Sunday, June 19, 2011

സങ്കീർത്തനം...

ആരോ മൊഴിഞ്ഞു
പിന്നോട്ടുപായും തേരിലേറിയ
ലോകവിശേഷങ്ങളെ കാൺക..
ഈറൻതുടുത്ത മുഖത്തോടെ നിൽക്കുമീ
തീരത്തിലോ രഥപ്പാടുകൾ മായുന്നു..
കാണുവാനെന്തീവിശിഷ്ട
സായാഹ്നത്തിനോർമ്മയിൽനിന്നോ
നടന്നു തഥാഗതൻ...
വേരോടുമീയരയാലിൻചുവട്ടിലോ
ധ്യാനനിമഗ്നമായ് നിൽക്കുന്നുസന്ധ്യകൾ..
ശൈലാദ്രിയിൽചിലമ്പിൽനിന്നുതിർന്നൊരാ
സങ്കോചമോ? മൂലശുദ്ധമന്ത്രധ്വനി..
ആദിതൊട്ടോരോയുഗങ്ങളിലെ
കൊടിത്തേരുകൾകണ്ടതാണീഭൂമി
സങ്കർഷയോഗഗൃഹങ്ങളിൽ,
കൽത്തുറുങ്കിൽ കണ്ട മായയോ
വിസ്മയം, വിദ്യാധരന്മാരുമാരുമേ
കാണ്മതില്ലിന്നീമുനമ്പുകൾ
സ്വപ്നാടനത്തിൽശരത്ക്കാലചിന്തുകൾ
ദു:സ്വപ്നമെല്ലാമകറ്റിയെന്നാലുമീ
വ്യർഥമാം മിഥ്യയെ താങ്ങുവാനെന്നപോൽ
ചുറ്റിലും നീങ്ങുന്നനേകം ഗ്രഹങ്ങളും..
മായുകിലും മഴക്കാലങ്ങളിൽ
ഗ്രാമവാതിലിൽകൈചേർത്തു
നിൽക്കുന്നുവോ ബാല്യം?
എത്രനടന്നെങ്കിലും തളരാത്തൊരീ
ഹൃത്തിലോ ശൈശവം വീണ്ടും തളിർക്കുന്നു
തേരുകൾപായുമീതീരത്തിലും
ശംഖുതേടുന്നുവോ വ്യോമകൗതുകം
ഗ്രാമമേ! നീയാണുഷസ്സിന്റെയാദ്യ
സങ്കീർത്തനം...

No comments:

Post a Comment