അങ്ങനെ എല്ലാവർക്കും സമാധാനമായിരിക്കുന്നു
==================================================================
പാവം ഒരു കവിതയെ ഒളിവച്ച് തോൽപ്പിക്കാൻ ശ്രമിച്ച് സ്വയം പരാജയപ്പെട്ട നിലാവ്
തിരികെ ഗർജ്ജിച്ചും, വാക്കിന് മൂർച്ച കൂട്ടിയും, സ്വയം മുറിഞ്ഞ് കത്തിത്തീർന്ന് മടുത്ത് പോയ കവിത
ഇടയിൽ നിന്ന് രക്തം കുടിച്ച ആട്ടിൻ തോലിട്ട ചെന്നായകൾ..
ഇതിനിടയിലെവിടെയോ വന്ന് അഭിനയമോ, അതോ ശരിയോ എന്ന് തീരെ മനസ്സിലാകാതെ പോയ പ്രണയം..
നരകമെല്ലാം ഭൂമിയിൽ തീർന്നെന്ന് തീർപ്പെഴുതിയ കടല്
കയത്തിലിനിയാരെ മുക്കിക്കൊല്ലണമെന്ന് തീർച്ചയില്ലാത്ത പുഴ
മിണ്ടിയാലും, മിണ്ടാതിരുന്നാലും ഒരു പ്രയോജനവുമില്ലെന്ന് മനസ്സിലാക്കി ഉള്ളിലെ അഗ്നിയെ തണുപ്പിക്കാൻ ഹിമധ്രുവത്തിലേക്ക് ഇടക്കിടെ യാത്ര പോകുന്ന കവിത
തിരികെ കൊടുക്കണമത്രേ, എന്ത്..? വാക്കുകളോ, പ്രവൃത്തികളോ....
അങ്ങനെ ചന്ദ്രായന് സമാധാനമായിരിക്കുന്നു. . ഭൂമിയുടെ ചിത്രങ്ങൾ ഭൂമിയറിയാതെ പകർത്തി പലർക്കും അയയ്ക്കാൻ സാധിച്ചതിൽ , ഭൂമിയുടെ കരുണയും, ദയയും കാണാതെ പോരായ്മകൾ മാത്രം പകർത്തി സ്വന്തം കുണ്ടും കുഴിയും, കറുപ്പും മറയ്ക്കാൻ ശ്രമിച്ചതിൽ എന്തഭിമാനം. മുഖം മൂടിയിടാൻ പണ്ടേ സാമർത്ഥ്യമുള്ളതിനാൽ എല്ലാം ശരിയെന്ന് അഭിനയച്ചങ്ങനെ പൗർണ്ണമിയും അമാവാസിയും ഒരേ പോലെയെന്ന് ഭാവിച്ച് അങ്ങനെ പോകുന്നു. കൂലിയെഴുതാൻ കുറെ ആരാധകരെയും കൂടെക്കിട്ടിയതിൽ കൂടുതലഭിമാനം.
ഭൂമിയ്ക്കും സമാധാനമായിരിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും ഭൂമിയെ ചലഞ്ച് ചെയ്ത് ചെയ്ത് സ്ഥിരം കാല് തട്ടിവീഴുന്നൊരാളെ കണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ ഭൂമിയ്ക്കും സമാധാനമായിരിക്കുന്നു. ഋതുക്കളുടെ ഭാഷയെഴുതുന്ന ഭൂമിയ്ക്ക് കൂലിയെഴുത്തിനാളുകളെന്തിന്. പൂവുകളങ്ങനെ വിടരുകയും, മഴ പൊഴിയുകയും ചെയ്യുന്ന വഴിയിൽ ഭൂമിയങ്ങനെ ദു:ഖവും, ദുരന്തവും സന്തോഷവും എല്ലാം കണ്ട് കണ്ടനുഭിച്ച് എന്ത് വന്നാലും ഇതേ പോലെയൊക്കെ തന്നെയെന്നോർത്ത് നടന്ന് പോകുന്നു.
സമാധാനം ലഭിക്കാത്ത ചിലരുണ്ട്.. ഇടയില് രക്തം കുടിക്കാൻ കാത്ത് നിൽക്കുന്ന ചെന്നായകൾ... അവർക്ക് സമാധാനമായിട്ടില്ല. അവരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
അത് കൊണ്ടാണ് ഭൂമി മുറിവുകളിൽ കവിത വച്ച് മൂടുന്നത്...
ഈ സമയവും കടന്ന് പോകും... പോകുമായിരിക്കും...
ആൾക്കൂട്ടത്തിനറിയില്ലല്ലോ നമ്മളുടെ സന്തോഷം എന്തെന്ന്.. അവരെന്തെങ്കിലും എഴുതിയിടട്ടെ, അതൊക്കെ വായിച്ച് ബേജാറാവുന്ന കാലം കഴിഞ്ഞ് പോയിരിക്കുന്നു.
ദൈവമേ നന്ദി, എല്ലാ സത്യങ്ങളും പറയാൻ കഴിയുന്ന, അറിയുന്ന ഒരാൾ, ഒരിക്കലും ഉപേക്ഷിച്ച് പോകാത്ത ഒരാൾ ദൈവമേ അത് നീ മാത്രമാണ്..കവിതയെഴുതാനുള്ള മനസ്സും, സമാധാനവും തന്നനുഗ്രഹിച്ചതിന്.. നന്ദി..
No comments:
Post a Comment