Saturday, June 30, 2012

 മഴ

മിഴിയിൽ നിന്നോരോ
 ഋതുക്കളും മായ്ച്ചോരു
കവിതകൾ വീണ്ടുംപുനർജനിക്കും 
മഴക്കുളിരിലാകാശമേ
കാണുമീലോകത്തിനരികിലിന്നെത്ര
ശിരോപടങ്ങൾ..

പടയണിക്കുള്ളിൽ 
പുകഞ്ഞുതീരാത്തൊരീകടലേറുമെത്ര
മഹായാനമതിനുള്ളിലെഴുതുവാനാവാതെ
മാഞ്ഞുതീരും പകൽനിനവുകൾ, 
രാജ്യസങ്കല്പങ്ങൾ, ചുറ്റുന്ന
ഗ്രഹദൈന്യഭാവങ്ങളതിനെയും മായ്ക്കുന്ന
കദനങ്ങൾ, പിന്നെയോ കണ്ടുകണ്ടിവിടെയീ
പടിവാതിലിൽ മുഖം താഴ്ത്തുമാഷാഢവും.

വിരലിലെന്നേ മാഞ്ഞു വർത്തമാനത്തിന്റെ ധ്വനിയും
പഴിക്കൂടുമാദ്വയാർഥങ്ങളും,  കനലുവീണെന്നേകരിഞ്ഞു
പുരാണത്തിനിടയിലെ മുദ്രകൾ,
തീർഥക്കുളങ്ങളും

ചിറകിലെ വെൺപ്പൂക്കളിൽ
മുകിൽപ്പാടുമായ് തിരകളും മായ്ച്ചു 
മണൽതിട്ടുകൾ..

ഒഴുകിയെങ്ങോ മാഞ്ഞ 
പോയകാലത്തിന്റെയുറവകൾ
വറ്റി; നിറം ചേർത്തു
നീറ്റിയോരിടവേളകൾക്കുള്ളിലെത്ര
ദു:സ്വപ്നങ്ങളാണിരുളുപോൽ
മങ്ങിമായുന്നതും പിന്നെയീ വരിതെറ്റിയെങ്കിലും
പ്രകൃതിയ്ക്കുമൊരു
നിറമതിലുണർന്നീടുന്നതെന്റെയാരൂഢമോ?

പഴയതാണെങ്കിലും
കടലിലെ ശംഖിന്റെ കവിതകൾക്കുള്ളിലെൻ
ഹൃദ്സ്പന്ദനം
നിഴലുകൾ മായും ത്രിസന്ധ്യയിൽ
കണ്ടതോ മഴയിൽ നിന്നൊഴുകുമെന്നുള്ളിലെ
കടലിനെ..

Thursday, June 28, 2012

 മൊഴി

ഏതുവാക്കിൽ ഞാൻ ചുരുക്കും
സമുദ്രത്തെയേതു നക്ഷത്രത്തിൽ നിന്നു 
പ്രകാശത്തെയേതു
കുടത്തിലൊളിച്ചു വയ്ക്കും?.
ആകെ സ്വരം തെറ്റിയാറ്റിക്കുറുക്കുന്ന
ഗാനങ്ങളിൽ നിന്നകന്നുനീങ്ങുന്നൊരെൻ

ഗ്രാമമേ! വെൺചാമരങ്ങളേറ്റി
കുടമാറുന്നൊരാരവം കണ്ടു
പണ്ടേ മിഴിക്കോണിൽ
മഴക്കാലമൊന്നിൽ വിടർന്നോരു
പൂവുപോൽ വീണ്ടുമീ
കാറ്റിന്റെ മർമ്മരം
പിന്നെയേതോ മരച്ചില്ലയടർന്നു
നിഴൽപ്പൊട്ടുമാഞ്ഞോരു
മണ്ണിൻ പ്രകാശം;
നെടും തൂണുകൾക്കുള്ളിലെങ്ങോ
മറഞ്ഞ യുഗങ്ങൾ;
പ്രശാന്തിതൻ മന്ത്രങ്ങൾ മാഞ്ഞ
സായന്തനം
വിണ്ണിന്റെയൊന്നായടർന്ന
ത്രിസന്ധ്യാവിളക്കുകൾ
എത്ര ദിനങ്ങൾ കൊഴിഞ്ഞൂ
മഴപ്പൂക്കളെത്രയോ വീണ്ടും വിരിഞ്ഞു
വിരൽതുമ്പിലെത്ര പ്രഭാതം തെളിഞ്ഞു
വയൽപ്പാട്ടിലെത്ര പ്രാചീനമാമർഥങ്ങൾ
വീണ്ടുമീ കത്തിമായും
ഹോമദ്രവ്യങ്ങളെപ്പോലെ
മിഥ്യയും മായുന്നു പിന്നെയും
സർഗങ്ങളെത്രയാണീന്നീ

പ്രപഞ്ചത്തിനുള്ളിലായ്...

Wednesday, June 27, 2012

മൊഴി

കരിയിലകൾ വീണു
നേർത്തൊരീ വഴിയിലായ്
മഴയിൽ തുടുക്കുന്ന ഗ്രാമമേ

പുലരിതൻ 
തളികയിൽ ചന്ദനം നിറയും
സുഗന്ധത്തിനരികിലോ
ഞാൻ വീണ്ടുമെഴുതാനിരുന്നതും,
അതിരുകൾ താണ്ടിയാ
തടവിൽ നിന്നും വരും
പഴയ യോദ്ധാക്കളെ
 യുദ്ധമോഹത്തിന്റെയിരുളുപോൽ 
ചില്ലുകൾ വീണുതകർന്നൊരീ
കവിതയ്ക്കുമെന്തു മാറ്റം..

