Monday, July 1, 2013

 സായാഹ്നത്തിലെ  ഭൂമി

കടവുകൾക്കപ്പുറം ഭൂമീ, നിനക്കെന്റെ
   നിനവുകൾ കാണാം..
സ്വപ്നം ജ്വലിക്കുമെൻ വിരലിലെയഗ്നിയും
 കണ്ടുതീർക്കാം..
മിഴിയിലെന്നോപെയ്തു തീർന്നു
    മഴക്കാലശോകം
സ്മൃതിയിൽ പുരോഹിതർ ചൊല്ലി വീണ്ടും
 പഴേയറയിലെ വേദഭാഗം.
അരികിലെയുത്ഭവതീർഥങ്ങളെമുറിച്ചൊഴുകീ
  ഋണം, നേർത്ത സങ്കടം,
പിന്നെയോ വഴികൾ തിരിഞ്ഞ ലോകത്തിന്റെ
 നിറുകയിൽ പകുതിയുടഞ്ഞ മകുടം,
ത്രിസന്ധ്യയിലുരുവിട്ടുതീരാത്ത സങ്കീർത്തനം
 പോലെയുലയുന്ന ജപമാലകൾ.
അരികിൽ നവീന തഥാഗതർ തേടുന്നതറിവല്ല
   പിന്നെയോ രാജസിംഹാസനം
അരികിൽ യുഗങ്ങളനന്തസത്യത്തിനായഴികൾ
 പണിഞ്ഞു നീങ്ങീടുന്നു,
സൂര്യന്റെ ഖനികളിൽ മരണപ്പെടുന്നു
   മാലാഖകൾ
വിരലിലെ തുളസീസുഗന്ധത്തിനെ മായ്ക്കുമുറവകൾ
  കണ്ടു തേങ്ങീടുന്ന ബാല്യമേ
കവിതയിൽ തേനൂട്ടിയെന്നേ മരിച്ചോരു
 ഹരിതസ്വപ്നങ്ങളേ കണ്ടുതീർന്നീ
വഴിയരികിലെ നിഴലുകൾ, വേരറ്റുവീണോരു
 പഴയ സായാഹ്നത്തിനരികിലെ ഭൂമിയെ,
നിറവിനെ, നിത്യതയ്ക്കുള്ളിലായ് നേദിക്കുമൊരു
  മഴക്കാലത്തിനാദ്യസ്വരങ്ങളെ..

No comments:

Post a Comment