Saturday, April 13, 2013

  മൊഴി

ഇടവേളകൾക്കപ്പുറം 
വീണ്ടുമൊരു വിഷുക്കണിയും
പുരാണങ്ങളൊഴുകും
പ്രഭാതവും
എവിടെയോ പ്രാചീനമാം
സ്വരങ്ങൾ മുദ്രയെഴുതും
മണൽത്തിട്ടിനരികിലായ്
പൂർവാഹ്നമിരുകൈയിലേറ്റും
വിളക്കിൻ പ്രകാശമേ!
മൊഴിതൊട്ടുവീണ്ടും
മിഴിയ്ക്കുള്ളിലൊഴുകുന്ന
പകലിന്റെ കാവ്യസ്വപ്നങ്ങളിൽ നിന്നു
ഞാനിനിയുമീ നഗരകുടീരങ്ങളിൽ
വിഷുപ്പുലരിയെ ചേർത്തു വയ്ക്കുന്നു
ചൈത്രത്തിന്റെ തളികയിൽ
ചന്ദനപ്പൂവുകൾ തൂവുന്നു...
മഴവീണു ശുദ്ധമുഷസന്ധ്യയെന്നിലെ
കദനമുറങ്ങിയൊരാർദ്രനക്ഷത്രത്തിലായ്
ഗഗനം നിതാന്തമാം സ്വർഗസാക്ഷ്യത്തിന്റെ
മൊഴിയെഴുതീടുന്ന ക്ഷീരസമുദ്രമേ!
അമൃതുതൂവും മഴതുള്ളികൾക്കുള്ളിലെ
കവിതപോൽ സ്പന്ദിക്കുമീപ്രഭാതത്തിനായ്
കണിയുമായ് നിൽക്കും പ്രപഞ്ചമേ
നീയെന്റെ ഹൃദയസ്പന്ദത്തിന്റെ
സർഗമായീടുക...

No comments:

Post a Comment