Sunday, May 30, 2010

മഴ പെയ്യുന്ന രാത്രിയിൽ
ഉറങ്ങിപ്പോയ വേനൽപക്ഷികൾ
ഉപേഷിച്ചുപോയ ചിറകുകളിൽ
മധ്യവേനലവധി പറന്നകലുമ്പോൾ
മിന്നുന്ന വൈദ്യുതിദീപങ്ങൾക്കരികിൽ
ചെമ്മൺപാതയിൽ നിന്നും
മഴയിലൊഴുകിപ്പോയ മൺതരികളുമായ്
ആൽത്തറയിലെ പ്രദക്ഷിണവഴിയ്ക്കപ്പുറം
ആറ്റുവക്കിൽ വഞ്ചി കാത്തിരുന്ന
ദ്വീപായി മാറി ഗ്രാമം

Thursday, May 27, 2010

ഒരു ചെറിയ സ്വപ്നം
നിഴൽ വീണ ഇടവഴിയും കടന്നു
ആൽത്തറയിലെ കൽവിളക്കിൽ
നിറഞ്ഞു കത്തിയ സായാഹ്നത്തിൽ
കടലിൽ മാഞ്ഞ എഴുത്തുമഷിപൂണ്ട
അനേകം കടലാസ്സുതാളുകളിൽ
വാക്കുകളുടെ അർഥംതേടി
അനർഥമെഴുതുന്ന തിരകളെകണ്ട്
കടൽത്തീരതിരകളും
ചക്രവാളവും കടന്നു
നക്ഷത്രമിഴിയിലൊളിച്ചു
സമുദ്രം ശംഖുമുഖമായിമാറുമ്പോൾ
മണലിൽ തിരകൾ വാരിയെറിഞ്ഞ
മുത്തുചിപ്പികൾക്കുള്ളിൽ
സമുദ്രം അലയിടുന്ന ഇരമ്പം
ആൾക്കുട്ടത്തിന്റെ ആരവങ്ങളിൽ
നിന്നകലെ ഉണരുന്ന
ശുചീന്ദ്രത്തിലെ ഓട്ടുവിളക്കുകൾക്കരികിൽ
കൽമണ്ഡപത്തിൽ
തപസ്സിരിയ്ക്കുന്ന ഭൂമി.
മേഘമൽഹാർ പാടുന്ന
മുകിലിൻ തുമ്പത്ത്
മഴ  മറഞ്ഞിരിയ്ക്കുന്നതു കൺടു.
ഉഷപൂജയ്ക്ക് നടയടയ്ക്കുമ്പോൾ
ശംഖുമുഖത്തെ സമുദ്രം
ഇടയ്ക്കയിൽ ശ്രുതിയിട്ടു പാടി
അജിതഹരേ ജയ മാധവ കൃഷ്ണാ....

Wednesday, May 26, 2010

നിലാവൊഴുകുന്ന കാളിന്ദിയ്ക്കരികിൽ
ഞാൻ വന്നിരുന്നു
ഒരു കടമ്പിന്നരികിൽ.
പുൽമേടും കടന്നുവന്ന കാറ്റ്
ഒളിയമ്പെയ്യുന്ന കാർമേഘങ്ങളെ
കാട്ടിതന്നു  കാളിന്ദിയിലെ
ഓളങ്ങളിലൊഴുകി
ദിനാന്ത്യത്തോളം..
പിന്നെ ഞാനുറങ്ങിപ്പോയി
അന്നു കണ്ട സ്വപ്നത്തിൽ
തേരിൽ സാരഥിയായി നീ വന്നു
അവർ പറയുന്നു
ഈ ഭൂമി ഒരു ചെറിയ സേനാനി
മാത്രം എന്ന്
തേരാളിയായി നീ ചിരിയ്ക്കുന്നു
നിലാവൊഴുകും പോൽ

