Tuesday, June 7, 2011

ശരത്ക്കാലതീരം

കൂടുകൾക്കുള്ളിൽ
തുന്നിക്കൂട്ടിയ ശരത്ക്കാല
തീരമേ നിന്നിൽ ഞാനെൻ
വർണ്ണങ്ങളൊളിപ്പിച്ചു
കത്തുമഗ്നിയിൽതൂവിയക്ഷരങ്ങളെ
സ്വർണചിറ്റുകളാക്കി
ചെമ്പുകുടത്തിൽഭദ്രം വച്ചു
നിദ്രയിൽ നിതാന്തമാം
വ്യോമസ്വപ്നങ്ങൾ
സ്വർണ ഭിത്തിയിൽ പൂക്കും
കാവ്യസന്ധ്യയെ കാട്ടിത്തന്നു
മൂകമാം ദൈന്യങ്ങളിൽ
നിന്നുയിർക്കൊണ്ടു വേഗമേറിയ
ഗ്രഹാന്തരയാത്രകൾ
ദുരന്തങ്ങൾ
നീളുമാ സമാന്തരരേഖയിൽ
ദൈർഘ്യം തേടിയോടിയ
കാലത്തിന്റെ ഘടികാരങ്ങൾ
പണ്ടേ ചില്ലുതുണ്ടുകൾ
തീയിലുരുക്കികരിയിച്ച
ചില്ലകൾ, മൂവന്തിയെ
കുരുക്കും വിളക്കുകൾ
എഴുതിപ്പെരുപ്പിച്ച
പോയകാലത്തിൻ
ചുറ്റുമതിൽക്കെട്ടുകൾ തീർത്ത
 നിർണ്ണയതുലാസുകൾ
വാതിലിൻ സുരക്ഷയാം
വെങ്കലതാഴും തകർത്തേറുന്ന
കാലാൾപ്പടയുലക്കും
നേർക്കാഴ്ച്ചകൾ
നിറങ്ങൾ മങ്ങിക്കത്തിയുരുകും
തീരങ്ങളെ
നിറയ്ക്കാമിവിടെയീ
ശരത്ക്കാലത്തിൻ വർണ്ണം

No comments:

Post a Comment