Wednesday, March 27, 2013

 മൊഴി
 
ഉഷസ്സിനൊരു പൂവിനിതളിൽ
വിടരുമെൻ മനസ്സേ മഹാവിശ്വമൊരു
കാവ്യത്തിൻ സ്വരമതിൽ
നിന്നുണരുന്ന സ്പന്ദങ്ങൾ
ഹൃദയത്തിനറകൾ നിറയ്ക്കുന്ന
ജീവമന്ത്രങ്ങൾ; കാണാതൊഴുകും ഗ്രഹങ്ങളിലാദി
ദൈന്യങ്ങൾ പിന്നെയാകാശമതിലൊരു
സ്വർഗവാതിലിൽ നിന്നുമായിരം
സ്വപ്നങ്ങളെയുണർത്തും
നക്ഷത്രങ്ങൾ..
അരികിലസ്ത്രം പെയ്തുനീങ്ങുമഞ്ജാനം
വ്യോമഗതിയിൽ സുരക്ഷതൻ
വിശ്വചക്രങ്ങൾ
നേർത്തകവചം ചുറ്റിഭൂമിയരികിൽ
പ്രകൃതിതൻ നിധിപേടകങ്ങളിലെത്രയോ
കാവ്യസ്വരമതിൽ നിന്നുണരുന്ന
സമുദ്രസംഗീതവും
ഋതുക്കൾ മാറ്റും തിരശീലകൾ
വേഷം മാറ്റിയൊഴുകും കുലത്തിന്റെ
ഭാവവൈരുദ്ധ്യങ്ങളും
പ്രപഞ്ചമുണർത്തുന്നവിരൽതുമ്പിലായാർദ്ര
മൊഴികൾ പകർത്തുന്ന
നക്ഷത്രദീപങ്ങളും
അരികിൽ ദിക്കാലങ്ങൾ തെറ്റിവീണുടഞ്ഞൊരു
ദിനവുമതിൽനിന്നുമൊഴുകുമനർഥവും
മിഴിയിൽ സന്ധ്യാദീപമെഴുതും
പ്രകാശത്തിനരികിൽ
ഞാനും പകൽചെപ്പിലെ
പുരാണവും...

No comments:

Post a Comment