Sunday, June 12, 2011

കൽമുത്തുകൾ

ഇനിയുമുരയ്ക്കാമീ
കല്ലുകൾ,
കൽച്ചീളുകളിതിൽനിന്നിറ്റും
ധൂളീപത്രവും സൂക്ഷിച്ചേയ്ക്കാം
പുലർകാലത്തിൽ
കണിയൊരുക്കും നേരം
കസവണിഞ്ഞുവരും
കാലവൈഭവം കാണാം
കണ്ണീർതടാകങ്ങളോ വറ്റി
സമമാം ചതുരങ്ങളിനിയും
പകുത്തൊരു പാത്രത്തിൽ
നിറച്ചേയ്ക്കാം
 പശതേച്ചൊട്ടിക്കുന്ന
പട്ടങ്ങൾ യാത്രചെപ്പിലുറക്കും
നിമിഷങ്ങളത്രയെന്നറിയാതെ
കാഴ്ചകൾ കാണാം
ധൂപഗന്ധങ്ങളൊരുക്കാമീ
ക്ഷേത്രങ്ങളെന്നേ കണ്ടു
ഹോമപാത്രങ്ങൾ
നേദ്യമടുപ്പിലെരിയുന്നു
വിളക്കുതുടച്ചൊരു
തിരിയും വയ്ക്കാം
ലോകഗതിയിൽ ചലിക്കുന്ന
തോൽപ്പാവക്കൂത്തും കാണാം
മിഴികൾ രണ്ടായതു ഭാഗ്യമീ
പെരുംകാടുമുലച്ചുപായും
നിഴലെത്രയോ ഭയാനകം
അരികിലാരോ ദിഗന്തത്തിനെ
വളച്ചൊരു കൊടിത്തേരറ്റത്തേറ്റി
 മുറിക്കുന്നീ യാത്രയെ
ഇടറും വിടവിന്റെയന്തിമ
സായാഹ്നങ്ങളൊഴുക്കുന്നുവോ
മണൽതരികൾ
ചുമരിന്റെയരികിൽ പൊടിയുന്നു
പഴയ ഛായാചിത്രം..
അകലെ കമാനങ്ങളില്ലാതെ
യാത്രാമൊഴി
പറയാനാളില്ലാതെയുറങ്ങും ചിത്രം!
നമ്മളതിനെപ്പോലും തള്ളിപ്പറഞ്ഞു
കുലങ്ങളോ നടുമുറ്റങ്ങൾ തോറും
പൊൻനാണ്യം പെരുക്കുന്നു
എഴുതും പേനതുമ്പുമുടയ്ക്കാനൊരുങ്ങുമാ
ശകുനപ്പിഴകളാ കല്ലുകൾ സൂക്ഷിക്കട്ടെ
ഉരയ്ക്കാം വീണ്ടും വീണ്ടും
ഉളിപ്പാടുകൾ തീർത്ത
മുറിവാകല്ലിൽതന്നെയുറങ്ങിക്കിടങ്ങട്ടെ
യുഗങ്ങൾ മായും
പിന്നെയൊരുനാളുയർപ്പിന്റെ
ചിറകിൽ മുളച്ചേയ്ക്കാമായിരം
കൽമുത്തുകൾ...

No comments:

Post a Comment