Thursday, March 28, 2013

മൊഴി

മന്ത്രങ്ങൾ തെറ്റും
ജപമാലകൾക്കുള്ളിൽ നിന്നും
ജന്മയോഗങ്ങൾ നക്ഷത്രങ്ങളായ്
വിടരുമ്പോൾ
മുന്നിലെ സമുദ്രങ്ങൾ
ശ്രുതിചേർക്കുമ്പോൾ
ഭൂമിയെന്നിലെ സങ്കല്പങ്ങളെഴുതി
സൂക്ഷിക്കുമ്പോൾ
അരികിൽ വെൺപൂവുകളതിലെ
സുഗന്ധത്തിലൊഴുകും

മനസ്സുമെൻ മനസ്സിൻ സ്വരങ്ങളും
പഴയ പുൽപ്പായയിൽ
പുരാണങ്ങളെതേടിയൊരിക്കൽ
നാരായങ്ങളൊഴുകീ
പണ്ടേ തീർത്ത ചതുരക്കളങ്ങളിൽ
തെയ്യങ്ങൾ തുള്ളീ
മിഴാവതിന്റെ മുഴക്കത്തിൽ
തകർന്നു ചുമരുകൾ
എഴുതിതീർക്കാനാവാതൊഴുകി
ത്രിദോഷങ്ങളതിന്റെയൊരുകോണിൽ
വിടർന്നു നക്ഷത്രങ്ങൾ
ഹൃദയം വീണ്ടും തുടികൊട്ടിയ
സോപാനത്തിലുണർന്നു മൊഴി
ചന്ദനപ്പൂക്കൾചൂടി, മെല്ലെ
പദം വച്ചൊരു സന്ധ്യ തീർഥപാത്രത്തിൽ
പകർന്നെടുത്തു പീയുഷവും
പാരിജാതപ്പൂക്കളും..

No comments:

Post a Comment