മൊഴി
ഏതു ദ്വീപങ്ങൾ മഹാവേദമണ്ഡലങ്ങളിൽ
താരകങ്ങളെ സാക്ഷിനിർത്തുന്നു,
ഗോളാന്തരയാത്രയിൽ മഹായാനമേറുന്നു
സമുദ്രത്തിനേകതാരകൾക്കുള്ളിൽ
ശ്രുതിചേർക്കുന്നു; പിന്നെ
വഴിയിൽ കാൽപ്പാടുകളതിലെ
മൺതുണ്ടുകളതിനെ മൂടും
ദേശപാതകൾ
പുകയേറ്റിയതിലായോടും
ജന്മദൈന്യങ്ങളതിൽ
മഞ്ഞുതരിപോൽ കവിതകളെഴുതും
പ്രഭാതവും...
വഴിയിൽ പകലിന്റെ മൊഴിയിൽ
നിറയുന്നതുറയും സർഗം
പക്ഷെയെഴുതും വിരൽ തുമ്പിലഗ്നിതൻ
ദീപാവലിയതിന്റെയരികിലോ
കൃഷ്ണപക്ഷങ്ങൾ; പിന്നെയെഴുതാൻ
മറന്നോരു ഗ്രാമചിത്രങ്ങൾ,
തൊടിയതിലും തണൽ മായ്ച്ചു
നിഴലായ് പടർന്നൊരു വടവൃക്ഷത്തിൻ
താഴ്ന്ന ശിഖരങ്ങളും
ഭൂമിയെഴുതിചിന്തിചിന്തിയുടക്കിമുറിഞ്ഞൊരു
മുനമ്പും, സമാധിസ്ഥമായൊരു
വാത്മീകവും....
യുഗങ്ങൾ പ്രളയത്തിലൊഴുകും പോലെ
സംവൽസരങ്ങൾ മറയുന്നു
തിരശ്ശീലകൾ താഴ്ത്തിയരങ്ങിൽ
വിളക്കേറ്റിനിൽക്കുന്നു നിമിഷങ്ങൾ..
അരികിൽ പ്രഭാതത്തിൻ പൂവുകൾ
പ്രപഞ്ചത്തിനുടുക്കിലലങ്കാരം തെറ്റിയ
കവിതകൾ...
പഴയ പായ് വഞ്ചിയിലുൾക്കടൽ
തേടിപ്പോകും
മനസ്സേയിതുമൊരു മാറ്റൊലി
ശംഖിൽതട്ടിയുടയാതൊഴുകുന്ന
കടലിന്നാന്ദോളനം...