Monday, June 25, 2012

 മൊഴി

എത്ര മനോഹരമീ
കാവ്യഭാവത്തിലെത്തി
നിൽക്കും പ്രഭാതത്തിന്റെ
സത്യങ്ങളതെത്രയോ നാൾ
കണ്ടതാണീയുഗത്തിലായെത്തിനിൽക്കും

ചരിത്രത്തിൻ നുറുങ്ങുകൾ

കൈയിൽ കടൽചിപ്പിയൊന്നിലും
കണ്ടതെൻ കണ്ടുനിറഞ്ഞുതീരാത്ത
സ്വരങ്ങളെയൊന്നായടുക്കും
സമുദ്രസംഗീതമോ?

ഇന്നലെ പെയ്ത മഴയ്ക്കുള്ളിലോ
ഭൂമിയെന്നെയും ചേർത്തുനടന്നതും

ദിക്കുകൾ കണ്ടുതീരാത്ത സർഗങ്ങളിൽ
ശാന്തിതൻ മന്ത്രങ്ങളേറ്റി
പ്രഭാതം തുടുത്തതും...

വന്നുവന്നീമൊഴിക്കുള്ളിൽ
നിറഞ്ഞോരു വർണ്ണങ്ങൾ
മായ്ക്കും മഴക്കാലമേ
സ്വപ്നമൊന്നായ് തളിർക്കുമീ
ഗ്രാമത്തിലാൽമരച്ചില്ലയിൽനിന്നും
തണൽനുകർന്നേറുമോരിന്നിന്റെ
കാവ്യമെൻ ഹൃദ്സ്പന്ദനം

ലോകം ദിനാന്ത്യത്തിനുള്ളിൽ
പൊതിഞ്ഞെന്റെ നോവിൽ നീറ്റുന്നൊരാ
ചില്ലുപാളിക്കുള്ളിലാകെ തളർന്നെങ്കിലും
മനസ്സിൻ കാവ്യഭാവമേ നിന്നിൽ
പുനർജനിക്കുന്നു ഞാൻ...



No comments:

Post a Comment