Tuesday, April 30, 2013

 നക്ഷത്രങ്ങളുടെ കവിത

എഴുതും വിരൽതുമ്പിലൊഴുകും
സമുദ്രമേയിരുൾമായ്ച്ചു
മിഴിയിലായൊഴുകും
പ്രകാശത്തിനിതളിലായ്
കവിത നെയ്യുന്നു നക്ഷത്രങ്ങൾ...

അറിവിനിരുണ്ട ഭൂഖണ്ഡങ്ങൾ
നീട്ടിയോരാധികൾ മാഞ്ഞുതീർന്നാരോ
പണിഞ്ഞിട്ട നിനവുകൾക്കുള്ളിൽ
നിന്നേറെ നടന്നോരു
ഹൃദയസ്പന്ദങ്ങളിൽ വീണ്ടും
ശരത്ക്കാലമെഴുതുന്നു
കണ്ടുതീർന്നെത്രയോ ദിക്കുകൾ

പലവഴിക്കുള്ളിൽ തിരിഞ്ഞു
ബൃഹദ്വവനമെഴുതുന്നതിരുചിരമന്ത്രങ്ങൾ
നാന്മുഖർക്കറിയുന്ന മായയിൽ
നിഴലുകൾ പാറുന്നു..



മഴയിതളിലാർദ്രസംഗീതം തുടുക്കുന്ന
ഹൃദയമേ! വീണ്ടും ഋതുക്കളെ
ചേർത്തുവച്ചെഴുതുന്ന ഭൂമന്ത്രമെത്ര
മനോഹരം
പകലുമായും സന്ധ്യയതിനരികിലോ
ധ്വജപ്പെരുമകൾ, വാദ്യഘോഷങ്ങളും
യാത്രതീർന്നെവിടെയോ മൗനമുടയ്ക്കും
സ്വരങ്ങളും...
അരികിൽ മൺദീപങ്ങളായിരം
നക്ഷത്രമിഴിയിൽ തുളുമ്പും
തുലാഭാരസങ്കടം...
ഇഴതെറ്റിവീണതെൻ സ്വപ്നമോ
ഭൂമിതന്നുണർവിന്റെ പൂർണ്ണസ്വരങ്ങളോ
സർഗങ്ങളൊഴുകും മുനമ്പിൻ സ്വരങ്ങളോ
കൽക്കെട്ടിലറിയാതെ വീണ ചതുർഥിചിഹ്നങ്ങളോ
കറുകൾ ഹോമിച്ചു, സ്വപ്നങ്ങൾ ഹോമിച്ചു
വെറുതെ നടന്നുനീങ്ങുന്നോരു ദിനങ്ങളെ
വഴിയിലെ ചന്ദനമരങ്ങളിൽ പകലിന്റെ
മൊഴിയതേ മൊഴിയെന്റെ
നക്ഷത്രകാവ്യങ്ങൾ

Saturday, April 27, 2013

നക്ഷത്രങ്ങളുടെ കവിത

അരികിൽ സമുദ്രമേ
തീർപ്പെഴുത്തുകൾ; 
തീരമെഴുതിയുണരുന്ന പകലിൻ
സങ്കല്പങ്ങളതിരിന്നരികിലെയുടഞ്ഞ
വാതിൽക്കലായെരിഞ്ഞുതീരും
നിലവിളക്കിൽ മാഞ്ഞീടവേ
എഴുതിമടങ്ങിയ സായാഹ്നമതിൻ
നേർത്ത ചലനങ്ങളിൽ
സാന്ധ്യനക്ഷത്രമുണരവേ
വഴികൾ നിറഞ്ഞേറിയാരവം തൂവി
പണ്ടേ മറഞ്ഞ ദിനങ്ങളിലാധികൾ
മരിക്കവേ
കൊടും കാടുകൾ വന്യഭാഗധേയങ്ങൾ
പാകിയടർത്തിച്ചുരുക്കിയ
സ്വപ്നകാവ്യങ്ങൾക്കുള്ളിൽ
എഴുതും നക്ഷത്രങ്ങളായിരം
ദിഗന്തങ്ങളതിനു ദൃക്സാക്ഷികൾ
ദൃശ്യമാം പ്രപഞ്ചവും..
ഋതുക്കൾ മാറി, മൺദീപങ്ങളിൽ
തിളങ്ങിയ മനസ്സിൽ മാത്രം
കാവ്യസ്പന്ദത്തിൻ ദീപാന്വയം
ഉണർവിനുഷസ്സിന്റെയാത്മകാവ്യങ്ങൾ
പോലെയെഴുതും നക്ഷത്രങ്ങളിന്നെന്റെ
ഹൃദ്സ്പന്ദങ്ങൾ...