Tuesday, May 25, 2010

നിറയെപൂവിട്ട അശോമരത്തണലിൽ
വന്നു കാതിൽ സ്വകാര്യം പറഞ്ഞ കാറ്റിൽ
അന്നുണർന്ന പ്രഭാതത്തിന്റെ
അപരിചതത്വമുണ്ടായിരുന്നു
എവിടെയോ മുഖം മറന്ന ഒരു
സത്യാന്വേഷിയുടെ സങ്കർഷങ്ങളുടെ
എഴുതിതീരാത്ത,
വാക്കിലൊതുക്കാനാവാത്ത
ദുര്യോഗത്തിന്റെ ഒരധ്യായവും
പെയ്തൊഴിയുന്ന മഴയുടെ
നിലയ്ക്കാത്ത സംഗീതവും..

Monday, May 24, 2010

കർമയോഗത്തിനവസാനം
ആത്മസംയമനയോഗം തേടിയ
കടലിന്റെ നിഗൂഢത തേടിയലയുന്ന
 ഒരു തിരയോട് കടൽ പറഞ്ഞു
പണ്ട് നർമദാതീരത്തെ 
അശ്വമേധയാഗശാലയിലേയ്ക്ക്പോയ
അക്ഷമാലയും, ദണ്ഡും, കമണ്ഡലുവും
കൃഷ്ണാജിനവും ധരിച്ച
ഒരു ബാല്യത്തിനടുത്താണീ കടൽ
അതു കേട്ട് തിരകൾ വിശ്വാസമാവാതെ
ഉൾക്കടലിൽ നിന്നുയർന്നു
തീരത്തോട് ചോദിച്ചു
ഈ കടലിനുള്ളിലെന്തെന്നറിയുമോ?
തീരം പറഞ്ഞു
ചക്രവാളത്തിനപ്പുറമുള്ള
അനന്തതയിൽ എവിടെയോ
കടലിന്റെ രഹസ്യമുറങ്ങുന്നു..

Saturday, May 22, 2010

ഒരു വഴിയുടെ ദിശ മാറിയ
രൂപരേഖയിലുടഞ്ഞ്
മഞ്ഞുമൂടിയശൈത്യകാലത്തിലൂടെ
തുടികൊട്ടിപ്പോയ തീവ്രവാദികളുടെ
ഗുഹാമൗനങ്ങളിലെ നിഗൂഡതയിൽ വീണ
നിരാലംബരുടെ നിസ്സഹായതയായി
എത്രയോ ദിനരാത്രങ്ങൾ.
ആകാശപ്പക്ഷികളിൽ നിന്നു
തീക്കടൽ കടന്ന് പറന്നകന്ന
ആത്മനൊമ്പരങ്ങളിൽ
കാലം കൈയേറിയ എത്രയോ
വിധിരേഖകൾ.
അവിടെയുമിവിടെയും വീണ
അക്ഷരക്കൂട്ടങ്ങളിൽ നിന്നും
പ്രഭാതത്തിൽ എന്റെ ചെറിയ ശംഖിൽ
പ്രശാന്തിയുടെ ഓടക്കുഴലിൽ
സമുദ്രമേ നീയുണരുക...

