Friday, November 29, 2024

 

നൈനം ഛിന്ദന്തി ശസ്ത്രാണി

 

എത്ര ബഹുമാനത്തോടെയാണ് നമ്മൾ ചില മനുഷ്യരെ ശ്രദ്ധിച്ചിരുന്നത്. എത്രമാത്രം ആദരവോടെയാണ് അവരുടെ നേട്ടങ്ങൾ കണ്ടത്ഭുതപ്പെട്ടിരുന്നത്. പക്ഷെ അവർ തന്നെ നമ്മുടെ മുന്നിൽ പല വട്ടം ഈ ബഹുമാനം, ഈ ആദരവ് ഒക്കെയും ഇല്ലായ്മ ചെയ്യുന്നതെന്തിനെന്ന് വളരെ ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.  സ്വന്തം ബഹുമാന്യതയെ വാശി കൊണ്ട് മായ്ച്ച് കളയുന്നവർ.  വളരെ ഉയരങ്ങളിൽ നിന്ന് ഇവരെന്തിന് താഴേയ്ക്ക് താഴേയ്ക്ക് നിർബന്ധബുദ്ധിയോടെ പോകുന്നത് എന്നാലോചിച്ചിരുന്നു.  മനുഷ്യാവസ്ഥയുടെ പരിണാമങ്ങളിൽ ഇതേ പോലെയുള്ള അവസ്ഥകൾ ദർശിക്കാനാകും. എല്ലാ യുദ്ധങ്ങളുടെയും ആരംഭം ചില വാശികളിൽ നിന്നാണ്. സൂചി കുത്തുവതിന് പോലും, അവകാശപ്പെട്ട സ്ഥലം കൊടുക്കില്ല എന്ന വാശിയോടെ അക്ഷൗഹണിയെന്ന സൈന്യസന്നാഹം മാത്രമല്ല വിജയത്തിനാവശ്യം എന്നറിയാതെ പാണ്ഡവരെ പുറത്താക്കുക എന്നെ ഒരേ ഒരു വാശി മാത്രമുണ്ടായിരുന്ന ഹസ്തിനപുരപതി അവസാനം എന്ത് നേടി. ഇതേ പോലെയുള്ള വാശി ഇന്ന് എഴുത്തിടങ്ങളിലുണ്ട്.  അത്രയൊന്നും ചിന്തിക്കാതെ എഴുതുന്ന ഒരു വാക്കിൽ നിന്ന് മഹായുദ്ധമുണ്ടാക്കി ഒടുവിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ വളരെ ബഹുമാനത്തോടെ നമ്മൾ മനസ്സിൽ കണ്ടവരാണെന്നറിയുമ്പോഴുണ്ടാകുന്ന അമ്പരപ്പ്.  എങ്ങനെയെങ്കിലും ഇവരിൽ നിന്നൊക്കെ ഒഴിഞ്ഞ് മാറി നടക്കാമെന്ന് വച്ചാലോ അല്പബുദ്ധികളായ കുറെയേറെ കൂലിയെഴുത്തുകാരെ കൊണ്ട്  നമ്മളെ കല്ലെറിയാൻ തുടങ്ങും.
ശബ്ദമുയർത്തിയും, നിശ്ശബ്ദമായും ഇവരെ നേരിടാൻ ശ്രമിച്ചു എങ്കിലും ഒരു പ്രയോജനമുണ്ടാവില്ല എന്നത് സത്യമാണ്.
കൂലിയെഴുത്തുകാരെ കാണുമ്പോൾ സഹതാപമുണ്ടാകും. കൂലിത്തല്ലുകാരോട് പണ്ടേ തന്നെ തീരെ ബഹുമാനമില്ല. ബഹുമാനം തോന്നിയ ചിലരോടൊക്കെയുള്ള ബഹുമാനം 