Wednesday, April 17, 2013

നക്ഷത്രങ്ങളുടെ കവിത

ആർദ്രം മനോഹരം
കാവ്യാത്മകം
ജീവരേഖകൾക്കുള്ളിലെ
തീർഥപാത്രം..
ഒരോ ഹൃദന്തസ്പന്ദത്തിലും
നിന്നുയർന്നാരോഹണങ്ങൾ പോൽ
വീണ്ടും മൊഴിക്കുള്ളിലേറും
സമുദ്രമേ
വീണ്ടും ഗൃഹാതുരഗ്രാമം
തുടുക്കുമൊരാൽമരച്ചില്ലയിൽ
നാരായമേറ്റും പുരാണങ്ങൾ
തീർക്കുന്ന വേദനനീറ്റും
നിതാന്തഗാനങ്ങളിൽ
നേരുതേടി പാഴിലാകുമുഷസ്സിന്റെ
നേരിയതിൽ സ്വർണ്ണമുത്തുകൾ,
സർഗങ്ങളായിരം
ജന്മദൈന്യങ്ങളെ ചേർത്തുവച്ചാഹൂതി
ചെയ്യുന്ന ഹോമപാത്രങ്ങളും..
ചന്ദനപ്പൂക്കൾ കരിഞ്ഞുതീരും
വെയിൽക്കൊള്ളികൾ
പിന്നെയീ സായാഹ്നവും
തീർപ്പിലെന്നേയുടക്കിമുറിഞ്ഞ
സങ്കല്പവും
ഓരോ ഋതുക്കളും മാഞ്ഞുതീരും
കടൽത്തീരമേ ശംഖുകൾ
കാവ്യം രചിക്കുന്ന
ലോകമാണിന്നെന്റെ
നക്ഷത്രകൗതുകം..


Monday, April 15, 2013

മൊഴി

ദിനാന്ത്യക്കുറിപ്പിൽ
ഒരാലിലയനക്കം
കാവ്യസ്പന്ദം...
കുടക്കീഴിലും
കത്തിയാളും വെയിൽ...
പാതിയെഴുതിയ
പകൽക്കഥയിൽ
ഒരീറൻസന്ധ്യ;
മൊഴിയൊതുക്കും
ആത്മാവിന്റെ കാവ്യം...


മഹാസമുദ്രമേ
അനാദിമദ്ധ്യാന്തത്തിൻ
പ്രളയകല്പ്ത്തിൽ
കണ്ടുതീരും ജപസങ്കല്പം
തുളസിമുത്തുകളിലൊഴുകും
നൈവേദ്യതീർഥം
ഹൃദ്സ്പന്ദനങ്ങൾ പോലെ
പ്രതീകമാത്മകമാം
അന്തരഗാന്ധാരം..


ഇരുണ്ടുതുടങ്ങിയ
പാതയോരത്തിനപ്പുറം
നക്ഷത്രവിളക്കുകൾ തൂവും
സ്വർണ്ണത്തരികൾ
ആകാശമേ!
അദൃശ്യതയിൽ
അനശ്വരഭാവമാർന്ന
പ്രഭാതം സ്വപ്നം കാണും
ഭൂസ്വരങ്ങളുടെ ധ്വനിയിൽ
പ്രഭാതത്തെയുണർത്തിയാലും....

Saturday, April 13, 2013

  മൊഴി

ഇടവേളകൾക്കപ്പുറം 
വീണ്ടുമൊരു വിഷുക്കണിയും
പുരാണങ്ങളൊഴുകും
പ്രഭാതവും
എവിടെയോ പ്രാചീനമാം
സ്വരങ്ങൾ മുദ്രയെഴുതും
മണൽത്തിട്ടിനരികിലായ്
പൂർവാഹ്നമിരുകൈയിലേറ്റും
വിളക്കിൻ പ്രകാശമേ!
മൊഴിതൊട്ടുവീണ്ടും
മിഴിയ്ക്കുള്ളിലൊഴുകുന്ന
പകലിന്റെ കാവ്യസ്വപ്നങ്ങളിൽ നിന്നു
ഞാനിനിയുമീ നഗരകുടീരങ്ങളിൽ
വിഷുപ്പുലരിയെ ചേർത്തു വയ്ക്കുന്നു
ചൈത്രത്തിന്റെ തളികയിൽ
ചന്ദനപ്പൂവുകൾ തൂവുന്നു...
മഴവീണു ശുദ്ധമുഷസന്ധ്യയെന്നിലെ
കദനമുറങ്ങിയൊരാർദ്രനക്ഷത്രത്തിലായ്
ഗഗനം നിതാന്തമാം സ്വർഗസാക്ഷ്യത്തിന്റെ
മൊഴിയെഴുതീടുന്ന ക്ഷീരസമുദ്രമേ!
അമൃതുതൂവും മഴതുള്ളികൾക്കുള്ളിലെ
കവിതപോൽ സ്പന്ദിക്കുമീപ്രഭാതത്തിനായ്
കണിയുമായ് നിൽക്കും പ്രപഞ്ചമേ
നീയെന്റെ ഹൃദയസ്പന്ദത്തിന്റെ
സർഗമായീടുക...