ഒഴുകി നീങ്ങാത്തൊരാ കടലിലെ
ശംഖിന്റെയൊലിയോങ്കാരം;
മിഴിക്കോണിലെ ദീപമതിനും
പ്രകാശ,മനാവൃതമാം പകൽ
നിറവിനും പിന്നെ മൺ തുണ്ടുകൾക്കും
എവിടെ നിന്നോ പണ്ടു
ഭൂമി കൈയേറിയോരവരുടച്ചെത്രയോ
ശംഖുകൾ, സ്വപ്നങ്ങളതിൽ
നിന്നുമെത്ര സ്വരങ്ങൾ നിർജ്ജിവമായ്
ഒടുവിലീ സന്ധ്യതന്നരികിലായ്
ഗ്രാമത്തിനതിരിലായ് പുഴനെയ്ത
നീർക്കയങ്ങൾ...

പഴയതാണെങ്കിലും പുൽപ്പായയിൽ
വന്നു ജപമന്ത്രമേകും പ്രപഞ്ചശംഖം
ഇടവേളയിൽ പെയ്ത മഴയിലെന്നോ
ഞാനുമെഴുതീ കനൽതുണ്ടുകൈയിലേന്തി
നെടുകയും കുറുകയും തുണ്ടുതുണ്ടായ് വീണ

മുകിലുകൾക്കുള്ളിൽ മറഞ്ഞെങ്കിലും സന്ധ്യ
മൊഴിയിലേക്കിട്ടൊരു നക്ഷത്രകാവ്യമേ!
ഇവിടെയോ ഭൂമിതന്നുൾക്കടൽ
തീരത്തിനരികിലോ ചക്രവാളത്തിന്റെ
സ്വാന്തനം....



 ഹൃദ്സപന്ദനങ്ങൾ

അതിരുകൾ തീർക്കുന്ന
മുള്ളുവേലിക്കുള്ളിലെവിടെയോ
രാജ്യം തിരഞ്ഞു സത്യത്തിനെയരികിൽ
വിലങ്ങിലഴിക്കൂടി
ലായോരു
പഴയ സ്വാതന്ത്രത്തിന്റെ,
ധ്വജഗോപുരത്തിന്റെ നിറുകയിൽ
പാറിയോരാത്രിവർണ്നത്തിനെ..

 
കരിമുകിൽതുകിലിൽ നിന്നിറ്റു വീഴുന്നതോ പഴയപുരാണത്തിനൊരു പല്ലവി..
ഇരുളിൽ നിന്നേതോ നിറം ചാർത്തിയാ
ശിരോ കവചങ്ങളേറ്റും തിടമ്പിൽ നിന്നും
മറയുന്ന ദേവചൈതന്യമേ
മൺവിളക്കതിലെ പ്രകാശമീതാരകങ്ങൾ...
ഒരു നിർണ്ണയത്തിന്റെ തൂക്കതുലാസിനെ
പണയമായെണ്ണുന്നു നാണയങ്ങൾ..

 
കലഹം ചമച്ചോരു ലോകമിന്നാത്മീയ
കഥകളെ തൂവുന്നു മുന്നിലായി
എഴുതും മൊഴിക്കുള്ളിലാർത്തിരുമ്പന്നൊരീ
കടലും, മഴക്കാലസന്ധ്യയും
പോലുമിന്നരികിൽ നിശ്ശബ്ദമല്ലിന്നീ
പ്രഭാതങ്ങളെഴുതുന്നതും
ഹോമദ്രവ്യങ്ങളിൽ...

 
കലശക്കുടങ്ങളിൽ നിറയും
മഴക്കാലമൊഴുകുന്നു വീണ്ടും
സമുദ്രതീരത്തിലേയ്ക്കവിടെ
മുനമ്പിന്റെയാരൂഢബിന്ദുവിൽ
കവിതതേടുന്നുവോ
ഹൃദ്സപന്ദനങ്ങളും..


Tuesday, June 26, 2012

 മഴത്തുള്ളികൾ

വഴിനടന്നീമുകിൽനിഴൽ
വീണ ഭൂവിന്റെയരികിൽ
പ്രഭാതം;  മഴക്കാലമിന്നെന്റെ
ഹൃദയത്തിലും
നേർത്ത കാവ്യസ്പന്ദത്തിലും

ഒരു നാളിലേതോ വിശാലലോകത്തിന്റെ
മുഖപടത്തിൽ വീണ മനസ്സേ!
മറക്കേണ്ട വഴികളിൽ
വീണ്ടും തുലാസിൻ
വിധിപ്പാടിനകലെയീയുൾക്കടൽ..

അരികിലായ്ചില്ലുകൂടേറ്റിയോരേകുന്ന
ഋണവും, വിരൽതുമ്പിലേറുന്ന രോഷവും 

 മറയാതെ നിൽക്കുന്നുവെങ്കിലും
സന്ധ്യതൻ മൊഴിയിൽ
തുടുക്കുന്നതൊരു ജീവസ്പന്ദനം


ഒരു ദിനം മായ്ക്കുന്നതിരുളെങ്കിലും
ഭൂവിലിനിയും പ്രഭാതങ്ങളെത്രെയാണെന്റെയീ
ഹൃദയത്തിലെ സർഗസങ്കല്പ്മേ
സ്വപ്നമൊരു താരകത്തിന്റെ
മിഴിയിലെ കാവ്യങ്ങൾ

അരികിൽ ചരിത്രം നടന്നുനീങ്ങുന്നതിൻ
നിഴലിനിന്നും പഴേരൂപമെന്നാകിലും
കടലിന്റെ സാക്ഷ്യപത്രങ്ങളിൽ
കാണുന്നതൊരു പ്രഭാതത്തിൻ
മഴത്തുള്ളികൾ........



