Friday, March 22, 2013

മൊഴി

മിഴിയിലൊഴുകുന്നു സമുദ്രം
ശംഖിന്നുള്ളിലുണരും
പ്രണവത്തിൻ പ്രഭാതം
മൊഴിതേടിയരികിൽ
വെൺപൂവുകളൊഴുകും
സോപാനത്തിനരികിൽ
കൽസ്തൂപത്തിലെത്ര രൂപങ്ങൾ
കാവ്യതല്പമേ കടഞ്ഞാലുമമൃതം;
മഹാവേദതത്വങ്ങൾ
യുഗം പകുത്തെടുക്കും
സങ്കല്പത്തിലെത്ര മന്ത്രങ്ങൾ
സാമസ്വരങ്ങൾ
ജപം തീർത്തതെത്രയോ
ദിനാന്ത്യങ്ങൾ,
ഫാൽഗുനപ്പകർപ്പുകൾ..

ശിവരുദ്രാക്ഷങ്ങളിലിത്തിരി
കണ്ണീർ, തിരുജടയിൽ
തുളുമ്പുന്നൊരളകനന്ദ
മൂന്നാം മിഴിയെയുറക്കുന്ന
വില്വവും, വിഭൂതിയും
നടന്നുനീങ്ങും വഴിക്കരികിൽ
കൽത്തേരുകളതിലായുറങ്ങുന്ന
ചിത്രപർവങ്ങൾ
പിന്നെയൊഴുകും പകലിന്റെ
പൊൻ നാളങ്ങളിൽ വീണുതിളങ്ങും
ധരിത്രീ നിൻ ഹോമപാത്രത്തിൽ
ഹവിസ്സൊഴുക്കാം ഞാനെൻ
പാരിജാതങ്ങളാൽ ഹാരം തീർക്കാം
മൊഴിതൊട്ടെഴുതിയ
തീർഥപാത്രത്തിൽ നിന്നുമൊഴുകും
പുണ്യാഹത്തിൻ ശുദ്ധിപോൽ
മഴവീണുകുളിരും മനസ്സിന്റെ
സമുദ്രസങ്കല്പത്തിലെഴുതാം
ഞാനുമൊരു സാമഗാനത്തിൻ
സ്വരം...

No comments:

Post a Comment