Thursday, June 7, 2012


മൊഴി


മനസ്സിലൊഴുകുന്നു സമുദ്രം
കാണാകുന്ന   മുനമ്പും നിശബ്ദമീ
പകൽ വെട്ടത്തിനീറൻ 
മഴതുള്ളിയ്ക്കുള്ളിലെ 
കാവ്യഭാവവും തപസ്സിലോ?


അറിയാതുടഞ്ഞൊരു 
രുദ്രാക്ഷമതിൽ നിന്നുമടർന്ന
സ്വരങ്ങൾ വീണൊഴുകും
തീരത്തിന്റെയരികിൽ
തിരയ്ക്കുള്ളിലെരിയും
നിമിഷങ്ങളുലയ്ക്കുന്നുവോ
വീണ്ടും സായാഹ്നസങ്കല്പങ്ങൾ?

അരികിൽ പൂക്കാലങ്ങൾ
ദിക്ഭേദമന്യേ ദലമടർത്തിനീങ്ങും
ദിനമതിന്റെയന്ത്യം പോലെ
മുകിൽതുമ്പിൽ നിന്നിറ്റുവീണൊരു
സോപാനത്തിനിടയ്ക്കക്കുള്ളിൽ
തുടിയിടുന്നു സന്ധ്യാരാഗം


ഒരിക്കൽ ചക്രവാളമതിന്റെയറയിലെ
മുഴക്കം പോലെ മിന്നിയോടിയ
ദു:സ്വപ്നങ്ങളടർത്തിമാറ്റി
കുറേ നക്ഷത്രവിളക്കുകളെടുത്തു
സൂക്ഷിക്കുന്ന  മിഴിക്കുള്ളിലായ്
വീണ്ടുമൊഴുകും സമുദ്രമേ
ഇമയനങ്ങും നേരം വീണ്ടും
സ്വപ്നങ്ങളതിൻ മുദ്രതെളിയ്ക്കും
പ്രഭാതത്തിൻ സാന്ത്വനഗാനങ്ങളേ
സ്വരങ്ങൾ തെറ്റി ചിറകൊടിഞ്ഞ
ചില്ലയ്ക്കുള്ളിലൊഴുകും
മഴ വീണ്ടുമുണർത്തും തളിർതുമ്പിൽ
ദിനങ്ങൾ നെയ്യും നേർത്ത
കാവ്യഭാവങ്ങൾ തേടിയൊഴുകൂ
വീണ്ടും വീണ്ടുമിവിടെയീഭൂമിയിൽ

No comments:

Post a Comment