Tuesday, April 30, 2013

 നക്ഷത്രങ്ങളുടെ കവിത

എഴുതും വിരൽതുമ്പിലൊഴുകും
സമുദ്രമേയിരുൾമായ്ച്ചു
മിഴിയിലായൊഴുകും
പ്രകാശത്തിനിതളിലായ്
കവിത നെയ്യുന്നു നക്ഷത്രങ്ങൾ...

അറിവിനിരുണ്ട ഭൂഖണ്ഡങ്ങൾ
നീട്ടിയോരാധികൾ മാഞ്ഞുതീർന്നാരോ
പണിഞ്ഞിട്ട നിനവുകൾക്കുള്ളിൽ
നിന്നേറെ നടന്നോരു
ഹൃദയസ്പന്ദങ്ങളിൽ വീണ്ടും
ശരത്ക്കാലമെഴുതുന്നു
കണ്ടുതീർന്നെത്രയോ ദിക്കുകൾ

പലവഴിക്കുള്ളിൽ തിരിഞ്ഞു
ബൃഹദ്വവനമെഴുതുന്നതിരുചിരമന്ത്രങ്ങൾ
നാന്മുഖർക്കറിയുന്ന മായയിൽ
നിഴലുകൾ പാറുന്നു..



മഴയിതളിലാർദ്രസംഗീതം തുടുക്കുന്ന
ഹൃദയമേ! വീണ്ടും ഋതുക്കളെ
ചേർത്തുവച്ചെഴുതുന്ന ഭൂമന്ത്രമെത്ര
മനോഹരം
പകലുമായും സന്ധ്യയതിനരികിലോ
ധ്വജപ്പെരുമകൾ, വാദ്യഘോഷങ്ങളും
യാത്രതീർന്നെവിടെയോ മൗനമുടയ്ക്കും
സ്വരങ്ങളും...
അരികിൽ മൺദീപങ്ങളായിരം
നക്ഷത്രമിഴിയിൽ തുളുമ്പും
തുലാഭാരസങ്കടം...
ഇഴതെറ്റിവീണതെൻ സ്വപ്നമോ
ഭൂമിതന്നുണർവിന്റെ പൂർണ്ണസ്വരങ്ങളോ
സർഗങ്ങളൊഴുകും മുനമ്പിൻ സ്വരങ്ങളോ
കൽക്കെട്ടിലറിയാതെ വീണ ചതുർഥിചിഹ്നങ്ങളോ
കറുകൾ ഹോമിച്ചു, സ്വപ്നങ്ങൾ ഹോമിച്ചു
വെറുതെ നടന്നുനീങ്ങുന്നോരു ദിനങ്ങളെ
വഴിയിലെ ചന്ദനമരങ്ങളിൽ പകലിന്റെ
മൊഴിയതേ മൊഴിയെന്റെ
നക്ഷത്രകാവ്യങ്ങൾ

No comments:

Post a Comment