Thursday, April 11, 2013

നക്ഷത്രങ്ങളുടെ കവിത
 
മുക്തായസ്വരം പോലെ
മുന്നിൽ ചിതറിവീഴും
മണൽത്തരികൾ
പാതിയെഴുതിയ
ഓലകളടർന്നുമാഞ്ഞുതീർന്ന
പുരാണം
മുനയൊടിഞ്ഞ
നാരായതുമ്പിൽ തട്ടിയുടയും
ഒരു ചില്ലക്ഷരം
കാവ്യം തേടി കടഞ്ഞ
മഴതുള്ളികളിൽ
അമൃത്
ആരവമുണർത്തുമധികപ്പകർപ്പുകളിൽ
നിന്നകലെ അന്തരഗാന്താരം
എഴുതിത്തീരാത്ത കവിതയിൽ
ഹൃദ്സ്പന്ദനങ്ങൾ
മുൾച്ചീളുകളിൽ
കോറിവലിഞ്ഞുകീറിയ
ആകാശഭംഗി
മൺവിളക്കിലൊരീറൻമഴതുള്ളി
നക്ഷത്രങ്ങൾ മിന്നും പോൽ
തിരിനാളം

No comments:

Post a Comment