Thursday, June 16, 2011

യാഗം

ഗംഗയൊഴുകുന്നുവോ
നീർത്തുള്ളിയായ് പെയ്ത
സങ്കടങ്ങൾ പോലെയിന്നീധരിത്രിയിൽ
ആരോമറന്നിട്ടൊരഗ്നിയിലാകവേ
വേരറ്റുകത്തിയോരാരണ്യകത്തിനെ
നേരിന്റെ തുമ്പാൽ മറയ്ക്കുവാനാവാതെ
കോലങ്ങളേറ്റുമാ രാജപുരങ്ങൾതൻ
ചാരേനദീതടദൈന്യമാറ്റാൻ പോയ
യോഗിയോമാഞ്ഞു; കുലം
തെറ്റിനിന്നൊരാ ജീവനിൽ
നിന്നും മൃതിപ്പൂക്കളും വീണു..
കേൾക്കുന്ന ശബ്ദഘോഷങ്ങളെ
ദൃശ്യത്തിലേറ്റിപ്പെരുക്കുന്ന മദ്ധ്യസ്ഥർ
പിന്നെയാ യാത്രയെതന്നെയും
ചേർത്തടുക്കി പട്ടുചേലയിൽകെട്ടി
ശിരസ്സിലേറ്റും നേരമൊന്നുകരഞ്ഞുവോ
ജാഹ്നവി.....
വീണ്ടുമാ തുമ്പകൾ പൂക്കും തടങ്ങളെ
കാണാതെ തുമ്പികൾ പാറും
ചിതാകുടീരങ്ങളിൽ
ജന്മമോ കാണിക്കയേകി കടന്നോരോ
ദൈന്യമിന്നേതുയുഗത്തിന്റെ  സാധകം?
ഗംഗയോ നിർമമം നിൽക്കുന്നു
ചുറ്റിലും തുള്ളിപ്പെരുക്കുന്നു
നീർമഴതുള്ളികൾ
കാണുന്നതെല്ലാം കടം കൊണ്ടു
കോറുന്ന ദീനങ്ങളിൽ വീണുമങ്ങുന്ന ലോകമേ
കാണുക കണ്ണിരു വറ്റിയ ഗംഗയെ
കാണുക നിശ്ചലം നിൽക്കുമീ ഗംഗയെ...

No comments:

Post a Comment