ഇല്ലായ്മ  ചെയ്യാൻ  ഈ കൂലിയെഴുത്തുകാർക്കായിട്ടുണ്ട്. ഇത്ര ബാലിശമോ ഇവരുടെ ലോകജ്ഞാനം എന്ന് തോന്നിയിട്ടുമുണ്ട്.  സത്യത്തിൽ എഴുതിതോൽപ്പിക്കാനെത്തിയവർ വലിയ സഹായമാണ് ചെയ്ത് തന്നത്. മനുഷ്യർ എങ്ങനെയാവരുതെന്നുള്ള ഒരു പാഠം അവർ സ്ഥിരമായി കാണിച്ച് തരുന്നുണ്ട്. അങ്ങനെയുള്ളവരെ അവഗണിക്കേണ്ടതെങ്ങനെയെന്നുമുള്ള പാഠം  ഇപ്പോൾ നന്നായി അറിയാം. യാതൊരു ഗുണവുമില്ലാത്ത പതിരുകളാണ് കൂലിയെഴുത്തുകാർ. ഇവരെ ഒക്കെ കൂലിക്കെടുത്ത് സ്വയം ബഹുമാന്യത കളയുന്ന ആളുകളോട് പ്രത്യേകിച്ച് എന്ത് പറയാനാണ്. അവരുടെ വാശി അതായിരിക്കും.  കുറെയേറെ ആൾക്കാരെ നമ്മൾക്കെതിരെ തിരിക്കാനായി എന്നത് വളരെ ബഹുമാന്യമായ നേട്ടമാണെന്ന് വലിയ ലോകപരിചയമുള്ള ഒരാൾ പറയാൻ ശ്രമിക്കുമ്പോൾ നമ്മുടെ മനസ്സിലുണ്ടായ മന്ദഹാസം അത് ദൈവത്തിൻ്റെ ചിരിയായിരുന്നു.  ആയിരം പേരെ നമുക്കെതിരായി തിരിക്കുക എന്നതാണോ ഈ ലോകത്തിൽ ചെയ്യാനാവുന്ന ഏറ്റവും മഹത്തായ കാര്യം. അങ്ങനെ ഒരാളുടെ വാക്ക് കേട്ട് നമ്മൾക്കെതിരെ തിരിയുന്നവരുണ്ടെങ്കിൽ  അവരെ അവഗണിക്കുക എന്ന മഹത്തായ കാര്യം നമുക്ക് ചെയ്യാനാവും. മനസ്സിൽ നന്മ സൂക്ഷിക്കുന്നവർക്ക്  ഇതേ പോലെയുള്ള ആൾക്കാരുടെയൊന്നും സഹായം ആവശ്യമേയില്ല എന്നതാണ് സത്യം.  നമ്മുടെ വാശി എന്നത് ഏറ്റവും മനോഹരമായ ഒരു കവിത എഴുതുക എന്നതാണ്. ആ ലക്ഷ്യത്തിലൂടെ നടക്കുമ്പോൾ മനസ്സ്  ശാന്തവും  സന്തോഷഭരിതവുമാണ്. അതിനിടയിൽ ചപ്പ് ചവറുകൾ വലിച്ചിടുന്ന കൂലിയെഴുത്തുകാരെ തീർത്തുമങ്ങ് അവഗണിക്കുക. നമ്മുടെ ആത്യന്തികമായ സന്തോഷത്തിന് ഒരു സ്റ്റേജ് ഷോയുടെ ആവശ്യമില്ല. അക്ഷൗഹിണിയുടേയോ, നൂറ് പേരുടെ കയ്യൊപ്പോ അതിനാവശ്യമില്ല. സന്തോഷഭരിതമായ മനസ്സുള്ളപ്പോൾ  സർഗ്ഗാത്മകതയുടെ ശില്പശാലയായി ഹൃദയം മാറും .. സ്വസ്ഥവും, ശാന്തവുമായൊരിടം. ജയിക്കണമെന്ന് വാശിയൊന്നും ഇല്ലാതെ തന്നെയാണ് ഇപ്പോൾ എഴുതുന്നത്. ദൈവം ഒരിക്കലും പരാജയപ്പെടുത്തില്ല എന്ന വിശ്വാസത്തോ ടെയും.

 


 

No comments:

Post a Comment