Saturday, February 20, 2010

സമയം ഇരുളില്‍ വഴിയറിയാതെ
ദിക്കറിയാതെ ഒരു പെന്‍‌‍ഡുലം തേടി
ഭൂമിയുടെ യാത്രാവഴികള്‍‍
കൈയേറി ഇരുളില്‍ മുങ്ങി
തിരകളിലുലഞ്ഞ്
മലമുകളില്‍ നിന്നൊഴുകും നദി പോല്‍
ലക്ഷ്യ്ബോധമില്ലാതെ
അവിടെയുമിവിടെയും
രക്തസാക്ഷികളെ മറന്ന
കുറെ സഖാക്കളെ ശിരസ്സിലേറ്റി
ആഹ്വാനങ്ങളുടെ അകമ്പടിയില്‍
ഒഴുകിയൊഴുകി
എവിടെയൊ പോയ് മറഞ്ഞു

Thursday, February 18, 2010

അഗ്നിനക്ഷത്രങ്ങള്‍

കണ്ണുകളില്‍‌‍‍ നക്ഷത്രങ്ങളുണര്‍ന്നപ്പോള്‍
പൊയ്മുഖങ്ങളായിരുന്നു ചുറ്റും
ഓരോ മുഖവും
മൂടപടമണിഞ്ഞു വന്ന്
ചരിത്രനാടകത്തിന്റെ
എഴുതിയൊടുങ്ങാത്ത
കഥാന്ത്യത്തിനു
കാതോര്‍ത്തു നിന്നു
നിലാവുണര്‍ന്ന രാത്രിയില്‍‌‍‍
കടല്‍‍‍കാറ്റില്‍‌‍‍ പൊയ്മുഖങ്ങള്‍
നഷ്ടമായ തിരകള്‍
അവിശ്വസീനയതയുടെ
മുഖപടമിട്ടു
കണ്ണിലുണര്‍ന്ന അഗ്നിനക്ഷത്രങ്ങള്‍
അതിനെല്ലാം സാക്ഷിമൊഴിയെഴുതി

Tuesday, February 16, 2010

സംഗമതീരം

ഭൂമിയൂടെ കാല്പാദങ്ങളിലെ
പൊടിമണ്ണിലൂടെ ഒരു നദിയൊഴുകി
ഇടക്കിടെ ഭൂമിയുടെ അപ്രാപ്യമായ
വ്യാപ്തിയളക്കാനൊരു
സമയസൂചി തേടി ആ നദി
പോയ വഴികളില്‍ അടിമയെ
പോലെ ഒരു വിശ്വാസം
നദി പിന്‍തുടര്‍ന്നൊഴുകി
ആ വിശ്വാസത്തിന്റെ
ആത്മപ്രശംസയില്‍,
ആഹ്വാനങ്ങളില്‍
ഒരു ഇരുണ്ട ഭൂഖണ്ഡമുണര്‍ന്നു
സമുദ്രവും ചക്രവാളവും
വിണ്‍താരകങ്ങളും
ഭൂമിയുടെ അപാരതയുടെ
സംഗമതീരത്ത്
വിളക്കു തെളിയിച്ചു

Saturday, February 13, 2010

മാ നിഷാദ

പര്യാപ്തതയില്‍‌‍‍ നിന്ന്
അപര്യാപ്തത തേടിയ
ഇരുണ്ട നദിയുടെ അരികില്‍‌‍‍
ദൈവം പ്രകാശമായി
വന്നരുളി
മാ നിഷാദ
സമുദ്രരാഗങ്ങളുടെ
ശ്രുതിയറിയാത്ത
തിരകളെ കണ്ടു
ചക്രവാളത്തില്‍‌‍‍
ധ്രുവനക്ഷത്രമുണര്‍ന്ന
വാനില്‍‌‍‍ വന്നു
ദൈവമരുളീ
മാ നിഷാദ
അനുവാദമില്ലാതെ
അതിക്രമിച്ച വാതിലില്‍‌‍‍
വന്നു ദൈവമരുളി
മാ നിഷാദെ
നിഷാദന്റെ വില്ലില്‍‌‍‍ തൊടുത്ത
അസ്ത്രം കണ്ടു
വാത്മീകിയരുളി
മാ നിഷാദ
ഇതിഹാസമൊഴുകിയ
താളിയോലയില്‍ നാരായമെഴുതി
മാ നിഷാദ

Tuesday, February 9, 2010

നക്ഷത്രമിഴികള്‍

ഇരുണ്ട നിലവറയില്‍
ഒളിയ്ക്കാന്‍ സ്വപ്നങ്ങള്‍ക്കാവില്ല
കടല്‍ത്തീരത്തേക്കുള്ള മനസ്സിന്റെ
വാതില്‍ തുറന്നു
ആകാശഗോപുരം വരെ
ഒരു യാത്ര
സ്വപ്നങ്ങള്‍ക്കു ചിറകുകളുണ്ടുട്
അവയിലേറി നക്ഷത്രങ്ങള്‍ വരും
സ്വപ്നങ്ങളെ ത്രാസ്സിലേറ്റി വില്‍ക്കാന്‍
സമയത്തിനാവില്ല
സമയം സൂചിമുനകളില്‍
വിരസതയുടെ കുറിപ്പെഴുതി
സൂക്ഷിയ്കുമ്പോള്‍
സ്വപ്നങ്ങള്‍ ചിറകും നീര്‍‍ത്തി
നക്ഷത്രമിഴിയിലെ
തിളക്കമായി മാറുന്നു

