Saturday, April 27, 2013

നക്ഷത്രങ്ങളുടെ കവിത

അരികിൽ സമുദ്രമേ
തീർപ്പെഴുത്തുകൾ; 
തീരമെഴുതിയുണരുന്ന പകലിൻ
സങ്കല്പങ്ങളതിരിന്നരികിലെയുടഞ്ഞ
വാതിൽക്കലായെരിഞ്ഞുതീരും
നിലവിളക്കിൽ മാഞ്ഞീടവേ
എഴുതിമടങ്ങിയ സായാഹ്നമതിൻ
നേർത്ത ചലനങ്ങളിൽ
സാന്ധ്യനക്ഷത്രമുണരവേ
വഴികൾ നിറഞ്ഞേറിയാരവം തൂവി
പണ്ടേ മറഞ്ഞ ദിനങ്ങളിലാധികൾ
മരിക്കവേ
കൊടും കാടുകൾ വന്യഭാഗധേയങ്ങൾ
പാകിയടർത്തിച്ചുരുക്കിയ
സ്വപ്നകാവ്യങ്ങൾക്കുള്ളിൽ
എഴുതും നക്ഷത്രങ്ങളായിരം
ദിഗന്തങ്ങളതിനു ദൃക്സാക്ഷികൾ
ദൃശ്യമാം പ്രപഞ്ചവും..
ഋതുക്കൾ മാറി, മൺദീപങ്ങളിൽ
തിളങ്ങിയ മനസ്സിൽ മാത്രം
കാവ്യസ്പന്ദത്തിൻ ദീപാന്വയം
ഉണർവിനുഷസ്സിന്റെയാത്മകാവ്യങ്ങൾ
പോലെയെഴുതും നക്ഷത്രങ്ങളിന്നെന്റെ
ഹൃദ്സ്പന്ദങ്ങൾ...



No comments:

Post a Comment