി-
സത്യത്തിൻ
ഗൂഢ-
ഗൂഢമാം
സ്വരങ്ങളെ-
സംഗീതമാക്കീടുന്നു,
നീ
തന്നെ ദുർഗ്ഗേ! അത്
നിശ്ശബ്ദം
മേഘങ്ങളിലാഴുന്നു-
മഴ
പോലെ തൊടുന്നെൻ
ഹേമന്തത്തെ..
നീ
തന്നെ ദുർഗ്ഗേ! എൻ്റെ
വിരലിൽ
മണൽതൊട്ട്
ഭൂമിയെ
പ്രപഞ്ചത്തെയെഴുതും
വാക്കിൻ
പൊരുൾ..