Friday, May 21, 2010

ഭൂമിയെ പ്രണയിച്ചു
ശൂന്യാകാശപേടകത്തിലാക്കി
നിസ്സംഗതയുടെ നിർവചനം പോലെ
നിൽക്കുന്ന തടാകമേ
നിന്റെയുള്ളിലെ കറുത്ത നിറമുള്ള
ആ ചെറിയ ബിന്ദു വലുതായി
വരുന്ന പ്രഭാതങ്ങളിൽ
എന്റെ സമുദ്രം നിന്നോട് പറയുന്നു
പ്രണയം ഒരു പുഴ പോലെ ഒഴുകി
കടലിലെത്തുമ്പോൾ
ആ കറുത്ത ബിന്ദുക്കളെ
മായിച്ചു കളയുക
ഈ ലോകത്തുള്ള എല്ലാവരെയും
പ്രണയിക്കുന്ന ഗിരിശൃംഗമേ
മഞ്ഞുമലകളിൽ നിന്നു ആ പുഴയോട് പറയുക
ഒഴുകുന്ന ജലത്തിലെങ്കിലും
അല്പം സുതാര്യത സൂക്ഷിയ്ക്കുവാൻ
കുന്നിൻമുകളിൽ നിന്നു 
കാറ്റിൻ ചിറകിലേറിവന്ന
കാർമേഘത്തിന്റെ ഉടഞ്ഞുപോയ
ഒരു തുണ്ടിൽ ഒരു ചെറിയ കവിതയുടെ
കുറെ വരികളുണ്ടായിരുന്നു.
കുറെ മഴത്തുള്ളികളും...
മേഘമുടഞ്ഞ വിടവിലൂടെ വന്ന സൂര്യൻ
ഇടയ്ക്കിടെ ആകാശഗോപുരത്തിൽ
അഗ്നി പൂക്കുന്ന മനസ്സിൽ
അലങ്കോലപ്പെട്ട ഒരു പകലിൽ
പെയ്തുവീണ മഴതുള്ളികളെ ശപിച്ച്
ഭൂമിയെ ഒന്നും ചെയ്യാനാവാത്ത
ദേഷ്യം ഉള്ളിലൊതുക്കി
മെല്ലെ സായഹ്നവും കടന്ന്
അസ്തമയചക്രവാളത്തിലൊളിച്ചു

Tuesday, May 18, 2010

ആകാശത്തിനരികിൽ
കാർമേഘങ്ങൾ ഇരുട്ടിയ സന്ധ്യയിൽ
വിളക്ക് വയക്കാൻഇടം തേടി നടന്ന
നക്ഷത്രങ്ങൾ ഹിമാലയത്തിന്റെ
മഞ്ഞുമലകളിലെ ഹിമകണങ്ങളിൽ
മഴത്തുള്ളികൾവീഴുന്നതു കൺട്
ഉറങ്ങിപ്പോയി
മെയമാസപ്പൂക്കളിൽ നിറഞ്ഞ
രാത്രിമഴയിൽ
മങ്ങിയ ചക്രവാളത്തിനരികിൽ
മൂടിക്കെട്ടിയ മുഖവുമായ് വന്നു സൂര്യൻ
കാറ്റിലുലഞ്ഞു വീണ വാകപ്പൂക്കൾ നിറഞ്ഞ
പാതയോരത്ത് പകച്ചു നിന്ന
പകലിന്റെയരികിൽ
മഴമേഘങ്ങൾ പഴയ കഥയുടെ
ആമുഖവുമായ് വന്നപ്പോൾ
അഴികൾക്കിടയിലൂടെ നക്ഷത്രമിഴിയിൽ
ചിരിയുണരുന്നതുകണ്ടു.

Monday, May 17, 2010

വഴിയിൽ നിഴലോ തീയെരിയും
വെയിലോ എന്നു നോക്കി നടന്ന
കാലം എന്നിൽ നിന്നകലുന്നു
മുന്നിൽ ഭൂമി അന്നും ഇന്നും
ഒരേ ഭ്രമണതാളത്തിൽ
മുന്നോട്ട് നീങ്ങുന്നു.
കാറ്റിൽ, പൂമരക്കൊമ്പിൽ
വിടർന്ന പൂവുകൾ മുന്നിലെത്തി
വിരൽതുമ്പിലെ മുറിവുകളുണക്കുന്നു
മിഴികളിലെ ലോകം
ഒരു കടൽത്തീരമുണർത്തിയ
ചക്രവാളത്തിന്റെ, അനന്തതയുടെ
ആദ്യാക്ഷരമായിരുന്നു