Monday, February 8, 2010

നിള

നിളയൊഴുകുന്നു നിശബ്ദം
കൊടും ഗ്രീക്ഷ്മമെഴുതിമായിച്ച വഴിയില്‍‌‍‍
ഹൃദ്രക്തമൊഴുകി തളര്‍‍ന്നൊരു
വൃക്ഷശിഖരത്തിലായുരുകും
മനസ്സുമായുറവകള്‍വറ്റി
നിളയൊഴുകുന്നു നിശബ്ദം.
നിറയുന്ന മിഴിയിലെ
നീര്‍ത്തുള്ളിയായ് വെയിലിലുരുകി
തളര്‍ഗ്നിയാളും നദിക്കരയിലിടറി
വീണും, മറയുമന്തരാത്മാവിന്റെ
ഇരുളുന്ന രേഖകള്‍ മായ്ക്കാന്‍ ശ്രമിച്ചും
നിളയൊഴുകുന്നു നിശബ്ദം.
കൊടും ഗ്രീക്ഷ്മമെഴുതിമായിച്ച വഴിയില്‍
ജീര്‍‍ണിച്ച ഹൃദയത്തിന്നുറവകള്‍ വറ്റി
വഴിതെറ്റിയെവിടെയോയെത്തി
നിശീഥിനിയിരുളുന്നനേരമുറങ്ങുവാനാവാതെ
നിലാവിന്റെപൂക്കളെ വഴിയിലാകെ തേടി
നിളയൊഴുകുന്നു നിശബ്ദം

Saturday, February 6, 2010

ലയവിന്യാസം

കാലചക്രഗതിയില്‍
കുറെ തിരകള്‍
എണ്ണിയാലൊടുങ്ങാത്ത
മണല്‍ത്തരികള്‍
തീരത്തൊഴുക്കി
സമുദ്രം അതു കണ്ടു നിന്നു
ഒരു മാറ്റവുമില്ലാതെ.
കുറെ മഴമേഘങ്ങള്‍
മഴയായി പെയ്തൊഴിഞ്ഞു
ആകാശം അനന്തതയുടെ
അവസാനവാക്കു പോലെ
അസ്പര്‍ശമായിരുന്നു.
കുറെ നിഴലുകള്‍
ഭൂമിയെ മറച്ചു
അന്നു ചന്ദ്രനിലാവ്
അമാവസിയിലലിഞ്ഞു.
ഭൂമിയുടെ പദചലനങ്ങളില്‍
അന്നും ഒരു താളവാദ്യ
ലയവിന്യാസമായിരുന്നു

Thursday, February 4, 2010

രുദ്രനടനം

സമുദ്രങ്ങള്‍‍
ഭൂമിയീല്‍‌‍‍
രഥചക്രങ്ങളിലുണര്‍ന്ന
ജലസഞ്ചയങ്ങള്‍
എന്റെയുള്ളിലെ
സമുദ്രമേ നീയെന്നടങ്ങും
നിന്റെയുള്ളിലെ
നിലക്കാത്ത ആന്ദോളനങ്ങള്‍
ഇന്നെന്റെ വീണയില്‍‌‍‍
രുദ്രനടനം ചെയ്യുന്നു
അതിലും സംഗീതമുണ്ടെന്ന്
ഇന്നെനിക്ക് തോന്നുന്നു



Samarth
Amma with Rohan

Wednesday, February 3, 2010

പറക്കും തളികകള്‍

ഒരിക്കല്‍‌‍‍
നക്ഷ്ത്രങ്ങള്‍ പറഞ്ഞു
ആകാശം ഒരു മതില്‍‌‍‍
ഭൂമിയൊരു മണ്‍തരി
ഭൂമിയില്‍ നിന്ന്
ശൂന്യാകാശം തേടി
പറക്കും തളികളില്‍‌‍‍
പോയവര്‍‍.......
അവര്‍‍ പറഞ്ഞു
ലോകമൊരു വിസ്മയം
അതു കണ്ടു
പതിനാലു ലോകങ്ങളും
ജ്വിഹ്വയിലൊതുങ്ങിയ
ഒരാള്‍ മാത്രം പുഞ്ചിരിച്ചു
കല്പാന്തകാല പ്രളയത്തില്‍
ആലിലത്തുമ്പിലുണര്‍ന്ന
പുഞ്ചിരി

Monday, February 1, 2010

ചിറകുകള്‍

പര്‍‍വതങ്ങള്‍ക്ക് പണ്ടു
ചിറകുകളുണ്ടായിരുന്നു
ആകാശമാര്‍‍ഗത്തില്‍
നിര്‍‍ഭയരായ് ചിറകും
നീര്‍‍ത്തി അവര്‍ പറന്നു
പര്‍‍വതങ്ങള്‍ക്കു ചിറകു
നഷ്ടപെട്ടപ്പോള്‍
അവരുടെ മനസ്സ്
സമന്തപഞ്ചക
ജലാശയങ്ങളായി 
പര്‍‍വതാശയങ്ങള്‍
പെയ്തൊഴിഞ്ഞപ്പോള്‍
ചിറകു മുറിഞ്ഞ
പര്‍‍വതങ്ങള്‍ ഭൂമിയില്‍‌‍‍
നിശ്ചലം നിന്നു