Monday, January 9, 2012


മുദ്ര
ഇടവേളയിൽ നിന്നുനടന്ന
ദിനത്തിന്റെയരികിൽ 
കൽത്തേരിലായ് ചരിത്രം 
പിന്നെ നിലവറയിൽ മയങ്ങുന്ന
ഗ്രന്ഥങ്ങൾ, പുരാണങ്ങൾ..
ഉഷസ്സിൻ പൂക്കാലങ്ങൾ
തൊട്ടുതൊട്ടെഴുതിയോരുണർവിൻ
മഹാവേദമണ്ഡപങ്ങളുമതിന്നരികിൽ
ഇടയ്ക്കതൻ സൗമ്യമാം സ്പന്ദങ്ങളും,
മിഴിയിൽ കനലേറ്റിയെത്രനാളൊതുക്കിയ
മൊഴിയും, സർഗങ്ങളുമൊഴുകും സമുദ്രവും,
അരികിൽ ലയം തെറ്റിയെത്രനാൾ മയങ്ങിയ
വിരൽതുമ്പിലെ കാവ്യഭാവവും, സംഗീതവും..
ഇടയിലെവിടെയോ
ലോകഗോളങ്ങൾ ഗതി മറക്കും
പഥത്തിലായ് മായുന്ന ഋതുക്കളും..
വിലങ്ങിൽ നിന്നും ധ്വജസ്തൂപങ്ങളതിൽ
നിന്നുമടർന്നു വീഴും ത്രിവർണത്തിന്റെ തരികളും
വലയം ചെയ്യും മനസ്സതിലായൊതുങ്ങുന്ന
സ്മൃതിയും, പ്രദോഷങ്ങളെണ്ണുന്ന രുദ്രാക്ഷവും..
അരികിൽ കാറ്റിൻ ദലമർമ്മരം
വിരലിന്റെയൊരുമുദ്രയിൽ കടലിരമ്പം
കാണാകുന്ന വഴിയിൽ
തണുത്തോരു വിപ്ലവമുദ്രാഖ്യങ്ങൾ
അടയും ഗ്രന്ഥക്കെട്ടിലുറങ്ങുമാകാശത്തിനിതളിൽ
ത്രികാലങ്ങൾ നേദിച്ച പിനാകവും
മറന്നില്ലൊന്നും പക്ഷ സ്മൃതിതന്നിതൾച്ചീന്തിൽ
നിറയുന്നതു മിഴാവതിന്റെ മുഴക്കങ്ങൾ
അരങ്ങിൽ മുദ്രാങ്കിത മുഖങ്ങൾ
വർത്തമാനമതിൽ നിന്നൊഴുകുന്ന
നിശ്ചലദൃശ്യങ്ങളും..



No comments:

Post a Comment