Saturday, May 15, 2010

ഇന്നല്ലെങ്കിൽ നാളെ
ഓരോ വഴിയിലും, ഓരോ രാജ്യത്തിലും
പുതിയ മതിലുകളും വാതിലുകളും വരും
കാരിരുമ്പിലുരുക്കിയ അവയുടെ
മുന്നിൽ അതിർഭടന്മാർ നിൽക്കും
എല്ലാ വാതിലുകളിലും അനിയന്തിതമായ
ആത്മസംഘർഷങ്ങൾ
അവയുടെ പിന്നാലെ 
ഓടുന്നു എഴുത്തുകാർ
നിറയ്ക്ക്ക്കേണ്ട പേജുകളുടെ
അലങ്കാരിക ഭാഷ തേടി
രാത്രിയിലും ഉറക്കം നഷ്ടപ്പെട്ടവർ
അതിനിടയിൽ ഉപദേശപർവങ്ങളുടെ
ഉപഹാരങ്ങൾ
എല്ലാം ഒരു ശിലയിലാക്കി
കടലിലേയ്ക്കൊഴുക്കുമ്പോൾ
കടൽ ശാന്തമായിരുന്നു

Friday, May 14, 2010

കാറ്റുലഞ്ഞുവീശിയപ്പോൾ
ഇലപൊഴിഞ്ഞ വൃക്ഷശാഖകളിൽ
വന്നിരുന്നുപാടിയ വാനമ്പാടിയുടെ
പാട്ടിൽ അന്നും മഴയുടെ, ഭൂമിയുടെ
സമ്പൂർണരാഗമുണ്ടായിരുന്നു.
മാമ്പൂക്കളിൽ, സൗഗന്ധികങ്ങളിൽ
പനിനീരുതൂവിയുണർന്ന
വൈശാഖതൃതീതയുടെ
സ്വർണവർണമാർന്ന
അക്ഷയപാത്രത്തിൽ
ഒരു ചീരയിലത്തുണ്ടും

Thursday, May 13, 2010

ഗുഹാമുഖങ്ങളിൽ വിളക്ക് വയ്ക്കാൻ
സന്ധ്യവന്നപ്പോൾ കാലഹരണപ്പെട്ട
കുറെ സത്യവചനങ്ങൾ
വേനൽചൂടേറ്റ് തളർന്നു മയങ്ങിയിരുന്നു.
ഇരുണ്ടു തുടങ്ങിയ രാത്രി
അമാവാസിയിൽ വളരുമ്പോൾ
അകലെ നിന്നും ആലിലകളിലുരുമ്മി
ചന്ദനസുഗന്ധവുമായ് തെക്കൻ കുളിർകാറ്റ്
ശ്രീകോവിലിലെ സഹസ്രനാമമന്ത്രം
ചിറകിലേറ്റി ഗുഹാമുഖങ്ങളിൽ മയങ്ങിയ
സത്യവചനങ്ങളെ ഉണർത്തി
കടൽത്തീരത്തേയ്ക്ക്
യാത്രയായി...

Monday, May 10, 2010

അന്തരാത്മാവിന്റെ
നേർത്ത ഉൾവിളികളിൽ
എന്നും സത്യമുണ്ടാകും
ആ വഴിയിലൂടെ നടക്കുമ്പോൾ
പ്രകാശം പുറംലോകത്തിലെ
ഇടുങ്ങിയ സ്ഥലജലഭ്രമത്തിൽ
നിന്നകന്ന്
ഹൃദയത്തിന്റെ വാതിൽ തുറന്ന്
മനസ്സിൽ വന്നു നിറയും
ആ പ്രകാശരശമികളിൽ
മനസ്സിനെ നിയന്ത്രിയ്ക്കുന്ന
വിവേകത്തിന്റെ
സ്വർണ്ണനൂലുകളുണ്ടാകും
അനിയന്ത്രിതമായ
കാലത്തിന്റെ എഴുതാപ്പുറങ്ങളുടെ
നേർത്ത ഉൾവിളികളും...

