Friday, July 5, 2013

അതിരുകളങ്ങനെ തന്നെയിരിക്കട്ടെ

അതിരുകളങ്ങനെ തന്നെയിരിക്കട്ടെ


അതിരുകളങ്ങനെ തന്നെയിരിക്കട്ടെ
   മതിലുകളങ്ങനെതന്നെയിരിക്കട്ടെ
അറിവുകളിനിയുമീഭൂപർവ
 സന്ധ്യകൾക്കരികിൽ വരേണ്ടതുമില്ല
നക്ഷത്രങ്ങളെഴുതും വിളക്കിന്റെയരികിൽ
   നിശീഥിനിയിനിയും കറുപ്പൊഴുക്കേണ്ടതുമില്ലയീ
പവിഴമല്ലിപ്പൂവിനിതളുകൾക്കുള്ളിലെ
   കവിതയിൽ നിന്നുമകന്നുനിന്നീടുക..

അകലെയാ മധ്യധരണ്യാഴിയിൽ
 നിന്നുമൊഴുകുന്നതോ രാജവിപ്ലവം?
പ്രണയത്തിനിതളുകൾക്കുള്ളിൽ
 കുടുക്കിക്കുരുക്കിട്ട വിരലുകൾക്കിന്നെത്ര
നോവുകൾ, കൽക്കെട്ടിലൊളിയമ്പുമായെത്ര
 താമസർ, നീർപ്പൂക്കളൊഴുകും മഴക്കാലമേ 
നിത്യഗാനങ്ങളിവിടെ പുനർജനിക്കുന്നു,
  പുണ്യത്തിന്റെയയനികൾക്കുള്ളിലായഗ്നി,
പുരാണത്തിനിതളുകൾക്കുള്ളിലോ
  ജീവമന്ത്രങ്ങളും..

ഇരുളുയർത്താൻ കാലമെത്ര പണിപ്പെട്ടതിവിടെയാണീ-
  യഗ്രഹാരത്തിനരികിലാ,ണുടയുന്ന
രുദ്രാക്ഷമെണ്ണിപ്രദോഷത്തിനരികിൽ 
    കുരുക്ഷേത്രമെത്ര     കഴിഞ്ഞുപോയ്.
അരികിൽ വരേണ്ടതില്ലഭിനയത്തികവിന്റെ
  വിവിധഭാവങ്ങളെ കണ്ടുതീർന്നിനിയുമീ
കനകാംബരങ്ങളാൽ കവിത തീർക്കും സന്ധ്യയൊഴുകുന്ന
  ചക്രവാളത്തിന്റെയരികിലേയ്ക്കിനിയും
വരേണ്ടതില്ലൊരുകാലവും, സത്യമൊഴുകിമായട്ടെ
    മഴക്കാലസന്ധയിൽ..
അറിവുകൾവേണ്ടാത്മഭാവങ്ങൾ വേണ്ട
    അഭിനയം വേണ്ടാ, കുരുക്കുകൾ വേണ്ട
മതിലുകളേറി വരേണ്ടയീ ഭൂമിയുടെയുറവകൾക്കുള്ളിൽ
   നിറം ചേർത്തുനീങ്ങേണ്ട..

കനലുകൾ വിങ്ങുന്ന മനസ്സിന്റെയരികിലേയ്ക്കിനിയും
   വരേണ്ടതില്ലോർമ്മ പുതുക്കുവാൻ
അമാവാസിവേണ്ടിവിടെയീപകലോരത്തിലെഴുതുന്നനേരം
   വരേണ്ടതില്ലേകാന്തമിവിടെയീസന്ധ്യപ്രശാന്തം.
മുകിലുകൾ തുന്നിച്ചുരുക്കിയെന്നാകിലുമിവിടെ വേണ്ടാ നിറക്കൂട്ടുകൾ, 
    നിർണ്ണയച്ചരടുകൾക്കുള്ളിൽ നിണം ചേർക്കുമാധികൾ.
പടിവാതിലിൽ വന്നുനിൽക്കേണ്ടതില്ലയീ
   പവിഴമല്ലിപ്പൂമരത്തിന്റെയരികിലായ്
അറിവുതീർന്നാധിതീർന്നെന്നേയുഗങ്ങളൊരു
   ശിലയായി മാറിയോരീസ്മൃതിക്കുള്ളിലായ്
ഇനിയും നിറയ്ക്കേണ്ടതില്ലലോകത്തിന്റെയധിക
    രൂപങ്ങളെയാർത്തചിത്രങ്ങളിൽ

വഴിയിവിടെയെന്നേപിരിഞ്ഞുവന്മതിലിന്റെയരികിൽ
   നിന്നിനിയുമുലയ്ക്കേണ്ടീയാർഷഭംഗിയെ
ശ്രുതിതെറ്റിയെങ്കിലുമേകാംഗവീണകൾക്കൊരു
   നാദഭംഗിയാനാദസങ്കല്പത്തിലെഴുതുമീഭൂമി
തന്നാർദ്രഭാവങ്ങളിലൊഴുകും സമുദ്രത്തിനരികിലേയ്ക്കായ്
    ഇനിയും വരേണ്ട നിറം ചേർത്ത മുദ്രകൾ,
 ഇനിയും വരേണ്ട ഋണപ്പാടുകൾ,
   ഇനിയും വരേണ്ട കറുപ്പിന്റെ മുദ്രകൾ..

No comments:

Post a Comment