 മൊഴി

ഋതുക്കൾ മാറി പലേ
കുടക്കീഴിലായ് പക്ഷെയൊരിക്കൽ
പോലും വിട്ടുപോയില്ല
കാവ്യസ്വരം..
ഹൃദയത്തിലെയറയതിലായ്
നിറയുന്ന മഴതുള്ളികൾ
വീണ്ടുമെഴുതും ഭൂഗാനത്തിൽ
ഇരുളിൽ നിന്നും നടന്നെത്തിയ
പ്രഭാതത്തിനരികിൽ കാണും
പൂത്തുവിടരും പൂക്കാലങ്ങൾ..
നെരിപ്പോടുകൾ കരിഞ്ഞതിന്റെ
പുകയേറ്റ മനസ്സിൽ
നിന്നും കനൽമൊഴികൾ
കത്തിപ്പടർന്നിടവേളകൾ
തീർത്തൊരാശാന്തിമന്ത്രത്തിലുമൊഴുകി
സമുദ്രവും, സാന്ധ്യതാരകങ്ങളും
എഴുതിപ്പെരുപ്പിച്ച കടങ്ങളെല്ലാം
തുലാസ്സതിന്റെ തട്ടിൽ വീണ്ടും നിശ്ചലം
പണ്ടേയഴിമുഖങ്ങൾക്കരികിലായ്
നിർമ്മമം നിൽക്കും കാവ്യസ്വരങ്ങൾ
കണ്ടൂ ചക്രവാളത്തിൻ മാറ്റങ്ങളും
എഴുതിതീരാത്തൊരു സമുദ്രം
മുന്നിൽ, മഴയ്ക്കരികിൽ
വിടരുന്നു ഭൂമിതന്നാന്ദോളനം
എഴുതും വിരൽതുമ്പിലിന്നു
നിർമ്മമം ലോകം
എഴുതും മുനമ്പിന്റെ
തീർഥപാത്രമീക്കടൽ...







Monday, June 25, 2012

 മൊഴി

എത്ര മനോഹരമീ
കാവ്യഭാവത്തിലെത്തി
നിൽക്കും പ്രഭാതത്തിന്റെ
സത്യങ്ങളതെത്രയോ നാൾ
കണ്ടതാണീയുഗത്തിലായെത്തിനിൽക്കും

ചരിത്രത്തിൻ നുറുങ്ങുകൾ

കൈയിൽ കടൽചിപ്പിയൊന്നിലും
കണ്ടതെൻ കണ്ടുനിറഞ്ഞുതീരാത്ത
സ്വരങ്ങളെയൊന്നായടുക്കും
സമുദ്രസംഗീതമോ?

ഇന്നലെ പെയ്ത മഴയ്ക്കുള്ളിലോ
ഭൂമിയെന്നെയും ചേർത്തുനടന്നതും

ദിക്കുകൾ കണ്ടുതീരാത്ത സർഗങ്ങളിൽ
ശാന്തിതൻ മന്ത്രങ്ങളേറ്റി
പ്രഭാതം തുടുത്തതും...

വന്നുവന്നീമൊഴിക്കുള്ളിൽ
നിറഞ്ഞോരു വർണ്ണങ്ങൾ
മായ്ക്കും മഴക്കാലമേ
സ്വപ്നമൊന്നായ് തളിർക്കുമീ
ഗ്രാമത്തിലാൽമരച്ചില്ലയിൽനിന്നും
തണൽനുകർന്നേറുമോരിന്നിന്റെ
കാവ്യമെൻ ഹൃദ്സ്പന്ദനം

ലോകം ദിനാന്ത്യത്തിനുള്ളിൽ
പൊതിഞ്ഞെന്റെ നോവിൽ നീറ്റുന്നൊരാ
ചില്ലുപാളിക്കുള്ളിലാകെ തളർന്നെങ്കിലും
മനസ്സിൻ കാവ്യഭാവമേ നിന്നിൽ
പുനർജനിക്കുന്നു ഞാൻ...



 

ഴതൂവുന്നു തീർഥകണങ്ങൾ വീണ്ടും
പുകഞ്ഞെരിഞ്ഞു
കരിഞ്ഞൊരീയുദ്ധ്യാനഗാനങ്ങളിൽ
മഴതൂവുന്നു വീണ്ടുമമൃതകണം
വിരൽതുടിയിൽ നിന്നും
കടലുയരുന്നരികിലായ്..


മഴതൂവുന്നു സായാഹ്നത്തിന്റെ
സങ്കല്പങ്ങൾ
മഴയിൽ തുടുക്കുന്നു മനസ്സിൻ
വീണാതന്ത്രിയതിന്റെ
സ്വരങ്ങളിലുണരുന്നുവോ ഭൂമി


ഇടവേളകൾ മഴക്കാലങ്ങൾക്കിടയിലായ്
അലിഞ്ഞു തീർന്നു
പിന്നേ ശേഷിച്ചു സായന്തനം
മഴയ്ക്കുള്ളിലെ മന്ത്രജപം
കേട്ടുണർന്നൊരീ ഹൃദയസ്പന്ദങ്ങളിൽ
നിറയും ഭൂരാഗങ്ങൾ..


