Thursday, April 11, 2013

മൊഴി

അറിവില്ലായ്മയുടെ
ഹസ്തിനപുരത്തിലിരുന്ന്

ഭൂമിയുടെ സന്തോഷത്തിൻ
ചന്ദനത്തരികൾ
ഒന്നും ബാക്കിവയ്ക്കാതെ
അയാൾ ഊറ്റിയെടുത്തു
പിന്നെയതിരുട്ടിലേയ്ക്കൊഴുക്കി
അതും പോരാഞ്ഞ്
ഭൂമിയുടെ നിറുകയിൽ
മഷിപ്പാത്രങ്ങളിലെ
മഷി കോരിയൊഴിപ്പിച്ചു
അതിനൊടുവിൽ
നിമിഷങ്ങളെ നിഴലെയ്തെടുത്ത്
നേർവഴിതെറ്റിയ ചിഹ്നങ്ങളിലൂടെ
ചായപ്പാത്രങ്ങളിലേയ്ക്ക്
ഭൂമിയോടുള്ള പ്രതികാരത്തിൻ
പാനീയം നിറച്ചു
എത്ര മഹനീയം എന്ന്
പറയാനാവാതെ
മൺ വിളക്കുകളിൽ
നക്ഷത്രങ്ങളുടെ കവിത
നിറഞ്ഞപ്പോൾ
അയാൾ പറഞ്ഞുകൊണ്ടേയിരുന്നു
ഭൂമിയ്ക്കസൂയയെന്ന്
അയാൾ രാജ്യം ഭരിക്കുന്നു
ഹസ്തിനപുരരാജ്യം...
അസൂയ തോന്നേണ്ട വിധത്തിൽ(???)


വാനപ്രസ്ഥകാവ്യമേ
നക്ഷത്രങ്ങളെ
അറിവില്ലായ്മയുടെ
കിരീടവുമായ് അയാൾ
നടന്നുനീങ്ങുമ്പോൾ
ഭൂമീ, വിശ്വപ്രപഞ്ചമേ
അയാളോട് ക്ഷമിച്ചേയ്ക്കുക
അയാൾ സ്നേഹത്തിന്റെ
പ്രവാചകനാണത്രേ...
മറ്റുള്ളവരെയില്ലാതാക്കും
അയാളെങ്ങെനെ സ്നേഹത്തിന്റെ
പ്രവാചകനാകും
എന്നു ചോദിക്കാതെയുമിരുന്നാലും..
ചോദിച്ചുപോയാൽ
ഭൂമിയ്ക്കസൂയയെന്ന്
പറയാനേ അയാൾക്കറിയൂ....

No comments:

Post a Comment