Tuesday, March 19, 2013

നക്ഷത്രങ്ങളുടെ കവിത

പടവുകൾക്കപ്പുറം
കടലിനെചുറ്റിയോരതിരുകൾ
തിരിയുമാ ചക്രവാളത്തിന്റെ
ചുമരുകൾക്കുള്ളിൽ

 മറഞ്ഞൂ ഋതുക്കളും.
തുളസീവനങ്ങളിൽ
മഴതീർത്ത വൈശാഖമൊഴിയിൽ
നിന്നേറിനടന്നു സായന്തനം.
ഒഴുകും മനസ്സിന്റെ
മുദ്രയിൽ സർഗങ്ങളെഴുതിനിന്നു
മഴതുള്ളികൾ;
പിന്നെയാ കടവിലായ്
തോണിതുഴഞ്ഞുനീങ്ങും
ദിനമതിലായിയുറഞ്ഞു
ഋണപ്പൊട്ടുകൾ,
തീരമണലിലുടഞ്ഞു
പ്രദോഷരുദ്രാക്ഷങ്ങൾ...
വിരലിൽ തുടുക്കും
വിഭൂതിയിലാകാശമെഴുതും
പുരാണങ്ങൾ, മന്ത്രം തുടുക്കുന്ന
നിടിലത്തിലെത്ര നക്ഷത്രങ്ങൾ,
കാവ്യങ്ങൾ..
മിഴിയിൽ പടർന്നുതീരാതെ
സമുദ്രത്തിനരികിൽ
മുനമ്പിന്റെ സാന്ദ്രഗാനം
വിരൽതുടിയിൽ വിളക്കായി
വിരിയുന്ന ദീപങ്ങൾ...
എഴുതിയും മിന്നിയും
വ്യോമസങ്കല്പത്തിന്റെയരികിലായ്
നക്ഷത്രകാവ്യങ്ങൾ
വിശ്വത്തിനിടയിൽ
തിരിഞ്ഞുതീരുന്ന ഗ്രഹങ്ങളും
മനസ്സിന്റെയാർദ്രഭാവങ്ങളിൽ
നിന്നുണർന്നൊഴുകുന്ന
സങ്കീർത്തനങ്ങളും
ഹൃദയത്തിനറകളിൽ
മന്ത്രം ജപിക്കുന്ന ഗ്രാമവും
വഴിനടന്നീപടവിലന്തിപൂക്കും
കടൽത്തുടിയിലോ
ഞാനും നിറച്ചതീ  സർഗങ്ങൾ..
..

No comments:

Post a Comment