Monday, March 25, 2013

 മൊഴി
 
ഒരോ പദത്തിലും
വീഴും നിഷാദങ്ങളായിരം
ആരണ്യവാസം കഴിഞ്ഞുണർന്നോരോ
ദിഗന്തവും കാണും
സമുദ്രത്തിനേതുകോണിൽ
ഞാനൊളിക്കുമെൻ ശംഖുകൾ
കാവ്യം തുടിക്കും വിരൽതുമ്പിലക്ഷരം
നോറ്റുതീർന്നെത്ര വ്രതങ്ങൾ,
പ്രദോഷങ്ങളാറ്റിക്കുറുക്കി
ഹാലാഹലം
പിന്നെയീപാട്ടുകൾക്കുള്ളിൽ
സ്വരം ചില്ലുപോലുടഞ്ഞതിൻ
നേർത്തനാദം പോലുമെത്രകാവ്യാത്മകം
കാറ്റിന്റെ മർമ്മരമാൽമരതുമ്പിലായ്
കോട്ടകൾക്കുള്ളിൽ കെടും
ദീപസ്തംഭങ്ങളേറ്റിയും നീട്ടിയും
സംവൽസരങ്ങളെ കോർത്തുനീങ്ങും
ഋതുഭാവഭേദങ്ങളും
മിന്നും ത്രിസന്ധ്യാവിളക്കുകൾക്കിലായ്
വന്നുനിൽക്കും ത്രികാലത്തിന്റെ
മന്ത്രവും
എന്നേ ഋണം തീർത്തു
പിന്നെയീ ഭൂഗാനമെന്നിൽ തളിർത്തു
വളർന്നു പൂക്കാലമായ്..

No comments:

Post a Comment