Wednesday, June 27, 2012

മൊഴി

കരിയിലകൾ വീണു
നേർത്തൊരീ വഴിയിലായ്
മഴയിൽ തുടുക്കുന്ന ഗ്രാമമേ

പുലരിതൻ 
തളികയിൽ ചന്ദനം നിറയും
സുഗന്ധത്തിനരികിലോ
ഞാൻ വീണ്ടുമെഴുതാനിരുന്നതും,
അതിരുകൾ താണ്ടിയാ
തടവിൽ നിന്നും വരും
പഴയ യോദ്ധാക്കളെ
 യുദ്ധമോഹത്തിന്റെയിരുളുപോൽ 
ചില്ലുകൾ വീണുതകർന്നൊരീ
കവിതയ്ക്കുമെന്തു മാറ്റം..

ഒഴുകി നീങ്ങാത്തൊരാ കടലിലെ
ശംഖിന്റെയൊലിയോങ്കാരം;
മിഴിക്കോണിലെ ദീപമതിനും
പ്രകാശ,മനാവൃതമാം പകൽ
നിറവിനും പിന്നെ മൺ തുണ്ടുകൾക്കും
എവിടെ നിന്നോ പണ്ടു
ഭൂമി കൈയേറിയോരവരുടച്ചെത്രയോ
ശംഖുകൾ, സ്വപ്നങ്ങളതിൽ
നിന്നുമെത്ര സ്വരങ്ങൾ നിർജ്ജിവമായ്
ഒടുവിലീ സന്ധ്യതന്നരികിലായ്
ഗ്രാമത്തിനതിരിലായ് പുഴനെയ്ത
നീർക്കയങ്ങൾ...

പഴയതാണെങ്കിലും പുൽപ്പായയിൽ
വന്നു ജപമന്ത്രമേകും പ്രപഞ്ചശംഖം
ഇടവേളയിൽ പെയ്ത മഴയിലെന്നോ
ഞാനുമെഴുതീ കനൽതുണ്ടുകൈയിലേന്തി
നെടുകയും കുറുകയും തുണ്ടുതുണ്ടായ് വീണ

മുകിലുകൾക്കുള്ളിൽ മറഞ്ഞെങ്കിലും സന്ധ്യ
മൊഴിയിലേക്കിട്ടൊരു നക്ഷത്രകാവ്യമേ!
ഇവിടെയോ ഭൂമിതന്നുൾക്കടൽ
തീരത്തിനരികിലോ ചക്രവാളത്തിന്റെ
സ്വാന്തനം....



No comments:

Post a Comment