Sunday, May 9, 2010

ഗോപുരമുകളിൽ നിൽക്കുമ്പോൾ
കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ
ആകാശത്തിനരികിൽ..
മഴവില്ലുണരുന്നതു കണ്ടു
പറന്നകലുന്ന പകലിന്റെ
തീരഭൂമിയിൽ സ്വർണ്ണനിറമാർന്ന
സായാഹ്നം.. സൂര്യാസ്തമയം
കടൽജലം ഒരു മൺകുടത്തിൽ
കൈയിലേറ്റാൻ വന്ന കാലം
പരിഷ്കൃതലോകത്തിന്റെ
കോലംതുള്ളലിൽ
കാലിടറിവീണ സന്ധ്യയിൽ
കടൽ പാടുന്നു സിന്ധുഭൈരവി.....

Saturday, May 8, 2010

Mother's Day:
Amma in Kerala House near her jasmin plant
We three Miss You


Green silk thread she used to tie on her hair,
wrapper of her last Cadbury Chocolate .



Thursday, May 6, 2010

ഒരു പകലുറങ്ങാൻ പോകും മുൻപേ
എത്ര നിമിഷങ്ങളിലൂടെ യാത്രചെയ്യുന്നു
യാത്രാവിവരണങ്ങളിൽ
ശുഭാപ്തിയുടെ പ്രഭാതവും,
അരളിപ്പൂക്കളുടെ സുഗന്ധവും
മഞ്ഞുരുകി മായുന്ന പനിനീർദലങ്ങളും,
കത്തിയാളുന്ന മദ്ധ്യാഹ്നവെയിലും
പെയ്തൊഴിഞ്ഞ വേനൽമഴത്തുള്ളികളും
അശോകപ്പൂക്കളുടെ സായാഹ്നവും
വിഭൂതിയിലും, ചന്ദനത്തിലും മുങ്ങിയ
സായന്തനവും
നിലാവും നക്ഷത്രവിളക്കുകളും
നിറയുമ്പോൾ
രാത്രിയുടെ പുസ്തകത്താളിൽ
ദിനാന്ത്യത്തിൽ വീണുമയങ്ങിയ
നിമിഷങ്ങളുടെ അനുബന്ധം
കാലമെഴുതുന്ന അനുസ്മരണം

Wednesday, May 5, 2010

ചുരം കടന്നു വന്ന
തീവണ്ടിയ്ക്കരികിൽ
ഭാരതപ്പുഴയുടെയോരത്ത്
കലാമുദ്രയുറങ്ങുന്ന
സ്മാരകശിലകളെ സാക്ഷിയാക്കി
അന്നേ പറഞ്ഞു
പാലം അപകടമേഖലയിൽ
ഭാരതപ്പുഴ മഞ്ഞിലുറയുമ്പോൾ
വേനലിൽ കരിയുമ്പോൾ
തീവണ്ടി ഓടിയ്ക്കൊണ്ടേയിരുന്നു
വെളിച്ചമൊടുക്കുന്ന പുകയിൽ.
സൂര്യുനുണരുന്ന കിഴക്കിന്റെ
മഹാസമുദ്രമേ,
വിവേകശൂന്യതയുടെ
മണൽത്തരികളെണ്ണി
എത്ര പ്രഭാതങ്ങൾ
എത്ര സായാഹ്നങ്ങൾ
വന്നുപോയി
എന്റെ കൈയിലെ ശംഖിൽ
തീവണ്ടിയുടെ പ്രയാണവേഗം,
കടലിന്റെ സങ്കീർത്തനം
ഒരേ കടൽ...