Thursday, April 11, 2013

മൊഴി

അറിവില്ലായ്മയുടെ
ഹസ്തിനപുരത്തിലിരുന്ന്

ഭൂമിയുടെ സന്തോഷത്തിൻ
ചന്ദനത്തരികൾ
ഒന്നും ബാക്കിവയ്ക്കാതെ
അയാൾ ഊറ്റിയെടുത്തു
പിന്നെയതിരുട്ടിലേയ്ക്കൊഴുക്കി
അതും പോരാഞ്ഞ്
ഭൂമിയുടെ നിറുകയിൽ
മഷിപ്പാത്രങ്ങളിലെ
മഷി കോരിയൊഴിപ്പിച്ചു
അതിനൊടുവിൽ
നിമിഷങ്ങളെ നിഴലെയ്തെടുത്ത്
നേർവഴിതെറ്റിയ ചിഹ്നങ്ങളിലൂടെ
ചായപ്പാത്രങ്ങളിലേയ്ക്ക്
ഭൂമിയോടുള്ള പ്രതികാരത്തിൻ
പാനീയം നിറച്ചു
എത്ര മഹനീയം എന്ന്
പറയാനാവാതെ
മൺ വിളക്കുകളിൽ
നക്ഷത്രങ്ങളുടെ കവിത
നിറഞ്ഞപ്പോൾ
അയാൾ പറഞ്ഞുകൊണ്ടേയിരുന്നു
ഭൂമിയ്ക്കസൂയയെന്ന്
അയാൾ രാജ്യം ഭരിക്കുന്നു
ഹസ്തിനപുരരാജ്യം...
അസൂയ തോന്നേണ്ട വിധത്തിൽ(???)


വാനപ്രസ്ഥകാവ്യമേ
നക്ഷത്രങ്ങളെ
അറിവില്ലായ്മയുടെ
കിരീടവുമായ് അയാൾ
നടന്നുനീങ്ങുമ്പോൾ
ഭൂമീ, വിശ്വപ്രപഞ്ചമേ
അയാളോട് ക്ഷമിച്ചേയ്ക്കുക
അയാൾ സ്നേഹത്തിന്റെ
പ്രവാചകനാണത്രേ...
മറ്റുള്ളവരെയില്ലാതാക്കും
അയാളെങ്ങെനെ സ്നേഹത്തിന്റെ
പ്രവാചകനാകും
എന്നു ചോദിക്കാതെയുമിരുന്നാലും..
ചോദിച്ചുപോയാൽ
ഭൂമിയ്ക്കസൂയയെന്ന്
പറയാനേ അയാൾക്കറിയൂ....
 നക്ഷത്രങ്ങളുടെ കവിത..











കൂടുലഞ്ഞുവീണ
ദുരന്തത്തിന്റെയിലകൾ
പാറിവീഴും പ്രഭാതത്തിൽ
കാലമരിഞ്ഞുവീഴ്ത്തി
അവിടെയുമിവിടെയുമെറിഞ്ഞുടച്ച
സ്വപ്നങ്ങൾ വീണ്ടുമുണർന്ന
പവിഴമല്ലിപ്പൂവുകളിൽ
പുഴയൊളിച്ച കയങ്ങളിൽ
നിന്നത്ഭുതകരമായ്
രക്ഷപ്പെട്ട ഹൃദ്സ്പന്ദനങ്ങളിൽ
സമുദ്രമേ!
ആത്മസംഘർഷങ്ങളേറ്റും
പകലോരങ്ങളിലൂടെ,
സന്ധ്യയിലൂടെ
നടന്നുനീങ്ങുമ്പോഴും
നിന്താന്തപ്രകാശത്തിൽ
നിർണ്ണയങ്ങളുടെ
തൂക്കുപാലങ്ങൾക്കകലെയകലെ
നക്ഷത്രങ്ങളുടെ കവിത..
നക്ഷത്രങ്ങളുടെ കവിത
 