മഴക്കാലമേ ചിലമ്പൊലിപോൽ
തുള്ളിതൂവി മനസ്സിൽ
പെയ്താലുമീ ചില്ലുകൂടിനുള്ളിലെ
സ്വരങ്ങൾക്കതിനെന്തുഭംഗിയാണിന്നീ
മഴയതിന്റെ ലയം
ഹൃദ്സ്പന്ദനത്തിൻ ജീവസ്വരം
.....

Sunday, June 24, 2012


 മൊഴി

ഒരോദിനത്തിന്റെയന്ത്യവും
വാടുന്ന പൂവുകൾക്കുള്ളിലുറങ്ങുന്ന
ജീവന്റെയാരോഹണം
മഴയ്ക്കുള്ളിൽ നിന്നും
പുനർഭാവങ്ങളായ്, പ്രഭാതങ്ങളായ്
ഭൂവിന്റെയാലാപനങ്ങളായ്
വീണ്ടും തുടുക്കവേ
കാലഘട്ടത്തിൻ രഥത്തിനുള്ളിൽ
മഷിപ്പാടുകൾ; കാണാത്ത
ലോകം, നെടുതൂണിലാകെ
തെളിഞ്ഞ സംഹാരം,
പുരാണത്തിലാകെ തിരിഞ്ഞ
രുദ്രാക്ഷം, യുഗാരംഭകാലം
തെളിച്ച തപോലോകകാവ്യങ്ങൾ
എത്രയോ നാൾ ഭൂവിലെത്രകാലം
നേർത്ത ദിക്കുകൾ മായ്ച്ചസത്യങ്ങളും
പിന്നെയീ കത്തിക്കരിഞ്ഞ
മൺദീപങ്ങളിൽ തിരിവച്ചു
നടന്ന സന്ധ്യാകാശതാരവും
ഒരോ ദിനത്തിന്റെയന്ത്യത്തിലും
പകൽച്ചേലയിൽ തുന്നി സ്വരങ്ങളെ
ഭൂവിന്റെയീണങ്ങളാക്കിപ്പുതുക്കിയൊരുക്കിയീ
സാഗരതീരത്തൊഴുക്കിയതിൽ മൊഴി
തേടിനടന്നെന്റെ ഹൃദ്സ്പന്ദനങ്ങളും..
 മൊഴി

നാലുകെട്ടിൽ നിന്നിറങ്ങി
പടിപ്പുരവാതിലിൽവന്നു
ഗോളാന്തരയാത്ര തന്നാരവം നീട്ടും
യുഗങ്ങളിൽ നിന്നെത്ര
ദൂരെയാണാചക്രവാളവും, സന്ധ്യയും

കാലം കടന്നുപോയ്
കല്പനചിന്തുകൾക്കായിരം
നക്ഷത്രദീപം കൊളുത്തിയോരീ
വിളക്കും തിരിതാഴ്ത്തിയെന്നാകിലും
നോവിന്റെ ദീനവാനപ്രസ്ഥകാവ്യമേ
നീയുണർന്നീടുന്നതക്ഷയപാത്രത്തിൽ

ലോകം തടങ്ങളിൽ പാകിസൂക്ഷിക്കുന്നു
വേരുകൾ നഷ്ടമാം ലാഭസൂക്തങ്ങളെ
ആരെയോ മൂടി ശിരോപടങ്ങൾ
നടന്നീവഴിയാകെ പുകഞ്ഞുതീർന്നെങ്കിലും
എത്രപ്രകാശമാണക്ഷരങ്ങൾക്കതിൽ
ചിത്രം രചിക്കും പ്രഭാതത്തിനും..
 മഴ

പെയ്തുതോരാത്ത മഴയ്ക്കെന്തു
ഭംഗിയാണിന്നുമീ ഗ്രാമം
നടന്നുനീങ്ങും വഴിയൊന്നിലായ്
വീണ്ടും ചുരുങ്ങുന്നു ലോകവും
പെയ്തുതോരാത്ത മഴയ്ക്കെന്തു
ഭംഗിയാണിന്നുമീഹൃദ്സ്പന്ദനത്തിൽ
നിന്നൂറുന്നതെന്നും മഴക്കാലഗാനങ്ങളാലില
ചില്ലയിൽ തുള്ളിവീഴും മഴതുള്ളികൾ

കണ്ടുനിറഞ്ഞുതീരാത്ത പ്രപഞ്ചമേ
കൺകളിൽ നിന്നുമകന്നുനീങ്ങും
ഗ്രഹദൈന്യങ്ങൾ തുള്ളിയാടും
നാലുകെട്ടിലെ മന്ത്രങ്ങൾ തേടി
പഴേ വിധി ചില്ലുകൾ
കൈവിരൽതുമ്പിലെ നോവായി
മാറിയോരിന്നലെകൾ
മാഞ്ഞു തീർന്നതും വീണ്ടുമീ
മൺതരിക്കുള്ളിൽ മഴതുള്ളി
വീഴുന്ന ഗന്ധവും കാവ്യമായ്
തീരുന്ന സന്ധ്യയിൽ
കാലത്തിനപ്പുറം ചക്രവാളത്തിന്റെ
തേരിലോടുന്നുവോ
നക്ഷത്രകൗതുകം

Friday, June 22, 2012


ഹൃദ്സ്പന്ദങ്ങ

ആരോ പറഞ്ഞു പ്രഭാതങ്ങളിൽ
കടപ്പാടുകൾ തീരാതെ ഭാഗധേയം 
തീർത്ത കൂടുകൾക്കുള്ളിൽ 
സ്വയം  മരിക്കേണ്ടതാണീഭൂമിയും,
പിന്നെയീ കാവ്യസർഗങ്ങളും..
നേരിന്റെ താരകൾ
ഹൃദ്സ്പന്ദനങ്ങളിൽ 
ദീപപ്രകാശം ചൊരിഞ്ഞോരു
സന്ധ്യയിൽ 
സാഗരം വീണ്ടുമാ ശംഖിനുള്ളിൽ
നിന്നു കോരിയെടുത്തെന്റെ
കാവ്യസ്വരങ്ങളെ..

