Sunday, March 24, 2013

നക്ഷത്രങ്ങളുടെ കവിത

ഉപദ്വീപുലഞ്ഞുടഞ്ഞായിരം
നക്ഷത്രങ്ങൾ വിരിയുമാകാശമേ
ചക്രവാളത്തെ തേടിയൊഴുകും
ഗ്രഹങ്ങളിന്നെത്രയീ സമുദ്രത്തിനറയിൽ
നിധിതേടിവന്നതും കുലം;
പിന്നെയൊഴുകും തിരയ്ക്കുള്ളിലൊഴുകി
മറഞ്ഞൊരു കടലാസുപോൽ
മാഞ്ഞുതീർന്നതും, മൺചിറ്റുകളുട
ഞ്ഞ
ശംഖിൽ നിന്നു കാവ്യങ്ങളുണർന്നതും.
നിറദീപങ്ങൾ പകൽചെപ്പുകൾ
നിറയ്ക്കുന്ന പ്രഭാതങ്ങളീ
പൂർവദിക്കുകളുൾക്കൊള്ളുമ്പോൾ
വിരൽതുമ്പിലെ പുണ്യപവിത്രം പോലെ
വീണ്ടുമുണരും
സർഗങ്ങളുമക്ഷരമന്ത്രങ്ങളും..


കൃതയോഗികൾ ജപച്ചരടാൽ
ചുറ്റിതീർത്ത പ്രപഞ്ചം ധ്യാനത്തിൽ
നിന്നെത്തിയകലിസംഖ്യാക്രമത്തിൽ
കുരുങ്ങിയ കരിപ്പാടുകൾ
പിന്നെയിഴതെറ്റിയ ഗ്രാമഭംഗിയിൽ
വേരറ്റുവീണരയാൽ
നഗരമാ വീഥികൾ ചായം തേച്ചു
മിനുക്കി;
സായംസന്ധ്യാവിളക്കിനരികിലായ്
തുളസിപൂത്തു
വിരൽതുടിയിൽ മുന്നോട്ടോടി
ദിനങ്ങൾ
നക്ഷത്രങ്ങളുറങ്ങാതിരുന്നെന്റെ
ഹൃദയസ്പന്ദങ്ങളിൽ

No comments:

Post a Comment