മുക്തായസ്വരം പോലെ
മുന്നിൽ ചിതറിവീഴും
മണൽത്തരികൾ
പാതിയെഴുതിയ
ഓലകളടർന്നുമാഞ്ഞുതീർന്ന
പുരാണം
മുനയൊടിഞ്ഞ
നാരായതുമ്പിൽ തട്ടിയുടയും
ഒരു ചില്ലക്ഷരം
കാവ്യം തേടി കടഞ്ഞ
മഴതുള്ളികളിൽ
അമൃത്
ആരവമുണർത്തുമധികപ്പകർപ്പുകളിൽ
നിന്നകലെ അന്തരഗാന്താരം
എഴുതിത്തീരാത്ത കവിതയിൽ
ഹൃദ്സ്പന്ദനങ്ങൾ
മുൾച്ചീളുകളിൽ
കോറിവലിഞ്ഞുകീറിയ
ആകാശഭംഗി
മൺവിളക്കിലൊരീറൻമഴതുള്ളി
നക്ഷത്രങ്ങൾ മിന്നും പോൽ
തിരിനാളം

Saturday, April 6, 2013

നക്ഷത്രങ്ങളുടെ കവിത
 


അഗ്രഹാരമന്ത്രങ്ങൾ
ജപമാലയിലൂടെ
ചക്രവാളത്തിലെത്തിനിൽക്കും
സമുദ്രതീരമേ
മുനമ്പുകൾ കഥയെഴുതി
മടങ്ങും ധ്യാനമണ്ഡപത്തിൽ
നിന്നും കാണും
ഉൾക്കടൽ പോലെ
ആകാശഗംഗയൊഴുകും
ആത്മപുരാണങ്ങളിൽ
അറിവിനക്ഷരമുണർന്ന
മണൽപ്പാടുകളിൽ
വിരൽതുമ്പിൽ
കൂടുകൂട്ടിയ
കാവ്യസ്പന്ദം..
മനസ്സേ!
ഹൃദയം നീറ്റിയ
ശംഖുകളിൽ
മങ്ങിക്കത്തും
സന്ധ്യ..
പാതിയടഞ്ഞ
നക്ഷത്രങ്ങളിൽ
മഴതുള്ളികൾ..

Thursday, April 4, 2013

 നക്ഷത്രങ്ങളുടെ കവിത

ലയമൊരല്പം തെറ്റിയ
അക്ഷരങ്ങളി

കവിതയുടെ വസന്തമാലിക
ആലാപനങ്ങളിൽ
പ്രപഞ്ചസ്വാന്തനം
തീർഥപാത്രങ്ങളിൽ
നിറയും മഴയിൽ
അമൃത്..
മിഴിയരികിൽ
ഭൂഗാനങ്ങളുടയ്ക്കും
അതിരുകൾ ലംഘിക്കും
അറിഞ്ഞുതീർന്ന
അറിവില്ലായ്മ...
കാവ്യസ്പന്ദങ്ങൾക്കരികിൽ
കാലം പാകിയ
കയ്പിൻ കാഞ്ഞിരമരങ്ങൾ...
വിരൽതുമ്പിൽ തുടിയിടും
ഹൃദ്സപന്ദങ്ങൾ..
മനസ്സിൽ സന്ധ്യാവിളക്കുകൾ
നക്ഷത്രങ്ങളുടെ കവിത..

Monday, April 1, 2013

 മൊഴി

ശംഖുകൾക്കുള്ളിൽ
കടലെഴുതും കവിതപോൽ
സ്പന്ദിക്കും ഹൃദയമേ
മന്ത്രനാദങ്ങൾക്കുള്ളിലൊന്നിലായ്
തിളങ്ങുന്ന മുനമ്പിന്നരികിലായ്
ഉഷസന്ധ്യകൾ പകൽതുന്നിയ
സർഗങ്ങളെയെടുത്തു
സൂക്ഷിക്കുന്ന രംഗമണ്ഡപങ്ങളിൽ
ജപസായാഹ്നങ്ങളെയുറക്കി
ദിനാന്ത്യങ്ങളൊടുവിൽ
ശംഖിനുള്ളിന്നുള്ളിലെഴുതും
സന്ധ്യയ്ക്കുള്ളിലൊളിക്കാനാവാതെയാ
ചക്രവാളത്തിൽ ദീപമൊരുക്കും
നക്ഷത്രങ്ങളെഴുതും കവിതയിൽ
മിഴിചേർത്തിരിക്കുന്ന ധരിത്രീ
സംവൽസരമയനിക്കുള്ളിൽനിന്നു
കടയും ഹോമാഗ്നിയിലുണരുന്നതു
മഹാദിവ്യവേദങ്ങൾ;
വിളക്കതിന്റെയരികിലൊരാവണിപ്പലകമേലിരുന്നു
സങ്കീർത്തനമുരുക്കഴിക്കും നേരമരികിൽ
മഴവീണ്ടുമെഴുതിതുടങ്ങുന്നു...