ആരോ തടഞ്ഞു
മുൾവേലികൾകെട്ടിയെന്നാരൂഢമാകെ 
തകർത്തെങ്കിലും
വാക്കിലൂറും മഴതുള്ളികൾ
മരച്ചില്ലയിൽ കാറ്റും തണുപ്പുമായ്
കൂട്ടിരുന്നു, പഴേ സർഗങ്ങൾ മാറി;
കടം കൊണ്ട സായാഹ്നമെന്നേ
മറന്നു നിഴൽക്കൂടുകൾ,
മരച്ചില്ലയിൽ വീണ്ടും തളിർക്കുന്ന
പൂവുകൾക്കെല്ലാമൊരേ മൊഴി
കാഴച്ചകണ്ടിന്നീ മഴക്കാടുകൾ
ശാന്തമെങ്കിലും മുന്നിലായ്
പെയ്തുതീരാത്തമുകിൽപ്പാടുകൾ
വാനഭംഗിയിൽ തൂവുന്ന
സങ്കീർണ്ണഭാവങ്ങളൊന്നയടർന്നു
വീണ്ടും മഴക്കാലമായൊന്നായി
ഭൂമിയിൽ സ്വർഗങ്ങൾ തീർക്കുന്നു

കാണുന്നതെല്ലാമവ്യക്തഭാഷാന്തര
രൂപങ്ങൾ, ചിത്രങ്ങൾ മാറ്റൊലിക്കൊള്ളുന്ന
സാഗരത്തിൻ ചരിത്രം തേടിയെത്രയോകാലം 
നടന്നവർ കൽശിലാരൂപങ്ങളായിരം
പിന്നെയീ മണ്ഡപക്കോണിലായ്
ധ്യാനത്തിലായതെൻ ഹൃദ്സ്പന്ദനം,
കാവ്യഭാവമായ് തീർന്നതെൻ 
സാഗരസ്പന്ദനം...

 മൊഴി

മങ്ങിയും വീണ്ടും
പ്രകാശബിന്ദുക്കളെയൊന്നായ്
പുനർജനിപ്പിക്കും പ്രഭാതമേ
വന്നുവന്നീസർഗഭംഗിയിൽ
കാണുന്നതെന്നുമീഭൂവിന്റെ
നിർമ്മമത്വം, രാശിതെറ്റിക്കൊഴിഞ്ഞ
ദിനങ്ങളിൽ തുന്നിയോരിന്നിന്റെ
കാവ്യഭാവങ്ങൾ
കടും കെട്ടിലൊന്നിലും വീഴാത്ത
സന്ധ്യാവിളക്കുകൾ

ഏറും നിഗൂഢതയ്ക്കപ്പുറം
സാന്ദ്രമാം സാഗരം പോലും
മറന്നു യുഗങ്ങളെ 
പാരിജാതങ്ങൾ വിടർന്നു
പുരാണങ്ങളോതി
ഋണപ്പാടിലേറും മഹാകാവ്യ
ദീനഭാവങ്ങൾ, ചിലമ്പിൽ
തടഞ്ഞോരു കാലഘട്ടത്തിൻ നിണം,
കടപ്പാടിന്റെ തൂലികതുമ്പിൽ
തുമ്പിൽ തടഞ്ഞോരു ചില്ലുകൾ

എത്ര നാൾ കണ്ടൂ മഴതുള്ളികൾ
കാവ്യമിറ്റുവീഴും മഴചിന്തുകൾ
മുദ്രകൾക്കപ്പുറം ചക്രവാളത്തിന്റെ
സാന്ത്വനം
കെട്ടഴിഞ്ഞാകെതുരുമ്പിച്ച നോവിന്റെ
തത്വങ്ങളോ ദിനാന്ത്യത്തിന്റെയാധികൾ
മിഥ്യയിൽ തൊട്ടുതൊട്ടാകെ പുകഞ്ഞോരീ

സത്യമോ സങ്കീർത്തനത്തിന്റെ മുത്തുകൾ..

 മഴതുള്ളികൾ
 
എന്നേ ത്രികാലങ്ങളൊന്നിൽ
നിന്നും പുലർവർണ്ണങ്ങൾ
ഭാഗപത്രങ്ങളടർത്തിയീ
മണ്ണിൽ കുളിർന്ന മഴതുള്ളി
ചാലിച്ചു ഭംഗിയിൽ
തീർത്തു കമാനങ്ങളായിരം
പണ്ടേ കൊഴിഞ്ഞ പകൽചിന്തിലെ
നിഴൽതുണ്ടുകൾ മാഞ്ഞു
നിറം മങ്ങിയോർമ്മകൾ
ചന്ദനക്കാപ്പിൽ മറഞ്ഞു
പ്രദക്ഷിണക്കൽവരിക്കെട്ടിൽ
നിന്നാദിതാളം ശ്രവിച്ചെന്നേ
യുഗങ്ങൾ മയങ്ങി
കനൽക്കൂട്ടിലൊന്നിൽ നിറഞ്ഞു

