Friday, June 17, 2011

ആർദ്രസ്മൃതി

ഇനിയുമീസർവവിശ്വകലാലയ
പടിയിലേതു പ്രബന്ധം പുതുക്കണം
എഴുതിയാകെ മഷിപടർന്നീ
ശുഭ്രമൊഴിയുമാകെയുലഞ്ഞിരിക്കുന്നു..
വിരലുകൾക്കുള്ളിൽ ഭദ്രമായ്
കോർക്കാൻ വരികളുമില്ല തീരാക്കടങ്ങൾ
പെരുകുമാഷാഢമേഘങ്ങളൊന്നായ്
ഒഴുകിയാകാശദൈന്യമാകുന്നു
അകലേയേതോ മുനമ്പിലായ്
ദീർഘഗതിയളക്കും തിരയൊതുക്കങ്ങൾ..
എഴുതിനീങ്ങും തടാകങ്ങളെ കാൺക
ചുമരിലോ നാലുഭിത്തികൾ മാത്രം
ഒടുവിലോളങ്ങളേറി തകർന്ന
ചരിവിലായ് സാന്ദ്രസന്ധ്യയും വന്നു
മിഴികളിൽ വീണുതൂങ്ങുമീഭാരച്ചുമടുകൾ
കണ്ടു നിൽക്കുന്നുവോ നീയവിടെയാ
വിശ്വസൃഷ്ടിയിൽനിന്നുമെവിടെമാഞ്ഞുപോയ്
ഹൃദ്യമാം പൂക്കൾ..
ഇവിടെഞാനും പുതുക്കിയഗ്രന്ഥപ്പുരയിലോ
പകൽപ്പൂവുകൾ മാത്രം
മിഴിയിലോ പ്രകാശത്തിന്റെയാർദ്ര
സ്മൃതിയുണർത്തുന്ന താരകൾ മാത്രം
ഒഴുകികിനീങ്ങുമീസാഗരത്തിന്റെ
ഹൃദയസ്പന്ദമോ കാവ്യസർഗങ്ങൾ
ഇനിയുമീവിശ്വസർവകലാലയപ്പടിയിലേത്
പ്രബന്ധം തിരയണം
ഇവിടെയാകെപ്പൊഴിയുന്നതെന്നിലെ
മൊഴിയു, മോർമ്മകൾ നഷ്ടമാം ബാല്യവും...



1 comment:

  1. ആർദ്രമായിട്ടുണ്ട് കവിതയും

    ReplyDelete