Sunday, June 24, 2012


 മൊഴി

ഒരോദിനത്തിന്റെയന്ത്യവും
വാടുന്ന പൂവുകൾക്കുള്ളിലുറങ്ങുന്ന
ജീവന്റെയാരോഹണം
മഴയ്ക്കുള്ളിൽ നിന്നും
പുനർഭാവങ്ങളായ്, പ്രഭാതങ്ങളായ്
ഭൂവിന്റെയാലാപനങ്ങളായ്
വീണ്ടും തുടുക്കവേ
കാലഘട്ടത്തിൻ രഥത്തിനുള്ളിൽ
മഷിപ്പാടുകൾ; കാണാത്ത
ലോകം, നെടുതൂണിലാകെ
തെളിഞ്ഞ സംഹാരം,
പുരാണത്തിലാകെ തിരിഞ്ഞ
രുദ്രാക്ഷം, യുഗാരംഭകാലം
തെളിച്ച തപോലോകകാവ്യങ്ങൾ
എത്രയോ നാൾ ഭൂവിലെത്രകാലം
നേർത്ത ദിക്കുകൾ മായ്ച്ചസത്യങ്ങളും
പിന്നെയീ കത്തിക്കരിഞ്ഞ
മൺദീപങ്ങളിൽ തിരിവച്ചു
നടന്ന സന്ധ്യാകാശതാരവും
ഒരോ ദിനത്തിന്റെയന്ത്യത്തിലും
പകൽച്ചേലയിൽ തുന്നി സ്വരങ്ങളെ
ഭൂവിന്റെയീണങ്ങളാക്കിപ്പുതുക്കിയൊരുക്കിയീ
സാഗരതീരത്തൊഴുക്കിയതിൽ മൊഴി
തേടിനടന്നെന്റെ ഹൃദ്സ്പന്ദനങ്ങളും..

No comments:

Post a Comment