പ്രദോക്ഷസന്ധ്യാജപം
ഒന്നായുഴിഞ്ഞുതീരാത്ത
മന്ത്രങ്ങളിലൊന്നിൽ
തിരിഞ്ഞുഭൂകാവ്യങ്ങൾ
പിന്നെയും വന്നുപോയെത്ര
ഋതുക്കൾ മഹാവേദമന്ത്രങ്ങളിൽ
നിന്നുണർന്നു ഹൃദ്സ്പന്ദങ്ങളിന്നീ
മനസ്സിൽ കുളിർന്നു പെയ്യും
മഴതുള്ളിയിൽ പൂക്കുന്നു

ഭൂരാഗമാലിക...

Thursday, June 21, 2012

 മൊഴി

എത്ര ഋതുക്കൾ മറഞ്ഞു
പ്രഭാതങ്ങളെത്രെ നീർത്തി
മഴതുള്ളികൾ, വർഷത്തിലെത്ര

കുളിർന്നു തളിർതുമ്പുകൾ
ഭൂവിനെത്ര സ്വരങ്ങൾ
കുയിൽപ്പാട്ടുകൾ..

മുന്നിൽ നടന്നുനിഴൽ
പഴേ കാലത്തിലൊന്നിൽ
ചുരുങ്ങി സായാഹ്നം
തിരക്കിന്റെയിന്നലെക്കുള്ളിൽ
തണുത്തു ഹോമാഗ്നിയും..

നേർ രേഖ തേടിനടന്നുനടന്നിഴ
മാറിയ ദൈന്യങ്ങളൊന്നിൽ
നിന്നും മുകിൽശീലുകൾ
കേട്ടു തരിച്ചുനിൽക്കും
കടൽത്തീരങ്ങളെന്നേ
മറന്നു ദിക്കാലങ്ങൾ...

ഏറും ദിനങ്ങളിൽ
കാഴ്ച്ചതീർത്തെത്തിയോരീ
മഴക്കാലത്തിലോ
ഭൂവുണർന്നതും
കാവടിപ്പൂവുകൾ
കെട്ടഴിച്ചാഗ്നേയഭാവം
വിഭൂതിയിൽ മുങ്ങിക്കുളിച്ചതും
ഏറെ നടന്നു മുനമ്പുകൾക്കുള്ളിൽ
നിന്നാളുന്നുവോ സന്ധ്യ
മൺ ദീപനാളത്തിലേറുന്നുവോ
മഹായാഗസങ്കീർത്തനം
....

Tuesday, June 19, 2012

 മഴക്കാലം

ഒരു നിറം മാഞ്ഞു  മഴതുള്ളിയിൽ
കടൽത്തിരകളിൽ മാഞ്ഞുകടൽചിപ്പികൾ
അരികിൽ മണൽത്തരിക്കുള്ളിൽ
വിവേകത്തിനിതളുകൾ
വാടിക്കൊഴിഞ്ഞുവീണു

കരിനിഴൽചിത്രങ്ങളെഴുതിയ
മദ്ധ്യാഹ്നവെയിലും മറഞ്ഞു
മഴക്കാലമേഘങ്ങളൊടുവിൽ
പുകഞ്ഞു, കടം തീർത്ത
നാലകപ്പഴമയിൽ നാരായമുന
തീർത്ത ചിത്രങ്ങൾ

എഴുതിനിറക്കുവാനാവാത്ത
വാനത്തിലൊരു താരകം
സന്ധ്യയെഴുതും മൊഴിക്കുള്ളിലായിരം
ദീപങ്ങൾ

അകലെയേതോ
 മഹാദ്വീപത്തിനപ്പുറം
ഒരു ദിഗന്തത്തിന്റെ
സങ്കല്പസീമകൾ

കരയിലക്കിളികൾ തിരഞ്ഞു
ഭൂപാളത്തിനിടയിൽ തിരിഞ്ഞ
പ്രഭാതരുദ്രാക്ഷങ്ങളരികിലോ
കണ്ടുകണ്ടാകെ തുരുമ്പിച്ച
കടവിൽ പകച്ചുനിൽക്കും രാജ്യസങ്കടം

അരയാലിലതുമ്പിലെഴുതിയോരക്ഷരതളിരിൽ
തുടുക്കും മഴക്കിലുക്കങ്ങളും
മിഴിയിലെ കടലിൽ നിറഞ്ഞേറിയെത്തുന്ന
കവിതയും കണ്ടുതീരാത്ത കല്പങ്ങളും

ഇടവേളകൾ മാഞ്ഞുതീരുന്നു
മന്ത്രങ്ങളിടയിൽ ദിനങ്ങളിൽനിന്നുണർന്നീടുന്നു
പകലുകൾക്കുള്ളിൽ പ്രകാശം
മിഴിയ്ക്കുള്ളിലൊഴുകുന്നതും വെളിച്ചം

നിറയുന്നതുൾക്കടൽ
വീണ്ടും തുളുമ്പുന്നതമൃതോ
വിരൽതുമ്പിലെ മഴപ്പൂക്കളോ....

