Sunday, June 26, 2011

ദിനാന്ത്യങ്ങളിങ്ങനെയോ

ഞാനുണർന്നതോ മഞ്ഞുപാളിയിൽ
ധനുമാസരാവുകളുറങ്ങാതെ
നോയ്മ്പു നോറ്റപ്പോൾ; ലോക
ശോകമായൊരു താരമെരിഞ്ഞുതീരും
വ്യോമ സീമയിൽ
സൂര്യൻ വീണതന്ധകാരത്തിൻകൂട്ടിൽ...
താഴെയായ് കാണുന്നതു
ഗൗതമവിഷാദത്തിൻ
മൂകഗദ്ഗതം പേറും
ബോധിവൃക്ഷങ്ങൾ;
ഞാനോ തേടിയതൊരു
പാരിജാതത്തിൻ തളിർമലർ..
ഇടറും ഹൃദ്സ്പന്ദനശാഖയിലുണർന്നതോ
തണുത്ത സന്ധ്യയ്ക്കുള്ളിൽ
വിടരും മൺദീപങ്ങൾ
മുന്നിലോ ചുറ്റിത്തിരിഞ്ഞൊഴുകും
ഗ്രഹദോഷദൈന്യങ്ങളതിൽ
തിരിനീട്ടുന്ന നക്ഷത്രങ്ങൾ..
എരിയും ത്രിസന്ധ്യയോ
വിളക്കിൽ നിറയ്ക്കുന്നു
നിറെയ പ്രകാശവും
രുദ്രാക്ഷജപങ്ങളും..
ഇവിടെയൊഴുകുമീ ഗംഗതൻ
പുണ്യാഹത്തെ വലംവച്ചൊരുമാത്ര
നിന്നുവോ ദിനാന്ത്യങ്ങൾ...
നടന്നുനീങ്ങും നേരം മണ്ഡപക്കോണിൽ
നിന്നുമുയർന്നതേതു സാമമന്ത്രങ്ങളതിൽ
സന്ധ്യാഹൃദയം നേദിച്ചുവോ ദശപുഷ്പങ്ങൾ..
നിലാമിഴിയിൽ മറഞ്ഞുവോ
മേഘകാവ്യങ്ങൾ..
എന്റെ മൊഴിയിൽ വിടർന്നുവോ
ഭൂമിതൻ നിയോഗങ്ങൾ........

No comments:

Post a Comment