Thursday, June 2, 2011

 ഓർമ്മപ്പിശകുകൾ

ചുമരെഴുത്തുകൾ
മായ്ക്കാം
മറക്കേണ്ട വഴികളെ
കമ്പിയിഴയിലായ്
കെട്ടിയതിരുതേടുന്ന
കാലപ്രമാണത്തിനരുവിയിൽ
മെല്ലെമെല്ലെയൊഴുക്കാം
ചുമരിലെ ഘടികാരവും നിന്നു
നിഴലുകൾ ശബ്ദരേഖയും മായ്ച്ചു
മുകിലുകൾ വെറും കാഴച്ചവസ്തുക്കൾ
മിഴികളിൽ പുരാദൈന്യമായ് പെയ്തോർ
കൊടിവിളക്കുകൾക്കരികിലായ്
ഗ്രാമനടയിലെന്നും പുരാവൃത്തവാദ്യം
തിമിലകൾ പിന്നെ ശംഖുമെൻ
പ്രാണമൊഴിയിലായ്
തുടിയേറ്റുമിടക്ക
ലിപികളിൽ കടും കെട്ടുകൾ
പോയ വഴികളിൽ
കള്ളിമുള്ളൂനീർച്ചെടികൾ
ഗിരിനിരകളിൽ മാഞ്ഞൂ യുഗങ്ങൾ
മൊഴിയിലെ ദേവദാരുക്കൾ മങ്ങി
ചുമരെഴുത്തുകൾ
മായ്ക്കാം മറക്കേണ്ട
വഴികളെ പകുത്തതിരുകൾ
പണിയാം
ഒലിവുചില്ലകൾക്കിടയിലായ്
ഓർമ്മപ്പിശകുകൾ തൂവി
മുന്നോട്ടുനീങ്ങാം...





No comments:

Post a Comment