Saturday, June 16, 2012



സ്വരം 



നാലുമടക്കിൽ ലോകം
ആർക്കോ വേണ്ടി
ചുരുട്ടിക്കെടുത്തിക്കൊണ്ടേയിരിക്കുന്നു
ആത്മാവിന്റെ ഒരിറ്റു പ്രകാശം


കൂട്ടിപ്പെരുക്കിയ
ഗണിതസംഖ്യയിലേക്ക്
ഋണക്കൂട്ടുകളുടെ
ഒറ്റസംഖ്യകളെറിയുന്നു
യുദ്ധം കണ്ടുമതിയാവാത്ത
ചിലേ മനസ്സുകൾ


അടർക്കളത്തിൽ തുളുമ്പിവീണ 
അതിർതർക്കത്തിന്റെ
ചില്ലുതരികൾ 
വീണു മുറിഞ്ഞ    വിരലിനിന്നും
നോവിന്റെ നീറ്റൽ


ഇഴതെറ്റിയ  നിമിഷങ്ങളിൽ
ഉച്ചനേരത്തു പെയ്ത
മഴയിൽ തൊട്ടെഴുതിയ
ഒരുണർത്തുപാട്ടിലൂടെ
സായാഹ്നം മിഴിതുറന്നു...


സമുദ്രം ചക്രവാളത്തിനരികിൽ
കവിതയുടെയീണമാകുമ്പോൾ
ഒരു സ്വരം ഹൃദയത്തിന്റെ
വീണയിൽ മന്ത്ര മാകുന്നു

ആരവമില്ലാത്ത 
കടലിനിതളിൽ
ഒരു നക്ഷത്രം കവിതയെഴുതി


Monday, June 11, 2012


മഴ


ഒരു പൂവിനിതളിലെ വിസ്മയം
പോലെന്നിലുണരും പ്രഭാതമേ!
വഴിയിലെ വെയിലും കടന്നു
നടക്കുന്ന  ചരിവിലായ്
കടലേറിയെത്തും മഹായാനമതിലോ
മഹാലോകനിധികൾ; ജപം 
തേടിയെവിടെയോ ദീപം
കരിന്തിരിയാളിയോരിടമണ്ഡപത്തിലിടയ്ക്ക
കൊട്ടും   വിധി...


തിരശ്ശീല നീക്കി പുറത്തിറങ്ങും
രാജ്യമെഴുതുന്നതക്ഷരതെറ്റുകൾ
കണ്ടുകണ്ടറിയാതെ നിസ്സംഗമിന്നോ
ജനാരവം....
കവിതതെറ്റിപ്പദം ചില്ലുപാത്രങ്ങളിൽ
കലഹിച്ചു വീണ്ടും പുനർജനിക്കുന്നോരു
മഴനീർക്കണങ്ങളിൽ നിന്നും
വിരൽതുമ്പിലൊഴുകുന്നതേതു
നിയോഗത്തിനക്ഷരം


അകലെ ത്രിനേത്രം ജ്വലിക്കുന്നു
കാണായതൊരു  തപം തീർത്ത
വിഭൂതി ഭാഗം; പിന്നെയരികിലോ
സന്ധ്യയ്ക്കുഴിഞ്ഞ   തിരിത്തുമ്പിലറിയാതെ
വീണ  മഴക്കാലമേഘങ്ങൾ
ഒരുതിരികെട്ടു, മഹാസാഗരത്തിന്റെ
തിരകളിൽ കേട്ടു ചിലമ്പിന്റെ നാദവും
അരികിലെ  ചക്രവാളം തെളിച്ചു
വാനമതിലിലായ്  
നിറദീപമായിരം നക്ഷത്രഭംഗിയിൽ
എഴുതിനിറയ്ക്കുവാൻ
സർഗങ്ങളായിരം
പടിവാതിലിലേറിയകത്തു വന്നീടുന്നു
ഒരു പൂവിനിതളിലെ വിസ്മയം
പോൽ മഴ യ്ക്കരികിലായ്
ഞാനുമുണർന്നിരുന്നു...

Friday, June 8, 2012


മൊഴി



വഴി നടന്നെത്തിയതിവിടെയാണീ
ശരത് ഋതുവതിൽ മിന്നിയൊരായിരം
ദീപങ്ങൾ...
ഒടുവിൽ ശരത്തും കഴിഞ്ഞേറിയാ
മഴത്തുടിയിൽ തുടക്കം കുറിക്കുന്ന
പൂക്കാലമിടവേളകൾ മായ്ച്ചു
യാത്രയായീടുന്നു
മൃദുപദങ്ങൾ മാഞ്ഞുതീർന്നോരു
ഹൃദ് ലയത്തിരിവിൽ
ദ്രുതത്തിനതിദ്രുതവിന്യാസമതിലോ
തളിർക്കുന്നു വീണ്ടും പ്രഭാതങ്ങൾ..


കവിത  തേടി കണ്ട   പാതകൾ
കൽ പാകിയിടയിലെ ഭൂമിയെ
മായ്ക്കാനൊരുങ്ങിയോരവധിയിൽ
തീർപ്പുപത്രങ്ങൾ തീയിട്ടാളിയൊടുവിലാ
സന്ധ്യയും നിന്നു നിസംഗമായ് 
മിഴിയിലേറുന്നു ദിനങ്ങൾ,
പുരാണങ്ങളെഴുതി സൂക്ഷിക്കുന്ന
പ്രാചീനകൗതുകമതിലുമൊരു
താഴിട്ടുപൂട്ടി കടൽപ്പാലമതിൽ
നിന്നും കാണുമാ ചക്രവാളത്തിനെ
കവിതയായ്  നീർത്തിതുറക്കുമാകാശമേ
മൊഴിയെത്രയെഴുതീ, തുറന്നിട്ട
ജാലകപ്പടിയിലായെത്ര
പൂക്കാലങ്ങൾ വന്നുപോയ്....