Monday, May 3, 2010

മുഖാവരണങ്ങളില്ലാത്ത
പ്രഭാതമേ
ചക്രവാളം തെളിയ്ക്കും
നിറദീപങ്ങൾക്കരികിൽ
പ്രചേതസ്സുകൾ രുദ്രഗീതമന്ത്രം
പാടും രുദ്രതീർഥത്തിൽ
വില്വപത്രങ്ങൾ
രുദ്രാക്ഷങ്ങൾ തേടുമ്പോൾ
ദേവഗുരു സമുദ്രമൊഴുക്കിയ
ആദിമദ്ധ്യാന്തപൊരുളിനെ
ഭൂലോകസ്വർഗമാക്കുമ്പോൾ
മനസ്സേ
നീയുണരുക
രുദ്രഗീതങ്ങളിൽ..
കൈവിരലുകളിലെ
മുറിവുണങ്ങും മുൻപേ
എഴുതാനിരിയ്ക്കുമ്പോൾ
നിന്റെ ശിരസ്സിലെ
മുൾക്കിരീടം കാണുന്നു
അതിലൊഴുകുന്ന വ്യഥയും
എഴുതാനിരിയ്ക്കുമ്പോൾ
അരികിലെ നിഴലുകൾ
പരിവർത്തനതാളുകളിൽ
വിഷമവൃത്തങ്ങൾ രചിയ്ക്കുമ്പോൾ
ഈ ലോകം ഒരു ചെറിയ
ഗോളമായി മുന്നിലുരുളുന്നു.
കൈവിരലുകളിൽ ഭൂമിയുടെ
നനുത്ത സ്പർശം
അതിലൂടെ ഒഴുകുന്നു സമുദ്രം
നിലാവൊഴുകുന്ന സമുദ്രം..

Sunday, May 2, 2010

കുന്നിറങ്ങി താഴ്വാരങ്ങളെ
കടന്നു വന്ന കാറ്റിൽ
മുളംകാടുകളുലഞ്ഞപ്പോൾ
മുളം തണ്ടിലെ സുഷിരങ്ങളിൽ
നിന്നും ഒരു സ്വരം
വനഗർഭത്തിലെ
നിശബ്ദതയിൽ നിന്നും
അപരിചിതലോകത്തിലെ
അന്യസ്വരങ്ങളുടെ
അനിതസാധാരണമായ
വാഗ്മയഘോഷത്തിന്റെ
അന്തരാർഥങ്ങളിൽ
മനശാന്തിയുടെ ലോകം
മറയുന്നത് കണ്ട്
മുളം തണ്ടിലേയ്ക്ക്
മടങ്ങിപ്പോയി
മഹാദ്വീപുകളിലെ
അതിർരേഖകളിൽ
സമുദ്രം അലയിടുന്നു
ഉപദ്വീപിനരികിൽ
മഞ്ഞിലുറഞ്ഞ ഹിമാലയം...
കാലം അളന്നു വിഭജിച്ച
സമയസൂചികളിൽ
വൻമതിലുകളുടെ ഭാരം
തണൽ മരങ്ങളുടെ
നിഴലിലുറങ്ങിയ
വാക്കുകൾ ഉണർന്നപ്പോൾ
രാത്രിയുടെ മൗനം
മഴത്തുള്ളികളിൽ വീണുടഞ്ഞു..

Saturday, May 1, 2010

സാരോപദേശങ്ങളുടെ
സമസ്തിചരണങ്ങളിൽ
കല്പനസ്വരം പാടിയ
മഴത്തുള്ളികളിൽ
സംഗീതമുണ്ടായിരുന്നു.
സമുദ്രങ്ങളിലും തിരകളിലും
കവിതയും...!!
ഇടവേളയിലെ
തനിയാവർത്തനത്തിൽ,
താളഘോഷത്തിൽ,
ശിവതാണ്ഡവത്തിൽ...
ഭൂചലനങ്ങളിൽ
കവിത എവിടെയോമറഞ്ഞു
വാനപ്രസ്ഥത്തിനൊടുവിലെ
മടക്കയാത്രയിൽ,
ഡിസംബറിലെ മഞ്ഞുപാളികളിൽ
സംഗീതവും മറഞ്ഞു,