ഇനിയും തളിർക്കും മനസ്സിലെ
ചില്ലയിൽ കവിതപോലൊരു 
സ്വപ്നസങ്കല്പമതിലൊഴുകിയരികിൽ
സ്വരങ്ങൾ തീർക്കും മഹാസർഗങ്ങൾ..
വഴി നടന്നൊടുവിൽ 
മഴക്കാലമെത്തിയതിവിടെയാണീ
ഭൂവിനാദ്യക്ഷരങ്ങളിൽ
എഴുതിത്തിരുത്തിച്ചുരുക്കാതെ ഭദ്രമായ്
ഹൃദയം നിറയ്ക്കുന്നതക്ഷരക്കൂട്ടുകൾ
മുകിലുകൾ മാഞ്ഞ    ത്രിസന്ധ്യയിൽ

ചന്ദനക്കളഭവും ചാർത്തി നടന്നു
ഭൂഗാനങ്ങൾ....



മൊഴി


വഴികളെല്ലാം കടന്നാകാശബിന്ദുവിൽ
പതിയുമൊരു മുദ്രയിൽ നിന്നും
പലേ നാളിലെഴുതിയോരാരോഹണസ്വരം
പോലെയെന്നരികിലൊഴുകും 
മഴത്തുള്ളിയതിനുമൊരു സ്വപ്നം


കവിതയിറ്റും മൊഴിതുമ്പിൽ
തലോടുന്ന  കടലിനും കൗതുകം
ചക്രവാളത്തിനെയെതിരിട്ടു
നിൽക്കുന്നൊരതിരുകൾ
മുൾക്കമ്പിയതിലിറ്റു വീഴും നിണം
പിന്നെ ഭൂഖണ്ഡമതിലുടഞ്ഞീടും
നെരിപ്പോടുകൾ
കനൽപ്പറവകൾ തീയിട്ട
ഭൂമൺചിരാതുകൾ


വഴി മാറിയെത്ര നടന്നെങ്കിലും
പിന്നിലൊഴുകുന്നതെന്നുമൊരേ
നിഴൽ; മഷിവിണുകുതിരുന്നുവോ
മേഘദൈന്യം, മുറിപ്പാടിലെഴുതി
ചുരുക്കും ത്രിവർണ്ണവും മങ്ങുന്നു
വഴിയിലെ രാജ്യമിന്നൊരു
മൺ തുരുത്തുപോൽ മറയുന്നു
വീണ്ടും ചിലങ്കതേടും സ്വരമതിനും
നടുക്കം, മറന്നിട്ടൊരായിരം
പദമതിൽ ചുറ്റിത്തിരിഞ്ഞുതീരും
ഗ്രഹച്ചിമിഴിലോ തീരാത്ത
ഭാരം, ഋതുക്കളിൽ
മിഴിപൂട്ടിയിന്നു തപസ്സിൽ
ദിനാന്ത്യങ്ങൾ

Thursday, June 7, 2012


മൊഴി


മനസ്സിലൊഴുകുന്നു സമുദ്രം
കാണാകുന്ന   മുനമ്പും നിശബ്ദമീ
പകൽ വെട്ടത്തിനീറൻ 
മഴതുള്ളിയ്ക്കുള്ളിലെ 
കാവ്യഭാവവും തപസ്സിലോ?


അറിയാതുടഞ്ഞൊരു 
രുദ്രാക്ഷമതിൽ നിന്നുമടർന്ന
സ്വരങ്ങൾ വീണൊഴുകും
തീരത്തിന്റെയരികിൽ
തിരയ്ക്കുള്ളിലെരിയും
നിമിഷങ്ങളുലയ്ക്കുന്നുവോ
വീണ്ടും സായാഹ്നസങ്കല്പങ്ങൾ?

അരികിൽ പൂക്കാലങ്ങൾ
ദിക്ഭേദമന്യേ ദലമടർത്തിനീങ്ങും
ദിനമതിന്റെയന്ത്യം പോലെ
മുകിൽതുമ്പിൽ നിന്നിറ്റുവീണൊരു
സോപാനത്തിനിടയ്ക്കക്കുള്ളിൽ
തുടിയിടുന്നു സന്ധ്യാരാഗം


ഒരിക്കൽ ചക്രവാളമതിന്റെയറയിലെ
മുഴക്കം പോലെ മിന്നിയോടിയ
ദു:സ്വപ്നങ്ങളടർത്തിമാറ്റി
കുറേ നക്ഷത്രവിളക്കുകളെടുത്തു
സൂക്ഷിക്കുന്ന  മിഴിക്കുള്ളിലായ്
വീണ്ടുമൊഴുകും സമുദ്രമേ
ഇമയനങ്ങും നേരം വീണ്ടും
സ്വപ്നങ്ങളതിൻ മുദ്രതെളിയ്ക്കും
പ്രഭാതത്തിൻ സാന്ത്വനഗാനങ്ങളേ
സ്വരങ്ങൾ തെറ്റി ചിറകൊടിഞ്ഞ
ചില്ലയ്ക്കുള്ളിലൊഴുകും
മഴ വീണ്ടുമുണർത്തും തളിർതുമ്പിൽ
ദിനങ്ങൾ നെയ്യും നേർത്ത
കാവ്യഭാവങ്ങൾ തേടിയൊഴുകൂ
വീണ്ടും വീണ്ടുമിവിടെയീഭൂമിയിൽ